സജയ് കെ.വിയുടെ മകൾ ആവണിനന്ദ വരച്ച ചിത്രം
'ദിനസരി' എന്ന വാക്ക് എനിക്കിഷ്ടമാണ്, അങ്ങനെയൊന്ന് ഞാന്‍ എഴുതാറില്ലെങ്കിലും. എഴുതിയിരുന്നു മുമ്പ് , യുവാവായിരുന്നപ്പോള്‍. അന്നും അതെന്നെ മടുപ്പിച്ചിട്ടേയുള്ളൂ . എത്ര ഏകതാനവും വ്യര്‍ത്ഥവും വിരസവുമാണ് നമ്മുടെയൊക്കെ ജീവിതം എന്ന തോന്നലിനെ ബലപ്പെടുത്തുന്നതിനാലുള്ള മടുപ്പായിരുന്നു അത്. അന്നു ഞാന്‍ അവിവാഹിതനും തീര്‍ത്തുമൊരേകാകിയുമായിരുന്നു, കൂടാതെ തൊഴില്‍രഹിതനും. എഴുത്തുമായി എനിക്കുള്ള ബന്ധം എനിക്കു മാത്രമറിയാവുന്ന ഒരു പരമ രഹസ്യവുമായിരുന്നു. ഇപ്പോള്‍ യുവാവ് മധ്യവയസ്‌കനായിരിക്കുന്നു, അവിവാഹിതന്‍ കൗമാരക്കാരികളായ രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍, തൊഴില്‍രഹിതന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യുന്ന സാഹിത്യാധ്യാപകന്‍. എഴുത്തുകാരന്‍ എന്നു പറയാന്‍ ധൈര്യം പോരാ. എഴുതുന്നു, ചിലതൊക്കെ. അത്രമാത്രം. ഏകാന്തത ഇപ്പോഴുമുണ്ട്. പക്ഷേ പണ്ടത്തെ നിശ്ശൂന്യമായ മരുഭൂമിയല്ല ഇപ്പോള്‍. അതു കുറച്ചേറെ പച്ചപിടിച്ചിരിക്കുന്നു.
ഇങ്ങനെയൊരാളുടെ ദിനസരിയാണെഴുതേണ്ടത്; ആകാവുന്നത്ര സത്യസന്ധമായി. ഒ.എന്‍.വി.യുടെ 'ഒരു സിംഫണി' എന്ന കവിത ഒരു ദിവസത്തെ, അതിന്റെ നാനാവിധമായ ശബ്ദങ്ങളെ, ഒരു സിംഫണിയെന്നോണം ഘടനപ്പെടുത്തുന്നുണ്ട്. ആ കവിത ഇഷ്ടമാണെങ്കിലും എല്ലാദിവസങ്ങളും ഒരുപോലെ ലയഭദ്രമാണെന്നോ ലയഭദ്രമാവുമെന്നോ ഉള്ള വിശ്വാസം എനിക്കില്ല. ധാരാളം ഭാവചാപല്യങ്ങള്‍ -mood swings- ഉള്ളൊരു വ്യക്തിയാണ് ഞാന്‍. മൂഡ് സ്വിങ്ങിലെ 'സ്വിങ്' എന്താണെന്ന് ശരിക്കുമറിയാവുന്ന ഒരാള്‍. ആ ഊഞ്ഞാലില്‍ തന്നെ സ്ഥിരവാസമുറപ്പിച്ചിരിക്കുന്ന ഒരാള്‍ എന്നും പറയാം('പരമരുചിരമാമഹര്‍മ്മുഖം / ചരമധരോപരി കാറു നില്‍ക്കവേ' എന്നത് , അതിനാല്‍, എനിക്കൊരു ദൈനംദിനാനുഭവം!).ചെറിയൊരു കരടു മതി ഒരു പകല്‍ മുഴുവന്‍ പാഴായും ശൂന്യമായും തോന്നാന്‍.
അത്തരം കരടുകള്‍ നീക്കി, ഒരു ദിവസത്തെ ആകാവുന്നത്ര സ്വച്ഛവും സുന്ദരവുമാക്കാന്‍ സാധ്യമായ ഒരേയൊരു പോംവഴിയാണ് എഴുത്തും വായനയും. വെറുമയുടെ നേരങ്ങളില്‍ എന്തെങ്കിലും വായിക്കുന്നു, ആനുകാലികങ്ങളോ പുസ്തകങ്ങളോ. നിസ്തന്ദ്രമായ, വമ്പിച്ച വായനയൊന്നുമല്ല; ആഹ്‌ളാദം പകരുന്ന ഒരു കവിതയോ അതിലെ ഒരു വരിയോ ഹൃദ്യമായ ഒരു വാക്യമോ വാക്കോ കണ്ടു കിട്ടിയാല്‍ അതു മതി, ധാരാളം. ഇന്നിപ്പോള്‍ 'The Finer Tone' എന്ന പുസ്തകത്തിലെ ഒരധ്യായത്തിലായിരുന്നു രാവിലേ മുതല്‍. കീറ്റ്‌സിന്റെ പ്രധാനകവിതകളില്‍ ചിലതിന്റെ വിശദമായ പഠനമാണ് ഉള്ളടക്കം. അതില്‍' രാപ്പാടിയോടൊരു ഗീതം' എന്ന കവിത വിശകലനം ചെയ്യപ്പെടുന്ന അധ്യായമാണ് വായിച്ചത്. ('ആനന്ദമാപിനി'-pleasure thermometer എന്ന കീറ്റ്‌സിയന്‍പ്രയോഗം അതില്‍ നിന്നു വീണു കിട്ടി !).
ആ കവിതയോടൊപ്പമുള്ള ഉല്ലാസയാത്രയായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ ക്ലാസ്സില്‍. 'ആരും ഒരു പുഴയില്‍ രണ്ടു വട്ടം മുഴുകാറില്ല' എന്നതു പോലെയാണ് കവിതാധ്യാപനം. ഒരേ കവിത, ഓരോ വര്‍ഷവും ഓരോ രീതിയില്‍ പുതുതായിത്തീരുന്നു. പുതിയ ചില ഊന്നലുകള്‍, സൂക്ഷ്മഭംഗികള്‍, അര്‍ത്ഥസാംഗത്യങ്ങള്‍ ഇവ വെളിപ്പെടുന്നു. അവയെ വീണ്ടും വിടര്‍ത്താനും വിടര്‍ന്നു കിട്ടിയവയെ അതിന്റെ ഞെട്ടില്‍ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താനും വേണ്ടിയാണ് ഈ വായന.
അതിനിടയില്‍, വടകരയിലെ എന്റെ ഏറ്റവും മുതിര്‍ന്ന സുഹൃത്തായ ഡോ.രാജന്‍, കടത്തനാടു മാധവിയമ്മയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ നിന്നു കുറച്ചു ഭാഗം വായിക്കുന്നു. സാഹിത്യതാല്‍പ്പര്യമുള്ള, വളരെ മുതിര്‍ന്ന ഡോക്ടറാണ് ലേഖകന്‍. അദ്ദേഹം പലപ്പോഴായെഴുതിയ, എണ്ണത്തില്‍ കുറവായ കവിതാപഠനങ്ങള്‍. അവയ്ക്ക് പുസ്തരൂപം നല്‍കുമ്പോള്‍ അതിനൊരവതാരിക വേണം. മാധവിയമ്മ ഓണത്തെക്കുറിച്ചെഴുതിയ മനോഹരമായ വരികള്‍ ഡോക്ടറുടെ ലേഖനത്തില്‍ ഉദ്ധരിച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി-
'എന്റെയുമ്മറത്തെന്തൊരാശ്ചര്യ -
വര്‍ണ്ണസങ്കരഭംഗികള്‍!
കണ്‍കറുത്തതാം കാക്കപ്പൂ നോക്കി-
പ്പുഞ്ചിരിക്കുന്ന തുമ്പപ്പൂ...' - ഓണക്കാലമല്ലാഞ്ഞിട്ടും, കൊടിയ വേനലിന്റെ തുടക്കമായിട്ടും ഓണമെത്തിയാലെന്നപോലെ ഞാനതില്‍ മുഴുകുന്നു. ഹൃദയത്തില്‍ വാക്കുകളുടെ ഒരു പൂക്കളം തെളിയുന്നു.
അപ്പോഴാണ് അപരിചിതമായ നമ്പറില്‍ നിന്നും ഒരു വിളി വന്നത്. ഒരു കുട്ടിയാണ് അപ്പുറത്ത്. മണ്ണുത്തിയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന' മുകുള്‍' എന്ന് അവന്‍ സ്വയം പരിചയപ്പെടുത്തി. അത്ര ലളിതമല്ലാത്ത ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് അവനു വേണ്ടിയിരുന്നത് - കവികള്‍, പുഴകള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? അത് അനുനിമിഷം പുതുതായിത്തീരുന്നതിനെപ്പറ്റിയും ആദ്യന്തഹീനമായ കാലമെന്ന പ്രതീതിയുണര്‍ത്തുന്നതിനെപ്പറ്റിയും നദിയുടെ മറുകര എന്ന സ്വപ്നാത്മകദൂരത്തെപ്പറ്റിയുമൊക്കെ ഒരു കുട്ടിയോട് പറയും മട്ടില്‍ പറഞ്ഞിട്ടും തൃപ്തി വന്നില്ല. അവന്‍ വിളിച്ച വാട്ട്‌സ്ആപ്പ് നമ്പറില്‍ ഷുന്‍താരോ താനിക്കാവ എന്ന കവിയുടെ, അതീവ സരളമായ ' റിവര്‍' എന്ന കവിത കൂടി അയച്ചു കൊടുത്തു. തുടര്‍ന്ന്, അതുള്‍പ്പെട്ടിരുന്ന 'വിന്റേജ് ബുക്ക് ഓഫ് വേള്‍ഡ് പൊയട്രി'യില്‍ നിന്ന് താനിക്കാവയുടെ ലളിതമനോഹരമായ മറ്റൊരു കവിത കൂടി വായിച്ചു. കവിത ഇങ്ങനെ -
'Sadness
A half-peeled apple
Not a metaphor
Not a poem
Merely there
A half-peeled apple
Sadness
Merely there
Yesterday's evening paper
Merely there
Merely there
A warm breast
Merely there
Nightfall
Sadness
Apart from words
Apart from the heart
Merely here
The things of today.' - ഇതു വായിക്കുമ്പോഴേയ്ക്ക് രാത്രിയായിക്കഴിഞ്ഞിരുന്നു. ഏകാകിതയുടെയും വിഷാദത്തിന്റെയും ദിനസംഗ്രഹം പോലെ ആ കവിത. ദുഃഖത്തെപ്പറ്റിയുള്ള കവിതയും അതു വായിക്കുന്നവന്റെ അന്തരംഗത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നു. ആ പ്രകാശമാണ് ഇപ്പോള്‍ എന്റെ ഉളളില്‍.
ഇതത്രയും ഒരൊഴിവു ദിവസത്തിന്റെ ദിനസരിയാണ്; സമയത്തിന് വലിയ വിലയൊന്നുമില്ലാത്ത,' It was evening all afternoon' എന്നതു പോലൊരു ദിവസത്തിന്റെ. ജോലിദിവസങ്ങള്‍ വ്യത്യസ്തമാണ്;' മുന്നില്‍ മുയല്‍ക്കുഞ്ഞിനെത്തിന്നിളിക്കുന്നു/ ജിന്നും വലിയ ക്ലോക്കും നരിക്കൂട്ടവും' (ഡി.വിനയചന്ദ്രന്‍)എന്നതു പോലുള്ളവ. പകല്‍ക്കിനാവിന്റെ നേരങ്ങള്‍ വിരളം. മികച്ചൊരു കവിത വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഭദ്രമായി വിനിമയം ചെയ്യാനായാല്‍ , രാവിലെയോ വൈകുന്നേരമോ വല്ലതുമൊന്നെഴുതാനോ വായിക്കാനോ ആയാല്‍ അതു മാത്രമാണ് അത്തരം ദിവസങ്ങളിലെ ആനന്ദം.
ഒ.എന്‍.വി.യുടെ' ഒരു സിംഫണി' എന്ന കവിത ഓര്‍മ്മിച്ചു കൊണ്ടായിരുന്നുവല്ലോ ഈ കുറിപ്പിന്റെ തുടക്കം. കുടുംബസംഗീതമാണ് അന്യഥാ വ്യഥാകലുഷിതമായ ജീവിതത്തിലെ ഒരേയൊരു സാന്ത്വനം എന്നു പറയുന്ന, എനിക്കു പ്രിയപ്പെട്ട, മറ്റൊരോയെന്‍വിക്കവിത കൂടിയുണ്ട് ,'പ്രാവുകള്‍'. അതിന്റെ ഭാവസാന്ദ്രമായ പര്യവസാനം ഇങ്ങനെ -
'ഹാ! ജനിമൃതികള്‍ ത -
ന്നിടവേളയെ ദ്രാക്ഷാ -
പാകമാക്കുക കൊക്കു -
രുമ്മിയും കുറുകിയും!'.
ആ സംഗീതത്തിലേയ്ക്ക് ഈയിടെയായി വിരുന്നു വരാറുള്ള രണ്ട് അതിഥികളെക്കുറിച്ചു കൂടി പറയണം. കറുപ്പും വെളുപ്പും നിറമുള്ള ഒരാണ്‍പൂച്ചയാണൊരാള്‍. തനി നാടോടി, വീട്ടു പൂച്ചയെന്നതിനേക്കാള്‍ നാട്ടുപൂച്ച. മറ്റത് പാല്‍നിറമുള്ളൊരു പെണ്‍പൂച്ച. രണ്ടു പേരും ദിവസത്തില്‍ ഒരിക്കലെങ്കിലും വരുന്നു. ഇഷ്ടഭക്ഷണം കഴിച്ചു മടങ്ങുന്നു, ഞങ്ങളുടെ മനുഷ്യലോകത്തെ ഇത്തിരി മൃഗപ്പറ്റു കൂടിയുള്ളതാക്കി മാറ്റിക്കൊണ്ട്.
Content Highlights: writers diary sajay k v shares personal experiences in writing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..