ശ്രീകുമാരൻ തമ്പി | ഫോട്ടോ:സി.ബിജു
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് ഇരുപത്തി മൂന്നാമത് പത്മപ്രഭ സ്മാരക പുരസ്കാരം ടി.പത്മനാഭന് സമ്മാനിച്ചു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി നടത്തിയ പ്രസംഗം...
എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത സന്ധ്യയാണിത്. സാന്ധ്യതാരകേ...മറക്കുമോ നീ/ ശാന്തസുന്ദരമീ നിമിഷം/ കല്പന തന്നുടെ കല്പദ്രുമങ്ങള്/ പുഷ്പമഴ പെയ്യുമീ നിമിഷം എന്ന് 'പത്മരാഗം' എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ എഴുതിയിട്ടുണ്ട്. എം.കെ. അര്ജുനനന് മാഷിന്റെ സംഗീതം. ഈ സന്ധ്യയോടും ഇതേ ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. അതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തെ കാരണം മഹാനായ പത്മപ്രഭ ഗൗഡറുടെ പേരിലുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു എന്നതാണ്.
ഒരിക്കല്‍ ആലപ്പുഴ സനാതനധര്‍മം കോളേജില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ ആലപ്പുഴ ജില്ലയില്‍ ഒരു സ്വതന്ത്രവിദ്യാര്‍ഥി സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയാണ് അവര്‍ മാതൃസംഘടനയാക്കാന് ഉദ്ദേശിച്ചത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന. ആ മൂന്നു വിദ്യാര്‍ഥികളില്‍ ഒരാള്‍ ഞാനാണ്- ആലപ്പുഴ ജില്ലയിലെ സെക്രട്ടറി. രാഷ്ട്രീയത്തില്‍ ചേര്‍ന്ന് മത്സരിക്കുമോ മന്ത്രിയാവുമോ അതോ സാഹിത്യം തിരഞ്ഞെടുക്കുമോ എന്നൊന്നും എന്നെക്കുറിച്ച് എന്റെ സഹപാഠികള്‍ക്ക് ഉറപ്പില്ലായിരുന്നു. കാരണം ഞാന്‍ ഏതുവഴിക്കും പോകാം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റുഡന്റ്സ് ഫെഡറേഷനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്റിപെന്‍ഡന്റ് സ്റ്റുഡന്റ്സ് യൂണിയനും നിലവിലുണ്ട്. വലിയ സംഘടനകള്‍ക്കിടയില്‍ ഞങ്ങള്‍ സോഷ്യലിസ്റ്റുകാര്‍ക്ക് വലിയ സ്വാധീനമൊന്നുമില്ല. സാമ്പത്തിക ബലമില്ല.
കെ. ചന്ദ്രശേഖരന് എന്ന പ്രശസ്തനായ പ്രജാ സോഷ്യലിസ്റ്റ് നേതാവിനെ ക്ഷണിക്കാനായി കോഴിക്കോടേക്ക് ബുദ്ധിമുട്ടി വരികയാണ് ഞങ്ങള്‍. അന്നൊക്കെ പണം ആരുടെയും കയ്യിലുണ്ടാവുകയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വീട്ടില്‍നിന്നു പണം തരികയില്ലല്ലോ. വീട്ടുകാര്‍ അറിയുകയുമില്ല. സമ്മേളനം നടത്താന്‍ എന്താണ് വഴി എന്ന് ആലോചിക്കവേയാണ് പത്മപ്രഭ ഗൗഡര്‍ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ സമ്പന്നതയെക്കുറിച്ച് ഞാന്‍ കൂട്ടുകാരോട് പറഞ്ഞത്. വയനാടിന്റെ അധിപനാണ്. അമ്പത് രൂപ കിട്ടിയാല്‍ നമ്മുടെ കാര്യം നടക്കും. അന്ന് ഒരു പവന് സ്വര്‍ണത്തിന് നൂറ്റി എഴുപത് രൂപയാണ് എന്നോര്‍ക്കണം.
കോഴിക്കോടെത്തിയ ഉടന്‍തന്നെ അരങ്ങില്‍ ശ്രീധരനെ കണ്ടതിനു ശേഷം നേരെ വയനാട്ടിലേക്ക് തിരിച്ചു. വളരെ കഷ്ടപ്പെട്ടാണ് വയനാട് എത്തിയത്. പത്മപ്രഭ ഗൗഡറുടെയടുത്ത് പോയി ആഗമനോദ്ദേശ്യം അറിയിച്ചു. അമ്പത് രൂപയാണ് ഞങ്ങളുടെ ആവശ്യം. അദ്ദേഹം നൂറ് രൂപ തന്നു! സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ഞങ്ങള്‍ അന്തിച്ചുപോയി. പത്മപ്രഭ ഗൗഡര്‍ ഞങ്ങളുടെ വരവിന് പിന്നിലെ ഉദ്ദേശ്യമറിഞ്ഞ് വളരെയധികം സന്തോഷിക്കുകയായിരുന്നു. മൂന്നു കുട്ടികള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നു! സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സ്വന്തം അധ്വാനത്തിന്റെ
ഒരു വിഹിതം നീക്കിവെച്ച ആ മഹദ് വ്യക്തിത്വത്തിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിന് അര്‍ഹനായി എന്നത് എനിക്കേറെ അഭിമാനം നല്കുന്നു.
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം എന്ന് ശോകച്ഛായയോടെ പാടാനുള്ള രണ്ടാമത്തെ കാരണം എല്ലാവരേക്കാളുമേറെ എന്നെയടുത്തറിഞ്ഞ മറ്റൊരു മഹാരഥനായ എം.പി. വീരേന്ദ്രകുമാറിന്റെ അസാന്നിധ്യത്തിലാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നത് എന്ന ദുഃഖമാണ്. എങ്കിലും കവിതയെ, സംഗീതത്തെ, ഗദ്യസാഹിത്യത്തെ സ്നേഹക്കുന്നയാളെന്ന നിലയില്‍ ഈ പുരസ്കാരം സന്തോഷത്തോടെ ഏറ്റുവാങ്ങുകയാണ്.

പതിനെട്ടാമത്തെ വയസ്സിലാണ് ഞാന്‍ 'കാക്കത്തമ്പുരാട്ടി' എന്ന നോവല്‍ എഴുതുന്നത്. പി. ഭാസ്കരന്റെ സംവിധാനത്തില്‍ അത് സിനിമയായി. നാല് നോവലുകള്‍, പതിനാല് കവിതാ സമാഹാരങ്ങള്‍, മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ തുടങ്ങി സര്‍ഗാത്മകതയുടെ സകലവശങ്ങളും പ്രയോഗിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഗാനങ്ങള്‍ക്ക് പ്രചാരമേറിയപ്പോള്‍ കവിതകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. കവിത മാത്രം എഴുതിയിരുന്നെങ്കില്‍ ശ്രീകുമാരന്‍ തമ്പി കവിയാണെന്ന് എല്ലാവരും പറയുമായിരിക്കും. പക്ഷേ, എന്തുകൊണ്ടാണ് ഞാന്‍ ഗാനരചയിതാവ് എന്ന നിലയില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അത് സംഗീതത്തിന്റെ മേന്മകൊണ്ട് മാത്രമാണ് എന്നതാണ്. സംഗീതത്തിന്റെ മുമ്പില്‍ മറ്റൊരു കലയ്ക്കും നില്പ്പില്ല. സംഗീതമാണ് ഏറ്റവും വലിയ കല. ഈ പ്രപഞ്ചം ഉണ്ടായത് നാദത്തിലാണ്. ആദ്യം ഉണ്ടായത് നാദമാണ്. അത് നമ്മുടെ ഭാരതീയ സംസ്കൃതി പറയുന്നു ഓംകാരം പ്രണവം... ഓംകാരം എന്നത് നാദത്തിന്റെ വിത്താണ്. നാദബിന്ദുവായ ഓംകാരമാണ് ആദ്യം ഉണ്ടായത്.
ആധുനിക ഭൗതികശാസ്ത്രത്തിലെ ബിഗ്ബാങ് തിയറി പറയുന്നത് ആദ്യമുണ്ടായത് വലിയൊരു നാദമാണ്, പിന്നെയാണ് പ്രപഞ്ചമുണ്ടായതെന്നാണ്. ആദിയില്‍ വചനമുണ്ടായി എന്നാണ് ബൈബിള്‍ പറയുന്നതും. അതുകൊണ്ട് നാദത്തിന്റെ ഭാഷയായ സംഗീതം കഴിഞ്ഞേ മറ്റേതൊരു കലയും ഉള്ളൂ. അതുകൊണ്ടാണ് എന്റെ ഗുരുനാഥനായ പി. ഭാസ്കരന് മാസ്റ്റര്‍ എത്രയോ സിനിമകള്‍ സംവിധാനം ചെയ്തിട്ടും ഗാനരചയിതാവ് എന്ന് പരക്കെ അറിയപ്പെടാനുള്ള കാരണം. നീലക്കുയില്‍ പോലുള്ള അക്കാലത്തെ സൂപ്പര്‍ഹിറ്റ് പടങ്ങള്‍ ചെയ്ത സംവിധായകനായ പി.ഭാസ്കരന് മാസ്റ്ററെയല്ല, ഗാനരചയിതാവായ മാസ്റ്ററെയാണ് ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. അത് സംഗീതത്തിന്റെ മാത്രം കഴിവാണ്.
ആദരണീയനായ കഥാകൃത്ത് ടി. പത്മനാഭന്റെ കൈകൊണ്ടുവേണം എനിക്ക് മഹത്തായ ഈ പുരസ്കാരം തരേണ്ടത് എന്ന് ഞാന്‍ പുരസ്കാര സമിതിയോട് അങ്ങോട്ട് പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ച പാഠം നിനക്ക് എന്ത് ചെയ്യാന്‍ കഴിയുമോ അത് ചെയ്തുകൊണ്ടേയിരിക്കുക, അച്ചടക്കം പാലിക്കുക എന്നാണ്. നല്ലവണ്ണം തല്ലുമായിരുന്നു അമ്മ. ഇന്നത്തെ കുട്ടികളെങ്ങാനും അങ്ങനെ തല്ലുകൊണ്ടിരുന്നെങ്കില്‍ വീട് വിട്ടിറങ്ങിപ്പോകും. അച്ചടക്കം ശരീരത്തിലേക്ക് കുത്തിവെക്കാന്‍ പറ്റില്ല, നീ ഉണ്ടാക്കുക തന്നെ വേണം എന്നായിരുന്നു അമ്മയുടെ തത്വം.
അമ്പത്തിയാറ് വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ട്. ഇതുവരെ മദ്യപിച്ചിട്ടില്ല, പുകവലിച്ചിട്ടില്ല. സിനിമയില്‍ നിലനില്പുണ്ടാവണമെങ്കില് മദ്യം അകമ്പടിയായിരിക്കണം എന്ന ധാരണ തികച്ചും തെറ്റാണ്. ഞാന്‍ ഇരുപത്തിയാറാമത്തെ വയസ്സില്‍ പാട്ടെഴുത്തുകാരനായി. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ സ്വന്തമായി സിനിമ നിര്‍മിച്ചു. സിനിമ പണം തന്നു. സിനിമ തന്നെ പണം കൊണ്ടുപോയി. പണം കടം വാങ്ങിയും പലിശയ്ക്കെടുത്തും നിര്‍മിച്ചു. സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടപ്പോഴും അചഞ്ചലനായി ഞാനെന്റെ ജീവിതം തുടര്‍ന്നു, ഇപ്പോഴും തുടരുന്നു. ഈ പ്രായത്തിലും മൂന്നു മാധ്യമങ്ങള്‍ക്കായി ലേഖനപരമ്പരകള്‍ എഴുതിക്കൊണ്ടിരിക്കുന്നു.
1938-ല്‍ ഇറങ്ങിയ 'ബാലന്' ആണ് ആദ്യത്തെ ശബ്ദചിത്രം. ബാലനില്‍ ഒരു സംഗീതസംവിധായകനേ ഉണ്ടായിരുന്നില്ല. അന്നത്തെ സിനിമാനിര്‍മാതാക്കള്‍ക്ക് സംഗീതത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയില്ല. ബാലനില്‍നിന്ന് ആരംഭിച്ച് 1970 വരെയുള്ള മലയാള ചലച്ചിത്രഗാനങ്ങളുടെ വികാസപരിണാമങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. ഈ പ്രായത്തില്‍ ഞാന്‍ ഉറങ്ങുന്നത് വെളുപ്പിന് മൂന്നുമണിക്കാണ്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാലം എന്നെ അനുവദിക്കുന്നു. അതുകൊണ്ട് കാലമേ നിനക്കഭിനന്ദനം...
ഞാനെഴുതിയ ഒരുപാട് പാട്ടുകള്‍ മറ്റു പലരുടെയും ക്രെഡിറ്റില്‍ ആണ് അറിയപ്പെട്ടത്. സുനാമി വന്നപ്പോള്‍ കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരന് ടി.വിയില്‍ പറയുന്നത് കേട്ടു; "കവികള്‍ ഋഷികളാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വയലാര്‍ പാടി; 'കാലം മാറി വരും കാറ്റിന് ഗതിമാറും കടല്‍വറ്റി കരയാകും കര പിന്നെ കടലാകും... അതാണ് വയലാര്‍. വയലാര്‍ ഋഷിയാണ്.'' യഥാര്‍ഥത്തില്‍ ആ വരികള്‍ ഈ പാവം ശ്രീകുമാരന്‍ തമ്പി എഴുതിയതാണ്! സിവില്‍ എഞ്ചിനീയറിങ് പഠിക്കുമ്പോള്‍ എനിക്ക് ലഭിച്ച ഭൗമനിരീക്ഷണത്തില്‍ നിന്നാണ് ഈ വരികള്‍ എനിക്ക് ലഭിച്ചത്. പക്ഷേ മഹാനായ ആ സാഹിത്യകാരന് ക്രെഡിറ്റ് ശ്രീകുമാരന്‍ തമ്പിക്ക് നല്കാന് തയ്യാറല്ല. എനിക്ക് പരാതി അപ്പോഴുമില്ല. ഞാനെന്തെല്ലാം ചെയ്തു എന്നത് കാലം അറിയും, പ്രകൃതി അറിയും.
മാതൃഭൂമിയെ ഒരിക്കലും എനിക്ക് മറക്കാനാവില്ല. എന്റെ കവിതകള്‍ ഏറ്റവും കൂടുതല്‍ തിരിച്ചയച്ചിട്ടുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. തിരിച്ചയച്ച കവിതകളെല്ലാം തന്നെ പില്ക്കാലത്ത് പ്രശസ്തങ്ങളായിത്തീര്‍ന്നു. അതേപോലെ തന്നെ എന്റെ ഏറ്റവും കൂടുതല്‍ കവിതകള്‍ അച്ചടിച്ചതും മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. അത് എന്നെ പഠിപ്പിച്ചത് നിത്യവും പ്രവൃത്തിയിലേര്‍പ്പെട്ടു കൊണ്ടേയിരിക്കുക എന്നതാണ്. പതിനാല് വയസ്സുള്ളപ്പോള്‍ മാതൃഭൂമി ബാലപംക്തിയില്‍ ഒരു കവിത വന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. യുവാവായപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു പേജ് നിറയെ എന്റ കവിത വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
ആ മാതൃഭൂമിയിലാണ് എന്റെ ആത്മകഥ 102 ആഴ്ചകളായിട്ട് തുടര്‍ച്ചയായി വന്നത്. അത് കാലത്തിന്റെ തീരുമാനമാണ്. അതിന് നിമിത്തമായത് ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ സുഭാഷ് ചന്ദ്രനാണ്. സുഭാഷ് ചന്ദ്രനോട് പ്രത്യേക നന്ദിയുണ്ട്. ചെറുപ്പക്കാര്‍ പിന്തുടരുന്ന ഈ പ്രായത്തിലുള്ള എഴുത്തുകാര്‍ അധികമില്ല. അതുകൊണ്ട് ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടും എന്ന് സുഭാഷ് ചന്ദ്രന് എന്നോട് പറഞ്ഞു. ആ വാക്കുകള്‍ എനിക്കൊരു ബലമായിരുന്നു. സത്യത്തില്‍ ജീവിതം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ആ വാക്കുകളായിരുന്നു. മാതൃഭൂമിയെയും പത്മപ്രഭ ഗൗഡരെയും എം.പി. വീരേന്ദ്രകുമാറിനെയും സ്മരിച്ചുകൊണ്ട് ഇരുപത്തിമൂന്നാമത് പത്മപ്രഭ പുരസ്കാരം ഏറ്റുവാങ്ങിയ ഈ ദിനം എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു. കാലമേ നിനക്ക് നന്ദി...
Content Highlights: 23 padmaprabha memorial award goes to veteran writer sreekumaran thampi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..