എം.ടി വാസുദേവൻ നായർ, ശങ്കരനാരായണൻ
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വേനല്‍മഴ പെയ്ത ഒരു സായന്തനത്തിലാണ് രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനത്തില്‍ ആദ്യമായി എത്തിയത്. ബോല്‍പൂര്‍ എന്ന നാടന്‍ അങ്ങാടിയില്‍, പുതുമഴ പെയ്ത് നനഞ്ഞ മണ്ണിന്റെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞ് നിന്നിരുന്നു. നനഞ്ഞ മണ്ണില്‍ നിറയെ കൊഴിഞ്ഞ മഞ്ഞപ്പൂക്കള്‍. എനിയ്‌ക്കൊപ്പം കൊല്‍ക്കത്തയിലെ സുഹൃത്ത് ജയറാമുമുണ്ടായിരുന്നു (ജയറാം ആറ് മാസങ്ങള്‍ക്ക്മുന്‍പ് മരിച്ചു. ഏകാകിയായ ആ പട്ടാമ്പിക്കാരനെക്കുറിച്ച് തുടര്‍ന്നെഴുതാം). അങ്ങാടിയിലെ ഭേദപ്പെട്ട ഒരു ലോഡ്ജില്‍ മുറിയെടുത്തു. നനഞ്ഞ മഴ വീണ്ടും പൊഴിഞ്ഞുതുടങ്ങി; മൂടിക്കെട്ടിയ അന്തരീക്ഷം മനസ്സിനെ മൂകമാക്കി. ഏതോ കടയില്‍നിന്നും വിഷാദലോലമായ രബീന്ദ്രസംഗീതം സുചിത്രാസെന്നിന്റെ ശബ്ദത്തില്‍ നനഞ്ഞ അന്തരീക്ഷത്തിലേയ്ക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.
സന്ധ്യയോടുകൂടി ഒരു സംഘം മലയാളികള്‍ ഞങ്ങളുടെ മുറയിലേയ്ക്ക് ഇരമ്പിക്കയറിവന്നു. അവരുടെ വരവിന്റെ വേഗത കണ്ടപ്പൊള്‍ തല്ലാന്‍ വരുകയാണ് എന്ന് തോന്നി. ഓരോരുത്തരും ചിരിച്ചുകൊണ്ട് പേര് പറഞ്ഞപ്പോഴാണ് സമാധാനമായത്. എല്ലാവരും ശാന്തിനികേതനിലെ കലാഭവനിലെ കഥകളി അധ്യാപകരായിരുന്നു. വേഷമുണ്ട്, പാട്ടുണ്ട്, ചെണ്ടയുണ്ട്, മദ്ദളമുണ്ട്. തിരശ്ശീല പിടിക്കാന്‍ രണ്ടുപേര്‍കൂടിയുണ്ടെങ്കില്‍ വേണമെങ്കില്‍ ചെറിയൊരു കളിയാവാം എന്ന പാകം.
കൂട്ടത്തില്‍ ഒരാള്‍ വേറിട്ടുനിന്നു. വെളുത്ത് തുടുത്ത വട്ടമുഖവും കഷണ്ടികയറിയ തലയുമുള്ള മധ്യവയസ്‌കന്‍. ജോഗിങ്ങ് സമയത്ത് ധരിയ്ക്കുന്ന നീല സ്‌പോട്‌സ് പാന്റ്‌സായിരുന്നു വേഷം. തെളിഞ്ഞ ചിരിയും സംസാരവും. പെട്ടന്ന് നടന്‍ എം.എസ്.തൃപ്പൂണിത്തുറയെ ഓര്‍മ്മവരും. ശങ്കരനാരായണന്‍ എന്നാണ് പേര്. മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിയാണ്. കഥകളി നടനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വള്ളത്തോളിന്റെ കാലത്ത് ശാന്തിനികേതനില്‍ എത്തിയതാണ്. ബംഗാളില്‍ നിരവധി പേരുണ്ട് ശിഷ്യരായി. അതിലൊരാള്‍ ഇപ്പോള്‍ മലയാളിയായിത്തന്നെ മാറിയ നര്‍ത്തകി പല്ലവി കൃഷ്ണനാണ്. ശാന്തിനികേതനില്‍ത്തന്നെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
സംസാരശേഷം എല്ലാവരും ഇറങ്ങുമ്പോള്‍ ശങ്കരനാരായണന്‍ പറഞ്ഞു:
'ഞാന്‍ നാളെ കാലത്ത് വരാം.നമുക്ക് കാംപസിലൂടെ നടക്കാം. ശാന്തിനികേതന്‍ നടന്നാണ് കാണേണ്ടത്'
പിറ്റേന്ന് പുലര്‍ച്ചെ തലേന്ന് വൈകുത്തേരത്തേക്കാളും തെളിഞ്ഞ മുഖവുമായി ശങ്കരനാരായണന്‍ എന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടി. ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങി. തലേന്ന് രാത്രി പെയ്ത മഴയില്‍ നനഞ്ഞുകിടക്കുന്ന മരച്ചാര്‍ത്തുകളും മണ്ണും. ആമ്രകുഞ്ജ് എന്ന് പേരുള്ള മാഞ്ചുവട്ടില്‍ മഞ്ഞ വസ്ത്രം ധരിച്ച് വട്ടത്തിലിരുന്ന് പ്രകൃതിയുടെ കാറ്റും വെളിച്ചവും സുഗന്ധങ്ങളുമറിഞ്ഞ് പഠിക്കുന്ന കുട്ടികള്‍; സംഗീതവും ഭാഷയും ശാസ്ത്രവും തത്വചിന്തയും കലയുമെല്ലാം പഠിപ്പിക്കുന്ന വിവിധ വിഭാഗങ്ങള്‍; സ്വതന്ത്രരായി നടക്കുന്ന വിദ്യാര്‍ത്ഥികള്‍;മ രച്ചുവടുകളിലിരുന്ന് പാടുന്ന ബാവുല്‍ ഗായകര്‍; സര്‍ഗ്ഗോന്മാദയായ ശില്‍പ്പി രാംകിങ്കര്‍ ബേജിന്റെ വീടും ശില്‍പ്പങ്ങളും; പല പല ഋതുക്കളില്‍ ടാഗോര്‍ മാറിമാറിപ്പാര്‍ത്തിരുന്ന വീടുകള്‍; സി.എഫ്.ആന്‍ഡ്രൂസിന്റെ ഓര്‍മ്മയില്‍ ആന്‍ഡ്രൂസ് പള്ളി; കെ.ജി.സുബ്രഹ്മണ്യത്തിന്റെ പെയിന്റിങ്ങുകള്‍.... പാലമരച്ചുവട്ടില്‍ ദേബേന്ദനാഥ ടാഗോര്‍ ധ്യാനിച്ചിരുന്ന ധ്യാനമണ്ഡപം; നടവഴിയോരത്ത് അമര്‍ത്യാസെന്നിന്റെ വീടായ പ്രതീചി.... എല്ലാം കണ്ട് ഞാനും ജയറാമും നടന്നു; കാണുന്നതെല്ലാം വിശദീകരിച്ചുതന്ന് ഒപ്പം ശങ്കരനാരായണനും.
.jpg?$p=3720ceb&&q=0.8)
നടന്ന് നടന്ന് തളര്‍ന്നപ്പോള്‍ കാംപസിലെ ഒരു ചെറിയ കാന്റീന് മുന്നില്‍ അരഭിത്തിയില്‍ ഞങ്ങള്‍ ഇരുന്നു. ചായയും ചൂടുള്ള ഉപ്പുമാവും പറഞ്ഞു. തേക്കിലയില്‍ വിളമ്പിയ ഉപ്പുമാവിന് നല്ല രുചി. കഴിച്ചുകഴിഞ്ഞ പണം കൊടുക്കാനായി പേഴ്‌സ് എടുത്ത എന്നോട് ശങ്കരനാരായണന്‍ പറഞ്ഞു:
'കൊടുക്കേണ്ട,അവന്‍ വാങ്ങില്ല'
'കാരണം?'ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
'അവന്‍ എന്റെ ശിഷ്യനാണ്' ശങ്കരേട്ടന്‍ പറഞ്ഞു(അപ്പോഴേയ്ക്ക് ശങ്കരേട്ടന്‍ എന്ന് വിളിക്കാവുന്ന സ്വാതന്ത്ര്യത്തില്‍ ഞങ്ങള്‍ അടുത്തിരുന്നു)
'അതിന് ശങ്കരേട്ടന്‍ കഥകളിയല്ലേ പഠിപ്പിക്കുന്നത്'
'ഇവനും കഥകളി പഠിച്ചിട്ടുണ്ട്. ഒരു പണിയും കിട്ടിയില്ല. എന്റെയടുത്ത് വന്ന് സങ്കടം പറഞ്ഞപ്പോള്‍ ഞാന്‍ വൈസ് ചാന്‍സലറിനോട് പറഞ്ഞ് അവന് ഒരു കാന്റീന്‍ ഇട്ടുകൊടുത്തു'. കഥകളി മുദ്രയും കാന്റീനിലെ ചായയടിയും തമ്മിലുള്ള അന്തരമോര്‍ത്ത് അന്തം വിട്ട് ഞാന്‍ നില്‍ക്കുമ്പോള്‍ ശങ്കരേട്ടന്‍ കള്ളഭാവത്തില്‍ കണ്ണിറുക്കിച്ചിരിച്ചു.
അന്ന് ഉച്ചയ്ക്ക് ശങ്കരേട്ടന്‍ എന്നെയും ജയറാമിനേയും തന്റെ താമസസ്ഥലത്തേയ്ക്ക്‌കൊണ്ടുപോയി. ഭേദപ്പെട്ട ഒരു ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു അദ്ദേഹം താമസം. സഹായത്തിന് ബീഹാറിയായ ഒരു സൈക്കിള്‍ റിക്ഷാക്കാരനുണ്ടായിരുന്നു. പേര് ബൈജു. ബൈജുവിന് 5000 രൂപ മുടക്കി റിക്ഷ വാങ്ങിക്കൊടുത്തത് ശങ്കരേട്ടനാണ്. കലാകാരനായ മുതലാളിയോട് ബൈജുവിന് ഭക്തിയാണ് എന്ന് അയാളുടെ നില്‍പ്പില്‍നിന്ന് മനസ്സിലാവുമായിരുന്നു. മുറിഞ്ഞ ഹിന്ദിയിലും ബാക്കി മുദ്രകളുമായിട്ടായിരുന്നു അവരുടെ സംഭാഷണം. കഥകളിയ്ക്ക് പുറത്തുള്ള മുദ്രകളും ഇതിനായി ശങ്കരേട്ടന്‍ ഉപയോഗിക്കുമായിരുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് ടി.വിയില്‍ ഇന്ത്യയും മറ്റേതോ രാജ്യവുമായി ക്രിക്കറ്റ് കളി നടക്കുകയായിരുന്നു. കളിയെപ്പറ്റി ശങ്കരേട്ടന്‍ ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ബൈജു അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌കരിക്കും. എന്നിട്ട് പ്രാര്‍ത്ഥിക്കുന്നത്‌പോലെ ഉറക്കെ പറയും:
'ആപ് ഭഗ്‌വാന്‍ ഹെ,ആപ് ഭഗ്‌വാന്‍ ഹെ'(അങ്ങ് ഭഗവാനാണ്, അങ്ങ് ഭഗവാനാണ്)
നിലാവുള്ള രാത്രികളില്‍ ശങ്കരേട്ടന്‍ ഒന്ന് 'മിനുങ്ങി'ക്കഴിഞ്ഞാല്‍ ബൈജു അദ്ദേഹത്തെ തന്റെ സൈക്കിള്‍ റിക്ഷയില്‍ കയറ്റിയിരുത്തി ശാന്തിനികേതനിലെ ഉദ്യാനങ്ങളിലൂടെ അങ്ങിനെ ഓടിയ്ക്കും. രാജാവിനെപ്പോലെ ശങ്കരേട്ടന്‍ നിലാവ് വീണ വഴിത്താരകളിലൂടെ കഥകളിപ്പദങ്ങള്‍പാടി റിക്ഷയിലിരിയ്ക്കും. ഏതെങ്കിലും ഹോസ്റ്റല്‍മുറിയില്‍നിന്നും രബീന്ദ്രസംഗീതം കേട്ടാല്‍ ആ ജനലിന് താഴെ ബൈജു റിക്ഷ നിര്‍ത്തും. മുതലാളിയ്ക്ക് സവാരി മതിയായാല്‍ തിരിഞ്ഞുനോക്കാതെ തന്നെ ബൈജുവിനറിയാം. അവന്‍ നേരെ വീട്ടിലേയ്ക്ക് റിക്ഷ ആഞ്ഞ് ചവിട്ടും. ചാരായത്തില്‍നിന്ന് ബൈജുവിനേയോ ബൈജുവില്‍നിന്ന് ചാരായത്തിനേയോ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു.തന്റെ വിശ്വസ്തനായ റിക്ഷാക്കാരനെ ഒരിക്കല്‍ ശങ്കരേട്ടന്‍ സ്വന്തം നാടായ വാണിയമ്പലത്ത് കൊണ്ടുവന്നു. എ.കെ.ആന്റണിയുടെ ചാരായ നിരോധനത്തിന്റെ കാലമായിരുന്നു അത്. ചാരായം കിട്ടാതെ ബൈജു തളര്‍ന്നു. ഒരാഴ്ചയ്ക്കകം തന്നെ ബൈജുവിനെ ശങ്കരേട്ടന്‍ ചാരായം സുലഭമായി ലഭിയ്ക്കുന്ന ബംഗാളിലേയ്്ക്ക് വണ്ടി കയറ്റിവിട്ടു.
പിരിയുമ്പോഴേയ്ക്കും ശങ്കരേട്ടന്‍ എന്റെ വിചിത്രസൗഹൃദശൃംഖലയിലെ ഒരു കണ്ണിയായിക്കഴിഞ്ഞിരുന്നു. കൊല്‍ത്തയില്‍ വന്നടിയുന്ന എല്ലാ മലയാളികളുടേയും ലൈറ്റ് ഹൗസായ തിരൂര്‍ സ്വദേശി പി.വേണുഗോപാലന്‍ ഒരിയ്ക്കല്‍ ശങ്കരനാരായണന്‍ എന്ന കഥകളി നടനെക്കുറിച്ച് എം.ടി.വാസുദേവന്‍ നായരോട് പറഞ്ഞു. ശാന്തിനികേതനില്‍ പോയപ്പോള്‍ രണ്ട് ദിവസം എം.ടി.ശങ്കരേട്ടന്റെ അതിഥിയായി. എം.ടിയ്ക്ക് മുന്നില്‍ ശങ്കരേട്ടന്‍ പല പദങ്ങള്‍ പകര്‍ന്നാടി. ഓരോ പദവും ആടിക്കഴിയുമ്പോള്‍ ബൈജു ശങ്കരേട്ടന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണ് പറയും:
'ആപ് ഭഗ്‌വാന്‍ ഹെ, ആപ് ഭഗ്‌വാന്‍ ഹെ'
എല്ലാം കണ്ട് എം.ടി ബീഡി പുകച്ചിരുന്നു. പോരുമ്പോള്‍ അദ്ദേഹം വേണുവിനോട് പറഞ്ഞു:
'വേണൂ നല്ല കഥാപാത്രമാണ്. പക്ഷേ, ഇത് എന്റേതല്ല; വി.കെ.എന്‍ എഴുതേണ്ടതാണ്'
എം.ടിയുടെ നിരീക്ഷണം കൃത്യവും ശരിയുമായിരുന്നു എന്ന് ശങ്കരേട്ടനെ കൂടുതല്‍ക്കൂടുതല്‍ അറിഞ്ഞപ്പോള്‍ ബോധ്യമായി.
പിന്നീട് ശാന്തിനികേതനില്‍ പോവുമ്പോഴെല്ലാം ശങ്കരേട്ടന്റെ വീടായി അഭയസ്ഥാനം. ആ വീട്ടില്‍ കഥകളിസംഗീതവും രബീന്ദ്രസംഗീതവും സംഗമിച്ചു; വി.കെ.എന്നും വള്ളത്തോളും കലാമണ്ഡലം ഗോപിയും തൃത്താല കേശവനും കുഞ്ഞിരാമന്‍ നായരും രബീന്ദ്രനാഥ ടാഗോറുമെല്ലാം സംസാരങ്ങളില്‍ നിറഞ്ഞു. നിലാവുള്ള രാവുകളില്‍ ബൈജു ഞങ്ങളെ സവാരിയ്ക്ക് കൊണ്ടുപോയി; ബാവുല്‍ ഗായകര്‍ വീട്ടില്‍ വന്ന് പാടി. ചിലപ്പോള്‍ ശങ്കരേട്ടന്‍ എന്നെ ശാന്തിനികേതന് പുറത്തുള്ള സന്താള്‍ ഗ്രാമങ്ങളിലേയ്ക്ക് കൊണ്ടുപോയി. അവരുടെ ജീവിതം കാണിച്ചുതന്നു. കരിമ്പനകള്‍ അതിരിടുന്ന വയലുകളിലൂടെ ഞങ്ങള്‍ നടന്നു. കങ്കാളിത്തല എന്ന ഘോര കാളീക്ഷേത്രത്തില്‍ക്കൊണ്ടുപോയി. ശാന്തിനികേതനിലെ വഴികളുടേയും വളവുകളുടേയും ചിത്രങ്ങളുടേയും ശില്‍പ്പങ്ങളുടേയും കഥകള്‍ പറഞ്ഞുതന്നു. വഴിനടത്തത്തിനിടെ കാണുന്നവര്‍ കാണുന്നവര്‍ ശങ്കരേട്ടനെ വണങ്ങിക്കടന്നുപോയി. അവര്‍ക്ക് ശങ്കരേട്ടന്‍ 'ശങ്കര്‍ദാ'യാണ്.

ഏറ്റവുമൊടുവില്‍ രണ്ട് വര്‍ഷം മുന്‍പ് ശാന്തിനികേതനില്‍ എത്തിയപ്പോള്‍ സീമന്തപ്പള്ളിയില്‍ സ്വന്തമായി വാങ്ങിയ വീട്ടില്‍ ശങ്കരേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം വാങ്ങിയ വീടാണ്. താഴെ ഒരു ചെറിയ ഹാളും അടുക്കളയും. ഹാള്‍ നൃത്തവും കഥകളിയും പഠിപ്പിക്കാനാണ്. മൂര്‍ഷിദാബാദില്‍നിന്നും മാള്‍ഡയില്‍നിന്നുമെല്ലാം നിറയെ ശിഷ്യരുണ്ട്. മുകളില്‍ കിടപ്പുമുറിയും മട്ടുപ്പാവും. മട്ടുപ്പാവില്‍ സന്ധ്യകളില്‍
സുഹൃത്തുക്കളായ സംഗീതജ്ഞര്‍ വന്ന് പാടും.
നാട്ടില്‍ വരുമ്പോഴും ശങ്കരേട്ടനുമായി ഒന്ന് കൂടും. നാട്ടിലെ ശങ്കരേട്ടനും ശാന്തിനികേതനിലെ ശങ്കരേട്ടനും വേറെ വേറെയാണ് എന്ന് തോന്നിയിട്ടുണ്ട്. ശാന്തിനികേതനിലെ കാറ്റും ഗന്ധവും സംഗീതവുമാവാം ഈ പ്രായത്തിലും ശങ്കരേട്ടനെ തളിര്‍പ്പിച്ച് നിര്‍ത്തുന്നത്. നാട്ടില്‍ എത്തിയാല്‍ത്തന്നെ എത്രയും പെട്ടന്ന ശാന്തിനികേതനിലേയ്ക്ക് മടങ്ങാനുള്ള വെമ്പലാണ് ഈ മനുഷ്യന്. കേരളത്തില്‍ എത്തുമ്പോള്‍ ശങ്കരേട്ടന്‍ വെള്ളത്തില്‍നിന്നും പുറത്തെടുത്തിട്ട മീനിനെപ്പോലെയാവുന്നു. അവസാനം കണ്ടപ്പോള്‍, ശങ്കരേട്ടനൊപ്പം ശാന്തിനികേതനിലൂടെ നടക്കുമ്പോള്‍ ആളൊഴിഞ്ഞ് അല്‍പ്പം കാടുപിടിച്ച ഒരു ഓഫീസ് വരാന്തയ്ക്ക് മുന്നില്‍ അദ്ദേഹം നിന്നു. വാരാന്തയിലേയ്ക്ക് വിരല്‍ചൂണ്ടിപ്പറഞ്ഞു: 'ഇവിടെക്കിടന്നാണ് ബൈജു മരിച്ചത്. അവസാനമാവുമ്പോഴേയ്ക്ക് വയ്യാതായിരുന്നു. രാത്രി എന്റെ വീട്ടില്‍ കിടക്കാതായി, റിക്ഷ ഓടിയ്ക്കാനും വയ്യാതായി..'അത് പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോഴേയ്ക്കും ആ കഥകളി നടന്റെ കണ്ഠം അല്‍പ്പം ഇടറി.
ഇപ്പോഴും ശങ്കരേട്ടന്‍ ശാന്തിനികേതനിലുണ്ട്. 'ആപ് ഭഗ്‌വാന്‍ ഹെ' എന്ന് പറയാനും സൈക്കിള്‍ റിക്ഷയില്‍ നിലാവിലൂടെ കൊണ്ടപോകാനും ബൈജു ഇല്ല. എന്നിട്ടും തുടരുന്നു. ശാന്തിനികേതനിലെ വന്‍ മരങ്ങള്‍ക്ക് നടുവിലൂടെ, നീളന്‍ കുര്‍ത്ത ധരിച്ച്, തോളിലൊരു സഞ്ചിയുമിട്ട് തനിയെ തിരിഞ്ഞ് നടന്നുപോവുന്ന ശങ്കരേട്ടനെ കാണുമ്പോഴെല്ലാം ഞാന്‍ 'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയ്ക്ക് വേണ്ടി മധുസൂദനന്‍ നായര്‍ എഴുതിച്ചൊല്ലിയ രണ്ട് വരികള്‍ ഓര്‍ക്കും:
'അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍നി-
ന്നെനിയ്‌ക്കേത് സ്വര്‍ഗ്ഗം വിളിച്ചാലും..'
മയ്യഴിയില്‍ കുടുങ്ങിയ അല്‍ഫോണ്‍സച്ചനായാലും ശാന്തിനികേതനില്‍ കുരുങ്ങിയ ശങ്കരേട്ടനായാലും എന്തുകൊണ്ടാണ് ചില മനുഷ്യര്‍ ചില ദേശങ്ങളില്‍ ആജീവനാന്തം തളച്ചിടപ്പെടുന്നത്? സ്ഥലങ്ങളാല്‍ വശീകരിക്കപ്പെട്ട് മോഹിതരാവുന്നത്?
Content Highlights: yathrakkidayil column by sreekanth kottakkal part three


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..