ചിത്രീകരണം: ടി.വി. ഗിരീഷ്കുമാർ
ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്ഥന്.
സന്തോഷിനെ എല്ലാര്ക്കും വല്യ ഇഷ്ടാണ്. ഏത് സന്തോഷ് എന്നല്ലേ പറയാം, സുഹൃത്തും സന്തത സഹചാരിയുമായ എന്റെ അയല്ക്കാരന്. ജോലി എന്തും ചെയ്യും കല്ല്, മണല്‍, വീട്ടുസാധനങ്ങള്‍ എന്നിവയുടെ കയറ്റിറക്ക്, പുകയില്ലാത്ത അടുപ്പു നിര്‍മാണം, കല്‍പ്പണി തുടങ്ങിയവയും പരോപകാരത്തിനു പൂച്ചയെ നാടുകടത്തല്‍, കോഴിയെ കൊല്ലല്‍ ചക്ക, അടക്ക, മാങ്ങ, തേങ്ങ പറിക്കല്‍, മരം മുറിക്കല്‍, കിണറു തോണ്ടല് എന്നിങ്ങനെ സകലതും.
പഠിക്കുന്ന കാലത്തു ടീച്ചര്‍മാരെ പോലും അമ്പരപ്പിച്ച വീരനാണ്. ഒരിക്കല്‍ സഹപാഠിയെ തല്ലുന്നത് കണ്ട സ്കൂളിലെ പ്യൂണ്‍ ജാനുമ്മ ഹെഡ് ടീച്ചറോട് പരാതിപ്പെടുകയും ഇന്റര്‍വെല്‍ സമയത്തു ഹെഡ് ടീച്ചര്‍ സന്തോഷിനെ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഹെഡ്ടീച്ചറെ എല്ലാര്ക്കും ഭയങ്കര പേടിയാണ് മറ്റൊന്നുമല്ല ചൂരലിന്റെ പ്രയോഗം തന്നെ. മുറിയിലേക്ക് വരുന്ന സന്തോഷിനെ കണ്ട ഹെഡ് ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോയി. സന്തോഷ് മുറിയിലെത്തി ആരുമില്ല, ടീച്ചറുടെ കസേരയുടെ മുന്നിലെ കസേരയിലൊന്നില്‍ ഇരിപ്പുറപ്പിച്ചു. ജാനുമ്മ ചായയും ഒരു പഴംപൊരിയും ഹെഡ് ടീച്ചറുടെ മേശപ്പുറത്തു വച്ച് തിരിച്ചു പോയി. സ്റ്റാഫ് റൂമില്‍ നിന്നും പുതിയ ചൂരല്‍ വടിയുമായി തിരിച്ചെത്തിയ ഹെഡ് ടീച്ചര്‍ കണ്ടത് ഒരു കയ്യില്‍ ചായയും മറ്റേ കൈകൊണ്ട് പഴംപൊരിയുടെ അവസാന ഭാഗം വായിലേക്ക് നിറച്ചുകൊണ്ടിരിക്കുന്ന സന്തോഷി നെയായിരുന്നു. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെനിന്ന ടീച്ചര്‍ പറഞ്ഞു ''നീ നന്നാവൂലെടാ, പൊയ്ക്കോ''.
കോഴിക്കോട്ടെ കറന്റ് ബുക്സിലെ ജീവനക്കായിരുന്ന ഞാന്‍ എല്ലാ വര്‍ഷവും സി എസ് ഐ ഹാളില്‍ ഒരു പുസ്തക പ്രദര്‍ശനം നടത്താറുണ്ടായിരുന്നു. ഇതിലേക്കായി താല്‍ക്കാലികാടി സ്ഥാനത്തില്‍ ആളുകളെ ജോലിക്കെടുക്കും. അങ്ങിനെ ഒരിക്കല്‍ ഞാന്‍ സന്തോഷിനെയും ബാഗേജ് കൌണ്ടര്‍ സൂക്ഷിപ്പുകാരന് എന്ന നിലയില്‍ ആറ് ദിവസ ത്തേക്ക് ജോലിക്കെടുത്തു.
ഒന്നാം ദിവസം
രാവിലെ ഒന്‍പതു മണിക്ക് ജീന്‍സും, ഷര്‍ട്ടും സ്റ്റാഫ് എന്നെഴുതിയ ബാഡ്ജും ധരിച്ചു സന്തോഷ് ജോലിയില്‍ പ്രവേശിച്ച് ഏല്പിച്ച പണി ഭംഗിയായി കൈകാര്യം ചെയ്തു കൊണ്ടിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഹാളിനുള്ളിലൂടെ നടക്കുകയായിരുന്ന സന്തോഷിനോട് ഒരു കസ്റ്റമര്‍ ചോദിച്ചു ഉംബെര്‍ട്ടോ ഇക്കോയുടെ ഫൂക്കോസ് പെന്‍ഡുലം ഉണ്ടോന്ന്. ചുറ്റുപാടും നിര നിരയായി അടുക്കിവച്ചിരിക്കുന്ന അക്ഷരക്കടലിലേക്കു കണ്ണോടിച്ച സന്തോഷ് കഴുത്തില്‍ തൂക്കിയ സ്റ്റാഫ് എന്ന ബാഡ്ജ് കക്ഷത്തേക്ക് ഒളിപ്പിച് ഞാനതിന്റെ ആളല്ല കൗണ്ടറില്‍ ചോദിച്ചാ മതീന്നും പറഞ്ഞു സഞ്ജയന്റെ മാവിലായിക്കാരനെ പോലെ നടന്നുനീങ്ങി. അന്നേദിവസം മറ്റു വലിയ പ്രശ്നങ്ങളൊന്നു മില്ലാതെ കടന്നു പോയി.
രണ്ടാം ദിവസം
ഒരാള്‍ വന്നു സന്തോഷിനോട് സിദ്ധാര്‍ത്ഥ ഉണ്ടോന്നു ചോദിച്ചു സന്തോഷ് വേഗം വന്നെന്നെ വിളിച്ചു അദ്ദേഹത്തിനരികിലെത്തിച്ചു. സിദ്ധാര്‍ത്ഥനെന്ന ഞാന്‍ അദ്ദേഹത്തോട് എന്താണെന്നു ചോദിച്ചു. അയാളും എന്നോടെന്താന്നു ചോദിച്ചതിന് ശേഷമാണ് അയാള്‍ ഹെര്‍മന്‍ ഹെസ്സെയുടെ വിശ്വപ്രസിദ്ധമായ സിദ്ധാര്‍ത്ഥ എന്ന പുസ്തകമാണ് അന്വേഷിച്ചതെന്ന് മനസ്സിലായത്. ഹാളിനകത്തേക്കു കയറി സന്തോഷിന്റെ കയ്യില്‍ തന്നെ ഞാന്‍ ഹെസ്സെയുടെ പുസ്തകം കൊടുത്തു ബില്ലിങ്ങിനായി പറഞ്ഞയച്ചു. പുസ്തക പ്രദർശനം നടക്കുന്നിടങ്ങളിലേക്ക് ഏതെങ്കിലും പ്രത്യേക പുസ്തകമന്വേഷിച്ചുവരുന്നവര് ധാരാളമുണ്ടാകും. ഇവര്‍ ഹാളിനകത്തേക്കു കയറാതെ ബാഗേജ് കൗണ്ടറില്‍ വന്നാണ് പുസ്തകങ്ങള്‍ അന്വേഷിക്കുക. അന്നുവൈകീട്ട് വീണ്ടുമൊരാള്‍ സന്തോഷിനോട് 'സിദ്ധാര്‍ഥ'യന്വേഷിച്ചു. ഒരു വിജയിയുടെ ഭാവത്തില്‍ സിദ്ധാര്‍ത്ഥ എന്ന പുസ്തകം സന്തോഷ് അയാള്‍ക്കെടുത്തു കൊടുത്തു. അയാള്‍ പറഞ്ഞു, ഞാനിവിടുത്ത സിദ്ധാര്‍ത്ഥനെയാണ് ചോദിച്ചതെന്ന്. ഞാനവിടെയെത്തുമ്പോള്‍ പ്രദര്‍ശനത്തിനുള്ള മേശയും കസേരയും വാടകക്ക് നല്കുന്ന മോഹനേട്ടനുണ്ട് കുലുങ്ങി ചിരിച്ചു നില്കുന്നു. ഒന്നും മനസ്സിലാകാതെ സന്തോഷ് ചോദിച്ചു ഇവിടുള്ള എല്ലാരുടെ പേരിലും പുസ്തകം ഉണ്ടാവും ല്ലേ.
മൂന്നാം ദിവസം
നേരിയ ചാറ്റല്‍ മഴയുണ്ടായിരുന്നു ആളുകളും കുറവായിരുന്നു. ഭാഗ്യവശാല്‍ ഒരു പഞ്ചായത്ത് ലൈബ്രറി പുസ്തകം വാങ്ങിക്കാനായി മേളയിലേക്കു വന്നു. ഒരുവിധം നല്ലൊരു പര്‍ച്ചെയ്സ് നടത്തി. പുസ്തകങ്ങള്‍ കെട്ടുകളാക്കി ബാഗേജ് കൗണ്ടറിനു സമീപം കൊണ്ടുവച്ചു. ഒരു ചായകുടിച്ചതിനുശേഷം വണ്ടിയുമായി വന്ന പുസ്തകക്കെട്ടുകള്‍ എടുത്തോളാമെന്നു പറഞ്ഞ് പഞ്ചായത്തുകാര് ഹാളിനു വെളിയിലേക്കു പോയി. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞു ഒരു ജീപ്പ് ഹാളിനു മുന്നില്‍ വന്നു അതില്‍നിന്നും ഒരാളിറങ്ങി സന്തോഷിനോട് 'നാലുകെട്ടി'ല്ലേ എന്ന് തിരക്കി സന്തോഷ് തനിക്കരികില്‍ പാക്ക് ചെയ്തുവച്ചിരിക്കുന്ന കെട്ടുകള്‍ നോക്കി പറഞ്ഞു 'എട്ടുകെട്ടുണ്ട്'. സന്തോഷ് കരുതിയത് ലൈബ്രറിക്കാര് ചായകുടി കഴിഞ്ഞു പുസ്തക കെട്ടുകളെടുക്കാന്‍ വന്നതെന്നായിരുന്നു. പക്ഷെ ആദ്ദേഹം ചോദിച്ചതോ എം ടി വാസുദേവന്‍ നായരുടെ നാലുകെട്ടെന്ന പുസ്തകമായിരുന്നു. അങ്ങിനെ തികച്ചും സന്തോഷപ്രദമായൊരു ദിനം കൂടി കഴിഞ്ഞു.
നാലാമത്തെ ദിവസം
ഇന്നത്തെ ദിനം സംഭവബഹുലമായിരുന്നു. സ്കൂള്‍ ലൈബ്രറികള്‍, പബ്ലിക് ലൈബ്രറികള്‍ മറ്റു വായനക്കാര്‍ തുടങ്ങി രാവിലെതന്നെ നല്ല തിരക്കായിരുന്നു സന്തോഷിനും നല്ല ജോലിത്തിരക്ക്. ഒരേ നമ്പറിലുള്ള രണ്ടു ടോക്കണുകള്‍ വച്ചാണ് സന്തോഷിന്റെ പണി. ബാഗേജ് കൗണ്ടറില്‍ ഏല്പിക്കുന്ന വസ്തുവകകള്‍ക്കുമേല്‍ ടോക്കണ്‍ വക്കുകയും അതേ നമ്പറിലുള്ള ടോക്കണ്‍ അതിന്റെ ഉടമസ്ഥന് നല്‍കുകയും ചെയ്യുമായിരുന്നു. ഏതാണ്ട് പതിനൊന്നു മണിയോടുകൂടി രണ്ടുപേര്‍ ഹാളിലേക്ക് വന്നു ഒരാളുടെ കയ്യില്‍ ഒരു ബിഗ് ഷോപ്പറും മറ്റേ ആളുടെ കയ്യില്‍ മടക്കിയ നിലയിലുള്ള പ്ലാസ്റ്റിക് കവറുമായിരുന്നു. രണ്ടുപേരും ബാഗേജ് കൗണ്ടറില്‍ ഒരുമിച്ചു നല്‍കുകയും ബിഗ് ഷോപ്പറിന്റെ ഉടമ ടോക്കണും വാങ്ങി ഹോളിലേക്കു കയറി. ബിഗ്ഷോപ്പറിനകത്തേക്കു പ്ലാസ്റ്റിക് കവര്‍ കയറ്റിവച്ചു സന്തോഷ് അവയെ ഭദ്രമായി സൂക്ഷിച്ചു. കുറച്ചു നേരത്തിനു ശേഷം ബിഗ് ഷോപ്പറിന്റെ ഉടമ തിരിച്ചുവന്നു ടോക്കണ്‍ നല്കി ബാഗ് തിരിച്ചു വാങ്ങി പുറത്തേക്കു പോയി. ഈ സമയത്തൊക്കെയും നിരവധിപേര്‍ ഹാളിനകത്തേക്ക് വന്നും പോയുമിരുന്നു. ബിഗ് ഷോപ്പറുകരന്റെ കൂടെ വന്നിരുന്ന ആള് പുറത്തേക്കു വന്നു കവര്‍ എവിടെന്നു ചോദിച്ചു സന്തോഷ് ടോക്കണാവശ്യപ്പെട്ടു എന്നാല്‍ തനിക്കു ടോക്കണ്‍ നല്‍കിയിട്ടില്ലന്നും എന്നോടൊപ്പം ഹാളിലേക്ക് കയറിയ ആള്‍ക്ക് മാത്രമാണ് ടോക്കണ്‍ നല്‍കിയതെന്നും അയാള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മറ്റെയാള്‍ കൂടെയുള്ള ആളല്ലെന്നു അപ്പോള്‍ മാത്രമാണ് മനസ്സിലായത്.
അയ്യോ അത്രേം വിലപ്പെട്ട ഒന്നാണതിലുള്ളതെന്നും അത് കിട്ടാതെ പോവില്ലെന്നു അയാള്‍ ശഠിച്ചു. ഞാനിടപെട്ട് കാര്യമന്വേഷിച്ചു. കേട്ടപ്പോള്‍ ഞാനും പരിഭ്രമിച്ചു... ഇദ്ദേഹമൊരു ഫോട്ടോഗ്രാഫറാണ് തന്റെ നാട്ടിലെ സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളുടെ പരീക്ഷാനന്തരം വിടവാങ്ങലിനെടുത്ത ഫോട്ടോയും അതിന്റെ നെഗറ്റീവ് ഫിലിമും അടങ്ങിയ കവറായിരുന്നു അത്. അതില്ലാതെ നാട്ടിലേക്ക് പോവാന്‍ സാധിക്കില്ലെന്ന് പറഞ്ഞു അയാള്‍ തളര്‍ന്നിരുന്നു. തിരിച്ചുകിട്ടുമെന്നു പറഞ്ഞു ഞാന്‍ അയ്യാളെ പരമാവധി സാന്ത്വനിപ്പിച്ചു. അന്നത്തെ ദിവസം പ്രദര്‍ശനം തീരുന്നതുവരെ അയാള്‍ സന്തോഷിന്റെ അരികില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
അഞ്ചാമത്തെ ദിവസം
പിറ്റേന്നും ഇദ്ദേഹം പ്രദര്‍ശനം തുടങ്ങും മുതല്‍ അവിടെ ഹാജരുണ്ടായിരുന്നു സന്തോഷിന്റെ അരികില്‍ കോണിപ്പടികളില്‍ ഇരുന്നു. ഹാളിലേക്ക് വരുന്ന ഓരോ ആളുകളുടെയും കൈകളിലേക്ക് ആകാംക്ഷയോടും പ്രതീക്ഷയോടും അയാള്‍ നോക്കുന്നതെനിക്ക് കാണാമായിരുന്നു. സന്തോഷുമായി സൗഹൃദ സംഭാഷണത്തിലേര്പ്പെടലും ചായകുടിക്കലുമൊക്കെ തുടങ്ങിയിരുന്നു. നിങ്ങളൊന്നുകൊണ്ടും പേടിക്കണ്ടാന്നും ഇനി ഫോട്ടോയും നെഗറ്റീവും തിരിച്ചുകിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ നിങ്ങളുടെ നാട്ടില്‍ വന്ന് കാര്യങ്ങളൊക്കെ ധരിപ്പിച്ചുകൊള്ളാമെന്നുമെല്ലാം ഇടയ്ക്കിടെ സന്തോഷ് പറഞ്ഞു. ഉച്ചക്ക് ഞാന്‍ കൗണ്ടറിലേക്കു നോക്കുമ്പോള്‍ സന്തോഷിനു പകരം അദ്ദേഹമായിരുന്നു അവിടെനിന്ന് ബാഗുകള്‍ വാങ്ങിവെക്കുകയും ടോക്കണ്‍ നല്കുകയുമൊക്കെ ചെയ്തിരുന്നത്. ഊണ് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ജോലിയുടെ ഗൗരവത്തെ കുറിച്ച് സന്തോഷിനെ ബോധവാനാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഒരിക്കലും അവിശ്വസിക്കേണ്ട എന്നായിരുന്നു സന്തോഷിന്റെ ഉപദേശം. വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു രണ്ടുപേരും ഒരു മത്സരമെന്നകണക്കെ ബാഗേജ് കൗണ്ടറിലേക്കു സാധനങ്ങള്‍ എടുത്തുവെക്കുകയും തിരിച്ചുകൊടുക്കുകയും ചെയ്തു. എനിക്ക് മറുത്തൊന്നും പറയാന്‍ തോന്നിയില്ല. കൈനറ്റിക് ഹോണ്ട സ്കൂട്ടറില്‍ വന്ന ഒരാള്‍ ബാഗേജ് കൗണ്ടറില്‍ ചെന്ന് കയറുണ്ടോ എന്ന് ചോദിച്ചതും കോണിപ്പടിയിലിരിക്കുന്ന സന്തോഷിന്റെ കൂട്ടാളി ഒരു കഷ്ണം കയറെടുത്തു കൊടുത്തു കൊണ്ട് ഇത് പോരെന്നു ചോദിച്ചു. അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ഈ കയറല്ല തകഴീന്റെ 'കയര്‍'. സന്തോഷ് അര്‍ത്ഥഗര്‍ഭമായി ചിരിച്ചു കൊണ്ടു പറഞ്ഞു. 'ഇവിടെ എന്ത് ചോദിച്ചാലും പുസ്തകാ, ഇത് വല്ലാത്തൊരു സ്ഥലാ ട്ടോ'. പതിവുപോലെ അന്നും മറിച്ചൊന്നും സംഭവിച്ചില്ല എന്ന് മാത്രല്ല നാളെ അവസാന ദിവസാല്ലേ. നെടുവീര്‍പ്പിട്ടുകൊണ്ട് അയാള്‍ പോയി.
അവസാന ദിവസം
രാവിലെ അയാള്‍ വന്നില്ല, കക്ഷീനെ കാണാനില്യല്ലോ ആരേയെങ്കിലൊക്കെ കൂട്ടിവരുമൊന്നൊക്കെയായി സന്തോഷിന്റെ വ്യാകുലതകള്‍. ഉച്ചയോടെ സന്തോഷ് ഓടിവന്നെന്നോട് പറഞ്ഞു. 'വരുന്നുണ്ട് ട്ടോ'. വീണ്ടും സന്തോഷും അയാളും സംസാരവും. അഞ്ചുമണിയോടെ മദ്ധ്യവയസ്കനായ ഒരാള്‍ ക്യാഷ് കൗണ്ടറില്‍ വന്നു. കാത്തിരിപ്പിന്റെ കാഴ്ചവസ്തുവായ മടക്കിയ പ്ലാസ്റ്റിക് കവറുമായി. അദ്ദേഹം പേരാമ്പ്രക്കാരനാണെന്നും ദിവസേന ടൗണില്‍ വരാത്തതിനാലാണ് തിരിച്ചു നല്കുവാന് വൈകിപ്പോയതെന്നും അറിയിച്ചു. കവര്‍ സന്തോഷ് തന്നെ കക്ഷിയെ ഏല്‍പ്പിച്ചു. തിരിച്ചു കിട്ടിയ അദ്ദേഹം സന്തോഷിനെ സന്തോഷത്താല്‍ ചേര്‍ത്തു പിടിക്കുന്നതും കൈകൊടുക്കുന്നതും കണ്ട് മനസ് നിറഞ്ഞു. പറ്റിയ അബദ്ധം അല്ല പകരം ഏതോ അപകടത്തില്‍നിന്ന് അയാളെ രക്ഷിച്ച ഹീറോയെപ്പോലെ ആയിരുന്നു സന്തോഷിനോടുള്ള അയാളുടെ പെരുമാറ്റമപ്പോള്. ഹാളിനു പുറത്തേക്കിറങ്ങുമ്പോള്‍ അയാളും പറഞ്ഞു ഇത് വല്ലാത്തൊരു സ്ഥലാ ട്ടോ ...
Content Highlights: The Books memories by M Siddharthan Book Man Show part Three
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..