പ്രതീകാത്മക ചിത്രം/ ഫോട്ടോ എ.പി
*ഇംഗ്ലീഷ് പത്രങ്ങള്‍ക്കിടയില്‍ മലയാളപത്രങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് ഞാന്‍ പലപ്പോഴും രക്ഷപ്പെടാറുള്ളത്.*അത് കേട്ട് പട്ടാളക്കാര്‍ ഞെട്ടി. ആ പയ്യന്റെ കണ്ണുകളില്‍ അപ്പോള്‍ നിഴലുപോലും അനങ്ങാത്ത നിസ്സംഗതയായിരുന്നു.* രാവിലെ അറിഞ്ഞത് രാജീവ് ഗാന്ധി തമിഴ് പുലികളാല്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്തയാണ്-ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതുന്ന പംക്തി 'യാത്രയ്ക്കിടയില്‍' രണ്ടാം അധ്യായം വായിക്കാം.
ട്രെയിനുകളില്‍ ഇപ്പോളങ്ങനെ ആരും പരസ്പരം മിണ്ടുന്നത് കാണാറില്ല. പത്ര-മാസികാ-പുസ്തകാദികള്‍ വായിക്കുന്നവരുടെ വംശവും കുറ്റിയറ്റുപോയി. എല്ലാവരും ഇപ്പോള്‍ സ്വന്തം മൊബൈലില്‍ എന്തൊക്കെയോ പരതിക്കൊണ്ടേയിരിക്കുന്നു;സ്വന്തം ചിത്രങ്ങള്‍തന്നെ കണ്ട്, അത് മറ്റുള്ളവര്‍ക്കയച്ച് ആത്മരതിയനുഭവിക്കുന്നു; സൂര്യന് കീഴിലും മുകളിലും ഭൂമിക്കടിയിലുമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും, അവയെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍പ്പോലും എന്തൊക്കെയോ എഴുതിക്കൂട്ടുന്നു;സോഷ്യല്‍ മീഡിയയിലെ സകല മസാലകളും മനസ്സിന് അജീര്‍ണ്ണംവരുവോളം വാരിവിഴുങ്ങുന്നു. ജനലിനപ്പുറം പകല്‍ പ്രകാശിക്കുന്നതും മഴ പെയ്യുന്നതും സന്ധ്യ വളരുന്നതും രാത്രി ദീപങ്ങള്‍ തെളിയുന്നതും വയലുകളിലും പുഴകളിലും നിലാവ് വീഴുന്നതുമൊന്നും ഇന്നത്തെ ട്രെയിന്‍ യാത്രികര്‍ അറിയാറേയില്ല. അടുത്തിരിക്കുന്നവരുടെ മുഖം അവര്‍ കാണുന്നില്ല.
മുന്‍കാലങ്ങളില്‍ ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകളിലെ പ്രഭാതങ്ങള്‍ക്ക് പത്രങ്ങളുടെ ഗന്ധമായിരുന്നു. ഒരു പത്രം വാങ്ങിക്കയറിയാല്‍ ഉടമസ്ഥന്‍ വായിച്ചുതീരുംമുമ്പേ അത് മറ്റൊരാളുടേതാവുമായിരുന്നു. കൈമാറിക്കൈമാറി, മുഷിഞ്ഞ് മുഷിഞ്ഞ് ഏറ്റവും വികൃതമായ രൂപത്തിലായിരിക്കും അത് തിരിച്ചുകിട്ടുക. ഇംഗ്ലീഷ് പത്രങ്ങള്‍ക്കിടയില്‍ മലയാളപത്രങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് ഞാന്‍ പലപ്പോഴും രക്ഷപ്പെടാറുള്ളത്. ഇംഗ്ലീഷിനെ മലയാളിക്ക് പണ്ടേ പേടിയാണല്ലോ-പേച്ചിലാണെങ്കിലും വായനയിലാണെങ്കിലും.
മുമ്പ് ഒരു ചെറുയാത്ര കഴിയുമ്പോഴേയ്ക്കും ഒരാള്‍ കൂടി നമ്മുടെ സൗഹൃദവലയത്തിലെത്തുമായിരുന്നു. അറിയാത്ത പല കാര്യങ്ങളും മനസ്സിലാവുമായിരുന്നു. സമകാലീന സംഭവങ്ങളുടെ ചൂടേറിയ ചര്‍ച്ചകള്‍ കംപാര്‍ട്ട്‌മെന്റുകളില്‍ നടക്കാറുണ്ടായിരുന്നു. മനുഷ്യര്‍ പരസ്പരം പങ്കിട്ട് ഭക്ഷിച്ചിരുന്നു. അക്കാലത്തെ ഒരനുഭവം ഓര്‍മ്മയില്‍ വരുന്നു.
പതിവുപോലെയുള്ള ഒരു കൊല്‍ക്കത്ത യാത്രയായിരുന്നു അത്. തനിച്ച്. കോഴിക്കോട്ട്‌നിന്നും അതിരാവിലെ ചെന്നൈയിലെത്തി, ഏതെങ്കിലും വിശ്രമമുറിയില്‍ക്കയറി പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച്, കാപ്പിയും മൂന്നിഡ്ഡലിയും ചൂടോടെ കഴിച്ച്, ശരവണഭവനില്‍നിന്ന് നാല് തൈര്‍ സാദവും വാങ്ങി രാവിലെ 9 മണിയ്ക്ക് (ഇപ്പോള്‍ രാവിലെ 7 മണിയ്ക്കാണ്) 8-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നും പുറപ്പെടുന്ന കൊറമന്റല്‍ എക്‌സ്പ്രസ്സില്‍ കയറിയിരിക്കും. ഉച്ചയ്ക്ക് രണ്ട് തൈര്‍സാദം കഴിച്ച് സുഖമായി കിടന്നുറങ്ങും. വൈകുന്നേരവും സന്ധ്യയും വിജയവാഡയും വിശാഖപട്ടണവും കണ്ട് കടന്നുപോവും. ചൂടുള്ള തക്കാളിസൂപ്പ് വാങ്ങിക്കഴിക്കും. രാത്രി 8 മണിയോടെ അടുത്ത രണ്ട് തൈര്‍സാദം കഴിച്ച് കിടക്കും. രാവിലെയാവുമ്പോഴേയ്ക്കും ഒറീസ്സയുടെ പ്രധാനഭാഗമെല്ലാം പിന്‍തള്ളി ബാലസോറിലും ബംഗാള്‍ തുടങ്ങുന്ന ഖരഗ്പൂരിലും വണ്ടി എത്തിയിട്ടുണ്ടാവും. ഉച്ചയാവുമ്പോഴേയ്ക്കും നഗരകാന്താരം പൊലെയുള്ള ഹൗറ സ്റ്റേഷനിലേയ്ക്ക് വണ്ടി നൂണ്ട് നൂണ്ടെത്തും. ഇതിനിടയില്‍ എത്രയോ മനുഷ്യരെക്കണ്ടു;പരിചയപ്പെട്ടു;പലതും പരസ്പരം പങ്കുവെച്ചു;പിരിഞ്ഞു.

ഒരു തവണ എനിക്കെതിര്‍വശം പ്രായമായ ഒരമ്മയും അവരുടെ പട്ടാളക്കാരനായ മകനുമായിരുന്നു. ബോബി എന്നായിരുന്നു അയാളുടെ പേര്. ആസ്സാമിലാണ് കുറേക്കാലമായി പോസ്റ്റിങ്ങ്. നാട്ടില്‍നിന്ന് അമ്മയേയും കൂട്ടി പോവുകയാണ്. ആദ്യം ചെറുതായൊന്ന് പരിചയപ്പെട്ടെങ്കിലും യാത്ര വളരവേ ഞങ്ങള്‍ സ്വന്തം ലോകങ്ങളിലേയ്ക്ക് ഉള്‍വലിഞ്ഞു. ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ബോബി മുകളിലെ ബര്‍ത്തിലേയ്ക്ക് പോയി. അവിടെ കുറേ നേരമിരുന്നു. എന്നിട്ട് തിരിച്ചുവന്നു.ഒരു നനഞ്ഞ ചിരിയോടെ ഭക്ഷണം കഴിച്ചു.
ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ എന്നോട് ബോബി ചില പൊതുകാര്യങ്ങള്‍ സംസാരിച്ചു. രാത്രി ഏഴരമണിയായപ്പോഴേയ്ക്കും ബോബി മുകള്‍ ബര്‍ത്തിലേയ്ക്കുള്ള കോണിപ്പടിയില്‍ കാല്‍വെച്ചു. എന്നെ നോക്കിപ്പറഞ്ഞു:
'എനിയ്‌ക്കൊരു മരുന്ന് കഴിക്കാനുണ്ട്'
'ഈ സമയത്ത് എനിയ്ക്കും ഒരു മരുന്ന് കഴിക്കാനുണ്ട്; പക്ഷേ,എന്റെ കയ്യില്‍ അതില്ല'-ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. 'നിങ്ങള്‍ വണ്ടിയിലുണ്ടാവും എന്നറിഞ്ഞ് നിങ്ങള്‍ക്കുള്ള മരുന്നുകൂടി ഞാന്‍ കരുതിയിട്ടുണ്ട്'-പൊട്ടിച്ചിരിച്ചുകൊണ്ട് ബോബി പറഞ്ഞു.
ഞാനും മുകള്‍ ബര്‍ത്തിലേയ്ക്കുള്ള കോണികയറി. അവിടെ കിടക്കവിരി വിരിച്ച് ബോബി അതില്‍ ഒരു കുപ്പി മിലിട്ടറി ജിന്‍ വച്ചു. അതിനുള്ള കോക്ടെയിലായി ഒരു കുപ്പി ദശമൂലാരിഷ്ടവും. അരിഷ്ടരുചിയില്‍ ഞങ്ങള്‍ കൂടുതല്‍ അടുപ്പമുള്ളവരും ലാഘവമുള്ളവരായിത്തീര്‍ന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ബോബി ഈ അനുഭവം എന്നോട് പറഞ്ഞത്:
രാജീവ്ഗാന്ധിയുടെ ഭരണകാലം. വേലുപ്പിള്ള പ്രഭാകരന്‍ ശ്രീലങ്കയെ വിറപ്പിയ്ക്കുന്ന ആ കാലത്ത് അവിടേയ്ക്ക് പോയ ഇന്ത്യയുടെ സമാധാന സംരക്ഷണ സേനയിലെ ഒരംഗമായിരുന്നു ബോബി. ഇന്ത്യന്‍ പട്ടാളം അവിടെയെത്തി പണി തുടങ്ങി. ബോബിയും കൂട്ടുകാരും ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ വച്ചുണ്ട് പാര്‍ക്കുകയായിരുന്നു. എല്ലാ ദിവസവും അവര്‍ക്ക് പാല്‍ കൊണ്ടുവരുന്നത് കറുത്ത് മെല്ലിച്ച ഒരു തമിഴന്‍ പയ്യനാണ്. പാല്‍കൊടുത്ത്,പാത്രം തിരിച്ചുവാങ്ങി കുറച്ചനേരും അവന്‍ പട്ടാളക്കാരോട് എന്തെങ്കിലുമൊക്കെ പറഞ്ഞുനില്‍ക്കും. വെയില്‍ ചൂടാകുംമുമ്പ് തിരിച്ചുപോകും.
ഒരു ദിവസം അവന്‍ ബോബിയോടും കൂട്ടുകാരോടും പറഞ്ഞു:'നിങ്ങളുടെ രാജീവ് ഗാന്ധിയെ ഞങ്ങള്‍ തട്ടും'
അത് കേട്ട് പട്ടാളക്കാര്‍ ഞെട്ടി. ആ പയ്യന്റെ കണ്ണുകളില്‍ അപ്പോള്‍ നിഴലുപോലും അനങ്ങാത്ത നിസ്സംഗതയായിരുന്നു. ഞെട്ടലില്‍നിന്ന് കുതറി പട്ടാളക്കാര്‍ പറഞ്ഞു:
'പോടാ,പോ.ചീള് പയ്യന്‍...പോ,പോ...'
അവന്‍ തിരിഞ്ഞുനോക്കാതെ പാല്‍പ്പാത്രവുമായി നടന്നുമറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും അവന്‍ ബോബിയ്ക്കും കൂട്ടുകാര്‍ക്കും പാല്‍
വിതരണം ചെയ്ത് ചിരിച്ചുകളിച്ച് തിരിച്ചുപോയി.
1991 മെയ് 21. അന്ന് ബോബി നാട്ടിലായിരുന്നു. രാവിലെ അറിഞ്ഞത് രാജീവ് ഗാന്ധി തമിഴ് പുലികളാല്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്തയാണ്.
'ഞാന്‍ മണിക്കൂറുകളോളം തരിച്ചിരുന്നുപോയി. എന്റെ മനസ്സിലും ശിരസ്സിലും നിറയെ ആ പാല്‍ക്കാരന്‍ തമിഴന്‍ പയ്യന്റെ മുഖവും അവന്‍ പറഞ്ഞ വാചകവും നിസ്സംഗമായ അവന്റെ കണ്ണുകളുമായിരുന്നു. അന്ന് രാത്രി ഉറക്കത്തില്‍ അവന്റെ ശബ്ദം എന്നെ ഞെട്ടിയുണര്‍ത്തി:രാജീവ് ഗാന്ധിയെ ഞങ്ങള്‍ തട്ടും!എങ്ങിനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആ പയ്യന്‍ അതറിഞ്ഞത്?പ്രവചിച്ചത്?എനിക്ക് ആലോചിച്ചിട്ട് പിടി കിട്ടിയതേയില്ല. എത്ര താഴേത്തട്ടിലേക്ക് വരെയാണ് തമിഴ്പുലികള്‍ അവരുടെ വികാരവും വീര്യവും എത്തിക്കുന്നത് എന്നാലോചിച്ച് ഞാന്‍ അമ്പരന്നു. പ്രഭാകരനും എല്ലിച്ച ഈ പാല്‍ക്കാരന്‍ പയ്യനും ഒരേ പോലെ ചിന്തിക്കുന്നു. ദിവസങ്ങളോളും അതാലോചിച്ച് എനിയ്ക്ക് ഉറക്കം കിട്ടിയില്ല.'-ബോബി പറഞ്ഞു.
അത് കേട്ട് ഞാന്‍ കിടുങ്ങിപ്പോയിരുന്നു. ജനലിനപ്പുറം ഒറീസ്സയിലെ കൊയ്‌തൊഴിഞ്ഞ വയലുകളില്‍ നിലാവ് വീണിരിക്കുന്നു. അരണ്ട വെളിച്ചത്തില്‍,ഒറ്റയടിപ്പാതകള്‍ പുളയുന്നു.
ബോബിയുമായി ഞാന്‍ ഹൗറ സ്‌റ്റേഷനില്‍ വച്ച് പിരിഞ്ഞു. ബെഡ് റോളും ബാഗുമെടുത്ത്, അമ്മയെ ചേര്‍ത്തുപിടിച്ച് അയാള്‍ ഗൗഹാട്ടി വണ്ടി തേടി ആളിരമ്പത്തിന് നടുവിലൂടെ നടന്ന് പോവുന്നതുനോക്കി ഞാന്‍ കുറേ നേരം നിന്നു. ആനയെക്കാണുന്നതുപോലെ അഭിമാനകരവും ആനന്ദദായകവുമാണ് ഒരു പട്ടാളക്കാരനെക്കാണുന്നതും.
ബോബി ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല. മൊബൈല്‍ ഫോണിന് മുന്‍പുള്ള യുഗമായിരുന്നതിനാല്‍ നമ്പറുകളൊന്നും പരസ്പരം കൈമാറിനില്ലായിരുന്നു;സെല്‍ഫികള്‍ എടുക്കുക സാധ്യവുമല്ലായിരുന്നു.
മൊബൈല്‍ ഫോണ്‍ ഉള്ള കാലമാണെങ്കില്‍ ഞാന്‍ ബോബി എന്ന ആ പട്ടാളക്കാരനുമായി അത്രനേരം സംസാരിച്ചിരിക്കുമായിരുന്നോ? ചിരിച്ച് ചിത്രങ്ങളെടുക്കുമായിരിക്കാം. പക്ഷേ അപരന്റെ നമുക്കജ്ഞാതമായ ജീവിതവും അതറിയുമ്പോഴുണ്ടാകുന്ന അമ്പരപ്പുകളും ഉണ്ടാവില്ല. അതില്ലാതെ എന്ത് യാത്ര? എന്ത് സൗഹൃദം?
(തുടരും)
Content Highlights: Yathrakkidayil, Sreekantha Kottakkal, Rajiv Gandhi, LTTE, India Army


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..