ഫോട്ടോ മധുരാജ്
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ആദ്യമായി കൊല്‍ക്കത്തയില്‍ എത്തിയ സന്ധ്യയില്‍ നാല് മലയാളികള്‍ എന്നെക്കാത്ത് നില്‍പ്പുണ്ടായിരുന്നു:തിരൂര്‍ സ്വദേശികളായ പി.വേണുഗോപാലന്‍, പത്മനാഭന്‍ എന്ന മോഹന്‍, എടപ്പാള്‍ സ്വദേശി ഗോപാലന്‍, പട്ടാമ്പിക്കാരനായ ജയറാം. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായി ജയറാം തിളങ്ങുന്ന ഒരു നീളന്‍ ജുബ്ബയായിരുന്നു ധരിച്ചിരുന്നത്. എണ്ണക്കറുപ്പ് മുടി പറ്റിച്ച് ചീകിയിരിക്കുന്നു. പൗഡര്‍ പൂശിയ മുഖം. ചിരിക്കുമ്പോള്‍ ചെറുതാവുന്ന കണ്ണുകള്‍. നെറ്റിയില്‍ ചന്ദനക്കുറി.
അന്ന് രാത്രി ഞങ്ങള്‍ മേളിച്ചപ്പോള്‍ ജയറാം തബലയ്ക്ക് മുന്നില്‍ ഇരിക്കുന്നത് കണ്ടു. വേണു പാടുമ്പോള്‍ അയാള്‍ മതിമറന്ന് തബല വായിച്ചു. ചിരിയുണര്‍ത്തും വിധം തലയിട്ടു കുലുക്കി. അന്ന് രാത്രി താരാമഹല്‍ എന്ന ലോഡ്ജില്‍ എന്നെയുറക്കാന്‍ വിടുമ്പോള്‍ വേണു പറഞ്ഞു:
'പകല്‍ ഞങ്ങളെല്ലാം കുറച്ച് തിരക്കാണ്. ജയറാം വരും'
.jpg?$p=4f96ebc&w=610&q=0.8)
ജയറാമിന് അങ്ങിനെ പ്രത്യേകിച്ച് തിരക്കുകളൊന്നുമില്ല എന്ന് മനസ്സിലായി. വന്‍നഗരങ്ങളില്‍ തിരക്കൊഴിഞ്ഞവരെക്കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. അങ്ങിനെ കിട്ടുകയാണെങ്കില്‍ അവരായിരിക്കും ഏറ്റവും നല്ല വഴികാട്ടി.
പിറ്റേന്ന് രാവിലെ കൃത്യം 8 മണിയ്ക്ക് ജയറാം വന്ന് വാതിലില്‍ മുട്ടി. കഴിഞ്ഞ രാത്രി കണ്ട അതേ രൂപം. ചന്ദനക്കുറിയ്ക്ക്‌പോലും ഒരിഞ്ച് നീളം കൂടിയിട്ടില്ല. നല്ല പൗഡറിന്റേയും ചന്ദനത്തിരിയുടേയും ഗന്ധം.
'ടിഫിന്‍ കഴിക്കേണ്ടേ?'
ബ്രേക്ക് ഫാസ്റ്റ് എന്നതിന് പകരം ടിഫിന്‍ എന്ന് കേട്ടപ്പോള്‍ എനിക്കെന്തോ സന്തോഷം തോന്നി. മറന്നും മറഞ്ഞും പോവുന്ന പദങ്ങള്‍ ചിലര്‍ പ്രയോഗിക്കുന്നത് കേള്‍ക്കുമ്പോള്‍,ഒരുപാട് കാലമായി പിരിഞ്ഞ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത്‌പോലെയാണ്. ആ പദം ഉപയോഗിച്ചയാളും പെട്ടന്ന് മനസ്സില്‍ കയറിക്കൂടും.
ഉഡുപ്പി ഹോട്ടലില്‍ക്കൊണ്ടുപോയി ജയറാം എനിക്ക് ഇഡ്ഡലിയും ഉഴുന്ന് വടയും കാപ്പിയും വാങ്ങിത്തന്നു. അവിടത്തെ ഉപ്പുമാവ് ഉഗ്രനാണെന്നും വൈകുന്നേരും നമുക്ക് അവനെ പൂശാം എന്നും വി.കെ.എന്നിന്റെ ഭാഷയില്‍ വാക്കുതന്നു.
'കൊല്‍ക്കത്ത നടന്നും ബസ്സിലും ട്രാമിലും സൈക്കിള്‍ റിക്ഷയിലും കൈ റിക്ഷയിലും മെട്രോയിലും തോണിയില്‍ക്കയറി കടവുകള്‍ കടന്നുമാണ് കാണേണ്ടത്. അപ്പോഴേ അതിനെ ഒരു വിധമെങ്കിലും മനസ്സിലാവൂ'-ജയറാം റോഡിലേയ്ക്കിറങ്ങിപ്പറഞ്ഞു. ഞങ്ങള്‍ ലേക് ഗാര്‍ഡന്‍സിലേയും പാര്‍ക് സര്‍ക്കസ്സിലേയും തണല്‍ വഴികളിലൂടെ നടന്നു. നഗരം ഏതേതൊക്കെയോ തിരക്കുകളില്‍ ഓടുകയാണ്. അങ്ങിനെ നടക്കുമ്പോള്‍ എന്റെ ചോദ്യത്തിന് മറുപടിയായി ജയറാം തന്നെപ്പറ്റി ചുരുക്കിപ്പറഞ്ഞു: വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പിയില്‍നിന്നും വന്നതാണ്. ഒരു കമ്പനിയില്‍ ജോലിക്ക് കയറി. വിവാഹം കഴിച്ചില്ല. കമ്പനിയുമായി പിണങ്ങിയപ്പോള്‍ പുറത്ത് വന്ന് കമ്പനിക്കെതിരെ കേസ് കൊടുത്തു. കിട്ടുന്നത് വാങ്ങിപ്പോരൂ,എന്തിനാണ് കേസ് നടത്തി കാലം കഴിക്കുന്നത് എന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളുണ്ട്. അവര്‍ പറയുന്നത് അവര്‍ക്ക് ശരിയാണ്,തനിക്കല്ല. അതുകൊണ്ട് കേസിപ്പോഴും നടത്തുന്നു. നല്ല ദേഹണ്ഡക്കാരനാണ്. വെടിപ്പായി സദ്യയും മറ്റ് ഭക്ഷണങ്ങളും ചമയ്ക്കും. അങ്ങിനെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഭക്തിഭജനകള്‍ക്ക് തബല വായിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ കാര്യം.
ജയറാം ബഹുസഹസ്രബാഹുവായ കൊല്‍ക്കത്ത നഗരത്തിന്റെ പല പല വഴികളിലൂടെ നടന്നു;പിറകേ ഞാനും. തുടുചെമ്പരത്തിപ്പൂമാലയുമായി ഞങ്ങള്‍ കാളിഘട്ടില്‍പ്പോയിത്തൊഴുതു;അവിടെയുള്ള പാണ്ഡമാരെയും പൂക്കച്ചവടക്കാരെയുമെല്ലാം ജയറാമിന് നല്ല പരിചയമായിരുന്നു. തൊട്ടപ്പുറത്തുള്ള ചുവന്ന തെരുവിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി മദര്‍ തെരേസ നടത്തുന്ന ആശ്രമത്തിലും പോയി. കൊല്‍ക്കത്തയിലെ മഹാന്മാരും സാധാരണക്കാരും പണ്ഡിതരും പാമരരും ഒടുവില്‍ ഒരുപോലെ വന്നടിഞ്ഞ് മറയുന്ന നിംതാല ശ്മശാനത്തിലും പിതൃതര്‍പ്പണത്തിന്റെ ബാബുഘട്ടിലും പോയി. മെട്രോയില്‍ക്കയറി ടാഗോറിന്റെ വീടായ ജൊറാസങ്കോയിലും രബീന്ദ്രസദനിലും എല്‍ഗിന്‍ റോഡിലെ നേതാജി ഭവനിലും പോയി. ട്രാമില്‍ക്കയറി ബാലിഗഞ്ചിലെത്തി. എസ്പ്ലനേഡിലെ ബാറുകളിലും കോളേജ് സ്ട്രീറ്റിലെ കോഫീ ഹൗസിലും പുസ്തകക്കടകളിലും കറങ്ങിനടന്നു. വലിയ ലോഞ്ചില്‍ക്കയറി ഹൗറാപ്പാലത്തിനടയിലൂടെ ഹുഗ്ലീനദി മുറിച്ചുകടന്നു; ചെറുവഞ്ചി കയറി ശ്രീരാമകൃഷ്ണപരമഹംസരുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലേയ്ക്കും സ്വാമി വിവേകാനന്ദന്റെ ബേലൂര്‍ മഠത്തിലേയ്ക്കും പോയി. വഴിയോര ഭക്ഷണങ്ങള്‍ വാങ്ങിത്തന്നു. ബറാബസാറിലെ ആള്‍ക്കൂട്ടത്തിന്റെ കനം അനുഭവിപ്പിച്ചുതന്നു...ഏതേതൊക്കെയോ ഇടവഴികള്‍,ഏതേതൊക്കെയോ ചെറുവഴികള്‍. എല്ലാം ജയറാമിന് അറിയാമായിരുന്നു.
'കാറ് വാങ്ങാന്‍ കാശില്ലാത്തതിന്റെ ഗുണമാണ്.എല്ലായിടത്തും ഇങ്ങനെയിങ്ങനെ പോണം. അങ്ങനെ വഴി പഠിച്ചു'-കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് ജയറാം പറഞ്ഞു. ഇല്ലായ്മകൊണ്ട് ഇങ്ങിനേയും ചില ഗുണങ്ങളുണ്ട് എന്ന് എനിക്കന്ന് മനസ്സിലായി.
പുഴയില്‍വീണ ഇലയെപ്പോലെയായിരുന്നു ജയറാം നടക്കുക.യാതൊരു തിരക്കുമില്ലാതെ ഒഴുകിയൊഴുകി അങ്ങിനെയങ്ങിനെ. ഓരോന്നും പറഞ്ഞുതരും. അതിനിടെ നാട്ടുകാര്യങ്ങള്‍ പറയും. പഞ്ചവാദ്യത്തെക്കുറിച്ചും തായമ്പകയെക്കുറിച്ചും രസിച്ച് പറയും. രസവും സാമ്പാറും വെജിറ്റബിൾ സലാഡും കാച്ചിയമോരും കണ്ണിമാങ്ങയും ഉണ്ടാക്കുന്ന വിധം പറയും. നാട്ടില്‍ പോവേണ്ടതിനെക്കുറിച്ച് മോഹം പറയും. ഒരിക്കല്‍പ്പോലും തന്റെ ജീവിതത്തിന്റെ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ തന്റെ ലക്ഷ്യങ്ങളെക്കുറിച്ചോ ജയറാം സംസാരിച്ചിട്ടേയില്ല.
പിന്നീടുള്ള എന്റെ കൊല്‍ക്കത്തായാത്രകളിലെല്ലാം ജയറാം എനിയ്ക്ക് വഴികാട്ടിയായി. ഞങ്ങള്‍ നഗരം വിട്ട് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ചു. ഉച്ചഭക്ഷണം വാഴയിലയില്‍പ്പൊതിഞ്ഞ് ജയറാം കൊണ്ടുവരും. ഏതെങ്കിലും മരച്ചുവട്ടിലിരുന്ന് ഞങ്ങളത് കഴിയ്ക്കും. ശാന്തിനികേതനിലേക്കുള്ള എന്റെ ആദ്യ യാത്രകളിലും ജയറാം കൂട്ടുപോന്നു. വൈകുന്നേരം തന്റെ തബലയുമായിവന്ന് ജയറാം സദിസുകള്‍ക്ക് കൊഴുപ്പ് കൂട്ടും. കാണുമ്പോഴെല്ലാം ഞാന്‍ ചോദിക്കും:
'കേസെന്തായി?'
'നടക്കുന്നു. ഞാന്‍ ജയിക്കും. എന്നിട്ട് വേണം കടമൊക്കെ വീടി ഒന്ന് സ്വതന്ത്രനായി തലയുയര്‍ത്തി നടക്കാന്‍'
എല്ലാവര്‍ഷവും ഞാന്‍ കൊല്‍ക്കത്തയ്ക്ക് പോയിക്കൊണ്ടിരുന്നു. രണ്ട് കാര്യങ്ങള്‍ മാത്രം ഒട്ടും മാറിയില്ല:കൊല്‍ക്കത്തയും ജയറാമും.
ഒരുതവണ ചെന്നപ്പോള്‍ ജയറാം പറഞ്ഞു:
'കമ്പനിക്കെതിരെയുള്ള കേസ് ഞാന്‍ ജയിച്ചു.കടമെല്ലാം വീടി.'
എന്നാല്‍ അപ്പോഴേയ്ക്കും ഹൗറാപ്പാലത്തിനടിയിലൂടെ കാലത്തിന്റെ നദി ഒരുപാട് ഒഴുകിപ്പോയിരുന്നു. ജയറാമിന്റെ ജീവിതത്തില്‍ അയാള്‍പോലുമറിയാതെ ഒരുപാട് ഋതുക്കള്‍ വരികയും പോവുകയും ചെയ്തു. അതില്‍ ജയറാം ദു:ഖിച്ചിരുന്നോ എന്നെനിക്കറിയില്ല. ഒന്നും പുറത്ത് കാണിക്കാതെ,ചെല്ലുമ്പോഴെല്ലാം അയാള്‍ എനിയ്ക്ക് കൂട്ടുപോന്നു. നല്ല ഭക്ഷണവും സ്‌നേഹവും വിളമ്പി.
ഒന്ന് രണ്ട് വര്‍ഷം കൊല്‍ക്കത്ത യാത്ര മുടങ്ങിയപ്പോഴും ജയറാം വിളിക്കുമായിരുന്നു. അന്ന് താന്‍ നടന്ന കൊല്‍ക്കത്ത സരണികളെക്കുറിച്ചും ഉച്ചയ്ക്ക് തിളപ്പിച്ച രസത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് അയാള്‍ എന്നെ മോഹിപ്പിക്കും. പെട്ടന്ന് വണ്ടി കയറി അങ്ങോട്ട് വരാന്‍ പറയും.
വാക്കുകള്‍ പാലിക്കാന്‍ സാധിക്കാതെ എന്റെ യാത്രകള്‍ മുടങ്ങി. ജയറാമിന്റെ ശബ്ദം കേള്‍ക്കാതായി. ഒരു ദിവസം സുഹൃത്ത് പത്മാനാഭനാണ് പറഞ്ഞത് ജയറാമിന് ഹൃദയാഘാതം!അതില്‍നിന്നും മോചിതനായി വരുമ്പോഴേയ്ക്കും പക്ഷാഘാതം.അയാള്‍ കിടന്നുപോയി,സംസാരശേഷി നഷ്ടപ്പെട്ടു. അനുജന്റെ ഫോണില്‍ വിളിച്ചാല്‍ വാക്കുകള്‍ അസ്തമിച്ച് ജയറാം കരഞ്ഞുകൊണ്ടേയിരുന്നു. തന്റെ നഗരനടത്തങ്ങളും സൗഹൃദങ്ങളുമെല്ലാം തീര്‍ന്നു എന്നയാള്‍ക്ക് മനസ്സിലായിരിക്കാം. ജയറാമിന്റെ ഫോണ്‍നമ്പര്‍ എന്റെ ഫോണില്‍നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു. ആ മനുഷ്യനും അയാളുടെ സംസാരവും എനിക്ക് ഓര്‍മ്മ മാത്രമായി.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്ന ആ കോള്‍ കൊല്‍ക്കത്തയില്‍നിന്നും വന്നു:ജയറാം പോയി.
നഗരത്തില്‍ അലിഞ്ഞലിഞ്ഞ് നടന്നിരുന്ന ആ മനുഷ്യന്റെ വിരല്‍ത്തുമ്പില്‍നിന്നും എന്റെ പിടുത്തം ഊര്‍ന്ന്‌പോയി. മഹാനഗരത്തില്‍ വഴിയറിയാതെ ഞാനിപ്പോള്‍ തനിച്ചാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..