ജോസ് മാർട്ടി
'Do not bury me in darkness
to die like a traitor
I am good, and as a good man
I will die facing the sun.'
ജോസ് ജൂലിയൻ മാർടി പെരേസ് അഥവാ ജോസ് മാർടി. ക്യൂബൻ കവിയും തത്വചിന്തകനും ലേഖകനും മാധ്യമപ്രവർത്തകനും വിവർത്തകനും അധ്യാപകനും പ്രസാധകനുമായിരുന്ന പ്രതിഭ. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്ന്. ക്യൂബൻ രാഷ്ട്രീയത്തിലെ വിപ്ളവകാരിയായ തത്വജ്ഞാനി, രാഷ്ട്രീയ സൈദ്ധാന്തികൻ. ക്യൂബൻ വിമോചനസമരങ്ങളുടെ മുഖമുദ്രയെന്നാൽ ജോസ് മാർടിയാണ്. കൗമാരകാലം തൊട്ടേ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളെ സ്നേഹിച്ച ജോസ് മാർടി തന്റെ വിപ്ളവകവിതകളിലൂടെ ക്യൂബൻ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടെന്നായിരുന്നു. സ്പാനിഷ് സാമ്രാജ്യത്തിന്റെ കക്ഷത്തിലമർന്നുപോയ ക്യൂബ ബൗദ്ധികമായും രാഷ്ട്രീയമായും സ്വാതന്ത്ര്യമാഗ്രഹിച്ച കാലത്താണ് ജോസ് മാർടിയുടെ സജീവപ്രവർത്തനം. ക്യൂബയിൽ എന്തുനടക്കണം എന്ന് തീരുമാനിച്ചിരുന്നത് സ്പാനിഷ് അമേരിക്കക്കാരാണ് എന്നതും ജോസിനെ ക്ഷുഭിതനാക്കിയിരുന്നു. ക്യൂബൻ സ്വാതന്ത്ര്യസമരത്തിന്റെ അപ്പോസ്തലനായി അദ്ദേഹത്തെ ലോകം വാഴ്ത്തിയതും ബഹുമുഖപ്രതിഭാത്വം കൊണ്ടായിരുന്നു.
1853 ജനുവര് ഇരുപത്തിയെട്ടിനാണ് ജോസ് മാർടി ഹവാനയിലെ പൗലാ സ്ട്രീറ്റിൽ ജനിക്കുന്നത്. മാതാപിതാക്കൾ രണ്ടുപേരും സ്പാനിഷുകാരാണ്-മരയാനോ മാർടിയും ലെനോർ പെരേസ് കബ്രേറയും. മാർട്ടിക്കു ശേഷം ഏഴ് സഹോദരിമാരാണ് പിറന്നത്. ജോസ് മാർടിക്ക് നാലുവയസ്സുള്ളപ്പോൾ കുടുംബം ക്യൂബയിലേക്ക് താമസം മാറിയതാണ്. ക്യൂബയിലെ സ്കൂൾ ജീവിതത്തിനിടെ അബ്രഹാം ലിങ്കൻ വെടിയേറ്റ മരിച്ചു എന്ന വാർത്ത കേൾക്കുന്ന ജോസ് മാർടിയും സുഹൃത്തുക്കളും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത് മൗനവിലാപയാത്രയിലൂടെയാണ്. അടിമത്തം നിർത്തലാക്കിയ ഒരു മഹാമനുഷ്യൻ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വസ്തുത തികച്ചും അസ്വസ്ഥതയായിരുന്നു ജോസ് മാർട്ടിയിൽ ഉളവാക്കിയത്.
ഹവാനയിലെ ചിത്രകലാകേന്ദ്രത്തിൽ വിദ്യാർഥിയായി ചേർന്നു പഠിക്കവേ മാർടി ഒരു കാര്യം മനസ്സിലാക്കി താൻ പഠിച്ച് കാശുകാരനാവാൻ പോകുന്നില്ല,എന്നാൽ സ്വയംപ്രകാശനത്തിന് പറ്റിയത് ഇതല്ലാതെ മറ്റൊന്നുമല്ലതാനും. 1868-ൽ തന്റെ ആദ്യകവിത സുഹൃത്തായ മെന്റിവിന്റെ ഭാര്യയ്ക്കു സമർപ്പിച്ച മാർടി അധികം വൈകാതെ സാംസ്കാരിക ക്യൂബയുടെ പ്രതിരൂപമായി തീരുകയായിരുന്നു. ക്യൂബയിൽ ടെൻ ഇയേഴ്സ് ഓഫ് വാർ പുകഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. ക്യൂബൻ നാഷണലിസ്റ്റ് പ്രവർത്തകരോടൊപ്പം ജോസ് മാർട്ടിയുമുണ്ടായിരുന്നു. രാഷ്ട്രീയലേഖനങ്ങളുടെ പ്രസക്തി മാർടി മനസ്സിലാക്കുന്നത് അവിടെ വച്ചാണ്. വിവിധ പത്രങ്ങളിൽ നിരവധി ലേഖനങ്ങളെഴുതിയ മാർടി ജനപ്രിയനായത് ചുടലമായ വാഗ്ധരണികളിലൂടെയാണ്. ലേഖനങ്ങൾക്കപ്പുറത്തേക്ക്, സാധാരണക്കാരിലേക്ക് രാജ്യസ്നേഹമെത്തിക്കാൻ എളുപ്പവഴി കവിതയല്ലാതെ മറ്റൊന്നല്ല. നിരന്തരം വിപ്ളവഗാനങ്ങൾ എഴുതിക്കൊണ്ടേയിരുന്നു അദ്ദേഹം. ചെറുപ്പത്തിന്റെ ചോരത്തിളപ്പും കാല്പനികതയുടെ വിപ്ളവീര്യവും കൊണ്ട് മാർടി എഴുതിയതെല്ലാം ജനങ്ങളേറ്റുപാടി.
പതിനാറാം വയസ്സിൽ തുടങ്ങിയ പോരാട്ടം ക്യൂബയും കടന്ന് യൂറോപ്പിലെ പ്രമുഖരാഷ്ട്രങ്ങളിലെല്ലാം ശ്രദ്ധനേടി. കൊളോണിയൽ അധീശത്വത്തെ ചെറുക്കുവാൻ, വിവേചനങ്ങളെ ഇല്ലായ്മ ചെയ്യുവാൻ മാർട്ടിയുടെ കയ്യും നാവും അഹോരാത്രം പ്രവർത്തിച്ചുകൊണ്ടേയിരുന്നു. എവിടെയെല്ലാം ക്യൂബൻ ജനതയുണ്ടോ അവിടെയെല്ലാം മാർടിയുമുണ്ട് എന്നായി. സ്പാനിഷ് ഭരണകൂടത്തിന് ഇത്രയധികം തലവേദന സൃഷ്ടിച്ച മറ്റൊരു നേതാവില്ലായിരുന്നു ക്യൂബയിൽ. അതുകൊണ്ടുതന്നെ ഇല്ലായ്മ ചെയ്യൽ മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. 1895 മെയ് പത്തൊമ്പതിന് ദോസ് റിയോ യുദ്ധം-ക്യൂബയും സ്പെയിനുമായുള്ള പോരാട്ടം- മുറുകിയിരിക്കുന്ന സമയത്ത് കുതിരപ്പുറത്ത് സവാരി ചെയ്യുകയായിരുന്ന മാർടിയെ സ്പാനിഷ് സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു. മാർട്ടിയുടെ മരണശേഷം അക്ഷരാർഥത്തിൽ ക്യൂബയ്ക്ക് സമരനായകനില്ലാതായി. താൻ ഇല്ലാത്ത കാലത്ത് നടക്കാൻ പോകുന്നതിനെക്കുറിച്ച് മാർട്ടി പറഞ്ഞത് ഫലവത്തായി- സ്പെയിനിന്റെ അധീശത്വത്തെ പിടിച്ചുകെട്ടിയാലും ഭയക്കേണ്ടത് അമേരിക്കയുടെ അധിനിവേശത്തെയാണ്. രക്തസാക്ഷികൾ മരിക്കാത്ത ലോകത്ത് മറ്റൊരു രക്ഷനക്ഷത്രമായി മാർടി മാറിയിട്ട് ഇന്നേക്ക് 125 വർഷം കഴിഞ്ഞിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..