'വെറും വട്ടക്കയറല്ല, കഴുത്തില്‍ തീച്ചരടാണ്'


സജയ്. കെ.വി

റിങ്'(ring) എന്ന വാക്കിന്, വിവാഹമോതിരം മുതല്‍ സര്‍ക്കസ് റിങ് വരെ, വലയാകാരമുള്ള എന്തിനെയും സൂചിപ്പിക്കാനാവും. സ്ഥലച്ചുരുക്കത്തോടുള്ള പേടിയുടെ (claustrophobia) രൂപകങ്ങളാണ് ഇത്തരം വലയങ്ങള്‍. നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ രൂപകമായി അവ കവിതയിലും സാഹിത്യത്തിലുമെല്ലാം ആവര്‍ത്തിക്കുന്നു.

കുമാരനാശാൻ, വിജയലക്ഷ്മി, എമിലി ഡിക്കിൻസൺ

മ്മുടെ കവിതയില്‍ സ്ത്രീയുടെ വിമതസ്വരം ആദ്യമായി മുഴങ്ങിക്കേട്ടത്, ഒരു നൂറ്റാണ്ടു മുന്‍പ്, ആശാന്റെ' ചിന്താവിഷ്ടയായ സീത'യിലായിരുന്നു. അതില്‍ത്തന്നെ ചില ശ്ലോകങ്ങള്‍, നമ്മള്‍ ഇന്നും തുടര്‍ന്നു വരുന്ന ദാമ്പത്യഘടനയുടെ വിള്ളലുകളെ അതിനിശിതമായി തുറന്നു കാട്ടുന്നവയെന്ന നിലയില്‍, കാലാന്തരപ്രസക്തി കൈവരിച്ചവയുമാണ്.

രാമനെയല്ല, ദാമ്പത്യത്തെയാണ് വിമര്‍ശിക്കുന്നത് സീത ഈ സന്ദര്‍ഭങ്ങളിലെല്ലാം. ആ നിലയ്ക്ക് അവ സാമാന്യവല്‍ക്കരണങ്ങളുമാണ്. സാമാന്യവല്‍ക്കരിക്കാവുന്ന ചിലത്, എക്കാലവും, നമ്മുടെ ദാമ്പത്യങ്ങളുടെ സ്വഭാവമായിരുന്നു എന്നും ആശാന്‍ അത് വളരെ നേരത്തേ തിരിച്ചറിഞ്ഞു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്; ഒരു നൂറ്റാണ്ടിനു ശേഷവും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുന്ന ഒരു സ്ഥിരവ്യവസ്ഥയാണ് നമ്മുടെ സ്ത്രീ-പുരുഷബന്ധങ്ങള്‍ എന്നും.

സീതയുടെ ദാമ്പത്യവിമര്‍ശനം അതിന്റെ താരസ്ഥായിയിലെത്തുന്നത് താഴെക്കാണുന്ന ശ്ലോകത്തിലാണ് -
'പെരുകും പ്രണയാനുബന്ധമാ-
മൊരു പാശം വശമാക്കിയീശ്വരാ
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത.'

ദാമ്പത്യം ഒരു ബലിയായി മാറുന്നു. സ്ത്രീയും അവളുടെ ഇച്ഛകളുമാണ് ബലി ചെയ്യപ്പെടുന്നത്. ഈ ബലിയുടെ കാര്‍മ്മികത്വം പുരുഷനാണ്. അവന്റെ കയ്യിലാണ് ദാമ്പത്യമെന്ന പ്രണയപാശത്തിന്റെ മറ്റേയറ്റം. ആ ധീരമാനി ( ധീരനെന്ന് നടിക്കുന്നവന്‍) യുടെ ഇംഗിതങ്ങള്‍ക്കൊത്ത് വരണമാല്യം മരണപാശമായി മാറുകയും സ്ത്രീ, ദാമ്പത്യമെന്ന ബലിവേദിയില്‍ പിടഞ്ഞൊടുങ്ങുകയും ചെയ്യുന്നു.

ഈ കരാള കല്പനയുടെ അന്തമറ്റ ആവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അനുദിനമെന്നൊണം, വാര്‍ത്തകളായി, നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അതോടെ ആശാനില്‍ രൂപകമായിരുന്നതിന്റെ വ്യാപ്തം ക്രമേണ ചുരുങ്ങിച്ചുരുങ്ങി വരികയും അതൊരു കൊലക്കുരുക്കെന്നോണം നിജമായോ വാച്യമായോ മാറുകയും ചെയ്യുന്നു.

അവള്‍ അവന്റെ ഇച്ഛയ്‌ക്കൊത്തുയരാന്‍ നിര്‍ബ്ബന്ധിതയാകുന്നതിന്റെ പേരാണ് ദാമ്പത്യം എന്ന് (She rose to his requirement) പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കയിലിരുന്നു കൊണ്ടെഴുതിയത്, ആജീവനാന്തം ഒരവിവാഹിതയായിക്കഴിയാന്‍ തീരുമാനിച്ച, അസാധാരണ കവിയായ എമിലി ഡിക്കിന്‍സണാണ്. അതോടെ അവളുടെ മോഹങ്ങള്‍ കടലാഴത്തിലെ മുത്തുകളോ കളസസ്യങ്ങളോ പോലെ വിസ്മരിക്കപ്പെടുന്നു എന്നും അവര്‍ എഴുതി.

'റിങ്'(ring) എന്ന വാക്കിന്, വിവാഹമോതിരം മുതല്‍ സര്‍ക്കസ് റിങ് വരെ, വലയാകാരമുള്ള എന്തിനെയും സൂചിപ്പിക്കാനാവും. സ്ഥലച്ചുരുക്കത്തോടുള്ള പേടിയുടെ (claustrophobia) രൂപകങ്ങളാണ് ഇത്തരം വലയങ്ങള്‍. നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ രൂപകമായി അവ കവിതയിലും സാഹിത്യത്തിലുമെല്ലാം ആവര്‍ത്തിക്കുന്നു. ഇതിഹാസ പ്രസിദ്ധമായ' ലക്ഷ്മണരേഖ' തന്നെ ഇത്തരത്തിലൊന്നാണല്ലോ. വിജയലക്ഷ്മിയുടെ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട,' മൃഗശിക്ഷകന്‍' എന്ന കവിതയില്‍ റിങ് എന്നാല്‍ സര്‍ക്കസ് റിങ്ങാകുന്നു, റിങ് മാസ്റ്ററായ അവന്‍ മൃഗശിക്ഷകനും.

സ്വച്ഛന്ദചാരിയായ വന്യമൃഗത്തിന് സര്‍ക്കസ് തമ്പിനുള്ളില്‍ സംഭവിക്കുന്നതാണ് സ്ത്രീക്ക് വിവാഹശേഷം സംഭവിക്കുന്നത്. മെരുക്കലിന്റെയും മെരുങ്ങലിന്റെയും ഇടമാണവിടം. ഒരു തീച്ചക്രത്തിനുള്ളിലൂടെ, പൊള്ളലേല്‍ക്കാതെ, ചാടുന്നതു പോലെ ദുഷ്‌കരമാണത്. അപ്പോഴും അവള്‍ക്ക് അതു തന്നെ ആവര്‍ത്തിക്കേണ്ടി വരുന്നു -
'വനത്തിലേയ്‌ക്കെന്റ വപുസ്സു പായുവാന്‍
വിറയ്ക്കുന്നൂ പക്ഷേ
നിറകണ്‍മുന്നിലീച്ചുവന്ന തീച്ചക്രം,
ഇടംവലം നോക്കാതെടുത്തു ചാടണം.'

1991ലാണ് 'മൃഗശിക്ഷകന്‍' എഴുതപ്പെട്ടതെങ്കില്‍ രണ്ടോളം പതിറ്റാണ്ടുകള്‍ക്കു ശേഷം, 2010ലാണ് അതേ കവി 'കാള' എന്ന ചെറുകവിത എഴുതുന്നത്. ഉഴവുകാളയുടെ ആയാസകരമായ നടത്തത്തിന്റെ താളം വാങ്മയപ്പെടുത്തിയതുപോലുള്ള മൂന്നു ഖണ്ഡങ്ങളിലായി മറ്റൊരു സ്ത്രീജീവിത സംഗ്രഹം തന്നെയാണ് ഈ കവിതയും. കവിതയുടെ തുടക്കവരികള്‍ ഇങ്ങനെ -
' നുകം വെച്ച കാളയാണ്,
നടപ്പും വേദനയാണ്,
വെറും വട്ടക്കയറല്ല,
കഴുത്തില്‍ - തീച്ചരടാണ്.'
മൃഗശിക്ഷകനിലെ തീച്ചക്രം ഇവിടെ തീച്ചരടാകുന്നു, കൂടുതല്‍ ഇറുകുന്നു. നിസ്സഹായത കൂടുതല്‍ കനക്കുകയും യാതന കൂടുതല്‍ നിസ്സാന്ത്വനമാവുകയും ചെയ്യുന്നു. മൃഗ ശിക്ഷകനെപ്പോലൊരുവന്‍ ഈ കാളയ്ക്കു പിന്നിലുമുണ്ട്.' നടക്കെന്നുകയര്‍പ്പോ'നും 'നയിക്കാന്‍ പിന്നില്‍ നില്‍പ്പോ'നുമാണ് അവന്‍. അവളുടെ ദൈന്യത്തിനു മാത്രമേ വിതാനഭേദം സംഭവിക്കുന്നുള്ളൂ. അവന്‍ എപ്പോഴും കയര്‍ക്കുന്നവനും കല്പിക്കുന്നവനും തന്നെ!

Content Highlights: Vijayalakshmi kumaranasan Emily Dickinson Mashipacha Column

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented