പശുവിന്റെ കയറില്‍ തൂങ്ങിയ കൊച്ചാന്റി, പച്ചത്തെറിയാല്‍ മഹായുദ്ധം നടത്തിയ വേലായി;എഴുതാതിരിക്കുവങ്ങെനെ!


പി.എഫ് മാത്യൂസ്‌

ഇതാണെന്റെ കുഴപ്പം. ഒന്നും പൂര്‍ത്തിയാക്കുകയില്ല. അതിനുമുമ്പേ മറ്റൊരു പുസ്തകകത്തിലേക്കു കയറും. അങ്ങനെ അഞ്ചോ ആറോ പുസ്തകം ഒരേ സമയത്ത് മുറിയില്‍ നിരക്കും. സ്വാഭാവികമായും ഫോക്കസ് തീര്‍ത്തും നഷ്ടപ്പെട്ട് അങ്ങനെ വെളിവില്ലാതെ നടക്കും. പക്ഷെ എന്തെങ്കിലും എഴുതിത്തുടങ്ങിയാല്‍ കാര്യങ്ങള്‍ മാറും.

പി.എഫ് മാത്യൂസ്‌| ഫോട്ടോ: ഉണ്ണി മാത്യു

പി.എഫ്. മാത്യൂസിന്റെ ഡയറിയില്‍ നിന്ന്...
രു തേരട്ടയുടെ സഞ്ചാരം ശ്രദ്ധിച്ചിട്ടുണ്ടോ...?
രാവിലെ നടക്കാനിറങ്ങിയപ്പോഴാണാ കാഴ്ച. നൂറുകണക്കിന് മഞ്ഞക്കാലുകളുള്ള നീളന്‍ തേരട്ട എന്റെ വഴിയെ രണ്ടായി കീറിമുറിച്ചിരിക്കുന്നു. അവിടെനിന്ന് ആ തേരട്ട കടലാസിലൂടെ നടക്കാന്‍ തുടങ്ങുകയായി. വാക്കുകള്‍ ചേര്‍ന്ന് വാചകങ്ങളായി മാറുന്നു. ഒന്നുമില്ല... വെറുമൊരു തേരട്ട നടത്തം മാത്രം. ആ ചെറുകാര്യം മനസ്സില്‍ കാണുന്നതുപോലെ എഴുതാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രം. മനസ്സിനും വാക്കുകള്‍ക്കുമിടയില്‍ ആഴമേറിയ കിടങ്ങ്. അതാണ് എന്നും വിഷമിപ്പിക്കുന്നത്.
2022 ഫെബ്രുവരിയിലെ ഈ ദിവസം പുലരുമ്പോള്‍ എന്റെ മനസ്സില്‍ ഹൃദയം പോലെ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയുണ്ട്. ജീവിതംകൊണ്ട് പാഴായിപ്പോയ ഒരു മനുഷ്യനേക്കുറിച്ചാണ് കഥ. കുറച്ചു ദിവസം മുമ്പ് ഒരു പകര്‍പ്പ് എഴുതിക്കഴിഞ്ഞതാണ്. തീരെ നന്നായിട്ടില്ലെന്ന് നല്ല തീര്‍ച്ചയുണ്ട്. അതുകൊണ്ടു തന്നെ ഫലത്തില്‍ അത് എഴുതാത്ത കഥയാണ്. കഥ ശരിയാകുന്നതുവരെ അല്ലെങ്കില്‍ മടുക്കുന്നതുവരെ എഴുതിക്കൊണ്ടിരിക്കുകയാണ് പതിവ്. എന്താണിതിന്റെ പ്രശ്‌നം...സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തമായ ചില അടയാളങ്ങളുള്ള കഥയാണ്...
അതെ, അതുതന്നെയാണ് അതിന്റെ കുഴപ്പവും. സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നതിന്റെ ദോഷമാകാം. നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നു. ഉള്ളിലിരുന്ന് ഒരു വിമര്‍ശകന്‍ പറയുന്നുണ്ട്. ഞാനാ കഥ വീണ്ടും വായിച്ചു നോക്കി. എഴുതുന്നതിനു മുമ്പേ മനസ്സില്‍ പൂര്‍ണ്ണമായി രൂപപ്പെട്ട ഒരു കഥ അതേപടി പറഞ്ഞു തീര്‍ത്തിരിക്കുകയാണ്. കൃത്യമായ തുടക്കവും മദ്ധ്യവും അന്ത്യവുമുള്ള ഒരു കഥ എങ്ങനെ എഴുതാം എന്നതിന്റെ വാര്‍പ്പുമാതൃക പോലെ. കഥയുടെ വിവരണത്തില്‍ ഉണ്ടാകേണ്ട അതിശയങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രാവിലെ നടക്കേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. കടുപ്പം കൂട്ടി കടുംചുവപ്പു നിറമാക്കിയ ചായയുമായി മുറിയിലേക്കു കയറി. ആ കഥ പിന്നേയും വായിച്ചു. തെസ്യൂസിന്റെ കപ്പലില്‍ ചെയ്ത പണികളെല്ലാം ഇവിടേയും ചെയ്യാം. വളരെ മോശമായ വാചകങ്ങളേയും പാരഗ്രാഫുകളേയും വെട്ടിനീക്കി പുതിയവ ചേര്‍ത്തു നോക്കാം. രാവിലെ ആറര തൊട്ട് ഒമ്പതര വരെ കുത്തിയിരുന്ന് അതൊക്കെ ചെയ്തിട്ടും ഒന്നും ശരിയായില്ല. സാമൂഹ്യ യാഥാര്‍ത്ഥ്യം മുഴച്ചു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യം എന്ന സംഗതി തന്നെ നിലവില്‍ വരുന്നത് അതു മനുഷ്യന്‍ വിവരിക്കുമ്പോഴാണ്. വിവരിക്കാനൊരുങ്ങുന്ന കാര്യത്തിലേക്കും വിവരണത്തിലേക്കും പരസ്പരം ലയിച്ചു ചേരുന്ന എഴുത്താണ് വരേണ്ടത്. വിവരണവും വസ്തുവും ഒന്നായി മാറേണ്ടതുണ്ട്.
ഒമ്പതര മണി. വീട്ടിലെ അടുക്കളയ്ക്കു തീപിടിക്കുന്ന സമയമാണ്. കുറേ നേരത്തേ ഇറങ്ങേണ്ടതായിരുന്നു. ശോഭ, മക്കളേപ്പോലെ സ്‌നേഹിച്ചു വളര്‍ത്തിയിരുന്ന ടെറസ്സു ചെടികളെല്ലാം ഉണങ്ങിത്തുടങ്ങി. വീട്ടുവരാന്തയിലെ ചെടികളും തളര്‍ന്നു തൂങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്കു വിശക്കുന്നതു പോലെ അവര്‍ക്കും വിശക്കുമെന്ന് ഓര്‍ക്കാത്തതെന്താണ് എന്ന മഹദ്വചനം അടുക്കളയില്‍ ആവര്‍ത്തിക്കപ്പെടാനിടയുണ്ട്. വീട്ടിലെ സഹജീവികളാരും സഹായിച്ചില്ലെങ്കില്‍ ജീവിതം മുന്നോട്ടുപോകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. കഥയെഴുതിയില്ലെങ്കില്‍ ലോകം തന്നെ നിശ്ചലമായിപ്പോകും എന്ന മട്ടില്‍ ലാപ്‌ടോപ്പിനു മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവന്റെ അഹങ്കാരം വീടിന്റെ ആവാസവ്യവസ്ഥയെ പാടെ തകര്‍ക്കുമെന്നുമൊക്കെ അറിയാവുന്നതാണ്. കുറ്റബോധത്തോടെ അടുക്കളയിലേക്കു കയറുമ്പോള്‍ അവിടെ ആശാലത പാടുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊച്ചി എഫ് എം ആഘോഷത്തിമിര്‍പ്പിലാണെന്ന് ഊണുമുറിയില്‍വച്ചു തന്നെ തിരിച്ചറിഞ്ഞപ്പോള്‍ ആശ്വാസമായി.
വളരെ കൃത്യമായി ദോശയുണ്ടാക്കാനായി ഇളയ മകന്‍ ആനന്ദ് വന്നു. ദോശയുടേയും ബ്രെഡ് ടോസ്റ്റിന്റേയും ഉസ്താദാണ് കക്ഷി. വെബ്‌ സീരീസുകള്‍ ചെയ്യുന്ന കരിക്കിലെ നടനും എഡിറ്ററും കൂടിയാണയാള്‍. ഇന്നെന്തായാലും തിരക്കിട്ടു പോകേണ്ട കാര്യമില്ല. അഭിനയിച്ച ഭാഗങ്ങള്‍ അടുത്ത ദിവസം ഡബ്ബ് ചെയ്താല്‍ മതി. ആശാലതയെ അടുക്കളയില്‍നിന്ന് ഒഴിപ്പിച്ച് ആബിദ പര്‍വ്വീണിനെ അവന്‍ പ്രതിഷ്ഠിച്ചു. ആബിദയുടെ 'ചാപ്പ്തിലക്ക്' അടുക്കളയില്‍ നിറഞ്ഞ് ദോശയുടെ സുഗന്ധവുമായി ലയിച്ചു. ഇങ്ങനെയാണ് കഥയിലും സംഭവിക്കേണ്ടത് രൂപവും വിഷയവും വേറിട്ടു നില്‍ക്കരുത്, പരസ്പരം ലയിക്കുക തന്നെ വേണം. ശോഭ ഉച്ചയ്ക്കുള്ള ആഹാരം പോലും ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് പിന്നണി സഹായങ്ങള്‍ മാത്രം.
ചാപ്പ് തിലക്കിന്റെ താളത്തില്‍ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഞാനാലോചിച്ചത് ഒരാളില്‍ത്തന്നെ അസംഖ്യം പേരെ ചുമന്നുനടന്ന ഫെര്‍നാണ്ടോ പെസോവയേക്കുറിച്ചാണ്. എഴുപതിലേറെ എഴുത്തുകാര്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊക്കെ വ്യത്യസ്തമായ പേരുകളും ആത്മകഥകളുമുണ്ടായിരുന്നു. കുടുംബം വേണ്ടെന്നു വച്ചാല്‍ ഇത്തരം അതിശയങ്ങള്‍ ഒരെഴുത്തുകാരനു സാധിക്കുമെന്നൊക്കെ പൊങ്ങച്ചത്തോടെ ആലോചിച്ചു. പാത്രം കഴുകിത്തീര്‍ന്നപ്പോള്‍ പ്രതിഭ എന്ന വാക്കിന്റെ അര്‍ത്ഥത്തേക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. അതിഗംഭീരങ്ങളായ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അതെഴുതിയവരുടെ പ്രതിഭ നമുക്കും ഉണ്ടെന്നൊക്കെ തോന്നുന്നതിനെ ഒരു തെറ്റായിട്ട് കാണാനാകില്ല... മാപ്പു കൊടുക്കാവുന്നതേയുള്ളൂ.
madhavi
മാധവി

-അതേയ്...മാധവിയെ കണ്ടിട്ട് കുറേയായില്ലേ...നമ്മക്ക് നേരേ വിട്ടാലാ...

ആനന്ദ് പറഞ്ഞു. കരിക്ക് വെബ് സീരീസുകളില്‍ വേഷമിടുന്ന ആനന്ദിന്റെ മൂത്ത ഏട്ടനായ ഉണ്ണിയുടെ മൂന്നുമാസം പ്രായമുള്ള മകളാണ് മാധവി. ഞങ്ങളുടെ വീട്ടിലെ ഏറ്റവും പുതിയ കഥാപാത്രം.
പത്തു മണി പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഊണുമേശ. മണിക്കൂറുകള്‍കൊണ്ട് രൂപപ്പെടുത്തിയ ദോശ, സാമ്പാര്‍, ചട്ട്ണി എന്നിവ നിമിഷങ്ങള്‍കൊണ്ടു തീര്‍ക്കാവുന്ന മുഹൂര്‍ത്തമാണ്. അപ്പോഴാണ് അന്നത്തെ ചരമപ്പേജിലെ ഒരു ചിത്രം ശോഭ എന്റെ മുന്നിലേക്കു നീട്ടിയത്. മരിച്ചയാളെ ഞാനറിയും. കുട്ടിക്കാലം മുഴുവന്‍ ചെലവിട്ട കത്തൃക്കടവിലെ തറവാട്ടു വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ബന്ധുവാണയാള്‍. ആ പഴയ വീടിനു പിന്നില്‍ വലിയൊരു കുളമുണ്ട്. ആ കുളത്തിന്റെ വരമ്പില്‍ വലിയൊരു മുളങ്കൂടുണ്ട്. എല്ലാ രാത്രികളിലും കാലന്‍കോഴികളുടെ മരണ നിലവിളി ഞാനവിടെ നിന്നു കേള്‍ക്കാറുണ്ടായിരുന്നു. ' ചാവുനിലം ' എന്ന നോവല്‍ എന്റെ മനസ്സില്‍ രൂപപ്പെട്ടു വന്നത് ഏതാണ്ട് ആ കാലത്താകണം.
-അതെങ്ങനെയാണ്....
ആനന്ദിന് അതറിഞ്ഞേ മതിയാകൂ. അവന്‍ ആ നോവല്‍ പലവട്ടം വായിച്ചിട്ടുണ്ട്. ഞാനാലോചിച്ചിരിക്കുന്നതു കണ്ട് അവന്‍ പറഞ്ഞു :
-പറയച്ഛാ....
ഭൂതകാലം പറഞ്ഞുകൊണ്ടിരിക്കുക എന്നത് പ്രായമേറിയതിന്റെ തെളിവാണ്. എന്നിട്ടും ഞാന്‍ സമയയന്ത്രത്തിലൂടെ സഞ്ചരിച്ച് ആ വല്ലാത്ത കാലത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയി. ദുര്‍മരണങ്ങള്‍ അനവധി നടന്ന ഒരു പാതാളക്കുളം പഴയ വീടിനു തൊട്ടരികിലാണ്. പാതിരാവില്‍ അവിടെനിന്ന് ദുരാത്മാക്കള്‍ ഇറങ്ങി വരുമായിരുന്നു. അതിനോടു ചേര്‍ന്ന തറവാട്ടുവീട്ടില്‍നിന്ന് അസഹനീയമായ മൗനവും മന്ത്രണങ്ങളും അലര്‍ച്ചകളും നിലവിളികളും മാത്രമേ കേട്ടിട്ടുള്ളൂ. ആ വീട്ടിലെ പഴയതലമുറ മണ്ണായിമാറിക്കഴിഞ്ഞു. തിന്‍മകളും ദുര്‍മ്മരണവും പുതിയ തലമുറയിലേക്കും വ്യാപിച്ചുകഴിഞ്ഞു എന്ന സൂചനയാണ് ആ പത്രവാര്‍ത്ത എനിക്കു പകര്‍ന്നു തന്നത്. അവിടെ നിന്ന് കൗമാരത്തിലേക്ക് വളരെ കുറച്ചു ദൂരമേയുള്ളൂ. ഓര്‍ക്കുന്നതെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു.
വേനലിന്റെ കളിക്കളത്തില്‍ 'ആനക്കാരന്‍ ' എന്നു വിളിച്ചിരുന്ന കൊച്ചാന്റി എന്ന കൂട്ടുകാരന്‍ കണ്‍മുന്നിലേക്കു വന്നു. വലിയ കളസമിട്ട ഇത്തിരി തടിച്ചു വെളുത്ത കോലന്‍മുടിക്കാരന്‍ ചെറുക്കന്‍. ഒരുച്ച നേരത്ത് അവന്‍ കളിക്കളത്തില്‍നിന്ന് നേരത്തേ വീട്ടിലേക്കു പോയി. പോകുന്ന പോക്കില്‍ വീടിനു മുന്നില്‍ മേഞ്ഞിരുന്ന പശുവന്റെ കയറും അഴിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് പശു അയലത്തെ വീടുകളിലൊക്കെ കയറി ചെടികളെല്ലാം കടിച്ചു തിന്നുതുടങ്ങി. അപ്പോഴാണ് അതിന്റെ കഴുത്തിലെ കയര്‍ എല്ലാവരും അന്വേഷിച്ചത്. അത് കൊച്ചാന്റിയുടെ വീടിന്റെ കഴുക്കോലില്‍ കെട്ടിയിരിക്കുകയായിരുന്നു. അവന്റെ കഴുത്ത് കയറിന്റെ മറ്റേയറ്റത്ത്. വലിയ കളസമണിഞ്ഞ വെളുത്ത കൊച്ചാന്റി പതുക്കെ ആടിക്കൊണ്ടിരുന്നു. ഞങ്ങളുടെ കളിക്കളത്തിലെ ആനക്കാരന്‍ ആ ഉച്ചനേരത്ത് ആരോടും യാത്ര പറയാതെ എന്തിനാണ് ഇറങ്ങിപ്പോയതെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ അനവധി മരണങ്ങള്‍...
ഭ്രാന്ത് പകര്‍ച്ചവ്യാധിപോലെ ആ മണ്ണില്‍ പടര്‍ന്നിരിക്കുകയാണെന്നു തോന്നി. പച്ചത്തെറി കൊണ്ട് മഹായുദ്ധങ്ങള്‍ നടത്തിയിരുന്ന ' അടിയാളപ്രേത'ത്തിലെ കണ്ണില്ലാത്ത വേലായി വാപ്പന്‍ ആ നിലത്തുനിന്നു കയറി വന്നതാണ്. കൗമാരം വിടുന്നതിനു മുമ്പേ മോഷണത്തിനിറങ്ങിത്തിരിച്ച മറ്റൊരു കൂട്ടുകാരനെ ഓര്‍മ്മ വന്നു. അവനെ കൈവിലങ്ങുവച്ച് കൊണ്ടുവന്നത് കളിക്കളത്തിലേക്കായിരുന്നു. ഒരോണക്കാലത്ത് മറ്റൊരു ചങ്ങാതിയുടെ അച്ഛന്‍ അതിരാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയോടി തോട്ടിറമ്പില്‍ കണ്ട കോഴിയെ പിടിച്ചെടുത്തു കഴുത്തു കടിച്ചു കീറി ചോര കുടിച്ചത്. ആറേഴു നാളു കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ ഞങ്ങളുടെ കളികളെല്ലാം മുടക്കി. പറമ്പിന്റെ അതിരില്‍ നിന്നിരുന്ന വലിയ മരത്തില്‍ അയാള്‍ സ്വന്തം ലുങ്കി കഴുത്തില്‍ കെട്ടി ആടിക്കൊണ്ടിരിക്കുന്നു. എന്റേയും ചങ്ങാതിമാരുടേയും കൗമാരം എന്നേക്കുമായി അവസാനിച്ചു പോയത് അങ്ങനെയൊക്കയായിരുന്നു. കഥകള്‍ തുടങ്ങിയിട്ടേയുള്ളു... മണിക്കൂര്‍ ഒന്നര കടന്നു പോയിരിക്കുന്നു. പ്രാതല്‍ മേശയിലെ കൈപ്പടങ്ങള്‍ ഉണങ്ങിവരണ്ടു. കഥകളുടെ ദിവസങ്ങളില്‍ മേശയ്ക്കു ചുറ്റുമുള്ള കാലം നിശ്ചലമാകുകയാണ് പതിവ്. കഴുകാനുള്ള പാത്രങ്ങള്‍ പെറുക്കുമ്പോള്‍ ആനന്ദ് പറഞ്ഞു :
-അച്ഛന്‍ ചാവുനിലം എഴുതിയതില്‍ അതിശയമില്ല...
തൊട്ടടുത്താണ് ഉണ്ണിയും ഭാര്യ റീനുവും താമസിക്കുന്നത്. ഇത്തിരി വിസ്താരമുള്ള ആ പറമ്പില്‍ മൗഗ്ലി, ഹിപ്പി എന്നീ പേരുകളുള്ള രണ്ടു പട്ടികളും കുറച്ചു കോഴികളും കിളികളുമുണ്ട്. എനിക്ക് പട്ടികളോടു തീരെ താല്‍പ്പര്യമില്ല. മാധവി എന്ന കൊച്ചുലോകത്തിലാണ് ഞങ്ങളുടെ കൗതുകം മുഴുവന്‍. ഉണ്ണിയുമായി മാധവി രഹസ്യകോഡുകള്‍ കൊണ്ട് സംസാരിക്കുന്നതു കണ്ട് ഞങ്ങള്‍ അതിശയത്തോടെ നോക്കി നിന്നു. ആനന്ദ് അവളേയും കൊണ്ട് നടക്കാനും അവരുടേതായ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. മെല്ലെ മാധവി ഉറങ്ങി. ബാബേല്‍ഫിഷുകാരന്‍ സച്ചു തോമസ് വിളിച്ചത് ആ നേരത്താണ്. സാഹിത്യ കൃതികളില്‍നിന്നു സിനിമയുണ്ടാക്കുന്നതിനേക്കുറിച്ച് ഒരു കുറിപ്പെഴുതിയാലോ എന്നാലോചിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അതിനുവേണ്ടി അല്‍മദോവറിന്റെ ' ജൂലിയറ്റ ' വീണ്ടും കണ്ടു. ആലീസ് മണ്‍റോയുടെ മൂന്നു കഥകളില്‍ നിന്നാണ് ആ സിനിമയുണ്ടാക്കിയിരിക്കുന്നത്. ആ കഥകള്‍ മെയിലിലില്‍ അയച്ചിട്ടാണ് സച്ചു വിളിച്ചത്. പക്ഷെ എനിക്കു ' ജൂലിയറ്റ 'യുടെ രണ്ടാം കാഴ്ച തീരെ രസിച്ചില്ല. കഥകള്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. അതിനപ്പുറം യാതൊന്നുമില്ല. പതിവില്ലാത്തമട്ടില്‍ വളരെ നാടകീയമായാണ് അല്‍മദോവറിന്റെ കഥ പറച്ചില്‍.
രണ്ടു നാള്‍ മുമ്പു കണ്ട റ്യൂസുകെ ഹമാഗുച്ചിയുടെ ' ഡ്രൈവ് മൈ കാര്‍ ' മുറകാമിയുടെ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതു പക്ഷെ അതീവ സുന്ദരമായ സിനിമയായിരുന്നു. ആ സിനിമയിലെ ഒരു ഭാഗം മുഴുവന്‍ ചെക്കോവിന്റെ ' അങ്കിള്‍ വാനിയ ' എന്ന നാടകത്തിലെ സംഭാഷണങ്ങള്‍ അപഹരിച്ചിരിക്കുന്നു. വിഭാര്യനായ നായകന്‍ നാടക നടനാണ്. അയാള്‍ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സ്റ്റീരിയോയില്‍ കേള്‍ക്കുന്നത് മരിച്ചുപോയ ഭാര്യയുടെ ശബ്ദമാണ്. അങ്കിള്‍ വാനിയയിലെ ഒരു കഥാപാത്രത്തിന്റെ സ്വരം അവര്‍ മരിക്കുന്നതിനു മുമ്പേ റിക്കാര്‍ഡ് ചെയ്ത് അയാള്‍ക്കു കൊടുത്തിരുന്നു. അയാള്‍ ആ സംഭാഷണത്തിനു മറുഭാഷണം പറഞ്ഞുകൊണ്ടാണ് വണ്ടിയോടിക്കുന്നത്. അനേകം തലങ്ങളിലൂടെ വ്യാപിക്കുന്ന ആ മുഹൂര്‍ത്തം എന്നെ വല്ലാതെ ബാധിച്ചിരുന്നു. പണ്ടെങ്ങോ വായിച്ചു മറന്ന അങ്കിള്‍ വാനിയ വീണ്ടും എടുത്തു വായിക്കണമെന്നൊക്കെ തോന്നി. ഇതാണെന്റെ കുഴപ്പം. ഒന്നും പൂര്‍ത്തിയാക്കുകയില്ല. അതിനുമുമ്പേ മറ്റൊരു പുസ്തകകത്തിലേക്കു കയറും. അങ്ങനെ അഞ്ചോ ആറോ പുസ്തകം ഒരേ സമയത്ത് മുറിയില്‍ നിരക്കും. സ്വാഭാവികമായും ഫോക്കസ് തീര്‍ത്തും നഷ്ടപ്പെട്ട് അങ്ങനെ വെളിവില്ലാതെ നടക്കും. പക്ഷെ എന്തെങ്കിലും എഴുതിത്തുടങ്ങിയാല്‍ കാര്യങ്ങള്‍ മാറും. എഴുതുന്ന നേരത്തു മാത്രമാണ് എനിക്ക് ധ്യാനം കിട്ടുന്നത്. അങ്ങനെ പറയുമ്പോള്‍ ആനന്ദ് കൂട്ടിച്ചേര്‍ക്കും. പിന്നെ പാത്രം കഴുകുമ്പോഴും... അവന്റെ പിന്നില്‍നിന്ന് മറ്റൊരാളുടെ പൊട്ടിച്ചിരി പിന്തുണയായി.
മാധവിയെ കണ്ടു മടങ്ങുന്ന നേരത്ത് ആകാശവാണി കണ്ണൂര്‍ നിലയത്തിലെ ശരത്ത് വിളിച്ചു. ആകാശവാണിയിലെ സംവിധായക പ്രതിഭയും കഥാകാരനുമാണ് ശരത്. കൊച്ചി നിലയത്തില്‍ കുറേയധികം കാലം ജോലി ചെയ്തിരുന്ന കാലത്താണ് ' മണ്ണിലേക്കു മടങ്ങുക ' എന്ന എന്റെ കഥയെടുത്ത് നാടകമാക്കിയത്. എന്‍.എഫ്. വര്‍ഗ്ഗീസും ഞാനും വളരെ അടുപ്പമുള്ള കാലമാണ്. എന്‍.എഫ്. വര്‍ഗ്ഗീസ് അതില്‍ പ്രധാന കഥാപാത്രമായി. സൈമണ്‍ ബ്രിട്ടോയെപ്പോലുള്ള ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള നാടകമായിരുന്നു അത്.
-എടാ നിന്റെ കടലിന്റെ മണം അതിഗംഭീര നോവലാണ് കേട്ടോ...പക്ഷെ അതിന്റെ അവസാനത്തോട് എനിക്കത്ര യോജിപ്പില്ല....
' ചാവുനിലം' ആദ്യകാലത്തേ പലവട്ടം ആവേശത്തോടെ വായിച്ചയാളാണ് ശരത്.
-ശരത്തേ... ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കുന്ന സ്ഥിരം കലാപരിപാടി വേണ്ടെന്നു വച്ചതാണ്.... ഫിക്ഷന്റെ ആഘോഷങ്ങള്‍ക്ക് അതിരില്ലല്ലോ... ഞാന്‍ പറഞ്ഞു.
-എന്നാലും എന്തോ ഒരു പ്രശ്നം... ഞാനൊന്നുകൂടി വായിക്കട്ടെ..
-ശരത്തേ... നോവല്‍ എഴുതിയെഴുതി നോവലിനേത്തന്നെ റദ്ദാക്കിക്കളയുന്ന ഒരു സമ്പ്രദായത്തേക്കുറിച്ച് എന്താണ് നിനക്കഭിപ്രായം?വായിച്ച നോവല്‍ പിന്നീട് വായനക്കാരനെ വായിച്ചു തുടങ്ങുന്നത് രസമുള്ള കാര്യമല്ലേ... ഞാന്‍ എന്നെ പ്രതിരോധിച്ചു കൊണ്ടേയിരുന്നു.
- ഒരു വട്ടം കൂടി വായിച്ചിട്ട് അടുത്തയാഴ്ച നിന്നെ ഞാന്‍ വിളിക്കുന്നുണ്ട്... ശരത്ത് പൂര്‍ണ്ണവിരാമമിട്ടു.
എഴുതിക്കഴിഞ്ഞ കൃതിയേക്കുറിച്ച് ഏറെ സംസാരിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. പക്ഷെ ശരത്തിനോടു സംസാരിക്കാം. എന്റെ ആത്മീയ സോദരനാണവന്‍. പെട്ടെന്ന് ആ വാചകം എന്നെ മാങ്ങാട് രത്‌നാകരനിലേക്കും ഡേവിഡ് ദിയോപ്പിലേക്കും നയിച്ചു. 'രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ് ' എന്ന നോവല്‍ ഞാന്‍ വായിച്ചത് കവിയായ മാങ്ങാട് രത്‌നാകരന്റെ ഭാഷയിലാണ്. നോവല്‍ അത്ര ഗംഭീരമായി തോന്നിയില്ലെങ്കിലും അതിന്റെ വിവരണം ആകര്‍ഷകമായിരുന്നു. കൊച്ചിയിലെ കണ്ണോക്കു പാട്ടിന്റെ താളത്തിലേക്കതു കൊണ്ടുവരാമായിരുന്നു എന്നും തോന്നി. അത്രയുമായപ്പോഴാണ് രണ്ടു ദിവസമായി തലകുത്തി മറിഞ്ഞുകൊണ്ടിരിക്കുന്ന കഥയുടെ കാര്യം ഞാനോര്‍ത്തത്. പാഴായിപ്പോയ മനുഷ്യന്റെ കഥ വിവരിക്കേണ്ടത് കണ്ണോക്കു പാട്ടിന്റെ താളത്തിലല്ലേ. കൊച്ചിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു കഥ കൂടിയെഴുതിയാല്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് എന്നെ കൊച്ചിയുടെ എഴുത്തുകാരനാക്കി പ്രതിഷ്ഠിച്ചുകളയുമോ എന്നും ശങ്കിച്ചു.
'ഞാനൊരു ദേശമെഴുത്തുകാരനല്ല ചങ്ങാതി ' എന്ന് പുതിയ തലമുറയിലെ കഥാകാരനായ മനോജ് വെങ്ങോലയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് അതുകൊണ്ടാണ്. കൊച്ചിയല്ല എന്റെ സാഹിത്യം... കൊച്ചിയില്‍ ഞാന്‍ ജീവിക്കുന്നതേയുള്ളൂ. അതല്ല ഇവിടത്തെ പ്രശ്‌നം. ആ കഥയിലെ സാമൂഹികവും രാഷ്ട്രീയവുമായ തലനീട്ടലാണ്. അതെനിക്കു തീരെ രസിക്കുന്നില്ല. പുതിയ തലമുറയിലെ എഴുത്തുകാര്‍ എത്ര ലാഘവത്തോടെയാണ് ആ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. വി. ഷിനിലാലിന്റെ '124' എന്ന നോവലും വി.എം. ദേവദാസിന്റെ 'ഏറ്' എന്ന നോവലും ഈയിടേയാണ് വായിച്ചത്. അവര്‍ കാണിക്കുന്ന ചങ്കൂറ്റവും ധൈര്യവും എനിക്കില്ലാത്തതെന്തുകൊണ്ടാണ്? നീ മറ്റൊരു ജനുസ്സില്‍പ്പെട്ടയാളായതുകൊണ്ടാകണം. എന്റെ ഉള്ളിലെ രണ്ടാമന്‍ പറഞ്ഞു.
1902-ല്‍ എറ്റിംഗര്‍ എന്ന ഒരാള്‍ ചെക്കോവിന്റെ കൃതികളിലെ ഉദ്ധരണികളും ആശയങ്ങളുമെടുത്ത് ഒരു ആന്തോളജിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തി. അതു നടക്കുന്ന കേസ്സല്ലെന്ന് ചെക്കോവ് തുറന്നടിച്ചു. ഒരു കൃതിയില്‍നിന്ന് ആശയങ്ങള്‍ പെറുക്കിയെടുക്കാന്‍ കഴിയുന്നതുതന്നെ നല്ല കാര്യമല്ലെന്ന് ചെക്കോവ് വിശദീകരിച്ചു. ആശയങ്ങള്‍ എന്റെ കഥാപാത്രങ്ങളുടേതു മാത്രമാണ്. ഞാന്‍ ചെക്കോവിന്റെ മതത്തില്‍ വിശ്വസിക്കാനാഗ്രഹിക്കുന്നു. പക്ഷെ നീ ഈ പറഞ്ഞതിനു കടകവിരുദ്ധമായതു നീ ചെയ്തിട്ടില്ലേ. പിന്നേ... ധാരാളം... ചെറുചിരിയോടെ ഞാന്‍ സ്വയം പറയുന്നു. എനിക്ക് എന്നേത്തന്നെ നോക്കി പരിഹസിച്ചു ചിരിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ എന്റെ സിദ്ധി അതായിരിക്കാണം. മക്കളും അവരുടെ അമ്മയും പറയുന്ന വിമര്‍ശന ഫലിതങ്ങളും തമാശകളും മറ്റാരേയോ കുറിച്ചു പറഞ്ഞതാണെന്ന മട്ടില്‍ കേട്ട് ആ വലിയ ചിരികളില്‍ പങ്കെടുക്കാന്‍ എനിക്കെളുപ്പത്തില്‍ കഴിയും.
ദാ... ഇവിടെയെത്തിയപ്പോഴാണ് എന്റെ ഇപ്പോഴത്തെ ജീവിതം എത്ര ശുഷ്‌ക്കവും സംഭവരഹിതവുമായാണ് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത്. ഒരു പകലവസാനിക്കാന്‍ പോകുകയാണ്. നാലുമണിച്ചായയുമായി നെറ്റ്ഫ്‌ളിക്‌സ് തുറന്നപ്പോള്‍ ഫിറാന്റെയുടെ കൃതിയെ അടിസ്ഥാനമാക്കിയുള്ള ' ലോസ്റ്റ് ഡോട്ടര്‍ ' പ്രത്യക്ഷപ്പെട്ടു. ഒളിവിയ കോള്‍മാന്‍ എന്ന നടിയിലുള്ള പ്രതീക്ഷയാണ് എന്നെ അതില്‍പ്പിടിച്ചിരുത്തിയത്. ഒപ്പം അഡാപ്‌റ്റേഷനേക്കുറിച്ചുള്ള കുറിപ്പെഴുതാനും ഇത് ഉപകരിക്കുമെന്നു തോന്നി. ഫിറാന്റെയുടെ 'ലോസ്റ്റ് ഡോട്ടര്‍' വായിച്ചപ്പോള്‍ പെണ്‍മനസ്സിനെ അതിന്റെ ആഴത്തില്‍ അനുഭവിക്കാനും തൊടാനും കഴിഞ്ഞിരുന്നു. എത്ര സൂക്ഷ്മമായാണ് അവര്‍ സ്ത്രീ മനസ്സിനെ ചിത്രീകരിക്കുന്നത്. മകളെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം യാത്ര തിരിച്ച അമ്മ പില്‍ക്കാലത്ത് ഓര്‍മ്മിക്കുന്നു: തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, താന്‍ വളരെ സന്തോഷവതിയുമായിരുന്നു എന്ന്.
പെണ്‍മനസ്സിനെ തിരിച്ചറിയാന്‍ പുരുഷന് ഏറെക്കുറെ അസാധ്യമാണെന്നു തോന്നിപ്പിച്ചു ആ നോവല്‍. ആ നോവല്‍ വായിച്ചുകൊണ്ടിരിക്കെ തോന്നി: എനിക്കുമതു സാധിക്കണം.... പെണ്‍മനസ്സിലൂടെയാണ് ഇനി ഞാന്‍ സഞ്ചരിക്കാന്‍ പോകുന്നത് എന്ന്. ഏറ്റവും അടുത്ത ചങ്ങാതി ജോജോ ആന്റണി എഴുതുന്ന വരാന്ത എന്ന കോളത്തിലെ പുതിയ ഖണ്ഡം വാട്‌സാപ്പില്‍ വന്നിരിക്കുന്നു. അതു വായിച്ചിരിക്കെ അയാള്‍ ദുബായിയില്‍നിന്നു വിളിച്ചു. കോളം പതിവുപോലെ കുറ്റമറ്റതാണ്. സാഹിത്യബാഹ്യമായ വിഷയങ്ങള്‍ കൂടുതല്‍ വന്നാല്‍ നന്നായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ക്ക് അത് എഴുത്തില്‍നിന്നു ഒഴിവാക്കാനാകില്ലെന്ന തീര്‍ച്ചയോടെ. സമാനമായ ചില ചിന്തകള്‍ പങ്കിടുന്നവരോടല്ലേ നമ്മള്‍ സംസാരിക്കുന്നത്. അങ്ങനെയല്ലാത്തവരോട് മൗനം എന്ന ഭാഷയില്‍ മാത്രമേ നമുക്കു വിനിമയം ചെയ്യാനാകൂ.
വൈകീട്ട് ചിത്രകാരനായ സുധി അന്ന വന്നു. സാധാരണ കൊച്ചി യുണിവേഴ്‌സിറ്റി ക്യാംപസിലൂടെ നടക്കാറുള്ളതാണ് ഞാന്‍. ഇന്ന് നടക്കാന്‍ തോന്നുന്നില്ല. നേരെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു പോയി. സന്ധ്യയായിരുന്നു. ഒരു റൗണ്ട് നടത്തം പൂര്‍ത്തിയാക്കിയപ്പോള്‍ ' സാഗരമേ ശാന്തമാക നീ... സാന്ധ്യരാഗം മായുന്നിതാ...' എന്ന പാട്ട് കേട്ടു. വീണ്ടും ടൈം മെഷീന്‍. 1977-ല്‍ എത്തിയത് വളരെ പെട്ടെന്നാണ്. അസ്തമയം വീണുകിടക്കുന്ന തടാകത്തിലെ വഞ്ചിയില്‍ കനത്ത ശോകത്തോടെ ഇരിക്കുകയാണ് കമല്‍ഹാസനും സെറീന വഹാബും. 1970-ല്‍ റയാന്‍ ഒനീലും അലി മഗ്രോയും വേഷമിട്ട ലവ് സ്‌റ്റോറി പ്രദര്‍ശിപ്പിച്ച അതേ ഷേണായീസിലാണ് ' മദനോല്‍സവം ' കണ്ടത്. മറവിക്കാരനെന്നു സ്വയം വിചാരിക്കുന്ന എന്റെ മനസ്സിലേക്ക് ആ 1977 വീണ്ടും കടന്നു വരാനിടയാക്കിയത് ഒരു കടയുടെ മുന്നില്‍നിന്ന് പാടിക്കൊണ്ടിരിക്കുന്ന വയസ്സായ ആ പാട്ടുകാരനാണ്. പാടുന്നതെല്ലാം പഴയ
street singer
തെരുവില്‍ പാടുന്നയാള്‍/ ഫോട്ടോ: പി.എഫ് മാത്യൂസ്‌

ശോകരസമുള്ള പ്രണയഗാനങ്ങള്‍. തീര്‍ച്ചയായും കേള്‍ക്കാനാരുമില്ല. കൂട്ടത്തില്‍ പ്രായമേറിയ ഞാന്‍ ആ പാട്ടുകള്‍ക്കു മുമ്പില്‍ ഇരുന്നു. ഒരു പാട്ട് എന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അയാളുടെ അരികില്‍ച്ചെന്ന് പാട്ടു വളരെ ഗംഭീരമാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ചു. പ്രശംസകള്‍ക്ക് മറുപടി പറയാന്‍ എത്ര പ്രയാസം എന്ന് ആ മുഖം പറഞ്ഞു. ആരോ നീട്ടിയ ചായ വാങ്ങിക്കുടിച്ച് അദ്ദേഹം അടുത്ത പാട്ടിന്റെ കരോക്കെ പാടിക്കാന്‍ തുടങ്ങി.

മടങ്ങുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. ദുഃഖഗാനങ്ങള്‍ മാത്രം പാടുന്ന ആ പാട്ടുകാരനേയും മാധവിയേയും കണ്ടില്ലായിരുന്നെങ്കില്‍ ഈ ദിവസം എന്നത്തേയും പോലെ അസംഖ്യം ഒന്നുമില്ലായ്മകളുടെ കൂട്ടത്തില്‍ ഒന്നുമാത്രമായിത്തീരുമായിരുന്നോ.... ഒരു ദിവസത്തിനോ നിമിഷത്തിനോ അര്‍ത്ഥമുണ്ടാകുന്നത് അതു സംഭവബഹുലമായി മാറുമ്പോഴാണോ... നാടകീയതകളോടുള്ള അമിതമായ താല്‍പ്പര്യമല്ലേ നമ്മളെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാവരും ജീവിക്കുന്ന മട്ടിലുള്ള ഒരു സാധാരണ ജീവിതം ജീവിച്ചുകൊണ്ടല്ലേ പ്രതിഭകളായ ചിലര്‍ മഹത്തായ കൃതികളെഴുതി കടന്നുപോയത്.
രാവിലെ തനിയെ നടക്കുമ്പോള്‍ നൂറുകണക്കിനു മഞ്ഞക്കാലുകള്‍ പതുക്കെ ചലിപ്പിച്ച് എന്റെ വഴിയെ രണ്ടായി മുറിച്ചുകൊണ്ടു കടന്നുപോയ തേരട്ടയെ കണ്ടത് ഇന്നു രാവിലെ തന്നെയായായിരുന്നോ...
അല്ല... വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്...
തൊണ്ണൂറുകളിലാണ് ഞാനാ കാഴ്ച കണ്ടത്. അതിന്റെ തെളിവ് അന്നെഴുതിയ ഒരു കഥയില്‍ ഇപ്പോഴുമുണ്ട്. 'നാട്ടുവഴിയുടെ കുറുകെ തീവണ്ടിയിഴയുന്നു. പ്രകൃതിയുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ടു വളര്‍ന്നു വലുതായ ലോകത്തിലെ ഏറ്റവും വലിയ തേരട്ട. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല.' ' മുട്ടിവിളിച്ചത് ദൈവമോ പിശാചോ ' എന്ന ആ പഴയ കഥയില്‍ നിന്നാണ് ' ആന്റിക്രൈസ്റ്റ് ' എന്നു പേരിട്ട നടക്കാതെ പോയ സിനിമയുടെ ബീജം ഉണ്ടായത്. 'ഇരുട്ടില്‍ ഒരു പുണ്യാളന്‍ ' എന്ന നോവലുണ്ടായത്.
ജീവിതത്തിനു നിയതമായ ആകൃതിയുണ്ടാക്കുന്നത് എഴുത്തു തന്നെയാണ് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. കഥയെഴുതാന്‍ വേണ്ടിയുള്ളതാണീ ജീവിതം... തീര്‍ച്ചയായും എന്റെ ഡയറിയിലേക്കു കയറിവരുന്ന ഈ ഒരു ദിവസവും കഥയെഴുതാനുള്ള ശ്രമത്തിനിടിയിലൂടെ കടന്നുപോകുന്ന വെറും നിമിഷങ്ങള്‍ മാത്രമാണ്. അതിനപ്പുറം എന്റെ ജീവിതത്തിനെന്താണ് മൂല്യമുള്ളത്?
റൈറ്റേഴ്‌സ് ഡയറിയുടെ മുന്‍ഭാഗം വായിക്കാം
Content Highlights : Writer's Diary Veteran writer P.F Mathews writes about a day in his life

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented