വി.ടി ഭട്ടതിരിപ്പാട്/ ഫോട്ടോ: പുനലൂർ രാജൻ
മനുഷ്യന്‍ ആത്മശുദ്ധീകരണം നടത്തുന്നത് യാത്രകളിലൂടെയാണ്. കണ്ണും കാതും തുറന്നുപിടിച്ച് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ കാതം താണ്ടുംതോറും തിരിച്ചറിവുകളുടെ വിശുദ്ധിയുമായാണ് തിരികെയെത്തുന്നത്. ഓരോ യാത്രയും മനുഷ്യനെ പുതുക്കിക്കൊണ്ടിരിക്കുന്നു. ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതുന്ന 'യാത്രയ്ക്കിടയില്‍...' എന്ന പംക്തി ആരംഭിക്കുന്നു.
പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകുന്ന വിമാനത്തെ ശപിച്ചുകൊണ്ട്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശാലമായ തളത്തില്‍ ചടഞ്ഞിരിക്കുമ്പോള്‍, ആകാശത്തേയ്ക്ക് പറന്നുയരാന്‍ വെമ്പുന്ന ഒരു രാജാളിപ്പക്ഷിയെപ്പോല്‍ തോന്നിച്ചു ലോകം. അതിന്റെ കാല്‍പ്പാദങ്ങളില്‍ ഒരു കൂച്ചുവിലങ്ങ് അഴിഞ്ഞുവീഴാറായി നിലത്തൂര്‍ന്ന് കിടക്കുന്നു. രണ്ട് വര്‍ഷം നീണ്ട കോവിഡ് കാലമാണ് ചങ്ങലയായി രൂപാന്തരപ്പെട്ടത്. പേടിച്ച്,സ്വയം ഏകാകികളായി, പരസ്പരം അകന്ന്, സ്പര്‍ശിക്കുന്ന എല്ലാറ്റിനേയും ഭയത്തോടെ കണ്ട്, പുറത്തേക്കുള്ള എല്ലാ വാതിലുകളുമടച്ച്, കണ്ട ലോകങ്ങളെപ്പറ്റി വീണ്ടും വീണ്ടുമോര്‍ത്ത് വിഷാദിച്ച്, മോചനപ്രതീക്ഷകളില്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍... ശൂന്യമായ വിമാനത്താവളങ്ങള്‍, വെയിലും മഴയും മഞ്ഞുംകൊണ്ട് ഉപേക്ഷിക്കപ്പെട്ടതുപോലെ കിടന്ന വിമാനങ്ങള്‍,അനാഥമാക്കപ്പെട്ട ആകാശം... അന്ന് ഇങ്ങിനെയൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ലോകം ഈ വിമാനത്താവളത്തില്‍ ഇനിയുമൊരിക്കല്‍ ഇങ്ങനെ ഒത്തുചേരുമെന്ന് ആരും നിനച്ചതുമല്ല. എന്നാല്‍, എല്ലാ തടങ്കലിനും ഒരു മോചനദിവസവും എല്ലാ ശാപത്തിനും ഒരു ശാപമോക്ഷവുമുള്ളതുപോലെ ആ കാലവും കടന്നുപോയി. ആകാശവാതിലുകള്‍ തുറന്നു. പ്രതികാരബുദ്ധിയോടെ മനുഷ്യര്‍ പ്രവഹിച്ചു-ഇനിയുമൊരടച്ചുപൂട്ടലിന് മുമ്പ് ഒന്ന് പാറിപ്പറന്ന് ഉല്ലസിച്ചുവരാന്‍. REVENGE TOURISM എന്ന് ഏതോ രസികന്‍ ഇതിനെ പേരിട്ട് വിളിച്ചു.
റെയില്‍വേ സ്റ്റേഷനിലാണെങ്കിലും വിമാനത്താവളങ്ങളിലാണെങ്കിലും മനുഷ്യരും അവര്‍ എത്തിച്ചേരാന്‍ വെമ്പുന്ന ദേശങ്ങളുമാണ് എപ്പോഴും എന്റെ നിരീക്ഷണവിഷയം. ഏതൊക്കെയോ നാടുകളിലേക്ക് പറക്കുന്ന പക്ഷികളെപ്പോലെ മനുഷ്യര്‍; അവരുടെ ഭാവങ്ങള്‍; മൊഴിയുന്ന നാനാ ഭാഷകള്‍. ഇതൊക്കെ കണ്ടും കേട്ടുമിരിക്കുമ്പോള്‍ സമയം പറന്നുപോവുന്നു.
എന്റെയരികില്‍ ഇരിക്കുന്നത് ഒരു എത്യോപ്യക്കാരനായിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് വന്ന് അയാളെ കാത്തുകിടക്കുന്നു. വെളുത്ത, നീളത്തിലുള്ള അറബിവസ്ത്രം ധരിച്ച് കറുത്തു മെല്ലിച്ച ഒരാഫ്രിക്കന്‍. അറ്റംപൊട്ടിയ ചെരിപ്പും പൊടിപുരണ്ട കാല്‍പ്പാദങ്ങളും. ടെക്‌സറ്റയില്‍ കടകളില്‍നിന്നു വസ്ത്രം വാങ്ങുമ്പോള്‍ ലഭിക്കുന്ന മട്ടിലുള്ള പ്ലാസ്റ്റിക് കവറില്‍ കുത്തിനിറച്ച വസ്ത്രങ്ങള്‍, വില കുറഞ്ഞതെങ്കിലും വലിയ സ്‌ക്രീനുള്ള മൊബൈല്‍ ഫോണില്‍ അയാള്‍ ഏതൊക്കെയോ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ നോക്കിയിരിക്കുന്നു. മഹാസഞ്ചാരിയായ വില്‍ഫ്രഡ് തെസിഗര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിവച്ച അതേ എത്യോപ്യയും തലസ്ഥാനമായ അഡ്ഡിസ് അബാബയും. കൊടുംവെയിലും തകരം മേഞ്ഞ വീടുകളും മണല്‍ക്കാടിന്റെ ശൂന്യതയും ദാരിദ്ര്യവും ഇഴചേര്‍ന്നുകിടക്കുന്ന ദേശം. തൊട്ടപ്പുറത്ത് ഇറാന്റെ മഹാ എയര്‍ലൈന്‍സ് കിടക്കുന്നു. സുഭഗരായ ഇറാനി പുരുഷന്മാരും സ്ത്രീകളും മാധുര്യമേറിയ പേഴ്‌സ്യനില്‍ സംസാരിച്ചുകൊണ്ട്, ഇരുണ്ട എത്യോപ്യക്കാരുടെ ഇടയിലൂടെ നടന്നുപോവുന്നു. ബംഗാളികളില്‍നിന്ന് രബീന്ദ്രനാഥ് ടാഗോറിനെയെന്നപോലെ ഇറാനികളില്‍നിന്ന് പരിമളമായൊഴുകുന്നു ജലാലുദ്ദീന്‍ റൂമി. ആ സമ്പന്ന സൗന്ദര്യത്തിലേയ്ക്ക് ശൂന്യമായ കണ്ണുകളുമായി നോക്കിയിരിക്കുന്നു
എത്യോപ്യക്കാരന്‍.
നിലച്ചുപോയപ്പോഴാണ് ജീവിതത്തില്‍ യാത്രയുടെ അനിവാര്യത ലോകം തിരിച്ചറിഞ്ഞത്. ഒരേയിടത്ത് ഇരുന്നിരുന്ന് മുഷിയുന്നേരം എങ്ങോട്ടെങ്കിലും ഒന്നിറങ്ങി നടക്കുമ്പോള്‍, സന്ധ്യയിലേക്കോ വൃക്ഷങ്ങളിലേയ്‌ക്കോ തിരിച്ചുപറക്കുന്ന പക്ഷികളിലേയ്‌ക്കോ ഒന്ന് നോക്കിയിരിക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം, ആനന്ദം. അതിരുകള്‍ മറികടന്ന്, കാലത്തേയും സമയത്തേയും കവച്ചുവെച്ച്, പുതിയ പുതിയ കാഴ്ചപ്പാടുകളെ പുണരുമ്പോഴുള്ള ഊഷ്മളത. പുതിയ മനുഷ്യരെ പരിചയപ്പെടുമ്പോള്‍ മനസ്സിന് ലഭിയ്ക്കുന്ന പ്രകാശം. യാത്രകളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത കോവിഡ് ലോകത്തെ പഠിപ്പിച്ചു. പല കാരണങ്ങളാല്‍ യാത്ര ചെയ്യാനാവാതെ ഒറ്റമുറിയിലും വീല്‍ചെയറിലും ഒതുങ്ങിപ്പോയ ജീവിതങ്ങളേയും വാര്‍ധക്യങ്ങളേയും ഓര്‍ക്കാന്‍ നമ്മിലെത്ര പേര്‍ അടച്ചിരിപ്പിന്റെ ഈ കാലത്ത് ശ്രമിച്ചിട്ടുണ്ട്? സ്വാനുഭവങ്ങള്‍ പലതും നമ്മുടേത് മാത്രമല്ലല്ലോ; വിധിവശാല്‍ അവ പങ്കുവെയ്ക്കുന്ന എത്രയോ അജ്ഞാതര്‍ നമുക്ക് ചുറ്റുമുണ്ടല്ലോ.
വൈകി വൈകിപ്പോയ എയര്‍ലൈന്‍സുകാരുടെ നിര്‍ദ്ദേശപ്രകാരം മക്‌ഡൊണാള്‍ഡിന്റെ കൗണ്ടറില്‍നിന്ന് ബര്‍ഗ്ഗറും വാങ്ങി ഒരു മൂലയിലിരുന്ന് കഴിക്കുമ്പോള്‍, പിറകില്‍നിന്നു മുറിഞ്ഞ് മുറിഞ്ഞ് പോവുന്ന മലയാളത്തില്‍ ഒരു പെണ്‍സ്വരം. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ഏറ്റവും ആധുനികമായ വേഷവിധാനം. പച്ചകുത്തിയ കൈത്തണ്ടകള്‍. ചെമ്പിച്ച ചായം പൂശി, സന്ധ്യപോലെ തുടുത്ത തലമുടി. ലണ്ടനിലേക്കാണ് അവളുടെ യാത്ര. ദുബായിയില്‍ ജോലി ചെയ്യുന്നു. കേരളത്തിലെ ഒരു നമ്പൂതിരി ഇല്ലത്താണ് വേരുകള്‍. ഇടതുകയ്യില്‍ ബര്‍ഗ്ഗറും വലതുകയ്യില്‍ കോളയുമായി അവള്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍, ഇരുപത്തിമൂന്നാം വയസ്സില്‍ മാത്രം അക്ഷരം പഠിച്ചൊരു പഴയ നമ്പൂതിരി, നമ്പൂതിരിപ്പെണ്‍കിടാങ്ങള്‍ക്ക് എഴുതിയ കത്തിലെ കാരിരുമ്പിന്റെ കരുത്തും വീതുളിയുടെ മൂര്‍ച്ചയുമുള്ള വരികള്‍ ഓര്‍ത്തു:
''...ഇന്നത്തെ നിങ്ങളുടെ നില എന്താണ്? അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ലോകമുണ്ടെന്ന് നിങ്ങളിലെത്ര പേര്‍ അറിഞ്ഞിട്ടുണ്ട്? പൂണൂലും മുമ്പില്‍ കുടുമയും ഇല്ലാത്തവരൊക്കെ അധമന്മാരാണെന്നല്ലേ നിങ്ങളുടെ വിശ്വാസം? ചിറ്റും ചെറുതാലിയുമില്ലാത്ത പെണ്ണുങ്ങള്‍ ചീരുവും ചിരുതയും എന്നല്ലേ നിങ്ങളുടെ ധാരണ? രാമനും കോമനും ഇല്ലെങ്കില്‍ ഊണും ഉടുപ്പും ഇല്ലെന്നല്ലേ നിങ്ങളുടെ വിചാരം?...നിങ്ങളുടെ വേഷവിശേഷങ്ങളെപ്പറ്റിയും ഒന്നാലോചിച്ച് നോക്കൂ. കുളത്തില്‍നിന്ന് വലിച്ച ഈറന്‍ ചണ്ടിപോലെ മലിനവും ദുര്‍ഗ്ഗന്ധപൂരിതവുമായ നിങ്ങളുടെ തലമുടിക്കെട്ട് ഇടനേരത്തേക്കെങ്കിലും ഒന്ന് വിടര്‍ത്തി വകഞ്ഞിടാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ? താരുണ്യത്തുടുപ്പേന്തിയ കവിള്‍ത്തടത്തില്‍ അഴുക്കും മെഴുക്കും പുരണ്ട അമരക്കൊരടിന്റെ കരിനിഴല്‍ പ്രതിഫലിപ്പിച്ചാല്‍ എന്തൊരു ചന്തമാണെന്ന് ആ വാല്‍ക്കണ്ണാടി നോക്കി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ...''
ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഗേറ്റ് തേടി തിളച്ചുമറിഞ്ഞ് പോകുന്ന ആ പെണ്‍കുട്ടിയ്ക്ക് അറിയുമായിരിക്കുമോ മേഴത്തൂര്‍ എന്ന പാവം ഗ്രാമത്തില്‍ ജീവിച്ചിരുന്ന വെള്ളിത്തിരുത്തിത്താഴത്തില്ലത്ത് രാമന്‍ ഭട്ടതിരിപ്പാടിനെ? തന്റെയീ യാത്രയ്ക്ക്‌പോലും കാരണഭൂതനായ, കാലത്തിന് തീകൊടുത്ത,കാതലുള്ള വി.ടിയെ?
ഇക്കാലത്തേയും എക്കാലത്തേയും ഏത് ഫെമിനിസ്റ്റിന് സാധിക്കും വി.ടിയോളം വിപ്ലവകാരിയാവാന്‍? സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഗ്രനേഡുകള്‍പോലുള്ള ഇത്തരം വാക്കുകള്‍ നിരത്താന്‍?
Content Highlights: yathrakkidayil column by sreekanth kottakkal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..