അകാലമരണങ്ങളുടെ തീരാക്കഥയിലും ജ്വലിച്ചുനിന്ന സഞ്ജയന്‍ സാഹിത്യം!


ഷബിത

മകന് മൂന്നു വയസ്സ് തികയുന്നതിനുമുന്നേ തന്നെ കാര്‍ത്യായന് അമ്മ അകാലത്തില്‍ പൊലിഞ്ഞു. ഏക മകനെയും കൊണ്ട് തന്റെ രോഗത്തെയും അടക്കി നിര്‍ത്തി അദ്ദേഹം അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം വയസ്സില്‍ മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഞ്ജയൻ

''കൂട്ടരേ, നിങ്ങളാരെങ്കിലും ഒരു വിവരമറിഞ്ഞുവോ? ഈയിടെയായി നമ്മുടെ മലയാളഗദ്യത്തിൽ ഒരു പുതിയ ശൈലി കടന്നുകൂടീട്ടുണ്ട്. ഈ ശൈലിയിൽ രണ്ടാളുകൾ എഴുതിയ രണ്ടു പുസ്തകങ്ങൾ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. പുസ്തകങ്ങളുടെ പേരു പറഞ്ഞിട്ടാവശ്യമില്ല; ഗ്രന്ഥകർത്താക്കളുടെ പേര് ഞാൻ പോലീസ് സ്റ്റേഷനിൽ വെച്ചുകൂടി പറയുകയില്ല. അവിടെ വെച്ചു പറയാത്ത കാര്യമില്ലെന്നാണ് പൊതുജനാഭിപ്രായം. ഹേഡിന്റെ കണ്ണുകാണുമ്പോൾ ചെയ്യാത്ത കുറ്റം കൂടി സമ്മതിച്ച്, സന്തോഷസമേതം ജേലിൽ പോകാമെന്നു തോന്നിപ്പോകുമത്രേ.

അതിരിക്കട്ടെ, പുതിയ ശൈലിയെക്കുറിച്ചാണല്ലോ നമ്മൾ പറയുന്നത്. പ്രസ്തുത ശൈലിക്കു ചിലവിശേഷങ്ങളൊക്കെയുണ്ട്. അത് ചിലർക്കു പിടിക്കും, ചിലർക്കു പിടിക്കില്ല. അതു പഞ്ചസാരയാണെന്നു പറയുന്നവരുണ്ടെങ്കിൽ, അതിനെ കാഞ്ഞിരക്കായായി കരുതുന്നവരുമുണ്ട്. കവികൾക്കുമാത്രമേ അതെഴുതിക്കൂടൂ; പണ്ഡിതർക്കു മാത്രമേ അതു മനസ്സിലാവുകയുള്ളൂ. ഗദ്യം പോലെയാണ് അതെഴുതുന്നതെങ്കിലും പദ്യം പോലെയാണ് അതിന്റെ സ്വഭാവം. അതിൽ ഉപമയും ഉല്പ്രേക്ഷയും അത്രയുണ്ടായിരിക്കും. അതുമുഴുവൻ വിരാമചിഹ്നമയമാണ്. ഓരോ വാക്കുമാത്രം അടങ്ങിയ വാചകങ്ങൾ, തീവണ്ടിയുടെ എഞ്ചിൻ തനിച്ചുപോകുന്നതുപോലെ, അതിൽക്കൂടി പോകുന്നതുകാണാം. ചിലവാചകങ്ങൾ, ശ്രീരാമൻ കാച്ചിക്കളഞ്ഞ സിദ്ധസമാജസന്യാസിയെപ്പോലെ, തലകീഴായി തൂങ്ങിനിൽക്കുന്നതുകാണാം. ചില ചില്ലറക്കവികളുടെ പ്രസംഗങ്ങളിലും ചില പത്രങ്ങളിലെ ലേഖന-(പണ്ഡിതന്മാരുടെ നെറ്റിചുളി കണ്ടിട്ട്)ങ്ങളിലും ഈ ശൈലി പ്രത്യക്ഷപ്പെടാറുണ്ട്.

സഞ്ജയന്ന് ഈ ഗദ്യം കണ്ടിട്ട് അതിനോട് ഒരു പ്രേമം വന്നുപോയി. അതിന്റെ മാധുര്യം അത്രയുണ്ട്. മൂന്നുദിവസം രാത്രി ഉറക്കൊഴിഞ്ഞു ശ്രമിച്ചതിന്റെ ഫലമായി ഈ പുതിയ രീതിയിൽ സഞ്ജയൻ കുറേ ഉപന്യാസങ്ങൾ എഴുതിയിട്ടുണ്ട്. ഈ വഴിയിൽ വളരെ കടന്നുപോയിട്ടുള്ള ഗുരുക്കന്മാരുടെ 'ലെവൽ' എത്തീട്ടില്ലെങ്കിലും, അതിന്റെ ഒരു 'പോക്ക്' കാണിക്കുവാൻ മാത്രമൊക്കെ സാദൃശ്യം ഇവയ്ക്കുണ്ടെന്ന്, അവതാരിക എഴുതിത്തരാൻ വിചാരിക്കുന്ന ആളോട്, വിട്ടുപോകാതെ എഴുതുവാൻ പ്രൈവറ്റായി അപേക്ഷിക്കുന്നു...''
(പുത്തൻ ശൈലികൾ- സഞ്ജയൻ)

മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം.ആർ നായരെന്നതിനേക്കാൾ മലയാളത്തിന് പ്രിയങ്കരമായ പേര് സഞ്ജയൻ എന്നതുതന്നെയാണ്. 1903 ജൂൺ പതിമൂന്നിന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായിട്ടാണ് ജനനം. കവിയും ഫലിതപ്രിയനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ തലശ്ശേരി ബാസിൽ മിഷൻ ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. അദ്ദേഹം നാൽപത്തിരണ്ടാം വയസ്സിൽ രോഗബാധിതനായി അന്തരിക്കുമ്പോൾ സഞ്ജയന് വെറും എട്ടുവയസ്സുകാരനാണ്. മക്കളുടെ വിദ്യാഭ്യാസവും ഭക്ഷണവും പാറുവമ്മയുടെ മുന്നിൽ ചോദ്യം തന്നെയായി മാറി. രണ്ടാമനായിരുന്നു സഞ്ജയൻ. കാലങ്ങൾക്കുശേഷം മൂത്തമകൻ കരുണാകരൻനായർ റവന്യൂവകുപ്പിൽ തഹസിൽദാരായതോടെ കുടുംബം പച്ചപിടിച്ചുതുടങ്ങി. തലശ്ശേരി ബ്രാഞ്ച് സ്കൂൾ, ബ്രണ്ണൻകോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നെ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ രാമുണ്ണി നായർ 1927-ൽ ലിറ്ററേച്ചറിൽ ഓണേഴ്സ് ഡിഗ്രി പൂർത്തിയാക്കിയതോടെതാണ് സാഹിത്യത്തിൽ അതീവ കമ്പം പ്രകടിപ്പിച്ചുതുടങ്ങിയത്.

സംസ്കൃതത്തിലും പാണ്ഡിത്യമുണ്ടായിരുന്ന സഞ്ജയൻ ജർമൻ, ഫ്രഞ്ച് എന്നീഭാഷളിലും സാമാന്യം മികച്ചരീതിയിലുള്ള അറിവ് നേടിയിരുന്നു. ബിരുദത്തിനുശേഷം സർക്കാർ സർവീസിൽ ക്ലർക്കായി ഉദ്യോഗമാരംഭിച്ച സഞ്ജയന് അധികം വൈകാതെ തന്നെ മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഫാക്കൽറ്റിയായുള്ള നിയമനവും ലഭിച്ചു. അതിനിടയിലാണ് നിയമപഠനം കൂടി വേണമെന്ന ആഗ്രഹം അദ്ദേഹത്തിലുദിച്ചത്. അതിനിടയിലാണ് ക്ഷയരോഗം പിടികൂടിയത്. നിയമപഠനം ഉപേക്ഷിക്കേണ്ട ഘട്ടമായി. യാത്രകൾക്ക് വിലക്കായതോടെ അടങ്ങിയിരിക്കേണ്ടി വന്നു. വിദ്യാർഥി മനസ്സ് അടങ്ങിയിരുന്നില്ല. വേദാന്തവും ജ്യോതിഷവും കുത്തിയിരുന്നു പഠിച്ചു. രോഗം ഏതാണ്ട് ഭേദമായപ്പോൾ കോഴിക്കോടേക്ക് കുടുംബസമേതം താമസം മാറുകയും ചെയ്തു. അധ്യാപനത്തോട് വിരക്തി തോന്നിയപ്പോൾ ചെങ്ങലോട്ട് കുഞ്ഞിരാമമേനോന്റെ ഉടമസ്ഥതയിലുള്ള കേരളപത്രികയുടെ പത്രാധിപരായി ചുമതലയേറ്റു. ആ ജോലിയിൽ അധിക കാലം തുടർന്നില്ല. തിരികെ തന്റെ അധ്യാപനത്തിലേക്ക് തന്നെ പോയി. ക്ഷയരോഗം വീണ്ടും മൂർഛിക്കുന്നതുവരെ ക്രിസ്ത്യൻ കോളേജിൽ തന്നെ തുടർന്നു അദ്ദേഹം.

1936-ലാണ് മലയാളമാകെ കൊട്ടിഘോഷിച്ച പ്രശസ്ത മാസികയായ 'സഞ്ജയൻ' അദ്ദേഹം ആരംഭിക്കുന്നത്. അതോടുകൂടി തന്റെ തൂലികാനാമമായി സഞ്ജയൻ എന്ന പേരും സ്വീകരിക്കുകയായിരുന്നു. 1938-ൽ മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരിക്കേ 'വിശ്വരൂപം' എന്നൊരു മാസികയും കൂടി സഞ്ജയന്റെ എഡിറ്റർഷിപ്പിൽ പ്രസിദ്ദീകരിച്ചിരുന്നു. ഹാസ്യസാഹിത്യത്തിന് മേൽക്കൈ കൊണ്ടുവരാനുള്ള സഞ്ജയന്റെ ശ്രമങ്ങളെല്ലാം തന്നെ വിജയം കണ്ടത് 'വിശ്വരൂപ'ത്തിലൂടെയായിരുന്നു.

തന്റെ അമ്മാവന്റെ മകളായ കാർത്യായനി അമ്മയെയായിരുന്നു സഞ്ജയൻ ജീവിതസഖിയാക്കിയിരുന്നത്. അവർക്കൊരു മകൻ ജനിച്ചു. മകന് മൂന്നു വയസ്സ് തികയുന്നതിനുമുന്നേ തന്നെ കാർത്യായന് അമ്മ അകാലത്തിൽ പൊലിഞ്ഞു. ഏക മകനെയും കൊണ്ട് തന്റെ രോഗത്തെയും അടക്കി നിർത്തി അദ്ദേഹം അതിജീവിക്കാൻ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം വയസ്സിൽ മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നെയൊരു നാലുവർഷം കൂടിയേ സഞ്ജയന് ഹാസ്യസാഹിത്യത്തിന്റെ കരുത്തിൽ മുന്നോട്ടു പോകാൻ കഴിഞ്ഞുള്ളൂ. ആദ്യം ഭാര്യയും പിന്നാലെ മകനും ശേഷം മൂത്ത ജ്യേഷ്ഠൻ കരുണാകരൻനായർ നാൽപത് തികയും മുന്നേ മരണപ്പെട്ടതും അദ്ദേഹത്തിന്റെ കൺമുന്നിൽ വച്ചായിരുന്നു.

കോഴിക്കോടു നിന്നും തിരികെ തലശ്ശേരിയിലെത്തി മരണം കാത്തുകിടന്ന സഞ്ജയൻ പക്ഷേ തന്റെ കയ്യിലുള്ള ആക്ഷേപസാഹിത്യത്തെ കൈവെടിഞ്ഞിരുന്നില്ല. വള്ളത്തോളിനോടുപോലും അദ്ദേഹം അക്ഷരങ്ങൾ കൊണ്ട് ഏറ്റുമുട്ടി. മലയാളത്തിന് അത്രയും കാലം കണ്ടുതഴക്കമുണ്ടായിരുന്ന കടുകട്ടി സംസ്കൃത ഭാഷാസ്വാധീന ലേഖനങ്ങളിൽ നിന്നും നിരൂപണങ്ങളിൽ നിന്നും ഭാഷയെ മോചിപ്പിച്ച് സാധാരണക്കാരന്റെ ബുദ്ധിയെ ഉണർത്തുന്ന രീതിയിൽ ലളിതമായ പ്രയോഗങ്ങളും നാടൻശീലുകളും സഞ്ജയൻ തന്റെ ലേഖനങ്ങളിൽ നിറച്ചു. സ്റ്റീഫൻ ലീക്കോക്, ജെയിംസ് തർബർ, മാർക് ട്വെയ്ൻ പോലുള്ള പാശ്ചാത്യ എഴുത്തുകാരുടെ രചനാരീതിയാൽ സ്വാധീനപ്പെട്ടിരുന്നു അദ്ദേഹം. ഷേക്സ്പിയറുടെ ദുരന്തനാടകമായ 'ഒഥല്ലോ'യ്ക്ക് മലയാളവിവർത്തനം നൽകിയതും സഞ്ജയനാണ്. 1943 സെപ്തംബർ പതിമൂന്നിന് നാൽപതാം വയസ്സിൽ മരണത്തിന് കീഴടക്കുമ്പോൾ മലയാളത്തിന് ഒരു 'സഞ്ജയൻലോകം' തന്നെ അദ്ദേഹം സംഭാവന നൽകിക്കഴിഞ്ഞിരുന്നു.

Content Highlights:144 Birth Anniversary of Writer Critic Sanjayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented