പുസ്തകത്തിന്റെ കവർ, റിഹാൻ റാഷിദ്
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കായല്‍മരണം എന്ന നോവലിന്റെ രചയിതാവാണ് റിഹാന്‍ റഷീദ്. റൈറ്റേഴ്‌സ് ഡയറിയില്‍ റിഹാന്‍ റഷീദ് എഴുതുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ എഴുത്ത് ജീവിതമാക്കിയ ഒരുവനാണ് ഞാന്‍. പ്രവചാനാതീതമായ ജീവിതത്തിന്റെ ഏതോ കറക്കത്തില്‍ അകപ്പെടുകയും പിന്നീടതിനെ, അതിജീവനത്തിനുള്ള മാര്‍ഗ്ഗമായി തിരഞ്ഞെടുത്തതുമാണ്. അതൊട്ടും എളുപ്പമല്ല. കാരണം ഇവിടെ ഓരോ ദിവസവും അനേകം പുസ്തകങ്ങളും സിനിമകളും ഇറങ്ങുന്നുണ്ട്. വായനക്കാരന് തിരഞ്ഞെടുക്കാനുള്ള ചോയ്‌സുകള്‍ അനവധിയാണ്. അവിടേക്ക് ഒരു പുസ്തകവുമായി ചെല്ലുകയെന്നത് വെല്ലുവിളിയാണ്. കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും അവര്‍ നിരന്തരം പുതിയതിനെ തേടുകയാണ്. അവരെ തൃപ്തിപ്പെടുത്താവുന്ന തരത്തില്‍ എഴുത്തുകാരന്‍ എല്ലായ്‌പോഴും നിദാന്തജാഗ്രതയില്‍ പുതുക്കലുകള്‍ക്ക് വിധേയനാവണം. ആ പുതുക്കലുകള്‍ക്ക് കരുതിക്കൂട്ടിത്തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അല്ലെങ്കിലും മനുഷ്യരെപ്പോഴും പുതിയതിനെ തേടുന്നുണ്ടല്ലോ? ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ആദ്യം കരുതിയത് വാച്ചുകള്‍ റിപ്പയര്‍ ചെയ്യുന്ന ഒരാളായി മാറുമെന്നാണ്. കുട്ടിക്കാലത്തിന്റെ സാമാന്യം വലിയൊരു ഭാഗവും ഒരു വാച്ചുറിപ്പയര്‍ കടയില്‍ അലസമായ സമയയത്തെ നോക്കിയിരുന്നതായിരുന്നു.
നിലച്ചും ചലിച്ചും ഓരേ നേരത്ത് പലസമയങ്ങള്‍ കാണിക്കുന്ന വിവിധ തരത്തിലുള്ള ഘടികാരങ്ങള്‍. അതഴിച്ചുവെച്ചതിന്റെ ഒട്ടനവധി ചുരുളന്‍ യന്ത്രഭാഗങ്ങള്‍. കണ്‍കുഴിയലമര്‍ത്തിവെക്കുന്ന ലെന്‍സ്...കൈവിരല്‍ വലുപ്പമുള്ള ഉപകരണങ്ങള്‍. കണ്ടും തൊട്ടും തലോടിയും ഞാനും എന്നെങ്കിലും ഒരു കൃത്യസമയത്തെ നിര്‍മ്മിക്കുന്നത് സ്വപ്നം കണ്ട നാളുകള്‍! എന്നിട്ടൊന്നുമായില്ല. കാലമതിന്റെ പല്‍ച്ചക്രങ്ങളില്‍ കറങ്ങിക്കൊണ്ടേയിരുന്നു. ഉപ്പയുടെ അരിച്ചുമടിന്റെ മണത്തിലും വിയര്‍പ്പിന്റെ കൂലിയിലും ജീവിതം സമയംതെറ്റാതെ മുന്നോട്ടോടി. ഇടയ്‌ക്കെപ്പെഴോ വായനയുടെ രുചി നുകര്‍ന്നു. അതങ്ങനെ തുടര്‍ന്നു. ബാലരമയിലും ബാലഭൂമിയിലും പത്രങ്ങളും തലകുമ്പിട്ടിരുന്ന കാലം. ജലപ്പക്ഷികള്‍ തലകുമ്പിട്ടിരിക്കുന്നതുകണക്കായിരുന്നത്. കുറേക്കൂടെ മുതിര്‍ന്നപ്പോള്‍ വായന എവിടെയോ നിലച്ചു. പത്താംക്ലാസ് തോറ്റതോടെ പഠനവും നിര്‍ത്തി...
അതുകഴിഞ്ഞൊരു കടയിലെ ജോലിക്കാരനായി. ഇമിറ്റേഷന്‍ ആഭരണങ്ങളില്‍ സ്വര്‍ണ്ണം പൂശിവില്‍ക്കുന്ന കടയായിരുന്നത്. പഠിക്കുമ്പോള്‍ ബാലികേറാ മലയായിരുന്ന ആനോഡും കാതോഡും അനുഭവത്തില്‍ എളുപ്പത്തില്‍ വഴങ്ങി.
ചെറിയൊരു ഡവറയില്‍ രണ്ടു കമ്പികളിലൊന്നില്‍ കെട്ടിവെക്കുന്ന സ്വര്‍ണ്ണവും ചെമ്പും സയനൈഡ് കലര്‍ത്തിയ വെള്ളത്തില്‍ തരിതരിയായി അലിഞ്ഞു തീരുന്നത് നോക്കിനില്‍ക്കും. ചെറുമീനുകള്‍ നീന്തുന്നതു പോലെയായിരുന്നാ കാഴ്ച. അഞ്ചുവര്‍ഷങ്ങള്‍ അവിടെ ജോലിചെയ്തു. പ്രണയിനിയെ കാത്തു നിന്നും അവള്‍ക്കെഴുതിയ കത്തുകളായും കാലമങ്ങു തീര്‍ന്നുപോയി. പിന്നെക്കരുതി ഞാനൊരു ഫോട്ടോഗ്രാഫറായിത്തീരുമെന്ന്. കല്യാണവീടുകളിലെ തിരക്കുകള്‍ക്കിടയില്‍ നീളന്‍ പാമ്പുപോലുള്ള ഹാലോജന്‍ ലൈറ്റിന്റെ വയറ് വലിച്ചോടിയും നിന്നും കുറേനാള് കഴിഞ്ഞു. കണ്ടുമുട്ടുന്ന മനുഷ്യരുടെ മുഖങ്ങള്‍ അന്നും കൗതുകത്തോടെ നോക്കും. അവരുടെ ഭാവഭേദങ്ങള്‍ ഒന്നിനുമല്ലാതെ ഓര്‍ത്തുവെക്കും. പിന്നേയും പലജോലികള്‍...അവസാനം ഒരെഴുത്തുകാരനായുള്ള പരിണാമം സംഭവിച്ചു!
സ്വന്തമായി ഒരു കഥാസമാഹാരം അച്ചടിച്ച് വില്‍പ്പന നടത്തി. പല പുസ്തകശാലകളില്‍ ചെന്ന് ഒരു കോപ്പിയെങ്കിലും അവിടെ വെക്കുമോയെന്നു കെഞ്ചി. ആരുമെടുത്തില്ല. അവരെ കുറ്റം പറയാനില്ല. അല്‍പ്പമെങ്കിലും അറിയപ്പെടാത്ത ഒരാളുടെ പുസ്തകം ആര് വാങ്ങിക്കാനാണ്! പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ആ പുസ്തകം പതിയെ വായനക്കാരിലേക്കെത്തി. അത്ര മികച്ചതല്ലായിരുന്നെങ്കിലും അതിലെന്തോ പ്രത്യേകതയുണ്ടായിരുന്നു. അതാണ് ഇന്നീ എത്തിനില്‍ക്കുന്ന ഇടത്തിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പ്. അതിനിടയിലും ജീവിക്കാന്‍ പല വേഷങ്ങളാടി ഒന്നിലും ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അജ്ഞാതമായൊരു ഉള്‍വിളി എല്ലാത്തില്‍ നിന്നും പിന്നോക്കം വലിച്ചു. കൂടുതല്‍ മൗനിയായി മാറി. എഴുതുമ്പോള്‍ ഇതെല്ലാം മറന്ന് ആത്മഹര്‍ഷത്തിന്റെ രസാനന്ദങ്ങള്‍ അനുഭവിക്കുന്നതു തിരിച്ചറിഞ്ഞു.
എഴുതുകയോ വായിക്കുകയോ ചെയ്യാത്ത ദിവസങ്ങള്‍ വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കാന്‍ തുടങ്ങി. ഇതു രണ്ടും ചെയ്യാതിരിക്കുമ്പോള്‍ ആധിപിടിക്കുന്നു!
ആ സമയത്ത് എനിക്ക് ഭ്രാന്താണെന്നു തോന്നി. പിന്നെ ആലോചിച്ചപ്പോള്‍ അബ്‌നോര്‍മലിനു പകരം ''അപ് നോര്‍മ്മലാ''യൊരു മനുഷ്യനാണെന്ന് മനസ്സിലായി. ആ അപ് നോര്‍മ്മലവസ്ഥയിലാണ് നിരന്തരമുള്ള എഴുത്തുതുടങ്ങുന്നത്. എഴുത്ത് തന്നെ ജീവിതമാര്‍ഗ്ഗമായി തിരഞ്ഞെടുക്കാനുള്ള അപകടകരമായ തീരുമാനം എടുത്തതും അക്കാലത്താണ്. അതേസമയം കടുംവിശപ്പുള്ള മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നതുപോലെ കിട്ടുന്നതെന്തും വായിക്കാന്‍ ആരംഭിച്ചു. ചിതലിനെപ്പോലെ പുസ്തകങ്ങള്‍ തിന്നുതീര്‍ത്ത ദിവസങ്ങള്‍. അതിനു പ്രത്യേകിച്ച് സമയക്രമം ഒന്നുമില്ലായിരുന്നു.
ആദ്യ പുസ്തകങ്ങള്‍ വായിച്ച പലരും വിമര്‍ശിച്ചും ഉപദേശിച്ചും കൂടുതല്‍ വിശാലമായ എഴുത്തിലേക്ക് വഴികാട്ടി. അതനുസരിച്ച് തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. ആ ശ്രമം ഇപ്പോഴും തുടരുന്നുമുണ്ട്. നാലു വര്‍ഷത്തിനിടയ്ക്ക് ഏഴു പുസ്തകങ്ങള്‍! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അതിനിടയ്ക് പല സൗഹൃദങ്ങളും നഷ്ടമായി. ഏതുനേരവും എഴുത്തോ വായനയോ മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് നിരന്തരം പുസ്തകങ്ങള്‍ സംഭവിക്കുന്നത്. ആദ്യം സ്വയം സംതൃപ്തി നല്‍കുന്നൊരു സബ്ജക്ടിലേക്ക് എത്തിച്ചേരുന്നു. ദിവസങ്ങളോളം അതിനെ താലോലിക്കുന്നു. വീഞ്ഞു നിര്‍മ്മിക്കുന്നതുപോലെയാണത്. ആശയത്തെ മനസ്സിന്റെ കുപ്പിയിലടച്ച് കലര്‍ന്നുചേരാന്‍ അനുവദിക്കുന്നു. അതിനിടയില്‍ എഴുതാന്‍ തീരുമാനിച്ച വിഷയത്തെക്കുറിച്ച് പറ്റാവുന്നത്ര പഠിക്കാന്‍ ശ്രമിക്കുന്നു. പുസ്തകങ്ങള്‍ വിക്കിപീഡിയ അതതു വിഷയങ്ങളില്‍ അറിവുകളുള്ള മനുഷ്യരുമായും സംസാരിക്കുന്നു. സംശയങ്ങള്‍ തീര്‍ക്കുന്നു. എഴുതാനുള്ള നോട്ടുകള്‍ തയ്യാറാക്കുന്നു. സത്യത്തില്‍ എഴുത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നത് ആ സമയങ്ങളിലാണ്. മറ്റാര്‍ക്കുമത് മനസ്സിലാവുകയില്ല. കൂടെയുള്ളവരെയാണത് ബാധിക്കുക. അവര് കരുതുന്നത് ഞാനവരെ ഉപേക്ഷിക്കുകയെന്നാണ്. ഇടയ്ക് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. ചിലരത് തിരിച്ചറിയും...മറ്റു ചിലര്...എന്തായാലും എഴുതാതെ എനിക്ക് പറ്റാവുന്നില്ലിപ്പോള്‍. പലപ്പോഴും മനസ്സ് പോലും സ്ലിപ്പാവുന്നുണ്ട്. ഇടയ്ക് തോന്നും ഏതോ ഒഴുക്കില്‍ വീണൊരു ഇലയില്‍ പറ്റിനില്‍ക്കുന്നൊരു ഉറുമ്പാണെന്ന്. ഒന്നുകില്‍ ഏതെങ്കിലും ഒരിടത്ത് കരയ്ക്കടിയും. അല്ലായെങ്കില്‍ ഇലയൊന്നുലഞ്ഞാല്‍ ഒരു തുള്ളിവെള്ളത്തില്‍ ശ്വാസംമില്ലാതെ പിടയുന്ന ഉറുമ്പ്! അല്ലേലും 'ഞാന്‍' എന്നതിന് സ്ഥാനമില്ല.
എഴുതിയ പുസ്തകങ്ങളായി ഏതെങ്കിലുമൊരു കാലത്ത് ആരെങ്കിലും കണ്ടെടുത്തേക്കാം. അങ്ങനെ അജ്ഞാതനായ ഒരാള്‍ക്ക് വേണ്ടിയാണ് എഴുതുന്നതെന്ന കൗതുകമുണ്ട്. എല്ലാ ദേഷ്യങ്ങളേയും സങ്കടങ്ങളേയും പൊട്ടിത്തെറികളേയും സഹിക്കുന്ന കുടുംബത്തിന്റെ പിന്തുണയാണ് ഇങ്ങനെ എഴുതാനുള്ള തണലേകുന്നത്. വായനക്കാരിലൂടെയാണ് നിലനില്‍ക്കുന്നത്.
എട്ടാമത്തെ പുസ്തകമായ കായല്‍ മരണം മാതൃഭൂമി ചെയ്യുമ്പോള്‍ വല്ലാത്തൊരു ആനന്ദമുണ്ട്. ധന്യാത്മകമായൊരു സൂഫിനൃത്തത്തില്‍ എല്ലാം മറന്ന് ആത്മീയതയിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നൊരു രസാനന്ദം.
ചരിത്രത്തോടും മിത്തുകളോടുമുള്ള ഇഷ്ടമാണ് ദേശഭാവനയുടെ പാശ്ചത്തലത്തില്‍ നിന്നുകൊണ്ട് 'കായല്‍ മരണം' എഴുതിയത്. കാലവും ദേശവും കുറ്റകൃത്യവും ഒന്നിനോടൊന്നു ചേര്‍ന്നു നില്‍ക്കുന്നൊരു പരീക്ഷണം.
നിരന്തരമായ ബൈബിള്‍ വായനയും അതിന് സഹായകരമായിട്ടുണ്ട്.
ഇനിയെല്ലാം വായനക്കാരാണ് തീരുമാനിക്കേണ്ടത്.
ജിനേഷ് മടപ്പള്ളി എഴുതിയ കവിത പോലെയാണ് മിക്കവാറും മനുഷ്യരുടെ ജീവിതം. അതിലൊരാളായി ഞാനുമുണ്ട്...
''ഒഴുക്ക് നിലച്ച്
മരിക്കുന്നതിനു തൊട്ടുമുന്‍പ്
പുഴ വഴികളോട് മന്ത്രിച്ചു.
സമുദ്രത്തെ കാണുകയാണെങ്കില്‍
ഞാന്‍ ശ്രമിച്ചിരുന്നു എന്ന് അറിയിക്കണം...''
Content Highlights: Writer's Diary, Rihan Rashid, Kayala Maranam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..