പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ തൂക്കി വിറ്റ ജോയ് മാത്യു


എം.സിദ്ധാര്‍ഥന്‍

പല കച്ചവടക്കാരും കിലോക്കണക്കിന് സ്മാരകശിലകളാണ് വാങ്ങിയത്. ഒരു കിലോ വാങ്ങി വീതം വെക്കുന്ന ലൈബ്രറിക്കാരെയും കാണാമായിരുന്നു

ജോയ് മാത്യു

പ്രശസ്ത നടനും, സംവിധായകനും, എഴുത്തുകാരനുമായ ജോയ് മാത്യു പണ്ട് ബോധി ബുക്‌സ് എന്ന പുസ്തകശാല നടത്തിയിരുന്നു. അദ്ദേഹമായി അടുത്ത ബന്ധമുള്ളവര്‍ക്കൊക്കെ ഇക്കാര്യമറിയാം. കോഴിക്കോട് രണ്ടാം ഗേറ്റിന് തൊട്ടടുത്തുള്ള ഇരുനില കെട്ടിടത്തില്‍ മുകളിലത്തെ നിലയിലായിരുന്നു ബോധി ബുക്‌സ്. ഇരുനില കെട്ടിടം എന്നൊക്കെ പറയുമ്പോള്‍ വലിയ കെട്ടിടമാണെന്നൊന്നും കരുതരുതേ. ബോധി ബുക്സും അതേ അളവില്‍ താഴെ ഒരുമുറിയും മാത്രമുള്ള ഒരു ചെറിയ കെട്ടിടം. താഴത്തെ നിലയില്‍നിന്നും ഇടതു വശത്തുകൂടെ കുത്തനെയുള്ള മരത്തിന്റെ കോണികയറിവേണം ബോധിയിലെത്താന്‍. ബോധിയില്‍ ജോയേട്ടനെ കൂടാതെ രാജേഷും അബ്ദുവും. രണ്ടുപേരും ഡയലോഗ് ഡെലിവെറിയില്‍ ജോയേട്ടന്റെ സഹോദരതുല്യരാണ്. എങ്ങിനെയാണ് ഈ പുസ്തകശാലക്ക് ബോധി എന്ന പേര് വന്നത് എന്ന് ഞാന്‍ പലതവണ ആലോചിച്ചുപോയിട്ടുണ്ട്. റെഡ് സ്റ്റാര്‍ എന്നോ റെഡ് ഫ്‌ലാഗ് എന്നോ അതുമല്ലെങ്കില്‍ പീപ്പിള്‍സ് ബുക്ക് ഹൗസ് എന്നോ ആകേണ്ടതായിരുന്നു. കാരണം ജോയേട്ടനുമായി ബുക്ക് സ്റ്റാളിലും വെളിയിലും വച്ച് കണ്ടിട്ടുള്ളവരില്‍ മിക്കവരും തീവ്രഇടതുപക്ഷക്കാരും യഥാര്‍ത്ഥ അരാജകവാദികളുമായിരുന്നു. യഥാര്‍ത്ഥ അരാജകവാദികളെന്നാല്‍ അരാജകത്വം അഭിനയിക്കാത്തവര്‍ എന്നാണ് ഉദ്ദേശിച്ചത്.

ബോധിയിലേക്കു ഞാന്‍ മിക്കവാറും പോയിരുന്നത് പുസ്തകങ്ങള്‍ വാങ്ങിക്കുവാനായിരുന്നില്ല. കിട്ടാനുള്ള കാശ് പിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു. കറന്റ്റ് ബുക്‌സിന്റ്‌റെ കോഴിക്കോട്ടെ പുസ്തകശാലയിലായിരുന്നു എനിക്ക് ജോലി. ജോയേട്ടനും സംഘവും ബോധിയുടെ പേരില്‍ പുസ്തകോത്സവങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു ഇതിലേക്കായി പുസ്തകങ്ങള്‍ ധാരാളമായി ഞങ്ങളുടെ ബുക്‌സ്റ്റാളില്‍നിന്നും എടുക്കാറുണ്ട്. എടുക്കുന്ന പുസ്തകങ്ങള്‍ നന്നായി വില്‍ക്കാനും ബോധിക്കാര്‍ക്ക് അറിയാം. എന്നാല്‍ ഈ ഉത്സാഹമൊന്നും കാശ് ഞങ്ങള്‍ക്ക് തരുന്നതിലുണ്ടായിരുന്നില്ല എന്നുമാത്രമല്ല ബോധിയില്‍ ചെന്ന് ബോധ്യപ്പെടുത്തുകയും വേണമായിരുന്നു. ഞങ്ങളുടെ ബുക്ക് സ്റ്റാളിന്റെ വക സൈക്കിളിലായിരുന്നു ബോധിയിലേക്കുള്ള എന്റെ പോക്കും വരവും. മിക്കപ്പോഴും രണ്ടാം ഗേറ്റ് (റയില്‍വേ ഗേറ്റ്) അടഞ്ഞിരിക്കുമ്പോഴാണ് ഞാനവിടെ എത്തുക. ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടാം ഗേറ്റ് കടന്നു ബോധിയുടെ കോണിപ്പടിയുടെ ചുവട്ടിലെത്തും. കോണിപ്പടിയുടെ മുകളില്‍ ഒരു ഉത്തരേന്ത്യന്‍ സിനിമാക്കാരന്റെ ഭാവത്തില്‍ രാജേഷ് ഉണ്ടാവും. എന്നെ കാണേണ്ട താമസം രാജേഷ് പറയും ''മൂപ്പരിവിടെ ഇല്ല്യ ഭായ് '. ഞാന്‍ സ്റ്റെപ് കയറി തുടങ്ങുമ്പോള്‍ രാജേഷ് ഉള്ളിലേക്ക് വലിയും. പറഞ്ഞ പോലെ ജോയേട്ടന്‍ അവിടെ ഉണ്ടാവുകയുമില്ല. പിന്നീടാണ് ഞാനറിഞ്ഞത് ബോധിക്ക് പുറകിലൂടെ മറ്റൊരുവഴി ഉണ്ടെന്ന്. ഞാന്‍ കയറേണ്ട താമസം മൂപ്പര്‍ പിന്‍വാതില്‍ വഴി മുങ്ങിയിരിക്കും. ഇന്നും എനിക്ക് അപരിചിതമാണ് ആ വഴി.

1996 ല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടില്‍ ഒരു അന്താരാഷ്ട്ര പുസ്തകോത്സവം നടന്നിരുന്നു. കോഴിക്കോട്ടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും ലൈബ്രറി ഭാരവാഹികളും പുസ്തകശാലക്കാരും എല്ലാരും ചേര്‍ന്ന കമ്മറ്റിയായിരുന്നു നടത്തിപ്പുകാര്‍. കോഴിക്കോട് കോറണേഷന്‍ സിനിമ ഹാളിന് സമീപത്തുനിന്ന് ആരംഭിച്ചു ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം വരെ നീണ്ട് എല്‍ ഷെയിപ്പില്‍ ആയിരുന്നു സ്റ്റാളുകള്‍. ഏതാണ്ട് മധ്യഭാഗം കഴിഞ്ഞായിരുന്നു ബോധിയുടെ സ്റ്റാള്‍. ബോധിക്കു ശേഷം പ്രഭാത്, കറന്റ് തൃശൂര്‍ എന്നിവരുടെ സ്റ്റാളുകളും അതിനു ശേഷം ഞങ്ങളുടെ സ്റ്റാളും. ഞങ്ങള്‍ക്ക് എട്ടോളം സ്റ്റാളുകളുണ്ടായിരുന്നു ബോധിക്ക് രണ്ടും. സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല (നെല്‍സണ്‍ മണ്ടേല) കലിഗുല, ബെസ്റ്റ് ഓഫ് കമലാദാസ്, ബുദ്ധനും ആട്ടിന്‍കുട്ടിയും (എ അയ്യപ്പന്‍) തുടങ്ങിയ പുസ്തകങ്ങള്‍ ബോധി പബ്ലിഷ് ചെയ്തതായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ ബോധിയുടെ പതിപ്പും കറന്റ് ബുക്‌സിന്റെ പുതിയ പതിപ്പും ഒരേ സമയം വില്‍പനയ്ക്കു വന്നു. ഇതിന്റെ അമര്‍ഷം ജോയേട്ടന്‍ പ്രകടിപ്പിച്ചത് തികച്ചും വ്യത്യസ്തവും അതുവരെ ആരും ധൈര്യപ്പെടാത്തതുമായ ഒരു മാര്‍ഗത്തിലൂടെ ആയിരുന്നു. അതിങ്ങനെ ഒരു ദിവസം പൊടുന്നനെ ബോധിബുക്‌സ്‌ന്റെ സ്റ്റാളിന്റെ മുന്നില്‍ ഒരു ത്രാസ്സ് തൂങ്ങിക്കിടക്കുന്നു സമീപത്തു ഒരു ബോര്‍ഡും ''പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവല്‍ സ്മാരകശിലകള്‍ തൂക്കി വില്‍ക്കുന്നു 175 ഗ്രാം വില 20 രൂപ. 1കിലോ 100 രൂപ. ഈ ആനുകൂല്യം ബോധിയിലൂടെ മാത്രം. വി കെ എന്‍ സൃഷ്ടിച്ച സര്‍ ചാത്തുവിനെ മാതൃകയാക്കികൊണ്ട് ഒരു പാവം പ്രസാധകന്‍ നിത്യവൃത്തിക്ക് മാര്‍ഗ്ഗം കണ്ടെത്തുന്നു... ലോകചരിത്രത്തില്‍ ഇതാദ്യം വരുവിന്‍ വരുവിന്‍ ചരിത്രത്തില്‍ പങ്കാളികളാകുവിന്‍''

മേളയില്‍ പങ്കെടുത്ത മിക്കവാറും എല്ലാ പ്രസാധകരും ഈ പ്രദര്‍ശനവും വില്പനയും കണ്ട് അമ്പരന്നു പോയി. പുസ്തക മൊത്തവിതരണക്കാര്‍, ചില്ലറ വില്‍പനക്കാര്‍, ലൈബ്രറികള്‍, വായനക്കാര്‍ എല്ലാവര്‍ക്കും ഇതൊരു പുതിയൊരു അനുഭവമായിരുന്നു. പല കച്ചവടക്കാരും കിലോക്കണക്കിന് സ്മാരകശിലകളാണ് വാങ്ങിയത്. ഒരു കിലോ വാങ്ങി വീതം വെക്കുന്ന ലൈബ്രറിക്കാരെയും കാണാമായിരുന്നു. പലരും ഞങ്ങളുടെ സ്റ്റാളില്‍ വന്ന് തൂക്കി വില്‍പനയില്ലെ എന്നും ഉണ്ടെങ്കില്‍ ഒരുകിലോ നോവലും, അരക്കിലോ കഥകളും, കാല്‍കിലോ ലേഖനങ്ങളും കവിതകളും എല്ലാംകൂടി എന്നുമൊക്കെ പറഞ്ഞു പരിഹസിച്ചു.. അബ്ദുവും, രാജേഷും, ജോയേട്ടന്റെ ആത്മസഖി സരിതേച്ചിയും പലചരക്കുകടയിലെ സെയില്‍സ്മാന്‍മാരെ പോലെ തൂക്കുകട്ടി വച്ച് ത്രാസില്‍ കിലോക്കണക്കിന് സ്മാരകശിലകള്‍ വില്‍ക്കുന്നത് സ്മാരകശിലകളുടെ പുതിയ പതിപ്പ് തൂണുപോലെ അടുക്കിവച്ചിരിക്കുന്നതിന്റെ അരികിലിരുന്നു നോക്കികാണുകയായിരുന്നു ഞാന്‍. അന്ന് ഇത് വലിയ മാധ്യമ ശ്രദ്ധ നേടുകയും പലതരത്തിലുള്ള ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് നടക്കുകയും ചെയ്തു.

ബോധിയുടെ പ്രവര്‍ത്തനം നിലച്ചതിനു ശേഷം ജോയേട്ടനെയോ രാജേഷിനെയോ അബ്ദുവിനെയോ കണ്ടുകിട്ടാറില്ലായിരുന്നു. ജോയേട്ടനെ പിന്നീട് മാധ്യമ പ്രവര്‍ത്തകനായും സീരിയല്‍ നടനായും ഒക്കെ ദൃശ്യ മാധ്യമങ്ങളില്‍ കണ്ടിരുന്നു. രണ്ടു ദശാബ്ദങ്ങള്‍ക്കിപ്പുറം ജോയേട്ടന്‍ പ്രസിദ്ധനായ സിനിമ സംവിധായകനും നടനും ആയി നാട്ടിലെത്തിയപ്പോഴും എനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ മാതൃഭൂമി ബുക്‌സ് മുംബയില്‍ ഒരു പുസ്ത്‌കോത്സവം സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടകനായി ജോയേട്ടനെ വിളിക്കാമെന്ന് എന്റെ സഹപ്രവര്‍ത്തകനും ജോയേട്ടന്റെ സുഹൃത്തുമായ നൗഷാദ് അറിയിക്കുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഒരു നിയോഗം പോലെ ഞാനായിരുന്നു ജോയേട്ടനെ മുംബൈ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായി പോയത്. എയര്‍പോര്‍ട്ടിന്റെ പുറത്ത് കാത്തിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു. ഈ ജോയ് മാത്യുവുമായി നിങ്ങള്‍ക്കടുപ്പമുണ്ടോ? എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ ഒരൊഴുക്കന്‍ മട്ടില്‍ കണ്ടിട്ടുണ്ടെന്ന് മാത്രം പറഞ്ഞു നിര്‍ത്തി. സിനിമയില്‍ കണ്ടിട്ടുള്ള ചില സിനിമക്കാരെയും അവരെക്കുറിച്ചുള്ള മറ്റുള്ളവരുടെ അനുഭവസാക്ഷ്യങ്ങളുമാണ് അപ്പോഴെന്റെ മനസ്സില്‍ തെളിഞ്ഞത്. അതുകൊണ്ട് തന്നെ അടുപ്പമുണ്ടെന്ന് പറഞ്ഞു ഇളിഭ്യനാകാന്‍ ഞാനൊരുക്കമല്ലായിരുന്നു.

ജീന്‍സും ടി ഷര്‍ട്ടും കൂളിംഗ് ഗ്ലാസും വച്ച് നൗഷാദിനൊപ്പം എയര്‍പോര്‍ട്ടിന്റെ ഗേറ്റ് കടന്നുവരുന്ന ജോയേട്ടനെ കണ്ടപ്പോള്‍ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു ഞാന്‍. ഞങ്ങളിരുവരും കൈകൊടുത്തു ജോയേട്ടനെ സ്വീകരിച്ചു. എന്നെ സൂക്ഷിച്ചു നോക്കി. ഞങ്ങള്‍ നാലുപേരും കാര്‍പാര്‍ക്കിങ് ലേക്ക് നടന്നു. ഇടയ്ക്കു നൗഷാദ് ചോദിച്ചു ജോയേട്ടന് സിദ്ധാര്‍ത്ഥനെ അറിയൂലെ? കേട്ടതാമസം എന്റെ മുഖത്തേക്ക് നോക്കി മറ്റുരണ്ടുപേരോടായി പറഞ്ഞു ''ഇവനയോ ഈ സിദ്ധാര്‍ത്ഥനെ കാണുമ്പോ പണ്ട് ഞാന്‍ മുങ്ങലാ അറിയോങ്ങക്ക് ''പിന്നീട് കാറിലിരുന്ന് പഴയകഥകള്‍ പറഞ്ഞു. ക്ഷമിക്കണം ജോയേട്ടാ മനസ്സുകൊണ്ട് തെറ്റിദ്ധരിച്ചു പോയതിന്. പേരും പ്രശസ്തിയും മജ്ജക്ക് പിടിക്കാത്ത പഴയ സുഹൃത് ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വിപ്ലവവീര്യം ഒട്ടും കുറയാത്ത നിങ്ങളിലെ യഥാര്‍ത്ഥ മനുഷ്യന് നന്ദി.

Content Highlights: The Books memories by M Siddharthan Book Man Show part twelve Joy Mathew


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented