സമ്പത്ത് തരണേ,ശത്രുവിനെ ഇല്ലാതാക്കണേ,സ്ഥാനമാനങ്ങള്‍ വേണമേ; മലീമസ പ്രാര്‍ത്ഥനകള്‍ ഒന്നും ഇവിടെ ഇല്ല


ശ്രീകാന്ത് കോട്ടയ്ക്കല്‍അക്ഷരവും കലയും മാത്രമാണ് ഇവിടുത്തെ അഭീഷ്ടവരദാനം. അതുകൊണ്ടായിരിക്കാം മറ്റ് പല അതിപ്രശസ്ത ആരാധനാലയങ്ങളേയും പോലെ ദുര്‍മ്മേദസാര്‍ന്ന ഭക്തരേയും ഭക്തിയേയും ഇവിടെ കാണാത്തത്. യില്ല

കൊല്ലൂർ മൂകാംബിക ക്ഷേത്രം/ ഫോട്ടോ: ഗോവിന്ദ്. കെ

ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതുന്ന കോളം യാത്രയ്ക്കിടയില്‍ വായിക്കാം...

കൊല്ലൂരിലേയ്ക്ക് പോവണമെങ്കില്‍ ഉള്ളം കൊളുത്തിവലിയ്ക്കണം എന്ന് അനുഭവസ്ഥരെല്ലാം പറഞ്ഞിട്ടുണ്ട്. സ്വന്തം തീരുമാനത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. തൂമഞ്ഞ് തഴുകുന്ന ഗാഢമായ അഭയാരണ്യം,അവിടത്തെ മഴ നനഞ്ഞ കാട്ടുതുളസികളുടെ മണം, വനത്തിന്റെ അഗാധതകളിലെ തുറന്ന കോവിലുകള്‍, ഔഷധഗന്ധിയായ സൗപര്‍ണ്ണികയുടെ തണുപ്പും താളവും, കുടജാദ്രിയിലെ മോഹിപ്പിക്കുന്ന മൗനം, കുങ്കുമം മണക്കുന്ന ചുറ്റമ്പലം, തെളിഞ്ഞുവിളങ്ങുന്ന മൂകാംബികയുടെ ദര്‍ശനം, കല്‍ക്കണ്ടത്തിന്റേയും കഷായതീര്‍ത്ഥത്തിന്റേയും രുചി, സരസ്വതീമണ്ഡപത്തിലെ വിദ്യയുടെ അനുഗ്രഹം, പച്ചരിച്ചോറിന്റേയും കന്നഡ കൂട്ടിലുള്ള സാമ്പാറിന്റേയും അനന്യമായ രുചി...ഇവയെല്ലാം ചേര്‍ന്ന് വിളിയ്ക്കണം. എത്രയും പെട്ടന്നെ് ആ തിരുനടയില്‍ എത്തിയേ തീരൂ എന്ന് മനസ്സ് വെമ്പണം. അപ്പോള്‍ മാത്രമേ പോകാന്‍ സാധിയ്ക്കൂ;അങ്ങിനെ പോവുന്നതാണ് യഥാര്‍ത്ഥ അനുഭൂതി.

ഉള്ളം ഉത്കടമായി ഇതിനൊക്കെ ഉരുകിയപ്പോഴാണ് കഴിഞ്ഞ ദിവസം കൊല്ലൂരേയ്ക്ക് പോയത്. മംഗലാപുരത്തെത്തി അവിടെനിന്ന് സുഹൃത്തിന്റെ കാറില്‍ ഉഡുപ്പിയും കുന്ദാപുരവും കടന്ന്, കാനനപാതയുടെ സൗഖ്യമേറ്റ്...വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലൂരിലും കുടജാദ്രിയിലും ആദ്യമായി വന്നപ്പോള്‍ കുന്ദാപുര കഴിഞ്ഞാല്‍ തുടങ്ങുകയായി മനോഹര വനം. വളരെക്കുറച്ചുമാത്രം ജനവാസം. എപ്പോഴെങ്കിലും,എവിടെയെങ്കിലും ഒരു ചെറു കട കണ്ടാലായി. നിശ്ശബ്ദത. ഇടയ്ക്കിടെ പെയ്യുന്ന മഴ. ചെറുപ്രാണികള്‍ മുതല്‍ പല പല പക്ഷികള്‍ വരെ സ്വന്തം ശബ്ദങ്ങള്‍കൊണ്ട് ശ്രുതി മീട്ടുന്ന വനം. കാറ്റുപോലും സാന്ത്വനം.
എന്നാല്‍ വര്‍ഷങ്ങള്‍ പോകെപ്പോകെ ഈ വഴികള്‍ ജനസ്പന്ദനങ്ങളാല്‍ നിറയാന്‍ തുടങ്ങി. ലെയ്‌സുകള്‍ തൂങ്ങിക്കിടക്കുന്ന കടകളില്‍നിന്നും മൊബൈല്‍ ഫോണ്‍ പാട്ടുകളും മണിനാദങ്ങളും. വളര്‍ന്നുവരുന്ന ചെറു ചെറു അങ്ങാടികള്‍. ചുവന്ന ബോര്‍ഡുകളുമായി ചില ബാറുകള്‍. വഴിച്ചൂണ്ടുപലകകളുമായി കവലകള്‍. പഴയ ആ പ്രശാന്തമായ പാത പതുക്കെപ്പതുക്കെ ഓര്‍മ്മയായിക്കൊണ്ടിരിക്കുന്നു.

കാട്ടില്‍പ്പെയ്ത മഴയില്‍ സൗപര്‍ണ്ണിക കലങ്ങി ഒഴുകുകയായിരുന്നു. മനുഷ്യസ്പര്‍ശംകൊണ്ട് കൂടുതല്‍ മലീമസമാവാത്ത തീര്‍ത്ഥം. കണ്ണട വെയ്ക്കാതെ ഒരക്ഷരം വായിക്കാന്‍ സാധിക്കാത്ത തനിയ്ക്ക് സൗപര്‍ണ്ണികയില്‍ മുങ്ങിനിവര്‍ന്ന പത്തു നിമിഷങ്ങള്‍ കാഴ്ച തിരിച്ചുകിട്ടിയതും കണ്ണട മറന്നുപോയതും സി.രാധാകൃഷ്ണന്‍ എഴുതിയതോര്‍ത്തു. അകത്തേയും പുറത്തേയും കണ്ണുകള്‍ തെളിയിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് മുങ്ങിനിവര്‍ന്നപ്പോള്‍ മുന്നില്‍ പുതിയൊരു പ്രപഞ്ചം.

സന്ധ്യയ്ക്ക്,മൂകാംബികയുടെ മുറ്റത്ത് തിരക്കിന് നടുവില്‍ തനിച്ചിരിക്കുന്നത് അലൗകികമായ ആനന്ദമാണ്. പ്രാര്‍ത്ഥനയുടെ പ്രവാഹമായി മനുഷ്യര്‍:കൂടുതല്‍ സമ്പത്ത് തരണേ,ശത്രുവിനെ ഇല്ലാതാക്കണേ,സ്ഥാനമാനങ്ങള്‍ വേണമേ തുടങ്ങിയ മലീമസമായ ഭൗതികപ്രാര്‍ത്ഥനകള്‍ ഒന്നും ഇവിടെയില്ല. കണ്ഠം തെളിഞ്ഞ് പാടാന്‍ കഴിയണേ, ചുവടുകള്‍ പിഴയ്ക്കരുതേ, വാരിധി തന്നില്‍ തിരമാലകളെന്നപോലെ ഭാരതീ പദാവലി കാലേ കാലെ തോന്നേണമേ, അക്ഷരങ്ങള്‍ ഉള്ളം തെളിഞ്ഞ് വിളങ്ങേണമേ തുടങ്ങിയ അഭ്യര്‍ത്ഥനകള്‍ മാത്രം. അക്ഷരവും കലയും മാത്രമാണ് ഇവിടുത്തെ അഭീഷ്ടവരദാനം. അതുകൊണ്ടായിരിക്കാം മറ്റ് പല അതിപ്രശസ്ത ആരാധനാലയങ്ങളേയും പോലെ ദുര്‍മ്മേദസാര്‍ന്ന ഭക്തരേയും ഭക്തിയേയും ഇവിടെ കാണാത്തത്.

രാത്രിയില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അഡിഗയുടെ ശിരസ്സേറി ദേവി പുറത്ത് വന്നു. പ്രദക്ഷിണ വഴിയില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍. നടയടച്ചപ്പോള്‍ പൂജാരി പറഞ്ഞു:
'അമ്മയുടെ പ്രസാദമായി ഊണ് കഴിക്കൂ;അത് കഴിഞ്ഞ് കഷായ തീര്‍ത്ഥം തരാം'
ലളിതമായ ഊണില്‍ നാഗരികന്റെ ആസക്തമായ വിശപ്പടങ്ങുന്നു. കൃഷ്ണ കഴുകിക്കമിഴ്ത്തിയ പാത്രത്തിലെ ഒരു കഷ്ണം ചീരയില കൃഷ്ണന്റെ വിശപ്പടക്കിയപോലെ.
രാത്രി വളരെ നേരത്തേ കൊല്ലൂര്‍ അങ്ങാടി ഉറങ്ങി. ആളൊഴിഞ്ഞ അങ്ങാടിയിലൂടെ നടക്കുമ്പോള്‍ പശ്ചാത്തലത്തില്‍ സൗപര്‍ണ്ണിക ഒഴുകുന്ന ശബ്ദം,രാവിന്റെ ജലശ്രുതിപോലെ.
പിറ്റേന്ന് രാവിലെ ഉണര്‍ന്ന് മുറിയുടെ ജാലകം മലര്‍ക്കേ തുറന്നപ്പോള്‍,ദൂരെ ഇളം മഞ്ഞില്‍ കുടജാദ്രി തിളങ്ങുന്നു.അവസാന തവണ അവിടെപ്പോയപ്പോള്‍ മഞ്ഞുപുകക്കിടയിലൂടെ കണ്ട് നീലപ്പൂക്കളുടെ താഴ്‌വര ഓര്‍മ്മവന്നു.അതിനിടയിലൂടെ പറക്കുന്ന പല വര്‍ണ്ണ ചിത്രശലഭങ്ങള്‍.കാറ്റുപോലുമില്ലാത്ത ഏകാന്തത.സന്ധ്യയുടെ ആരതി.
അവയെല്ലാം ഇപ്പോഴും അവിടെ ഉണ്ടായിരിക്കാം-മല കയറി ധ്യാനിക്കാന്‍ വരുന്ന ഏകാകിയായ യാത്രികനെക്കാത്ത്. അങ്ങിനെയൊരിടം തൊട്ടടുത്തുണ്ട് എന്ന അറിവ് നല്‍കുന്ന ആശ്വാസം ചെറുതല്ല.

Content Highlights: Yathrakkidayil, Sreekanth Kottakkal, Kollur Mookambika Temple


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented