സാക് സംഗീത് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പത്തുവയസ്സേയുള്ളൂ സാക് സംഗീതിന്. ബെംഗളൂരുവിലെ ഹെഡ് സ്റ്റാര്‍ട്ട് എജ്യുക്കേഷന്‍ അക്കാദമിയിലെ അഞ്ചാംക്ലാസുകാരനാണ് ഈ മലയാളിപ്പയ്യന്‍. ലോകചരിത്രത്തെപ്പറ്റി പുസ്തകമെഴുതാന്‍ ലോകത്തെത്തന്നെ എണ്ണംപറഞ്ഞ ഇംഗ്ലീഷ് പ്രസാധകരായ ഹഷറ്റില്‍നിന്ന് കരാര്‍ ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനാണ് സാക്. WORLD HISTORY IN 3 POINTS എന്ന സാകിന്റെ പുസ്തകം അടുത്തിടെ പുറത്തിറങ്ങി. സാക് സംഗീതും കുടുംബവും സംസാരിക്കുന്നു
ഇന്ന് ലോകത്തെത്തന്നെ ഏറ്റവും പ്രായംകുറഞ്ഞ ചരിത്രകാരനാണ് എറണാകുളത്തും പാലക്കാട്ടും വേരുകളുള്ള മലയാളിപ്പയ്യന്‍ സാക്ക്. അവന്‍ അങ്ങനെയായിത്തീര്‍ന്നതിനു പിന്നില്‍ അവിശ്വസനീയമെന്നു തോന്നിക്കുന്ന ഒരു കഥയുണ്ട്. പണ്ടു പണ്ട്.. എന്ന തുടക്കത്തോടെ സാക്ക് അവന്റെ ആ കഥയിലേക്ക് കടന്നു:
'പണ്ടു പണ്ട്... അതായത് ബി.സി. 900-ത്തില്‍ അസീറിയയില്‍ ചെറിയൊരു മണ്‍പാത ഉണ്ടായിരുന്നു. ചതുപ്പുനിലമായ ആ ദുര്‍ഘടപാതയിലൂടെ വണിക്കുകള്‍ ഇടതടവില്ലാതെ കറുപ്പ് കൈമാറ്റംചെയ്തു. പേര്‍ഷ്യയില്‍ അക്കിമിനീഡ് സാമ്രാജ്യം പ്രബലമായതോടെ ആ പാത വിപുലീകരിക്കപ്പെട്ടു. അങ്ങനെ ആ ചതുപ്പുനിലം പേര്‍ഷ്യന്‍ രാജപാതയായി മാറി. മാസിഡോണിയയില്‍നിന്ന് പിന്നീട് അതേവഴിയിലൂടെ അലക്‌സാണ്ടര്‍ തന്റെ പടക്കോപ്പുകളുമായെത്തി. ആ കരുത്തില്‍ പേര്‍ഷ്യന്‍സാമ്രാജ്യം നിലംപൊത്തി. പക്ഷേ, പാത പിന്നെയും വളര്‍ന്നു. ഈജിപ്തിലേക്കും ബാബിലോണിയയിലേക്കും ഇന്ത്യയിലേക്കും അത് വ്യാപിച്ചു. ചൈനയും ബാബിലോണിയയുമായി വ്യാപാരം ശക്തമായതോടെ സില്‍ക്ക് റൂട്ട് എന്ന പേരില്‍ പാത അറിയപ്പെടാന്‍തുടങ്ങി. സമ്പന്നതയുടെ വിളനിലമായ അതേപാതയിലൂടെ അച്ചടിവിദ്യയും കരിമരുന്നും ഉള്‍പ്പെടെയുള്ള ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്തി. ഇബ്രാഹിം ലോധിയെ കീഴ്പ്പെടുത്തി ബാബര്‍ ഇന്ത്യയില്‍ മുഗള്‍സാമ്രാജ്യത്തിന് തുടക്കംകുറിച്ചതും ആ പാത ചോര്‍ത്തിനല്‍കിയ കരിമരുന്ന് എന്ന കരുത്തിന്റെ പിന്‍ബലത്തിലായിരുന്നു. പട്ടുപാത പകര്‍ന്നുകൊടുത്ത മഹാരഹസ്യം. ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതും അതേ കരുത്തില്‍. തുടര്‍ന്ന് അവരാ കപ്പല്‍പ്പാത അടച്ചു. ഇന്ത്യയിലേക്കുള്ള വഴിയടഞ്ഞു. പോര്‍ച്ചുഗീസുകാര്‍ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പിലൂടെ ബദല്‍വഴി താണ്ടി ഇന്ത്യയിലെത്തി. വൈദേശികാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ തുടക്കം അതായിരുന്നു...'
മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അസീറിയയില്‍ ഉണ്ടായിരുന്ന ഒരു ചതുപ്പുപാതയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായ തെളിവുകളോടെ സാക്ക് വിവരിക്കുകയാണ്. ചരിത്രത്തിന്റെ പലതുറകളില്‍നിന്നായി അവന്‍ കണ്ടെത്തിയ വിചിത്രബന്ധം. ചരിത്രം ഇങ്ങനെയാണ്. അതിലേക്ക് ഇറങ്ങിച്ചെന്നാല്‍ അദ്ഭുകരമായ ബന്ധങ്ങളുടെ, സാമ്യതകളുടെ പാറ്റേണുകള്‍ കാണാം. ആയിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകത്തെ വിറപ്പിച്ച ജസ്റ്റീനിയന്‍ പ്ലേഗിന്റെയും ഒരുനൂറ്റാണ്ടുമുമ്പ് പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂവിന്റെയും ഇപ്പോഴിതാ കോവിഡ് 19-ന്റെയും ഉറവിടം ചൈനതന്നെയെന്ന് തെളിയുമ്പോഴും അവര്‍ത്തിക്കപ്പെടുന്നില്ലേ ചരിത്രം? സാക്ക് ചോദിക്കുന്നു. സാകിന് പലകാലങ്ങളെ സാമ്യങ്ങളാല്‍ ബന്ധിപ്പിക്കുന്ന പാലമാണ് ചരിത്രം. ആ പത്തുവയസ്സുകാരന്‍ മുത്തശ്ശിക്കഥകളെക്കാള്‍ രസകരമായി ചരിത്രത്തെ അടരുകളായി മുന്നില്‍ നിരത്തിവെച്ചു. അവനരികിലുള്ള വെളുത്ത പുറംചട്ടയുള്ള പുസ്തകത്തില്‍ 'സാക് സംഗീത്' എന്ന പേര് നീലനിറത്തില്‍ തെളിഞ്ഞുകാണാം. പുസ്തകം ഒന്ന് തുറന്നുനോക്കി. ലോകചരിത്രത്തെ ആറ്റിക്കുറുക്കി അവനെഴുതുന്ന പരമ്പരയിലെ ആദ്യപുസ്തകം... 'വേള്‍ഡ് ഹിസ്റ്ററി ഇന്‍ ത്രീ പോയന്റ്‌സ്'. 101 അധ്യായങ്ങള്‍. ഓരോ അധ്യായത്തിലും മൂന്ന് ചെറുകുറിപ്പുകള്‍മാത്രം. കടുപ്പമേറിയ ഗ്രന്ഥങ്ങളില്‍നിന്ന് നാനോരൂപത്തിലേക്ക് ചരിത്രത്തിന്റെ രൂപമാറ്റം.
മൊണാലിസ നല്‍കിയ തുടക്കം
2017-ല്‍ അമ്മയുടെ മൊബൈല്‍ സ്‌ക്രീനില്‍ സാക്ക് കണ്ട ഒരു സെല്‍ഫിയായിരുന്നു എല്ലാത്തിന്റെയും തുടക്കം. സാകിന്റെ അച്ഛന്‍ സംഗീത് വര്‍ഗീസും അമ്മ അനുരാജന്‍ കാട്ടൂക്കാരനും ഫ്രാന്‍സിലേക്ക് ഒരുയാത്രപോയി മടങ്ങിവന്നതാണ്. പാരീസില്‍ കണ്ട കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി അമ്മ അവനെ കാണിച്ചു. കൂട്ടത്തിലൊരു സെല്‍ഫിയില്‍ അമ്മയ്ക്ക് പിന്നില്‍കണ്ട പെയിന്റിങ്ങില്‍ അവന്റെ കണ്ണുടക്കി. പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ അവന്‍ കണ്ടു ലിയനാഡോ ഡാവിഞ്ചിയുടെ ഇതിഹാസചിത്രമായ മൊണാ ലിസയെ. ഡാവിഞ്ചിയെപ്പറ്റിയും മൊണാ ലിസ എന്ന നിഗൂഢ സുന്ദരിയെപ്പറ്റിയും അമ്മ അവന് പറഞ്ഞുകൊടുത്തു. ആ പുതിയ അറിവുകള്‍ സാകില്‍ ആകാംക്ഷ ജനിപ്പിച്ചു. സാകിന്റെ അച്ഛന്‍ സംഗീത് വര്‍ഗീസ് ബെംഗളൂരുവില്‍ ഒരു യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റാണ്. ലീഡര്‍ഷിപ്പ് വിഷയമാക്കി മൂന്നുപുസ്തകങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം. ''ഞങ്ങള്‍ ഇടയ്ക്കിടെ യാത്രപോകും. സാക് ഇതിനോടകം ഇരുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഡിസ്‌നിലാന്‍ഡില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാലും അവന് അത്ര സന്തോഷമാകാറില്ല. ചരിത്രസ്മാരകങ്ങളും നിര്‍മിതികളുമൊക്കെ കാണാനാണ് ഇഷ്ടം. പാരീസിലേക്കുള്ള ആ യാത്രയില്‍ സാകിനെ ഒപ്പംകൂട്ടിയിരുന്നില്ല. മടങ്ങിവന്ന് വിശേഷങ്ങള്‍ പറയുമ്പോള്‍ അവന്‍ ഡാവിഞ്ചിയെപ്പറ്റിയും മൊണാലിസയെപ്പറ്റിയും ലൂവ്രിലെ മറ്റു കാഴ്ചകളെപ്പറ്റിയും നിര്‍ത്താതെ ചോദിച്ചുകൊണ്ടിരുന്നു. അവന്റെ താത്പര്യംകണ്ട് ഞാന്‍ അവനോട് മ്യൂസിയം സീക്രട്‌സ് എന്ന സീരീസ് കണ്ടുനോക്കാനാണ് പറഞ്ഞത്. അവിടെനിന്ന് സാക് അവന്റെ ഗവേഷണം തുടങ്ങുകയായിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ ഞങ്ങള്‍ക്കൊരു ലൈബ്രറിയുണ്ട്. അതിലെ പുസ്തകങ്ങളിലും ഇന്റര്‍നെറ്റിലും പരതി മൊണാ ലിസയെപ്പറ്റിയും ഡാവിഞ്ചിയെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍നേടി. ആ താത്പര്യം ചരിത്രത്തിന്റെ മറ്റ് ഏടുകളിലേക്ക് വഴിമാറിപ്പോവുകയായിരുന്നു...'' - സാകിനെ ചരിത്രവുമായി കൊരുത്ത ആദ്യ കണ്ണിയെപ്പറ്റി സംഗീത് വര്‍ഗീസ് വിവരിച്ചു.
ചരിത്രത്തിലേക്ക്
അമ്മയുടെ ഫോണില്‍ മൊണാലിസയെ കാണുന്നതുവരെ ഫുട്‌ബോള്‍ ആയിരുന്നു എന്റെ ലോകം. ക്ലാസ് കഴിഞ്ഞാല്‍ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പന്തുതട്ടും. പിന്നെ നേരംകിട്ടിയാല്‍ മൊബൈലില്‍ മൈന്‍ക്രാഫ്റ്റ് കളിക്കും. എനിഡ് ബ്ലൈറ്റണ്‍, റോള്‍ ദാല്‍, ഡേവിഡ് വാല്യംസ് ഇവരുടെയൊക്കെ പുസ്തകങ്ങള്‍ വായിക്കും. എന്റെ കൈയക്ഷരം നല്ലതായിരുന്നില്ല. അത് ശരിയാക്കിയെടുക്കാന്‍ ദിവസവും ഓരോ ഉപന്യാസം വീതം എഴുതാന്‍ ടീച്ചര്‍ പറഞ്ഞു. എങ്കില്‍പ്പിന്നെ എഴുതാനുള്ള വിഷയം ചരിത്രത്തില്‍നിന്നുതന്നെ എടുത്താലോ എന്നായി. സ്‌കൂളില്‍ പോകേണ്ടതുകൊണ്ട് എഴുതാനും വായിക്കാനുംകൂടിയുള്ള സമയംതികയില്ല. വായനയ്ക്കുമാത്രം ഒരുദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ വേണം. പിറ്റേന്ന് അത് എസ്സേയാക്കി എഴുതും. അങ്ങനെയായി പതിവ്. അങ്ങനെയിരിക്കുമ്പോഴാണ് കോവിഡിന്റെ വരവ്. സ്‌കൂളടച്ചു. ദിവസം മൂന്നുമണിക്കൂര്‍ ഓണ്‍ലൈന്‍ക്ലാസ്. കുറച്ച് അധികസമയം കിട്ടിത്തുടങ്ങി. അങ്ങനെ എഴുത്തിന്റെയും വായനയുടെയും വേഗംകൂടി. ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാറ്റിവെച്ചാല്‍ എഴുത്തും വായനയും ഒന്നിച്ചുനടക്കുമെന്ന നിലയിലായി. ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്രദ്ധ കുറവാണല്ലോ. പഠിക്കാനും വായിക്കാനുമൊക്കെ ഇരിക്കുമ്പോള്‍ മൊബൈലില്‍ കളിക്കാനും ടി.വി. കാണാനുമൊക്കെ തോന്നും. പക്ഷേ, അങ്ങയായായാല്‍ ശരിയാവില്ല. ഒരു ടൈംടേബിള്‍ ഉണ്ടാക്കി. എഴുതാനും വായിക്കാനും കളിക്കാനും ഒക്കെയുള്ള സമയംകണ്ടെത്തി. കുറച്ചുസമയം കൂട്ടുകാര്‍ക്കുള്ളതാണ്. അവരുടെകൂടെ ഓണ്‍ലൈനില്‍ ദിവസവും ഒരുമണിക്കൂര്‍ ഗെയിം കഴിക്കും. അവര്‍ക്കൊന്നും ചരിത്രം അത്ര ഇഷ്ടവിഷയമൊന്നുമല്ല. അതുകൊണ്ട് അവരോട് ചര്‍ച്ചചെയ്യാനായി മറ്റു പുസ്തകങ്ങള്‍ വായിച്ചു. സിനിമ കണ്ടു. ആദിത്യനും സിദ്ദറും സമിയും ഉള്‍പ്പെടെയുള്ള കൂട്ടുകാര്‍ക്ക് പുസ്തകത്തില്‍ ഞാന്‍ നന്ദിപറഞ്ഞിട്ടുണ്ട്. പുസ്തകം ഇറങ്ങിയപ്പോള്‍ അവര്‍ക്കൊരുപാട് സന്തോഷമായി...'' സാക്ക് സന്തോഷം പങ്കുവെച്ചു. ചെറിയൊരു അവധിക്കാലം കിട്ടിയപ്പോള്‍ ബെംഗളൂരുവില്‍നിന്ന് പാലക്കാട്ട് അമ്മയുടെ തറവാട്ടിലേക്ക് വന്നതാണ് അവന്‍.
ത്രീ പോയന്റ് ഫോര്‍മുല
കൈയക്ഷരം നന്നാക്കാനാണ് ചരിത്രം എഴുതിത്തുടങ്ങിയത്. എല്ലാ ദിവസവും വൈകുന്നേരം അപ്പയ്ക്കും അമ്മയ്ക്കുമൊപ്പം ഞാന്‍ നടക്കാനിറങ്ങും. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിക്കുക ഞാന്‍ എഴുതുന്ന വിഷയങ്ങളാകും. അവര്‍ അവര്‍ക്ക് അറിയാവുന്ന വിവരങ്ങളൊക്കെ പറഞ്ഞുതരും. ഞാന്‍ രസംപിടിച്ചിരുന്ന് എഴുതുന്നത് കാണുമ്പോള്‍ അപ്പയ്ക്ക് സന്തോഷമാണ്. അമ്മ എനിക്ക് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരും. എഴുതിത്തീര്‍ന്നാല്‍ ഞാനത് അപ്പയെ കാണിക്കും. തുടക്കത്തില്‍ പത്തില്‍ രണ്ടോ മൂന്നോ പോയന്റൊക്കെയേ ഡാഡി തന്നിരുന്നുള്ളൂ. പിന്നെപ്പിന്നെ പത്തില്‍ പത്തൊക്കെ കിട്ടി. ചരിത്രം ആളുകളെ മടുപ്പിക്കുന്നതിന് കാരണമുണ്ട്. ഒരു സാമ്രാജ്യത്തെപ്പറ്റിയോ വംശത്തെപ്പറ്റിയോ എന്തെങ്കിലും അറിയാന്‍ ആയിരക്കണക്കിന് പേജ് മറിച്ചുനോക്കേണ്ടിവന്നാല്‍ ആര്‍ക്കാണ് ബോറടിക്കാതിരിക്കുക. അങ്ങനെ നോക്കിയാല്‍ സയന്‍സാണ് എളുപ്പം. ഗുരുത്വാകര്‍ഷണത്തപ്പറ്റി മനസ്സിലാക്കാന്‍ ഒരു പന്തെടുത്ത് എറിഞ്ഞ് അതിന്റെ കറക്കവും വീഴ്ചയും നിരീക്ഷിച്ചാല്‍ മതിയല്ലോ. ചരിത്രത്തെയും അങ്ങനെ രസകരമാക്കണം എന്നുതോന്നി. നാനോടെക്‌നോളജിയുടെയും മൈക്രോ മെസേജിങ്ങിന്റെയും ലോകത്ത് ചരിത്രത്തെ അങ്ങനെ പകര്‍ത്താന്‍ ഒരുശ്രമം. എഴുതിയ ഉപന്യാസങ്ങളെല്ലാം ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ ആശയവിനിമയത്തിന്റെ രൂപത്തിലേക്ക് ഒന്നുമാറ്റിയാലോ എന്നൊരുതോന്നല്‍. അങ്ങനെ ഓരോ ഉപന്യാസവും മൂന്നുപോയന്റുകള്‍ വീതമായി മാറ്റിയെഴുതി. അനാവശ്യവിശദീകരണങ്ങള്‍ എല്ലാമൊഴിവാക്കി മൂന്നേ മൂന്ന് പോയന്റുകള്‍. അങ്ങനെ വായിച്ചുനോക്കിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാമെന്നായി. അപ്പോഴേക്കും എന്റെ കൈയക്ഷരവും നന്നായിരുന്നു. പിന്നെ ഞാന്‍ കൂടുതല്‍ കൂടുതല്‍ വായിച്ചു. വായിച്ചതൊക്കെയും കുറുക്കിയെഴുതി. ഓരോ അധ്യായവും മൂന്നുപോയന്റുകള്‍.
ആദ്യ പുസ്തകം
ഒരു ദിവസം ഡാഡിയുടെ ഫോണില്‍ ഒരു കോള്‍വന്നു. ഡാഡി അവിടെ ഇല്ലായിരുന്നതുകൊണ്ട് ഞാന്‍ ഫോണെടുത്തു. ഡാഡി മൂന്നുപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു ബ്രിട്ടീഷ് പ്രസാധകന്‍ ഡാഡിയുടെ പുസ്തകത്തെപ്പറ്റി സംസാരിക്കാന്‍ വിളിച്ചതാണ്. ഫോണെടുത്തത് ഞാനായിരുന്നതുകൊണ്ട് അദ്ദേഹം എന്നോട് പഠനത്തെപ്പറ്റിയും ഹോബിയെപ്പറ്റിയുമൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ എന്റെ ത്രീപോയന്റ് ഫോര്‍മുലയെപ്പറ്റി പറഞ്ഞു. അദ്ദേഹത്തിന് താത്പര്യം തോന്നി. എഴുതിയതത്രയും അയച്ചുകൊടുക്കാന്‍ പറഞ്ഞു. ഡാഡിയോട് പറഞ്ഞിട്ട് ഞാന്‍ അതൊക്കെ മെയില്‍ചെയ്തു. വായിച്ചുനോക്കി അദ്ദേഹം എന്നെ അഭിനന്ദിച്ചു. പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. അതിന്റെ ഭാഗമായി രണ്ടുമണിക്കൂറോളം അദ്ദേഹം എന്നെ ഇന്റര്‍വ്യൂചെയ്തു. പക്ഷേ, അവരുടെ ഭാഗത്തുനിന്ന് ചെറിയൊരു കാലതാമസം വരുമെന്നായപ്പോള്‍ ഡാഡി ചോദിച്ചു: ''നമുക്കിത് ഹാര്‍പ്പര്‍ കോളിന്‍സോ ഹാഷെറ്റോ പോലെയുള്ള ഇന്റര്‍നാഷണല്‍ പ്രസാധകര്‍ക്ക് ഒന്ന് കൊടുത്തുനോക്കിയാലോ'' എന്ന്. വലിയ പ്രസാധകരല്ലേ. എനിക്കും താത്പര്യംതോന്നി. ഞങ്ങള്‍ മെയില്‍ചെയ്ത അന്നുതന്നെ ഹാര്‍പ്പര്‍ കോളിന്‍സും ഹാഷെറ്റും പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നറിയിച്ച് മറുപടി തന്നു. അങ്ങനെ ഹാഷെറ്റുമായി കരാറൊപ്പിട്ടു. മൂന്നുപുസ്തകങ്ങള്‍ എഴുതാനുള്ള കരാര്‍. ഒരുലക്ഷംരൂപ അഡ്വാന്‍സ് ലഭിച്ചു. എഴുത്തിലൂടെ വരുമാനം. ഈ വര്‍ഷം തുടക്കത്തില്‍ ആദ്യപുസ്തകം പുറത്തിറങ്ങി. ഒരുപാടുപേര് വിളിച്ച് അഭിനന്ദിച്ചു. ലീഡ് ഇന്ത്യ, വേള്‍ഡ് ഇക്കണോമിക് ഫോറം തുടങ്ങിയവയുടെ ഭാഗമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു...
എഴുത്തിന്റെ ക്രമം
കുട്ടികള്‍ക്ക് വായന കുറയുന്നു, മൊബൈല്‍ അഡിക്ഷന്‍ കൂടുന്നു, എന്നൊക്കെയാണ് പുതിയകാലത്ത് രക്ഷിതാക്കളുടെ പ്രധാന പരാതി. സാകും പുതിയ തലമുറയിലെ കുട്ടികളുടെ പ്രതിനിധിതന്നെയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ''അവന് ഒരു ലക്ഷ്യമുണ്ടായി. അതിനുവേണ്ടി അവന്‍ സമയംക്രമപ്പെടുത്തി. അതിനനുസരിച്ച് ദിവസങ്ങള്‍ ചിട്ടപ്പെടുത്തി. അങ്ങനെ അവന്‍ ലക്ഷ്യത്തിലെത്തി. കളിപ്പാട്ടങ്ങളും ഗെയിമുകളും ഒക്കെ ഇഷ്ടമാണ് അവന്. മലയാളം സിനിമകള്‍ കാണും. ദൃശ്യം ആണ് അവന്റെ പ്രിയസിനിമ. ഐ.ജി.സി.എസ്. ഇ. കേംബ്രിജ് സിലബസാണ് അവന്റെ സ്‌കൂളില്‍. എട്ടാംക്ലാസുവരെ പരീക്ഷകളില്ല. മുഴുവന്‍സമയം ഫുട്‌ബോള്‍ കളിച്ചുനടക്കുന്ന കുട്ടികളുണ്ട് അവിടെ. അവരുടെ അഭിരുചി അതാണെങ്കില്‍ ആ വഴിക്കുവിടും. സാകിന്റെ അഭിരുചി ഇതാണെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ അവനെ ആ വഴിക്ക് വിട്ടു. കണക്കിന് മെച്ചപ്പെടണം, ഇന്ന വിഷയത്തില്‍ ശ്രദ്ധിക്കണം എന്നൊന്നും ഞങ്ങള്‍ അവനോടുപറയാറില്ല.'' -അമ്മ അവന്റെ അഭിരുചികളെപ്പറ്റി സംസാരിച്ചു.

'സാക് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അവനെ സ്‌കൂളില്‍വിടാന്‍ പോകുന്നത് ഞാനായിരുന്നു. അന്ന് കാറിലിരുന്ന് ഞാന്‍ അവന് ബൈബിളിലെയും മഹാഭാരതത്തിലെയുമൊക്കെ കഥകള്‍ പറഞ്ഞുകൊടുക്കും. അവന്‍ കഥാപാത്രങ്ങളെ കാലഘട്ടത്തിന്റെ ക്രമത്തിലാണ് ഓര്‍ത്തുവെക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ബൈബിളിലെ പ്രവാചകന്മാരുടെ പേരുകളെല്ലാം മൂന്നാംവയസ്സില്‍ അവനങ്ങനെ ഓര്‍ത്തുപറയുമായിരുന്നു. ചരിത്രത്തിലേക്ക് തിരിഞ്ഞപ്പോഴും ഒരുക്രമത്തില്‍ സംഭവങ്ങളെ ബന്ധപ്പെടുത്തി ഓര്‍ത്തുവെക്കുന്ന രീതി അവന്‍ പിന്തുടര്‍ന്നു. അസീറിയയിലെ മൂവായിരം വര്‍ഷം പഴക്കമുള്ള മണ്‍പാതയെ ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവുമായി അവന്‍ ബന്ധപ്പെടുത്തിയത് അങ്ങനെയുള്ള ചിന്തയിലൂടെയാണ്. ഗ്രീസില്‍ ഉദയംകൊണ്ട ജനാധിപത്യം എന്ന ആശയം സ്ത്രീകളെ വെറും ബിംബങ്ങളാക്കി മാറ്റി മുഖ്യധാരയില്‍നിന്ന് അകറ്റിയതായൊരു കണ്ടെത്തലും അവന്റേതായുണ്ട്. മൂന്നാമത്തെ പുസ്തകത്തില്‍ സാക് ഇത്തരം അദ്ഭുതകരമായ ചരിത്രസമാനതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് '' - എഴുത്തിലേക്ക് മകന്‍ ചിന്തയെ പരുവപ്പെടുത്തുന്നവിധം സംഗീത് വ്യക്തമാക്കി.
ഇതിവൃത്തം
പുരാതന ഈജിപ്ത്മുതല്‍ ഇംപീരിയല്‍ ചൈനവരെയുള്ള സാമ്രാജ്യങ്ങള്‍, ചാണക്യന്‍മുതല്‍ മാക്‌സ്വെബര്‍വരെയുള്ള ചിന്തകര്‍, അലക്‌സാണ്ടര്‍മുതല്‍ അശോകന്‍വരെയുള്ള ചക്രവര്‍ത്തിമാര്‍, കുരിശുയുദ്ധംമുതല്‍ ഇറാനിയന്‍ വിപ്ലവം വരെയുള്ള സംഭവവവികാസങ്ങള്‍ തുടങ്ങിയവയൊക്കെ വിവരിക്കുന്ന 101 അധ്യായങ്ങളാണ് സാകിന്റെ പുസ്തകപരമ്പരയില്‍ ആദ്യത്തേതിന്റെ ഉള്ളടക്കം. മൂന്നുപുസ്തകങ്ങള്‍ മൂന്ന് ചെറുകുറിപ്പുകള്‍വീതം ഉള്‍പ്പെടുത്തിയ മുന്നൂറോളം അധ്യായങ്ങള്‍. സാക് ലോകചരിത്രത്തെ ക്യാപ്‌സ്യൂളുകളാക്കുകയാണ്. പ്രാചീന നാഗരികതയും സാമ്രാജ്യങ്ങളുടെ പതനവും മഹാമാരികളുടെ കടന്നുവരവുകളും ഇരുണ്ടയുഗവും നവോത്ഥാനവും ഒക്കെയും മൂന്നേമൂന്ന് പോയന്റുകളില്‍ വിവരിക്കുന്നു. അറിവിലേക്കുള്ള ഇന്‍ര്‍നെറ്റ് ലിങ്കുകള്‍പോലെ ചുരുങ്ങിയ വാക്കുകളില്‍ ചരിത്രത്തിന്റെ സാരാംശത്തെ അടുത്തറിയാനാകുന്നവിധത്തില്‍ വായിച്ചുനേടിയ അറിവുകളെ ആവിഷ്‌കരിച്ചിരിക്കുന്നു ഈ അഞ്ചാംക്ലാസുകാരന്‍.
Content Highlights: 10 yr old historian Zac Sangeeth 3 points: World History
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..