കെ.പി.എ.സി ലളിത, സത്യൻ അന്തിക്കാട് (Photo: Sinoj M V)
റൈറ്റേഴ്സ് ഡയറിയില്‍ സംവിധായകൻ സത്യന് അന്തിക്കാട് എഴുതുന്നു.
പതിവുപോലെ രാവിലെ ആറു മണിക്കു തന്നെ ഉണര്‍ന്നു. കണ്ണു തുറക്കാതെ തന്നെ കുറച്ചുനേരം കിടന്നു. മനസ്സിന്റെ തിരശ്ശീലയില്‍ വീണ്ടും ലളിതചേച്ചിയുടെ മുഖം. കെ.പി.എ.സി. ലളിത എനിക്കു വെറും അഭിനേത്രി മാത്രമല്ലായിരുന്നു. എന്റെ കുടുംബത്തിലെ ഒരംഗം തന്നെ. 'മനസ്സിനക്കരെ', 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍', 'കനല്‍ക്കാറ്റ്', 'അച്ചുവിന്റെ അമ്മ', ഏറ്റവും ഒടുവില്‍ 'ഞാന്‍ പ്രകാശന്' വരെ എത്രയെത്ര സിനിമകള്‍. അവയില്‍ എത്രയെത്ര ജീവിതങ്ങള്‍!
'സത്യന്റെ നാടകവേദി' എന്ന് തമാശയായി ചിലരൊക്കെ പറയാറുണ്ട്. ശങ്കരാടി, ഇന്നസെന്റ്, ഒടുവില്‍, നെടുമുടി വേണു, ലളിത ചേച്ചി, മാമുക്കോയ... ഇവരൊന്നുമില്ലാതെ എങ്ങനെയാണ് മലയാളത്തനിമയുള്ള ഒരു സിനിമയുണ്ടാക്കുക? തീര്‍ച്ചയായും അതൊരു വെല്ലുവിളിയാണ്. എങ്കിലും അതിജീവിച്ചേ പറ്റൂ. ഈശ്വരന്റെ തിരക്കഥയെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലല്ലോ. കടന്നുപോയവരെപ്പറ്റി വിഷമത്തോടെ പറയുമ്പോള്‍ ലളിത ചേച്ചി പറയാറുണ്ട് 'അതൊന്നും കാര്യമാക്കരുത് സത്യാ... അവര്‍ക്കുമുന്നില്‍ ഈശ്വരന് കര്‍ട്ടനിട്ടു. പക്ഷേ നമുക്ക് കളി തുടര്‍ന്നേ പറ്റൂ...' അതു തന്നെയാണ് ശരി.
മനസ്സുകൊണ്ട് ചേച്ചിയെ നമസ്കരിച്ച് കണ്ണു തുറന്നു. ഇന്നലെ സംഭവിച്ച കാര്യങ്ങളെപ്പറ്റിയും ഇന്നു ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളെപ്പറ്റിയും വെറുതെയൊന്നു ചിന്തിച്ചു. മുറ്റത്തെ 'ഫിഷ് ടാങ്കി'ല്‍നിന്ന് ഗോള്‍ഡ് ഫിഷിനെ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചാരനിറത്തിലുള്ള കൊക്കിനെ സാങ്കല്പിക കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചു. ഉടനെ അവന് വീണ്ടും വരുമെന്നറിയാം. പല തവണ അവന് മീനിനെ കിട്ടിയിട്ടുണ്ട്. അതിന്റെ രുചിയാണ് പ്രലോഭനം. പതിവുള്ള നടത്തം ഒഴിവാക്കി. പത്രങ്ങള്‍ ഒന്ന് ഓടിച്ച് വായിച്ച് വേഗം കുളിച്ച് റെഡിയായി. എറണാകുളത്ത് പോകണം. അനൂപുമുണ്ട് കൂടെ. അഖിലിനു പകരം പുതിയ സിനിമയില്‍ അനൂപാണ് അസോസിയേറ്റ്. എറണാകുളത്ത് 'മകള്‍' റി-റിക്കാര്‍ഡിംഗ് നടക്കുന്നുണ്ട്. രാഹുല്‍ രാജ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഓരോ സീനിന്റെയും മ്യൂസിക് ഓണ്‍ലൈനില്‍ അയച്ചു തരുമെങ്കിലും ഇടവേള വരെ സിനിമയോടൊപ്പം ഇരുന്നു കാണണം.
ഇടപ്പള്ളിയിലെത്തിയപ്പോള്‍ സൗണ്ട് റെക്കോഡിസ്റ്റ് അനില്‍ രാധാകൃഷ്ണന്റെ സ്റ്റുഡിയോവില്‍ കയറി. 'ഞാന്‍ പ്രകാശനു' ശേഷം ലൈവ് സൗണ്ട് റെക്കോര്ഡിംഗിനോടാണ് താല്പര്യം. 'മകളും' ലൈവായാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഡബ്ബിംഗിനുവേണ്ടി ആര്‍ട്ടിസ്റ്റുകള്‍ കഷ്ടപ്പെടേണ്ട എന്നതിലുപരി സീനുകള്‍ക്ക് കൂടുതല്‍ സ്വാഭാവികത കൈവരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
ആദ്യ റീല്‍ മുതല്‍ സൗണ്ട് ഡിസൈന്‍ ചെയ്ത സീനുകളെല്ലാം കണ്ടു. കഥാപാത്രങ്ങളോടൊപ്പം നില്ക്കുന്നതുപോലെ തന്നെ തോന്നി. ജയറാമും മീര ജാസ്മിനും മകളായി വരുന്ന ദേവികയുമൊക്കെ എത്ര റിയലായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.
തിയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനം നന്നായെന്നു തോന്നി. കുടുംബത്തോടൊപ്പം തിയ്യേറ്ററില്‍ തന്നെ കണ്ടാലേ സിനിമ കണ്ട ഫീലുണ്ടാകൂ. 'മകള്‍' പൂര്‍ണമായും ഒരു കുടുംബ സിനിമയാണല്ലോ.
രാഹുല്‍ രാജ് സംഗീതത്തോടൊപ്പം സീനുകള്‍ പ്ലേ ചെയ്തു കാണിച്ചു. അധികം തിരുത്തലൊന്നും വേണ്ട. സിനിമയുടെ ആത്മാവ് അറിഞ്ഞാണ് രാഹുല്‍ സംഗീതം പകര്‍ന്നിരിക്കുന്നത്. വീട്ടില്‍ നിമ്മി തനിച്ചാണ്. അതുകൊണ്ട് അനൂപിനെ എറണാകുളത്ത് നിര്‍ത്തി തിരിച്ചുപോന്നു. വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞു. കുളിച്ച് വേഷം മാറി ടി.വി. ഒന്ന് ഓണ്‍ ചെയ്തെങ്കിലും പെട്ടെന്നു തന്നെ ഓഫ് ചെയ്തു. എല്ലാ ന്യൂസ് ചാനലുകളിലും അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി ടി.വി. ഓണ്‍ ചെയ്യാറില്ല. വരാന്തയില്‍ വന്നിരുന്നു. കുംഭമാസത്തിലെ നല്ല തെളിഞ്ഞ നിലാവ്. വീണ്ടും ലളിതച്ചേച്ചി മനസ്സിന്റെ പടി കയറി വന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ചേച്ചി സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നറിയാം. സിദ്ധാര്‍ത്ഥനെ വിളിച്ച് അന്വേഷിക്കുമ്പോഴും പ്രതീക്ഷ നല്കുന്ന മറുപടികളായിരുന്നില്ല. എന്നിട്ടും ഇടക്ക് തോന്നിയിരുന്നു,അത്ഭുതങ്ങളെന്തെങ്കിലും സംഭവിച്ചാലോ! എല്ലാം ഒരു ദുഃസ്വപ്നമായിരുന്നു എന്നു പറഞ്ഞ് അനുകരിക്കാനാവാത്ത നിഷ്കളങ്കമായ ചിരിയുമായി ചേച്ചി തിരിച്ചുവന്നാലോ!
വന്നില്ല. ആരോടും ഒന്നും മിണ്ടാതെ ചേച്ചിയങ്ങു പോയി.
സംഗീത-നാടക അക്കാദമി ഹാളില്‍ ചേച്ചിയുടെ ചേതനയറ്റ ശരീരം നോക്കിനില്ക്കുമ്പോഴും സങ്കടമല്ലായിരുന്നു എന്നെ വന്നു മൂടിയത്, ഒരു തരം മരവിപ്പ് മാത്രമായിരുന്നു. ഇന്നസെന്റിനോട് ഞാന്‍ പറഞ്ഞു: 'അങ്ങനെയൊരു കരച്ചിലും വിഷമവുമൊന്നും എനിക്കു വരുന്നില്ല, എന്തുകൊണ്ടാണെന്നറിയില്ല.'
.jpg?$p=298ab5c&&q=0.8)
തിരിച്ച് അന്തിക്കാട്ടേക്ക് വണ്ടിയോടിക്കുമ്പോള്‍ തൊട്ട് മനസ്സ് അശാന്തമായിത്തുടങ്ങിയിരുന്നു. വീട്ടിലെത്തി നേരെ പറമ്പിലേക്കിറങ്ങി കണ്ണില്‍ കണ്ടതെല്ലാം നനച്ചു. കുറേ നേരം അധ്വാനിച്ചു. മനസ്സിനെ പല വഴിയ്ക്ക് തിരിച്ചുവിടാന്‍ നോക്കി. വിയര്‍ത്തൊഴുകാന്‍ തുടങ്ങിയപ്പോഴാണ് കുളിച്ച് വീട്ടിനകത്തേക്ക് കയറിയത്. കസേരയില്‍ ഇരുന്നപ്പോളറിഞ്ഞു, സങ്കടം വിട്ടുപോയിട്ടില്ല. ഫോണില്‍ സുഹൃത്തുക്കളെല്ലാം അയച്ചു തരുന്നത് ലളിതച്ചേച്ചി എന്റെ സിനിമകളില്‍ അഭിനയിച്ച ക്ലിപ്പിങ്ങുകളാണ്. അവരുടെ സങ്കടം എന്നോട് പങ്കുവെക്കുകയാണ്. അങ്ങനെയുള്ള സങ്കടങ്ങള്‍ അവശേഷിപ്പിക്കാന്‍ സാധിക്കുക എന്നുള്ളതാണ് കെ.പി.എ.സി. ലളിത എന്ന ജന്മത്തിന്റെ പുണ്യം...
ഇതെഴുതുമ്പോള്‍ പുറത്ത് നേര്‍ത്ത തണുപ്പുള്ള കാറ്റ്.
മാതൃഭൂമി ബുക്സിലെ സിദ്ധാര്ത്ഥന് അയച്ചുതന്ന 'ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം' എന്ന സ്വാമി രാമയുടെ പുസ്തകമെടുത്തു തുറന്നു. പതുക്കെപ്പതുക്കെ മനസ്സിലും നിലാവു പരന്നുതുടങ്ങി.
Content Highlights: writers diary veteran director sathyan anthikad writes about his new film and k p a c lalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..