നൊബേൽ സമ്മാനം, ആൽഫ്രഡ് നൊബേൽ
1833 ഒക്ടോബര്‍ 21. സ്വീഡനിലെ സ്റ്റോക്ഹോമില്‍ ഇമ്മാനുവലിന്റേയും കരോളിന്റെയും നാലാമത്തെ കുട്ടി ജനിച്ചുവീണപ്പോള്‍തന്നെ ആര്‍ക്കും അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും ജീവന്‍ പോയേക്കാമെന്ന മട്ടില്‍ അശുവായൊരു രൂപം. അതിജീവനം എന്നത് ആ കുട്ടിയ്ക്ക് മറ്റാരേക്കാളും അധികം ലഭിച്ച സിദ്ധിയായതിനാല്‍ മറ്റുള്ളവരുടെ ആധിയെ മറികടന്ന് അവന്‍ പയ്യെപ്പയ്യെ ലോകം കണ്ടു തുടങ്ങി. കണ്ണുകള്‍ തുറന്നുവച്ചും മൂക്കും വായും അടച്ചും തുറന്നും ശ്വാസമെടുത്തു കളിക്കുന്നതായിരുന്നു പ്രധാന വിനോദം. ഓരോ പിറന്നാള്‍ കഴിയുമ്പോഴും ശരീരത്തിന് കാര്യമായ പുരോഗതിയൊന്നും വന്നുചേര്‍ന്നില്ലെങ്കിലും ആ വളര്‍ച്ച കൂടി ബുദ്ധിയേറ്റെടുത്തിട്ടുണ്ടായിരുന്നു. കണ്ണില്‍ കണ്ടതിനെക്കുറിച്ച് മുഴുവന്‍ അറിയണം. അതും വ്യക്തമായിട്ടു തന്നെ. ഒരു വസ്തുവിനെക്കുറിച്ചും ഒറ്റവാക്കിലുള്ള ഉത്തരം ഇഷ്ടമില്ല. പോരാത്തതിന് ഇനി അറിയേണ്ടതല്ലാത്ത ഒരു കാര്യവുമില്ലതാനും. അച്ഛനും അമ്മയ്ക്കും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും കുട്ടികള്‍ പിറന്നുവെങ്കിലും നാലാമന്റെ ചോദ്യങ്ങളും ശങ്കകളും ദൂരീകരിക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ പ്രധാന തലവേദന.
ആല്‍ഫ്രഡ് നൊബേല്‍ അതാണാ പേര്. ആല്‍ഫ്രഡിന് നാലുവയസ്സായപ്പോള്‍ പിതാവ് ഇമ്മാനുവല്‍ കുടുംബത്തോടൊപ്പം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് താമസം മാറി. സ്ഫോടകവസ്തുക്കളുടെ നിര്‍മാണശാലയിലായിരുന്നു ഇമ്മാനുവലിന് ജോലി. റഷ്യയിലെത്തിയതോടെ ആല്‍ഫ്രഡിന്റെയും സഹോദരങ്ങളുടെയും പഠനം ഒരു ചോദ്യമായി. ഒരു പ്രൈവറ്റ് ടീച്ചറുടെയടുത്ത് ട്യൂഷന് പറഞ്ഞയക്കുക എന്നതായിരുന്നു മുന്നിലുള്ള വഴി. തന്റെ സ്വീഡിഷ് ഭാഷയെക്കൂടാതെ ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളും ആല്‍ഫ്രഡിന് പച്ചവെള്ളം പോലെ വഴങ്ങിയത് ആ റഷ്യന്‍ കുടിയേറ്റക്കാലത്തായിരുന്നു. അതിനിടയില്‍ രസതന്ത്രത്തിന്റെ മാന്ത്രികവിദ്യയോട് അതിരഹസ്യമായി ആല്‍ഫ്രഡ് ഒരിക്കലും പിരിയാന്‍ പറ്റാത്ത വിധത്തില്‍ ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
കെമിസ്ട്രിയില്‍ കൂടുതല്‍ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെ തന്റെ പതിനെട്ടാം വയസ്സില്‍ റഷ്യയില്‍ നിന്നും പാരീസിലേക്ക് താമസം മാറ്റി ആല്‍ഫ്രഡ്. അധികം അവിടെയും നിന്നില്ല, നേരെ അമേരിക്കയിലേക്ക് പോയി. ഒരിടത്തും ഉറച്ചു നില്‍ക്കുക എന്ന പ്രകൃതം ആല്‍ഫ്രഡിനില്ലായിരുന്നു. തിരിച്ച് റഷ്യയിലേക്ക് തന്നെ വന്നു. ക്രിമിയന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. ഇമ്മാനുവല്‍ റഷ്യന്‍ പ്രതിരോധസേനയ്ക്കു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലാണ്. അച്ഛനോടൊപ്പം ചേര്‍ന്നു മകന്‍. 1859-ല്‍ യുദ്ധമവസാനിച്ചതോടെ കമ്പനി പൊളിഞ്ഞു. കുടുംബം തിരിച്ച് സ്വീഡനിലെത്തി. ആല്‍ഫ്രഡ് പക്ഷേ സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.
1864-ല്‍ ആല്‍ഫ്രഡിന് ഇരുപത്തൊമ്പത് വയസ്സ്. നൊബേല്‍ കുടുംബത്തിന്റെ സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്ന ഫാക്ടറി പൊട്ടിത്തെറിച്ചു. ആല്‍ഫ്രഡിന്റെ കൊച്ചനിയന്‍ എമില്‍ ഓസ്‌കാര്‍ നൊബേല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കണ്‍മുന്നില്‍ ചാരമായിത്തീര്‍ന്നു. നാളുകള്‍ ഏറെയെടുത്തു കണ്‍മുന്നിലെ ദുരന്തത്തെ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍. നിമിഷങ്ങള്‍ കൊണ്ട് ചാരമായിപ്പോയത് ആല്‍ഫ്രഡിന്റെ ജീവനുതുല്യനായ അനിയനായിരുന്നു. എമില്‍ ഇല്ലാത്ത ഒരു സന്തോഷമോ ജീവിതമോ തന്നെ ആല്‍ഫ്രഡിനു ചിന്തിക്കാന്‍ പോലുമാവില്ല.സ്ഫോടക വസ്തുക്കളുടെ നിര്‍മാണത്തില്‍ നിന്നും എന്നെന്നേക്കുമായി കുടുംബം പിന്‍വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കേ തികച്ചും സുരക്ഷിതമായി കൈകാര്യം ചെയ്യാവുന്ന സ്ഫോടകവസ്തുക്കളെക്കുറിച്ചാണ് ആല്‍ഫ്രഡ് ചിന്തിച്ചത്. ആ ചിന്ത പരിശ്രമമാക്കിയെടുക്കാന്‍ ആല്‍ഫ്രഡിന് അധിക നാളുകള്‍ വേണ്ടി വന്നില്ല. 1867ല്‍ നൈട്രോഗ്ളിസറിന്റെ മിശ്രിതമുപയോഗിച്ചുകൊണ്ട് ഡൈനാമൈറ്റ് നിര്‍മിച്ചെടുത്ത് ആല്‍ഫ്രഡ് തന്റെ ലക്ഷ്യത്തെ കൈപ്പിടിയിലൊതുക്കി. ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമെന്ന് ലോകം കൊട്ടിഘോഷിച്ചുകൊണ്ടാണ് ഡൈനാമൈറ്റിനെ വരവേറ്റത്. ആല്‍ഫ്രഡ് നൊബേല്‍ പിന്നെ തന്റെ കരിയറില്‍ തിരിഞ്ഞുനൊക്കിയിട്ടില്ല. ശാസ്ത്രജ്ഞന്‍ എന്ന കുപ്പായം എക്കാലത്തേക്കുമായി ആല്‍ഫ്രഡ് അണിഞ്ഞുകഴിഞ്ഞു.
ശാസ്ത്രലോകത്തും സ്ഫോടകവസ്തുക്കളുടെ വ്യാവസായിക നിര്‍മാണ ലോകത്തും ആല്‍ഫ്രഡ് ഡോണ്‍ ആയി മാറുന്ന കാലം. രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് ഉടമ്പടികളുമായി ആല്‍ഫ്രഡ് നൊബേലിനെ വിമാനം ചാര്‍ട്ട് ചെയ്തുകൊണ്ടുപോയി കമ്പനികള്‍. തന്റെ സ്വകാര്യലോകം സമ്പന്നതയാല്‍ മാത്രം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് പലപ്പോഴും ആല്‍ഫ്രഡിനെ അസ്വസ്ഥനാക്കിയിരുന്നു. യൂറോപ്പുടനീളവും അമേരിക്കയിലും പലതരം കമ്പനികള്‍, പാരീസിലെ ആഡംബര ജീവിതം.അതിനിടയില്‍ ആത്മാര്‍ഥമായൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടു. അലക്സാന്‍ട്ര എന്നുപേരുള്ള റഷ്യന്‍ യുവതിയുമായി പരിചയപ്പെടുകയും പ്രണയത്തോടടുക്കുകയും ചെയ്തപ്പോള്‍ യുവതി പിന്‍മാറി. ആ പിന്‍മാറ്റം വ്യക്തിജീവിതത്തില്‍ ഒരു പ്രഹരമായിരുന്നു ആല്‍ഫ്രഡിന്. ആ പ്രഹരത്തിന് പരിഹാരമായത് ആസ്ട്രോ- ബൊഹീമിയന്‍ വനിതയായ ബെര്‍ത്ത കിന്‍സ്‌കി എന്ന സുന്ദരിയായിരുന്നു.
ആല്‍ഫ്രഡിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു ബെര്‍ത്ത. പക്ഷേ വിവാഹത്തോടടുത്തപ്പോള്‍ ബെര്‍ത്തയ്ക്കു തോന്നി ആല്‍ഫ്രഡിനേക്കാള്‍
സ്നേഹസമ്പന്നന്‍ തന്റെ മുന്‍സുഹൃത്തായ ബാരേണ്‍ ആര്‍തര്‍ തന്നെയാണെന്ന്. അതോടെ ആ ലിവിങ് ടുഗെദറും അവസാനിച്ചു. പക്ഷേ ബെര്‍ത്തയുടെഅസാമാന്യ ബുദ്ധിശക്തിയും നിരീക്ഷണപാടവവും കാര്യഗൗരവവും അത് പ്രായോഗികമാക്കാനുള്ള ശേഷിയും ആല്‍ഫ്രഡിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ ആല്‍ഫ്രഡ് ആ നല്ല സൗഹൃദം തുടര്‍ന്നു. ബെര്‍ത്തയെ മാനസികമായി ആശ്രയിച്ചിരുന്നു ആല്‍ഫ്രഡ്.
അങ്ങനെയിരിക്കെയാണ് ഒരു ഫ്രഞ്ച് പത്രത്തിന് ഒരബദ്ധം പറ്റിയത്. ആല്‍ഫ്രഡിന്റെ ജ്യേഷ്ഠന്‍ ലുഡ്വിങ് നൊബേല്‍ അന്തരിച്ചപ്പോള്‍ മരിച്ചത് ആല്‍ഫ്രഡ് നൊബേലാണെന്ന് തെറ്റിദ്ധരിച്ച് കാണ്ഡം കാണ്ഡം അനുശോചനലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ഡൈനാമെറ്റ് ആയിരുന്നു പ്രധാന ഇരയും. ഇത് ആല്‍ഫ്രഡിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ലോകമുള്ളിടത്തോളം കാലം തന്നെ ആളുകള്‍ സ്മരിച്ചിരിക്കണമെന്ന നിര്‍ബന്ധബുദ്ധി വന്നുചേര്‍ന്നതങ്ങനെയാണ്. മറുത്തൊരു ചിന്തയ്ക്ക് ഇടം കൊടുക്കാതെ നേരം വില്‍പ്പത്രമെഴുതി. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം-സാഹിത്യത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു നൊബേലിന്. രസതന്ത്രം കഴിഞ്ഞാല്‍ ഇത്രമേല്‍ തന്നെ സ്വാധീനിച്ച മറ്റൊരു ലോകം സാഹിത്യമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ സാഹിത്യസംഭാവനയെ ലോകത്തിലെ ഏറ്റവും മഹത്തായ സമ്മാനം കൊണ്ട്, മഹത്തായ സമ്മാനത്തുക കൊണ്ട് ആദരിച്ചിരിക്കണം എന്ന് അദ്ദേഹം തന്റെ വിഖ്യാതമായ നൊബേല്‍ വില്‍പത്രത്തില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നു. തന്റെ സ്വത്തിന്റെ തൊണ്ണൂറ്റിനാല് ശതമാനവും നൊബേല്‍ സമ്മാനങ്ങള്‍ക്കായി നീക്കിവെച്ചുകൊണ്ടാണ് വില്‍പ്പത്രം തയ്യാറാക്കിയത്. മാത്രമല്ല കാലംകഴിയുംതോറും പുരസ്‌കാരത്തുക കൂടിക്കൊണ്ടേയിരിക്കണം. നൊബേല്‍ സമ്മാനത്തിനപ്പുറം മറ്റൊരു സമ്മാനവും വേണ്ട!
ആല്‍ഫ്രഡ് നിര്‍ദ്ദേശിച്ച നാല് മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക്- അത് ഏതുരാജ്യക്കാരനായാലും ശരി-ആല്‍ഫ്രഡ് നൊബേലിന്റെ പേരില്‍, തന്റെ സ്വത്തുവകകള്‍ ഉപയോഗിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പുരസ്‌കാരം വര്‍ഷാവര്‍ഷം കൊടുത്തുകൊള്ളണം. അത് നൊബേല്‍ സമ്മാനം എന്ന പേരില്‍ അറിയപ്പെടുകയും വേണം. തന്റെ സ്വത്തുക്കള്‍ വില്‍പ്പത്രമാക്കാന്‍ നൊബേല്‍ തീരുമാനിക്കുമ്പോള്‍ ഉചിതമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത് ബെര്‍ത്തയാണ്. സമാധാനപരമായ ഒരു വ്യക്തിജീവിതം ഇല്ലാതെ പോയ ആല്‍ഫ്രഡ് പക്ഷേ സമാധാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. സമാധാനത്തിനും നൊബേല്‍ സമ്മാനം നല്‍കണം എന്ന നിര്‍ദ്ദേശം ആല്‍ഫ്രഡ് തന്റെ വില്‍പത്രത്തില്‍ എഴുതിച്ചേര്‍ക്കുന്നത് ബെര്‍ത്തയുടെ ഇടപെടല്‍ പ്രകാരമാണ്. 1905-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ബെര്‍ത്തയ്ക്കായിരുന്നു. ബെര്‍ത്തയുമായി നല്ല സൗഹൃദം മാത്രമേ സാധ്യമാവുകയുള്ളൂ (ആല്‍ഫ്രഡിന്റെമരണം വരെ ആ ബന്ധം തുടര്‍ന്നുപോന്നു) എന്ന തിരിച്ചറിവിലാണ് സെല്‍ജിയിലെ സോഫിയ ഹെസ് എന്ന യുവതിയെ ആല്‍ഫ്രഡ് തന്റെ വ്യക്തിബന്ധത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. പതിനെട്ട് വര്‍ഷക്കാലം നീണ്ടുനിന്ന ആ ബന്ധത്തെ പക്ഷേ നൊബേല്‍ വിവാഹവുമായി വിളക്കിച്ചേര്‍ത്തില്ല. സ്വത്തുവകകള്‍ ആര്‍ക്കൊക്കെയോ പങ്കുവെച്ചുപോവുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചെങ്കിലും സ്വീഡിഷ് സര്‍ക്കാര്‍ ആ വില്‍പത്രം അതുപോലെ അനുസരിച്ചു പ്രവര്‍ത്തിച്ചു. 1968-ല്‍ സ്വീഡന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തികശാസ്ത്രത്തിനുകൂടി നൊബേല്‍ സമ്മാനമേര്‍പ്പെടുത്തിക്കൊണ്ട് ആല്‍ഫ്രഡിനോട് കടപ്പാട് പ്രകടിപ്പിച്ചു.
1896 ഡിസംബര്‍ പത്തിനാണ് പക്ഷാഘാതം കാരണം ഇറ്റലിയില്‍ വച്ച് അറുപത്തിമൂന്നാം വയസ്സില്‍ ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചത്. ലോകം ഏറ്റവും മഹത്തായ പുരസ്‌കാരമായി നൊബേല്‍ സമ്മാനത്തെ എക്കാലവും വാഴ്ത്തിക്കൊണ്ടിരിക്കാനായി, മരണാനന്തരവും ലോകം മുഴുവന്‍ തന്നെ ഓര്‍ത്തിരിക്കാനായി തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും മാറ്റിവെച്ചപ്പോള്‍ ലോകാവസാനം വരെ ആല്‍ഫ്രഡ് നൊബേല്‍ എന്ന പേര് പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് പരിചയം കൊണ്ട് വിധിയെഴുതിയ അമ്മ കരോളിനെ അതിശയിപ്പിച്ചുകൊണ്ട് വളര്‍ന്ന് ലോകം കീഴടക്കിയ നൊബേല്‍ ഓര്‍മകളുടെ 126 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
Content Highlights: Alfred Nobel, Nobel Prize, Mathrubumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..