മഹാശ്വേതാദേവി/ ഫോട്ടോ:സതീഷ് കുമാർ കെ.ബി
100 നോവലുകള്‍, 20 ചെറുകഥാ സമാഹാരങ്ങള്‍, അനവധി കവിതകള്‍, അനേകം ലേഖനങ്ങള്‍...ബംഗാളിലെ കിടയറ്റ പേരുകളിലൊന്നായ മഹാശ്വേതാദേവി ഓര്‍മയായിട്ട് ആറ് വര്‍ഷം തികയുകയാണ്.
ധാക്കയിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1926 ജനുവരി പതിനാലിനാണ് മഹാശ്വേതാ ദേവി ജനിക്കുന്നത്. ബംഗാളി സാഹിത്യത്തിലെ നിത്യഹരിതനാമങ്ങളിലൊന്നായ മനീഷ് ഘട്ടക്കിന്റെ മകള്‍. കവിയും നോവലിസ്റ്റുമായ മനീഷ് ഘട്ടക്കിന്റെ സഹോദരന്‍ ഇന്ത്യന്‍ സിനിമയുടെ സ്വന്തം ഋതിക് ഘട്ടക്. മഹാശ്വേതാദേവിയുടെ എഴുത്തിടങ്ങള്‍ തഴച്ചുവളര്‍ന്നതില്‍ അതിശയിക്കാനൊന്നുമില്ല. അമ്മയായ ധരിത്രി ദേവിയാവട്ടെ അറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു. ധരിത്രി ദേവിയുടെ കുടുംബവും ബൗദ്ധികമായി ഒട്ടും പിറകിലല്ലായിരുന്നു. സഹോദരന്മാരായിരുന്നു ശന്‍ഖാ ചൗധരിയും സച്ചിന്‍ ചൗധരിയും. ഇന്ത്യന്‍ ശില്പികളില്‍ പ്രമുഖനായിരുന്നു ശന്‍ഖാ ചൗധരിയെങ്കില്‍ സച്ചിന്‍ ചൗധരിയുടെ സ്ഥാപക നേതൃത്വത്തില്‍ പിറന്നതായിരുന്നു ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്‌ലി ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണം. തത്വത്തില്‍ സാംസ്‌കാരികമായും ബൗദ്ധികമായും ഉയര്‍ന്ന വളക്കൂറില്‍ വളര്‍ന്ന മഹാശ്വേതാദേവി എന്ന പ്രതിഭ ബംഗാളി സാഹിത്യത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ പ്രതിഭാസമായി മാറാന്‍ അധികകാലമൊന്നും വേണ്ടി വന്നില്ല.
ഇപ്പോഴത്തെ ധാക്കയിലെ ഈഡന്‍ മോണ്ടിസോറി സ്‌കൂളിലാണ് മഹാശ്വേതാ ദേവി തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് മിഡ്‌നാപ്പൂര്‍ മിഷന്‍ ഹൈസ്‌കൂളിലും ശേഷം ശാന്തിനികേതനിലുമായിരുന്നു വിദ്യാഭ്യാസം. മെട്രിക്കുലേഷന് ശേഷം രബീന്ദ്രനാഥ് ടഗോര്‍ സ്ഥാപിച്ച വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കൊല്‍ക്കത്താ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി. വ്യക്തിജീവിതത്തില്‍ വിദ്യാഭ്യാസത്തിനും പുസ്തകത്തിനും ഒരൊഴിവും കൊടുത്തില്ല മഹാശ്വേതാ ദേവി.
തന്റെ ആദ്യത്തെ നോവലായ ഝാന്‍സിര്‍ റാണി(ഝാന്‍സി റാണി) 1956-ലാണ് പ്രകാശിതമാവുന്നത്. മഹാശ്വേതാ ദേവിയുടെ മുപ്പതാം വയസ്സില്‍. ചരിത്രപരമായി ഝാന്‍സിയിലെ റാണിയെ രേഖപ്പെടുത്തിയ നോവല്‍ കൂടിയായിരുന്നു അത്. തികഞ്ഞ ഗവേഷണപരതയോടെ ഝാന്‍സിയില്‍ മാസങ്ങളോളം താമസിച്ച് അവിടത്തെ സാധാരണക്കാരുടെ കൂടം നടന്ന്, അവരോടൊപ്പം നാടന്‍ പാട്ടുകള്‍ പാടിയും അവ തന്റെ നോവലില്‍ രേഖപ്പെടുത്തിയുമാണ് മഹേശ്വേതാദേവി ആഖ്യായികയുടെ പടിവാതില്‍ കടക്കുന്നത്.
ബംഗാളി സാഹിത്യവും ഇന്ത്യന്‍ സാഹിത്യവും വിശ്വസാഹിത്യവും ഹൃദിസ്ഥമായപ്പോള്‍ മഹാശ്വേതാദേവി ശ്രദ്ധ തിരിച്ചത് ആദിവാസി ജീവിതങ്ങളിലേക്കാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത്- ആദിവാസി സമൂഹങ്ങള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. അവര്‍ക്കിടയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിച്ചു, പരിഗണിച്ചു. ബ്രിട്ടീഷ് കൊളോണിയല്‍ തിരുശേഷിപ്പുകളും പേറി ജീവിക്കുന്ന സവര്‍ണര്‍ക്കെതിരെ അവര്‍ണരെ സംഘടിപ്പിക്കുക എന്ന ദൗത്യം അവര്‍ സ്വമേധയാ ഏറ്റെടുത്തു. ഉയര്‍ന്ന ജാതിക്കാരുടെ അഴിമതിയും ജാതിവെറിയും വിവേചനവും അനീതിയും കീഴ്ജാതിക്കാരേക്കാള്‍ പൊള്ളിച്ചത് മഹാശ്വേതാദേവിയുടെ മനസ്സിനെയായിരുന്നു.
പശ്ചിമ ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി ഊരുകളില്‍ തന്റെ ലക്ഷ്യവുമായി മഹാശ്വേതാ ദേവി അഹോരാത്രം പ്രവര്‍ത്തിച്ചു. ആദ്യകാലങ്ങളില്‍ ആദിവാസി സമൂഹം തങ്ങളുടെ രക്ഷകയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അവരുടെ വിശ്വാസം നേടിയെടുക്കലായിരുന്നു ദേവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. സങ്കടങ്ങള്‍മാത്രം നിറഞ്ഞ ജീവിതങ്ങളെ നേരിട്ടറിഞ്ഞ കാലമായിരുന്നു അത്. മഹാശ്വേതാദേവി ഈ ജീവിതങ്ങളെ പകര്‍ത്തിയത് നോവലുകളും കഥകളുമായിട്ടാണ്. ''എന്റെ കഥകളൊന്നും ഭാവനകളോ, സര്‍ഗാത്മകതയുടെ പ്രസരമോ അല്ല, മറിച്ച് ഞാന്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്''- ഒരു അഭിമുഖത്തില്‍ ദേവി പറഞ്ഞതിങ്ങനെയാണ്.'ഛോട്ടി മുണ്ടി എബോങ് താര്‍ തിര്‍' എന്ന രചനയെ ആസ്പദമാക്കിയാണ് ദേവി ഇങ്ങനെ പ്രതികരിച്ചത്.
വിദ്യാഭ്യാസമാണ് തന്റെ കര്‍മമണ്ഡലമെന്ന് അവര്‍ മനസ്സിലാക്കിയത് അറുപതുകളിലാണ്. ആദിവാസികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപനം തിരഞ്ഞെടുത്തു. അതേ സമയം തന്നെ പത്രപ്രവര്‍ത്തനം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും എന്ന് കണ്ടെത്തി ഫ്രീലാന്‍സിങ്ങും തുടങ്ങി. നോവല്‍ മാധ്യമത്തിലൂടെ ബംഗാളിലെ ഗോത്രവിഭാഗക്കാരും സ്ത്രീകളും അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും നരകജീവിതങ്ങളും അവര്‍ പടച്ചുവിട്ടുകൊണ്ടേയിരുന്നു. തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി ഒരു ബ്രാഹ്‌മണസ്ത്രീ അഹോരാത്രം പ്രയത്‌നിക്കുന്നത് വിശാലമനസ്‌കതയോടെ നോക്കിക്കാണാനുള്ള ശേഷിയൊന്നും ഇന്ത്യന്‍ ഉന്നതജാതി സമൂഹത്തിനില്ലാതിരുന്നതിനാല്‍ മഹാശ്വേതാദേവി പലപ്പോഴും ഉന്നതരാല്‍ പരീക്ഷിക്കപ്പെട്ടു.
''യഥാര്‍ഥ ചരിത്രം നിര്‍മിക്കപ്പെട്ടത് സാധാരണക്കാരാല്‍ ആണെന്ന് ഞാന്‍ ബലമായി വിശ്വസിക്കുന്നു. ചൂഷണം ചെയ്യപ്പെട്ടവരും ഉപയോഗശേഷം വലിച്ചെറിയപ്പെട്ടവരും എന്നാല്‍ മുട്ടുമടക്കാന്‍ തയ്യാറാവാത്തവരുമായ സമൂഹമാണ് എന്റെ എഴുത്തിനാധാരമായ പ്രചോദനം. തലമുറകളായി സാധാരണക്കാര്‍ കൈമാറിവരുന്ന നാടന്‍ പാട്ടുകളും ശീലുകളും കഥകളും യഥാര്‍ഥ ചരിത്രത്തെയാണ് കൈമാറ്റം ചെയ്യുന്നത്. സര്‍വംസഹരായ, എന്നെ സംബന്ധിച്ചിടത്തോളം കുലീനരായ, ഈ മനുഷ്യരാണ് എന്റെ എഴുത്തുകള്‍ക്കാധാരം. ഇവരെ അറിഞ്ഞതിനാല്‍ത്തന്നെ എന്തിന് ഞാന്‍ പ്രമേയങ്ങള്‍ തേടി മറ്റിടങ്ങളിലേക്ക് പോകണം? പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അവര്‍ ചെയ്യുന്നതാണ് ഞാന്‍ എഴുതുന്നതെന്ന്.''- മഹാശ്വേതാദേവി തന്റെ എഴുത്തുവഴികളെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വിഖ്യാത നാടകകൃത്ത് ബിജോണ്‍ ഭട്ടാചാര്യയെ വിവാഹം കഴിക്കുകയും നബാരുണ്‍ ഭട്ടാചാര്യയ്ക്ക് ജന്മം നല്‍കുകയും ചെയ്തു അവര്‍. നബാരുണ്‍ ഭട്ടാചാര്യയും മാതാപിതാക്കളുടെ വഴിയായിരുന്നു തിരഞ്ഞെടുത്തത്. നോലവലിസ്റ്റും അറിയപ്പെടുന്ന രാഷ്ട്രീയ വിമര്‍ശകനുമായിരുന്നു നബാരുണ്‍. 2016-ല്‍ 66-ാം വയസ്സില്‍ അമ്മയേക്കാള്‍ രണ്ട് വര്‍ഷം മുമ്പേ നബാരുണ്‍ വിട പറഞ്ഞു.
ബിജോണ്‍ ഭട്ടാചാര്യയുമായുള്ള ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല ദേവിയെ സംബന്ധിച്ചിടത്തോളം. കുടുംബത്തിനായി പല ജോലികളും മാറി മാറി ചെയ്യേണ്ടി വന്നു. അക്കാലങ്ങളില്‍ സോപ്പ് വിറ്റ് നടക്കുന്ന മഹാശ്വേതാദേവി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനിടയില്‍ വന്നുചേര്‍ന്ന പത്മവിഭൂഷണും ജ്ഞാനപീഠവും കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും മറ്റും ദേവിയെ തെല്ലും അതിശയിപ്പിച്ചില്ല. അതേസമയം തന്റെ സ്വന്തം മനുഷ്യരില്‍ വന്നുചേരുന്ന ഓരോ പുരോഗതിയിലും അവര്‍ അകമഴിഞ്ഞ് സന്തോഷിച്ചു.
ബഷായി ടുഡു, ദ്രൗപദി, അഗ്നിഗര്‍ഭ, മൂര്‍തി തുടങ്ങിയ രചനകളിലൂടെ ഇന്ത്യയെന്ന മഹാരാജ്യത്തെ അസംഘടിതരുടെ പ്രശ്‌നങ്ങളും അധ:സ്ഥിതരുടെ പ്രശ്‌നങ്ങളും അഹോരാത്രം വിളിച്ചുപറഞ്ഞ ആ മഹാജീവിതം 2016 ജൂണ്‍ 28ന്, തൊണ്ണൂറാം വയസ്സില്‍, അവസാനിക്കുകയായിരുന്നു. അവരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് മമതാ ബാനര്‍ജി എഴുതി- ''ഇന്ത്യയ്ക്ക് ഒരു എഴുത്തുകാരിയെ നഷ്ടപ്പെട്ടു, ബംഗാളിന് മഹാപ്രതിഭയായിരുന്ന ഒരു അമ്മയെ, എനിക്ക് ഒരു മാര്‍ഗദര്‍ശിയെയും...''
Content Highlights: Mahasweta Devi, Bashai tudu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..