പ്രണവ് മോഹൻലാൽ/ ഫോട്ടോ:ശ്രീകേഷ് എസ്.
ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് എന്ന് ഒ.വി.വിജയന്‍ എഴുതിയത് പോലെയാണ്. പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്, വിനീത് ശ്രീനിവാസന്റെ മനസ്സിലോ മസ്തിഷ്‌കത്തിലോ 'ഹൃദയം' എന്ന സിനിമയുടെ ആശയം പിറക്കുന്നതിനും മുമ്പ്. ജയ്പൂരിലെ സാഹിത്യോത്സവം കാണാന്‍ പ്രണവുമൊത്ത് ഒരു യാത്ര പോയി. ജീവിതം യാത്രപോലെയും യാത്ര ജീവിതം പോലെയുമാണ്. ഒപ്പം സഞ്ചരിക്കുന്നവരെ മനസ്സിലാക്കാന്‍ അത് അവസരം നല്‍കുന്നു. പ്രണവ് എന്ന യുവാവ് എനിക്ക് മുന്നില്‍ വെളിപ്പെട്ടത് അങ്ങിനെയാണ്,ഒരു യാത്രക്കിടയില്‍.
അച്ഛന്‍ മോഹന്‍ലാലിന്റെ ചുറ്റുവട്ടങ്ങളില്‍ അയാളെ മുമ്പ് കണ്ട് പരിചയമുണ്ടായിരുന്നു. കൈ രണ്ടും പിറകില്‍ കെട്ടി, വളരെ കുറച്ച് മാത്രം സംസാരിച്ച്, നക്ഷത്രത്തെപ്പോലെ ചിരിച്ച് ഒരു യുവാവ്. കണ്ടപ്പോഴെല്ലാം അയാളുടെ കയ്യില്‍ ഏതെങ്കിലും പുസ്തകം ഉണ്ടായിരുന്നു. പര്‍വ്വതങ്ങളിലേയ്ക്കും പാറക്കൂട്ടങ്ങള്‍ക്കിടയിലേക്കുമുള്ള യാത്രകള്‍ക്കിടയില്‍ സകലഗുലാബികളും കുത്തിനിറയ്ക്കുന്ന ബാക്ക്പാക്കില്‍ തിരുകിവെച്ച് ആ പുസ്തകങ്ങളുടെ ചട്ടകള്‍ മിക്കപ്പോഴും ഒടിഞ്ഞിരിക്കും;എവിടെയൊക്കെയോ ഇരുന്ന് വായിച്ച് താളുകള്‍ ചുളിഞ്ഞിരിക്കും. ഒരിക്കല്‍ കൂറ്റനാടുള്ള ഗുരുകൃപ എന്ന ആയുര്‍വ്വേദ ആശുപത്രിയില്‍വച്ച് അച്ഛനോടൊപ്പം കണ്ടപ്പോള്‍ അയാളുടെ കിടക്കയില്‍ പാതിവായിച്ച് മടക്കിവച്ച രീതിയില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ 'commentaries on Living' എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യം ഉണ്ടായിരുന്നു- ആ പ്രായത്തിലുള്ള എത്ര മലയാളി യുവാക്കള്‍ അത് വായിച്ചിട്ടുണ്ട് എന്നെനിക്കറിയില്ല. വായിച്ചുതീര്‍ന്ന ഒന്നാം വാല്യം തൊട്ടപ്പുറത്ത് കിടന്നിരുന്നു. മൂന്നാം ഭാഗം വാങ്ങാന്‍ കൊച്ചിയിലേക്ക് പോകണം എന്നും പറഞ്ഞു. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ യു.ജി.കൃഷ്ണമൂര്‍ത്തിയുടെ തത്വചിന്താപുസ്തകമാണ് വായിക്കുന്നത് എന്ന് പറഞ്ഞു. പള്‍പ് നോവലുകള്‍ ഈ യുവാവിന്റെ കയ്യില്‍ അധികം കണ്ടിട്ടേയില്ല.
ജയ്പൂരിലെ സാഹിത്യോത്സവത്തില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ചഭക്ഷണം കൂടിവേണമെങ്കില്‍ പതിനയ്യായിരം രൂപ കൂടിക്കൊടുക്കണം. സാഹിത്യോത്സവം പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ എനിയ്ക്ക് പ്രത്യേക മീഡിയ പാസ്സുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനായി പതിനയ്യായിരം കൂടിക്കൊടുത്ത് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രണവ് പറഞ്ഞു: 'വേണ്ട,ഞാന്‍ പുറത്ത് എവിടെ നിന്നെങ്കിലും കഴിച്ചോളാം.'
മുംബൈ വിമാനത്താവളത്തിലെ ബോര്‍ഡിങ്ങ് ഏരിയയില്‍വച്ച് പ്രണവ് എനിക്കും മാതൃഭൂമി ബുക്‌സ് ഡെപ്യൂട്ടി മാനേജരായ എം.സിദ്ധാര്‍ത്ഥനുമൊപ്പം ചേര്‍ന്നു. ഒരു ബാക്ക് പാക്കും പച്ച നിറത്തിലുള്ള ബനിയനും. ജയ്പൂരില്‍ ഞങ്ങള്‍ ഒരു മുറിയില്‍ ചേക്കേറി. ഓരോ ദിവസത്തിനും പ്രത്യേകം പ്രത്യേകം അലക്കിത്തേച്ച് വൃത്തിയായി മടക്കിയ വസ്ത്രങ്ങള്‍ നിറച്ച എന്റെ വലിയ പെട്ടി ഞാന്‍ അലമാരയ്ക്കകത്തേയ്ക്ക് കയറ്റിവെച്ചു. മൂന്നോ നാലോ ജോടി വസ്ത്രങ്ങള്‍ മാത്രം നിറച്ച തന്റെ ബാഗ് പ്രണവ് കട്ടിലിനടിയിലേക്ക് തള്ളി.Less Luggage More Comfort എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. എന്റെ സുഹൃത്തും വിപുലമായി ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ളയാളുമായ വി.വി.പത്മനാഭനും ജയ്പൂരില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
അക്രഡിറ്റേഷന്‍ ബാഡ്ജും മറ്റും വാങ്ങി സാഹിത്യോത്സവവേദിയില്‍ നിന്നും ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേയ്ക്കും രാത്രിയായിരുന്നു. നല്ല യാത്രാക്ഷീണവുമുണ്ടായിരുന്നതിനാല്‍ എന്തെങ്കിലും കഴിച്ച് വേഗം കിടക്കാന്‍ തീരുമാനിച്ചു. താമസിക്കുന്ന ലോഡ്ജിന് തൊട്ടപ്പുറത്തുള്ള ഒരു ഹോട്ടലില്‍ക്കയറി എന്തോ കഴിച്ചു. മാതൃഭൂമി ഓണ്‍ലൈനിന് വേണ്ടി സാഹിത്യോത്സവത്തിന്റെ ഡയറി എഴുതേണ്ടതിനാല്‍ പ്രണവിനോട് കിടന്നോളാന്‍ പറഞ്ഞ് ഞാന്‍ ലാപ്‌ടോപ്പിന് മുന്നിലിരുന്നു. അയാള്‍ കിടന്ന കിടപ്പില്‍ ഉറങ്ങിപ്പോയി. യൗവ്വനത്തിന്റെ ഭാഗമായ നിരന്തര ഫോണ്‍സംഭാഷണങ്ങളില്ല; സോഷ്യല്‍ മീഡിയയിലൂടെയുള്ള രാപ്പാച്ചിലുകളില്ല.'സുഹൃത്തേ,ഞാന്‍ നിങ്ങളുടെ ലോകത്തുള്ളയാളല്ല' എന്ന് അയാള്‍ ഉറങ്ങിക്കൊണ്ട് നിശ്ശബ്ദം പറയുകയാണ് എന്ന് എനിക്ക് തോന്നി.
രാത്രി കിടക്കാന്‍ വൈകിയതുകൊണ്ട്് രാവിലെ ഞാനുണരാനും വൈകി. കണ്ണുതുറക്കുമ്പോള്‍,കുളിച്ച് സ്വെറ്ററുപൊലുള്ള ഒരു ബനിയനുമിട്ട് പ്രണവ് ജാലകത്തിനരികില്‍ പുലര്‍വെയില്‍ വീഴുന്ന സ്ഥലത്തിരിക്കുന്നു.
'വേഗം പോവാം' അയാള്‍ പറഞ്ഞു.
'എന്തുപറ്റി?' ഞാന്‍ ചോദിച്ചു
'മോണിങ്ങ് മ്യൂസിക് നന്നായിരിക്കും,കേള്‍ക്കാം.'
സാഹിത്യോത്സവം നടക്കുന്ന ഡിഗ്ഗി പാലസിലേയ്ക്ക് നടക്കുമ്പോഴേയ്ക്കും പകല്‍വെയിലിന് ചൂട് പിടിച്ചുതുടങ്ങിയിരുന്നു. എഴുത്തുകാരും ചിന്തകരും ആസ്വാദകരും ഇരമ്പുന്ന ഡിഗ്ഗി പാലസിലെ സാഹിത്യോത്സവ മുറ്റത്തേയ്ക്ക് കടന്നപ്പോള്‍ പ്രണവ് പറഞ്ഞു:'ചേട്ടന്‍ ചേട്ടന്റെ ജോലി ചെയ്‌തോ. നമുക്ക് വൈകുന്നേരം കാണാം.' ഒരു നോട്ട് പുസ്തകവും എഴുത്തുപകരണങ്ങള്‍ നിറച്ച കുഞ്ഞുബാഗും പുറത്തുതൂക്കി ആ യുവാവ് ആള്‍ക്കൂട്ടത്തില്‍ മറയുന്നത് ഞാന്‍ നോക്കിനിന്നു.
ആറ് വേദികളിലായാണ് സാഹിത്യോത്സവം നടക്കുന്നത്. ആദ്യപകലില്‍ ഏതൊക്കെയോ സദസ്സുകളില്‍ എവിടെയൊക്കെയോ പ്രണവിനെക്കണ്ടു. കയ്യിലെ നോട്ടുപുസ്തകത്തില്‍ ഇടതുകൈകൊണ്ട് എന്തൊക്കെയോ എഴുതിയെടുക്കുന്നു. ഉച്ചയ്ക്ക്,വിശേഷപ്പെട്ട അതിഥികള്‍ക്കൊപ്പം റെഡ് വൈനും വ്യത്യസ്തമായ ഭക്ഷണവും കഴിക്കുമ്പോള്‍ ഞാന്‍ പ്രണവിനെക്കുറിച്ചോര്‍ത്തു:അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും?എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ?
ആദ്യദിവസത്തെ പരിപാടികളെല്ലാം കഴിഞ്ഞ് ഡിഗ്ഗി പാലസിന് പുറത്ത് കടക്കുമ്പോഴേയ്ക്കും ഇരുട്ട് വീണിരുന്നു. പുറത്തേക്കൊഴുകുന്ന സംഘങ്ങളിലൊന്നും പ്രണവിനെ കണ്ടില്ല. കാത്തുനിന്ന് മടുത്തപ്പോള്‍ ഞാന്‍ ഫോണില്‍ വിളിച്ചു. ആദ്യത്തെ രണ്ട് റിങ്ങിലും എടുത്തില്ല. മൂന്നാമത്തെ റിങ്ങില്‍ ഫോണെടുത്തിട്ട് പറഞ്ഞു: 'ചേട്ടന്‍ നേരെ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള ഫുട്പാത്തിലൂടെ വാ. ഞാനിവിടെയുണ്ട്. 'തെരുവ് വിളക്കിന്റെ പ്രകാശം അധികം വീഴാത്ത ആ ഫുട്പാത്തിലൂടെ ഞാനും സിദ്ധാര്‍ത്ഥനും തപ്പിത്തപ്പി നടന്നു. അപ്പോള്‍,പിറകില്‍ ഇത്തരിവെട്ടം വീഴുന്ന സ്ഥലത്തുനിന്നും ഒരു കൈ ഉയരുന്നു,പിറകേ ഒരു ശബ്ദവും:'ചേട്ടാ ഞാനിവിടെയുണ്ട്.'
.jpg?$p=7505fce&&q=0.8)
ഫുട്പാത്തില്‍ ഒരു പീഞ്ഞപ്പെട്ടിയ്ക്ക് മുകളില്‍ കുനിഞ്ഞിരുന്ന് മുടിവെട്ടുകയായിരുന്നു കക്ഷി. എത്ര എളുപ്പം!എത്ര അനായാസകരമായ ഓപ്പണ്‍ എയര്‍ ക്ഷൗരം!മുടിവെട്ടിയെഴുനേറ്റപ്പോള്‍ അയാള്‍ പറഞ്ഞു:'നമുക്ക് ഒരു സ്ഥലം വരെ പോകാം. നല്ല ബ്രഡ്ഡും ഓംലെറ്റും കിട്ടും. വാ'
പതിനഞ്ച് മിനിട്ട് നടന്നപ്പോള്‍ ഞങ്ങള്‍ തുറസ്സായ ഒരു സ്ഥലത്തെത്തി. അവിടെ ഒരു ഉന്തുവണ്ടിയില്‍ പെട്രേമാക്‌സിന്റെ വെളിച്ചത്തില്‍ ഒരാള്‍ ബ്രഡ്ഡ് ഓം ലെറ്റ് വില്‍ക്കുന്നു.
'ഉച്ചയ്ക്ക് ഞാന്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചത്. നല്ല ടേസ്റ്റ്.'
'ഈ എണ്ണയൊക്കെ നന്നാവുമോ?...'പൊതുവേ സെന്‍സിറ്റീവ് വയറുകാരനായ ഞാന്‍ ചോദിച്ചു.
'ഒരു കുഴപ്പവുമില്ല'പ്രണവ് ആ രുചിയ്ക്ക് ഗ്യാരണ്ടി പറഞ്ഞു. എന്നിട്ടും ഞാന്‍ പേടിച്ച് കഴിച്ചില്ല.
തിരിച്ച് മുറിയിലേക്ക് നടക്കുമ്പോള്‍ പ്രണവ് പറഞ്ഞു: 'രാത്രി ഭക്ഷണത്തിന് നമുക്ക് വലിയ ഹോട്ടലിലൊന്നും പോവേണ്ട. താമസിക്കുന്നതിന്റെ തൊട്ടടുത്തുതന്നെ നല്ലൊരു ധാബ ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്.' 'വേദിയില്‍നിന്നും വേദിയിലേക്ക് ഒരു പെന്നും നോട്ടുപുസ്തകവുമായി ഓടുന്നതിനിടയില്‍ നീയിതൊക്കെ എങ്ങിനെ കണ്ടുപിടിച്ചെടാ' എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി ആ നക്ഷത്രച്ചിരി. പ്രണവ് പറഞ്ഞത് ശരിയായിരുന്നു. നല്ല ചൂട് ഭക്ഷണം; മിതമായ ബില്‍. കാറ്റും വെളിച്ചവും ധാരാളമുള്ള റോഡരികിലെ ഇരിപ്പിടം. ഇന്ത്യന്‍ യാത്രകളില്‍ ഭക്ഷണത്തിനായി ഹോട്ടലുകളില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ആ അനുഭവമാണ് എന്നെ പ്രേരിപ്പിച്ചത്. കോട്ടും സൂട്ടുമിട്ട പരിചാരകരുടെ പത്രാസില്ല എന്നേയുള്ളൂ. ആ കുറവ് രുചി മറികടക്കും.
കഴിച്ചുകഴിഞ്ഞതിന് ശേഷം പ്രണവ് അല്‍പ്പം ഭക്ഷണം പാര്‍സലായി വാങ്ങുന്നത് കണ്ടു. രാത്രി വിശന്നാല്‍ കഴിക്കാനായിരിക്കും എന്ന് കരുതി ഞാന്‍ ചോദിച്ചില്ല. ഫുട്പാത്തിലൂടെ നടന്നുനടന്ന് ഞങ്ങള്‍ ഹോട്ടലിലേക്ക് മുന്നേറിയപ്പോള്‍ പ്രണവിന്റെ കയ്യില്‍ ആ ഭക്ഷണസഞ്ചിയില്ലായിരുന്നു. ധാബയില്‍നിന്നും ഭക്ഷണം എടുത്തില്ലേ എന്ന്് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:'ഞാനത് വഴിയോരത്ത് ഉറങ്ങുന്ന ഒരാളിന്റെ മുന്നില്‍ വച്ചു.'
പിന്നീട്, ഒരുമിച്ചുള്ള എല്ലാ രാത്രികളിലും ഞാനീ പതിവിന് സാക്ഷിയായി. ആലംബമില്ലാതെ വഴിയോരത്ത് പട്ടിണികിടന്നുറങ്ങുന്ന ആര്‍ക്കൊക്കെയോ അവര്‍ പോലുമറിയാതെ ഒരു നേരത്തെ ഭക്ഷണം. ഏതെങ്കിലും സമയത്ത് അവര്‍ ഉണരുമ്പോള്‍ കണ്‍നിറയെ ഭക്ഷണം. ആര് തന്നു എന്നറിയില്ല. തന്ന അജ്ഞാതനെയോര്‍ത്ത് കണ്ണീരോടെ അവരത് കഴിക്കുമായിരിക്കാം. അവരുടെ പ്രതികരണത്തിന് പോലും കാത്തുനില്‍ക്കാതെ നിസ്സംഗനായ ഒരു അന്നദാതാവ്.
മനുഷ്യനെക്കുറിച്ചും അവരുടെ പതിതാവസ്ഥകളെക്കുറിച്ചും യാത്രാക്കുറിപ്പുകളില്‍ കുറേയധികം എഴുതിക്കൂട്ടിയ ഞാന്‍ ഇതുവരെ ഒരാള്‍ക്ക് ഇങ്ങിനെ ഭക്ഷണം വാങ്ങിക്കൊടുത്തിട്ടില്ല. അഥവാ അങ്ങിനെ കൊടുത്തിട്ടുണ്ടെങ്കില്‍ത്തന്നെ അത് എഴുതി നാലാളെ അറിയിക്കുന്ന അല്‍പ്പത്വത്തിലേയ്ക്ക് ഞാന്‍ അതിവേഗം വഴുതി വീണുപോവുമായിരുന്നു. എഴുത്തും പ്രവൃത്തിയും തമ്മില്‍ എത്രയോ എത്രയോ കാതം അകലമുണ്ട് എന്നെനിക്ക് മനസ്സിലായി. എഴുതുന്നവര്‍ പ്രവര്‍ത്തിക്കുന്നില്ല; പ്രവര്‍ത്തിക്കുന്നവരോ അത് കൊട്ടിഘോഷിക്കുന്നുമില്ല.
രാത്രി കിടക്കുമ്പോള്‍ പ്രണവ് അക്കാലത്തെ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പറഞ്ഞു. യാത്രയ്ക്കിടയില്‍ താനെടുത്ത ഫോട്ടാകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. ആ ഫോട്ടോകള്‍ പുസ്തകമാക്കണമെന്നും അയാള്‍ മോഹിച്ചു. അസാധാരണമായ ഭംഗിയും നിറക്കൂട്ടുകളും ചേര്‍ന്നതായിരുന്നു ആ ഫോട്ടോകള്‍. (അതൊക്കെയിപ്പോള്‍ എവിടെയാണോ ആവോ!) കവിതകള്‍ എഴുതാറുണ്ടെന്നും തനിക്കത് പ്രസിദ്ധീകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു. മോശമായ ഒരു കാര്യംപോലും അയാള്‍ പറഞ്ഞില്ല. സംസാരിക്കുന്നതിനേക്കാള്‍
അയാള്‍ക്ക് കേള്‍ക്കാനായിരുന്നു താല്‍പ്പര്യം. ദീര്‍ഘസമയ മൊബൈല്‍ സംഭാഷണം അയാളില്‍ ഞാന്‍ കണ്ടതേയില്ല,ഒന്നോ രണ്ടോ മിനിട്ടുമാത്രം പരമാവധി, matter of fact. ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ അയാള്‍ക്കുള്ളതായി തോന്നിയില്ല. പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന നിസ്സംഗ യാത്രികന്റെ ഭാവമായിരുന്നു കൂടുതല്‍. തന്നെപ്പറ്റി സംസാരിക്കുമ്പോള്‍ ഒന്നിനോടും അയാള്‍ ഒട്ടിയില്ല; ഒന്നില്‍നിന്നും ഏറെ ദൂരെയുമല്ലായിരുന്നു. വര്‍ത്തമാനകാല രാഷ്ട്രീയത്തിലും ഉപരിപ്ലവമായ ലോകവ്യവഹാരങ്ങളിലും അയാള്‍ക്ക് താല്‍പ്പര്യമേയില്ലായിരുന്നു. ആഴങ്ങളിലായിരുന്നു അയാളുടെ സത്ത സ്പന്ദിച്ചിരുന്നത്.
സാഹിത്യോത്സവം നാലാം നാളിലേയ്ക്ക് കടന്നപ്പോള്‍ പ്രണവ് പറഞ്ഞു:'രാജസ്ഥാന്‍ എംപോറിയത്തില്‍പ്പോയി ഒരു ഷര്‍ട്ട് വാങ്ങിവരാം. കൊണ്ടുവന്നതെല്ലാം തീര്‍ന്നു'-ഇത്രയേ ആവശ്യമുള്ളൂ യാത്രയില്‍,അലക്കിത്തേച്ച് കൃത്യമായി പെട്ടിയില്‍ ചുമന്ന് കൊണ്ടുവരേണ്ടതില്ല എന്ന് ധ്വനിപ്പിക്കുകയായിരുന്നോ അയാള്‍?ഒരു ലോക്കല്‍ ജുബ്ബ വാങ്ങി ഞങ്ങള്‍ മടങ്ങി.
സാഹിത്യോത്സവത്തില്‍ സാധാരണ ആളുകള്‍ കാണുന്ന പോപ്പുലര്‍ ഡിബേറ്റിങ്ങ് സെഷനുകളിലൊന്നും പ്രണവിന് താല്‍പ്പര്യമില്ലായിരുന്നു. ചരിത്രം,നരവംശശാസ്ത്രം,ബോര്‍ഡ് ഗെയിം തുടങ്ങി ബൗദ്ധികമായി ഏറെ ആഴങ്ങളുള്ള സംവാദങ്ങളുടെ സാകൂതശ്രോതാവായിരുന്നു അയാള്‍. അവയെക്കുറിച്ചുള്ള നോട്ടുകള്‍കൊണ്ട് ആ ഡയറി നിറഞ്ഞു. ബോളിവുഡ് സംവിധായകനായ കരണ്‍ജോഹറിന്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പ്രണവ് എന്നെ നോക്കി സഹതാപത്തോടെ ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിയ്ക്കും അയാള്‍ക്കും മാത്രം മനസ്സിലായി.
സാഹിത്യോത്സവത്തിന്റെ അവസാനദിവസം വൈകുന്നേരം ഡിഗ്ഗി പാലസിന്റെ മുറ്റത്ത് ഇളംമഞ്ഞപ്പതിറ്റടിവെയിലില്‍ക്കുളിച്ച് എല്ലാവരും സ്‌നേഹോപഹാരം ചൊല്ലിപ്പിരിയുകയായിരുന്നു. അടുത്തവര്‍ഷം കാണാം എന്ന് പറഞ്ഞ് ആലിംഗനബദ്ധരാവുന്നവര്‍ നിരവധി. അവയില്‍നിന്നെല്ലാം മാറി,ഒരു മരച്ചുവട്ടില്‍ പ്രണവ് നില്‍ക്കുന്നത് ഞാന്‍ കണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സന്തതസഹചാരിയായിരുന്ന ബാഗ് പുറത്ത് കണ്ടില്ല.
'ബാഗെവിടെ?'ഞാന്‍ ചോദിച്ചു
'ആരോ അടിച്ചുകൊണ്ടുപോയി' അയാള്‍ നിസ്സാരമായിപ്പറഞ്ഞു.
'എങ്ങിനെ?'
'ബാഗ് പിറകില്‍വച്ച് ഞാനാ പുല്‍ത്തകിടിയില്‍ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ബാഗില്ല'-പ്രണവ് പറഞ്ഞു
.
.jpg?$p=8b03612&&q=0.8)
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി അയാള്‍ ശേഖരിച്ച കുറിപ്പുകള്‍ മലവെള്ളംപോലെ എന്റെ മനസ്സിലേക്ക് പ്രവഹിച്ചു. അതിനെ കളവിന്റെ കറുത്ത തിര കവര്‍ന്നിരിക്കുന്നു.
'ഇനിയെന്ത് ചെയ്യും?'-ഞാന്‍ ആശങ്കയോടെ ചോദിച്ചു.
'ഇനി ബാഗില്ലാതെ ജീവിയ്ക്കാം'നിസ്സാരമായിരുന്നു മറുപടി. ആ മറുപടിയില്‍ പ്രണവ് മോഹന്‍ലാല്‍ എന്ന യുവാവിന്റെ ജീവിതദര്‍ശനം അടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു-അന്നും ഇന്നും അത് അങ്ങിനെതന്നെയാണെന്നും.
അഞ്ചാം ദിവസം രാത്രി ഞങ്ങള്‍ ജയ്പൂരില്‍നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള ഏതോ ട്രെയിനില്‍ക്കയറി. ശരീരത്തില്‍ കത്തികൊണ്ട് വരയുന്നതുപോലുള്ള ശൈത്യം. മുകള്‍ബര്‍ത്തില്‍ തന്റെ രോമക്കുപ്പായത്തില്‍ സ്വയം പൊതിഞ്ഞ് പ്രണവ് ഉറങ്ങി,ചെന്നൈ കടപ്പുറത്തെ വീട്ടില്‍ ഉറങ്ങുന്ന അതേ ലാഘവത്തോടെ.
പുലര്‍ച്ചെ ഡല്‍ഹിയില്‍ ഇറങ്ങുമ്പോള്‍ തണുപ്പ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു. പഹാര്‍ഗഞ്ചിലെ ഒരു ഇടത്തരം ഹോട്ടലില്‍ രണ്ടുപേര്‍ക്ക് കഷ്ടിച്ച് കിടക്കാവുന്ന ഒരു മുറിയാണ് ഞങ്ങള്‍ മൂന്നുപേര്‍ക്കുമായി ലഭിച്ചത്. പരസ്പരം ചൂട് പകര്‍ന്ന് ഞങ്ങളതില്‍ ചേര്‍ന്നുകിടന്നു. പിറ്റേന്ന് ഉച്ചയോടെ പ്രണവ് പറഞ്ഞു:
'ഞാന്‍ ബാംഗ്ലൂരിലേയ്ക്ക് പോവുന്നു.'
'എന്നിട്ട്?' ഞാന്‍ ചോദിച്ചു
'അവിടെ നിന്ന് ഹംപിയിലേക്ക് പോവും. കുറേദിവസമായി റോക്ക് ക്ലൈംബിങ്ങ് നടത്തിയിട്ട്.'
ഡല്‍ഹി വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഏരിയയിലേക്ക് നടന്നുപോവുന്ന ആ യുവാവിനെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ മനസ്സ് ചോദിച്ചു:
പകയും പരദൂഷണവും പാരവെയ്പ്പും വെട്ടിപ്പിടുത്തങ്ങളും മദിക്കുന്ന മത്സരാത്മകതയും അസഹ്യമായ മേനി നടിക്കലുകളും സ്വയം പൂജയും
മനോരോഗം പോലെ പടര്‍ന്ന ഈ നാട്ടില്‍, എല്ലാ മാമ്പഴക്കാലങ്ങളും മാഞ്ഞുപോയ വര്‍ത്തമാനദുരിതകാലത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട അനാസക്തനായ ഈ യുവാവ് എങ്ങിനെയാണ് ഇവയെയെല്ലാം മറികടക്കുക? നടനായതിന് ശേഷവും അയാളെ കാണുമ്പോള്‍ എനിക്കിത് തോന്നാറുണ്ട്. അതിന് മറുപടിയായി അയാള്‍ തന്റെ നീണ്ട കാലുകള്‍ നീട്ടിവെച്ച് നടന്നുപോവുന്നു-ഈ ലോകം മുഴുവന്‍ തനിയ്ക്ക് എത്തിച്ചേരാനുള്ള ഇടമാണ് എന്ന് കരുതുന്ന സഞ്ചാരിയെപ്പോലെ;നിങ്ങളുടെ ലോകങ്ങള്‍ ഒന്നും എന്റേതല്ല എന്നുപറയുന്ന യുവ ദാര്‍ശനികനെപ്പോലെ. കടുത്തതും കറുത്തതുമായ ഈ കാലത്ത്് ഈ മനോഭാവവും മനസ്സും തന്നെയായിരിക്കും പ്രണവ് മോഹന്‍ലാലിന്റെ കവചം.
ലോകകപ്പ് സെമി ഫൈനലില്‍ തോറ്റശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇറ്റാലിയന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനായ റൊബര്‍ട്ടോ ബാജിയോയോട്് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു:
'ഇനിയെന്താണ് താങ്കളുടെ പരിപാടി?'
'എനിയ്ക്ക് അജ്ഞാതനാവണം'അദ്ദേഹം പറഞ്ഞു. ബുദ്ധമതം സ്വീകരിച്ച് ബാജിയെ കടലില്‍ നുരപോലെ മറഞ്ഞു.
അറിയപ്പെടുന്നതിനേക്കാള്‍ ആഴത്തില്‍ അജ്ഞാതനാവാന്‍ മോഹിച്ച് പ്രണവ് മോഹന്‍ലാല്‍ തന്റെ യാത്ര തുടരുന്നു-എല്ലാ സാധ്യതകളേയും പ്രലോഭനങ്ങളേയും ജ്ഞാനം കൊണ്ടും പക്വതകൊണ്ടും മറികടന്നുകൊണ്ട് അത് തുടരട്ടെ; ശുഭയാത്ര...
Content Highlights: Yathrakkidayil, Sreekanth Kottakkal, Pranav Mohanlal, M. Sidharthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..