.jpg?$p=d83648f&f=16x10&w=856&q=0.8)
ഫർസാന, ചിത്രീകരണം: ലിജീഷ് കാക്കൂർ
മറവിയിലേക്ക് മടങ്ങിപ്പോകാത്ത ഓര്‍മകളാണ് പലപ്പോഴും ജീവിതത്തിന് വെളിച്ചം പകരുന്നത്. മറുനാടും മലനാടും നിറയുന്ന ജീവിതഗന്ധിയായ പെണ്അനുഭവങ്ങള്.
ചൈനയിലെ പ്രഭാതങ്ങള്‍ എനിക്കെന്നും അതിവിശിഷ്ടങ്ങളാണ്. കിഴക്കിന് നേരേയ്ക്ക് കണ്ണുമിഴിച്ചാണ് ഞങ്ങളുടെ ഫ്ളാന്റെ
മുഖം. ആറുമണിക്ക് ഫ്ളാറ്റുണരും മുന്നേ സ്വീകരണമുറിയിലെ ഇളം ചാരനിറത്തിലുള്ള നേര്‍ത്ത നീളന്‍ വിരികള്‍ വകഞ്ഞുമാറ്റി, ചില്ലുവാതില്‍ തുറന്ന് കൈയിലൊരു മഗ്ഗുമായി ഞാന്‍ ബാല്‍ക്കണിയിലേക്ക് ഇറങ്ങും. സദാ നേരിയ തണുപ്പന്‍ കാറ്റുണ്ടാവും. ശീതകാലമെങ്കില് സൂചിക്കുത്തേല്പ്പിക്കാന് കെല്‍പ്പുള്ള കാറ്റായിരിക്കുമെന്ന് മാത്രം. കറുത്ത നിറത്തിലുള്ള ഇരുമ്പു കൈവരിയില്‍ കൈമുട്ടു കുത്തി, ഈ ലോകത്ത് ഞാന്‍ മാത്രമെന്ന് വെറുതെ നിനച്ച് നഗരത്തെ കാണും. തിരക്കാണ് 'ഫോഷാന്‍' നഗരത്തിന്റെ മുഖമുദ്ര. പതിനെട്ടാം നിലയില്‍നിന്ന് കൊണ്ട്, നഗരഗര്ഭത്തില് നിന്നും ഒറ്റ രാത്രികൊണ്ട് മുളച്ചുണ്ടായ ഭീമന് മരത്തിന്റെ ശിഖരങ്ങളിലേക്കെന്ന പോലെ എന്റെ കണ്ണുകള്‍ നീളും. സജീവമായ നിരത്തുകളുടെ ബഹളത്തിനിടയിലും, വലതുഭാഗത്തുള്ള ചൈനീസ് അമ്പലത്തില്‍ ഉയര്ന്നുനില്ക്കുന്ന ചുവപ്പന്‍ തോരണങ്ങളായിരിക്കും ആദ്യം ദൃഷ്ടിയില് പെടുക. ആകാശത്തെ കീറിപ്പൊളിച്ച് ചുവപ്പും ഓറഞ്ചും നിറങ്ങള്‍ ഒഴുക്കിക്കൊണ്ട് സൂര്യന് തെളിഞ്ഞു വരുന്നതും കാത്ത് അങ്ങനെ നില്ക്കും. 'ദി കൈറ്റ് റണ്ണര്‍' എന്ന നോവലില്‍ ഖാലിദ് ഹുസൈനി പ്രതിപാദിക്കുന്ന മാതള മരങ്ങള്‍ എന്തുകൊണ്ടോ അന്നേരത്തെ ഓര്‍മ്മകളിലേക്ക് വരും. മനസ്സെന്ന മാന്ത്രികന്റെ കാരുണ്യത്താല്‍ ചൈനയില്‍ നിന്നും അഫ്ഗാനിലേക്കൊരു കുതിച്ചുചാട്ടം!
ആ ജനുവരിയില്‍
അന്നത്തെ പ്രഭാതവും വ്യത്യസ്തമായിരുന്നില്ല. നിരത്തും മാനവും വെളിച്ചവും ഉദ്ദീപിപ്പിച്ച മനസ്സോടെ ബാല്‍ക്കണിയില്‍ നിന്ന് കയറിയ ഞാന്‍ നിലംപറ്റി കിടക്കുന്ന ട്രോളി ബാഗുകളെ നോക്കി; മൂന്നെണ്ണം. ഹോങ്കോങ്ങില്‍ നിന്നും ഉച്ചയ്ക്കുള്ള ഫ്ളൈറ്റില്‍ കേരളത്തിലേക്ക് പോവുകയാണ്; പത്ത് ദിവസത്തെ വെക്കേഷന് ആഘോഷിക്കാനായിട്ട്. ഭിത്തിയോട് ചേര്‍ന്ന നീളന്‍ സ്വര്‍ണക്കൂട്ടില്‍ രണ്ട് ആഫ്രിക്കന്‍ തത്തകളുണ്ട്. നഗരത്തിരക്കുകളില്‍ നിന്നും മാറിയാണ് ആ കൂറ്റന്‍ വളര്‍ത്തുമൃഗ വില്പനകേന്ദ്രമുള്ളത്. ചെറിയ സ്റ്റാളുകള്‍ പോലുള്ള കടകള്‍. എങ്കിലും നല്ല വൃത്തിയുള്ളത്. പട്ടി, പൂച്ച, മുയല്, അലങ്കാരമത്സ്യങ്ങള്‍, പ്രാവ് തുടങ്ങിയ സകലതും ലഭിക്കും. മുയലിനെ വാങ്ങണമെന്നുള്ള ഇളയ മകന്റെ ശാഠ്യത്തിന് മുന്നില്‍ മുട്ടുമടക്കിയാണ്, നിര്‍ബന്ധമാണെങ്കില്‍ ഒരു തത്തയെ വാങ്ങിത്തരാമെന്നും പറഞ്ഞ് മാര്‍ക്കറ്റിലേക്ക് അവനൊപ്പം പോയത്. അത് ആറു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു.
ചുമപ്പന്‍ കൊക്കും കഴുത്തില്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറവുമുള്ള കൈക്കുടന്നയോളം മാത്രം വലിപ്പവുമുള്ള ഒരാണും പെണ്ണും. ആണേത് പെണ്ണേത് എന്നെല്ലാം കടക്കാരന് വിശദീകരിച്ചു തന്നുവെങ്കിലും ഇത്തിരി കുടവയറുള്ളതാണ് ആണെന്നുള്ള മോന്റെ കണ്ടുപിടുത്തം കാര്യങ്ങളെ എളുപ്പമാക്കി. ഒരു വലിയ ആഫ്രിക്കന്‍ തത്തക്കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം ആഹ്ലാദപൂര്‍വം പങ്കിട്ടു കൊണ്ടാണ് അവന് കട വിട്ടിറങ്ങിയത്. പക്ഷെ, സ്വസ്ഥമായി വിഹരിക്കാന്‍ പ്രാപ്തിയുള്ള ഒരു ജീവിയേയും തളച്ചിടുന്നത് ശരിയല്ലല്ലോ എന്ന ബോധ്യത്തിന്റെ കുറ്റപ്പെടുത്തല്‍ കേട്ടു കൊണ്ടേയിരിക്കുകയായിരുന്നു ഞാന്‍.
സ്വര്‍ണക്കൂട്
വെള്ളക്കമ്പികളുള്ള പച്ച പ്ലാസ്റ്റിക് കൂടിലായിരുന്നു കടക്കാരന് തത്തകളെ തന്നത്. ഒരു പകല്‍ മുഴുവന്‍ ചെലവാക്കി 'തൗബോ' എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ഉയരവും വിസ്താരവുമുള്ള ഒരു സ്വര്‍ണ്ണക്കൂട് ഞാന്‍ തപ്പിയെടുത്തു. ഉടന്‍ ഓര്‍ഡര്‍ ചെയ്തു. അതുമാത്രമല്ല, ഉള്ളില്‍ വെക്കാനായി വളയങ്ങളും, മുത്തുകള്‍ കോര്‍ത്ത ഊഞ്ഞാലും, കമ്പുകളും, ചകിരിനാരു കൊണ്ടുള്ള ഉരുണ്ട ഒരു കുഞ്ഞന്‍ കൂടും. ചെറിയൊരു പ്രായശ്ചിത്തം വഴി ശകലം കുറ്റബോധം മാറിയെന്ന് വേണമെങ്കില്‍ പറയാം. എങ്കിലും, 'ബന്ധനം ബന്ധനം തന്നെ' എന്ന് ഉള്ളില്‍ ആരോ മുറവിളികൂട്ടി കൊണ്ടേയിരുന്നു. 'ക്യൂട്ടീസ്' ഇരുതത്തകള്ക്കുമായി മക്കള്‍ ഒരൊറ്റ പേരിട്ടു.
ക്യൂട്ടീസിന്റെ പകലിരവുകള്‍
തത്തകള്‍ പെട്ടെന്ന് ഇണങ്ങി. ഊഞ്ഞാലാടിയും ചാടിയും അവ ഞങ്ങള്‍ക്കായി ആനന്ദക്കാഴ്ചകള്‍ ഒരുക്കി. പൊതുവെ ഏതു തരം ജീവികളെയും പേടിയുള്ള ഞാന്‍ തന്നെ മുന്‍കൈയെടുത്താണ് വൈകുന്നേരങ്ങളില്‍ ജനലും വാതിലും അടച്ച് തത്തകളെ ഫല്റ്റിനുള്ളില് പറന്നുയരാന്‍ അനുവദിക്കണമെന്ന നിയമം പാസ്സാക്കിയത്. പക്ഷെ, പറക്കലിന്റെ സുഖം ചിറകിന് പിടിച്ചപ്പോള്‍ ക്യൂട്ടീസിനെ തിരികെ കൂട്ടിലേക്ക് കയറ്റല്‍ ഒരു ഭീകര പ്രയത്നമായി മാറി. കൂടുമായി പിറകെ ഓടേണ്ട ഗതിയായപ്പോള്‍ എന്നിലെ സ്വാതന്ത്ര്യസ്നേഹി ഒന്നമര്‍ന്നു.
പകല്‍ മുഴുസമയവും കലപില വയ്ക്കുന്ന ക്യൂട്ടീസ് രാത്രി പത്തു മണിക്ക് മുന്‍പേ ഉറക്കം തൂങ്ങും. അത് പെട്ടെന്ന് അറിയാനാവും; മധ്യഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള കമ്പിന്റെ ഇടത്തേ ഓരത്ത് രണ്ടുപേരും പറ്റിച്ചേര്‍ന്നു ശാന്തരായി ഇരിക്കും. ഇടയ്ക്കിടെ കുഞ്ഞിക്കണ്ണുകള്‍ മാളിപ്പോവുന്നത് കാണാം. വിരല്‍ വച്ചു കൊടുത്തുള്ള പതിവ് കൊഞ്ചിക്കലൊന്നും അന്നേരം രണ്ടാളും ഗൗനിക്കില്ല. പകലാണെങ്കില് നല്ല ഉശിരന്‍ കൊത്തു വച്ച് തരുന്നതാണ്. പാവങ്ങളുടെ ഉറക്കം മുറിയാതിരിക്കാനായി ലൈറ്റണച്ച് പരമാവധി നേരത്തെ തന്നെ സ്വീകരണമുറിയില്‍ നിന്നും മാറണമെന്നത് മക്കളുടെ നിര്‍ബന്ധമായിരുന്നു.
ഒരുച്ചനേരത്താണ് ബാല്‍ക്കണിയില്‍ എന്തോ ശബ്ദം കേട്ട് പോയി നോക്കിയത്. റെയില്സില് ഇരിക്കുന്നു മറ്റൊരു ആഫ്രിക്കന്‍ തത്ത! അതിശയം തോന്നി, പതിനെട്ടാം നിലയിലേക്ക് ഈ കുരുന്നിനെങ്ങനെ പറന്നുയരാനായി. കൂട്ടുകാരെ തേടി വന്നതായിരിക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും. ഇനിയൊരു പാതകം കൂടി വയ്യെന്ന മട്ടില്‍ കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, പുതിയ ആളെ ക്യൂട്ടീസിനോടൊപ്പം ചേര്‍ത്തു. എന്നാല്‍ അധികകാലം ആ കൂട്ട് നീണ്ടു നിന്നില്ല, തത്ത ചത്തു.
കാത്തിരിപ്പ്..

അതിഥിത്തത്തയുടെ ചരമാനന്തരം പെണ്‍തത്തയെ ചകിരിക്കൂടില് നിന്നും അധികം വെളിയിലേക്ക് കാണാതായി. വല്ലപ്പോഴും വെള്ളം കുടിക്കാന്‍ ഒന്ന് വന്നാലായി. ചോള നുറുക്കുകള്‍ കൊക്കിനുള്ളിലാക്കി ആണ്‍തത്ത ചകിരിക്കൂടിലേക്ക് പോവുന്നത് ശ്രദ്ധിച്ചത് മക്കളാണ്. സാധാരണയായി ഉറങ്ങാന്‍ പോലും ആ കൂടിനെ ആശ്രയിക്കാത്തവര്‍ക്ക് ഇതെന്ത് പറ്റിയെന്ന ആന്തലോടെയാണ് കൂടിന്റെ ചെറിയ വാതില്‍ തുറന്ന് ഉള്ളിലേക്ക് വെളിച്ചമെത്തിച്ച് നോക്കിയത്.
അതാ, രണ്ട് സുന്ദരന്‍ മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്നു തത്തപ്പെണ്ണ്. 'ഹുറേയ്' എന്ന ആര്പ്പോടെയാണ് ഇളയവന് സന്തോഷം പ്രകടിപ്പിച്ചത്. പിന്നീടൊരു കാത്തിരിപ്പായിരുന്നു. മുട്ട വിരിയലിനെ പറ്റിയുള്ളതും കുഞ്ഞിത്തത്തകളെ കുറിച്ചുള്ളതുമായ വീഡിയോസ് യൂട്യൂബില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു. ഇത്തിരി വലിയ സ്വര്‍ണ്ണക്കൂട് വാങ്ങാനും പദ്ധതിയിട്ടു. മുട്ട വിരിഞ്ഞു കാണുമോയെന്നറിയാന്‍ എല്ലാ ദിവസവും ഇടയ്ക്കിടെ കുഞ്ഞന്കൂടിലേക് ഞങ്ങള്‍ തലയിട്ടുകൊണ്ടേയിരുന്നു. ദിവസങ്ങളെണ്ണി കാത്തിരുന്നു.
ക്യൂട്ടീസ് രണ്ടും ഊഞ്ഞാലിലാടുന്ന അതിശയ ദൃശ്യത്തോടെയാണ് ഒരാഴ്ചക്ക് ശേഷമുള്ള എന്റെ പ്രഭാതം ആരംഭിച്ചത്. രണ്ട് കുഞ്ഞിത്തത്തകളെ കാണാനുള്ള വര്‍ദ്ധിച്ച ആവേശത്തോടെ ഉള്ളിലേക്ക് കണ്ണുകള്‍ നീട്ടിയപ്പോള്‍ കാണാനായത് ചതഞ്ഞമര്‍ന്ന് കിടക്കുന്ന രണ്ട് മുട്ടകളാണ്. സ്ട്രെസ്സ്, ഭയം തുടങ്ങീ മറ്റു പല കാരണങ്ങളാലും ക്യൂട്ടീസില്‍ ഒരാള്‍ ഈ ചതി ചെയ്തേക്കുമോ എന്ന, മക്കളുമായി ദിനേന പങ്കുവച്ചിരുന്ന ആശങ്ക സത്യമായി ഭവിച്ചു. അന്നേ ദിനം മുഴുവന്‍ സങ്കടമായിരുന്നു.
നാട്ടിലേയ്ക്ക് പോകാനുള്ള ആവേശം കാരണം മക്കള്‍ രണ്ടുപേരും ആറര മണിക്ക് തന്നെയുണര്‍ന്ന് സോഫയിലുള്ള അങ്കം വെട്ടാരംഭിച്ചു. 'ക്യൂട്ടീസിനെ എന്ത് ചെയ്യും മാമാ?' ബൗളിലേക്ക് കോണ്‍ഫ്ളേക്സ് തട്ടിയിടുമ്പോഴായിരുന്നു ഇളയവന്റെ ചോദ്യം. രാത്രി മുഴുവന്‍ ഞാന്‍ ആലോചിച്ചു കൂട്ടിയതും അതായിരുന്നു. മുന്‍പ്, ഒരു ചെറിയ ട്രിപ്പ് പോയപ്പോള്‍ സുഹൃത്തായ ലബനീസുകാരി ദിനയുടെ വീട്ടിലായിരുന്നു രണ്ടു പേരെയും ഏല്‍പ്പിച്ചത്. പതുപതുത്ത രോമമുള്ള അവിടത്തെ വെളുത്ത ഈജിപ്ഷന്‍ പൂച്ചയെ കണ്ട് ഭയന്നിട്ട് മൂന്നു രാത്രി മുഴുക്കെ ക്യൂട്ടീസ് കരച്ചിലായിരുന്നുവത്രേ. അതുകൊണ്ട് ആ മാര്‍ഗം ആദ്യമേ ഞാന്‍ അടച്ചു.
ജോണ്‍ എന്ന ചങ്ങാതി
പത്തുവര്‍ഷമായി ഞങ്ങളോടൊത്തുള്ള ചൈനക്കാരനുണ്ട് കൊങ് സ് ചിങ്. ഒരു ശുദ്ധന്‍. എന്ത് പറഞ്ഞാലും 'ഹൌ ദാ, ഹൌ ദാ'(ഓക്കേ ഓക്കേ) എന്നും പറഞ്ഞ് അനുസരിക്കുന്നവന്. വിളിക്കാനുള്ള സൗകര്യത്തിനായി ഞങ്ങള്‍ അയാള്‍ക്ക് ജോണ്‍ എന്ന് പേരിട്ടു. നല്ല ഉയരവും ഒത്ത വണ്ണവുമുള്ള ജോണ്‍, ജാക്കി ചാന് ആണ് ചൈനയിലെ ഒത്ത പുരുഷന് എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്പില് ഒരു അപവാദമാണ്. എന്നിട്ടും, ഇത്രയും തടി മിടുക്കുള്ള ജോണിന്റെ കഴുത്തില്‍ കിടന്നിരുന്ന അഞ്ച് പവന് സ്വര്‍ണമാല തട്ടിപ്പറിച്ച് ഒരു കള്ളന് എങ്ങനെ ഓടാനായി എന്നത് മറ്റൊരു വലിയ കഥയാണ്. അത് ചോദിക്കുമ്പോഴെല്ലാം ജോണ്‍ നാണിക്കും. ''അത് ചോദിക്കല്ലേ''എന്ന് പറഞ്ഞ് കൈ വീശി ഉച്ചത്തില്‍ ചിരിക്കും.
ഡ്രൈവര്‍ ജോലിക്കായിട്ടാണ് ആളെ ഭര്‍ത്താവ് കൂടെ കൂട്ടിയിരുന്നതെങ്കിലും ജോണ്‍ ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ല. ഞങ്ങളുടെ സ്വകാര്യ ഇലക്ട്രീഷ്യനും പ്ലമ്പറും കാര്‍പെന്ററും കൂടിയായിരുന്നു ജോണ്‍. മടി പിടിച്ചിരിക്കുന്ന ദിവസങ്ങളില്‍ കിലോമീറ്ററുകള്‍ അകലെയുള്ള റെസ്റ്റോറന്റില്‍ നിന്നും എനിക്കേറെ പ്രിയപ്പെട്ട ഹുനാന്‍ ഭക്ഷണം പാര്‍സല്‍ വാങ്ങിക്കൊണ്ട് തരും; കൂടുതലായെന്തെങ്കിലും വേണോയെന്ന് ആവര്‍ത്തിച്ച് ചോദിക്കും. ഒരു ഗ്ലാസ് വെള്ളം പോലും ഇന്നേവരെ എന്റെ കൈ കൊണ്ട് വാങ്ങിക്കുടിക്കാനാവാത്ത ഹതഭാഗ്യവാനാണ് ജോണ്‍. ജോലിക്ക് വരികയെന്നാല്‍, മറ്റൊന്നിനായും നേരം കളയാതെ വന്ന കാര്യം തിടുക്കത്തില്‍ ചെയ്ത് പോവുക എന്നതാണ് ചൈനീസ് പോളിസി. ഒന്നിരുന്നു പോലും നേരം കളയില്ല.
ദൂരയാത്രകളിലായാലും ശരി, ഒന്നിച്ച് ലഞ്ചോ ഡിന്നറോ ജോണിനൊത്ത് ഉണ്ടായിട്ടില്ല. എത്ര നിര്‍ബന്ധിച്ചാലും 'പുയോ'(വേണ്ട) എന്ന കടുത്ത വാക്കിനാല്‍ അതിനെ മുടക്കും. ഭാര്യ തയ്യാറാക്കിക്കൊടുത്ത കൂറ്റന്‍ ലഞ്ച് ബോക്സിലേത് മാത്രമാണ് ആളുടെ ഉച്ച ഭക്ഷണം. ഉരുണ്ട ഒരു വെള്ളക്കുപ്പി നിറയെ ചൈനീസ് ടീയും കാണും. ഡിന്നര്‍ ഏതെങ്കിലും ചെറിയ കടയിലെ നൂഡില്‍സോ ഡംപ്ലിങ്സൊ ആയിരിക്കും.
തത്തകളെ ഏല്‍പ്പിക്കാന്‍ ജോണിനെക്കാള്‍ യോഗ്യന്‍ ആരുമില്ല; ഞാന്‍ ഉറപ്പിച്ചു. പത്തു മണി ആയപ്പോഴേക്കും ഞങ്ങള്‍ നാലുപേരും കുളിച്ചൊരുങ്ങി. ട്രോളിബാഗുകള്‍ നമ്പറിട്ടു കുരുക്കി. ഫ്രിഡ്ജ് മൊത്തം കാലിയാക്കിയപ്പോള്‍ ബാക്കിയായ, പൊട്ടിക്കാത്ത വെണ്ണയുടെ പാക്കറ്റും യോഗര്‍ട്ടിന്റെ ഒരു ബോക്സും ജോണിന് നല്‍കാനായി പൊതിഞ്ഞെടുത്തു. നേരം കളയാതെ ക്യൂട്ടീസിനെയുമായി കതകിന്റെ നമ്പര്‍ ലോക്ക് സെറ്റ് ചെയ്ത് ഇറങ്ങി.
തത്തകള്‍ക്കുള്ള ഭക്ഷണമായ നുറുക്കു ചോളത്തിന്റെയും ഉണക്കിയ സൂര്യകാന്തി വിത്തുകളുടെയും രണ്ട് വലിയ ടിന്നുകള്‍ ജോണിനെ ഏല്‍പ്പിച്ചു. ''കൂടിനുള്ളിലെ ബൗളിലെ വെള്ളം ഇടക്കിടക്ക് മാറ്റണം. വല്ലപ്പോഴും ക്യൂട്ടീസ് കുളിക്കാറുണ്ട്.' മൂത്തവന് ഗൗരവത്തോടെ പറഞ്ഞപ്പോള്‍, ''കുളിയോ, നീ നുണ പറയുന്നതല്ലേ'' എന്നും പറഞ്ഞ് ജോണ്‍ ആര്‍ത്തുചിരിച്ചു. നുണയല്ലായിരുന്നു. കൂടിന്റെ രണ്ടറ്റത്തുമുള്ള കമ്പിയില്‍ കുടിക്കാനുള്ള വെള്ളം നിറച്ച ബൗളുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം കുടി തകൃതിയായി നടക്കാറുമുണ്ട്. പക്ഷെ വല്ലാതെ ഉന്മേഷത്തിലാവുമ്പോള് രണ്ടുപേരും ആ വെള്ളത്തില്‍ ദേഹം മുക്കി ശക്തിയോടെ ഒന്ന് കുടയും. അങ്ങനെ അഞ്ചോ ആറോ വട്ടം ചെയ്യും. നനഞ്ഞൊട്ടി അന്തസ്സോടെ രണ്ടുപേരും ചേര്‍ന്നു നില്ക്കുന്ന കാഴ്ചയ്ക്ക് എന്തു ഭംഗിയാണെന്നോ! കൂടിനെ കാടാക്കിയും, പാത്രത്തെ ആറാക്കിയും മാറ്റാനുള്ള മാന്ത്രികത.
അന്നത്തെ യാത്ര...
പതിവിന് വിപരീതമായി ഗോങ്ചോയില് നിന്നല്ല, ഹോങ്കോങ്ങ് വഴിയായിരുന്നു ഞങ്ങളുടെ ഫ്ളൈറ്റ്. ചോങ്ഷാന് പോര്‍ട്ടില്‍ നിന്നും ഫെറി വഴി ഹോങ്കോങ്ങിലെക്ക്. അവിടെനിന്നും സിങ്കപ്പൂര്‍, പിന്നെ കൊച്ചി. യാത്രയുടെ ചുറ്റിക്കെട്ട് ഓര്‍ത്തതിനാല്‍ തന്നെ സിനിമ കാണലിനു പകരം 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്' പുനര്‍വായനക്കായി ബാഗില്‍ കരുതിയിരുന്നു.
.jpg?$p=a727821&w=610&q=0.8)
ആ മഹാനടനെ നേരിട്ടൊന്ന് കാണുക എന്ന പ്രലോഭനത്തില്‍ ഞാനെങ്ങനെ വീഴാതിരിക്കും. ഉച്ചയ്ക്ക് മുന്നേ ഹോങ്കോങ്ങ് എയര്‍പോര്‍ട്ടില്‍ എത്തി. എപ്പോഴത്തേയും പോലെയുള്ള തിരക്കുകളില്ല; കാര്യങ്ങളെല്ലാം ശാന്തം. പതിവിലേറെ മാസ്ക്കുധാരികളെ കണ്ടതില്‍ നേരിയ അങ്കലാപ്പ് തോന്നി. എങ്കിലും, ചെറിയ ചുമയോ ജലദോഷമോ ഉണ്ടായാല്‍ പോലും മാസ്ക്ക് ധരിക്കുന്ന ചൈനീസ് ഹോങ്കോങ് ആള്‍ക്കാരെ കുറിച്ച് നല്ല ധാരണ ഉള്ളതിനാല്‍ കൂടുതലൊന്നും ആലോചിച്ച് തല പുണ്ണാക്കിയില്ല. മോഷന്‍ സിക്ക്നസിന്റെ കടുത്ത പിടിയിലുള്ള മൂത്തയാളിന്റെ പുറം തടവിയും, പുസ്തകം വായിച്ചും, അല്പമൊന്നു മയങ്ങിയുമാണ് സിംഗപ്പൂര്‍ വഴിയുള്ള വിമാനയാത്ര അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ തീര്‍ത്തത്. പക്ഷേ കാര്യങ്ങളാകെ അവതാളത്തിലാവുകയായിരുന്നു നാട്ടിലെ എയര്‍പോര്‍ട്ടില്‍.
ചൈനയില്‍ നിന്നാണ് വരവ് എന്നറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരുടെ മുഖത്താകെ പരിഭ്രമം. തുടര്‍ച്ചയായി അവര്‍ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. നിന്നുനിന്ന് ഞങ്ങള്‍ക്ക് കാലു കഴച്ചു. ഒരു പേപ്പര്‍ നല്‍കിയിട്ട് അതില്‍ വിശദമായി കാര്യങ്ങളെല്ലാം രേഖപ്പെടുത്താന്‍ അവര്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയാല്‍ വിളിച്ചാല്‍ ലഭ്യമാകുന്ന ഫോണ്‍ നമ്പര്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു. പതിനൊന്ന് വര്‍ഷത്തെ ആകാശയാത്രയ്ക്കിടയിലെ ആദ്യ അനുഭവം! ഒന്നും മനസ്സിലാവാതെ, പരസ്പരം നോക്കിക്കൊണ്ട് ഞാനും ഭര്‍ത്താവും കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു. ശേഷം, പുറത്തേക്കിറങ്ങി. നേരിയ ചൂടുള്ള കൊച്ചിയുടെ മണ്ണിനെ തൊട്ടു.
ചില ദിവസങ്ങള്‍ കഴിഞ്ഞാല്‍ കോവിഡ് 19 എന്ന മഹാമാരിയില്‍ പെട്ട് പിടഞ്ഞുവീണു മരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ രാജ്യത്ത് നിന്നായിരുന്നു ഞങ്ങളുടെ വരവെന്ന് അന്നറിയില്ലായിരുന്നല്ലോ! കേരളത്തിന് അന്നേവരെ അന്യമായിരുന്ന 'ക്വാറന്റൈന്' എന്ന പദം അനുഭവം വഴി ഞങ്ങള്‍ക്കേറെ സുപരിചിതമാവാന്‍ പോവുകയാണെന്നും അന്നറിഞ്ഞില്ല. ഇന്നോര്‍ക്കുമ്പോള്‍ അന്നത്തെ പ്രഭാതത്തിന് പതിവ് ഭംഗി ഇല്ലാതിരുന്നപോലെ. ഞാന്‍ കബളിപ്പിക്കപ്പെട്ടതായിരുന്നോ എന്ന്? കൂട്ടില്‍ കാട് പണിതു കൊടുത്തവരെ ആ രണ്ട് മിണ്ടാപ്രാണികള്‍ ശപിച്ച് 'ക്വാറന്റൈന്' എന്ന കൂട്ടിനുള്ളിലേക്കാക്കിയതായിരിക്കുമോ എന്ന്? എന്റെ ദൈവമേ, നിനക്കല്ലാതെ മറ്റാര്‍ക്കറിയാം!
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..