യു.കെ കുമാരൻ
റൈറ്റേഴ്സ് ഡയറിയില്‍ യു.കെ കുമാരന് എഴുതുന്നു.
തക്ഷന്‍കുന്ന് സ്വരൂപത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു കുറിപ്പ് വാട്സ്ആപ്പില്‍ കണ്ടപ്പോഴാണ് ഞാന്‍ അതെഴുതിയ വ്യക്തിയെക്കുറിച്ച് തിരക്കാന്‍ തീരുമാനിച്ചത്. സാധാരണ രീതിയിലുള്ള ഒരാസ്വാദനമായിരുന്നില്ല അത്. ചുരുങ്ങിയ വാക്കുകളിലൂടെ നോവലിന്റെ ആശയതലങ്ങളിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിഞ്ഞിരുന്നു. ഫോണില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ പെട്ടെന്ന് എഴുതിയ ആളെ കിട്ടി. ഹരിഹര അയ്യര്‍ എന്നാണ് പേര്. മധ്യതിരുവിതാംകൂറിലെ ഗ്രാമത്തിലാണ് വീട്. എല്ലാ ദിവസവും കാലത്ത് ആവശ്യക്കാരെ ഫോണില്‍ ബന്ധപ്പെടുക എന്നതാണ് എന്റെ രീതി. ഹരിഹര അയ്യരെ ബന്ധപ്പെട്ടതും കാലത്തായിരുന്നു. അദ്ദേഹം എന്റെ പുതിയ രചനയെക്കുറിച്ചന്വേഷിച്ചപ്പോള്, മാതൃഭൂമി പുറത്തിറക്കിയ 'കണ്ടു കണ്ടിരിക്കെ' നോവലിനെക്കുറിച്ച് പറഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തെക്കുറിച്ചാലോചിക്കാന് തുനിഞ്ഞില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദീര്‍ഘമായ ഒരു കുറിപ്പ് വാട്സ്ആപ്പില്‍ കണ്ടു. നോവലിന്റെ ഒരാസ്വാദനമായിരുന്നു അത്. അതു വായിച്ച് ഞാന്‍ ഹരിഹര അയ്യരെ ഫോണില്‍ അപ്പോള്‍ തന്നെ വിളിച്ചു. അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. നോവലും കഥയും വായിച്ചു പല വായനക്കാരും എന്നെ മുമ്പും വിളിച്ചിട്ടുണ്ട്. എന്നാല്‍ അവരാരും ഇത്ര ഔത്സുക്യത്തോടെ എന്റെ മറ്റൊരു രചന തേടിപിടിച്ച് വായിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. ഓണ്‍ലൈനില്‍ അദ്ദേഹം പുസ്തകം വാങ്ങിക്കുകയായിരുന്നു. നോവല്‍ വായനയില്‍ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണം എനിക്ക് കൗതുകകരമായി തോന്നുകയും ചെയ്തു. തക്ഷന്‍കുന്ന് സ്വരൂപത്തില്‍ വസൂരി രോഗം പടര്ന്നുപിടിച്ചതിനെക്കുറിച്ച് വിവരിക്കുന്ന ഒരധ്യായമുണ്ട്. 'കണ്ടു കണ്ടിരിക്കെ'യില്‍ വൈറസ് രോഗം (അത് കൊറോണയാകാം) പടര്ന്നുപിടിച്ചതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇവ രണ്ടും പരാമര്‍ശിക്കുന്നത് നോവലുകളിലെ 24-ാം അധ്യായത്തിലാണ്. സമാനമായ നമ്പറുള്ള അധ്യായങ്ങളില്‍ ഇതെങ്ങിനെ വന്നുവെന്നാണ് ഹരി അന്വേഷിക്കുന്നത്. (പിന്നീട് ഞാന്‍ ഹരിഹര അയ്യരെ, ഹരിയാക്കി ചുരുക്കിയിരുന്നു) അദ്ദേഹം അത് ചൂണ്ടിക്കാണിച്ചപ്പോഴാണ് അധ്യായങ്ങളിലെ സമാനത എന്റെ ശ്രദ്ധയിലും പെട്ടത്. തികച്ചും യാദൃശ്ചികം.
വീട്ടില്‍ ഹരിയും അമ്മയും മാത്രമെ ഉള്ളൂ. ഹരിക്ക് എന്തോ ജോലിയുണ്ട്. കൂടുതല്‍ സമയവും വായനക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. എഴുതുന്ന ശീലമൊന്നുമില്ല. പിന്നീട് എന്റെ നോവലെറ്റുകളെക്കുറിച്ചും കഥാസമാഹാരങ്ങളെക്കുറിച്ചും ഹരി അന്വേഷിച്ചു. അവയുടെ പേരുകളും പ്രസാധകരെക്കുറിച്ചും അയാള്‍ അറിഞ്ഞുവെച്ചിരിക്കുന്നു. അപ്പോഴും ഞാനോര്‍ത്തു, മുമ്പൊരു വായനക്കാരനും എന്നെ ഈ രീതിയില്‍ പിന്തുടര്ന്നിട്ടില്ലല്ലോ. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പല പുസ്തകങ്ങളും ഹരി അതിനിടയില്‍ സംഘടിപ്പിച്ചിരുന്നു. 'എന്റെ മകള്‍ സ്ത്രീയാവുന്നു', 'പോലീസുകാരന്റെ പെണ്മക്കള്' എന്നിവ ഹരി എങ്ങിനെയോ സംഘടിപ്പിച്ച കഥാസമാഹാരങ്ങളാണ്. അതിനും പുറമെ ഞാന്‍ എഡിറ്റ് ചെയ്ത മുന്‍ കൃതികളും അയാള്‍ കണ്ടെത്തുകയുണ്ടായി. അപ്പോഴൊക്കെ ഞാന്‍ അത്ഭുതപ്പെട്ടു, ഇങ്ങനെയുണ്ടോ ഒരു വായനക്കാരന്? ഇതിനെല്ലാം പുറമെ താന്‍ അറിയുന്ന സാഹിത്യത്തിലെ ഓരോ വിശേഷങ്ങളും ഹരി അതത് സമയത്ത് എന്നെ വാട്സ്ആപ്പിലൂടെ അറിയിക്കുന്നുമുണ്ട്. ഹരിക്ക് ലഭിക്കാത്ത എന്റെ എല്ലാ കൃതികളും എങ്ങിനെയെങ്കിലും അയച്ചു കൊടുക്കാനാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കുഴപ്പവും കൂടാതെ മടക്കി എത്തിക്കുകയും ചെയ്യാം. എന്നാല്‍ എന്റെ കയ്യില്‍ എന്റെ എല്ലാ കൃതികളും ഉണ്ടോ എന്ന കാര്യം സംശയമാണ്. പല പുസ്തകങ്ങളും സഹൃദയര്‍ കൊണ്ടുപോയി. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഞാന്‍ അത്ര മിടുക്കനുമല്ല. എങ്കിലും ഹരിക്ക് വൈകാതെ ഞാന്‍ പുസ്തങ്ങളെത്തിക്കും. ഹരി സമാനതകളില്ലാത്ത ഒരു വായനക്കാരനാണ്.
Content Highlights: writer's diary u k kumaran writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..