ഫർസാന, ചിത്രീകരണം: ലിജീഷ് കാക്കൂർ
ഓരോരോ രാജ്യത്തിനും വ്യത്യസ്ത ഗന്ധമാണെന്ന് തോന്നിയിട്ടുണ്ട്. 2009ലെ ശൈത്യകാലത്താണ് ചൈനയിലെത്തുന്നത്; ചൂളം കുത്തുന്ന, അസ്ഥിയുരുക്കുന്ന തണുപ്പുകാലം. അതിനാലാവാം, ചോളത്തിന്റെ മണമുള്ള ശീതളമായ കാറ്റിന്റെ പേരാണ് എനിക്ക് ചൈന. ചൈന തീര്‍ത്തും മറ്റൊരു ലോകമായിരുന്നു. ഇതെഴുതുമ്പോഴും എനിക്ക് ചുറ്റിലും ചോളമണമുണ്ട്. ചെഞ്ചുവപ്പ് നിറമുണ്ട്. ചൈനയെ തൊട്ട രണ്ടാം ദിനത്തില്‍ തന്നെ അയല്‍വാസികളായ ചിങും കുടുംബവും ഡിന്നറിന് ക്ഷണിച്ചിരുന്നു. അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള കപ്പലിന്റെ ആകൃതിയിലുള്ള റസ്റ്റോറന്റില്‍ വെച്ചായിരുന്നു ഭക്ഷണം.
റിസെപ്ഷനില്‍ ഇരിക്കുന്നതും, ഫുഡ് സെര്‍വ് ചെയ്യുന്നതുമായ ചൈനീസ് സുന്ദരികളെ കണ്ടതും, നാട്ടിലെങ്ങുമില്ലാത്ത ആ കാഴ്ച എന്നിലെ അതിശയമേറ്റി. നമ്മെപ്പോലെ വലിയ പ്ലേറ്റിലല്ല ചൈനക്കാരുടെ ഭക്ഷണം കഴിപ്പ്. ചെറിയൊരു ബൗള്‍, സ്പൂണ്‍, കപ്പ്, കറുത്ത നിറത്തിലുള്ള ചോപ്സ്റ്റിക്ക്... ഇതാണ് അവരുടെ ഭക്ഷണായുധങ്ങള്. ചൂടുള്ള ചൈനീസ് ടീ ഉപയോഗിച്ച് ആദ്യം ഇവയെല്ലാം കഴുകി മേശയ്ക്ക് മധ്യത്തില്‍ വെച്ചിട്ടിട്ടുള്ള വലിയ പാത്രത്തിലേക്ക് ഒഴിക്കും. ഉടനടി വിളമ്പുകാരി അതെടുത്തു കൊണ്ട് പോയി മേശ വൃത്തിയാക്കും. പാത്രങ്ങള്‍ കഴുകിത്തന്ന് ഞങ്ങളോട് ആതിഥ്യ മര്യാദ കാണിച്ചത് ചിങിന്റെ ഭാര്യ ആയിരുന്നു. പഠിച്ചു വെച്ച തുച്ഛം ചൈനീസ് വാക്കുകളില്‍ ഒന്ന് ഞാന്‍ അവര്‍ക്ക് പകരമായി നല്കി.
.jpg?$p=06f6a3a&w=610&q=0.8)
ചൈനയിലെ ഓരോ പ്രവിശ്യയിലെയും ഭക്ഷണങ്ങള്‍ വ്യത്യസ്തമാണ്. അവരോടൊന്നിച്ച് കഴിച്ചത് 'ഗോങ്ദോങ്' ഭക്ഷണമായിരുന്നു. മിക്കതും തണുത്തത്. അതായത് ചിക്കന്‍ തൊലിപോലും കളയാതെ പുഴുങ്ങിയെടുക്കും. ഇത്തിരി സോയാ സോസൊഴിച്ച് കഴിക്കണം. കൂടെ എരിവോ പുളിയോ ഇല്ലാത്ത ഇലകളും പച്ചക്കറികളും കട്ട കൂടിയ ചൂടന്‍ ചോറും. മോതിരവിരലിനോട്ചേര്ന്നുള്ള സ്റ്റിക്ക് അനക്കാതെ വെച്ച് മറ്റേത് മാത്രം ചലിപ്പിച്ചാകണം ഭക്ഷണം കഴിക്കേണ്ടത്. ചോപ്സ്റ്റിക്ക് ഉപയോഗത്തിന്റെ ബാലപാഠം ചിങ് പഠിപ്പിച്ചു. ഭക്ഷണം ആസ്വാദ്യകരമായില്ലെങ്കിലും പുതുപാഠം നല്കിയ ആവേശത്തിലാണ് അന്നുറങ്ങാന്‍ കിടന്നത്.
ഫോഷാനിലെ തുടക്കം
%20(1).jpg?$p=2db8b40&w=610&q=0.8)
Hey, are you from india?
അപ്രതീക്ഷിതമായി കേട്ട ഇംഗ്ലീഷിന്റെ ഉറവിടത്തിലേക്ക് നോക്കിയപ്പോള്‍ കണ്ടത് നീലഡെനിം ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ചൈനീസ് യുവതിയെയാണ്. അവളെന്നിലേക്ക് നടന്നടുത്തു; ഞാന്‍ അവളിലേക്കും. കൂടെയുള്ള ഭര്‍ത്താവിനെയും മകനെയും അവള് പരിചയപ്പെടുത്തി. ഇംഗ്ലീഷ് സംസാരിക്കുന്ന ഏതൊരു ചൈനക്കാരെയും പോലെ അവള്‍ക്കും ഒരു ഇംഗ്ലീഷ് പേരുണ്ടായിരുന്നു ജെസീക്ക. മകന് ആന്‍ഡ്രു.
ഫര്‍സാന എന്ന പേര് ഒഴുക്കോടെ പറയാനാവാതെ അവളുറക്കെ ചിരിച്ചു.
''നിനക്ക് ഞാന്‍ 'മേകൊയ്' എന്ന ചൈനീസ് പേരിടട്ടെ? റോസ് എന്നര്‍ത്ഥം...'' അവള് ഉടനടി ചോദിച്ചു. എന്റെ തലതൊട്ടമ്മ; ഞാന്‍ ശിരസ്സാട്ടി. അന്നു മുതല്‍ അവളെന്നെ'റോസ്' എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു.
ആന്‍ഡ്രുവിനെ ഒക്കത്തെടുത്ത വൃദ്ധയെ ചൂണ്ടി മാമ(അമ്മ)യെന്ന് ജെസീക്ക പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അറുപത്തിയഞ്ച് വയസ്സിലേറെ തോന്നിക്കുന്ന ഒരു അമ്മാമ്മ. സ്വസ്ഥമായി കാലു നീട്ടിയിരുന്ന് വിശ്രമിക്കേണ്ട കാലത്ത് ഒന്നരവയസ്സുകാരന്റെ കുസൃതിക്ക് പിറകെ സന്തോഷത്തോടെ(അല്ലെങ്കില്‍ അങ്ങനെ നടിച്ച്) ഓടുന്നു. അതിലെ ശരിയെ വേര്‍തിരിച്ചറിയാന്‍ അന്നത്തെ എന്റെ ബുദ്ധിയ്ക്ക് പ്രാപ്തിയില്ലായിരുന്നു. പ്രായം ഏതൊന്നിന്റെയും അളവുകോലായി തീര്‍ച്ചപ്പെടുത്താന്‍ മനുഷ്യന് എന്തുണ്ട് അര്‍ഹതയെന്ന് ഇപ്പോളിപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. മുപ്പതുകളിലോ അറുപതുകളിലോ ഒരു മനുഷ്യന് വിശ്രമജീവിതം തെരഞ്ഞെടുത്തോട്ടെ, പ്രണയവും വിവാഹവും തെരഞ്ഞെടുത്തോട്ടെ, ആര്‍ക്കാണിവിടെ ചേതം!
അല പോലെ ജസീക്ക
നിശ്ചലമായ തടാകത്തിലേക്ക് പതിക്കുന്ന കല്ലുണ്ടാക്കുന്ന കുഞ്ഞലകള്‍ കണ്ടിട്ടില്ലേ? അതുപോലെ എന്റെ ചൈനാജീവിതത്തെ ചലനാത്മകമാക്കിയ തിളങ്ങുന്ന കല്ലായിരുന്നു ജെസീക്ക. ചരിത്രവും ദുരൂഹതയും ഉറങ്ങുന്ന ചൈനയുടെ ഉള്ളറകളിലേക്ക് സൂക്ഷ്മതയോടെ നോക്കാനായി അവളെനിക്ക് കണ്ണുകളും ചിന്തകളും പകുത്തുനല്കി.
രണ്ട് കുഞ്ഞുങ്ങളുമൊത്ത് ഞങ്ങള്‍ ഫോഷാന്‍ നഗരം മുഴുക്കെ കറങ്ങി. മര്യാദയ്ക്ക് സംസാരിക്കാന്‍ ആരംഭിച്ച മകന് ആദ്യമായി ചൈനീസില്‍ ആന്‍ഡ്രുവിനോട് മിണ്ടിയത് വല്ലാത്തൊരു ആഹ്ലാദക്കാഴ്ചയായിരുന്നു. അവരെ ഒന്നിച്ച് ഞങ്ങള്‍ പ്ലേ സ്കൂളിലാക്കി. മകന്റെ ഉറക്കം, ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം എനിക്കുണ്ടായിരുന്ന ആധികളെ ടീച്ചര്‍ക്കായി ചൈനീസില്‍ ജെസീക്ക മൊഴിമാറ്റപ്പെടുത്തി. ''ധൈര്യമായിരിക്കൂ'' എന്ന ടീച്ചറുടെ മറുപടിയുടെ ബലത്തില്‍ ചൈനീസ് സമപ്രായക്കാരോടൊത്തുള്ള മകന്റെ ജീവിതത്തിന് ശുഭാരംഭമായി.
രാവിലെ മക്കളെ ഡ്രോപ്പ് ചെയ്താല്‍ തിരികെ ഞങ്ങള്‍ നടന്നാണ് പോവുക. വഴിയരികിലെ കോഫി ഷോപ്പിലോ ഫുഡ്സ്റ്റാളുകളിലോ കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കും. പൂരിയെക്കാള്‍ ചെറിയ വട്ടത്തില്‍ പരത്തിയ മൈദ മാവിനുള്ളില്‍ മുട്ട ചിക്കിയതും ചീരയും പൊതിഞ്ഞ് ആവിയില്‍ വേവിക്കുന്ന 'ചെങ് ജ്യാഒ' എന്നൊരു ഡിഷുണ്ട്; അതും ഒരു കപ്പ് സോയാമില്ക്കുമായിരിക്കും മിക്ക ദിവസങ്ങളിലെയും ബ്രേക്ഫാസ്റ്റ്. നിരന്നു നില്ക്കുന്ന നാനാജാതി മരങ്ങള്‍ക്ക് ചുവട്ടിലൂടെ, വെയിലും തണുപ്പും കാറ്റുമേറ്റ്, കഥകള്‍ പറഞ്ഞും കേട്ടും എത്രയെത്ര കാതങ്ങള്‍ അവളോടൊത്ത് നടന്നിരിക്കുന്നു!
സൈക്കിള്‍ സവാരി
''നമുക്ക് ഒരു സൈക്കിള്‍ വാങ്ങിയാലോ?'' ഒരു ദിവസത്തെ നടത്തത്തിനിടെ അവളുടെ പെട്ടെന്നുള്ള ചോദ്യം. ''എന്നാല്‍ പിന്നെ നമുക്ക് ഭര്ത്താക്കന്മാരുടെ സഹായമില്ലാതെ മക്കളെ ഒറ്റയ്ക്ക് സ്കൂളിലേക്ക് കൊണ്ടുപോകാമല്ലോ!''പറഞ്ഞത് ശരിയാണ് എന്നതില്‍ തര്‍ക്കമില്ലായിരുന്നു. പക്ഷേ എനിക്ക് സൈക്ലിങ് അറിയാമോ എന്നത് കൃത്യമായ ആലോചന വേണ്ട ചോദ്യമായി തലയില്‍ മിന്നി.
ഉമ്മവീട്ടില് വെക്കേഷന് പോകുന്ന സമയത്ത് പെണ്‍കുട്ടികളായ കസിന്‍സ് സൈക്കിള്‍ വാടകയ്ക്ക് എടുക്കുമായിരുന്നു. ഒരു മണിക്കൂറിന് 50 പൈസ നിരക്കിലോ മറ്റോ. പഞ്ചായത്ത് ഗ്രൗണ്ടില്‍ അവരൊക്കെ അസ്സലായി സൈക്കിള്‍ ഓടിക്കുന്നത് കണ്ട്, വിജ്രംഭിച്ചുനിന്ന ബാല്യം മാത്രമേ എനിക്കുള്ളൂ. പിന്നീട് എട്ടാം ക്ലാസ് സമയത്ത് അനിയന്റെ സൈക്കിള്‍ വീടിനുചുറ്റും ഓടിക്കാന്‍ ശ്രമിച്ചതും, പലകുറി വീണതുമാണ് മറ്റൊരു ചരിത്രം. തൊണ്ണൂറിന്റെ അവസാന കാലമാണ്. സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടികളില്ലായിരുന്നു അക്കാലത്ത് എന്റെ നാട്ടില്‍. റോഡരികിലാണ് വീടെന്നതിനാല്‍ ആരെങ്കിലും കാണുമോ എന്ന് അപകര്‍ഷപ്പെട്ട് സന്ധ്യാനേരത്തായിരുന്നു സൈക്കിള്‍ പരാക്രമങ്ങളെല്ലാം. എല്ലാംകൂടെ ഒറ്റയടിക്ക് ഓര്‍മയില്‍ വന്നതും, ''അതു വേണോ? എനിക്കറിയില്ല സൈക്ലിങ്'' എന്ന് തല താഴ്ത്തി മെല്ലെ പറഞ്ഞു.
''ഇതിലിത്ര അറിയാന്‍ എന്തിരിക്കുന്നു! നീ വാ. നമ്മള് ഇപ്പോള്‍തന്നെ വാങ്ങുന്നു.'' സൈക്കിള്‍ ഷോപ്പിലേക്ക് ഞങ്ങളെത്തി. എന്റെ മനസ്സ് പടപടാ മിടിക്കുകയായിരുന്നു. അവസാനം, ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ജെസീക്ക രണ്ടാക്കി മടക്കിവെക്കാവുന്ന രണ്ട് സൈക്കിള്‍ തെരഞ്ഞെടുത്തു. എനിക്ക് ഓറഞ്ചും, അവള്‍ക്ക് പര്‍പ്പിളും.
''ശരി, ഒരു ടാക്സി വിളിക്കാം.''എങ്ങനെയെങ്കിലും തിരികെ ഫല്റ്റിലെത്തിയാല് മതിയായിരുന്നു എന്ന തോന്നലായി എനിക്ക്.
''എന്ത് ടാക്സി! സൈക്കിള്‍ ഓടിച്ചു കൊണ്ടാണ് നമ്മള് തിരികെ പോകുന്നത്!'' അവള് ഉറക്കെ ചിരിച്ചു. എന്റെ ഉള്ളില്‍ നൂറുകണക്കിന് കൊള്ളിയാന്‍ ഒന്നിച്ച് മിന്നി. ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം തിരക്കുള്ള നാലുവരിപ്പാതയിലൂടെ സൈക്കിള്‍ ഓടിക്കണമെന്ന്! വല്ല ട്രക്കിനുമടിയില്പ്പെട്ട് തീരാന്പോകുന്ന എന്നെ ഓര്‍ത്തതും എനിക്ക് മോനെ കാണാന്‍ തോന്നി.
''നീ പേടിക്കാതെ, അത്യാവശ്യം അറിയാവുന്നതല്ലേ. പയ്യെ ചവിട്ടിയാല്‍ മതി. ഞാനില്ലേ കൂടെ.'' അവളെന്റെ കൈ മുറുക്കിപ്പിടിച്ചു.
അവള് തന്ന ഉറപ്പിന്റെ ഊര്‍ജത്തില്‍... മലപ്പുറത്തെ ഏതെങ്കിലും ഒരു പോക്കറ്റ് റോഡിലൂടെയങ്കിലും സൈക്കിള്‍ ഓടിക്കാന്‍ അതിയായി ആശിച്ചിരുന്ന ആ ബാലിക എന്നില്‍ പുനര്‍ജ്ജനിച്ചു. ചൂഴ്ന്നുനോക്കാന്‍ കണ്ണുകളില്ലല്ലോ എന്നതും ആശ്വാസമേകി. പേടിച്ചും കിതച്ചും വാഹനക്കൂട്ടങ്ങളിക്കിടയിലൂടെ അവളോട് ചേര്‍ന്ന് സൈക്കിള്‍ ചലിപ്പിച്ചു. ബാലന്‍സ് പോയി പലപ്പോഴും. സൈക്കിളില്‍ ഒരു വിദേശിയെ കണ്ടതിനാലാവാം പല വാഹനങ്ങളില്‍ നിന്നുമുണ്ടായി അത്ഭുതനോട്ടങ്ങള്. അവയ്ക്ക് മുന്നില്‍ ചൂളിപ്പോയപ്പോഴെല്ലാം ഒന്നുമില്ലെന്ന് ഒരു നോട്ടം കൊണ്ട് അവളുറപ്പ് നല്കി. പണ്ടെന്നോ പഠിച്ച പാഠങ്ങള്‍ മസ്തിഷ്കത്തില്‍ എവിടെയോ ബാക്കിയുണ്ടെന്ന് സന്തോഷത്തോടെ ഞാനറിഞ്ഞു.
ദൈവം നമ്മെയേല്‍പ്പിച്ച സൂക്ഷിപ്പുമുതലുകളത്രെ സ്വപ്നങ്ങള്‍. പ്രതീക്ഷയെന്ന ചെമ്പട്ടില് പൊതിഞ്ഞ് നമ്മളവയെ കൊണ്ടുനടക്കണം. ഒരു നാളില്‍ നിശ്ചയമായും അവ വെളിച്ചത്തെ കണ്ടെത്തിയിരിക്കും.
''മേഘങ്ങളെ, കീഴടങ്ങുവിന്!'' ഞാനെന്നോടുറക്കെ പറഞ്ഞു.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..