അഷിത,ശ്രീബാല കെ. മേനോൻ
അന്ന് നമ്മള്‍ എന്തിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്? എന്ത് വിഷയമായിരുന്നു എന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല. ആ സോഫയില്‍ നന്നായി ചെരിഞ്ഞുള്ള ആ ഇരിപ്പും, കണ്ണടയ്ക്കുള്ളിലൂടെ തെളിഞ്ഞു കണ്ട കണ്ണുകളിലെ ചിരിയും, കുസൃതിയുമെല്ലാം എനിക്ക് വ്യക്തമായി ഓര്‍ത്തെടുക്കാന്‍ ആവുന്നുണ്ട്. ചുണ്ട് ഒരു വശത്തേക്ക് അല്പം കൂര്‍പ്പിച്ച് പിടിച്ച് പറഞ്ഞ ആ രണ്ട് വാചകങ്ങളും. 'ഞാന്‍ പോയാലും നിന്നെ വിടില്ല ബാലേ.. നിനക്കുള്ള പണി ഞാന്‍ തന്നുകൊണ്ടേയിരിക്കും.' ഉടനെയൊന്നും പോവില്ല എന്ന് നമ്മള്‍ രണ്ടാളും വിശ്വസിച്ചിരുന്നു. അതുകൊണ്ട് മറുപടി ഒന്നും പറയാതെ ഞാന്‍ ചിരിച്ചതേയുള്ളു. ആ നിമിഷം ഒരു ക്യാമറയില്‍ എന്ന പോലെ മനസ്സില്‍ പതിഞ്ഞു. ഒടുവില്‍ നമ്മള്‍ ഇരുവരുടേയും വിശ്വാസം കാറ്റില്‍ പറത്തി ഒരു പാതിരാത്രി ദൂരെ ഇരുന്ന് ഞാന്‍ അറിഞ്ഞു. അഷിത പോയി എന്ന് അയിഷ ചേച്ചി ഫോണില്‍ പറഞ്ഞ പാതിരാത്രി നേരം. ആ നിമിഷത്തില്‍ ഫ്രീസ്‌ഫ്രെമിയിലായിപ്പോയ ഞാന്‍. അഞ്ചെട്ട് മാസക്കാലം ഫ്രീസ് ബട്ടണില്‍ Pause ചെയ്തുപോയ എന്റെ ദിനങ്ങള്‍... നിങ്ങള്‍ ഒന്ന് തിരികെ വന്നെങ്കില്‍ എന്ന ആഗ്രഹവും അത് തോന്നുന്ന നിമിഷംതന്നെ നിങ്ങളെ അര്‍ഹിക്കാത്ത ഈ ലോകത്ത് നിങ്ങള്‍ എന്തിന് വീണ്ടും വരണം എന്ന ഇരട്ടചിന്തയുമായി ഞാന്‍ ഇരുന്നു. ഇനി നമ്മള്‍ ഒരുമിച്ചുണ്ടാവുകയില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് ആ യാഥാര്‍ത്ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങിയ കാലത്ത് ഒരു പകല്‍ ഞാന്‍ ഏറെ അസ്വസ്ഥപ്പെട്ടു.
നിങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട ആ വ്യക്തിയുടെ പ്രശ്‌നത്തില്‍ തീര്‍ച്ചയായും ഇടപ്പെട്ട് അതിന് ഒരു പരിഹാരം കണ്ടേനെ എന്ന് വിഷമിച്ച ദിവസത്തിനൊടുവില്‍ രാത്രി കിടന്നപ്പോള്‍ എന്റെ മുറിയില്‍ നിങ്ങളെ ഞാന്‍ വീണ്ടും അനുഭവിച്ചു. മണം കൊണ്ടോ, പാദസ്പര്‍ശം കൊണ്ടോ ഒന്നുമല്ല. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എഴുത്തുകാരിയായിട്ടും പോലും ഒരിക്കലും സാധിക്കാത്ത, എന്നാല്‍ അനുഭവതലത്തില്‍ സംഭവിച്ച ഒരു കൂടിക്കാഴ്ച! ഒരു പക്ഷേ നിങ്ങളെ എനര്‍ജിയായി ഞാന്‍ അനുഭവിച്ചു എന്ന വാക്കുകള്‍ ഉപയോഗിച്ച് അതിനെ വിവരിക്കാനാവുമെന്ന് തോന്നുന്നു. അതിലേറെ ആഴത്തിലാണ് ആ അനുഭവം. പ്രേതത്തെ പേടിയുള്ള എനിക്ക് എന്തേ അന്ന് ഒരു തരിമ്പും പേടി തോന്നിയില്ല? പകരം കിടക്കയില്‍ കിടന്ന് ചിന്തിച്ചത് 'നിങ്ങളെ ഞാന്‍ പേടിക്കാനോ...No way!' എനിക്ക് ചിരി വരുന്നുണ്ടായിരുന്നു നിങ്ങളെ ഞാന്‍ പേടിക്കുന്നത് ഓര്‍ത്തിട്ട്. കുറേ നേരം കഴിഞ്ഞപ്പൊ എന്ത് ചെയ്യേണ്ടു എന്നറിയാതെ ഉറങ്ങാന്‍ തീരുമാനിച്ചു ഞാന്‍.

നിങ്ങള്‍ എന്നോട് ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. എന്റെ മുറിയിലേക്ക് വന്നു എന്നതൊഴിച്ചാല്‍ വേറെ ഒന്നും സംഭവിച്ചില്ല. ഉറങ്ങാന്‍ കിടന്നെങ്കിലും, ഉറങ്ങാന്‍ ആവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കോവിഡ് ലോക്ഡൗണ്‍ കാലമായതുകൊണ്ട് ചീറിപ്പാഞ്ഞ് പോകുന്ന ആംബുലന്‍സിന്റെ സൈറണ്‍ന്റെ ശബ്ദം മുറിയില്‍ ഇടവിട്ട് മുഴങ്ങി കൊണ്ടിരുന്നു. ഒടുവില്‍ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തില്‍ എഴുന്നേറ്റ് മൊബൈല്‍ എടുത്തു. യൂട്യൂബില്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങി. സുബ്ബലക്ഷ്മി ആലപിച്ച കീര്‍ത്തനങ്ങള്‍ കേട്ടിരുന്നപ്പോള്‍, ഭജഗോവിന്ദം എന്ന ഭജന്‍ എത്തിയപ്പോള്‍ നിങ്ങളോട് ഞാന്‍ ചോദിച്ചു. ഇത് അയക്കട്ടേ? വേണ്ട എന്നോ വേണം എന്നോ എന്നോട് പറഞ്ഞില്ല. മൗനം സമ്മതമായി എടുത്ത് കൊണ്ട് ഞാന്‍ ആ പാട്ടിന്റെ ലിങ്ക് കോപ്പി ചെയ്‌തെടുത്ത്, അപ്പോള്‍ സമയം രാത്രി 2 മണിയൊക്കെ ആയി കാണും, ആരെയോര്‍ത്താണോ അന്ന് പകല്‍ വിഷമിച്ചത്, അഷിതേച്ചിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നത്, ആ വ്യക്തിക്ക് വാട്ട്‌സ് ആപ്പില്‍ അയച്ചു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അടുത്ത സെക്കന്റില്‍ അവിടെ നിന്ന് നന്ദി സൂചകമായി ഒരു കൂപ്പുകൈ വന്നു. ചേച്ചി പറഞ്ഞിട്ട് അയച്ചതാണ് എന്ന് ഞാന്‍ എഴുതി. അതിന് ഒരു ഹൃദയത്തിന്റെ ഇമോജി എന്നെ തേടി വന്നു. അവര്‍ വിശ്വസിച്ചോ എന്തോ? പറയേണ്ടത് എന്റെ കടമ എന്ന് കരുതി ഏല്‍പ്പിച്ച ഒരു ജോലി ചെയ്ത സന്തോഷത്തോടെ അപ്പോഴും മുറിയിലുള്ള നിങ്ങളുടെ എനര്‍ജിയോട് ഗുഡ് നൈറ്റ് പറഞ്ഞ് എന്നെ സ്വയം നിര്‍ബന്ധിച്ച് ഞാന്‍ ഉറക്കി.
രാവിലെ എഴുന്നേറ്റപ്പോഴും നിങ്ങള്‍ പോയിട്ടില്ല എന്നറിഞ്ഞ് ഞാനൊന്ന് പകച്ചു. പല്ല് തേക്കുമ്പോഴും, ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോഴും എന്നില്‍ നിന്നും എന്തോ ഒന്ന് കൂടി ചേച്ചിക്ക് വേണമല്ലോ എന്തായിരിക്കാം അത് എന്ന് ആലോചിച്ച് വിഷമിച്ചു. കുറേ നേരത്തിന് ശേഷം ഫോട്ടോ ഗാലറിയില്‍ പോയി ചേച്ചി ആരാധിച്ചിരുന്ന ഉടുപ്പി കൃഷ്ണന്റെ എനിക്കയച്ച ഫോട്ടോ തപ്പിയെടുത്ത് ഇന്നലെ അയച്ച നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തത് എന്നതിന് എനിക്കുത്തരമില്ല. ആ നമ്പറില്‍ നിന്നും മറുപടി ഒന്നും വന്നതേയില്ല. ഏറെ നേരം നിങ്ങളും ഞാനും മൗനമായി ഇരുന്നു. പിന്നെ പതിയെ ഒന്നും പറയാതെ നിങ്ങള്‍ യാത്രയാവുന്നത് ഞാനറിഞ്ഞു. യാത്ര പറയണ്ടേതെങ്ങിനെയെന്ന് അമ്പരന്നു. പോവണ്ട എന്ന് പറയാന്‍ ആഗ്രഹിച്ചു. ഇനി എന്നുവരും എന്ന് ചോദിക്കാന്‍ തോന്നി. പക്ഷേ ഒന്നും ചെയ്യാതെ അനങ്ങാതെ അവിടെ ഇരുന്നതേയുള്ളു ഞാന്‍. ആര്‍ക്കാണോ എന്നെക്കൊണ്ട് പാട്ടും, ഫോട്ടോയും അയപ്പിച്ചത് അവരുടെ പ്രശ്‌നം ദിവസങ്ങള്‍ക്കുള്ളില്‍ അലിഞ്ഞ് ഇല്ലാതായത് കണ്ട് ഞാന്‍ ആശ്വസിച്ചു. ശരീരം ഉപേക്ഷിച്ചാലും വറ്റാത്ത അനുകമ്പയും ശിഷ്യരോടുള്ള ഗുരുവിന്റെ കരുതലും ഉണ്ടാവും എന്ന് കേട്ടിട്ടുള്ളത് അനുഭവിച്ചറിഞ്ഞു ഞാന്‍. ഇത് ഒരു ഡയറിക്കുറിപ്പായി എഴുതി സൂക്ഷിക്കുന്നതെന്തിന് എന്നെനിക്കറിയില്ല. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത അനുഭവങ്ങള്‍ അവിടെയാണല്ലോ എഴുതി വെക്കേണ്ടത്, അല്ലേ? സ്വകാര്യമായ ഒരിടത്ത്...അതുകൊണ്ട് നിങ്ങള്‍ എന്നെ തേടിവന്ന ഒരു രാത്രിയും രാവിലെയും എന്റെ ഡയറിയിലെ ഒരു കുറിപ്പായി ഇവിടെ വരച്ചിടുന്നു. ഗുരുവിന്റെ സ്‌നേഹവും, കരുണയും എന്നെ അനുഭവിപ്പിച്ചുകൊണ്ട് വീണ്ടും നമ്മള്‍ ഒരുമിച്ചിരിക്കുന്ന ദിവസം അത് ഉണ്ടാവില്ലേ ഇനിയും...
Content Highlights: writers diary Sreebala K Menon writes about writer Ashitha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..