മണിക് ബന്ദോപാധ്യായ്|കടപ്പാട് വിക്കിപീഡിയ
ഇരുപതാം നൂറ്റാണ്ടിന്റെ ബംഗാള്‍ സാഹിത്യത്തില്‍ നിറഞ്ഞുനിന്ന പേര് മണിക് ബന്ദോപാധ്യായ്. കര്‍മനിരതമായ നാല്‍പത്തിയെട്ട് സംവത്സരങ്ങള്‍, രോഗങ്ങള്‍ ആഞ്ഞ് ആക്രമിച്ചുകൊണ്ടിരുന്ന നാല്‍പത്തിയെട്ട് കൊടും വര്‍ഷങ്ങള്‍ എന്നും പറയാം ആ ജീവിതകാലയളവിനെ. പത്മാനദിയിലെ തോണിക്കാരന്‍ എന്ന വിഖ്യാതനോവലിന്റെ സ്രഷ്ടാവ് ഓര്‍മയായിട്ട് അറുപത്തിയഞ്ച് വര്‍ഷം തികയുന്നു. ജീവിച്ചിരുന്ന വളരെ ചെറിയ കാലം കൊണ്ട് മുപ്പത്തിയാറ് നോവലുകളും 250 ചെറുകഥകളും ആധുനിക ബംഗാളി സാഹിത്യത്തിനു സംഭാവന ചെയ്തിട്ടുണ്ട് മണിക് ബന്ദോപാധ്യായ്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബിഹാറില്‍ 1908 മെയ് പത്തൊമ്പതിനാണ് കുലീന ബ്രാഹ്മണ കുടുംബത്തില്‍ മണിക് ബന്ദോപാധ്യായ് ജനിച്ചത്. പ്രഭോത് കുമാര്‍ ബന്ദോപാധ്യായ് എന്നാണ് ശരിയായ പേര്. കുടുംബത്തിലെ മറ്റു കുട്ടികളെ അപേക്ഷിച്ച്, സാമാന്യം മോശമില്ലത്ത കറുത്ത നിറമായിരുന്നു മണിക്കിന്. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ പ്രഭോതിനെ കാലമണിക് - കറുത്തരത്‌നം- എന്ന് ഓമനപ്പേരിട്ട് വിളിച്ചുപോന്നു. ആ പേരിലെ 'കാല' (കറുപ്പ്) കാലക്രമേണ മാഞ്ഞുപോവുകയും മണിക ്(രത്‌നം) സ്പഷ്ടമാവുകയും ചെയ്തു. ഇന്നത്തെ ബംഗ്ലാദേശിലെ ഡാക്കയില്‍ ബിക്രംപൂരിലായിരുന്നു മണിക്കിന്റെ കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് ഹരിഹര്‍ ബന്ദോപാധ്യായ് സബ് രജ്‌സ്ട്രാര്‍ ആയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ബംഗാളിന്റെ വിവിധഭാഗങ്ങളില്‍ മാറിമാറി അദ്ദേഹം ജോലി ചെയ്തു. അമ്മ നിരോദാ ദേവിയുടെയും ഹരിഹറിന്റെയും പതിനാല് മക്കളില്‍ അഞ്ചാമനായിരുന്നു മണിക്. തനിക്ക് ജോലി മാറ്റം കിട്ടുന്നമുറയ്‌ക്കെല്ലാം ഭാര്യയെയും മക്കളെയും കൂടെകൂട്ടി താമസിച്ച ഹരിഹര്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതവും സംസ്‌കാരവും മണിക്കിന് പരിചയപ്പെടുത്തി. മണിക്കിന്റെ സര്‍ഗാത്മകജീവിതത്തിലെ ഇന്ധനം അതായിരുന്നു.
കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സുഹൃത്തുക്കള്‍ 'ബിചിത്ര' യിലേക്ക് ഒരു കഥ അയക്കാന്‍ ധൈര്യമുണ്ടോ എന്ന് മണിക്കിനെ വെല്ലുവിളിക്കുന്നത്. ബിചിത്ര അക്കാലത്ത് കേട്ടുകേള്‍വിയുള്ള ബംഗാളി സാംസ്‌കാരിക പ്രസിദ്ധീകരണമാണ്. ചിരപ്രതിഷ്ഠരായിട്ടുള്ള, മുന്‍നിര എഴുത്തുകാരുടെ രചനകള്‍ മാത്രമേ ബിചിത്ര പ്രസിദ്ധീകരിക്കുകയുള്ളൂ. മണിക് ആ വെല്ലുവിളി ഏറ്റെടുത്തു ബംഗാള്‍ സാഹിത്യത്തിലെ വേറിട്ട ആഖ്യാനശൈലിയുടെ പിറവിയറിയിച്ചുകൊണ്ട് 'അതാഷി മാമി' എന്ന കഥ നിരൂപകശ്രദ്ധ നേടിയതോടെ മണിക് ബന്ദോപാധ്യായ് എന്ന പേര് സാംസ്‌കാരികയിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടു.
ബിചിത്ര, ബംഗാശ്രീ,പുര്‍ബാഷാ, ആനന്ദബസാര്‍ പത്രിക, ജുഗന്തര്‍...പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണളെല്ലാം മണിക്കിന്റെ കഥയ്ക്കായി കാത്തിരിപ്പായി. അന്‍പത്തേഴ് വാല്യങ്ങളിലായി ഇരുനൂറ്റമ്പത് കഥകളും മുപ്പത്തിയാറ് നോവലുകളും മണിക്കിന്റെ അക്ഷരമാന്ത്രികതയ്ക്കുമുന്നില്‍ സ്രാഷ്ടാംഗം കീഴടങ്ങി. ഇടയില്‍ കുറച്ച് കവിതകളെഴുതിനോക്കിയെങ്കിലും അത് തനിക്ക് വഴങ്ങുന്ന മാധ്യമമല്ല എന്ന തിരിച്ചറിവിലൂടെ ആഖ്യായികയിലേക്ക് തന്നെ ശ്രദ്ധയൂന്നി.
പ്രകൃതിയുടെ മനോഹാരിതയോ, നിഷ്‌കളങ്കയായ ഗ്രാമകന്യകയോ അദ്ദേഹത്തിന്റെ പ്രഥമപരിഗണനയിലില്ലായിരുന്നു. നാട്ടിന്‍പുറങ്ങളിലെ ഇടുങ്ങിയ ചിന്താഗതിക്കാരെ വിവരിക്കുകവഴി മനുഷ്യമനസ്സിന്റെ ഇരുണ്ടമുഖങ്ങളെയായിരുന്നു മണിക് ഇഷ്ടപ്പെട്ടിരുന്നത്. അഹങ്കാരവും അപകര്‍ഷതയും ആത്മഹത്യയും പീഡനവും ദാമ്പത്യത്തിലെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അസമത്വവുമെല്ലാം മണിക്കിന്റെ പ്രമേയങ്ങളായി.
ഉപജീവനത്തിനായി ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വേഷമണിഞ്ഞെങ്കിലും അക്കാലത്തെ വാധ്യാര്‍ ഉദ്യോഗം നിത്യവൃത്തിയ്ക്കായി ഒന്നും നല്കിയിരുന്നില്ല. ബംഗാശ്രീയുടെ എഡിറ്ററായും ഈയവസരത്തില്‍ ജോലിചെയ്തുകൊണ്ട് തന്റെ പിന്‍ഗാമികളെയും അദ്ദേഹം കണ്ടെത്തി.
ഭാര്യ കമലാദേവിയോടൊപ്പം സാമ്പത്തികവും ശാരീരികവുമായ അസ്വസ്ഥതകളുമായി ജീവിതം മുന്നോട്ടു നയിക്കുമ്പോഴും എഴുത്ത് അദ്ദേഹം മുടക്കിയിരുന്നില്ല. അതൊരു വരുമാനമാര്‍ഗം കൂടിയായിരുന്നു. സര്‍ഗാത്മകതയെ മദ്യം കീഴടക്കി പലപ്പോഴും. വിട്ടുമാറാത്ത അപസ്മാരവും അതിനനുബന്ധമായിട്ടുണ്ടായിരുന്ന മറ്റ് ശാരീരികാസ്വസ്ഥതകളും കൂടി ആ കറുത്ത രത്‌നത്തെ മാനസികമായി തളര്‍ത്തിയിരുന്നു. 1956 ഡിസംബര്‍ മൂന്നിന് അപസ്മാരം മൂര്‍ഛിച്ച് കോമയിലാവുമ്പോള്‍ മണിക്കിന് പ്രായം നാല്പത്തിയെട്ട്. അധികം മണിക്കൂറുകള്‍ അവശേഷിപ്പിക്കാതെ ബംഗാള്‍ നോവല്‍സാഹിത്യത്തിലെ ആധുനികതയുടെ പ്രയോക്താക്കളില്‍ മുഖ്യന്‍ എന്ന വിശേഷണം മാത്രം അവശേഷിപ്പിച്ചുകൊണ്ട് ശേഷിച്ച ജീവിതത്തില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങി.
Content Highlights: 65 death anniversary of bengal novelist manik bandhopadhyay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..