'പ്രിയങ്കരനായ പിതാവേ... ഞാനെന്തുകൊണ്ടാണ് നിങ്ങളെ ഭയപ്പെടുന്നത്?' മുഴങ്ങുന്നു കാഫ്ക!


തന്റെ ജീവിതത്തിലുടനീളം സ്ത്രീസാന്നിധ്യം ആഗ്രഹിച്ചിരുന്നു കാഫ്ക. എങ്കിലും വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ രതിയായിരുന്നു കാഫ്കയെ അനുഭവിച്ച രതിയെക്കാള്‍ കൂടുതല്‍ സന്തോഷിപ്പിച്ചിരുന്നത്.

കാഫ്ക

സ്വാര്‍ഥനും നിര്‍ബന്ധബുദ്ധിക്കാരനും തന്നേക്കാള്‍ വലിയ ബിസിനസ് ഭാരം എല്ലായ്‌പ്പോഴും ചുമലിലേറ്റി നടക്കുകയും ചെയ്തിരുന്ന ഹെര്‍മന്‍ കാഫ്ക. അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്ന ഭാര്യ ജൂലി കാഫ്ക. അവര്‍ക്ക് ആറുമക്കള്‍. ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യാധീനതയിലെ ജര്‍മനിയിലെ ഈ ആഷ്‌കെന്‍സി ജൂതദമ്പതിമാര്‍ പക്ഷേ തങ്ങളുടെ മക്കള്‍ ശുദ്ധജര്‍മന്‍ഭാഷ സംസാരിക്കുന്നവരായി, വിദ്യാഭ്യാസമുള്ളവരായി വളരണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. ആറില്‍ ഏറ്റവും മൂത്തത് ഫ്രാന്‍സ് കാഫ്കയാണ്. ആരോഗ്യദൃഢഗാത്രനായ, ഉറച്ച ശബ്ദമുള്ള സുമുഖനായിരുന്നു ഫ്രാന്‍സ് കാഫ്ക. പിതാവിന്റെ എടുത്താല്‍ പൊങ്ങാത്ത സാമ്പത്തികവും വൈകാരികവുമായ ഭാരങ്ങളൊന്നും തന്നെ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

ബാല്യത്തില്‍ തികച്ചും ഏകാന്തതയായിരുന്നു കാഫ്കയുടെ കൂട്ട്. പിതാവിന്റെ ബിസിനസ്സിന്റെ ഭാരമത്രയും പങ്കിട്ടെടുക്കാന്‍ അമ്മ ജൂലി നിര്‍ബന്ധിതയായതിനാല്‍ അവര്‍ക്ക് വീട്ടിലിരിക്കാന്‍ സമയമുണ്ടായിരുന്നില്ല. വീട്ടിലെ ജോലിക്കാരുടെ സ്‌നേഹം ഔദാര്യമായി കിട്ടിയത് തികയാതെ വന്നപ്പോള്‍ കാഫ്ക ആശ്രയിച്ചത് തന്റെ സഹോദരിയായ ഓട്‌ലയെയായിരുന്നു. ഓട്‌ലയെക്കൂടാതെ ഗബ്രിയേല്‍, വലേറി എന്നീ രണ്ടു സഹോദരിമാര്‍ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഏകമകനായ കാഫ്കയില്‍ നിന്നും കുടുംബ ബിസിനസ്സിലേക്കുള്ള ശ്രദ്ധയും സഹകരണവും ഏതൊരു പിതാവിനെയും പോലെ ഹെര്‍മന്‍ കാഫ്കയും ആഗ്രഹിച്ചു. നടക്കാതിരുന്നപ്പോള്‍ പിന്നെ നിര്‍ബന്ധിച്ചു. മകന്‍ കാഫ്ക തന്റെ വഴിക്കുവരില്ല എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ കാഫ്ക കടുംപിടിത്തക്കാരനുമായി. അതോടുകൂടി പിതൃ-പുത്രബന്ധം വഷളായി.

''പ്രിയങ്കരനായ പിതാവേ...
ഞാന്‍ നിങ്ങളെ ഭയപ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ അടുത്തിടെ എന്നോട് ചോദിച്ചു. പതിവുപോലെ തക്കതായ ഉത്തരം ചിന്തിച്ചുപറയാന്‍ എനിക്കു കഴിഞ്ഞില്ല എന്നതിനു കാരണം ഭാഗികമായി ഞാന്‍ നിങ്ങളെ ഭയപ്പെടുന്നതിനാലാണ്. ഭാഗികമായുള്ള ഈ ഭയത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ഒരു വിശദീകരണം എന്ന് അര്‍ഥമാക്കുന്നത് ഞാന്‍ തരാനുദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നു എന്നാണ്. സംസാരിക്കുമ്പോള്‍ ഓര്‍മയുണ്ടാവണം, നിങ്ങള്‍ക്ക് രേഖാമൂലം ഉത്തരം നല്‍കാന്‍ ശ്രമിച്ചാല്‍ അത് എന്നത്തെയും പോലെ അപൂര്‍ണമായിരിക്കും. ''

'ലെറ്റര്‍ റ്റു ഹിസ് ഫാദര്‍' എന്ന പേരില്‍ ഫ്രാന്‍സ് കാഫ്ക പിതാവ് ഹെര്‍മന്‍ കാഫ്കയ്‌ക്കെഴുതിയ കത്തിലെ വരികളാണിത്. തനിക്ക് കമ്യൂണിക്കേഷന്‍ സാധ്യമാവാതിരുന്ന വ്യക്തികളെ ഓര്‍ക്കുമ്പോള്‍ ആദ്യത്തെ പേര് കാഫ്ക ചേര്‍ത്തത് പിതാവിന്റെതായിരുന്നു. പിതാവിന്റെ അധികാരമനോഭാവത്തോടെയുള്ള, വ്യവസ്ഥകളിലൂന്നിയ സമീപനത്തെ കാഫ്ക ഒരിക്കലും പരിഗണിച്ചിരുന്നില്ല. അത്രയും സ്വേഛാധികാരിയായ പിതാവാണ് കാഫ്കയിലെ എഴുത്തുകാരനെ സൃഷ്ടിച്ചത് എന്ന് ജീവചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. കായികമായും സാമ്പത്തികമായും ഏറ്റുമുട്ടാതെ വൈകാരികമായി, അക്ഷരങ്ങള്‍ കൊണ്ടായിരുന്നു കാഫ്ക തനിക്കുനേരെയുള്ള അധിക്ഷേപങ്ങളെ നേരിട്ടത്.

പൊതുവേ നാണകുണുങ്ങിയും സ്വയം സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനുമായിരുന്നു കാഫ്ക. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്‌കൂള്‍ കാലയളവില്‍ സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. കോളേജ് സഹപാഠിയായിരുന്ന മാക്‌സ് ബ്രോഡ് കാഫ്കയെക്കുറിച്ചു പറയുന്നതിങ്ങനെ: 'കാഫ്ക സ്വയം സംസാരിക്കും, പെട്ടെന്ന് ലജ്ജാലുവാകും. പക്ഷേ മുഖത്തുനോക്കി പറയുന്ന കാര്യങ്ങള്‍ അളന്നു മുറിച്ചിട്ടുള്ളതായിരിക്കും!' വായനയുടെ അത്യുന്മാദങ്ങളില്‍ ജീവിച്ച മനുഷ്യന്‍ എന്നാണ് കാഫ്കയെ സഹപാഠികള്‍ ഓര്‍മിക്കുന്നത്. വായിച്ചു കൊണ്ടിരിക്കുന്ന കാഫ്കയെയല്ലാതെ അവര്‍ക്ക് ഓര്‍മയില്ല. ദസ്തയേവ്‌സ്‌കിയും ഫ്‌ലോബോറും ഗഗോളുമൊക്കെ തന്റെ സ്വന്തം സഹോദരന്മാരായി കാഫ്ക കണ്ടു. ഗഥേയുടെ സാഹിത്യത്തോട് വല്ലാത്ത അടുപ്പം പുലര്‍ത്തിയിരുന്നു അദ്ദേഹം. നിയമത്തില്‍ ഡോക്ടറല്‍ ഡിഗ്രിയെടുത്ത കാഫ്ക സിവില്‍ ക്രിമിനല്‍ കോടതികളില്‍ നിര്‍ബന്ധിത ഗുമസ്തപ്പണിക്കും വിധേയനായിട്ടുണ്ട്.

പുസ്തകത്തെ പ്രണയിച്ച, എഴുത്തില്‍ രതിയനുഭവിച്ച കാഫ്ക പക്ഷേ യാഥാര്‍ഥ്യജീവിതത്തില്‍ രതിയെ ഭയന്നു. നിരന്തരമായ സ്ത്രീസാന്നിധ്യങ്ങള്‍ ജീവിതത്തിലുടനീളം ഉണ്ടായപ്പോഴും തനിക്ക് ലൈംഗികപരാജയം സംഭവിക്കുമോ എന്ന ഭയം കാഫ്കയിലുണ്ടായിരുന്നു എന്ന് ജീവചരിത്രകാരനായ റെയ്‌നര്‍ സ്റ്റാക് രേഖപ്പെടുത്തുന്നു. കൗമാരകാലത്ത്‌ വേശ്യാലയങ്ങളിലെ സ്ഥിരസന്ദര്‍ശകനായിരുന്നു കാഫ്ക.

സഹപാഠിയായ മാക്‌സ് ബ്രോഡിന്റെ ബന്ധുവും ജര്‍മന്‍ കമ്പനിയിലെ ടെലഫോണ്‍ അറ്റന്‍ഡറുമായിരുന്ന ഫെലിസ് ബൗറിനെ പരിചയപ്പെട്ടതിനെക്കുറിച്ച് കാഫ്ക ഇങ്ങനെ എഴുതി: ''ഓഗസ്റ്റ് പതിമൂന്നിന് ഞാന്‍ ബ്രോഡിലെത്തിയപ്പോള്‍ അവള്‍ മേശപ്പുറത്ത് ഇരിക്കുകയായിരുന്നു. ആരാണവള്‍ എന്ന ജിജ്ഞാസയൊന്നും എന്നെ അലട്ടിയിരുന്നില്ലെങ്കിലും പക്ഷേ, ഒറ്റനോട്ടത്തില്‍ അവളെ ഞാന്‍ മനസ്സിലേക്കങ്ങെടുത്തു. മെലിഞ്ഞ് ശൂന്യമായ മുഖം. ആ ശൂന്യതയെയായിരുന്നു അവള്‍ പരസ്യമായി ധരിച്ചത്. നഗ്നമായ കഴുത്ത്. അതിനു താഴെയൊരു ബ്‌ളൗസ്. തികച്ചും സാധാരണമായൊരു വേഷം. അവള്‍ എന്താണെന്ന് നിര്‍വചിക്കേണ്ട ദൗത്യം ആ വേഷത്തിനില്ല. അവള്‍ എനിക്കുനേരെ തിരിഞ്ഞപ്പോള്‍ ഞാനെന്റെ കണ്ണുകളെ പിന്‍വലിച്ചു. മുറിമൂക്ക്, സുന്ദരമായ എന്നാല്‍ ആകര്‍ഷകമല്ലാത്ത മുടി. താടി നല്ല കരുത്തുള്ളതാണ്. ഇരിക്കുന്നതിനിടയില്‍ ഒന്നുകൂടി നോക്കി, ഇരുന്നു കഴിഞ്ഞപ്പോഴേക്കും എനിക്ക് അചഞ്ചലമായ അഭിപ്രായമുണ്ടായി കഴിഞ്ഞിരുന്നു.''

ആ സമാഗമത്തിന്റെ ചൂടാറും മുമ്പേ കാഫ്കയുടെ വിഖ്യാതരചന വന്നു-'ദ ജഡ്ജ്‌മെന്റ്'. അടുത്ത അഞ്ച് വര്‍ഷക്കാലം കാഫ്കയും ഫെലിസും കത്തുകളിലൂടെ പ്രണയിച്ചു, വല്ലപ്പോഴും കണ്ടുമുട്ടി. 'ലെറ്റേഴ്‌സ് റ്റു ഫെലിസ്' എന്ന പേരില്‍ കത്തുകള്‍ പിന്നീട് സമാഹരിക്കപ്പെട്ടു പ്രസിദ്ധീകരിച്ചതല്ലാതെ ആ ബന്ധം പുരോഗതി പ്രാപിച്ചില്ല.

ജെയിംസ് ഹാവ്യുസ് എന്ന ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയതുപ്രകാരം വിവാഹ നിശ്ചയം വരെ എത്തിയ മൂന്നു ബന്ധങ്ങള്‍ പലകാലങ്ങളിലായി കാഫ്കയ്ക്കുണ്ടായിരുന്നു. ജൂലി വോറിസെക് എന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റുമായി വിവാഹമുറപ്പിക്കുന്നതിനു മുന്നോടിയായി രണ്ടു പേരും കൂടി അപ്പാര്‍ട്‌മെന്റ് വരെ വാടകയ്‌ക്കെടുത്തതാണ്. പക്ഷേ കാഫ്ക വിവാഹത്തില്‍നിന്നു പിന്മാറി. ആ സമയത്താണ് 'ലെറ്റര്‍ റ്റു ഹിസ് ഫാദര്‍' കാഫ്ക തയ്യാറാക്കുന്നത്. ജൂലിയെ നിരസിച്ചതിനുള്ള കാരണമായി കാഫ്ക പറയുന്നത് അവരുടെ സയണിസ്റ്റ് മനോഭാവത്തെയാണ്.

നിശ്ചയിക്കപ്പെട്ട വിവാഹദിനത്തില്‍ കാഫ്ക മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. തന്റെ ജീവിതത്തിലുടനീളം സ്ത്രീസാന്നിധ്യം ആഗ്രഹിച്ചിരുന്നു കാഫ്ക. എങ്കിലും വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ രതിയായിരുന്നു അനുഭവിച്ച രതിയെക്കാള്‍ കൂടുതല്‍ കാഫ്കയെ സന്തോഷിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ സ്വന്തം ശരീരത്തെ വിശ്വാസമില്ലാത്ത ഒരാളായി മാറാന്‍ കാലതാമസമുണ്ടായില്ല. സ്വന്തം കാര്യത്തിലേക്കെത്തുമ്പോള്‍ രതി ഒരു തരം വൃത്തിയില്ലാത്ത ഏര്‍പ്പാടാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു.

ഫെലിസിനോട് സ്‌നേഹമായിരുന്നോ അതോ അടുപ്പമായിരുന്നോ എന്ന് ജീവചരിത്രകാരന്മാരെ കണ്‍ഫ്യൂഷനാക്കിയ മറ്റൊരു ബന്ധം കൂടിയുണ്ടായിരുന്നു കാഫ്കയ്ക്ക്. ഫെലിസിന്റെ സുഹൃത്തായിരുന്ന മാര്‍ഗരത്തെ ഗ്രെറ്റ ബ്ലോഷ് എന്ന ജൂതവനിതയായിരുന്നു അത്. മാസ്‌ക് ബ്രോഡിന്റെ രേഖകള്‍ പ്രകാരം കാഫ്കയുടെ മകന് ജന്മം നല്‍കിയത് മാര്‍ഗരത്തെയാണ്. പക്ഷേ ഇങ്ങനെയൊരു മകനുള്ള കാര്യം കാഫ്ക ഒരിക്കലും അറിഞ്ഞതേയില്ല. പേര് വെളിപ്പെടുത്താന്‍ അമ്മ ആഗ്രഹിക്കാത്ത ആ മകന്‍ ജനിച്ചത് 1914-15 കാലത്താണ്. 1921- ഓടു കൂടി മരണപ്പെടുകയും ചെയ്തു. അതേസമയം, ജീവചരിത്രകാരനായ പീറ്റര്‍ ആന്ദ്രേ ആള്‍ട് പറയുന്നു: 'മാര്‍ഗരത്തെയ്ക്കു മകനുണ്ടായിരിക്കാം. പക്ഷേ, അത് കാഫ്കയുടേതല്ല, കാരണം കാഫ്കയ്ക്ക് അത്രയടുത്ത ശാരീരിക ബന്ധം സാധ്യമല്ലായിരുന്നു.'

മാനസികമായും ശാരീരികമായും കാഫ്കയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളും ദുരൂഹതകളും ഉണ്ടെന്ന് കാഫ്കയെ അറിയാവുന്നവര്‍ മുഴുവന്‍ വെച്ചുപുലര്‍ത്തിയ സംശയമായിരുന്നു. എന്നാല്‍, മുന്‍ധാരണകളോടെ അദ്ദേഹത്തെ സമീപിച്ചവര്‍ മുഴുവന്‍ സമാഗമം അവസാനിക്കുമ്പോള്‍ ഇറങ്ങിപ്പോയത് വളരെ ശാന്തനും മൃദുഭാഷിയും സ്‌നേഹസമ്പന്നനുമായ ഒരു മനുഷ്യനെ അടുത്തറിഞ്ഞതിനു ശേഷമായിരുന്നു.

സ്‌നേഹവും നിരാസവും കൊണ്ട് സ്ത്രീകളില്‍ നിന്നും സ്ത്രീകളിലേക്ക് കാഫ്ക പലായനം നടത്തിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു 1920-കള്‍. മിലേന ജെസെങ്ക്‌സ്‌ക എന്ന ചെകോസ്ലോവാക്യന്‍ പത്രപ്രവര്‍ത്തകയുമായി അഗാധപ്രണയത്തിലായത് ഇക്കാലത്താണ്. 'മിലേനയ്ക്കുള്ള കത്തുകള്‍' വൈകാതെ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് ആ ബന്ധത്തിനുമുണ്ടായില്ല. ഇരുപത്തിയഞ്ചുകാരിയായ ഡോറ ഡയമണ്ട് എന്ന കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചറുടെ സ്‌നേഹവലയത്തില്‍ താമസിയാതെ കാഫ്ക പെട്ടു. വീട്ടുകാര്‍ അനാവശ്യമായി തന്നെക്കുറിച്ച് ആകുലപ്പെടുന്നതും സുഹൃത്തുക്കള്‍ ഉപദേശകരായി ചുറ്റും കൂടുന്നതും കാഫ്കയെ അസ്വസ്ഥനാക്കിയിരുന്നു. അതില്‍നിന്നുള്ള രക്ഷപ്പെടലായിരുന്നു ഡോറ ഡയമണ്ടിലേക്കുള്ള വഴി.

1924 മാര്‍ച്ചോടു കൂടിയാണ് ലാരിങ്കല്‍ ട്യൂബര്‍കുലോസിസ് ബാധിച്ച് കാഫ്ക ശാരീരികമായി ക്ഷീണിക്കാന്‍ തുടങ്ങിയത്. തന്റെ സൗഹൃദങ്ങളെ ഉപേക്ഷിച്ചുകൊണ്ട് സഹോദരിമാരിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിരുന്നു അത്. സഹോദരിമാരില്‍ ഏറെ പ്രിയങ്കരിയായ ഓട്‌ലയായിരുന്നു കാഫ്കയെ പരിചരിച്ചത്. ഡോറ ഡയമണ്ടിന് വിട്ടുപിരിയാന്‍ കഴിഞ്ഞില്ല. അവരും കാഫ്കയെ പരിചരിച്ചുകൊണ്ട് ഒപ്പം നിന്നു.

തൊണ്ടയില്‍ പടര്‍ന്നുപിടിച്ച ക്ഷയബാധയാല്‍ ആഹാരം കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന നാളുകളായിരുന്നു പിന്നീട്. ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍പോലും ഇറക്കാന്‍ കഴിയാതെ വിശപ്പിനാല്‍ നരകിച്ചുള്ള ദിവസങ്ങളായിരുന്നു പിന്നീട് കാഫ്കയെ കാത്തിരുന്നത്. തൊണ്ട തകര്‍ന്നുള്ള വേദനയോടെ മരണക്കിടക്കയില്‍ കിടന്നുകൊണ്ട്, വിശപ്പിന്റെ ആളിക്കത്തല്‍ അടക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹം എഡിറ്റുചെയ്തുകൊണ്ടിരുന്നതാവട്ടെ 'ദ ഹംഗര്‍ ആര്‍ടിസ്റ്റ്' എന്ന വിഖ്യാത രചനയും.

1924 ജൂണ്‍ മൂന്നുവരെ കാഫ്ക രോഗത്തിന്റെയും സര്‍ഗാത്മകതയുടെയും വേദനകള്‍ ഒന്നിച്ച് സഹിച്ചു. ജന്മസഹനത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍ അന്നവസാനിക്കുകയായിരുന്നു. ജീവിച്ചിരുന്നകാലത്ത് അത്രയൊന്നും പ്രാധാന്യം നല്‍കാതിരുന്ന ലോകസാഹിത്യം മരണാനന്തരം കാഫ്കയെ വാഴ്ത്തപ്പെട്ടവനാക്കിയതിനും കാലം സാക്ഷി. രണ്ടാം ലോകമഹായുദ്ധം കഴിയവേ കാഫ്ക ലോകസാഹിത്യത്തിലെ ആദ്യപേരുകളില്‍ ഒന്നായി മാറി. നൂറ്റിമുപ്പത്തിയെട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും ജൂലൈ നാല് എന്ന ദിനം പ്രസക്തമാവുന്നത് ഫ്രാന്‍സ് കാഫ്ക എന്ന സാഹിത്യത്തിന്റെ ജന്മം കൊണ്ടാണല്ലോ.

തയ്യാറാക്കിയത് -ഷബിത

Content Highlights : 138 Birth anniversary of Franz Kafka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented