ഗോവ | Photo: AFP
തിരുവില്വാമല എന്ന സ്ഥലപ്പേര് ആദ്യമായി വായിച്ചത് പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ 'കവിയുടെ കാല്‍പ്പാടുകളി'ലാണ്. ആ മഹാകവിഗജം അലസം പാര്‍ത്ത നാട്ടുതണലുകളിലൊന്നായിരുന്നല്ലോ അത്. 'പൂമണം തളിയ്ക്കുന്ന തിരുവില്വാമലക്കാറ്റ്; ഭഗവതിച്ചിറനോക്കി വെറുതേ നില്‍ക്കുന്ന മാളികവീട്; മുളങ്കാറ്റില്‍ കൊക്കുരുമ്മുന്ന ചവറ്റിലക്കിളികള്‍. പട്ടുകോണകമുടുത്ത് പൂക്കുമ്പിളുമായി മേലേപ്പറമ്പില്‍ ഓടി നടക്കുന്ന കുഞ്ഞി മേഘങ്ങള്‍. മുറ്റത്തെ അമ്പലനടപ്പാത...' വില്വാദ്രിയെ, അനങ്ങന്‍ മലയെ, കന്യാകുമാരിയെ, തെന്മലയെ എപ്പോഴും കവി വാക്കുകള്‍കൊണ്ട് അര്‍ച്ചിച്ചുകൊണ്ടിരുന്നു. പിന്നെ തിരുവില്വാമലയെക്കുറിച്ചുകേട്ടത് വി.കെ.എന്നില്‍നിന്നാണ്. 'തിര്ല്ലാമല' എന്നാണ് വി.കെ.എന്‍ പറയുക.'തിരുവിള്‍മല' എന്നും പറയും. തിരുവില്വാമലയില്‍ ആര് പോയാലും വില്വാദ്രിനാഥനെ തൊഴണം; വി.കെഎന്നിനെ കാണണം. അതാണ് പ്രമാണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മധ്യാഹ്നത്തില്‍ ഒരു സംഘം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആദ്യമായി തിരുവില്വാമലയില്‍ എത്തുന്നത്. കുംഭമാസ വെയിലില്‍ പൊള്ളിക്കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ഒരമ്പലം. പടിക്കെട്ടുകള്‍, കരിങ്കല്‍ വഴികള്‍. അമ്പലമുറ്റത്ത്‌നിന്നും ഹരിതമോഹനമായ പാലക്കാടന്‍ ഗ്രാമക്കാഴ്ച. അരയാലിലക്കാറ്റ്. ശ്രീരാമദര്‍ശനഭംഗി. ഉഴുന്ന് വടകൊണ്ടുള്ള വടമാലയണിഞ്ഞ് നില്‍ക്കുന്ന ഹനുമാന്‍... പിന്നീട് പലതവണ തിരുവില്വാമലയില്‍പ്പോയി. മിക്കതും വി.കെ.എന്‍ എന്ന സിംഹത്തിന്റെ മടയില്‍ സ്വയം രക്തസാക്ഷിയാവാനായിരുന്നു. പ്രതിഭയുടെ സാമീപ്യംകൊണ്ട് പൊള്ളിയാവും മിക്കപ്പോഴും മടങ്ങുക. ക്ഷേത്രദര്‍ശനം സാധിക്കാറില്ല.
.jpg?$p=089bb14&&q=0.8)
ഭാരതത്തില്‍ സംഗീതത്തിന് മാത്രമല്ല, സ്ഥലങ്ങള്‍ക്കും സമയമുണ്ട് എന്ന് മനസ്സിലായത് തിരുവില്വാമലയ്ക്ക് തൊട്ടടുത്തുള്ള ഒറ്റപ്പാലത്ത് നിന്ന് വിവാഹം കഴിച്ചതിന് ശേഷം സായാഹ്നങ്ങളില്‍ വില്വാദ്രിയിലേക്ക് നടത്തിയ യാത്രകളുടെ സന്ദര്‍ഭങ്ങളിലായിരുന്നു. സായാഹ്ന സന്ധ്യയിലാണ് വില്വാദ്രി സൗമ്യമായ ഒരു സ്പര്‍ശമാവുക. പകല്‍വെയില്‍ച്ചൂടടങ്ങി പാറകള്‍ തണുത്ത് തുടങ്ങുകയാവും. താഴ്‌വരയില്‍നിന്നുള്ള ഇളം കാറ്റ് ആലിലകളെ ഇളക്കി ഒരു തലോടല്‍ പോലെ വരും. മങ്ങിയ സന്ധ്യയില്‍ വിളക്കുകള്‍ തെളിയും. ദീപാരാധനയില്‍ ക്ഷേത്രം തിളങ്ങും. അല്‍പ്പം കൂടി കാത്താല്‍ താഴ്‌വരയില്‍ ഇരുട്ട് വീഴുന്നതും പരശ്ശതം പ്രകാശമിഴികള്‍ തുറക്കുന്നതും കാണാം.
ഉയരങ്ങള്‍ മനുഷ്യനെ എപ്പോഴും ശാന്തമാക്കുന്നുണ്ടോ? ജീവിതത്തെ തത്വചിന്താപരമായി കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? ഉണ്ടാവാം. വില്വാദ്രിമലയും ക്ഷേത്രപരിസരവും അങ്ങിനെ തോന്നിച്ചിട്ടുണ്ട്. യോഗവാസിഷ്ഠത്തില്‍ ജനകമഹാരാജാവ് സിദ്ധഗീത കേട്ടതിന് ശേഷം ജീവിതത്തെക്കുറിച്ച് വിഷാദപ്പെട്ട് പരിജനങ്ങളെയെല്ലാം വാസസ്ഥാനത്തേയ്ക്ക് പറഞ്ഞയച്ച് ശരണം പ്രാപിക്കുന്നത് ഒരു കുന്നിന്‍ മുകളിലാണ്.അവിടെനിന്ന് രാജ്യവാസികളുടെ ചലനങ്ങള്‍ അദ്ദേഹം നോക്കിക്കണ്ടു. പറന്നുപൊങ്ങുന്ന പക്ഷികളുടെ ചിറകുകള്‍പോലെ ജനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഈ കാലഗതി അനാദിയും അനന്തവുമാണ് എന്നും അതില്‍ നിസ്സാരമായ ഒരംശത്തില്‍ മാത്രമേ തനിയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും മനസ്സിലാക്കി. തീര്‍ച്ചയായും തിരുവില്വാമലയും വില്വാദ്രിമലയും അത്തരം ചില തോന്നലുകള്‍ ഉണ്ടാക്കുന്നുണ്ട്.
'ലോല പീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം
പീലി മുടിവന മാലകള്‍ക്കപ്പുറം
പ്രീതിപ്പൊലിമതന്‍ പൊന്‍ തിടമ്പാം മഹാ-
ജ്യോതിസ്സ്വരൂപനെ കാണുന്നതല്ലയോ..'
എന്നെഴുതിയ കുഞ്ഞിരാമന്‍ നായര്‍ക്കും വില്വാദ്രി ഈ വിരാട് ദര്‍ശനം നല്‍കിയിരിക്കാം.
****** ******** *********
ബെംഗളൂരുവില്‍ പോകുമ്പോഴെല്ലാം എം.ജി റോഡില്‍ എവിടെയെങ്കിലുമാണ് താമസിക്കുക. ബ്രിഗേഡ് റോഡിലേയക്ക് എത്താനുള്ള എളുപ്പമായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ കാരണം. ഡാര്‍ജിലിങ്ങില്‍പ്പോയാല്‍ മാള്‍ റോഡിനടുത്തുള്ള ഏതെങ്കിലും ലോഡ്ജ് കണ്ടെത്തും. പത്തടി നടന്നാല്‍ മാള്‍ റോഡിന്റെ തുറസ്സിലെത്താം. വര്‍ത്തുളാകൃതിയിലുള്ള തുറസ്സിലൂടെ നടക്കാം. ഭാഗ്യമുണ്ടെങ്കില്‍ കാഞ്ചന്‍ ജംഗയുടെ അഞ്ച് ഭുജങ്ങളും കാണാം. പകലും ബെംഗളൂരുവിൽ തണുപ്പൂറി നില്‍ക്കുന്ന ഡിസംബര്‍ മാസത്തില്‍ ബ്രിഗേഡ് റോഡിലെ പഴയ പുസ്തകക്കടകളില്‍ കയറിയിറങ്ങും. അപ്പോള്‍ തെരുവ് ഉറങ്ങുന്നത്‌പോലെ തോന്നും. നിറങ്ങളില്ലാത്ത ഒരു നരച്ച തുണിപോലെ അങ്ങിനെ നീണ്ട് നീണ്ട്... എന്നാല്‍ സന്ധ്യയോടെ ബ്രിഗേഡ് റോഡ് വെണ്‍പട്ട് പാവാടയില്‍ വെളിച്ചങ്ങള്‍ പതിച്ച ആഭരണവും അണിഞ്ഞൊരുങ്ങും. അതുവഴി നിറങ്ങളുടേയും പരിമളങ്ങളുടേയും പുഴയൊഴുകും. അപരിചിത മുഖങ്ങള്‍, അവയുടെ സ്വരങ്ങള്‍. ബ്രിഗേഡ് റോഡില്‍നിന്നും ഉള്ളിലേയ്ക്ക് തിരിഞ്ഞുപോവുന്ന ഒരു ഇടറോഡുണ്ട്. അതിന്റെ രണ്ടാം നിലയിലുള്ള ബാറില്‍ വിസ്‌കി നുണഞ്ഞിരുന്നാല്‍ പണം പൂത്ത ഐ.ടി.ക്രൗഡിന്റെ ആനന്ദം കാണാമായിരുന്നു. പഴയ സത്രങ്ങളെപ്പോലെ കട്ടിയുള്ള വെള്ളപ്പെയിന്റടിച്ചതായിരുന്നു അതിന്റെ ജാലകങ്ങള്‍. ജാലകത്തിനപ്പുറം റോഡില്‍ ഒരു ആല്‍മരം നില്‍ക്കുന്നു. ഏഷ്യയിലെ ഏറ്റവും ഫാഷണബിളായ തെരുവുകളിലൊന്നില്‍ ആ അശ്വത്ഥം ഒരു റോങ്ങ് പേസ്റ്റിങ്ങാണ് എന്നും എപ്പോഴും എനിയ്ക്ക് തോന്നിയിരുന്നു. എങ്കിലും, നിയോണ്‍ വെളിച്ചത്തിന്റെ ചീളുകള്‍ തട്ടിത്തിളങ്ങുന്ന അതിന്റെ ഇലകളിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ ബെംഗളൂരുവിന്റെ ഒത്ത നടുവില്‍, യൗവ്വനത്തിന്റെ ആലോല രാവുകള്‍ക്കിടയില്‍വച്ച് വള്ളുവനാട്ടിലെ ഏതോ പുഴയോരത്തെ കൈനീട്ടിത്തൊടുന്നത്‌പോലെ തോന്നും. എന്നെപ്പോലുള്ള ഒരു നാട്ടിന്‍പുറത്തുകാരന് അത് ഏറെ സൗഖ്യം തന്നിരുന്നു. 'നീ തനിച്ചല്ല' എന്ന് ആ ഇലകള്‍ മന്ത്രിക്കുന്നത്‌പോലെ. വലിയ ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ബ്രിഗേഡ് റോഡില്‍ എത്തിയപ്പോള്‍ ആദ്യം ചെന്നു നോക്കിയത് ആ ആല്‍ അവിടെത്തന്നെയുണ്ടോ എന്നായിരുന്നു. അതവിടെയുണ്ട്, അതേ പോലെ. എന്നാല്‍ അതിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ പഴയ ആ സൗഖ്യം കിട്ടുന്നില്ല-ഞാന്‍ മാറിയതായിരിക്കാം, എന്റെ നാട്ടുമനസ്സ് കലങ്ങിയതായിരിക്കാം.
.jpg?$p=7d53ea1&&q=0.8)
ഡാര്‍ജിലിങ്ങില്‍ മാള്‍ റോഡിന്റെ വര്‍ത്തുള മൈതാനത്ത് എത്രതവണ പോയി നിന്നിരിക്കുന്നു! രാവിലെ ആ മൈതാനത്തിന് ഒരു മുഖവും രാത്രിയ്ക്ക് മറ്റൊന്നുമാണ്. രാവിലെ പ്രഭാത നടത്തക്കാരുടേതും രാത്രി കാമുകീ-കാമുകന്മാരുടേതും. സത്യജിത് റായിയുടെ 'കാഞ്ചന്‍ ജംഗ' എന്ന സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത് ഈ വര്‍ത്തുള മൈതാനത്തിന്റെ വ്യത്യസ്ത കോണുകളില്‍വച്ചാണ്. റായിയുടെ സിനിമകളിലെ ഏറ്റവും അത്ഭുതകരമായ ചിത്രീകരണങ്ങളിലൊന്നാണത്; അധികമാരും പറയാറില്ലെങ്കിലും. രണ്ട് വര്‍ഷം മുമ്പ് ഡാർജിലിങ്ങില്‍ എത്തിയപ്പോഴും മാള്‍റോഡില്‍ പോയി. പ്രഭാതനടത്തത്തിനിടെ ഒരുപാട് തവണ കാഞ്ചന്‍ ജംഗയിലേക്ക് നോക്കി. അവിടെ ഒന്നും കാണാനില്ലായിരുന്നു. എല്ലാ കാഴ്ചകളേയും മറച്ച് താഴ്‌വരയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കോണ്‍ക്രീറ്റ് ചുറ്റുമതിലുകള്‍ എല്ലാം മറച്ചുകളഞ്ഞു. ആ മാള്‍ മൈതാനവും ഇനി എത്രകാലം? ആര്‍ക്കറിയാം?
****** ****** ****** *****
കൊല്‍ക്കത്ത എന്ന പുരാതനനഗരത്തിന്റെ കുരുക്കുകളാല്‍ കെട്ടിവരിയപ്പെടുമ്പോഴെല്ലാം ഞാന്‍ ഓടിയെത്തുക ഗംഗയുടെ തീരത്തെ ബേലൂര്‍ മഠത്തിലാണ്. തന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ ഓര്‍മ്മക്കായി സ്വാമി വിവേകാനന്ദന്‍ ലോകമാകെ പ്രസംഗിച്ച് പ്രസംഗിച്ച് സമാഹരിച്ച പണം കൊണ്ട് പണിത ക്ഷേത്രവും അതിന്റെ പരിസരവും സായാഹ്നങ്ങളിലും സന്ധ്യയിലും വിശ്രാന്തിയുടെ വിശറിപോലെ വന്ന് തൊടും. ഹുഗ്ലിയും ഗംഗയും സംഗമിക്കുന്ന നദിയിലെ ഓളങ്ങളുടെ ശബ്ദം ഇരുട്ടില്‍ താളംപോലെ തോന്നിയ്ക്കും. ഇരുകരകളിലേയും വെളിച്ചം വെള്ളത്തില്‍ വീണലിയും. കാറ്റില്‍ ധൂപക്കൂട്ടുകളുടെ ഗന്ധം കലര്‍ന്നിരിക്കും. സന്ധ്യാരതിയുടെ പ്രകാശവുമായിപ്പോകുന്ന സന്യാസിമാര്‍. ഭജനയുടെ നേര്‍ത്ത സ്വരം. ബേലൂരില്‍നിന്നും കടവു കടന്നാല്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ ഒരു ജന്മം പാര്‍ത്ത ദക്ഷിണേശ്വരം ക്ഷേത്രത്തിലെത്താം. തോണിയില്‍ ഇരിക്കുമ്പോള്‍ ആ ഗുരുശിഷ്യന്മാര്‍ ഇരുകരകളിലും മുഖാമുഖം നില്‍ക്കുന്നത്‌പോലെ തോന്നും. ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഫാക്ടറിയുടെ പുകക്കുഴലില്‍ കാട്ടുചെടി പടര്‍ന്ന് പൂത്ത് ഒരു ബൊക്കെ പോലെ ആയിരിക്കുന്നു. ഈ കമ്പനികളിലെ സൈറണ്‍വിളികള്‍ പരമഹംസര്‍ക്ക് ശംഖനാദംപോലെ തോന്നിയിരുന്നുവത്രേ. രാത്രി വളരുമ്പോള്‍ ബേലൂര്‍ അനക്കമറ്റ് ധ്യാനിച്ചുനില്‍ക്കുന്നത്‌പോലെ തോന്നും. ആരതിത്തട്ടുകളണയും. ഗംഗ മാത്രം എന്തോ മന്ത്രിച്ചുകൊണ്ടിരിക്കും.
******** ******* *************
നിര്‍ത്താതെ മഴ പെയ്യുന്ന പകലുകളിലൊന്നിലാണ് ആദ്യമായി ഗോവയില്‍ എത്തിയത്. കനത്ത മഴയില്‍ തെങ്ങിന്‍കൂട്ടങ്ങള്‍ കുതിര്‍ന്ന് നില്‍ക്കുന്നു. ആനന്ദനൃത്തങ്ങളുടെ ബീച്ചുകള്‍ മഴയില്‍ കണ്ണടച്ചു. കടല്‍ ചാരനിറത്തില്‍ കാണാതായി. ഗോവ പിന്നെപ്പിന്നെ ഒരു ഇടത്താവളമായി. ഒന്നും ചെയ്യാനില്ലാതെ, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ തൂവല്‍ക്കനത്തില്‍ അലഞ്ഞുനടക്കാന്‍ ഒരിടം-അതാണ് ഗോവ. അലസത ശീലമാക്കാനുള്ള കടലോരക്കളരി. മഡ്ഗാവില്‍ വണ്ടിയിറങ്ങുന്നു എന്നറിയിച്ചാല്‍മതി കൊടുങ്ങല്ലൂരുകാരന്‍ ജയരാജ് സ്റ്റേഷനില്‍ എത്തിയിരിക്കും. വര്‍ഷങ്ങളായി മഡ്ഗാവില്‍ ഓട്ടോ ഗാരേജ് നടത്തുകയാണ് ജയരാജ്. ഗോവക്കാരിയെത്തന്നെ വിവാഹം കഴിച്ച് തദ്ദേശീയനായി. യോദ്ധ സിനിമയിലെ ഡോള്‍മ അമ്മായിയെപ്പോലെ ഒരു ചേച്ചി. ഗോവന്‍ രീതിയിലുള്ള പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ജയരാജ് തന്റെ ഗാരേജിന് രണ്ട് ദിവസം അവധി നല്‍കും. കൂട്ടായി ചാലക്കുടിക്കാരന്‍ ജെയിംസും വരും.
Also Read
ബീച്ചുകളില്‍നിന്ന് ബീച്ചുകളിലേയ്്ക്ക്, പൂഴിമണല്‍ നനഞ്ഞ നാട്ടുവഴികളില്‍നിന്ന് നാട്ടുവഴികളിലേയ്ക്ക്, കടലോരത്ത് കാടുപിടിച്ചുകിടക്കുന്ന പോര്‍ച്ചുഗീസ് കോട്ടയിലേക്ക് മറ്റാരും കാണാത്ത വഴികളിലൂടെ അവര്‍ എന്നെ നടത്തിച്ചു. ഗോവയില്‍ ഓരോ ബീച്ചിലും ഓരോ കാറ്റും ഓരോ രുചിയും ആലോലവുമാണ് എന്ന് അവര്‍ പഠിപ്പിച്ചുതന്നു. കാലാഗുട്ട ബീച്ചിലെ സന്ധ്യകളും രാത്രികളും ഉടലിന്റെ ഉത്സവങ്ങള്‍ കാണിച്ചുതന്നു. ചാള്‍സ് ശോഭ്‌രാജ് നടന്ന വഴികള്‍, പിടിയിലായ ഹോട്ടല്‍ ലോബി, പുസ്തകം പിടിച്ചിരിക്കുന്ന ചാള്‍സിന്റെ പ്രതിമ, കടല്‍സന്ധ്യയുടെ പ്രകാശം പരക്കുന്ന വീട്ടുമുറ്റങ്ങള്‍, ഓള്‍ഡ് ഗോവയിലെ ഒറ്റപ്പെട്ട വീടുകള്‍, അവയില്‍നിന്നും മറ്റേതോ കാലത്തില്‍നിന്നെന്നപോലെ പുറത്തേക്ക് നോക്കുന്ന കണ്ണുകള്‍, റഷ്യന്‍ നോവലുകളിലെ ടവേണുകളെ ഓര്‍മ്മിപ്പിക്കുന്ന മദ്യശാലകള്‍... എത്ര ദിവസം പാര്‍ത്താലും ഗോവ ഒരിക്കലും ഗോ പറഞ്ഞിട്ടില്ല.

ട്രെയിനില്‍ ഓരോ തവണയും കൊങ്കണ്‍ വഴി കടന്നുപോവുമ്പോള്‍ മഡ്ഗാവിലെ പ്ലാറ്റ്‌ഫോമില്‍ ഒന്നിറങ്ങിനില്‍ക്കും, വെറുതേ. കാത്തിരിക്കുന്ന ബീച്ചുകളെ ഓര്‍ക്കും, സന്ധ്യകളെ ഓര്‍ക്കും, പൂഴിമണല്‍ വഴികളെ ഓര്‍ക്കും- അവിടേയ്‌ക്കെല്ലാം തരിച്ചുവരാനായി യാത്ര തുടരും.
Content Highlights: yathrakkidayil column by sreekanth kottakkal part four
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..