.jpg?$p=4d34590&f=16x10&w=856&q=0.8)
ജോയ് മാത്യു
സൂര്യ ടി.വി.യുടെ ട്രൗസര്‍ അഴിച്ചുവെച്ച് ഞാന്‍ ബോധി ബുക്സിന്റെ ട്രൗസറില്ക്കയറി പ്രസാധനരംഗത്ത് സജീവമായി. കേരളത്തില്‍ അക്ഷരാഭ്യാസം പോലും ആവശ്യമില്ലാത്തവര്‍ക്ക് തുടങ്ങാന്പറ്റിയ വ്യവസായമാണല്ലോ പുസ്തകപ്രസാധനം. അതിനാല്‍ ഞാനും അതില്‍ത്തന്നെ കൈവെച്ചു. തുടക്കമൊക്കെ ഗംഭീരമായിരുന്നു. കൊള്ളാവുന്ന എഴുത്തുകാരുടെ മികച്ച പുസ്തകങ്ങള്‍ ഞാന്‍ ചോദിച്ചുവാങ്ങി. ഒന്ന് ചോദിച്ചപ്പോള്‍ രണ്ട് പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തന്ന് എന്നെ ഞെട്ടിച്ച എം.ടി.യും അക്കൂട്ടത്തില്‍ ഉണ്ട് (എന്നാല്‍ ചോദിക്കാതെ വന്ന ചരക്കുകളായിരുന്നു അധികവും). കൂട്ടത്തില്‍ കാരശ്ശേരി മാഷോടും ഒരു പുസ്തകം ആവശ്യപ്പെട്ടു. അതും എനിക്കും അദ്ദേഹത്തിനും ഒരുപോലെ ഇഷ്ടപ്പെട്ട മുല്ലാനസറുദ്ദീന് കഥകള്‍. എം.എന്‍. കാരശ്ശേരി എന്നാല്‍ മുല്ലാനസറുദ്ദീന് കാരശ്ശേരി എന്നാണെന്ന് ഞങ്ങളുടെ സൗഹൃദസദസ്സില്‍ ഒരു പറച്ചിലുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ അത് നിങ്ങള്‍ക്കും മനസ്സിലാകും.
ഏറ്റെടുത്ത പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കവി സച്ചിദാനന്ദനെപ്പോലെയാണ് കാരശ്ശേരി മാഷ്. കണ്ണടച്ചുതുറക്കും മുന്‍പേ അദ്ദേഹം മുല്ലായെ ശരിയാക്കി കടലാസിലാക്കി; ഇനി പണി എന്റേതാണല്ലോ. ആദ്യമൊക്കെ മികച്ച പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്ന സ്ഥാപനം എന്നൊക്കെ ബോധി അറിയപ്പെടുമ്പോള്‍ ഉള്പ്പുളകിതനാകുമെങ്കിലും പോകെപ്പോകെ കൈപൊള്ളിത്തുടങ്ങുന്നതായി അറിഞ്ഞു. അച്ചടിച്ച മുതലുകള്‍ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥ! അപ്പോഴാണ് ഞാന്‍ ഞെട്ടിക്കുന്ന ആ നഗ്നസത്യം മനസ്സിലാക്കിയത്. സാഹിത്യം മനുഷ്യന് അത്യന്താപേക്ഷിതമായ ഒരു സാധനമേയല്ല. സാഹിത്യകാരന്മാര് ഇത് സമ്മതിച്ചുതരില്ലെങ്കിലും സാഹിത്യമില്ലെങ്കിലും മനുഷ്യര്‍ക്ക് ജീവിക്കാം എന്നതാണ് സത്യം. അല്ലെങ്കില്‍ മൂന്നുകോടി സാക്ഷരരുള്ള കേരളത്തില്‍ ഒരു സാഹിത്യകൃതിയുടെ വെറും ആയിരമോ കൂടിവന്നാല്‍ പതിനായിരമോ കോപ്പികള്‍ മാത്രമേ ചെലവാകുന്നുള്ളൂവെങ്കില് അത് സമ്പൂര്ണസാക്ഷരരായ മൂന്നുകോടി ജനങ്ങളുടെ എത്രശതമാനമായിരിക്കും! ആലോചിച്ചപ്പോള്‍ എനിക്ക് ചിരിപ്പൊട്ടി. അപ്പോഴാണ് ചിരിയുടെയും ചിന്തയുടെയും മൂത്താപ്പയായ മുല്ലാനസറുദ്ദീനെയുംകൊണ്ട് കാരശ്ശേരി മാഷ് പ്രത്യക്ഷപ്പെടുന്നത്.
.jpg?$p=25821ad&w=610&q=0.8)
ചിരിച്ചുകൊണ്ടിരുന്ന എന്റെ ചിരി പതുക്കെ മായുകയും പിന്നെ അത് മുല്ലാ നസറുദ്ദീന്റെ സന്തതസഹചാരിയായ കഴുതയുടെ കരച്ചില്പ്പോലെയാവുകയും ചെയ്തു. കാരണം ബോധിയുടെ അപ്പോഴത്തെ അവസ്ഥ ശരിക്കും പരിതാപകരമായിരുന്നു. അത് മാഷിനോട് പറഞ്ഞാല്‍ മാഷിന് അന്ന് മനസ്സിലാകണമെന്നില്ല എന്നെനിക്ക് തോന്നി. മാറ്റര്‍ ഞാന്‍ സന്തോഷത്തോടെത്തന്നെ വാങ്ങിവെച്ച് മാഷെ യാത്രയാക്കി. ഇടയ്ക്കിടെ മാഷ് അച്ചടിയുടെ പുരോഗതി അറിയുവാന്‍ ഞാനുമായി ബന്ധപ്പെടും. ഞാനാകട്ടെ, മുല്ലാക്കഥകളിലെ ചിരിയേത് കരച്ചിലേത് എന്ന് തിരിയാത്ത കഴുതയുടെ സൂഫി ലൈനെടുക്കും. ചെറുപ്രസാധകരെ സംബന്ധിച്ച് അന്നത്തെ ഒരുരീതിയനുസരിച്ച് ഒരു പുസ്തകം മാത്രമായി അച്ചടിക്കുന്നത് നഷ്ടമാണ്. അഞ്ചുപുസ്തകങ്ങളുടെ പുറംചട്ടകള്‍ ഒരുമിച്ച് ഓഫ്സെറ്റില്‍ അച്ചടിച്ചാലേ അത് ലാഭകരമാവൂ എന്ന് പുസ്തകം പ്രസാധിച്ചിട്ടുള്ളവര്ക്കറിയാം. അഞ്ചുപുസ്തകങ്ങളുടെ പുറംചട്ടകള്‍ മാത്രമായി അച്ചടിച്ച് വെറുതേവെക്കാന് പറ്റില്ലല്ലോ. അപ്പോള്‍ അഞ്ചുപുസ്തകങ്ങള്‍ പൂര്‍ണമായിത്തന്നെ അച്ചടിക്കണം. അത്രയും പുസ്തകങ്ങള്‍ ഒരുമിച്ച് അച്ചടിക്കുന്നതിന്റെ ചെലവ് അന്നത്തെ അവസ്ഥയില്‍ ഞങ്ങളുടെ സ്ഥാപനത്തിന് താങ്ങാവുന്നതിലും അധികമാണുതാനും. പോരാത്തതിനു പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകള്‍'തലയില്‍ വീണു പരിക്കേറ്റ് കച്ചവടം പൂട്ടിക്കെട്ടേണ്ട അവസ്ഥയിലും. പ്രസാധനം അനന്തമായി നീണ്ടുപോകുന്നതുകണ്ട് ക്ഷമകെട്ട മാഷ് മറ്റേതൊരു എഴുത്തുകാരനെയുംപോലെ മുല്ലായെ തിരിച്ചുചോദിച്ചു. ദുഃഖത്തോടെ ഞാന്‍ അത് തിരിച്ചുകൊടുത്തു. മുല്ലാ നസറുദ്ദീന്‍ അങ്ങനെ ബോധിയുടെ പടിയിറങ്ങി. കഴുത പക്ഷേ, എന്നെ വിട്ടുപോയതുമില്ല. എന്റെ ഗുരുത്വക്കേടുകളിലെ രണ്ടാംസര്‍ഗം !
തുടര്‍ന്ന് ബോധി ബുക്സിനെ പൂര്‍ണമായും കടത്തിന്റെ കടലെടുത്തപ്പോള്‍ ഞാനാ കടക്കടല്‍ നീന്തിക്കടന്ന് ദുബായ് തീരമണഞ്ഞു. രണ്ടുനാല്്് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ കാലുറയ്ക്കുകയും ജീവിതം പച്ചപ്പുപിടിക്കുവാന് തുടങ്ങുകയും ചെയ്തപ്പോള്‍ അതാ പ്രത്യക്ഷനാകുന്നു നമ്മുടെ കാരശ്ശേരി മാഷ്. പ്രവാസികളായ നാട്ടുകാരെ നന്നാക്കിയെടുക്കാനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇടയ്ക്കിടെ പ്രഭാഷണങ്ങള്‍ക്കും മറ്റുമായി വന്നുപോകുന്ന ആളാണല്ലോ മാഷ്. ഇത്തവണത്തെ വരവില്‍ ഞാന്‍ മാഷിനെ വട്ടമിട്ട് പിടിച്ചു. ഞാന്‍ എഡിറ്ററായി ജോലിചെയ്തിരുന്ന 'മയൂരി'എന്ന മാസിക ഗള്‍ഫിലെ മാധ്യമങ്ങളില്‍ വരുന്ന ജീവകാരുണ്യസംബന്ധിയായ വാര്‍ത്തയ്ക്ക് മദര്‍ തെരേസ അറിയാതെ അവരുടെ പേരില്‍ ഒരവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഗള്‍ഫില്‍ ആര്‍ക്കും എപ്പോഴും എന്തിനും കൊടുക്കാവുന്ന തമാശയാണല്ലോ പുരസ്കാരം. പുതുതായി വരുന്ന പത്രപ്രവര്ത്തകര്ക്കുമാത്രമായി പുരസ്കാരം കൊടുക്കുവാന്‍ ഒറ്റയാള്‍ സംഘടന പോലും ദുബായിലുണ്ട്. പക്ഷേ, എനിക്കത് പോരല്ലോ. പുരസ്കാരത്തിനര്‍ഹമായ ചരക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനായ ഒരാള്‍ വേണമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കാരശ്ശേരി മാഷ് അവതരിക്കുന്നത്.
ആയിടയ്ക്ക് ചന്ദ്രിക ദിനപത്രത്തില്‍ 'ഒറ്റയ്ക്കൊരു വൃദ്ധ' എന്നപേരില്‍ മരുഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഒരുവൃദ്ധയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരുവാര്‍ത്ത വന്നിരുന്നു. പത്രത്തിന്റെ എഡിറ്റര്‍ കൂടിയായിരുന്ന അഹമ്മദ് ഷെറീഫിന്റേതായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. കാരശ്ശേരി ജൂറിയായുള്ള സമിതി പുരസ്കാരം അഹമ്മദ് ഷെരീഫിന് നല്‍കാന്‍തീരുമാനിച്ചു. ഷെരീഫിന്റെ റിപ്പോര്‍ട്ട് അവാര്ഡിനര്ഹമാണെന്ന് കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടായില്ലെങ്കിലും അയാള്‍ എന്റെ അടുത്ത സുഹൃത്തായിപ്പോയി എന്ന ഒരപരാധം ചില മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ഉണ്ടാക്കി. എന്നാല്‍, മുറുമുറുപ്പുകള്‍ക്ക് മേല്‍ മറ്റൊരു സത്യം പറഞ്ഞുകൊണ്ടാണ് കാരശ്ശേരി അതിനെ നേരിട്ടത്. അഹമ്മദ് ഷെരീഫും മാഷുടെ ശിഷ്യനായിരുന്നുവത്രേ. കാരശ്ശേരിയുടെ കണിശതയില്‍ ആര്‍ക്കും വിശ്വാസക്കുറവില്ലായിരുന്നതിനാല് എല്ലാ മുറുമുറുപ്പുകളും അവിടെത്തീര്‍ന്നു.
.jpg?$p=a190915&w=610&q=0.8)
ഏതായാലും ഇതുവരെ ഞാനായിട്ടുണ്ടാക്കിയ ഗുരുത്വക്കേടുകള്‍ മാറ്റാന്‍ മാഷിനെ രണ്ടുദിവസത്തിനു ഞാന്‍ ഏറ്റെടുത്തു. നാട്ടില്‍നിന്നും ഇടയ്ക്കെല്ലാം അതിഥികള്‍ വരുന്നത് കുട്ടികള്‍ക്കും ഒരുഹരമാണ്. ജയപ്രകാശ് കുളൂരും ശോഭീന്ദ്രന് മാഷും പാപ്പുട്ടി മാഷും ദിവസങ്ങളോളം ഞങ്ങളോടൊപ്പം കഴിഞ്ഞിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും കാരശ്ശേരി മാഷിനെ ഇഷ്ടമായി. തിരിച്ചുപോകാനുള്ള വിമാനത്തില്‍ യാത്രയാക്കാന്‍ ഇക്ബാല്‍ എന്ന സര്വഥാസന്നദ്ധന് അങ്ങ് ദൂരെ ഉമ്മുവല്ക്വയിനില് നിന്നും ടാക്സി വിളിച്ചുവന്നെങ്കിലും ആയിടയ്ക്ക് ഞാന്‍ സ്വന്തമായി ഒരു കാറ് വാങ്ങിയതിനാല്‍ ചില പ്രവാസികളെങ്കിലും കാണിക്കുന്ന പത്രാസ് മാതൃകയില്‍ മാഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ എന്നിലെ അല്പന് തോന്നി.
മാഷും ഇക്ബാലും ടാക്സിയില്‍ പോകാമെന്ന് ആവുന്നത്ര പറഞ്ഞിട്ടും ഞാന്‍ വിട്ടില്ല. അങ്ങനെ ഞങ്ങള്‍ ഷാര്‍ജ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി കുതിക്കുകയാണ്. ദുബായ് റോഡുകളിലൂടെ വഴിതെറ്റിയോടുക എന്ന എന്റെ പതിവുപരിപാടി ഇത്തവണയും സംഭവിച്ചു. പല വഴികളിലൂടെ കറങ്ങിയെങ്കിലും എവിടെയോ പിഴച്ചു. എയര്‍പ്പോര്‍ട്ടില്‍ എത്താനുള്ള ഞങ്ങളുടെ നേരംകഴിയാറാകുന്നു. അപ്പോഴാണ് അത് ശ്രദ്ധിച്ചത്, ഞാന്വണ്ടിയോടിക്കുന്നത് ഷാര്‍ജ എയര്പ്പോര്ട്ടിലേക്കല്ല, ദുബായ് എയര്പ്പോര്ട്ടിലേക്കാണ്. സ്വാഭാവികമായും മാഷ് അസ്വസ്ഥനായി. ഇടയ്ക്കിടെ വന്നുപോകാറുള്ള മാഷ് ഇതല്ലല്ലോ വഴി എന്ന് ഇടയ്ക്കെല്ലാം ഉത്കണ്ഠപ്പെടുന്നുണ്ടെങ്കിലും ഞാന്‍ മിണ്ടിയില്ല. ഒടുവില്‍ ഞാന്‍ വിവരം പറഞ്ഞു.
മാഷ് തലയില്‍ കൈവെച്ചു. പിന്നെ സഹികെട്ട് 'താനെനെന്നെ എവിടെയെങ്കിലും ഒന്നിറക്കി വിടൂ' എന്ന് ഒരര അഴീക്കോടായി. ഭാഗ്യം! അടുത്ത തിരിവില്‍ ഷാര്‍ജ എയര്‍പ്പോര്‍ട്ടിലേക്കുള്ള പാത തെളിഞ്ഞു. വിമാനം മാഷിനെ മറന്നുപോകും മുന്‍പേ ഞങ്ങള്‍ കൃത്യസമയത്തിനുതന്നെ മാഷിനെ വിമാനത്തിന് വിഴുങ്ങാന്‍ കൊടുത്തു. പശി അടങ്ങിയ ആ ആകാശ രാക്ഷസന് കാരശ്ശേരിയേയും കൊണ്ട് മുക്കത്തേക്ക് മുങ്ങാംകുഴിയിട്ടു മറഞ്ഞു. എന്റെ ഗുരുത്വക്കേടിന്റെ നാലാംസര്ഗം !
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..