ലുസിന്റ മാർഗരറ്റ് ഗ്രീലി
ഒമ്പതാം വയസ്സില്‍ താടിയെല്ലിന് കാന്‍സര്‍ ബാധിക്കുക, സ്വന്തം മുഖം കണ്ണാടിയില്‍ കാണാന്‍പോലും കഴിയാത്ത തരത്തില്‍ വികൃതമായിക്കൊണ്ടിരിക്കുന്നത് നിസ്സഹായതയോടെ തിരിച്ചറിയുക. മുഖമില്ലാത്തവളായി മരണം വരെ തുടരേണ്ടുന്നതിന്റെ ആകുലത അകറ്റാനായി ഉള്ളം കയ്യില്‍ ഭദ്രമാക്കി വെച്ച പേനയെ ചലിപ്പിക്കുക, അതുവഴി ലോകം തനിക്കുനേരെ ആശ്ചര്യത്തോടെ കണ്ണുമിഴിക്കുന്നത് നിറകണ്‍ചിരിയോടെ കണ്ടുനില്ക്കുക! ലുസിന്റ മാര്‍ഗരറ്റ് ഗ്രീലി എന്ന ഐറിഷ് -അമേരിക്കന്‍ എഴുത്തുകാരിയെ ഒറ്റശ്വാസത്തില്‍ ഇങ്ങനെ നിര്‍വചിക്കാം. കവി, ഓര്‍മ്മക്കുറിപ്പുകളുടെ രാജകുമാരി എന്നീ വിശേഷണങ്ങളാല്‍ ആംഗലേയസാഹിത്യത്തില്‍ നിറഞ്ഞുനിന്ന ലുസിന്റ വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് ദശാബ്ദമാകുന്നു.
ഐര്‍ലണ്ടിലെ ഡബ്ലിങ്ങില് 1967 ഏപ്രില്‍ മാസത്തിലാണ് ലുസിന്റ ജനിച്ചത്. കാന്‍സറിന്റെ അത്യപൂര്‍വ വകഭേദമായ ഇവിങ്സ് സര്‍കോമ പിടിപെടുന്നത് ലുസിന്റയുടെ ഒമ്പതാമത്തെ വയസ്സിലാണ്. അഞ്ചു ശതമാനം മാത്രമാണ് അതിജീവനത്തിന്റെ സാധ്യതയെന്നാണ് അന്ന് മെഡിക്കല്‍ വിദഗ്ധര്‍ മാതാപിതാക്കളോട് പറഞ്ഞത്. താടിയെല്ല് നീക്കംചെയ്യുക എന്നതാണ് മുന്നിലുള്ള ഒരേയൊരു മാര്‍ഗം. അക്കാലത്തെ പരിമിതമായ ചികിത്സകളില്‍ തുടര്‍ന്ന് നിരന്തരം ഫേഷ്യല്‍ സര്‍ജറികള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കണം. ഒമ്പത് വയസ്സുകാരിയുടെ മനസ്സിന് താങ്ങാനാവുന്നതായിരുന്നില്ല സഹപാഠികളുടെ ഒറ്റപ്പെടുത്തലും പരിഹാസങ്ങളും. താടി മറച്ച് വരുന്ന ലുസിന്റ പൂര്‍ണതയില്ലാത്ത പെണ്‍കുട്ടിയായി ചിത്രീകരിക്കപ്പെട്ടു. 'ഒരു മുഖത്തിന്റെ ആത്മകഥ' എന്ന അവരുടെ പ്രശസ്ത ആത്മകഥയില്‍ താന്‍ കുട്ടിക്കാലത്ത് നേരിട്ട അപകര്ഷതകളെക്കുറിച്ച് പറയുന്നുണ്ട്. അപരിചിതരുടെ തുളഞ്ഞുകയറുന്ന നോട്ടവും മാറ്റിനിര്‍ത്തലുകളും പോകുന്നിടങ്ങളില്‍ നിന്നെല്ലാം നേരിട്ടു.
സ്കൂള്‍ കാലങ്ങളിലെല്ലാം കൃത്രിമ താടിയുമായും നിരന്തരം ആവശ്യമായി വന്ന ഓപ്പറേഷനുകളുമായും ലുസിന്റ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാതെയായി. ആശുപത്രികളില്‍ നിന്നുള്ള ഇടവേളകളില്‍ അവള് സ്കൂളില്‍ പോയി. സഹപാഠികള്‍ ഇത്തവണ തന്നോട് സഹാനുഭൂതിയോടെയാവും പെരുമാറുക എന്ന പ്രതീക്ഷയോടെയാണ് ഓരോ തവണയും പോവുക. പക്ഷേ കുട്ടികളല്ലേ! അവര്‍ക്കറിയില്ലല്ലോ ലുസിന്റയുടെ രോഗത്തിന്റെ ഗൗരവം. അവര്‍ ഇടയ്ക്കിടെ മുഖം മാറ്റുന്ന ലുസിന്റയെ പരിഹസിച്ച് പാട്ടുകള്‍ വരെ പാടാന്‍ തുടങ്ങി.
'ഒരു മുഖത്തിന്റെ ആത്മകഥ'യില്‍ ലുസിന്റ പറയുന്നു- ''പതിനെട്ടാം വയസ്സില്‍ സാറ ലോറന്‍സ് കോളേജില്‍ ചേര്‍ന്നപ്പോഴാണ് എനിക്ക് പുനര്ജന്മമുണ്ടായത്. സൗഹൃദം എന്ന വാക്കിന്റെ അര്‍ഥവും ആഴവുമറിഞ്ഞത്. അതുവരെയുള്ള സഹപാഠികളൊന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നില്ല. ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ സ്നേഹം ഞാന്‍ കോളേജില്‍ നിന്നും അനുഭവിച്ചു. കവിതകള്‍ പയ്യെപ്പയ്യെ എന്നില്‍ ഉണര്‍ന്നു തുടങ്ങി. 1985-ല്‍ ഡിഗ്രി മുഴുവനാക്കിയെങ്കിലും ലോവ റൈറ്റേഴ്സ് വര്‍ക് ഷോപ്പില്‍ ഞാന്‍ സ്ഥിരസാന്നിധ്യമായിരുന്നു.'' ലോവയിലെ സുഹൃത്തായ ആന്‍ പാഷെ(പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി)യുടെ കൂടെയായിരുന്നു ലുസിന്റ കഴിഞ്ഞിരുന്നത്. അവരുടെ ആത്മാര്‍ഥ സൗഹൃദം ആന്‍ അടയാളപ്പെടുത്തിയത് 2004-ല്‍ 'സത്യവും സൗന്ദര്യവും; ഒരു സൗഹൃദം' എന്ന പുസ്തകത്തിലൂടെയാണ്.
തികച്ചും വ്യത്യസ്തമായ അനുഭവമണ്ഡലങ്ങളിലൂടെ കടന്നുപോയ ലുസിന്റ തന്റെ പൊള്ളിക്കുന്ന അക്ഷരങ്ങളാല്‍ സര്‍ഗാത്മകതയെ സ്വന്തമാക്കി. കവിതകള്‍ കഴിഞ്ഞാല്‍ ഓര്‍മക്കുറിപ്പുകളായിരുന്നു ലുസിന്റയുടെ ആയുധം. ലുസിന്റയുടെ അപാരമായ കഴിവുകള്‍ തേടി നിരവധി അവാര്‍ഡുകളെത്തി. ലുസിന്റ തന്റെ അവസാനത്തെ ഫേഷ്യല്‍ റീകണ്‍സ്ട്രക്ടീവ് സര്‍ജറി ചെയ്തതിനുശേഷം വേദനാസംഹാരിയായ ഓക്സികോണ്ടിനില് ആയിരുന്നു ആശ്വാസം കണ്ടെത്തിയിരുന്നത്. 2001 ഡിസംബര്‍ പതിനെട്ടിന് മുപ്പത്തിയൊമ്പതാമെത്തെ വയസ്സില്‍ ഹെറോയിന്‍ അമിതഡോസ് അകത്തുചെന്ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു ലുസിന്റയെ.
ലുസിന്റയുടെ മരണശേഷമാണ് സഹോദരി സൂസന് ഗ്രീലി, ആന്‍ പാഷെയുടെ പുസ്തകത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നത്. തന്റെ സഹോദരിയുടെ ജീവിതാനുഭവങ്ങള്‍ മോഷ്ടിച്ചെടുത്ത് പുസ്തകമാക്കിയെന്നും ഗ്രീലി കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കേസ്. ആന്‍ തന്റെ സഹോദരിയ്ക്ക് തന്നേക്കാള്‍ വിലപ്പെട്ട സഹോദരിയായിരുന്നെന്നും ആ വൈകാരികതയാണ് ആന്‍ മുതലെടുത്തതെന്നുമായിരുന്നു സൂസന്റെ ആരോപണം.
''കാന്‍സറിനെ തോല്‍പ്പിക്കാനുള്ള ചികിത്സയിലായിരുന്നു ഞാനെന്റെ നല്ല കാലത്തിന്റെ ആദ്യദശകം. പക്ഷേ അതിനുശേഷം ഇന്നേവരെ ഞാന്‍ ചികിത്സകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് മറ്റുള്ളവരില്‍ നിന്നും യാതൊരു വ്യത്യാസവും എനിക്കുപാടില്ല എന്ന ആഗ്രഹത്താലാണ്. വികൃതമായ മുഖത്തോടെയിരിക്കുക എന്നതിനേക്കാള്‍ വലിയ വേദന മറ്റൊന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ ദുരന്തം അതാണ്. യഥാര്‍ഥത്തില്‍ മറ്റ് കാന്‍സര്‍ രോഗികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ എനിക്ക് വന്നുപെട്ടത് വളരെ ചെറുതായിരുന്നു!''- 'ഒരു മുഖത്തിന്റെ ആത്മകഥ'യില്‍ ലുസിന്റ ഇങ്ങനെ കുറിക്കുന്നു. ആന്‍ പാഷെയെ സാഹിത്യലോകം വാനോളം പുകഴ്ത്തുമ്പോള്‍ ഇടയ്ക്കെവിടെയോ ഇടറിവീണ ലുസിന്റയെ നാം വേദനയോടെ ഓര്‍ക്കേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാവ്യസരണിയാണ് വഴിയില്‍ മുറിഞ്ഞുപോയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..