അഗാധമായ വിഷാദം തന്ന നിസ്സംഗതയുടെ രാജ്ഞിപ്പട്ടം; പക്ഷേ, സ്വസ്ഥവും സുതാര്യവുമായ ഒരു അവസ്ഥ...!


വി.കെ ദീപ

എഴുത്തിന്റെ പുറംലോക ജാലകങ്ങള്‍ ഞാന്‍ തന്നെ എന്റേതായ കാരണങ്ങള്‍ കണ്ടെത്തി കൊട്ടിയടച്ചു. ഏകാന്തതയെ കൂടുതല്‍ സ്‌നേഹിച്ചു. എന്നിലേക്ക്  ഒതുങ്ങി... സ്വന്തം തോടിനുള്ളില്‍ ഉറങ്ങുന്ന ഒച്ചിന്റെ ശിശിരനിദ്ര പോലെ ഒന്ന്.

വി.കെ ദീപ

റൈറ്റേഴ്‌സ് ഡയറിയില്‍ കഥാകൃത്ത് വി.കെ. ദീപ എഴുതുന്നു...

ക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലം തൊട്ടേ, ആ പ്രായത്തില്‍ വായിക്കാന്‍ പറ്റിയതുള്‍പ്പടെയുള്ള പുസ്തകങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്ന ഭാഗ്യവതി ആയിരുന്നു ഞാന്‍. കുറച്ച് പുസ്തകങ്ങള്‍ ഒന്നുമല്ല, എമ്പാടും പുസ്തകങ്ങള്‍. അമ്മ എന്ന മികച്ച വായനക്കാരി ആയിരുന്നു അതിന് കാരണം.

ബാല്യത്തില്‍ ഒരു കുട്ടിക്ക് കിട്ടേണ്ട എല്ലാ മികച്ച ബാലമാസികകളും പ്രസിദ്ധീകരണങ്ങളും എനിക്ക് ചുറ്റും എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭാവനാസമ്പന്നം ആയിരുന്നു കുട്ടിക്കാലം. വായിച്ച ഓരോ കഥയിലെയും ഇഷ്ട കഥാപാത്രമായി ഞാന്‍ അക്കാലത്തു ജീവിച്ചു. മറ്റുള്ളവര്‍ക്ക് അദൃശ്യവും എനിക്ക് ദൃശ്യവും ആയി ആ കഥാപാത്രങ്ങള്‍ എന്നെ ചുറ്റിപ്പറ്റി നിന്നു. അത്ഭുതലോകത്തില്‍ അകപ്പെട്ട ആലിസ് ആയിരുന്നു അന്ന് ഞാന്‍.

വായനാശീലം ഉള്ള ഒരമ്മയുടെ മകളായി ജനിച്ചതിനാല്‍ മാത്രം സാധ്യമായ ആ വായനക്കാലത്തിന്റെ ബാക്കിപത്രം കൂടി ആണ് ഇന്നത്തെ എന്നിലെ എഴുത്തും എഴുത്തുകാരിയും എന്ന് തോന്നുന്നു. കവിതയെഴുത്തിനോട് ആയിരുന്നു ആദ്യകാല പ്രണയം. പിന്നെയത് എപ്പോഴോ കഥയിലേക്ക് ഞാന്‍ പോലും അറിയാതെ വഴിമാറി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ ആദ്യകഥ വായനാശീലം ഉള്ള കൂട്ടുകാരനെ കാണിച്ചപ്പോള്‍ അത് വായിച്ച്, എന്നോട് എന്തിനോ മുഷിഞ്ഞുനില്‍ക്കുന്ന കെറുവില്‍, അവന്‍ പ്രഖ്യാപിച്ചു. 'പൊട്ടക്കഥ'.

അവനതു പറഞ്ഞ കുറുമ്പില്‍ ഞാനാ കഥ കത്തുന്ന അടുപ്പിലേക്കിട്ടു. പിറ്റേന്ന് കെറുവ് ഒക്കെ മാറി അവന്‍ 'നല്ല രസമുണ്ട് നിന്റെ കഥ. ഒന്നും കൂടെ വായിക്കാന്‍ താ.' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സങ്കടം തിളങ്ങുന്ന കണ്ണോടെ അവനെ നിസ്സഹായയായി നോക്കി. രണ്ടാമത് വായിക്കാന്‍ എനിക്കും കൊതി തോന്നിയിരുന്നു.

അതില്‍പിന്നെ ഒരിക്കലും കഥകള്‍ ആര്‍ക്കും വായിക്കാന്‍ നല്‍കിയില്ല. ഞാന്‍ തന്നെ മാറ്റാരോ ആയി എന്റെ കഥകള്‍ വായിച്ചു. സ്വന്തംനിലക്ക് അഭിപ്രായം പറഞ്ഞു. അതിനുശേഷം ആരും കാണാതെ എടുത്തുവെച്ചു. വീട്ടില്‍ വരുന്ന ബുക്കുകളിലെ പബ്ലിഷേഴ്സിന്റെ ഒക്കെ പേരുകള്‍ നോക്കും. ഒരിക്കല്‍ ഞാന്‍ എഴുതുന്നതും ഇതുപോലെ വരുമെന്നു ചിന്തിക്കും. അമ്മ മാതൃഭൂമിയിലെ കഥകളെക്കുറിച്ചൊക്കെ ആരോടെങ്കിലും ചര്‍ച്ചചെയ്യുമ്പോള്‍, എന്റെ കഥകള്‍ മാതൃഭൂമിയില്‍ വന്നിട്ട് അമ്മ ഇതുപോലെ വായിച്ചു മറ്റുള്ളവരോട് അഭിപ്രായം പറയുന്നത് മനസ്സില്‍ കാണും. ഞാന്‍ ആലോചിച്ചുകൂട്ടുന്ന ഇമ്മാതിരി വമ്പന്‍ കാര്യങ്ങള്‍ ഓര്‍ത്തു ചുണ്ടില്‍ ഒരു ചിരി പതുങ്ങും. എന്നിട്ടും അവയൊന്നും ബാലപംക്തിയിലേക്ക് പോലും ഒന്നയച്ചു നോക്കാന്‍ തോന്നാതിരുന്നത് എന്തേ എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല. ഒരിക്കലും ഉണ്ടാവുകയും ഇല്ല.

കോളേജില്‍ എത്തുമ്പോള്‍ ആണ് കാര്യമായി ഒരു രചനാമത്സരത്തില്‍ പങ്കെടുക്കുന്നത്. അന്ന് കഥാ/കവിതാ രചനകളില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും കോളേജ് തലത്തില്‍ മാത്രമല്ല, യൂണിവേഴ്സിറ്റി സി സോണ്‍ തലത്തിലും ഒന്നാം സമ്മാനം കിട്ടി. മൂന്ന് ഭാഷയില്‍ കഥക്കും കവിതക്കും ഒന്നാം സമ്മാനം കിട്ടിയ കുട്ടി ആരാ എന്ന് അന്വേഷിച്ചു, ഒന്ന് കാണാന്‍ ഡിപ്പാര്‍ട്‌മെന്റിലേക്കു വിളിപ്പിച്ചു ഫിസിക്‌സ് അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ മാഷ്, ഇപ്പോള്‍ ദീര്‍ഘമായ ഇടവേളക്ക് ശേഷം ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എന്ന പേരില്‍ എഴുത്തുരംഗത്ത് സജീവം ആണ്. 'മരച്ചക്ക്' എന്ന ഒരു കഥാസമാഹാരവും ഈയിടെ അദ്ദേഹത്തിന്റേതായി പുറത്തുവന്നു.

ഈയിടെ, എന്റെ നമ്പര്‍ എവിടുന്നോ തേടിയെടുത്ത് വിളിച്ച അദ്ദേഹം 'അന്ന് മഞ്ചേരി എന്‍ എസ് എസ്. കോളേജില്‍വെച്ച് മൂന്ന് ഭാഷയിലും സമ്മാനങ്ങള്‍ വാങ്ങിയ ആ കുട്ടി തന്നെയല്ലേ ഇപ്പൊ കഥകള്‍ എഴുതുന്ന ഈ വി.കെ. ദീപ? ഞാന്‍ ഓര്‍ക്കുന്നു..' എന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. ഞാന്‍ അല്ലാതെ മറ്റൊരാള്‍ കൂടി ഇത്രയും കാലങ്ങള്‍ കഴിഞ്ഞും അതൊക്കെ ഓര്‍ത്തുവെച്ചല്ലോ എന്നതോര്‍ത്ത്...

അതായിരുന്നു അക്കാലത്ത് ആദ്യമായും അവസാനമായും പങ്കെടുത്ത മത്സരം.

അതില്‍ പിന്നെ കഥയായിരുന്നില്ല ജീവിതം... ജീവിതമായിരുന്നു കഥ...18 വയസു തികഞ്ഞതും വിവാഹം... കുട്ടികള്‍.. ജോലി.. അതിനൊപ്പം ഉള്ള ഡിഗ്രി, പി.ജി. പഠനങ്ങള്‍.. ജീവിതം എന്തെന്ന് അറിയും മുന്‍പേ തന്നെ അത് ഏറ്റെടുക്കേണ്ടി വന്നതിന്റെ പരിചയക്കുറവ്, അതിന്റെതായ പ്രാരാബ്ധങ്ങള്‍. കൊടുങ്കാറ്റില്‍ അത്യന്തം ക്ഷോഭിക്കുന്ന കടലില്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കുഞ്ഞുനൗകയില്‍ ജലയാത്ര ചെയ്യുംപോലെ ഉള്ള ജീവിതാനുഭവങ്ങള്‍...

അഗാധമായ വിഷാദം എന്നെ നിസ്സംഗതയുടെ രാജ്ഞിയാക്കി. എങ്കിലും അത് സ്വസ്ഥവും സുതാര്യവും ആയ ഒരു അവസ്ഥ ആയിരുന്നു..

എഴുത്തിന്റെ പുറംലോക ജാലകങ്ങള്‍ ഞാന്‍ തന്നെ എന്റേതായ കാരണങ്ങള്‍ കണ്ടെത്തി കൊട്ടിയടച്ചു. ഏകാന്തതയെ കൂടുതല്‍ സ്‌നേഹിച്ചു. എന്നിലേക്ക് ഒതുങ്ങി... സ്വന്തം തോടിനുള്ളില്‍ ഉറങ്ങുന്ന ഒച്ചിന്റെ ശിശിരനിദ്ര പോലെ ഒന്ന്....

അതില്‍പിന്നെ കഥയെഴുത്തും വായനയും എന്റെ അങ്ങേയറ്റം സ്വകാര്യമായ നിഗൂഢപ്രവര്‍ത്തികളായി മാറി. ഒരു ആഭിചാരപ്രക്രിയ പോലെ ഉള്ള എന്തോ ഒന്ന്.. രാത്രിയുടെ ഒരേസമയം വന്യവും ശാന്തവും ആയ യാമങ്ങളില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്ത് അതീന്ദ്രിയതകളെ മെരുക്കാന്‍ അറിയുന്ന മന്ത്രവാദിനിയെപ്പോലെ പ്രവേശിച്ചു.. അപ്പോള്‍ മാത്രം ഞാന്‍, ഞാനായി മാറി. അങ്ങേയറ്റം നിഗൂഢമായ ആ എഴുത്തുലോകത്തിന്റെ ആനന്ദം എന്നെ എന്റെ എല്ലാ സങ്കടങ്ങള്‍ക്കും മുകളില്‍ അതീവ ആഹ്ലാദവതിയാക്കി... എന്റെ ഉള്ളിലെ എനിക്ക് ചിറകുകള്‍ ഉണ്ടായിരുന്നു. അവള്‍ സ്വയം ആദരവ് പുലര്‍ത്തുന്നവളും അഭിമാനിയും ആയിരുന്നു... അവളുടെ തലയ്ക്കുള്ളില്‍ വിചിത്രരായ മനുഷ്യരുടെ ലോകം ഉണ്ടായിരുന്നു. അവര്‍ ഓരോരുത്തരും അവരുടെ കഥകള്‍ അവളോട് പറഞ്ഞുകൊണ്ടേയിരുന്നു. അവള്‍ അതെല്ലാം കഥകള്‍ ആയി എഴുതിക്കൊണ്ടുമിരുന്നു. എന്നിലെ അവളുടെ ആ എഴുത്ത് എന്നെ അങ്ങേയറ്റം ആനന്ദിപ്പിച്ചു.

ഒരു സാധാരണ മനുഷ്യന്‍ ജനിച്ചു മരിക്കുന്നതിനിടയില്‍ ഉള്ള ജീവിതാനുഭവങ്ങള്‍ കഥകള്‍ ആക്കുന്നതില്‍ എനിക്കെന്തോ താല്പര്യം തോന്നിയില്ല... അത്തരം കഥകളിലെ കഥാപാത്രങ്ങളെ എവിടെ നോക്കിയാലും കണ്ടുകിട്ടും. അനുഭവങ്ങളില്‍ ഏറ്റക്കുറച്ചിലോടെ. കഥകള്‍ ജീവിതഗന്ധി ആവണം, സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാവണം എന്നൊക്കെയുള്ള പാരമ്പര്യമായ എഴുത്തുരീതി എനിക്ക് വഴങ്ങിയില്ല... ഫാന്റസികളും
അതീന്ദ്രിയതയും നമുക്കൊപ്പം നിന്നുകൊണ്ട് തന്നെ നമ്മില്‍ പെടാതെ ജീവിക്കുന്ന ചില മനുഷ്യരുടെ വിചിത്രവും അവിശ്വനീയവും കൗതുകം നിറഞ്ഞതുമായ ജീവിതങ്ങളും അവരുടെ അതിസങ്കീര്‍ണ്ണ മാനസികാവസ്ഥകളും കഥകള്‍ക്ക് ഇഷ്ടവിഷയം ആയി... അങ്ങനെയൊന്നും നമുക്ക് കണ്ടുകിട്ടാത്തവര്‍, അവരായിരുന്നു എന്റെ കഥകളില്‍ വന്ന് നിന്നുതന്നത്...സ്റ്റാന്‍ലി ആയും ജൂപ്പിറ്റര്‍ ആയും മരിച്ചപെണ്ണുങ്ങള്‍ ആയും എലന ആയും ഒക്കെ...

തനിച്ചിരിക്കാന്‍ പറ്റുന്ന നേരത്ത് ഒക്കെയും, ഈ ലോകത്തുനിന്നു സ്വിച്ച് ഓഫ് ചെയ്ത്, മറ്റൊരു ലോകത്തെ ഈ വിചിത്രമനുഷ്യര്‍ക്കൊപ്പം അവരുടെ നമുക്കൊരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ജീവിതത്തിലൂടെ അവര്‍ക്കൊപ്പം സഞ്ചരിച്ചു. അവര്‍ എന്നോട് പങ്കുവെച്ചത് എന്റെ ഭാഷയില്‍ പകര്‍ത്തിയെഴുതി. കഥയെന്നു പേരിട്ടു.

എഴുതിവെച്ച കഥകള്‍ ഒന്നും തന്നെ അക്കാലത്തും എങ്ങോട്ടും അയച്ചില്ല... ഞാന്‍ എഴുതി ഞാന്‍ തന്നെ വായിച്ചാലും ഞാന്‍ സന്തോഷവതി ആയിരുന്നു. എനിക്ക് അങ്ങനെ ഒരു കഥ എഴുതാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ ആ കഥ ഞാന്‍ എഴുതി എന്നതില്‍ ആയിരുന്നു സന്തോഷം. സംതൃപ്തി... അത് ആനുകാലികങ്ങളിലേക്ക് അയക്കണം. നാലാള്‍ കണ്ടു വായിക്കണം. എന്നൊന്നും അപ്പോഴും തോന്നാഞ്ഞത് എന്തുകൊണ്ടെന്നതിന്‌ ഉത്തരം ഇല്ല... ഒരു കാലത്തും അതിനൊന്നും ഉത്തരം കിട്ടുകയുമില്ലെനിക്ക്..

അങ്ങനെ ഒക്കെ ജീവിച്ചു പോരുന്നതിനിടെ പത്തു വര്‍ഷം മുന്‍പാണ് പുറംലോകജാലകം തുറന്നു ഒരു കഥ അയക്കുന്നത്, അപ്പോഴത്തെ ഒരു തോന്നലിന്റെ പുറത്ത്... അതു പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ദീര്‍ഘമായ ഇടവേളകള്‍ എടുത്ത് കൗതുകം കൊണ്ടെന്നോണം വീണ്ടും കഥകള്‍ അയച്ചു...അമ്മ ഒഴിച്ചാരും ആ കഥകള്‍ വന്നത് അറിഞ്ഞില്ല. ഞാന്‍ അറിയാതെ ആ കഥകള്‍ വായിച്ചവരാരും എന്നോട് അതേ കുറിച്ച് പറഞ്ഞതുമില്ല...

പിന്നെയെപ്പോഴോ ഗൃഹക്ഷ്മിയില്‍ കഥ വന്നപ്പോഴാണ് അയല്പക്കത്തുനിന്നും സഹപ്രവര്‍ത്തകരില്‍നിന്നും 'നീ അപ്പോ കഥയൊക്കെ എഴുതുമല്ലേ..?' എന്ന ചോദ്യം ആദ്യമായി വന്നത്... അതിനു മുന്‍പ് ഭാഷാപോഷിണി, കലാകൗമുദി, മാധ്യമം, മലയാളം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഒക്കെ കഥകള്‍ വന്നിട്ടും.. 'വനിത'യില്‍ കൂടി കഥ വന്നതോടെ ഞാന്‍ കുറച്ചുകൂടെ കഥാകാരി ആയി മാറി...

പതിയെ, കഥകള്‍ വരുമ്പോള്‍ ചിലര്‍ നമ്പര്‍ തേടിപിടിച്ചു വിളിച്ചു കഥയെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാനൊക്കെ തുടങ്ങി.

അങ്ങനെയിക്കെ പൂര്‍വ്വജന്മസ്മൃതി പോലെ കണ്ടിരുന്ന ഒരു സ്വപ്നം സത്യമായി. അതെന്റെ ജീവിതത്തെയും എഴുത്തിനെയും ഏറെ സ്വാധീനിച്ചു. എന്തിലും ഏതിലും സംതൃപ്തിയും സന്തോഷവും കണ്ടെത്താന്‍ പഠിപ്പിച്ചു. എഴുത്തിന്റെ ഗ്രാഫ് കൃത്യമായി എന്റെയാ പരിവര്‍ത്തനകാലം അടയാളപ്പെടുത്തി. ആ സ്വപ്നത്തിനുള്ള അക്ഷരാര്‍ച്ചനയായി പിന്നീട് എന്നില്‍നിന്നും വന്ന കഥകള്‍ അത്രയും.

പാപ്പിറസ് ബുക്‌സ് 'ജന്മാന്തര സ്‌നേഹസഞ്ചാരി' എന്ന പേരില്‍ ആദ്യ കഥാസമാഹാരം ഇറക്കി. 2013-ല്‍ ഇറങ്ങിയ ആ കഥാസമാഹാരം കയ്യില്‍ എടുക്കുമ്പോള്‍ ഇന്നും ഉള്ളൂവിറക്കും. 'എന്റെയെന്റെ...' എന്ന അതിരറ്റസ്‌നേഹത്താല്‍ കണ്ണ് നിറയും. വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ കൈയില്‍ എടുക്കുന്ന അമ്മയെ പോലെ.

ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ആയതിനാല്‍ കുട്ടികള്‍ക്ക് അപ്പപ്പൊ തോന്നുംപോലെ പാടിക്കൊടുത്തിരുന്ന തൊള്ളേത്തോന്നി കുട്ടിപ്പാട്ടുകളും കുട്ടിക്കഥകളും ഇടയ്‌ക്കൊക്കെ ചില ബാലമാസികകള്‍ക്ക് കൊടുക്കുകയും പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

ജീവിതം എന്നെയും കൊണ്ട് അതിന്റെതായ രീതികളില്‍ ഒഴുകിക്കൊണ്ടിരുന്നു. മിലിറ്ററിക്കാരനായ അച്ഛനൊപ്പം ചെയ്ത കുട്ടിക്കാലയാത്രകളുടെ തുടര്‍ച്ചയെന്നോണം ഒരുപാടു യാത്രകള്‍ ചെയ്തു. അനുഭവങ്ങളുടെ, കാഴ്ചകളുടെ, വിശാലത കൂടിക്കൂടി വന്നു. കഥകള്‍ക്കൊപ്പം യാത്രാവിവരണങ്ങളും ധാരാളം എഴുതി... ഇന്‍സൈറ്റ് പബ്ലിക്കയില്‍നിന്നും യാത്രാവിവരണം 'എന്റെ ദേശാടനങ്ങള്‍' പുറത്തിറങ്ങി. സന്തോഷം കൊണ്ട് ഹൃദയം നിലച്ചുപോകുന്നപോലെ ആയിരുന്നു ആ പുസ്തകത്തിന്റെ ആദ്യകോപ്പികള്‍ കയ്യില്‍ കിട്ടിയപ്പോള്‍.

പുസ്തകം വാങ്ങാം

എല്ലാ ആനുകാലികങ്ങളിലും കഥകള്‍ വന്നിട്ടും ഒരുകാലത്തു ഏറെ മോഹിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രം എത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതില്‍ നിരാശ ഉണ്ടായിരുന്നു. എഴുതുമ്പോള്‍ ആത്മവിശ്വാസം തോന്നിയ കഥകള്‍ ഒക്കെയും മാതൃഭൂമിയിലേക്ക് അയച്ചു. ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമാവുന്ന കപ്പലുകളെ പോലെയായി അവയുടെ അവസ്ഥ.

പക്ഷെ, ഒരിക്കല്‍ അതും സംഭവിച്ചു. 'അയച്ച കഥ ഹിഡുംബി വൈകാതെ പ്രസിദ്ധീകരിക്കുന്നു.' എന്ന അറിയിപ്പ് മാതൃഭൂമിയില്‍ നിന്നും കിട്ടിയതു വായിച്ചു മറ്റൊന്നിനും ആവാതെ ആഹ്ലാദത്താല്‍ തളര്‍ന്നു. പിന്നെയും മാതൃഭൂമിയില്‍ കഥകള്‍ വന്നു. എല്ലാത്തിനും നല്ല അഭിപ്രായങ്ങളും വന്നു.

അടുത്ത ആഗ്രഹം മാതൃഭൂമിയില്‍ നിന്നും ഒരു കഥാസമാഹാരം ആയിരുന്നു. കഥകള്‍ കൊടുത്തിട്ടുള്ള ആ നീണ്ട കാത്തിരിപ്പിനിടയില്‍, ഡി.സി ബുക്‌സില്‍ നിന്നും മറ്റൊരു പുസ്തകത്തിനായി കഥകള്‍ ചോദിക്കുകയും, മൂന്നുമാസം കൊണ്ട് വുമണ്‍ ഈറ്റേഴ്‌സ് എന്ന ആ കഥാസമാഹാരം ഇറങ്ങുകയും ചെയ്തു. അതും ഒരിക്കല്‍ കണ്ട സ്വപ്നം ആയിരുന്നു. ഡി.സി യിലൂടെ ഒരു കഥാസമാഹാരം. സ്വപ്നങ്ങള്‍ ഓരോന്നായി സത്യമാകുന്ന വിഭ്രാന്തിയുടെ ഉന്മാദം ഹൃദയത്തില്‍ ഒളിപ്പിച്ചു നടന്നു.

പല പല സാങ്കേതികകാരണങ്ങളാല്‍ മാതൃഭൂമിയില്‍ നിന്നുള്ള കഥാസമാഹാരം മാസങ്ങളോളം വൈകിയെങ്കിലും, ഒടുവിലിതാ ആ സ്വപ്നവും 'ഹൃദയഭുക്ക്' എന്ന പേരില്‍ കഥാസമാഹാരമായി പുസ്തകശാലയില്‍ എത്തുന്നു. അത് ഒരു വലിയ സന്തോഷം.

ഒരു കഥ വേണമെന്ന് ആരെങ്കിലും ചോദിച്ചാലോ എഴുതിക്കൊടുക്കാന്‍ ഒരു ഡെഡ്‌ലൈന്‍ തന്നാലോ എഴുത്ത് എങ്ങനെ എന്നതറിയാതെ വിഡ്ഢിയെ പോലെ അന്തംവിട്ടു നില്‍ക്കുന്ന ഒരാളാണ് ഞാനിപ്പോഴും.

ഉള്ളില്‍ രൂപപ്പെടുമ്പോള്‍ മാത്രം എഴുതിയില്ലെങ്കില്‍ എന്നില്‍നിന്നും പിണങ്ങി പിരിഞ്ഞു നില്‍ക്കും കഥകള്‍. എക്കാലവും എന്റെ കഥകളേ, നിങ്ങള്‍ എന്നോട് അങ്ങനെ തന്നെയിരിക്കുക. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം എന്നെ നിങ്ങളുടെ എഴുത്തുപകരണം ആക്കുക. ഇനിയിപ്പോ എഴുത്ത് സംബന്ധിച്ച ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചാല്‍, എഴുതാന്‍ പറ്റുമ്പോള്‍ മാത്രം എഴുതണം. വായിക്കാന്‍ പറ്റുമ്പോള്‍ ഒക്കെ വായിക്കണം. അത്രയേ ഉള്ളൂ. അത് മാത്രമേ ഉളളൂ ആഗ്രഹങ്ങള്‍...

Content Highlights: Writer's Diary, V.K Deepa, Hridayabhukku


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented