'മ്പളെ സ്വന്തം സാറാ, ഡിസ്‌കൗണ്ടാക്കണേ...'പുസ്തകവില്പനയുടെ തെന്നാലിസൂത്രമറിഞ്ഞ അക്കാന്റി


എം.സിദ്ധാര്‍ഥന്‍

ആളുകള്‍ കൂടാന്‍ തുടങ്ങി. കൂട്ടത്തിലേക്കു പുതുതായി വന്ന ഒരുവനോട് ഒന്നുമറിയാത്തപോലെ ഞാന്‍ ചോദിച്ചു; ''എന്താ പ്രശ്‌നം അവിടെ''? അയാള്‍ പറഞ്ഞു: ''അഡ്രസിന്റെ സൂക്കേടാന്ന കേട്ടേ...''ഞാന്‍ വീണ്ടും ചോദിച്ചു: ''അഡ്രസിന്റെ സൂക്കേടോ?'' ''ആ ഞാനങ്ങനാ കേട്ടത് ഇനി കേട്ടത് തെറ്റിപ്പോയതാണോന്ന് എനിക്കുറപ്പില്ല.

ഷാഹിനാബഷീർ

ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

മാഞ്ഞ, മ്മഞ്ഞ, അക്കാന്റി....ഇതെന്തു കുന്ത്രാണ്ടാന്നല്ലേ...കുന്ത്രാണ്ടത്തിന്റെയും, കുണ്ടാമണ്ടി കളുടെയും അണ്ഡകടാഹത്തിലെ ഇമ്മിണി ബല്ല്യ മനുഷ്യനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിനാബഷീറിന്റെ വിളിപ്പേരുകളാണ് ഇവ. പ്രായത്തിനനുസരിച്ചാണ് ഈ പേരുകള്‍ വിളിക്കുന്നത്. 'മാഞ്ഞ' എന്ന് കുരുന്നുകളും 'മ്മഞ്ഞ' എന്ന് ചെറുബാല്യക്കാരും 'അക്കാന്റി'യെന്നു മുതിര്‍ന്നവരായ ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചുപോരുന്നു. എനിക്കും അവര്‍ അക്കാന്റി ആണ്. ഈ പേരുകളൊന്നും തന്നെ ബഷീര്‍ നല്‍കിയതോ നിര്‍ദ്ദേശിച്ചതോ അല്ല.

ഒരുപാട് കാലം അക്കാന്റിയുടെ സഹപ്രവര്‍ത്തകനും സന്തതസഹചാരിയുമായിരുന്നു ഞാന്‍. ഒരുമിച്ചാണ് ഞങ്ങള്‍ ജോലിസ്ഥലമായ കറന്റ് ബുക്‌സിലേക്കു വന്നതും പോയതുമൊക്കെ. ബസ്സിലായിരുന്നു ആദ്യകാലങ്ങളില്‍ വരവും പോക്കും. അക്കാന്റിയുടെ വീട്ടില്‍ അക്കാലത്ത് കുട്ടു എന്നുപേരുള്ള ഒരു വളര്‍ത്തു നായയുണ്ടായിരുന്നു തടിച്ചുരുണ്ടു കുറുകിയ ഒരു വിദേശി-സ്വദേശി സങ്കരയിനം. കാലത്ത് ഒന്‍പതു മണിയോടെ ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങും ഏതാണ്ട് നൂറുമീറ്റര്‍ ദൂരം മാത്രമേ ബസ്സ്‌റ്റോപ്പിലേക്കുള്ളൂ. ഗേറ്റ് തുറക്കേണ്ട സമയം കുട്ടു ഓടി റോഡിലേക്കിറങ്ങും. ഞങ്ങളെ കണ്ടഭാവം പോലുമില്ലാതെ കുറച്ചുദൂരം മുന്നിലായി നടക്കും. ഞങ്ങള്‍ എത്തുംമുമ്പേ കുട്ടു ബസ്റ്റോപ്പിലുള്ള ആളുകളെ സൗമ്യനായി നോക്കുന്നത് കാണാം. തല ഒരു വശത്തേക്ക് ചെരിച്ചു എന്തോ ചോദിക്കാനൊരുങ്ങുംപോലെ. ഉപദ്രവകാരിയല്ലാത്തതു കൊണ്ടു പലര്‍ക്കും അതിനോട് കൗതുകം തോന്നും. നിമിഷങ്ങള്‍ക്കകം കുട്ടു ബസ്സ്‌റ്റോപ്പിനകത്തെത്തും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിനില്‍ക്കാന്‍ തുടങ്ങും. കുട്ടു വീണ്ടും ചോദ്യഭാവത്തില്‍ ആളുകളെ നോക്കും പിന്നീട് വെളുത്ത മുണ്ടുടുത്ത ആരെയെങ്കിലും കണ്ടെത്തും അവരുടെ അരികിലേക്ക് ചെന്ന് വെളുത്ത മുണ്ടിലേക്ക് ചാരി അവന്റെ പുറം ഉരസാന്‍ തുടങ്ങും കുളികഴിഞ്ഞു വെള്ള ടവ്വലില്‍ പുറംതുടയ്ക്കും പോലെ. കുറഞ്ഞ സമയം കൊണ്ട് ബസ് സ്‌റ്റോപ് കാലിയാകും. പിന്നീടങ്ങോട്ട് നായയുടെ യജമാനന്മാര്‍ക്കുള്ള തെറിവിളിയാണ്. ''മര്യാദക്ക് കൂട്ടിലിട്ട് പോറ്റാന്‍ പറ്റാത്ത ഏത് നായിന്റെ...''തുടങ്ങി ഒട്ടനവധി തെറികള്‍. അപ്പോഴും ഒറ്റയ്ക്ക് ദൂരയാത്രക്കിറങ്ങിയ യാത്രികനെപ്പോലെ ബസ്സ്‌റ്റോപ്പിന്റെ അധിപനായി കുട്ടു നില്‍പ്പുണ്ടാകും. ഞാനും അക്കാന്റിയും പരസ്പരം നോക്കും ഒന്നും മിണ്ടാതെ വരുന്ന ബസ്സില്‍ കയറി പോകും.

വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ മകള്‍ എന്ന പദവി ഉള്ളതുകൊണ്ട് ഒരുപാടാളുകളുടെ പ്രത്യേക മമതയ്ക്ക് അക്കാന്റി അര്‍ഹയായി. പലര്‍ക്കും അവര്‍
ഒരു പുസ്തകശാലയിലെ ജീവനക്കാരിയാണെന്നുള്ളത് അറിയില്ലായിരുന്നു ഇത്തരക്കാര്‍ വളരെ അപ്രതീക്ഷിതമായാവും കടയില്‍വെച്ച് അക്കാന്റിയെ പരിചയപ്പെടുക. വെളുത്തു മെലിഞ്ഞ സുന്ദരിയായ സ്ത്രീ അതിപ്രശസ്തനായ ആളുടെ മകള്‍, തനിച്ചുള്ള ജീവിതം പോരാത്തതിന് അടുപ്പത്തോടെയുള്ള പെരുമാറ്റം ഇതെല്ലം പല കേമന്മാരെയും അതിരുകവിഞ്ഞ ആരാധന യിലേക്കും, പ്രണയത്തിലേക്കുമെല്ലാം നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇതിനൊന്നും ഇടനല്‍കാതെ തന്റെ കര്‍മ്മപഥത്തില്‍ പരിശോഭിച്ച് സുന്ദരസുരഭില ജീവിതം നയിക്കുകയായിരുന്നു അക്കാന്റി.. ഒരു പുസ്തകം പോലും വാങ്ങി വായിക്കാത്ത പലരും അക്കാന്റിയുടെ സംസാരത്താലും പെരുമാറ്റത്താലും പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

പുസ്തകം മേടിക്കാനായി വരുന്ന ആള്‍ ചെറുപ്പക്കാരനോ, ചെറുപ്പക്കാരിയോ, പ്രായംചെന്നവരോ ആയിക്കോട്ടെ ഷാഹിന താനാരാണെന്നു വെളിപ്പെടുത്താതെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തും. അവരെടുക്കുന്ന പുസ്തകങ്ങള്‍ ഏതാണെന്ന് നോക്കും അതിനു ശേഷം അയാളെ സാറെന്നോ മാഡമെന്നോ അഭിസംബോധന ചെയ്തശേഷം എടുത്ത പുസ്തകങ്ങളെക്കുറിച്ച് അതിഗംഭീരമായൊരു കമന്റ് പാസാക്കും'ങ്ങളെ സെലെക്ഷന്‍ അപാരാട്ടോ' എന്ന് പറഞ്ഞു അവരെടുത്ത പുസ്തകങ്ങളോട് സാമ്യമുള്ള മറ്റു പുസ്തകങ്ങള്‍ കാണിക്കുകയും 'ഇതൊക്കെ ഇങ്ങളെടുത്തുണ്ടാവും ന്നാലും...'കസ്റ്റമര്‍ അതില്‍നിന്നും കുറച്ചു പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ അയാള് പോലും അറിയാതെ തയ്യാറായി പോകും. ബില്ലു ചെയ്യുന്ന ഞങ്ങളോടായി പറയും 'സാറിന് ഡിസ്‌കൗണ്ട് കൊടുക്കണേ (ഒരു നിശ്ചിത തുകയില്‍ കൂടുതലുണ്ടെങ്കില്‍) 'മ്പളെ സ്വന്തം സാറാ...' 'പുസ്തകങ്ങള്‍ കൊടുക്കുമ്പോള്‍ ഒരു പറച്ചില്‍ 'ഇത് സാറിന് ഒരു രണ്ടാഴ്ചത്തേക്കല്ലേ ഉണ്ടാവൂ'. ഒരു വായനയും ഇല്ലാതെ മറ്റാര്‍ക്കോ പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ വന്ന ആള് പോലും അന്നേ ദിവസം തൊട്ട് വായന ആരംഭിച്ചിരിക്കും.

shahina Basheer
ഷാഹിനാബഷീര്‍ (ഫയല്‍ഫോട്ടോ)

മദ്ധ്യവയസ്സിലെത്തിനില്‍ക്കുന്ന സ്ത്രീയോ പുരുഷനോ ആണെന്ന് കരുതുക ഇതേ പോലെ സാറെന്നോ മാഡമെന്നോ വിളിച്ച് അവരുടെ പ്രത്യേകതകള്‍ അതൊരുപക്ഷേ അവരുടെ വസ്ത്രങ്ങളായിരിക്കാം, അവരുടെ ചേഷ്ടകളായിരിക്കാം, അവരുപയോഗിക്കുന്ന വസ്തുക്കളായിരിക്കാം എന്തെങ്കിലും ഒന്നില്‍ അവരെ പുകഴ്ത്തുകയും അവരുടെ ശ്രദ്ധ ഏറ്റവും പെട്ടെന്ന് തന്നിലൂടെ പുസ്തകങ്ങളുടെ വില്പനയിലേക്ക് തിരിക്കുകയും പിന്നീട് അവരെ നല്ല പുസ്തകപ്രേമികളാക്കുക യും ചെയ്യുന്നതില്‍ വിദഗ്ധയാണ് അക്കാന്റി. ഇത്തരത്തില്‍ വലിയ പുസ്തകശേഖരം തന്നെ ഉണ്ടാക്കിപ്പോയവര്‍ ധാരാളമുണ്ടായിരുന്നു. ഇവരില്‍ പലരും പിന്നീടങ്ങോട്ട് നല്ല കസ്റ്റമേഴ്‌സും സുഹൃത്തുക്കളുമായിട്ടുണ്ട്.

സാഹിത്യലോകത്ത് പിച്ചവെച്ചുതുടങ്ങിയ ഒരു സാഹിത്യകാരി ഒരു ദിവസം കടയില്‍വന്നു ആയിടെ ഇറങ്ങിയ അവരുടെ മഹാസംഭവമാണെന്നു അവര്‍തന്നെ പറയുന്ന പുസ്തകം ബുക്ക്സ്റ്റാളില്‍ ഉണ്ടോ എന്നന്വേഷിച്ചു. വന്നപാടെ അക്കാന്റിയോട് 'കുട്ടീ എന്റെ പുസ്തകം ഉണ്ടല്ലോ ല്ലേ, എവിടെയാ ഡിസ്‌പ്ലേ ചെയ്തത് 'അക്കാന്റി അവരുടെ പുസ്തകം എടുത്തു കൊടുക്കുകയും ഡിസ്‌പ്ലേ ചെയ്ത സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് തന്റെ പുസ്തകത്തെ കുറിച്ചുള്ള വീമ്പു പറച്ചിലായിരുന്നു. കൂടാതെ പുസ്തകം ഡിസ്പ്ലേ ചെയ്ത സ്ഥലം മോശമാണെന്നും അത് എവിടെ ഡിസ്‌പ്ലേ ചെയ്യണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ അക്കാന്റിയോട് സെയില്‍സില്‍ കുറച്ചുകൂടി ശ്രദ്ധ കാണിക്കണമെന്നും താനെഴുതിയതുപോലുള്ള 'മഹദ്ഗ്രന്ഥങ്ങള്‍' ബഷീറിന്റെയും എം.ടി യുടെയും പുസ്തകങ്ങള്‍ക്കൊപ്പം തന്നെ വക്കാമെന്നും പറഞ്ഞു. അക്കാന്റി അവര്‍ പറഞ്ഞതുപോലെ അനുസരിക്കുകയും പുസ്തകങ്ങള്‍ എഴുത്തുകാരി നിര്‍ദ്ദേശിച്ച സ്ഥലത്തു തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഡിസ്‌പ്ലേയില്‍ വച്ചിരിക്കുന്ന മറ്റു പുസ്തകങ്ങളിലേക്ക് ഒന്ന് നോക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യാതെ വീണ്ടും വരാമെന്ന് പറഞ്ഞ് അവര്‍ ഗമയോടെ ഇറങ്ങി. പ്രായത്തില്‍പോലും അക്കാന്റിയില്‍ നിന്നും എത്രയോ താഴെയുള്ള അവരുടെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയ ഞങ്ങളിലെ ഒരു സഹപ്രവര്‍ത്തകന്‍ അക്കാന്റിയോട് ചോദിച്ചു: ''എന്തിനാ അക്കാന്റി ഇങ്ങനെയൊക്ക നിക്കുന്നത്?'' അവനോട് അക്കാന്റി പറഞ്ഞ മറുപടിയ്ക്കാണ് പഞ്ച്: ''ഇത് നമ്മുടെ തൊഴിലാണ്. '' തന്റെ ചെറുബാല്യം തൊട്ടേ വൈലാലിലെ വീട്ടുമുറ്റത്ത് വന്ന് ബഷീറിന്റെ മുന്നില്‍ വിനയത്തോടെ നിന്ന സാഹിത്യത്തിലെയും സിനിമയിലെയും രാഷ്ട്രീയത്തിലെയും മഹാരഥന്മാരെ കണ്ടു വളര്‍ന്ന 'ഷാഹിന'യുടെ മുന്നില്‍ ഇതൊക്കെ എന്ത്!

എന്നാല്‍ മറ്റുചിലര്‍ ഇതിനിടെതന്നെ അക്കാന്റി വൈക്കം മുഹമ്മദ് ബഷീറിന്റെ മകളാണെന്ന് തിരിച്ചറിയും. ഷാഹിന തന്നോട് മാത്രം കാണിക്കുന്ന അടുപ്പമാണെന്ന് തെറ്റിദ്ധരിച്ച് പ്രണയാതുരരാവും. പലവിധ വേഷഭൂഷാദികളോടെയും നാട്യങ്ങളിലൂടെയും അക്കാന്റിക്കു മുന്നില്‍ ഇവര്‍ വലംവെക്കാന്‍ തുടങ്ങും. കൊട്ടാരത്തിലെ രാജാവും രാജ്ഞിയുമായെന്ന ദിവാസ്വപ്നവും പേറി സ്ഥിരസന്ദര്‍ശനമെന്ന പദ്ധതി നടപ്പിലാക്കാന്‍ ഇക്കൂട്ടര്‍ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടും. എന്നെന്നും മുതല്‍ക്കൂട്ടാകുന്ന ലഹരിയായ പുസ്തകങ്ങള്‍ അവരുടെ വീടിന്റെ അകത്തളങ്ങളില്‍ പടര്‍ന്നു കയറാന്‍ തുടങ്ങും...മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന ഏതൊരു നിമിഷത്തിലും തന്റെ ശക്തമായ നിലപാടും താക്കീതും നല്‍കി അവരെ അവരുടെ ചെയ്തികളില്‍ നിന്നും പിന്തിരിപ്പിക്കാനും അക്കാന്റിക്കാവുമായിരുന്നു. അക്കാന്റിയുടെ താക്കീതിലും നില്‍ക്കാതെ പോലീസ് സ്റ്റേഷനില്‍ വരെ എത്തിയ സംഭവങ്ങളും ഉണ്ടായിരുന്നു. നൈരാശ്യത്താല്‍ പിരിഞ്ഞുപോകേണ്ടി വന്നാലും സ്വേച്ഛയാലല്ലാതെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ പിന്നീട് അവരെ വായനയുടെ യഥാര്‍ത്ഥ ലഹരിയിലേക്ക് ആനയിച്ചിട്ടുണ്ടാവാം.

ഒരിക്കല്‍ ഞാനും അക്കാന്റിയും രണ്ടു സഹപ്രവര്‍ത്തകരുമൊന്നിച്ച് മാവൂര്‍ റോഡിലൂടെ രാത്രി എട്ടു മണിയ്ക്ക് വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഞങ്ങള്‍ മാവൂര്‍ റോഡിലൂടെ നടന്നു മാനാഞ്ചിറ വന്നാണ് ബസ്സില്‍ കയറുക. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ കള്ളുഷാപ്പിലേക്കാണെന്നും അവിടുത്തെ കറികളുടെ രുചിയേയും മറ്റും പറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അക്കാന്റി കള്ളുകുടിക്കുന്നതും കറി രുചിക്കുന്നതും ആംഗ്യത്തോടെ വിവരിച്ചു ഞങ്ങളും വരുമെന്ന് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ വേഗം റോഡ് മുറിച്ചുകടന്ന് ധൃതിയില്‍ നടന്നു പോയി. ഞങ്ങള്‍ മാനാഞ്ചിറ ഭാഗത്തേക്കും നടന്നു.

രണ്ടുപേര്‍ ഞങ്ങളുടെ പിറകെ കൂടിയത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഒരാള്‍ ഏതാണ്ട് ആറടിപ്പൊക്കം ഒത്ത ശരീരം, മറ്റെയാള്‍ ഒരു സാധാരണക്കാരന്‍. വലിയവന്‍ അക്കാന്റിയുടെ അടുത്തേക്ക് ചേര്‍ന്ന്‌നിന്ന് ചോദിച്ചു അഡ്രസ്സ് ഒന്ന് കിട്ട്വോ? 'എന്താ?' എന്ന് അവര്‍ കടുപ്പിച്ചു ചോദിച്ചപ്പോള്‍ അവര്‍ നടത്തം സ്പീഡിലാക്കി. അക്കാന്റി എന്നോട് പറഞ്ഞു: ''സിദ്ധാര്‍ത്ഥ പിടിക്കവനെ...'' ഞാന്‍ ഓടിച്ചെന്നു അവരെ തടഞ്ഞുനിര്‍ത്തി. അക്കാന്റി അയാളോട് പറഞ്ഞു ''നിനക്ക് അഡ്രസ് അല്ലെ വേണ്ടത് എഴുത്'' അവര്‍ പരുങ്ങി. ''അല്ല അത്പിന്നെ....'' അപ്പോഴേക്കും അടുത്ത കടകളിലെയും മറ്റും ആളുകള്‍ വന്നു. എല്ലാവര്‍ക്കും ഞങ്ങളെ പരിചയമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: എന്താ ഇവര്‍ക്ക് വേണ്ടത്? അക്കാന്റി പറഞ്ഞു ''എന്റെ അഡ്രസ് വേണംന്ന്...കൊടുക്കാന്ന് പറഞ്ഞിട്ട് എഴുതുന്നൂല്യ.'' കടക്കാര്‍ക്ക് അവരുടെ അസുഖം പിടികിട്ടി...ഞങ്ങളോട് അപ്പുറത്തേക്ക് മാറിനിന്നോളാന്‍ പറഞ്ഞു. കടക്കാരും സുഹൃത്തുക്കളും അവരെ വളഞ്ഞു. ''അഡ്രസ്സ് ഞങ്ങള് തരാടാ...രാത്രീല് അഡ്രസിന്റെ സൂക്കേടാ ഇങ്ങക്ക് ല്ലേ'' എന്നൊക്കെ പറഞ്ഞു.

ആളുകള്‍ കൂടാന്‍ തുടങ്ങി. കൂട്ടത്തിലേക്കു പുതുതായി വന്ന ഒരുവനോട് ഒന്നുമറിയാത്തപോലെ ഞാന്‍ ചോദിച്ചു; ''എന്താ പ്രശ്‌നം അവിടെ''? അയാള്‍ പറഞ്ഞു: ''അഡ്രസിന്റെ സൂക്കേടാന്ന കേട്ടേ...''ഞാന്‍ വീണ്ടും ചോദിച്ചു: ''അഡ്രസിന്റെ സൂക്കേടോ?'' ''ആ ഞാനങ്ങനാ കേട്ടത് ഇനി കേട്ടത് തെറ്റിപ്പോയതാണോന്ന് എനിക്കുറപ്പില്ല. എന്തായാലും ആ കൂട്ടത്തിന്റെ നടുവില് ഒരു വലിയൊരുത്തനെ കൊറേ ആള്‍ക്കാര് ചേര്‍ന്ന് പിടിച്ചു വച്ചിട്ടുണ്ട് ഓനെ കണ്ടാത്തന്നെ അറിയാ എന്തോ സൂക്കേടുണ്ട്ന്ന്.'' ഞാനും അക്കാന്റിയും അവിടെ നിന്നും പതുക്കെ തടിയൂരി നടന്നു നീങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ അഡ്രസിന്റെ സൂക്കേടുകാരന്റെ കുനിഞ്ഞ ശിരസ്സ് ഉയര്‍ന്നു കാണാമായിരുന്നു.

അക്കാന്റിയെ എന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗുരുവായാണ് ഇന്നും ഞാന്‍ കാണുന്നത്. 'കസ്റ്റമര്‍ ദൈവത്തെപോലെ'യാണെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് എന്നെയും മറ്റു സഹപ്രവര്‍ത്തകരെയും ഒരുപോലെ കച്ചവടമെന്ന അതുല്യകല അഭ്യസിപ്പിച്ച യഥാര്‍ത്ഥ ഗുരുവാകുകയായിരുന്നു ഓരോ തവണയും അക്കാന്റി. വില്പനയുടെ രസതന്ത്രത്തില്‍ വ്യക്തിയുടെ പങ്ക് എത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് എനിക്കു മനസ്സിലാക്കിത്തന്ന മാര്‍ഗദര്‍ശ്ശിയായ ധീരവനിതയാണ് ഷാഹിനയെന്ന എന്റെ പ്രിയ അക്കാന്റി.

Content Highlights: The Books memories by M Siddharthan Book Man Show part Ten About Shahina Basheer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented