Bram stoker's Dracula
പാതിരാ.. ചെന്നായ'ക്കളുടെ ഓരി... കടവാതിലുകളുടെ ചിറകടി... ചോരതണുപ്പിക്കുന്ന നിശബ്ദത. കാര്‍പ്പാത്യന്‍ മലനിരകളിലെ ദുര്‍ഗത്തില്‍നിന്ന് നൂറ്റാണ്ടുകള്‍ പഴകിയ ശവപ്പെട്ടിയില്‍ നിന്ന് അവന് ഉണരുകയായി..
'കൗണ്ട് ഡ്രാക്കുള'
ഭയത്തിന്റെ തമ്പുരാന്...
അച്ചടിമഷി പുരണ്ട നാള് മുതല്‍ ഭയത്തിന്റെ പര്യായമാണ് അയാള്‍. രക്തദാഹിയായ ഡ്രാക്കുള പ്രഭു. ബ്രാം സ്റ്റോക്കറുടെ മരണമില്ലാത്ത കഥാപാത്രം. അര്ധരാത്രിക്കുണര്ന്ന് കന്യകമാരുടെ ചോര കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥയ്ക്ക് നൂറ്റി ഇരുപത്തഞ്ച് വര്‍ഷം തികയുകയാണ്. 1897ല്‍ അബ്രഹാം സ്റ്റോക്കര്‍ എന്ന ബ്രാം സ്റ്റോക്കര്‍ എഴുതിയ ഡ്രാക്കുള, വായനയുടെ ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. ലോകത്തെ മിക്ക ഭാഷകളിലും വിവര്‍ത്തനം. ഓരോ ഭാഷയിലും സ്വതന്ത്ര ഡ്രാക്കുള കഥാപാത്രങ്ങള്‍. നൂറിലധികം സിനിമകള്‍. അനേകം നാടകങ്ങള്‍. മലയാളത്തില്‍ത്തന്നെ ഒറിജിനല്‍ ഡ്രാക്കുള മുതല്‍ ഡ്രാക്കുളയുടെ അങ്കി'യും 'കോട്ടയും' വരെ എത്രയെത്ര രക്തദാഹികള്‍.

രക്തരക്ഷസ്സ് എന്ന സങ്കല്പത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് ഡ്രാക്കുള. ചോര കുടിക്കുകയും ഇരകളെ തന്റെ ചോര കുടിപ്പിച്ച് രക്ഷസ്സുകളാക്കുകയും ചെയ്യുന്ന മഹാഭീകരന്. റൊമാനിയയിലെ കാര്‍പ്പാത്യന്‍ പര്‍വതത്തിലെവിടെയോ ഉള്ള മധ്യകാലത്തെ കോട്ടയില്‍ താമസിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ അഭിഭാഷകനായി 1897ല്‍ ജൊനാഥന് ഹാക്കര്‍ ലണ്ടനില്‍നിന്ന് യാത്ര തുടങ്ങുന്നിടത്താണ് ബ്രാം സ്റ്റോക്കറുടെ കഥ തുടങ്ങുന്നത്. നിരവധി പേരുടെ ഡയറിക്കുറിപ്പുകളിലൂടെ ഡ്രാക്കുള ചോരക്കഥ ഇതള്‍വിരിയുന്നു. ഡ്രാക്കുളക്കോട്ടയിലെത്തിയ ജൊനാഥന് ഒരിക്കല്‍പ്പോലും പകല്‍നേരത്ത് പ്രഭുവിനെ കാണുന്നില്ല. പകല്‍ ശവപ്പെട്ടിയില്‍ മൃതനിദ്രയിലാണ് ഡ്രാക്കുള. രാത്രി അയാള്‍ ഉണര്‍ന്ന് കോട്ടമതിലിലൂടെ താഴേക്കിറങ്ങി ചുടുചോര തിരഞ്ഞുപോകുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ ജൊനാഥന് അവിടന്ന് രക്ഷപ്പെടുന്നു. അപ്പോഴേക്കും ജൊനാഥന് സ്വയമറിയാതെയാണെങ്കിലും നല്കിയ സഹായങ്ങളിലൂടെ ഡ്രാക്കുള ലണ്ടനിലെത്തിക്കഴിഞ്ഞിരുന്നു. ജൊനാഥന്റെ പ്രതിശ്രുതവധു മീനയുടെ കൂട്ടുകാരി ലൂസി ഡ്രാക്കുളയുടെ ഇരയും രക്ഷരക്ഷസുമായിമാറിയിരുന്നു. ഒടുവില്‍ മീനയും അയാള്‍ക്ക് വിധേയയായി.
നിരന്തരമായ പിന്തുടരലിനുശേഷം ഒടുവില്‍ പ്രേതോച്ചാടകനായ പ്രൊഫസര്‍ വാന്‍ഹെല്‍സിങ്ങിന്റെ സഹായത്തോടെ ജൊനാഥനും സുഹൃത്തുക്കളും ചേര്‍ന്ന് ഡ്രാക്കുളയെ കീഴപ്പെടുത്തുന്നു. വെളുത്തുള്ളിപ്പൂക്കളും വെഞ്ചരിച്ച അപ്പക്കഷണങ്ങളും ശവപ്പെട്ടിയില്‍ വിതറി ഡ്രാക്കുളയുടെ നെഞ്ചില്‍ കുരിശ് അടിച്ചിറക്കിയാണ് അയാളെ നിത്യനിദ്രയിലേക്ക് അവര്‍ മോചിപ്പിക്കുന്നത'.
.jpg?$p=7ec93dd&w=610&q=0.8)
ഇംഗ്ലീഷുകാരനായ നാടകപ്രവര്‍ത്തകന്‍ ബ്രാം സ്റ്റോക്കറിന് കിഴക്കന്‍ യൂറോപ്പില്‍ ജീവിക്കുന്ന ഡ്രാക്കുളയെ കിട്ടിയതിന് ഒരു പിന്‍കഥയുണ്ട്. ഡ്രാക്കുള എന്ന പേരില്‍ ഒരു യഥാര്‍ഥ മനുഷ്യനുണ്ടായിരുന്നു. റൊമാനിയയിലെ വലാച്ചിയ രാജവംശത്തിലെ വ്ലാദ് നാലാമന്. പിശാചിന്റെ മകന് എന്നര്‍ഥമുള്ള ഡ്രാക്കുള വഌദിന്റെ കളിപ്പേരായിരുന്നു. അദ്ദേഹം ചോരകുടിച്ചാണ് യൗവ്വനം നിലനിര്‍ത്തുന്നതെന്ന് ഒരു കഥ മധ്യകാലത്ത് പ്രചരിച്ചിരുന്നു. നിരവധിപേരെ യുദ്ധത്തില്‍ വധിച്ച വ്ലാദ് 1477ലാണ് മരിച്ചത്. മരണത്തോടെ വ്ളാദിനെക്കുറിച്ചുള്ള കഥകള്‍ നിറംചേര്‍ത്തു പ്രചരിച്ചു. ആ മധ്യകാല പ്രഭുവിന്റെ കഥയെ വിദഗ്ധമായി കൂട്ടിയിണക്കുകയാണ് ബ്രാം സ്റ്റോക്കര്‍ ചെയ്തത്. കഥാപാത്രസൃഷ്ടിക്ക് ഒരു മാതൃകയുമുണ്ടായിരുന്നു. സ്റ്റോക്കറുടെ സഹപ്രവര്‍ത്തകനും മേധാവിയുമൊക്കെയായ നാടകനടന്‍ സര് ഹെന്റി ഇര്‍വിങ് (1838-1905). പ്രഭുസ്ഥാനം ലഭിച്ച ആദ്യത്തെ നടനായിരുന്നു ഇര്‍വിങ്. ഇര്‍വിങ്ങിന്റെ മാനേജരായിരുന്നു ബ്രാം സ്റ്റോക്കര്‍.
Also Read
ബാര്‍ബെറ ബെല്‍ഫോഡ് എഴുതിയ ബ്രാം സ്റ്റോക്കര്‍ (1996) എന്ന ജീവചരിത്രത്തില്‍ ഡ്രാക്കുളയിലെ കഥാപാത്രങ്ങളുടെ ഒറിജിനലുകള്‍ ആരൊക്കെയാണെന്ന് പറയുന്നുണ്ട്. 1876 ഡിസംബറിലെ ഒരു തണുത്ത രാത്രിയിലാണ് പില്ക്കാലത്ത് തന്റെ ജീവിതത്തെ മുഴുവന്‍ സ്വാധീനിച്ച ഹെൻറി ഇര്വിങ്ങിനെ സ്റ്റോക്കര്‍ കണ്ടുമുട്ടിയത്. 21 വര്‍ഷത്തിനുശേഷം താന്‍ എഴുതിയ നോവലിലെ നായകരൂപത്തെ കണ്ടുമുട്ടുകയായിരുന്നു സ്റ്റോക്കര്‍. ലണ്ടനിലെ ഏറ്റവും പ്രശസ്ത ഷേക്്സ്റ്റിയര് നടനായ ഇന്‍വിങ് സ്റ്റോക്കറെ തന്റെ മാനേജര്‍ സ്ഥാനത്തേക്ക് ക്ഷണിച്ചു. ഡ്രാക്കുളയും ജൊനാഥനും തമ്മിലുള്ള കണ്ടുമുട്ടലായിരുന്നു അത്. പൊങ്ങച്ചക്കാരിയായ തന്റെ കാമുകി ഫ്ളോറന്‍സ് ബല്കോംബ്, ലൂസിയും സ്വന്തം അമ്മ ഷാര്‍ലറ്റ് നായികയായ മീനയുമായി. അക്കാലത്തെ പ്രശസ്ത നടി ഹെലന് ടെറിയുടെ ഛായയാണ് മീനയ്ക്കെന്നും പറയപ്പെടുന്നു. അബ്രഹാം എന്ന സ്വന്തം പിതാവിന്റെ പേരുതന്നെയാണ് അബ്രഹാം വാന്‍ ഹെന്സിംഗിന് സ്റ്റോക്കര്‍ നല്ലിയത്. ജൊനാഥനാകുട്ടെ സ്വന്തം ഛായയും.
1847ല്‍ ഐര്‍ലന്‍ഡിലെ ഡബ്ലിനിലാണ് ബ്രാം സ്റ്റോക്കര്‍ ജനിച്ചത്. ഡബ്ലിന്‍ സര്‍വകലാശാലയിലെ ട്രിനിറ്റി കോളേജില്‍ നിന്ന് നിയമം പഠിച്ച സ്റ്റോക്കറിന് താല്പര്യം മുഴുവന്‍ നാടകത്തോടായിരുന്നു. പത്തു വര്‍ഷം ഡബ്ലിനില്‍ സിവില്‍ സര്‍വിസില്‍ തുടര്‍ന്ന സ്റ്റോക്കര്‍ ഡബ്ലിന്‍ മെയില്‍ പത്രത്തില്‍ പ്രതിഫലം കൂടാതെ നാടകനിരൂപണങ്ങള്‍ എഴുതുമായിരുന്നു. വിഖ്യാത എഴുത്തുകാരനായി മാറിയ ഓസ്കാര്‍ വൈല്ഡായിരുന്നു സ്റ്റോക്കറുടെ കളിക്കൂട്ടുകാരന്. ഇരുവരും ഒരു പെണ്‍കുട്ടിയെ ആരാധിച്ചു. ഫ്ളോറന്‍സ് സെല്കോംസ് എന്ന കാമിനി തിരഞ്ഞെടുത്തത് സ്റ്റോക്കറെ. ഒരു മകനും അവര്‍ക്കുണ്ടായി. 1878 മുതല്‍ ഹെൻറി ഇര്വിങ്ങിനോടൊപ്പം ചേര്‍ന്ന് സ്റ്റോക്കര്‍ ലണ്ടനില്‍ ലൈസിയം തീയേറ്റര്‍ നടത്തി. 1912 ഏപ്രില്‍ 20ന് സ്റ്റോക്കര്‍ അന്തരിക്കുമ്പോൾ ഡ്രാക്കുള യുടെ ലോകവിജയം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.
.jpg?$p=daee72f&w=610&q=0.8)
ചലച്ചിത്രമായതോടെയാണ് ഡ്രാക്കുളയുടെ ജനപ്രീതി വര്‍ധിച്ചത്. 1927ല്‍ നാടകരൂപത്തില്‍ ഡ്രാക്കുള അവതരിപ്പിക്കപ്പെട്ടു. 1931ല്‍ ആദ്യത്തെ ഡ്രാക്കുള ചിത്രം പുറത്തിറങ്ങി. യൂണിവേഴ്സല്‍ സ്റ്റുഡിയോ നിര്‍മിച്ച ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ സംവിധായകന് ടോഡ് ബ്രാണിങ്ങായിരുന്നു. ഹംഗറിക്കാരനായ ബെല ലൂഗോസി ഡ്രാക്കുളയായും ഹെലന് ചാന്ഡ്ലര് മീനയായും ഡേവിഡ് മാനേഴ്സ് ജൊനാഥനായും അഭിനയിച്ചു. ഇംഗ്ലീഷിലുള്ള ഈ ചിത്രം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം അതേ സ്റ്റുഡിയോ സെറ്റില്‍ സ്പെയിന്‍കാരായ നടീനടന്മാരെ വെച്ച് സ്പാനിഷ് ഭാഷയില ഡ്രാക്കുളയുടെ ചിത്രീകരണം തുടങ്ങി. 1992ല്‍ ഫ്രാന്‍സിസ് ഫോഡ് കപ്പോള സംവിധാനം ചെയ്ത 'ബ്രാം സ്റ്റോക്കേഴസ് ഡ്രാക്കുള' വരെ നൂറിലധികം സിനിമകള്‍ ഡ്രാക്കുളയെ കേന്ദ്രീകരിച്ച് പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ രക്തരക്ഷസ്സ് എന്ന പേരില്‍ കെ.വി രാമകൃഷ്ണനാണ് ഡ്രാക്കുള ആദ്യം വിവര്‍ത്തനം ചെയതത്.

ഡ്രാക്കുള എന്ന നോവല്‍ വായിച്ചിട്ടുള്ളവരാരും അതിലെ ഭൂപ്രകൃതിയുടെ വര്‍ണനകള്‍ മറക്കുകയില്ല മഞ്ഞുമൂടിയ കാര്‍പാത്യന്‍ മലനിരകളും തകര്‍ന്നുതുടങ്ങിയ കോട്ടയും എല്ലാം കണ്മുന്നില് കാണുന്നത് പോലെ നമുക്ക് അനുഭവിക്കാനാകും. ഏറ്റവും വിചിത്രമായ സംഗതിയെന്താണെന്നുവെച്ചാല്‍ ബ്രാം സ്റ്റോക്കര്‍ അവിടെ പോയിട്ടേയില്ല എന്നതാണ്. ബ്രിട്ടീഷ് മ്യൂസിയത്തിലെ പലവിധ രേഖകള്‍ പരിശോധിച്ച് അദ്ദേഹം ഭാവനയില്‍ കണ്ട കാര്‍പാത്യന്‍ മലനിരകളാണ് നോവലില്‍ ഉള്ളത്.
ഡ്രാക്കുളയ്ക്ക് മരണമില്ലല്ലോ.. 125 വര്‍ഷങ്ങള്‍ക്ക് ശേഷവും വല്ലാച്ചിയായിലെ ഡ്രാക്കുള പ്രഭുവിന്റെ പ്രേതം നമ്മെ വിട്ടൊഴിയുന്നില്ല. പുസ്തകങ്ങളിലൂടെ അവന് ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..