അമ്മ, ഭാര്യ, അടുക്കള, തൊഴിലിടം...! തിരക്കുകള്‍ക്കിടയിലെ എഴുത്തെന്ന പെണ്‍പ്രതിസന്ധി!


മിനി പി.സി

ഇത്ര വിശദമായ ചരിത്രപശ്ചാത്തലം വിശദീകരിച്ചത്, ഈ സമാഹാരത്തിലെ ഓരോ കഥയ്ക്കും പിന്നില്‍ ഇത്തരം ജീവിതം ജീവിച്ച അതായത് സര്‍ഗാത്മകമായോ അല്ലാതെയോ ജീവിച്ച, സ്വയം അടയാളപ്പെടുത്താന്‍ ശ്രമിച്ച അനേകം സ്ത്രീകളുടെ രൂപരേഖകള്‍ ഉണ്ടെന്നുള്ളതുകൊണ്ടാണ്.

മിനി പി.സി

സര്‍ഗാത്മകതയുളള സ്ത്രീ എന്നത് സവിശേഷമായ ഒരവസ്ഥയാണ്. അത്ര എളുപ്പമല്ല, അങ്ങിനെ ആയിത്തീരാനും അതായി തുടരാനും. അനേകം ഭാവങ്ങളുള്ള മൂര്‍ത്തികളുടെ, പെണ്‍ദൈവങ്ങളുടെ ശിവകാശി കലണ്ടറുകള്‍ കാണാറില്ലേ? അതിലെ ഭിന്നഭാവപ്രകാശങ്ങളുള്ള ദൈവപ്പെണ്‍കളെ പോലെയാണ് ഓരോ എഴുത്തുകാരിയും. ഒരുപാടു കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ സഹസ്രകരങ്ങളും പല കാര്യങ്ങള്‍ ഒരേ സമയം ചിന്തിക്കാന്‍ അനേകം തലകളും വേണ്ടുന്ന അവതാരം. അമ്മയായും ഭാര്യയായും തൊഴിലിടത്തിലെ ഉദ്യോഗസ്ഥയായും അടുക്കളയിലെയടക്കം കൂലിയില്ലാ അധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട് നമ്മുടെ ചുറ്റും.

ഏറിയും കുറഞ്ഞും ഓരോ എഴുത്തുകാരിയിലും ഇതിന്റെ അടരുകള്‍ കാണാം. തിരക്കുകള്‍ക്കിടയിലെ എഴുത്താണ് മറ്റൊരു പെണ്‍പ്രതിസന്ധി. ആണ്‍ലോകത്തിനുള്ള പ്രിവിലേജുകള്‍ ഇല്ലാത്ത ഒന്നാണത്. പുലര്‍കാലത്തെഴുന്നേറ്റ് വീട്ടുപണികളിലേക്കും സന്ധ്യയാകുംവരെ ഓഫീസ് പണികളിലേക്കും പടര്‍ന്നുകിടക്കുകയാണ് പെണ്‍ജീവിതങ്ങളുടെ സമയക്രമങ്ങള്‍. അതിനിടയിലെ ഇത്തിരി ഇടവേളകൾ അന്വേഷിക്കുകയാണ് ഓരോ എഴുത്തുകാരിയുടേയും നിരന്തര പ്രതിസന്ധി. പണികളെല്ലാം ഒതുക്കിക്കഴിഞ്ഞ്, കുട്ടികളെയും ഉറക്കിക്കഴിഞ്ഞ് ലഭിക്കുന്ന ഏകാന്തരാത്രി നിമിഷങ്ങളിലെഴുതുന്ന എത്രയെത്ര സ്ത്രീകള്‍ ചരിത്രത്തിലുണ്ടായിരിക്കണം. അവരില്‍ വിജയിച്ചവരെത്ര എന്ന ചോദ്യത്തിന് പ്രസക്തിയില്ല. വിജയിച്ചവരുണ്ട്. വിജയിക്കാത്തവരുടെ ശ്രമങ്ങള്‍ക്കുപോലും വലിയ പ്രസക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. അങ്ങനെ എഴുതുകയും അതില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്ത ലക്ഷങ്ങളുടെ ജീവിതം അടയാളപ്പെടുന്നത് സര്‍ഗാത്മക സ്ത്രീ അതിജീവനങ്ങളുടെ മഹത്തായ ചരിത്രത്തില്‍ തന്നെയാണ്. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുവേണം ഓരോ പെണ്‍കഥയേയും കവിതയേയും സര്‍ഗാത്മക ഇടപെടലിനേയും കാണാന്‍.

ഇത്ര വിശദമായ പശ്ചാത്തലം വിശദീകരിച്ചത്, ഈ സമാഹാരത്തിലെ ഓരോ കഥയ്ക്കും പിന്നില്‍ ഇത്തരം ജീവിതം ജീവിച്ച, അതായത് സര്‍ഗാത്മകമായോ അല്ലാതെയോ ജീവിച്ച, സ്വയം അടയാളപ്പെടുത്താന്‍ ശ്രമിച്ച അനേകം സ്ത്രീകളുടെ രൂപരേഖകള്‍ ഉണ്ടെന്നുള്ളതു കൊണ്ടാണ്. സമാഹാരത്തിന്റെ തലക്കെട്ടായി തീര്‍ന്ന കനകദുര്‍ഗ എന്ന കഥയിലെ കനകദുര്‍ഗ തന്നെ മലയാളിയുടെ സവിശേഷമായ ചലച്ചിത്ര ബോധ്യങ്ങളുടെ/ ചലച്ചിത്ര ഫാന്റസികളുടെ, അത്തരം സ്ത്രീരൂപങ്ങളുടെ റിഫ്‌ളക്ഷനുകള്‍ക്കകത്ത് എന്തു സംഭവിക്കുന്നു എന്ന ആലോചനയുടെ ഒരു ഉപോല്‍പ്പന്നമാണ്. മലയാളി പൊതുവില്‍ ചലച്ചിത്ര ആരാധന ഏറ്റവും കൂടുതലുള്ള ഒരു വിഭാഗം തന്നെയാണ്. നൊസ്റ്റാള്‍ജിയ ആയി പഴയപാട്ടുകള്‍, ഓരോ കാലത്തേയും നായികാ-നായകന്മാര്‍ തുടങ്ങി ഓരോന്നും അവരുടെ കൗമാരയൗവ്വനകാലത്തെ പ്രണയസങ്കല്പവുമായി ഏറെ ഇഴചേര്‍ന്നിരിക്കുന്നു.

ഭാവനയേയും രതിയേയും നൊസ്റ്റാള്‍ജിയയേയും ഉദ്ദീപിപ്പിക്കുന്ന ഫാന്റസിയുടെ ഒരു സവിശേഷലോകം നമ്മുടെ നാട്ടിലും ഉണ്ട്. അതിലൊന്ന് കനകദുര്‍ഗ ആയിരുന്നു. കനകദുര്‍ഗയുടെ രൂപം, ചലനങ്ങള്‍, ശരീരം ഒക്കെ ഓര്‍ക്കുന്ന ഒരു തലമുറ/ഒരു കാലം ഉണ്ടായിരുന്നു. അത്തരത്തില്‍ നമ്മള്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയയില്‍ അല്ലെങ്കില്‍ അബോധത്തില്‍ അലിഞ്ഞുകിടക്കുന്ന ഒരു രൂപം കൂടിയാണ് കനകദുര്‍ഗയുടേത് എന്നുകൂടി ഈ കഥ പറയുന്നുണ്ട്. അത്തരത്തില്‍, മഹത്തായ നമ്മുടെ സാംസ്‌കാരിക സമൂഹത്തിനകത്ത് ചിതറിക്കിടക്കുന്ന അനേകം സ്ത്രീ ഇമേജുകളുടെ അതിജീവനത്തിന്റെ, പരിശ്രമങ്ങളുടെ ഒക്കെ അടയാളങ്ങളായിട്ട് ഇത്തരം കഥാപാത്രങ്ങള്‍ മാറിത്തീരുന്നുണ്ടെന്ന് പറയാം. അവയെ അത്തരത്തില്‍ നോക്കി കാണാനും എന്റെതായ രീതിയില്‍ അടയാളപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഞാന്‍ ഈ കഥയില്‍ ചെയ്യുന്നത്.

ചൂളം എന്ന കഥയില്‍, ചൂളം എന്നുപറയുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭാഷയിലെ ലിപിയില്ലാത്ത ഒന്നാണ്. എന്നാല്‍, വളരെ പ്രധാനപ്പെട്ട രീതിയില്‍ അനേകം സന്ദേശങ്ങള്‍ പടര്‍ത്താന്‍ സാധ്യതയുള്ള ഒരു സന്ദേശവാഹിയായ ശബ്ദം കൂടിയാണ് ചൂളം. പാഠപുസ്തകങ്ങളിലോ സാഹിത്യ പുസ്തകങ്ങളിലോ ചൂളത്തിന്റെ ശബ്ദം രേഖപ്പെടുത്താന്‍ സാധ്യതയില്ല എങ്കിലും ചൂളമടികള്‍ പല തരത്തില്‍ നമ്മുടെ സമൂഹത്തില്‍ രേഖപ്പെടുത്താറുണ്ട്. അടുക്കളയിലെ പ്രഷര്‍ കുക്കറിലെ ചൂളം തൊട്ട്, പരിശീലനചൂളങ്ങള്‍, പ്രണയചൂളങ്ങള്‍, അശ്ലീലചൂളങ്ങള്‍, ഫാസിസ്റ്റ് സൈനിക പദ്ധതികളുടെ പരിശീലനത്തിന്റെ ഭാഗമായുള്ള രഹസ്യകോഡുകളുടെ വിനിമയത്തിന് വേണ്ടിയുള്ള ചൂളങ്ങള്‍ തുടങ്ങി ചൂളസമൃദ്ധമായ ഒരു സാമൂഹികാന്തരീക്ഷത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അക്ഷരങ്ങളും ലിപികളും ഇല്ലാത്ത ഒന്നായിട്ടും അതിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലായി കൊണ്ടേയിരിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പ്രകൃതിയും സ്ത്രീയും മൃഗങ്ങളും തമ്മില്‍ ചൂളങ്ങളിലൂടെ നടത്തുന്ന അതിവിശാലമായ വിനിമയത്തിന്റെ സാധ്യതകളും ചൂളങ്ങളിലൂടെയുള്ള ശക്തമായ സ്ത്രീ പ്രതിരോധവുമാണ് ഈ കഥയില്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. പൗരത്വബില്ലിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ചും പുതുകാല കുടുംബബന്ധങ്ങളെക്കുറിച്ചുമാണ് 'പട്ടമായ്' എന്ന കഥ പറയുന്നത്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മറ്റു കഥകളും ഇതുപോലെ സ്ത്രീപക്ഷ അന്വേഷണങ്ങളുടെ, സാമൂഹിക അന്വേഷണങ്ങളുടെ, സ്വയം അടയാളപ്പെടുത്തലുകളുടെയുമൊക്കെ സവിശേഷമായ ലോകങ്ങളെ അവതരിപ്പിക്കാനുള്ള, ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണ്. ഒരു എഴുത്തുകാരി എന്നുള്ള രീതിയില്‍ രചനകളില്‍ ബോധപൂര്‍വ്വം പൊളിറ്റിക്കല്‍ കറക്ട്‌നസിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്താറില്ല. എന്നാല്‍ എന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികബോധവും സാംസ്‌കാരികാവബോധവും സ്ത്രീപക്ഷ ബോധ്യങ്ങളും സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക അടിത്തറ അല്ലെങ്കില്‍ സാമൂഹിക ബോധം എന്റെ കഥകളില്‍
ഒരുപക്ഷെ അടിത്തറയായി പ്രവര്‍ത്തിക്കുന്നുണ്ടാകാം. എല്ലാ കഥാപാത്രങ്ങളും നന്മയുടെ ആവിഷ്‌കാരങ്ങള്‍ ആക്കി തീര്‍ക്കുക എന്നുള്ള കറക്റ്റ്‌നസ് രീതികള്‍ ശരിയല്ല എന്നുതന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ചരിത്രപരമായ വിലയിരുത്തലുകളാണ് ഓരോ കൃതിക്കും ഉണ്ടാവുക എന്നും ആ ചരിത്രപരമായ വിലയിരുത്തലുകള്‍ക്കകത്ത് ഓരോ കാലഘട്ടത്തിന്റേയും സൂക്ഷ്മമായ ചരിത്രം അടയാളപ്പെട്ടിട്ടുണ്ടാകും എന്നു കൂടി കരുതുന്നു.

കഥകളിലേക്കുള്ള എന്റെ യാത്രകളും ആലോചനകളും ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. എന്നാല്‍ എഴുതിത്തുടങ്ങുമ്പോള്‍ അങ്ങേയറ്റം ലളിതവും ഹൃദ്യവുമായ ഒരൊഴുക്കായി അതു മാറിത്തീരാറുണ്ടായിരുന്നു താനും. ഇടയില്‍ എത്രതരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാലും കഥയുടെ ബൃഹത്തായ ലോകത്തിലേക്ക്, ഫാന്റസിയിലേക്ക്, ഒഴുക്കിലേക്ക് എത്തിപ്പെടുന്നതോടെ ഞാന്‍ സ്വതന്ത്രമായ ഒരു ശലഭമോ പക്ഷിയോ ആയിത്തീരുകയും എഴുത്തിന്റെ അനന്തമായ ആകാശത്തിലേക്ക് വിലയിക്കുകയും ചെയ്യും. സാധാരണ ഒരു വ്യക്തി എന്നതിനപ്പുറം എഴുത്തുകാരി എന്ന സര്‍ഗ്ഗാത്മക പ്രവാഹമായി മാറുന്നതിന്റെ, പൂര്‍ണ്ണതയുടെ ആനന്ദം അറിയുന്ന നിമിഷങ്ങളാണ് അവ. അത്തരത്തില്‍ ഒരേസമയം സാമൂഹ്യജീവി ആയിരിക്കെത്തന്നെ ഒരേസമയം സാംസ്‌കാരികമായി കൂടുതല്‍ ഔന്നത്യമുള്ള ലോകത്തെപ്പറ്റി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ നമ്മുടെ ലോകത്ത് നിലനില്‍ക്കുന്ന എല്ലാത്തരം ക്രൗര്യങ്ങളേയും വീഴ്ചകളേയും, പരിമിതികളെയും വ്യക്തിമനസ്സിന്റെ അതിസങ്കീര്‍ണവും നിഗൂഢവുമായ അവസ്ഥകളെയും ആണ്‍ പെണ്‍ അധികാര വിനിമയങ്ങളെയുമൊക്കെ രചനകളില്‍ അടയാളപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ സൂക്ഷ്മാംശങ്ങളില്‍, ആവിഷ്‌ക്കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാറുമുണ്ട്. ഈ കഥകളിലും അവയുടെ മികച്ച രീതിയിലുള്ള സാധ്യതകള്‍ എനിക്ക് കാണാനായിട്ടുണ്ട്.
കഥകള്‍ പ്രധാന മാധ്യമങ്ങളില്‍ വന്ന സമയത്ത് ഏറ്റവും നല്ല രീതിയില്‍ അഭിപ്രായങ്ങള്‍ എഴുതിയും നേരിട്ടും അറിയിച്ചിട്ടുള്ള വായനക്കാരുടെ വലിയ പിന്തുണ ഈ കഥകള്‍ക്കൊക്കെ ഉണ്ട്. അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നു. അതോടൊപ്പം എഴുത്തില്‍ തുണയായി നിന്ന എല്ലാവര്‍ക്കും ഈ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി ബുക്ക്‌സിനോടുമുള്ള നന്ദി അര്‍പ്പിക്കുന്നു.

കനകദുര്‍ഗ എന്റെ ഒമ്പതാമത്തെ പുസ്തകമാണ്. പലവിധ പ്രതിസന്ധികള്‍ക്കിടയിലും എഴുത്തില്‍ നിലനില്‍ക്കാനും അതിജീവിക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ആയിരക്കണക്കിന് എഴുത്തുകാര്‍ക്കായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.

Content Highlights: Writer's Diary, Mini P.C


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented