ആഗാ ഖാൻ കൊട്ടാരത്തിൽ ഗാന്ധിജിയെ താമസിപ്പിച്ചിരുന്ന മുറി/
പോര്‍ബന്തറില്‍,മഹാത്മാഗാന്ധിയുടെ വീടായ കീര്‍ത്തി മന്ദിറിന് പിറക് വശത്തുകൂടെയുള്ള 'നയീ ഖട്കി'എന്ന വഴിയിലൂടെ (നയീ ഖട്കി എന്നാല്‍ പുതിയ വഴി എന്നാണ്. എന്നാല്‍ ആ വഴി ഏറെ പഴയതും വൃത്തിഹീനവുമായിരുന്നു) നടന്ന് നടന്ന് എത്തിയത് ഗോകുല്‍ദാസ് മഖന്‍ജി എന്ന പഴയകാല വസ്ത്രവ്യാപാരിയുടെ അന്നത്തെ നിലവച്ച് അല്‍പ്പം പ്രഭുത്വം കലര്‍ന്ന വീട്ടിലായിരുന്നു. ഗോകുല്‍ദാസിന്റെ ആറ് മക്കള്‍ മരിച്ചുപോയതായിരുന്നു; ശേഷിച്ചത് ഒരു പെണ്‍കുട്ടി മാത്രം. അവളുടെ പേര് കസ്തൂര്‍ബ എന്നായിരുന്നു. അവളെ ഗോകുല്‍ദാസും ഭാര്യ വ്രജകുംവറും അമിതമായി ലാളിച്ചായിരിക്കും വളര്‍ത്തിയിട്ടുണ്ടാവുക,തീര്‍ച്ച!
ഗോകുല്‍ദാസ് സമ്പന്നനായിരുന്നു എന്നതിന് ആ വീട് തെളിവായിരുന്നു. കൊത്തുപണികളുള്ള തേക്കിന് കതകുകള്‍,ചിത്രപ്പണികള്‍ നിറഞ്ഞ ചുവരുകള്‍. മുകള്നിലയിലേക്കെത്തുമ്പോള് ഒരു കാലത്ത് ആ വീട്ടില്‍ സ്പന്ദിച്ചിരുന്ന പ്രൗഢജീവിതം ആര്‍ക്കും സങ്കല്പ്പിക്കാം.
കസ്തൂര്‍ബയെ കല്ല്യാണം കഴിച്ചത് കാബാ ഗാന്ധിയുടെ മകന് മോഹന്‍ദാസായിരുന്നു. മോഹന്‍ദാസിന്റെ മട്ടുപ്പാവില്‍നിന്നും ഒന്ന് ഏന്തിനോക്കിയാല്‍ കസ്തൂര്‍ബയുടെ വീട് കാണാം. ആ മാതാപിതാക്കള്‍ക്ക് മകളെക്കുറിച്ച് വര്ണ്ണപ്പകിട്ടാര്ന്ന് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയില്ല. എന്നാല്‍,മോഹന്‍ദാസിനെ വിവാഹം കഴിച്ചതിന് ശേഷം ഇത്തരത്തിലുള്ള പ്രൗഢഗൃഹജീവിതം കസ്തൂര്‍ബയ്ക്ക് ഒരിക്കലും സാധിച്ചിട്ടില്ല. അവള് കടലുകള്‍ കടന്നുപോയി, സമരം ചെയ്തു, ജീവിതത്തിന്റെ മുഖ്യപങ്കും മുളയും മണ്ണും കൊണ്ട് മേഞ്ഞ കുടിലുകളില്‍ പാര്‍ത്തു, ജയിലില്‍ക്കിടന്നു, ജയിലില്‍വച്ചുതന്നെ മരിച്ചു. വിവാഹശേഷം ഈ വീട്ടിലേയ്്ക്ക് അവര്‍ വന്നിരുന്നോ എന്നും പാര്‍ത്തിരുന്നോ എന്നും അറിയില്ല. മഹാത്മാഗാന്ധി എന്ന മഹാവൃക്ഷത്തിന്റെ തണലില്‍, അദ്ദേഹത്തിന്റെ സമരങ്ങള്‍ക്കും ശപഥങ്ങള്‍ക്കും സത്യാന്വേഷണങ്ങള്‍ക്കും സാക്ഷിയും ശക്തിയുമായി അവര്‍ സ്വയം ഉരുകിയുരികി നിന്നു.
ഗോവിന്ദ് ലാല്‍ജി ചൂഡാസമ എന്ന വീട്ടുസൂക്ഷിപ്പുകാരനോട് വിട പറഞ്ഞിറങ്ങുമ്പോഴും മനസ്സുനിറയെ കസ്തൂര്‍ബയുടെ ജീവിതത്തെക്കുറിച്ചുള്ള കലങ്ങി മറിഞ്ഞ ചിന്തകളായിരുന്നു. പിന്നീട് വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍വച്ച്, കസ്തൂര്‍ബ ഉപയോഗിച്ചിരുന്ന പരുപരുത്ത പരുത്തി വസ്ത്രങ്ങള്‍ കണ്ടു. അതിലൊന്ന് ഗാന്ധി ഭാര്യയ്ക്കായി സ്വന്തം കൈകൊണ്ട് നൂറ്റ് തുന്നിയതായിരുന്നു. പട്ടുടയാടകളാല് പൊതിയപ്പെട്ട് ജീവിയ്ക്കേണ്ട വസ്ത്രവ്യാപാരിയുടെ മകളുടെ പരുത്തിയില്പ്പൊതിഞ്ഞ ജീവിതം. ഇവയെല്ലാം കണ്ടപ്പോള്‍ കസ്തൂര്‍ബ മരിച്ച പുണെയിലെ ആഗാഖാന്‍ കൊട്ടാരത്തിലെ മുറിയൊന്ന് കാണണം എന്ന് മോഹിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ സഹയാത്ര അവസാനിച്ച സ്ഥലമാണത്. ഭാര്യയുടെ മൃതദേഹത്തിനരികില്‍ മൂടിപ്പുതച്ച്, ഉള്ളാലെ ചിതറിയുടഞ്ഞിരിക്കുന്ന ഗാന്ധിയുടെ ചിത്രം അത്രയ്ക്ക് വേദനയോടെ ഉള്ളില്ത്തട്ടിയതാണ്. ചിതയുടെ നാളത്തിലേയ്ക്ക് മിഴിനട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രവും ഓര്‍മ്മയിലുണ്ട്. കഴിഞ്ഞ മാസം പുണെയില്പ്പോയപ്പോള് ആദ്യം അന്വേഷിച്ചത് ആഗാഖാന്‍ കൊട്ടാരമായിരുന്നു. പുണെയിലെ മലയാളി സുഹൃത്ത് ജെ.പി.കെ.നായര്‍ പറഞ്ഞു: 'നിങ്ങളിത് ചോദിക്കും എന്നെനിക്കറിയാം. ഇവിടെ വരുന്ന ഒരുപാട്പേര്‍ക്ക് ആഗാഖാന്‍ കൊട്ടാരത്തിലേയ്ക്ക് ഞാന്‍ വഴികാട്ടിയായിട്ടുണ്ട്.'
സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഗാഖാന്‍ മൂന്നാമന്,1892-ല്‍,19 ഏക്കര്‍ സ്ഥലത്ത് പണിത ആഗാഖാന്‍ കൊട്ടാരത്തെ ചരിത്രത്തില്‍ മുദ്രണം ചെയ്തിരിക്കുന്നത് ഓഗസ്റ്റ് 9, 1942 മുതല്‍ 1944 മെയ് 6 വരെ മഹാത്മാഗാന്ധിയുടെ കാരാഗൃഹമായ ഇടം എന്ന നിലയിലാണ്. ചരിത്രകുതുകികളായ സഞ്ചാരികള്‍ അവിടേയ്്ക്ക് വരുന്നതും ആ സ്മരണകളുമായാണ്. എന്നാല്‍ എനിയ്ക്ക് ഈ കൊട്ടാരം കസ്തൂര്ബായുടേയും ഗാന്ധിയുടെ വലംകയ്യായിരുന്ന സെക്രട്ടറി മഹാദേവ് ദേശായിയുടേയും മരണസ്ഥലമായിരുന്നു. ഇവിടെവച്ചാണ് ഗാന്ധി ഈ ഭൂമിയില്‍ തീര്‍ത്തും തനിച്ചായിപ്പോയത്. കൊട്ടാരത്തിലേയ്ക്ക് വന്ന ഗാന്ധിയായിരുന്നില്ല കൊട്ടാരത്തില്‍നിന്ന് പുറത്തുപോയത്.
.jpg?$p=aa62323&&q=0.8)
ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ സൊസൈറ്റി ആഗാഖാന്‍ കൊട്ടാരത്തെ അതിന്റെ പ്രൗഢി ഒട്ടും ചോര്‍ന്നുപോവാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു. വിശാലമായ ഉദ്യാനത്തിന്റെ നടുവില്‍ എവിടെയൊക്കെയോ ക്രിസ്ത്യന്‍ പള്ളികളേയും യൂറോപ്യന്‍ പ്രഭുഗൃഹങ്ങളേയും ഓര്‍മ്മിപ്പിക്കുന്ന കൊട്ടാരത്തിന്റെ താഴെ വാരാന്തയോട് ചേര്‍ന്ന മുറികളിലായിരുന്നു ഗാന്ധിയേയും കസ്തൂര്‍ബയേയും മഹാദേവ് ദേശായിയേയും തടവില്‍ പാര്‍പ്പിച്ചിരുന്നത്. വളരെ ചെറുതാണ് മുറികള്‍. ഒന്നോ രണ്ടോ പുസ്തകങ്ങളും അത്രതന്നെ വസ്ത്രങ്ങളും ഒരു ചെറിയ എഴുത്തുമേശയും കുറച്ച് പാത്രങ്ങളും ഒരു ഊന്ന്വടിയും അരയില്‍ തൂക്കിയിടുന്ന ഒരു വാച്ചും പ്രസിദ്ധമായ വട്ടക്കണ്ണടയും ചെരുപ്പും മാത്രം സ്വത്തായുണ്ടായിരുന്ന ഗാന്ധിയ്ക്ക് ആ മുറ് ധാരാളമായിരുന്നു. എന്നാല്‍ കസ്തൂര്‍ബ അവിടെ എങ്ങിനെ ജീവിച്ചു എന്ന കാര്യം ആലോചിക്കുമ്പോള്‍ അമ്പരന്നുപോയി. ഗാന്ധിയ്ക്കും കസ്തൂര്ബയ്ക്കുമൊപ്പം അവരെ സഹായിക്കാന്‍ മനുഗാന്ധി എന്ന കൗമാരക്കാരിയുണ്ടായിരുന്നു. അവള്‍ക്കും ആ മുറിയില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
ഗാന്ധിയ്ക്കും കസ്തൂര്‍ബയ്ക്കും മനു മകളെപ്പോലെ പ്രിയപ്പെട്ടവളായിരുന്നു.ആഗാഖാന്‍ കൊട്ടാരത്തിലെ ഗാന്ധിയുടേയും കസ്തൂര്ബയുടേയും ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും മിഴിവുള്ള ചിത്രങ്ങളുള്ളത് 1943 മുതല്‍ 1944 വരെ മനു എഴുതിയ ഡയറിക്കുറിപ്പുകളിലാണ്. അതിലൊരിടത്ത് മനു എഴുതി: '...ബാ എന്നെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു. എന്റെ അമ്മ മരിച്ചിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ അമ്മയുടെ അടുത്താണ് കിടന്നിരുന്നത്. അമ്മ എന്നെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഉറക്കും. നാല് വര്‍ഷത്തിന് ശേഷം ബാ എന്റെ അമ്മയെപ്പോലെ എന്നെ ചേര്ത്തുകിടത്തിയുറക്കിയപ്പോള് അതെല്ലാം ഞാന്‍ ഓര്‍ത്തുപോയി. സ്നേഹത്തോടെ അവര്‍ തൊട്ടപ്പോള്‍ എന്നില്‍ ആനന്ദം നിറഞ്ഞു. എന്റെ അമ്മയെക്കുറിച്ചുള്ള മങ്ങിത്തുടങ്ങിയ ഓര്‍മ്മകളെ അവ തിരിച്ചുകൊണ്ടുവന്നു. ഞാന്‍ കരഞ്ഞു. ഇന്ന് എന്റെ അമ്മയുടെ താലോലം ഞാന്‍ വീണ്ടും അനുഭവിച്ചു...'
ആഗാഖാന്‍ കൊട്ടാരത്തിലെ ജീവിത്തെക്കുറിച്ചുള്ള മനുഗാന്ധിയുടെ ഡയറിക്കുറിപ്പുകളില്‍ ഗാന്ധിയും കസ്തൂര്‍ബയും തമ്മിലുള്ള കുഞ്ഞു കലഹങ്ങളും വായിക്കാം. ഒരു മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നയാള്‍ സ്വന്തം ഭാര്യയുടെ കോപത്തിന് മുന്നില്‍ ചൂളി നില്ക്കുന്ന കാഴ്ച! നല്ല മഴ പെയ്യുന്ന ഒരു ദിവസം പുറത്തെ ബെഞ്ചില്‍ വന്നിരിക്കുന്ന കസ്തൂര്ബയെക്കണ്ട് ഗാന്ധി പറഞ്ഞു:
'അകത്തേയ്ക്ക് വരൂ. രോഗം കൂടി നീ കിടപ്പിലാവും'
അപ്പോള്‍ ക്ഷോഭത്തോടെ കസതൂര്‍ബ പറഞ്ഞു:
'ഓ അപ്പോള്‍ നിങ്ങള്‍ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ട് അല്ലേ? എനിയ്ക്കെങ്ങിനെയുണ്ട് എന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നേയില്ല. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ മരിച്ചുപോവേണ്ടതായിരുന്നു. എന്നാല്‍ നിങ്ങള്‍ എന്റെയടുത്ത് വന്നതുപോലുമില്ല'
ഇത് കേട്ട് നിസ്സഹായനായ ഗാന്ധി പറഞ്ഞു:
'ഞാന്‍ സുശീല (സുശീല നയ്യാര്‍)യെ നിന്റെയടുത്തേക്കയച്ചിരുന്നു. ഞാനും വന്നിരുന്നു. നീ നല്ല ഉറക്കമായതിനാല്‍ വിളിയ്ക്കേണ്ട എന്ന് വച്ചു. അകത്തേയ്ക്ക് വാ എന്നിട്ട് സംസാരിക്കാം..'
'എനിയ്ക്കൊന്നും സംസാരിക്കാനില്ല'. കസ്തൂര്‍ബയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. അതുകേട്ട് ഗാന്ധി മന്ദഹസിച്ചു (1943 ഒക്ടോബര്‍ 9-ന്റെ ഡയറിക്കുറിപ്പ്)
മരണത്തോടടുത്ത കസ്തൂര്ബയെക്കാണാന് ഈ മുറിയ്ക്ക് മുന്നില്‍ ബന്ധുക്കളെല്ലാം എത്തി. മൂത്ത മകന് ഹരിലാല്‍ മദ്യപിച്ച് മദ്യപിച്ച് കുഴയുന്ന കാലുകളില്‍ വേച്ചുവേച്ച് വന്നു. വേദന സഹിക്കാതാവുമ്പോള്‍ കസ്തൂര്‍ബ പറയും:
'ബാപ്പുജീ,ഇതെന്റെ അവസാന ശ്വാസമാണ്. എനിയ്ക്ക് വല്ലാതെ വേദനിക്കുന്നു'
സ്ഥിതപ്രജ്ഞനായ ഗാന്ധി അത് കേട്ട് പറയും:
'യാത്രയാകൂ ബാ,പക്ഷേ ശാന്തമായി. അങ്ങിനെ വേണ്ടേ?'ശേഷം അദ്ദേഹം ഭഗവദ്ഗീതയില്നിന്നുള്ള ശ്ലോകങ്ങള്‍ ചൊല്ലും.
1944 ഫിബ്രവരി 22ന് മഹാശിവരാത്രിനാളില്‍ കസ്തൂര്‍ബാ ഗാന്ധി മരിച്ചു. മരണദിവസം ഭര്‍ത്താവിനെ അവര്‍ അദ്ദേഹത്തിന്റെ പതിവ് നടത്തത്തിന് വിട്ടില്ല. തന്റെ അടുത്തിരിക്കണം എന്ന് നിര്‍ബന്ധിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗാന്ധിയുടെ മടിയില്‍ തലവെച്ച് അവര്‍ കിടന്നു. എല്ലാവരും ചേര്‍ന്ന് ഫോട്ടോയെടുത്തു.
'എന്തോ സംഭവിക്കാന്പോവുന്നു' എന്ന് കസതൂര്‍ബ പറഞ്ഞുതീര്‍ന്നതും അടുത്ത നിമിഷം അവരുടെ മിഴികള്‍ അടഞ്ഞു. ഗാന്ധി ആ നെറ്റിയില്‍ നെറ്റി ചേര്‍ത്തുവച്ചു. മകന് ദേവദാസിനോട് പറഞ്ഞു:
'ഞാന്‍ മഹാദേവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതാണ്. ബായുടേത് നീ ചെയ്യണം'(ആ മുറിയുടെ തൊട്ടപ്പുറത്തെ മുറിയില്‍വച്ച് അതിനും രണ്ട് വര്‍ഷം മുന്‍പാണ് ഗാന്ധിയുടെ സെക്രട്ടറി മഹാദേവ് ദേശായി മരിച്ചത്).
ഗാന്ധി സ്വന്തം കൈകൊണ്ട് തുന്നിയ സാരിയുടുത്താണ് ആ മുറിയില്‍നിന്നും കസ്തൂര്‍ബ തൊട്ടപ്പുറത്തെ തൊടിയിലെ ചിതയിലേക്ക് യാത്രയായത്. അന്ന് രാത്രി ഗാന്ധി പറഞ്ഞതായി മനു എഴുതുന്നു:
'ഞാനിന്ന് ഒരു തകര്‍ന്ന പാത്രമാണ്..
കസ്തൂര്‍ബ വിടപറഞ്ഞ രാത്രി എങ്ങിനെയായിരിക്കും ഗാന്ധി ഈ മുറിയില്‍ കഴിഞ്ഞിട്ടുണ്ടാവുക?സ്ഥിതപ്രജ്ഞനായ ആ മനുഷ്യന് ആരും കാണാതെ കരഞ്ഞിട്ടുണ്ടാവുമോ?
കുറേ വര്‍ഷങ്ങള്‍ക്ക്മുമ്പ് ഗുജറാത്തിലെ രാജ്കോട്ടില്വച്ച് കണ്ടപ്പോള്‍ മഹാദേവ് ദേശായിയുടെ മകന് നാരായണ്‍ ദേശായി പറഞ്ഞതോര്‍ത്തു:
'ഒരുപാട് തവണ അപേക്ഷിച്ചിട്ടാണ് എനിയ്ക്കും അമ്മയ്ക്കും ആഗാഖാന്‍ കൊട്ടാരത്തിലെ ജയിലില്‍ ഗാന്ധിജിയെക്കാണാന്‍ അവസരം ലഭിച്ചത്. ഞങ്ങള്‍ ചെന്നപ്പോള്‍ കൊട്ടാരത്തിലെ നീളമുള്ള വരാന്തയിലിട്ടിരിക്കുന്ന കട്ടിലില്‍ ബാപ്പു ഇരിപ്പുണ്ടായിരുന്നു. ആറ് മാസം അടക്കിപ്പിടിച്ചിരുന്ന കരച്ചില് അമ്മയുടെ നെഞ്ചില്‍നിന്നും കൂടുടഞ്ഞ് ചിതറിപ്പോയി, ബാപ്പുവിനെക്കണ്ടപ്പോള്. ബാപ്പു എന്തോ പറയാന്‍ ശ്രമിച്ചു. എന്നാല്‍ മഹാദേവ്
എന്ന് പറഞ്ഞപ്പോള്‍ വാക്കുമുറിഞ്ഞ് അദ്ദേഹത്തിന്റെ കണ്ഠം വിതുമ്പി. സൂര്യതാപമേറ്റ് ചെമ്പിന്നിറമായ ആ കവിളിലൂടെ കണ്ണീര് പ്രവഹിച്ചു. അന്നാണ് ഗാന്ധിജി കരയുന്നത് ഞാന്‍ ആദ്യമായും അവസാനമായും കണ്ടത്...'
എന്തിനൊക്കെ സാക്ഷിയായ മുറി! എന്തൊക്കെ കേട്ട മുറി! അവിടെയാണ് ഞാന്‍ നില്‍ക്കുന്നത്. കാലം ഇവിടെ നിലച്ചതുപോലെ. കൊട്ടാരത്തിന്റെ വളപ്പില്‍ രണ്ട് ശവകുടീരങ്ങളുണ്ട് അടുത്തടുത്തായി:കസ്തൂര്ബയുടേയും മഹാദേവ് ദേശായിയുടേയും. തൊട്ടടുത്ത് ഗാന്ധിയുടെ ചിതാഭ്സമം വച്ച ഒരിടവും.

പോര്‍ബന്തറിലെ നയീ ഖട്കിയോട് ചേര്‍ന്ന വലിയ വീട്ടില്‍ തുടങ്ങിയ ഒരു ജീവിതം ഇവിടെയുറങ്ങുന്നു.തന്റെ ജീവിതത്തെക്കുറിച്ച് കസ്തൂര്‍ബയ്ക്ക് സ്വപ്നങ്ങളുണ്ടായിരുന്നോ എന്നെനിക്കറിയില്ല. എന്നാല്‍ ആഗാഖാന്‍ കൊട്ടാരവളപ്പിലെ ഈ ശവകുടീരത്തിനരികെ നില്ക്കുമ്പോള് ഒന്ന് ബോധ്യമാവുന്നു:
വലിയ സമരങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ക്കും പിറകില്‍ നിശ്ശബ്ദമായ ചില ത്യാഗങ്ങളുണ്ട്. സഹനങ്ങളുണ്ട്. ശരിയ്ക്കും ചെവി ചേര്‍ത്താല്‍ അവയില്‍നിന്ന് വിദൂരമായ ചില മര്‍മ്മരങ്ങള്‍ കേള്‍ക്കാം. അങ്ങിനെ കസ്തൂര്‍ബ മന്ത്രിക്കുന്നതെന്തായിരിക്കാം?
Content Highlights: Yathrakkidayil, Sreekanth Kottakkal, Mahatma Gandhi, Kasturba, Aga Khan Palace
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..