'സാഹിത്യം തീണ്ടാത്ത ഒരു കഥ എക്കാലത്തും എന്റെ സ്വപ്നമായി തുടരുന്നു': മനോജ് വെങ്ങോല


എല്ലാത്തിനും അച്ഛന്‍ എന്നെ വിളിച്ചു. ഞാന്‍ ഉത്സാഹത്തോടെ ഒപ്പം പോയി. അന്നൊക്കെ കൂടെപോകുമ്പോള്‍, വാതോരാതെ അച്ഛന്‍ പറഞ്ഞിട്ടുള്ള കഥകളാണ് ഇന്നും മനസിലുള്ളത്. അവയെല്ലാം ഓര്‍ത്തെഴുതാന്‍ പറ്റിയാല്‍ ഗംഭീരമായ കഥകള്‍ ആയേനെ.

മനോജ് വെങ്ങോല

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ മനോജ് വെങ്ങോലയുടെ കഥാസമാഹാരം പൊറള് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കഥ എന്ന അത്ഭുതത്തെപ്പറ്റി റൈറ്റേഴ്‌സ് ഡയറിയില്‍ മനോജ് വെങ്ങോല എഴുതുന്നു.

പൊട്ടയ്ക്കക്കാരുടെ മറ്റപ്പോക്കുകണ്ടത്തില്‍ കാളപൂട്ടാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂടെകൂട്ടി. ഒന്നിനുമല്ല. വെറുതെ വരമ്പത്ത് ഇരിക്കാനാണ്. അച്ഛന്‍ പറയുന്ന ഓരോ കാര്യങ്ങള്‍ കേട്ടുമൂളാന്‍ ഒരാള്‍. ഒരു കൂട്ട്. ഒരു കേള്‍വിക്കാരന്‍.
ഇടവത്തിലെ നിര്‍ത്തില്ലാത്ത മഴയില്‍ പോഴിയും പിരിയന്‍കുളങ്ങരയും കല്ല്യേലിയും മുങ്ങിയപ്പോള്‍, അവയുടെ കൈത്തോടുകളില്‍ മീന്‍വെട്ടാനും ഞാന്‍ അച്ഛനൊപ്പം പോയി. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആദ്യഇടിമുഴക്കം ഭൂമിയെ നടുക്കിയപ്പോള്‍ കുന്നത്തുകുടിക്കാരുടെ എടണക്കാട്ടില്‍ കൂണുകള്‍ പൊങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങളിരുവരും കുറേ തിരഞ്ഞുനടന്നിട്ടുണ്ട്. അപ്പോഴോക്കെയും അച്ഛനിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ഒക്കെയും കഥകളാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടാകും. അതുകേള്‍ക്കാന്‍ ഭയങ്കര രസമായിരുന്നു.എങ്ങോട്ടിറങ്ങുമ്പോഴും അച്ഛന്‍ എന്നെ വിളിച്ചു: 'നീയും വാടാ..'
കഥകള്‍ കേള്‍ക്കാനുള്ള കൊതിയോടെ, ചെളിയിലും മഴയിലും വെള്ളത്തിലും ഊറാടിനടക്കാനുള്ള വെമ്പലോടെ ഒട്ടും മടിയ്ക്കാതെ ഞാനാകൂടെ പോയി.
കൊയ്ത്തുകഴിഞ്ഞ മുക്കോട്ടുപാടത്ത് താറാവിന്‍ക്കൂട്ടം മേഞ്ഞുകയറി പോയശേഷം മുട്ട തപ്പാന്‍, ചാത്തന്‍കുളത്തില്‍ ചൂണ്ടയിടാന്‍, പഞ്ചായത്ത് ചിറയില്‍ പായല്‍ വാരാനും ഞവണി പെറുക്കാനും, കയ്യാലകെട്ടിന് കല്ല് ചുമക്കാന്‍, ഇടിഞ്ഞുവീണ തൊഴുത്ത് പണിയുമ്പോള്‍ ഇഷ്ടികയ്ക്ക് മണ്ണ് ചവുട്ടികുഴയ്ക്കാന്‍, അറയ്ക്കപ്പടി ജവഹര്‍ ടാക്കീസില്‍ സിനിമ കാണാന്‍, വല്യവീട്ടുകാരുടെ കല്യാണങ്ങള്‍ക്ക് ഇല മുറിക്കാന്‍, വെട്ടിയ പോത്തിന്റെ പണ്ടവും കുടലും തെക്കേത്തോട്ടിലിട്ടു കഴുകിയെടുക്കാന്‍, അക്കരെ കവളയ്ക്കന്റെ മലയില്‍ റബ്ബര്‍കുഴി താഴ്ത്താന്‍, കൊയ്യാന്‍. മെതിയ്ക്കാന്‍, പാടത്ത് കിളച്ചുചവിട്ടാനും വരമ്പ് വയ്ക്കാനും...അങ്ങനെയങ്ങനെ...

എല്ലാത്തിനും അച്ഛന്‍ എന്നെ വിളിച്ചു. ഞാന്‍ ഉത്സാഹത്തോടെ ഒപ്പം പോയി. അന്നൊക്കെ കൂടെപോകുമ്പോള്‍, വാതോരാതെ അച്ഛന്‍ പറഞ്ഞിട്ടുള്ള കഥകളാണ് ഇന്നും മനസിലുള്ളത്. അവയെല്ലാം ഓര്‍ത്തെഴുതാന്‍ പറ്റിയാല്‍ ഗംഭീരമായ കഥകള്‍ ആയേനെ. പക്ഷേ എനിക്കതിനു കഴിയുന്നില്ല. ഞാന്‍ എഴുതുമ്പോള്‍ അവയില്‍ സാഹിത്യം കലരുന്നു. ഭാഷയ്ക്കും ഭാവനയ്ക്കും ഭാവുകത്വത്തിനും ഒപ്പം നീങ്ങേണ്ടിവരുന്നതോടെ അവയത്രയും കളങ്കിതമാകുന്നു. അതുകൊണ്ടുതന്നെ സാഹിത്യം തീണ്ടാത്ത ഒരു കഥ എക്കാലത്തും എന്റെ സ്വപ്നമായി തുടരുന്നു.
ഇപ്പോഴും അച്ഛനൊപ്പം കഴിച്ചുകൂട്ടിയ ആ കാലം വിസ്മയകരമാണ്. ഓരോ കഥകളും അവയുടെ വിവരണവും വരുംകാലത്തേയ്ക്കുള്ള വിത്തുകള്‍ ആയിരുന്നു എന്ന് എനിക്കിപ്പോള്‍ മനസിലാവുന്നുണ്ട്. അവ സൂക്ഷിച്ചുവയ്‌ക്കേണ്ടത് കേള്‍വിക്കാരനായ എന്റെ കടമയായിരുന്നു. പക്ഷെ ഞാന്‍ ചെയ്തതെന്താണ്?
എങ്കിലും ജാപ്പനീസ് ചലച്ചിത്രകാരനായ Kenji Mizoguchi-bpsS Sansho the Bailiff എന്ന സിനിമയിലെ ഡയലോഗ് അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ള കഥകളോടൊപ്പം ഞാന്‍ ഓര്‍ത്തുവയ്ക്കുന്നു.
'A man is not a humanbeing without mercy. even if you are hard on yourself, be merciful to others. men are created equal. everyone are entitled to their happiness.
ഓരോരോ ആനന്ദമന്വേഷിച്ചു വെപ്രാളപ്പെടുന്ന മനുഷ്യര്‍ കഥകളിലെങ്കിലും ഒന്നാകുന്നു. കാരുണ്യമുള്ളവരാകാന്‍ കഥകള്‍ അവരെ നിര്‍ബന്ധിക്കുന്നു.
കഥകള്‍ പറയാന്‍ വേണ്ടിയാണ്, കഥയില്‍ ജീവിയ്ക്കാന്‍ വേണ്ടിയാണ്, കഥയായി മാറാന്‍ വേണ്ടിയാണ് മനുഷ്യര്‍ ഈ പെടാപ്പാട് പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഈ കഥാസാഹസങ്ങളെ എളുപ്പത്തിനുവേണ്ടി ജീവിതം എന്ന് വിളിക്കുന്നതാകാം. ആര്‍ക്കറിയാം?

മറ്റുജീവികളുടെ കാര്യം എങ്ങനെയെന്നറിയില്ല, മനുഷ്യര്‍ എപ്പോഴും ധാരാളം കഥകള്‍ പറയുകയും അവ എഴുതിവെക്കുകയും വരുംകാലങ്ങളിലേയ്ക്കായി സമാഹരിച്ചുവയ്ക്കുകയും ചെയ്യുന്നതോര്‍ക്കുമ്പോള്‍ അത്ഭുതമാണ്. ഭക്ഷണം, ജീവശ്വാസം, ജലം, ഔഷധം എന്നിവ പോലെയാകും മനുഷ്യര്‍ക്ക് കഥകളും. അല്ലെങ്കില്‍ പറയുന്നതെന്തും ഒരു കഥ പോലെയാകണമെന്ന് ഇവരിത്ര ശഠിക്കുന്നതെന്തിനാണ്?
പരിഹാസമായാലും പരദൂഷണമായാലും പ്രശംസയായാലും അവരതൊരു കഥ പോലെ പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് രസിക്കണമെന്ന ബോധ്യത്തോടെ. താന്‍ ഉച്ചരിക്കുന്ന ഒരു വാക്ക് കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകും എന്ന ഉറപ്പും അവര്‍ക്കുണ്ട്. എഴുതുന്നതെന്തും വായിക്കാന്‍, ഏതെങ്കിലും കാലത്ത് ഏതെങ്കിലും ദേശത്ത് ആരങ്കിലും ഉണ്ടാകും എന്ന ഉറപ്പും അവര്‍ക്കുണ്ട്.

നിഗൂഡവും കാലങ്ങളോളം കേടുകൂടാതെ ഇരിക്കേണ്ടതുമായ എന്തോ ചിലത് ഒളിച്ചുകടത്തുന്നവരുടെ ജാഗ്രത കഥ പറയുന്ന എല്ലാവര്‍ക്കും ഉണ്ട് എന്നതാണ് ഏറ്റവും രസകരം. വിഷമാണോ ഔഷധമാണോ എന്ന് ഒരുറപ്പുമില്ല.
എന്നിട്ടും മനുഷ്യര്‍, അനേകഭാഷകളില്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ചൈനീസില്‍,കൊറിയനില്‍, ജാപ്പനീസില്‍, ഫിന്നിഷില്‍, മലയാളത്തില്‍, സ്പാനിഷില്‍, തമിഴില്‍ തെലുങ്കില്‍, ഹിന്ദിയില്‍, ഇംഗ്ലീഷില്‍, ഫ്രഞ്ചില്‍, ഒഡിയയില്‍,സന്താളിയില്‍, ബംഗാളിയില്‍, പൊറളില്‍...

പൊറള് പറയരുടെ ഗൂഡഭാഷയാണ്. അതവര്‍ക്ക് മാത്രം തിരിയുന്ന ഒന്നാണ്. അവരുടെ ആത്മാലാപങ്ങളും രോഷവും പ്രതിരോധവുമാണ് ആ ഭാഷ. മലയാളവുമായി ഇഴപിരിച്ചു പ്രയോഗിക്കുന്ന ഒന്ന്. ഇന്നാ ഭാഷ അറിയാവുന്നവര്‍ വിരളമാണ്.
നന്നേ കുട്ടിയായിരിക്കുമ്പോള്‍, പൊറള് ഭാഷയില്‍ സംസാരിക്കുന്ന ചിലരെ എനിയ്ക്ക് അറിയാമായിരുന്നു. മിളിന്തി, കിണുമ്പ്, ചെകരം എന്നിങ്ങനെ ചില വാക്കുകളള്‍ ഓര്‍ത്തുവച്ചു എന്നല്ലാതെ അവയുടെ അര്‍ത്ഥമോ മറ്റു വാക്കുകളോ എനിയ്ക്ക് മനസിലായിട്ടില്ല. ഇന്നും അറിയില്ല.
ഈ ഭാഷയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം മുതിര്‍ന്നവര്‍ അതു പറഞ്ഞുതരാന്‍ വിമുഖത കാണിക്കുകയും ചെയ്തു.
കാലംപോകെ, പിന്നെയും കുറച്ചധികം വാക്കുകള്‍ പലരില്‍ നിന്നായി ഞാന്‍ ശേഖരിക്കുകയുണ്ടായി. കിട്ടുന്ന മുറയ്ക്ക് ലിപികളില്ലാത്ത അവയെല്ലാം ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ടു. എന്തിനെന്നറിയാതെ. ഈ വാക്കുകളുടെ ശേഖരണം വളരയേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഈ ഭാഷ അറിയാവുന്നവര്‍ വളരെ വിരളമായിരുന്നു. അറിയാവുന്നവരാകട്ടെ അത് അന്യനൊരാള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മടിച്ചു.

പുസ്തകം വാങ്ങാം

അങ്ങനെയിരിക്കെ, രണ്ടായിരത്തിപതിനെട്ടിലെ, ജൂണില്‍ എന്റെ നാടായ വളയന്‍ചിറങ്ങരയില്‍ ഒരു കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. നല്ല മഴയുണ്ട്. മോളെ സ്‌കൂളിലാക്കി വരുന്ന വഴിയായിരുന്നു. അപ്പോള്‍, മഴയിലൂടെ നാടകപ്രവര്‍ത്തകനായ എന്‍.ജി.കൃഷ്ണന്‍കുട്ടി ചേട്ടന്‍ ഓടി എന്റെ അടുത്ത് വന്നുനിന്നു. ഓരോ വര്‍ത്തമാനം പറയുന്നതിനിടയില്‍, താന്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ആരാണ് മരിച്ചത് എന്ന് ഞാന്‍ ചോദിച്ചു. മുവാറ്റുപുഴ വാളകം ഭാഗത്ത്, ഏതോ ഒരു ക്രിസ്ത്യന്‍ ഫാമിലിയിലെ പ്രായമായ ഒരാളാണ് മരണപ്പെട്ടതെന്നും നാളുകളായി കിടപ്പിലായിരുന്നുവെന്നും മരണത്തിന്റെ തലേദിവസം അദ്ദേഹത്തിന്റെ മക്കളെല്ലാം ചേര്‍ന്ന്, 'വിളിച്ചുചൊല്ലലിന്' ആലോചിച്ചിരുന്നുവെന്നും കൃഷ്ണന്‍കുട്ടി ചേട്ടന്‍ തുടര്‍ന്നു. 'വിളിച്ചുചൊല്ലല്‍' എന്ന സംഗതിയെപ്പറ്റി ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. എന്നാല്‍, അതേപ്പറ്റി കൃഷ്ണന്‍കുട്ടി ചേട്ടനും കൂടുതല്‍ അറിയുമായിരുന്നില്ല.

'പൊറള്' ഭാഷയിലെ വാക്കുകള്‍ തേടി നടന്നപോലെ, അന്വേഷിക്കാന്‍ എനിക്ക് മറ്റൊരു കാര്യം കൂടി വീണുകിട്ടുകയായിരുന്നു. ധാരാളം ആളുകളോട് ഞാനിതേക്കുറിച്ച് ചോദിച്ചുവെങ്കിലും ആര്‍ക്കും അറിയാമായിരുന്നില്ല. കല്യാണത്തിനും ചാക്കാലയ്ക്കും പിറന്നാളിനും ഉത്സവത്തിനും പെരുന്നാളിനും കണ്ടുമുട്ടുന്നവരോടെല്ലാം ഞാന്‍ ആരാഞ്ഞുകൊണ്ടിരുന്നു. ഫലം നിരാശ മാത്രം. ഇതിനിടയില്‍ പുസ്തകങ്ങള്‍ തിരയുന്നുമുണ്ടായിരുന്നു. മുടക്കാരിന്റെ തീണ്ടാപ്പാട്, ഡി.രാജന്റെ മുക്കണി, മുന്തൂര്‍ കൃഷ്ണന്റെ പറയര്‍ സാംബവര്‍, ഒര്‍ണ കൃഷ്ണന്‍കുട്ടിയുടെ പറയര്‍: കുലം ഗോത്രം സമൂഹം, Samuel Mateer -ന്റെ Native life in Travancore, എന്നിവയെല്ലാം അതില്‍പ്പെടും. പക്ഷേ ഇവയിലെല്ലാം ഞാന്‍ അന്വേഷിച്ചതൊഴിച്ചുള്ള ഗഹനമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ മാസങ്ങള്‍ പിന്നെയും കടന്നുപോയി.

ഒടുവില്‍, മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിനു സമീപത്തെ ഒരു ചെറിയ ചായക്കടയില്‍ വെച്ചു പരിചയപ്പെട്ട വൃദ്ധനായ മനുഷ്യനാണ് കൃത്യമായ വിവരങ്ങള്‍ നല്‍കിയത്. അല്‍പ്പനേരത്തെ സംസാരം കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദമുണ്ടായി. അദ്ദേഹം അവിടെയൊരു ബന്ധുവീട്ടില്‍ വന്നതായിരുന്നു. മടക്കം എന്നോടൊപ്പമായി. ആലുവ വരെ ഞാന്‍ അദ്ദേഹത്തെ കാറില്‍ കൊണ്ടുവിട്ടു. അല്ലെങ്കില്‍, എനിക്കാവശ്യമായത് സംസാരിച്ചെടുക്കാന്‍, മറ്റെല്ലാ തിരക്കും മറന്നുകൊണ്ട് ഞാനാകൂടെപ്പോയി.

വിസ്മയകരം തന്നെ. ആ യാത്രക്കിടയില്‍, തന്റെ യൗവനം ഇല്ലിമുള്ളുകള്‍ കൊണ്ട് വേലികെട്ടാനും കയ്യാല പണിയാനും ചെലവഴിച്ച അദ്ദേഹം പറഞ്ഞ വിവരങ്ങള്‍ ഞാന്‍ ഇക്കാലമത്രയും അന്വേഷിച്ചു നടന്നതായിരുന്നു. അതേ. തീര്‍ത്തും വിസ്മയകരം തന്നെ. കയ്യാലകെട്ടുന്നവര്‍, കല്‍പ്പണിക്കാര്‍, നെയ്ത്തുകാര്‍, ചെരുപ്പ് തുന്നുന്നവര്‍, കുട നന്നാക്കുന്നവര്‍, കക്ക വാരുന്നവര്‍, മണ്ണുപണിക്കാര്‍...ഇവര്‍ക്കൊക്കെ അറിയാവുന്ന ചരിത്രവും കഥകളും പാട്ടും മറ്റാര്‍ക്കും അറിയില്ല. ഒരു പുസ്തകത്തിലും ഇല്ല. പക്ഷേ അവരെവിടെ? ചരിത്രത്തില്‍ അവരുടെ ഭാഗങ്ങള്‍ ശൂന്യമായി തുടരുന്നു.
അന്നെഴുതി സൂക്ഷിച്ച കുറിപ്പുകളും വിവരങ്ങളും ചേര്‍ത്താണ് പൊറള് എന്ന കഥ ഉണ്ടാകുന്നത്. ആ കഥയുടെ പേര് തന്നെയാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ സമാഹാരത്തിനും.
-'പൊറള് '
ആ കഥയ്‌ക്കൊപ്പം, ഊത്, ആഫ്രിക്കന്‍ ഒച്ചുകളുടെ വീട്, അക്ഷരനഗരം, വിവര്‍ത്തകന്‍, പ്രച്ഛന്നം, ഇരിപ്പ്, നോവെഴുത്ത്, നിദ്രാഭാഷണം, വാര്‍ പോയറ്റ്, ഒരുക്കം എന്നിങ്ങനെ പത്തുകഥകള്‍ വേറെയുമുണ്ട്.
എഴുതി ഉപേക്ഷിച്ച കഥകളില്‍ ബാക്കിയായവ മാത്രമാണിത്. എത്രയോ കഥകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. എത്രയോ കഥകള്‍ ഞാന്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. ഇവ എങ്ങനെയോ അതിജീവിച്ചുവെന്ന് മാത്രം.

ഊത് എനിയ്ക്ക് പരിചയമുള്ള പ്രൊഫസറുടെ കഥയാണ്. അക്ഷരനഗരം കോട്ടയം നഗരത്തിലെ ഒരു പത്രമോഫീസില്‍ ജോലി ചെയ്ത കാലത്തുണ്ടായ അനുഭവങ്ങളാണ്. വിവര്‍ത്തകന്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ഒരു വാടകവീട്ടില്‍ പരിമിതസൗകര്യങ്ങളോടെ കഴിഞ്ഞ കാലത്തെ ഓര്‍മ്മകളാണ്. ഒരുക്കം എന്ന കഥ രോഗബാധിതനായി കഴിഞ്ഞ മാസങ്ങളുടെ ശേഷിപ്പ്. നോവെഴുത്ത്, നിദ്രാഭാഷണം എന്നീ കഥകള്‍ പെരുമ്പാവൂര്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നതിന്റെ ബാക്കിയാണ്. ഇങ്ങനെ ഓരോ കഥകളും ഓരോ കാലത്തെ ഓര്‍മ്മകളാകുന്നു.
എന്തിനിതൊക്കെ കഥകളായി എഴുതിവയ്ക്കുന്നു എന്ന ചോദ്യം ഞാന്‍ നിരന്തരം എന്നോട് ചോദിയ്ക്കുന്നുണ്ട്.
ഉള്ളില്‍ നിന്നുള്ള മറുപടി, എഴുതുമ്പോള്‍ സന്തോഷം ഉണ്ടാകുന്നു എന്നാണ്. അച്ഛന്റെ വെറുംപറച്ചില്‍ എന്റെ ചോരയില്‍ കലര്‍ന്നതാകാനും മതി.
അച്ഛനെകുറിച്ച് പറഞ്ഞാണല്ലോ തുടങ്ങിയത്. ഈ കുറിപ്പ് അവസാനിപ്പിക്കുന്നതും അച്ഛനിലാകട്ടെ.

ഒരിക്കല്‍, പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി അദ്ദേഹത്തിന്റെ കേരളസന്ദര്‍ശനത്തിനിടയില്‍ പിറവത്ത് വരികയും അവിടെ നിന്ന് ഞങ്ങളുടെ നാട്ടിലൂടെ കടന്നുപോവുകയും ചെയ്യുകയുണ്ടായി. ആ പോക്ക് കാണണമെന്ന് അച്ഛന് ഒരേ നിര്‍ബന്ധം.
അതാകണം, അന്നേദിവസം രാവിലെ മുതല്‍ ഞങ്ങളുടെ വീട് എന്തിനെന്നറിയാതെ ആഹ്ലാദിക്കുന്നുണ്ടായിരുന്നു.
വൈകിട്ടാണ് പ്രധാനമന്ത്രിയുടെ വരവ്. എങ്കിലും ഞങ്ങള്‍, ഞാനും അച്ഛനും വെയിലാറും മുന്‍പേ റെഡിയായി വഴിയരികില്‍ സ്ഥാനം പിടിച്ചു.
സമയം മൂന്നായി.നാലായി.അഞ്ചായി. സന്ധ്യയായി. ഇരുട്ടായി.

ഞങ്ങളുടെ ആ നില്‍പ്പ് കുറച്ചധികം നീണ്ടു. ഒട്ടും അക്ഷമരാകാതെ, വിരാമമില്ലാത്ത കാത്തുനില്‍പ്പില്‍ നിരാശരാകാതെ അങ്ങനെ നില്‍ക്കുമ്പോള്‍ അച്ഛന്‍ ചില കാര്യങ്ങള്‍ എന്നെ പറഞ്ഞുകേള്‍പ്പിച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, അത് നമ്മുടെ രാജ്യത്തിന്റെ ലഘുചരിത്രമായിരുന്നു എന്ന് മനസിലാകുന്നു. കൃഷിജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തിയും ജ്യോതിഷം, വാസ്തു, വൈദ്യം , രാഷ്ട്രീയം എന്നിവയില്‍ നിശിതമായ താല്‍പര്യം ഉണ്ടായിരിക്കുകയും ചെയ്ത ഒരു സാധാരണക്കാരന്റെ നിലപാടുകളായിരുന്നു അത്.
ആ കഥകളില്‍ രാജീവ്ഗാന്ധി അമാനുഷനും ആകാശംമുട്ടെ വളര്‍ന്ന അതികായനും ആയിരുന്നു.
ഒടുവില്‍ രാജീവ്ഗാന്ധിയും വാഹനവ്യൂഹവും കടന്നുവരുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. ഇരുട്ടിലൂടെ സൈറന്‍ മുഴക്കി പോകുന്ന ഏതോ വാഹനത്തിനു നേരെ നോക്കി അലക്ഷ്യമായി ഞങ്ങള്‍ കൈവീശി.
മടക്കത്തില്‍ അച്ഛന്‍ ചോദിച്ചു.
'നീ കണ്ടോ...?'
കാണാത്ത രാജീവ്ഗാന്ധിയെ ഞാനും വര്‍ണ്ണിച്ചു.
'ചുവന്നൊരു മനുഷ്യന്‍. ഒരു മിന്നായം പോലെ കണ്ടു.'
അച്ഛന്‍ ചിരിച്ചു.
'അതുമതി..'
മാസങ്ങള്‍ക്ക് ശേഷം രാജീവ്ഗാന്ധിയുടെ മരണവാര്‍ത്ത വരുമ്പോള്‍ അച്ഛനൊരു തൂമ്പയ്ക്ക് പൂള് വയ്ക്കുകയായിരുന്നു. ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു.
'അച്ഛാ, രാജീവ്ഗാന്ധി മരിച്ചുപോയി.'
ഒരു നിമിഷം ആലോചിച്ചിട്ട് അച്ഛന്‍ പറഞ്ഞു.
'മരിച്ചതല്ലല്ലോ. കൊന്നതല്ലേ..'
തൂമ്പ തോളില്‍ വച്ച് പാടത്തേയ്ക്ക് പോകുമ്പോള്‍ അച്ഛന്‍ ഇത്രയുംകൂടെ പറഞ്ഞു.
'ശ്രീലങ്കയുടെ കാര്യത്തില്‍ ഇടപെടണ്ടായിരുന്നു.'
തുടര്‍ന്ന്, ചില മനുഷ്യര്‍ മരിച്ചാലും മരിക്കുകയില്ലെന്നും കഥകളില്‍ അവര്‍ ജീവിക്കുമെന്നും അര്‍ത്ഥമുള്ള എന്തോകൂടി അച്ഛന്‍ പറയുകയുണ്ടായി. അതെനിയ്ക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല.
ശരിയായിരിക്കും. കഥയാകുന്ന മനുഷ്യര്‍ മരിക്കില്ലായിരിക്കും. മരിക്കാതിരിക്കാനാകണം അച്ഛന്‍ പേര്‍ത്തുംപേര്‍ത്തും കഥകള്‍ ഉണ്ടാക്കി പറഞ്ഞുകൊണ്ടിരുന്നത്. അതായിരുന്നു അച്ഛന്റെ ആഹ്ലാദം. ഞാനും ചിലത് പറയാന്‍ ശ്രമിക്കുന്നു. കഥയാകുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ. ഉള്ളില്‍ ആഹ്ലാദമുണ്ട്.
ആ പഴയ Mizoguchi ഡയലോഗ് ആവര്‍ത്തിക്കട്ടെ:
'everyone are entitled to their happiness.'

Content Highlights: Writer's Diary, Manoj Vengola, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented