മധുമാസ്റ്റർ ബിപിൻ ചന്ദ്രന്റെ വരയിൽ, മാസ്റ്ററുടെ പുസ്തകങ്ങൾ
റൈറ്റേഴ്സ് ഡയറിയില്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ ബിപിന്‍ ചന്ദ്രന് അന്തരിച്ച നാടകകൃത്ത് മധുമാസ്റ്ററെക്കുറിച്ചുള്ള ഓര്‍മകള്‍ എഴുതുന്നു.
മധു മാഷ് മരിച്ചിട്ട് ദിവസങ്ങളായി. പുള്ളി എന്റെ അടുത്ത സ്നേഹിതനോ സഹപ്രവര്‍ത്തകനോ സീനിയറോ സ്വാധീനമോ ഒന്നുമായിരുന്നില്ല. കൊച്ചിയിലൊരു സിനിമയെഴുത്തു ശ്രമവുമായിട്ടിരിക്കുന്നതിനിടയിലാണ് ആ മരണവാര്‍ത്തയറിയുന്നത്. കുറച്ചു ദിവസത്തെ കറക്കങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. പ്രത്യേകിച്ചൊരാവശ്യവുമില്ലാഞ്ഞിട്ടും പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ പരതി മധു മാഷിന്റെ ചില കൃതികള്‍ പൊക്കിയെടുത്തു. മള്‍ബെറി പുറത്തിറക്കിയ വര്‍ത്തമാനം, മീഡിയ ഹൗസ് ഇറക്കിയ അമ്മ, കയ്യൂരിലേക്ക് മധു മാസ്റ്റര്‍ നടത്തിയ യാത്രയുടെ ഓര്‍മ്മകളെക്കുറിച്ച് ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ വന്ന ഫീച്ചര്‍, ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍ സിനിമയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചില കുറിപ്പുകള്‍...വെറുതെ അവയിലൊക്കെ തൊട്ടും തലോടിയും താളുകള്‍ മറിച്ചും കുറച്ചുനേരമിരുന്നു. മധു മാഷിന്റെ ഒരു സ്കെച്ച് വരച്ചു. പഴയ ഓര്‍മ്മകളില്‍ നിന്ന് ആ മനുഷ്യനെ വാക്കുകളില്‍ കുടഞ്ഞുവിരിച്ചിടാന് നടത്തിയ ശ്രമത്തിന്റെ ബാക്കിപത്രമാണ് ഡയറിക്കുറിപ്പ് പോലുള്ള ഈ എഴുത്ത്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് മധു മാസ്റ്റര്‍ എന്നൊരു പേര് പരിചയപ്പെടുന്നത്. കോളേജിലെ മത്സരത്തിനവതരിപ്പിക്കാന് പറ്റിയൊരു നാടകത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഷെല്‍വിയുടെ മള്‍ബെറി ബുക്സ് പുറത്തിറക്കിയ ഏകാങ്കകാലം എന്ന പുസ്തകം വാങ്ങുന്നത്. ആ പുസ്തകത്തിന്റെ എഡിറ്ററായിരുന്നു മധു മാസ്റ്റര്‍. രണ്ടാംവര്‍ഷ ബിരുദപഠനകാലത്ത് കോട്ടയത്ത് നടന്നൊരു നാടകമേളയില്‍ വെച്ചാണ് വായിച്ചുമാത്രമറിഞ്ഞിരുന്ന ആ മനുഷ്യനെ നേരിട്ടു കാണുന്നത്. സത്യത്തില്‍, ജോയ് മാത്യു എഴുതി പ്രിയനന്ദനന് സംവിധാനം ചെയ്ത് ശശിധരന് നടുവില്‍ മുഖ്യവേഷത്തിലഭിനയിച്ച സങ്കടല്‍ എന്ന നാടകം കാണാന്‍ പോയതാണ്. ആ നാടകം അടുത്ത ദിവസമായിരുന്നു. അന്ന് അവിചാരിതമായി കണ്ട നാടകത്തില്‍ അഭിനയിച്ചിരുന്ന താടിക്കാരനായ നടന് മധു മാസ്റ്ററാണെന്ന് തിരിച്ചറിയാന്‍ തക്ക വിവരമൊക്കെ ടീനേജ് കാലത്തുണ്ടായിരുന്നു എന്നതില്‍ ഇന്ന് ചെറുതല്ലാത്തൊരഭിമാനബോധമൊക്കെ തോന്നുന്നുണ്ട്.
1997-ലെ ഓണക്കാലത്താണ് മധു മാഷുമായി നേരിട്ട് സംസാരിക്കുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ കോളേജ് യൂണിയന് ഇലക്ഷന് പ്രഖ്യാപിച്ചിരുന്ന സമയമാണ്. തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ് കോളേജ് തുറക്കുന്ന ആഴ്ചയില്‍. സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ചങ്ങനാശ്ശേരി ഏരിയ ജോയ്ന്റ് സെക്രട്ടറിയും സെയ്ന്റ് ബെര്ക്മാന്സ് കോളജിലെ ചെയര്മാന് സ്ഥാനാര്‍ത്ഥിയുമായിരുന്നു ഞാനന്ന്. സംവിധായകന് സനില്‍ കളത്തിലിന്റെയും മറ്റും നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാഴ്ച ഫിലിം സൊസൈറ്റി എസ്. ബി കോളേജിലെ കാവുകാട്ട് ഹാളില്‍ ഒരു ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു ആ ഓണക്കാലത്ത്. മറ്റ് സ്ഥാനാര്‍ത്ഥികളൊക്കെ വീടുവീടാന്തരം കയറി വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ വോട്ട് പിടിച്ചു നടന്നിരുന്ന സമയത്ത് വിസ്തരിച്ചിരുന്നു ചലച്ചിത്രമേള കാണാന്‍ തീരുമാനിച്ചു ഞാന്‍.
ആ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒഡേസയുടെ ഓഫീസില്‍ അവശേഷിച്ചിരുന്ന അമ്മ അറിയാന്‍ സിനിമയുടെ അവസാനത്തെ പ്രിന്റുമായി എത്തിയത് മധു മാഷായിരുന്നു. അന്ന് അമ്മയറിയാന്‍ കണ്ടിട്ട് കാര്യമായൊന്നും മനസ്സിലായില്ല. ഇന്നും സ്ഥിതി അങ്ങനെയൊക്കെത്തന്നെ. രാഷ്ട്രീയം കൈകാര്യം ചെയ്തതിലും സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങളിലുമടക്കം പല വിയോജിപ്പുകളുമുണ്ടെങ്കിലും ആ സിനിമ നിര്‍വഹിച്ച ചരിത്രപരമായ ചില ധര്‍മ്മങ്ങളെക്കുറിച്ച് വലിയ ബഹുമാനമുണ്ട്. അത് വേറെ കാര്യം.
എന്തായാലും അന്ന് പടം കഴിഞ്ഞു. സംഘാടകര്‍ കട്ടയും പടവും മടക്കി വീട്ടിലും പോയി. എടുത്താല്‍ പൊങ്ങാത്ത ഫിലിം പെട്ടിയുമായി മെലിഞ്ഞ മധു മാഷ് 'എന്തേ ചെയ്വത് സഞ്ജയ' എന്ന മട്ടില്‍ ഇരുട്ടത്തുനിന്നു. ഞാനും അമൃതരാജ് എന്ന സുഹൃത്തും പതിയെ പുള്ളിയുടെ അടുത്തേക്ക് ചെന്നു.ഞങ്ങളുടെ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു. പഴയ നക്സലൈറ്റാണ്, നാടകക്കാരനാണ്,ആരാജകവാദിയാണ്, അക്രമിയാണ്, കള്ളുകുടിയനാണ്, കലാപകാരിയാണ് എന്നൊക്കെ ഒരു പൊതുധാരണയുണ്ട് മനസ്സില്‍. സര്‍വോപരി സാക്ഷാല്‍ ജോണ്‍ അബ്രഹാമിന്റെ അടുത്ത ചങ്ങാതിയും. അടുത്ത് ചെന്നാല്‍ താടിക്കാരന് ചാടി കഴുത്തിനെങ്ങാനും കടിക്കുമോ എന്ന അന്നത്തെ ആശങ്ക തികച്ചും ന്യായം മാത്രം. പക്ഷേ ഞങ്ങള്‍ പെട്ടെന്നു തന്നെ പട്ടച്ചാരായവും മുട്ട പുഴുങ്ങിയതും പോലങ്ങു സെറ്റായി.
രണ്ടു പാക്കറ്റ് ഗോള്ഡ്ഫില്റ്ററിന്റെ പുകയൂതി കൊതുകുകളെ തുരത്തിയോടിച്ച് റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്ഫോം ബെഞ്ചിലിരുന്ന് ഞങ്ങളന്ന് പാതിരാത്രിവരെ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ സംസാരിച്ചു. അന്നത്തെ ആ വര്‍ത്തമാനം റെക്കോര്‍ഡ് ചെയ്തിരുന്നെങ്കില്‍ അമ്മയറിയാന്‍ സിനിമയെക്കുറിച്ച് മറ്റൊരു പുസ്തകം കൂടി പുറത്തിറക്കാമായിരുന്നു. അവസാനം തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് എപ്പോഴോ പുറപ്പെട്ട തീവണ്ടി ചങ്ങനാശ്ശേരി സ്റ്റേഷനിലേക്കെത്തി. വടക്കന്‍ മലബാറിനെ ലാക്കാക്കിയുള്ള ഓട്ടത്തിനിടയില്‍ കിതപ്പ് മാറ്റാന്‍ അതിന് അനുവദിക്കപ്പെട്ട സമയം മിനിറ്റുകള്‍ മാത്രം. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തേക്ക് ആള്ക്കാര് തൂങ്ങിഞാന്നു കിടക്കുകയാണ്. അതിനകത്തേക്ക് മുട്ടനൊരു പെട്ടിയുമായി കയറാന്‍ ശ്രമിച്ച ജുബ്ബാധാരിയായ താടിക്കാരനെ യാത്രക്കാരൊന്നടങ്കം പ്രതിഷേധസ്വരങ്ങളാല് എതിരിട്ടു. പിന്ന് കുത്താനിടമില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ പരപ്പന്‍ പെട്ടിയുമായി കയറാന്‍ തുനിഞ്ഞാല്‍ ആള്ക്കാര് അങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കാനാണ്. സ്ഥിരമായി ഒരു ക്യാമ്പസ് നാടകത്തില്‍ കേട്ടിരുന്ന കോറസ് ഡയലോഗ് ഓര്‍മ്മ വന്നു. ഒ.വി. വിജയന്റെ ഏതോ കൃതിയിലേതാണ് എന്നാണ് തോന്നുന്നത്.
'ഒരു തീവണ്ടി മുറിയില്‍ കയറിക്കൂടുന്ന യാത്രക്കാര്‍ പോലും ആ യാത്രയുടെ കാലയളവില്‍ ഒരു സ്ഥാപിത താല്പര്യമായി മാറുന്നു. ആ താല്പര്യ ദുര്‍ഗ്ഗത്തെ ഭേദിക്കുന്നവരെ അവര്‍ വെറുക്കുന്നു. ഒരു തീവണ്ടി യാത്രയെക്കാള്‍ ഭോഗാസക്തമാണ് ഭരണ വര്‍ഗ്ഗത്തിന്റെ വാഴ്ചകള്‍. അനുസ്യൂതമാണ് അധികാരത്തിന്റെ അനുഭൂതികള്‍.'
ഇടിച്ചുകുത്തി നില്ക്കുന്ന നാട്ടുകാരുടെയടുത്ത് കടിച്ചാല്‍ പൊട്ടാത്ത ബുദ്ധിജീവി ഡയലോഗടിച്ചിട്ട് വല്ല കാര്യവുമുണ്ടോ. അനശ്വരനായ ജോണ്‍ എബ്രഹാമിന്റെ സ്വപ്നസൃഷ്ടിയുടെ അവസാനത്തെ അവശേഷിപ്പാണ് പെട്ടിയിലെന്നൊക്കെ പറഞ്ഞുനോക്കി. ആരു മൈന്‍ഡ് ചെയ്യാന്‍. എന്ന് മാത്രമല്ല അവന്റെ മറ്റേടത്തെ ശവപ്പെട്ടി എന്ന മട്ടിലുള്ള കമന്റ്കളും വന്നുതുടങ്ങി. പഴയ വിപ്ലവകാരി എന്തുചെയ്യണമെന്നറിയാതെ വണ്ടറടിച്ചു നിന്നു. ലോകം ഇടിഞ്ഞ് താഴെ വീണാലും ശരി, പുള്ളിക്ക് പിറ്റേന്ന് രാവിലെ കോഴിക്കോടെത്തിയേ പറ്റൂ. ആ ട്രെയിനില്‍ കയറിപ്പറ്റിയാലേ അത് നടക്കൂ. വിടാറായ തീവണ്ടി. വയലന്റായ യാത്രക്കാര്‍. വിയര്‍ത്തു നില്ക്കുന്ന മധു മാഷ്. അഗലി കാര്യക്രം ക്യാ ഹേ ? ഞാനും പാപ്പി സഖാവ് എന്ന് വിളിക്കുന്ന അമൃതരാജും തമ്മില്‍ കണ്ണുകൊണ്ട് ഒരു കമ്മ്യൂണിക്കേഷന്‍ നടത്തി.
നാടകം തട്ടിലും തെരുവിലും മാത്രമല്ല റെയില്‍വേ പ്ലാറ്റ്ഫോമിലും നടത്താമെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
മുണ്ടും മടക്കിക്കുത്തി അമ്മാതിരി ഒച്ചപ്പാടും ബഹളവും തെറിയും പടയുമാണ് ഞങ്ങള്‍ രണ്ടും കൂടി അവിടെ അപ്പോഴുണ്ടാക്കിയത്. ഇവന്മാരേതോ കേടുപിടിച്ച ടീമുകളാണ് എന്ന് കരുതിയിട്ടാകണം യാത്രക്കാര്‍ ഒന്ന് ഒതുങ്ങി. ഒച്ചകേട്ട് ചില ചുമട്ടുതൊഴിലാളികള്‍ കൂടി അങ്ങോട്ടേക്ക് വന്നു. പാര്‍ട്ടി ഓഫീസില്‍ വെച്ച് കണ്ടു പരിചയമുള്ള സഖാക്കളാണ്. സംഗതി അറിഞ്ഞപ്പോള്‍ അവര്‍ കൂടി സഹായിച്ചു. കുറച്ചുപേര്‍ കൂടി ഒതുങ്ങിത്തന്ന ഗ്യാപ്പിലേക്ക് മധു മാഷ് കയറി നിന്നു. പിന്നാലെ ഞങ്ങള്‍ ഫിലിം പെട്ടിയും ബോഗിയുടെ വാതില്‍പ്പടിയിലേയ്ക്ക് നിരക്കിവെച്ചു. നാട്ടുകാരോട് ഏറ്റുമുട്ടേണ്ടെന്ന് യാത്രക്കാരും കരുതിക്കാണും. അപ്പോഴേക്കും വിസിലടിച്ചു. ട്രെയിന്‍ നീങ്ങിത്തുടങ്ങി. മധു മാഷിന്റെ കഴുത്തില്‍ ഒരു തോര്‍ത്ത് കിടപ്പുണ്ടായിരുന്നു. അനുവാദം ചോദിക്കാതെ ഞാനത് ഊരിയെടുത്തു.എന്നിട്ട് ഫിലിം പെട്ടിയുടെ അരികിലെ പിടിയിലും ട്രെയിനിന്റെ വാതില്പ്പടിക്കരികിലുള്ള കമ്പിയിലും കോര്‍ത്ത് ഇറുക്കിക്കെട്ടി വച്ചു. മാഷിന് ടാറ്റാ കൊടുത്ത് ഞങ്ങള്‍ ഇരുട്ടത്ത് ചണ്ടക്കം മുണ്ടക്കം നടന്നു. ലോഡ്ജില്‍ ചെന്ന് വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടന്നുറങ്ങി.

കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു ചടങ്ങ്. സമ്മാനം തന്നത് സാക്ഷാല്‍ ടി. പത്മനാഭന്. ക്യാഷ് അവാര്‍ഡ് അപ്പോള്‍ത്തന്നെ ആവിയായി. ഫലകം മാത്രമായി മിച്ചം. ടൗണ്‍ ഹാളിന് പുറത്ത് നില്‍ക്കുമ്പോഴാണ് പ്രവീണ്‍. എം.യു. എന്നൊരു മച്ചാന് വന്നു പരിചയപ്പെടുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ മാഗസിന് കമ്മിറ്റി അംഗവും ക്യാമ്പസ് നാടകപ്രവര്‍ത്തകനുമാണ്. ഈ രണ്ട് ഏരിയയിലും താല്പര്യം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ പെട്ടെന്ന് കേറിയങ്ങ് ഒട്ടി. തൊട്ടപ്പുറത്ത് മധു മാഷ് നില്‍ക്കുന്നുണ്ട്, പരിചയപ്പെടാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചത് പ്രവീണാണ്. പണ്ടത്തെ കഥ ഞാന്‍ അവനോട് പറഞ്ഞില്ല.ചെന്ന് കണ്ടപ്പോള്‍ മധു മാഷിന് പെട്ടെന്ന് പരിചയം വന്നില്ല.പക്ഷേ ഫിലിംപെട്ടിക്കഥ പറഞ്ഞപ്പോള്‍ത്തന്നെ ഓര്‍മ്മവന്നു. പൊട്ടിച്ചിരിച്ചുകൊണ്ടെന്നെ ചേര്‍ത്തു കെട്ടിപ്പിടിച്ചു. എന്നിട്ട് അന്നത്തെ ബാക്കി കഥ വിവരിച്ചു.
കോട്ടയത്തുനിന്ന് കൂടി ആളു കയറിയപ്പോള്‍ അന്ന് തീവണ്ടിബോഗി ജാലിയന്‍വാലാബാഗ് പരുവത്തിലായിരുന്നു. പിറവം റോഡ് കഴിഞ്ഞപ്പോള്‍ അമ്മയറിയാന്‍ പടത്തിന്റെ അവശേഷിക്കുന്ന ഒരേയൊരു പ്രിന്റുള്ള ഫിലിംപെട്ടി ആള്‍ക്കാരുടെ തിക്കുംതിരക്കും കാരണം നിരങ്ങിനീങ്ങി ബോഗിയുടെ വെളിയിലേക്ക് ചാടി. മധു മാഷിന് പെട്ടിയുടെ അരികില്‍ പിടുത്തം കിട്ടിയെങ്കിലും അത് അകത്തേക്ക് കയറ്റിവെക്കാന്‍ കഴിഞ്ഞില്ല. മൂവാറ്റുപുഴയാറിന് മുകളിലെ പാലത്തിലൂടെ തീവണ്ടി പോകുമ്പോള്‍ ജോണ്‍ എബ്രഹാമിന്റെ സെല്ലുലോയ്ഡ്സ്വപ്നം ഞാന്‍ കെട്ടിയിട്ട തോര്‍ത്തിന്റെ ബലത്തില്‍ ബോഗിക്ക് പുറത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. എറണാകുളം എത്തുംവരെ അതായിരുന്നു അവസ്ഥ. അവിടെ കുറെ പേര് ഇറങ്ങി. കയറിയവരില്‍ ചിലര്‍ മാഷിന്റെ പരിചയക്കാരായിരുന്നു. അവരുടെ സഹായത്തോടെ മാഷിന് പെട്ടി സീറ്റിനടിയിലുള്ള സ്ഥലത്ത് ഭദ്രമായി വെക്കാന്‍ സാധിച്ചു. അങ്ങനെ അമ്മ അറിയാന്‍ ഭദ്രമായി കോഴിക്കോടെത്തി. പിന്നീടാണത് പുതിയ ഫോര്‍മാറ്റുകളിലേക്ക് ആ ചിത്രം പകര്‍ത്തപ്പെടുന്നത്.
പുതിയ തലമുറയില്‍ പെട്ട പലരുമിന്ന് അമ്മ അറിയാന്‍ കാണുന്നുണ്ട്. ആ കാഴ്ചയ്ക്ക് പിന്നില്‍ ചെറിയൊരു കാരണമായി ഞാനുമുണ്ടല്ലോ എന്ന ഓര്‍മ്മയ്ക്ക് എന്തൊരു കുളിരാണെന്നോ!
അതുകഴിഞ്ഞ് മധു മാഷിനെ നേരിട്ട് കണ്ടിട്ടില്ല. ഷട്ടര്‍ സിനിമയിലാണ് പിന്നെ പൂര്‍ണരൂപത്തില്‍ കാണുന്നത്. വല്ലപ്പോഴും ചില വാരികകളില്‍ ഫീച്ചറായും പരാമര്ശമായുമൊക്കെ അദ്ദേഹം കടന്നു വന്നിരുന്നു. ഞങ്ങളുടെ തലമുറ തന്നെ അങ്ങനെയൊരു വ്യക്തിത്വത്തെ വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിരുന്നോ എന്ന് സംശയമാണ്. അതിനുശേഷമുള്ളവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്രയെത്ര മനുഷ്യരുടെ സ്മരണകളെയാണ് കാലം മറവിയുടെ കമ്പിളി കൊണ്ട് മൂടിക്കളയുന്നത്. ജോയ് മാത്യു മാതൃഭൂമി പത്രത്തില്‍ മാഷെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പ് ഞാന്‍ ഒന്നുകൂടി എടുത്തു വായിച്ചു.
'കുപ്പിച്ചില്ലുകളില്‍ നൃത്തംചെയ്തൊരാള്' എന്തൊരു തലക്കെട്ടാണത്! ഒരു ദേഹത്തെ അല്ല ഒരു കാലത്തിന്റെ ചരിത്രത്തെയാണ് ജോയ് ഏട്ടന് ഓര്‍ത്തെടുത്തു പകര്‍ത്തിയത്. ദേഹത്തിന്റെയും ദ്രവ്യത്തിന്റെയും അവസ്ഥ മാറുമെങ്കിലും ഊര്‍ജ്ജം നശിക്കുന്നില്ലല്ലോ. തീപിടിച്ചൊരു കാലത്തിന്റെ പ്രതീകമായിരുന്നു മധു മാഷ്. അല്ല, തീ തന്നെയായിരുന്നയാള്. ഒരു തീയും തീയിലൊടുങ്ങിത്തീരുന്നില്ലല്ലോ. പഴയൊരു നാടകസംഭാഷണം പറഞ്ഞു നിര്‍ത്തട്ടെ.
അഗ്നേ, എരിക എരിക...
Content Highlights: writers diary writer bipin chandran writes about playwright madhu master
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..