ടോണി മോറിസൺ
ക്ലോയി അഅന്റോണി വഫോഡ് മോറിസണ്‍ (Chole Anthony Wofford Morrison) അഥവാ ലോകസാഹിത്യത്തിന്റെ സ്വന്തം ടോണി മോറിസണ്‍...! അമേരിക്കന്‍ വ്യവസ്ഥിതിയോടും ജീവിതത്തോടും സിദ്ധാന്തങ്ങളോടും പിതൃമേധാവിത്വത്തോടും പട പൊരുതിയ, ഒരു ജീവിതയുഗം തന്നെ സമ്മാനിച്ച എഴുത്തുകാരി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. 1931 ഫെബ്രുവരി പതിനെട്ടിന് അമേരിക്കയിലെ ക്ലോയി അര്ഡേലിയ വഫോഡില് ജനിച്ച ടോണി മോറിസണ്‍ തന്റെ ജീവിതത്തിലെ കയ്പുനീരത്രയും കുടിച്ചിറക്കുകയും മുപ്പത്തിയൊമ്പതാമത്തെ വയസ്സില്‍ 'ദ ബ്ലൂവസ്റ്റ് ഐ' എന്ന നോവലിലൂടെ അതത്രയും അക്ഷരങ്ങളാക്കി മാറ്റുകയും ചെയ്തു.
ഓഹിയോയിലെ ലൊറെയ്നില് വളര്‍ന്ന മോറിസണ്‍ ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടുന്നത്. അമേരിക്കന്‍ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. അമേരിക്കയിലെ പ്രശസ്ത പ്രസാധകരായ റാന്റം പബ്ലിഷിങ് ഹൗസിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ എഡിറ്റര്‍ എന്ന വിശേഷണത്തിലൂടെയായിരുന്നു ടോണി മോറിസണെ സാഹിത്യലോകം ഉള്‍ക്കൊണ്ടിരുന്നത്. അറുപതുകളിലായിരുന്നു ലിറ്റററി എഡിറ്റര്ഷിപ്പിലേക്ക് മോറിസണ്‍ കടന്നുവരുന്നത്.
ഒരു ദശാബ്ദത്തെ കാത്തിരിപ്പിനു ശേഷം ടോണി മോറിസണ്‍ എന്ന പേര് ഇംഗ്ലീഷ് സാഹിത്യത്തില്‍ അലതല്ലിയുയര്ന്നത് 'ദ ബ്ലൂവസ്റ്റ് ഐ' എന്ന നോവലിലൂടെയാണ്. ഗ്രേറ്റ് ഡിപ്രഷന് കാലത്ത് അമേരിക്കയില്‍ അതിജീവിക്കേണ്ടിവന്ന പെക്കോള എന്ന ആഫ്രോ-അമേരിക്കന്‍ പെണ്‍കുട്ടിയുടെ ജീവിതകഥ വായനക്കാര്‍ ഏറ്റെടുത്തു. മറ്റുള്ളവരുടെ കണ്ണില്‍ കറുത്ത വര്‍ഗക്കാര്‍ വൃത്തികെട്ടവരും അകറ്റി നിര്ത്തപ്പെടുന്നവരുമായി മാറുന്നതെങ്ങനെയെന്ന് പെക്കോള വിളിച്ചുപറഞ്ഞു. വെള്ളക്കാരുടെ നീലക്കണ്ണുകള് തനിക്കും വേണമെന്ന് അതിയായി ആഗ്രഹിച്ച പെക്കോളെ വെളുപ്പിലേക്കെത്തിച്ചേരാനുള്ള മാര്‍ഗമായിട്ടായിരുന്നു നീലക്കണ്ണുകളെ കണ്ടത്.
വര്‍ഗീയത, ഇന്സെസ്റ്റ്, ബാലലൈംഗികപീഡനം, ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ് തുടങ്ങിയ മനഃശാസ്ത്രത്തിന്റെ ഉത്തമഗ്രന്ഥമായി മാറി 'ദ ബ്ലൂവസ്റ്റ് ഐ.' എഴുത്തുകാരി എന്ന നിലയില്‍ തന്റേതായ ഇരിപ്പുറപ്പിച്ച ടോണി മോറിസണ്‍ സാഹിത്യത്തിന്റെ എല്ലാ വിധ സാധ്യതകളെയും ഉപയോഗിച്ചു. ബ്ലൂവസ്റ്റ് ഐയ്ക്കു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട 'സുല'യും 'സോങ് ഓഫ് സോളമനും' പറഞ്ഞത് വര്‍ഗീയതയുടെ വിഷംചീറ്റലുകളെക്കുറിച്ചു തന്നെയായിരുന്നു. അമേരിക്കയിലെ ആശുപത്രി സംവിധാനത്തില്‍ ജനിക്കാന്‍ ഭാഗ്യം ലഭിച്ച മകോണ്‍ എന്ന ആഫ്രോ- അമേരിക്കന്‍ യുവാവിലൂടെയാണ് 'സോങ് ഓഫ് സോളമ'ന്റെ കഥ വികസിക്കുന്നത്. നാലു വയസ്സു കഴിഞ്ഞിട്ടും അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ശീലം ചെറുപ്പകാലത്ത് മകോണിന് ഉണ്ടായിരുന്നതുകൊണ്ട് അയാള്‍ പരക്കെ അറിയപ്പെട്ടത് മില്‍ക്മാന്‍ എന്ന പേരിലായിരുന്നു. മില്‍ക്മാന്റെ സങ്കീര്‍ണമായ ജീവിതം പറയുക വഴി മോറിസണ്‍ നാഷണല്‍ ബുക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡിനര്‍ഹയായി. അമേരിക്കന്‍ വംശവെറിയും വര്‍ഗീയതയും തുടര്‍ച്ചയായി തന്റെ രചനകളിലൂടെ അവതരിപ്പിക്കുക വഴി ടോണി മോറിസണ്‍ അധഃസ്ഥിതരുടെ അത്താണിയായി മാറുകയായിരുന്നു. മനുഷ്യരുടെ മനസ്സിനെ മാറ്റാന്‍ അക്ഷരങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച് ചുരുക്കം ചില എഴുത്തുകാരില്‍ പ്രധാനിയായി മാറി ടോണി മോറിസണ്‍.
ഓഹിയോയിലെ സാധാരണ കറുത്തവര്‍ഗക്കാരുടെ കുടുംബത്തില്‍ നീ വില്ലിസിന്റെയും ജോര്‍ജ് വഫോഡിന്റെയും നാലു മക്കളില്‍ രണ്ടാമത്തെവളായിട്ടാണ് ടോണി മോറിസണ്‍ ജനിക്കുന്നത്. അലബാമയിലെ ആഫ്രിക്കന്‍ മെത്തോഡിസ്റ്റ് എപിസ്കോപ്പല് പള്ളി അനുയായി ആയിരുന്നു അമ്മയുടെ കുടുംബം. ജോര്‍ജിന് പതിനഞ്ച് വയസ്സുള്ളപ്പോള്‍ രണ്ട് ആഫ്രോ- അമേരിക്കന്‍ കച്ചവടക്കാരെ വെള്ളക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷിയാണ് അയാള്‍. പതിനഞ്ചാം വയസ്സില്‍ രണ്ട് കൊലപാതകത്തിന് സാക്ഷ്യം വഹിച്ച തന്റെ പിതാവിന്റെ പിന്നീടുള്ള ജീവിതത്തില്‍ ആ ട്രോമ എക്കാലവും ഉണ്ടായിരുന്നു എന്ന് മോറിസണ്‍ അവരുടെ ജീവിതകഥയില്‍ വിശദമാക്കുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ ജോര്‍ജ് തന്റെ ജന്മദേശം ഉപേക്ഷിച്ച് ലൊറെയ്നിലേക്ക് മാറുകയായിരുന്നു. പക്ഷേ, അവിടെയും കറുത്തവര്‍ക്കായി നീക്കിവെച്ച ജോലികള്‍ മാത്രമേ അദ്ദേഹത്തെയും കാത്തിരുന്നുള്ളൂ. ജോര്‍ജ് വെള്ളക്കാരെ തന്റെ ജീവിതത്തിലുടനീളം വെറുക്കുകയും ഒരാളെപ്പോലും വീട്ടിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല എന്ന് മോറിസണ്‍ ഓര്‍ക്കുന്നു.
ടോണി മോറിസണ്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നതും അതേ വികാരത്തോടെയാണ്. മോറിസണ്‍ രണ്ട് വയസ്സുള്ളപ്പോള്‍ അവരുടെ വാടകവീടിന് ഉടമസ്ഥന് തീയിട്ടു. വാടകകുടിശ്ശിക കൊടുത്തു തീര്ക്കാത്തതായിരുന്നു കാരണം. തീയിട്ട ശേഷം മോറിസണ്‍ കുടുംബത്തിന്റെ പ്രതികരണം കെട്ടിടയുടമയെ ഞെട്ടിച്ചു. കിടപ്പാടം കരിഞ്ഞു കത്തുന്നത് കണ്ട് അവര്‍ കെട്ടിട ഉടമയെ നോക്കി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്! നിരാശയെ അവര്‍ മറികടന്നത് അങ്ങനെയായിരുന്നു. അത്തരത്തില്‍ മനുഷ്യത്വരഹിതമായി നിങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കണം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ പ്രകടനം എന്ന് ടോണി മോറിസണ്‍ പിന്നീട് എഴുതിയിട്ടുണ്ട്.
ആഫ്രിക്കന്‍- അമേരിക്കന്‍ നാടോടിപാട്ടുകളും കഥകളും ഭൂതപ്രേതകഥകളും തന്റെ മാതാപിതാക്കളില്‍നിന്നു കേട്ടാണ് വളര്‍ന്നതെന്ന് മോറിസണ്‍ പറയുന്നു. സമൂഹത്തില്‍ അത്രയൊന്നും ചെയ്യാനില്ലാത്ത ബാല്യത്തില്‍ ജെയ്ന്‍ ഓസ്റ്റിനെയും ലിയോ ടോള്‍സ്റ്റോയിയെയും ടോണി മോറിസണ്‍ അത്യധികം ആരാധിച്ചു. വായിച്ചു, അവരുടെ പുസ്തകങ്ങള്‍ ഒപ്പം കൊണ്ടുനടന്നു. പന്ത്രണ്ടാം വയസ്സിലാണ് മോറിസണ്‍ കത്തോലിക്കക്കാരിയായി മാമോദീസ ചെയ്യപ്പെടുന്നത്. അന്റോണി എന്ന പേരായിരുന്നു അവര്‍ക്കിട്ടത്. അന്റോണിയില്‍ നിന്നാണ് ടോണി എന്ന ചുരുക്കപ്പേര് വരുന്നത്. വിദ്യാഭ്യാസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു ടോണിയുടെ പിതാവ്. ലൊറെയ്ന് ഹൈസ്കൂളില്‍ ടോണി മോറിസണ്‍ തന്റെ അക്ഷരാഭ്യാസം തുടങ്ങി.
വാഷിങ്ടണ്‍ ഡി.സിയിലെ ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് വംശീയതയുടെ തീക്കടല്‍ ടോണി മോറിസണ്‍ അനുഭവിക്കാന്‍ തുടങ്ങുന്നത്. അതുവരെയുള്ള വേര്‍തിരിവുകളെല്ലാം തന്നെ ബാല്യകാലത്തിന്റെ നിഷ്കളങ്കതയില്‍ മുങ്ങിപ്പോയിരുന്നു. അക്കാലമത്രയും അനുഭവിച്ചതിന്റെയെല്ലാം പേരാണ് വംശീയത എന്ന് മോറിസണ്‍ തിരിച്ചറിഞ്ഞില്ലായിരുന്നു.
ഹവാര്‍ഡ് യൂണിവേഴ്സിറ്റിയാണ് ടോണി മോറിസണെ വാര്‍ത്തെടുക്കന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. കറുത്തവര്‍ഗക്കാരായ, വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഉന്നതനിലവാരം പുലര്‍ത്തുന്നവരുമായി ടോണി മോറിസണ്‍ നിരന്തരം സംവദിച്ചു. വംശീയതയുടെ കൊടുംമുഖങ്ങള് അവിടെവെച്ചാണ് മോറിസണ്‍ അനുഭവിക്കുന്നത്. കറുത്തവര്‍ക്കായി വേറെ ഹോട്ടലുകള്‍, വെവ്വേറെ ബസ്സുകള്‍, ഇരിപ്പിടങ്ങള്‍! പിതാവ് ജോര്‍ജില്‍നിന്നു വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമായ ധാരണ വന്നുചേര്‍ന്നതിനാല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും തുടര്‍ന്ന് അധ്യാപകജോലിയും ടോണി മോറിസണ്‍ തിരഞ്ഞെടുത്തു. തന്നെ വാര്‍ത്തെടുത്ത ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ജമെയ്ക്കന്‍ ആര്‍ക്കിടെക്റ്റായിരുന്ന ഹരോള്‍ഡ് മോറിസണെ ടോണി കണ്ടെത്തുന്നത്. 1958-ല്‍ രണ്ടുപേരും വിവാഹിതരായി. രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വിവാഹബന്ധം ഇരുവരും പിരിഞ്ഞു.
ബ്ലാക് ലിറ്ററേച്ചര്‍ അതിന്റെ സര്‍വകരുത്തും തേടുന്നതും ആര്ജിക്കുന്നതും ടോണി മോറിസണ്‍ റാന്റം പബ്ലിഷിങ് ഹൗസിന്റെ സീനിയര്‍ എഡിറ്ററായിരിക്കുമ്പോഴാണ്. സമകാലിക ആഫ്രിക്കന്‍ സാഹിത്യം എന്ന പേരില്‍ 1972-ല്‍ വലിയൊരു സാഹിത്യസമാഹാരം അച്ചടിക്കുകയുണ്ടായി. അമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ഒന്നായിരുന്നു ആ പുസ്തകം. വിഖ്യാത എഴുത്തുകാരായ വോള്‍ സോയ്ങ്ക, ചിനുഅ അച്ബി, നാടകകൃത്ത് അഥോള്‍ ഫഗാഡ് തുടങ്ങിയവര്‍ തങ്ങളുടെ സംഭാവനകളാല്‍ സമ്പന്നമാക്കിയ സമാഹാരം കൂടിയായിരുന്നു അത്. പുതുതലമുറയില്‍പെട്ട ആഫ്രോ- അമേരിക്കന്‍ എഴുത്തുകാരെ കൂടുതല്‍ ആത്മവീര്യമുള്ളവരാക്കുവാന് മോറിസണ്‍ കഠിനാധ്വാനം തുടങ്ങി. ടോണി കേഡ് ബംബാര, ആംഗ്ലിയ ഡേവിസ്, ബ്ലാക് പാന്തര്‍ ഹ്യൂ ന്യൂട്ടണ്‍, ഗയ്ല്‍ ജോണ്‍സ് തുടങ്ങിയ എഴുത്തുകാര്‍ നിരുപാധികം എഴുതിത്തെളിഞ്ഞ കാലം. ബോക്സര്‍ മുഹമ്മദലിയുടെ 'ദ ഗ്രേറ്റസ്റ്റ് മൈ ഓണ്‍ സ്റ്റോറി' എന്ന ആത്മകഥയും മോറിസണ്‍ പ്രയത്നത്താല്‍ വെളിച്ചം കണ്ടു.
തന്റെ വംശത്തിലുള്ളവര്‍ എഴുത്തിലെ സ്വത്വപ്രതിസന്ധിയെ മറികടന്നപ്പോള്‍ ടോണി മോറിസണ്‍ സാഹിത്യത്തെ ഒരു ഉപാധിയായി കണ്ടു. അധഃസ്ഥിതരുടെ വേദനകള്‍ ലോകത്തോട് പങ്കുവെക്കാനുള്ള മികച്ച ഇടമായി സാഹിത്യത്തെ മോറിസണ്‍ പ്രഖ്യാപിച്ചു. സമകാലിക ആഫ്രിക്കന്‍ സാഹിത്യം എഡിറ്റ് ചെയ്തതിനു ശേഷം 1974-ല്‍ 'ദ ബ്ലാക് ബുക്' എന്ന പേരില്‍ ലേഖനങ്ങളും ചിത്രങ്ങളും ഡോക്യുമെന്ററികളും മോറിസണ്‍ സമാഹരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 1920 വരെയുള്ള അമേരിക്കന്‍ അടിമത്ത ചരിത്രമായിരുന്നു അതില്‍ മുഖ്യപ്രമേയമായി നിലകൊണ്ടത്.
ആദ്യകാലങ്ങളില്‍ എഴുത്ത് മോറിസണെ സംബന്ധിച്ചിടത്തോളം കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നില്ല. സമാനചിന്താഗതികളും കഷ്ടതകളും നിരാസങ്ങളും അനുഭവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചുചേരുമ്പോള്‍ പങ്കുവെക്കപ്പെടുന്ന സര്ഗാത്മകവേളകള് മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ അവര്‍ക്ക് എഴുത്ത്. ചെറുകവിതകളും അനുഭവക്കുറിപ്പുകളും ലേഖനങ്ങളും അവിടെ പങ്കുവെക്കപ്പെട്ടു. കറുത്ത വംശജയായ ഒരു പെണ്‍കുട്ടി നീലക്കണ്ണുകളെ ആഗ്രഹിക്കുന്ന ചെറുകഥയായിരുന്നു ആദ്യം മോറിസണ്‍ തന്റെ സംഘത്തോട് പറഞ്ഞിരുന്നത്. അതാണ് പിന്നീട് പ്രഥമകൃതിയായി മോറിസണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയത്- ദ ബ്ളൂവസ്റ്റ് ഐ! എഴുതാനിരിക്കുന്ന സമയത്തെക്കുറിച്ച് മോറിസണ്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 'പാതിരാ മുതല്‍ പുലര്‍ച്ചെ നാലു മണിവരെ ഞാന്‍ എഴുതും, അപ്പോഴാണ് എന്റെ മക്കള്‍ ഉറങ്ങുന്നത്.' ഏകാകിയായ ഒരു പെണ്ണിന്റെ, അമ്മയുടെ, കുടുംബഭാരം മുഴുവനായും സ്വയം താങ്ങുന്ന ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള അടങ്ങാത്ത ആശയായിരുന്നു ആ വാക്കുകളില്‍ പ്രതിഫലിച്ചത്.
'ദ ബ്ലൂവസ്റ്റ് ഐ' അമേരിക്കയൊന്നാകെ ഏറ്റെടുത്തപ്പോള്‍ ന്യൂയോര്‍ക് ടൈംസില്‍ അമേരിക്കന്‍ ലിറ്റററി ക്രിട്ടിക് ജോണ്‍ ലിയോനാര്‍ഡ് എഴുതി: 'വളരെ ചെറിയൊരു നോവല്‍, പറയാന്‍ ഏറെയുണ്ടെന്ന വിശ്വാസ്യത വിളംബരം ചെയ്യുന്ന ഒരു നോവല്‍. അത്ഭുതവും നോവും ഒരുപോലെ ഉള്ളടങ്ങിയിരിക്കുന്ന ഒന്ന്... അതിനാല്‍ത്തന്നെ ഒരു നോവല്‍ കവിതയാവുന്ന കാഴ്ചയാണിത്. 'ദ ബ്ലൂവസ്റ്റ് ഐ' ഒരു നോവല്‍ മാത്രമല്ല, ചരിത്രമാണ്, സാമൂഹ്യശാസ്ത്രമാണ്, നാടോടിക്കഥയാണ്, സംഗീതവും രാക്കഥയുമാണ്...'
ആദ്യകാലത്ത് പുസ്തകം പ്രതീക്ഷിച്ചത്ര വില്പന നേടിയില്ല. പക്ഷേ, വായിച്ചവരെല്ലാം അതേക്കുറിച്ചെഴുതിയപ്പോള് നോവലിന്റെ തലവരമാറി. മോറിസണിന്റെ എക്കാലത്തെയും മികച്ച എഡിറ്ററായ റോബര്‍ട് ഗോത്തിലെബ് നോവലിസ്റ്റിനോളം പ്രശസ്തിയിലേക്കുയര്‍ന്നു. 'ദ ബ്ലൂവസ്റ്റ് ഐ'യ്ക്കുശേഷം 'സുല', 'സോങ് ഓഫ് സോളമന്', 'ടാര്‍ ബേബി', ആദ്യനാടകമായ 'ഡ്രീമിങ് എമിറ്റ്', 'ബിലവഡ് ത്രയങ്ങള്‍'... ദേശദേശാന്തരങ്ങള്‍ കടന്ന് ടോണി മോറിസണ്‍ എന്ന പേര് സഞ്ചരിച്ചു കൊണ്ടേയിരുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും കടന്ന് ആ പേര് ഒരു പ്രസ്ഥാനമായിത്തന്നെ നിലകൊണ്ടു. അപ്പോഴും മോറിസണ്‍ പറഞ്ഞു: 'എഴുത്തുകാരിയെന്ന് പറയാന്‍ എനിക്കിപ്പോഴും ഭയമാണ്. നിങ്ങള്‍ എന്തുചെയ്യുന്നു എന്നു ചോദിക്കുമ്പോള്‍ അധ്യാപിക, എഡിറ്റര്‍ എന്നൊക്കെ പറയാനാണ് ഏറെ സൗകര്യം.' ഒരു കഥയോ കവിതയോ എഴുതി എഴുത്തുകാരുടെ കുപ്പായം സ്വയമണിഞ്ഞു നടക്കുന്നവര്‍ അത് കേട്ടോ ആവോ!
പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോഴും മോറിസണ്‍ ഇനിയെന്താണ് ചെയ്യാനുള്ളതെന്ന് ആലോചിച്ചു കൊണ്ടേയിരുന്നു. സ്വയം നവീകരിച്ചു. ഇളയമകന് സ്ലേഡ് മോറിസണുമായി ചേര്‍ന്ന് ബാലസാഹിത്യ രചനയിലേക്ക് ശ്രദ്ധ തിരിച്ചു. സ്ലേഡ് എക്കാലവും ഒരു വേദനയും പ്രചോദനവുമായിരുന്നു ടോണി മോറിസണ്‍. സ്ലേഡിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ജീവിതം ഇനി ഒറ്റയ്ക്ക് തുഴയാം എന്നവര്‍ തീരുമാനിക്കുന്നത്. സ്ലേഡ് ഒരു കലാകാരന് കൂടിയായിരുന്നു. നന്നായി വരയ്ക്കും പാട്ടു പാടും. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ച് 45-ാം വയസ്സിൽ സ്ലേഡ് മരിച്ചു. മോറിസണ്‍ 'ഹോം' എന്ന നോവല്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അക്കാലത്ത്. ആ നോവല്‍ പാതിയില്‍ നിര്‍ത്തി മോറിസണ്‍. 'ഞാന്‍ മരിച്ചുപോയില്ലേ? അമ്മ ഇനിയും എഴുതുകയാണോ?' എന്ന് സ്ലേഡ് തന്റെയുള്ളില്നിന്നു ചോദിച്ചു കൊണ്ടേയിരിക്കുന്നതായി മോറിസണ്‍ പറഞ്ഞു.
2011-ല്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് മോറിസണ്‍ സംസാരിച്ചത് ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചുമായിരുന്നു. എന്നിരുന്നാലും മോറിസണ്‍ ആ നോവല്‍ പൂര്‍ത്തിയാക്കി. എഴുത്ത് അത്രമേല്‍ അവരെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു. സ്ലേഡിനാണ് ആ പുസ്തകം അവര്‍ സമര്‍പ്പിച്ചത്. 2015-ല്‍ 'ഗോഡ് ഹെല്പ് ദ ചൈല്‍ഡ്' എന്ന നോവലും മോറിസണ്‍ പൂര്‍ത്തിയാക്കി. 2019 ഓഗസ്റ്റ് അഞ്ചിന് ടോണി മോറിസണ്‍ ചരിത്രമായപ്പോള്‍ ലോകം എഴുന്നേറ്റ് നിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാരണം നിലപാടുകളുടെ പ്രത്യയശാസ്ത്രമായിരുന്നു ആ പേര്!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..