ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലർ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവർ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാൾക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്ഥന്.
കസ്റ്റമേഴ്സ് തീര്‍ത്തും കുറഞ്ഞു വിരസമായ ഒരുദിവസം ഉച്ചയോടടുപ്പിച്ച് ബുക്ക് സ്റ്റാളിന് മുന്പില് ഒരു നീല ബെന്‍സ് കാര്‍ ആഡംബരത്തിന്റെ ചലിക്കുന്ന സ്മാരകം പോലെ വന്നു നിന്നു. കറുത്ത ഷൂസും സ്വര്‍ണനിറമുള്ള വാച്ചും കണ്ണടയും ധരിച്ചു കാഴ്ചയ്ക്ക് മാന്യനായ മധ്യവയസ്കന് ഇറങ്ങി ഷോപ്പിലേക്ക് വന്നു. വന്നപാടെ ബുക്ക്സ്റ്റാളിന് ഉള്‍വശം മുഴുവന്‍ ഒന്ന് വീക്ഷിച്ചു. അത്രയ്ക്ക് പോരാ എന്ന ഭാവത്തോടെ കൗണ്ടറിനു മുന്പിലെ കസേരയിലിരുന്നു. കീശയില്‍നിന്നു ഒരുകെട്ട് നോട്ടും മറ്റുചില കടലാസു കഷ്ണങ്ങളും എടുത്തു മേശപ്പുറത്തുവച്ചു. കീശയ്ക്കുള്ളില്‍ പരതാന്‍ തുടങ്ങി ഒന്നുംകിട്ടാതെ കീശക്കകത്തേക്കു ഒന്നുകൂടി നോക്കി ഉള്‍വശം പുറത്തേക്കാക്കി പരിശോധിച്ചു. ഹാവൂ കിട്ടി എന്നമട്ടില്‍ ഒരു ചെറുകഷ്ണം നൂല് എനിക്ക് തന്നു. നൂല് കയ്യില്‍ തന്നതും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ഫോണില്‍ സംഭാഷണവുമാരംഭിച്ചു. കയ്യില്‍ കിട്ടിയ നൂലുമായി ഞാന്‍ നില്‍ക്കുന്നത് കണ്ട അദ്ദേഹം ഫോണിനിടയില് തന്നെ അതൊന്നു നോക്ക് എന്നുപറഞ്ഞു. ഞാന്‍ നൂലിനെ ശ്രദ്ധിച്ചു. നൂലിനെയോ അതിന്റെ നിര്മിതിയെയോ കുറിച്ച് തികച്ചും അജ്ഞനായ ഞാന്‍ അത് തിരിച്ചും മറിച്ചും നോക്കി. ഒരു സാധാരണ നൂലില്‍ കവിഞ്ഞ പ്രത്യേകതയൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
ഫോണ്‍ സംഭാഷണം നിലച്ചു. അദ്ദേഹമെന്നോട് ചോദിച്ചു 'നോക്ക്യോ'? അതെ എന്ന് മറുപടിപറഞ്ഞപ്പോള്‍ 'അജ്ജാതി' പുസ്തകങ്ങളാണ് വേണ്ടതെന്നു പറഞ്ഞു. സത്യത്തില്‍ നൂലിനെ കുറിച്ചോ അതിന്റെ നിര്‍മാണത്തെ പ്രതിപാദിക്കുന്നതോ ആയ പുസ്തകങ്ങളൊന്നും അപ്പോള്‍ കടയിലുണ്ടായിരുന്നില്ല. ഭവ്യതയോടെ അക്കാര്യം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സര്, നൂലിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ റെഡി സ്റ്റോക്കില്ല വരുത്തിത്തരാം എന്ന് പറഞ്ഞൊപ്പിച്ചു. 'നൂലിനെപറ്റിയുള്ള പുസ്തകോ...?' ഞാനെന്തോ അപരാധം കാണിച്ചപോലെ അദ്ദേഹം പറയാന്‍ തുടങ്ങി. 'ഞാനേ ഗള്‍ഫിലാ.., ഇപ്പൊ ലീവിന് വന്നതാ. ഞാനൊരു പുതിയ വീട് വച്ചിട്ടുണ്ട്. അപ്പൊ അതിന്റെ ആര്‍ക്കിടെക്ട് ഒരു വായനാമുറി ഉണ്ടാക്കീട്ടുണ്ടേ... കുറേ ഷെല്‍ഫും. നിന്റെ കയ്യിലിരിക്കണ നൂലിന്റെ വീതിയാ പുസ്തക ഷെല്‍ഫിന്റെ അളവ്. ആ അളവിലുള്ള, കാണാന്‍ ഭംഗിള്ള കൊറച്ചു പുസ്തകം യ്യി ങ്ങോട്ട്ടുത്തോ...'
അസഹ്യമായ ഒരുതരം വികാരം എന്നിലേക്ക് തികട്ടി വന്നു എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. പെട്ടന്ന് സ്വബോധത്തിലേക്കു തിരിച്ചെത്തിയ ഞാന്‍ നല്ലൊരു കച്ചവടക്കാരനായി. 'സാറി'നോട് ഇരുന്നോളാന്‍ പറഞ്ഞു നൂലുകൊണ്ട് പുസ്തകങ്ങള്‍ അളക്കാന്‍ തുടങ്ങി ആദ്യമളന്ന പുസ്തകം ഇറ്റാലോ കാല്വിനോയുടെ വൈ റീഡ് ദ ക്ലാസിക്സ് എന്ന പുസ്തകത്തിന്റെ ഹാര്‍ഡ് ബൗണ്ട് എഡിഷന് ആയിരുന്നു. പിന്നീടങ്ങോട്ട് വൈ റീഡിനെ അളവുകോലാക്കി നട്ടെല്ല് ഭംഗിയുള്ള നിരവധി പുസ്തകങ്ങള്‍ കണ്ടെത്തി തുണിക്കടയില്‍ വസ്ത്രങ്ങളുടെ ഭംഗി കാണിക്കും പോലെ അയാളെ കാണിക്കാന്‍ തുടങ്ങി. ഉള്ളടക്കം എന്തെന്ന് പോലും നോക്കാതെ പുസ്തകത്തിന്റെ തുറക്കാന്‍ കഴിയാത്ത ബയിന്റിങ് വശത്തിന്റെ ഭംഗി മാത്രം ആധാരമാക്കിയുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പും വില്പനയും...! പുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കി വെക്കുമ്പോലെ അയാളുടെ മുന്നില്‍ മേശപ്പുറത്ത് അടുക്കി വച്ച് കാണിച്ചുകൊടുത്തു. അയാള്‍ അതിനെ നിന്നും ഇരുന്നും വീക്ഷിച്ചു 'കൊള്ളാം ല്ലേ...' എന്ന് പറയും അസ്സലായിട്ടുണ്ട് സാര്‍ എന്ന് ഞാനും.
അയാള്‍ക്ക് മോശമായതെന്തും എനിക്കും മോശമായിരുന്നു. ലോക ക്ലാസിക്കുകളും മാര്‍കേസ്, പാമുക്, യോസ, ഉംബെര്‍ട്ടോ ഇക്കോ, കാഫ്ക, ഫുക്കോ എല്ലാം അളവൊക്കാത്തതുകൊണ്ടു മോശം പുസ്തകങ്ങളായി പുറന്തള്ളപ്പെട്ടു. സാര്‍ത്രും ദെറിദയും ലക്കാനും രക്ഷപ്പെട്ട് കയറിക്കൂടി. വില്പന സാധ്യത കുറഞ്ഞതും എന്നാല്‍ വില കൂടിയതുമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ എന്തോ ഒരു ഉന്മേഷവും സന്തോഷവും എന്നില്‍ നിറഞ്ഞു. അയാളില്‍ പുഞ്ചിരിയും. ഒരുകണക്കിന് പറഞ്ഞാല്‍ അയാള്‍ അത്യാവശ്യം എത്തിക്സ് ഒക്കെ ഉള്ള ആളായിരിക്കാം. അല്ലെങ്കില്‍ ആ നൂല് (അളവ് കോല്) എടുക്കാതെ വന്ന് കുറെ പുസ്തകങ്ങള്‍ വാങ്ങി ഒരാശാരിയെ ഏര്‍പ്പാടാക്കി വെട്ടിയൊതുക്കി ഷെല്‍ഫില്‍ വെക്കുമായിരുന്നല്ലോ!
ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂറിന്റെ പ്രയത്നത്താല്‍ ഏറെക്കുറെ ഷെല്ഫിനനുയോജ്യമായ പുസ്തകങ്ങള്‍ ഒപ്പിച്ചു. ബില്ലുചെയ്തു ഭംഗിയായി കെട്ടുകളാക്കി കാറില്‍ ഞാന്‍ തന്നെ എത്തിച്ചു. മുപ്പത്തിനായിരത്തില്പരം രൂപയുടെ പുസ്തകങ്ങള്‍ വിലക്കിഴിവൊന്നും നല്‍കാതെ. പണം നല്കി കാറിനടുത്തേക്ക് നീങ്ങിയ അദ്ദേഹത്തോടായി ഞാന്‍ വിളിച്ചു പറഞ്ഞു: 'ഇതിലും കാണാന്‍ ഭംഗിയുള്ള പുസ്തകങ്ങള്‍ അടുത്താഴ്ച വരാനുണ്ട് സര്.'
അന്ന് ഞാന്‍ കൊടുത്ത പുസ്തകങ്ങള്‍ ഒരേ അളവില്‍, വെടിപ്പില്‍ അദ്ദേഹത്തിന്റെ മണിസൗധത്തില്‍ കരസ്പര്‍ശമേല്‍ക്കാതെ, ചില്ലുഭരണിയില്‍ സ്പിരിറ്റില്‍ സൂക്ഷിച്ച നിര്‍ജീവ അവയവങ്ങള്‍ കണക്കെ ഇരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പകരം ആ വീട്ടിലെ ആരോ ഒരാള്‍ ഞാന്‍ നല്കിയ പുസ്തകങ്ങള്‍ വായിച്ചു പ്രചോദിതനായി, എന്റെ പ്രിയ നൂല്ക്കാരനെപ്പോലും മികച്ച വായനക്കാരനും പുസ്തകപ്രേമിയും ആക്കി പുസ്തകത്തിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക് ഹൃദയത്തിലും ആ വീട്ടിലും ജീവിക്കാനൊരിടം നല്കിയിരിക്കും.
Content Highlights: The Books memories by M Siddharthan Book Man Show part one
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..