-
മനു ശർമ അഥവാ സിദ്ധാർഥ് വസിഷ്ഠിനെ എനിക്ക് വളരെയടുത്ത് പരിചയപ്പെടാൻ പറ്റിയത് ഓപ്പൺ ജയിലിൽ വച്ചാണ്. പ്രമാദമായ ജസീക്കാ ലാൽ കൊലപാതകക്കേസിലെ (1999) പ്രതിയാണ് മനു ശർമ. 2006 ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനു, 2015-ലാണ് സെമി ഓപ്പൺ ജയിലിലേക്ക് മാറുന്നത്. 2017-ൽ ഓപ്പൺ ജയിലിലേക്കും മാറ്റി. തിഹാർ ജയിൽ ഔട്ട്ലറ്റുകൾ മാനേജ് ചെയ്യുക എന്നതായിരുന്നു മനുവിന്റെ ഉത്തരവാദിത്തം. അക്കൗണ്ടിങ്ങിലെ കൃത്യതയും ചുറുചുറുക്കുള്ള വില്പനസാമർഥ്യവും അയാൾക്കുണ്ടായിരുന്നു. ഓപ്പൺ ജയിലിലേക്കു മാറ്റിയപ്പോൾ അയാൾ തന്റെ സ്വന്തം ഓഫീസിൽ പോയി ജോലി ചെയ്തു വരാൻ തുടങ്ങി. രണ്ട് ടി.വി ചാനലുകൾ ഒരു ദിനപ്പത്രം എന്നിവയുടെ ഉടമസ്ഥനാണയാൾ. ഹോട്ടൽ വ്യാപാരവും ഉണ്ട്. തിഹാർ കോംപ്ളക്സിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള നെഹ്രു പ്ളേസിലേക്ക് ദിവസവും അയാൾ യാത്രചെയ്തു. ദിവസവും കൃത്യസമയത്ത് തിരിച്ചെത്തി.
സത് വീർ റാഡി ഡൽഹി പോലീസിലെ അസിസ്റ്റൻഡ് കമ്മീഷണറായിരുന്നു. ഒരു കസ്റ്റഡി മരണത്തെത്തുടർന്നാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. സത് വീർ റാഡിയോടൊപ്പം ആറ് സബോർഡിനേറ്റ്സും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. 2016-ൽ സെമി ഓപ്പൺ ജയിലിലേക്കും പിന്നീട് 2018-ൽ ഓപ്പൺ ജയിൽ സമവിധാനത്തിലേക്കും മാറി. ജയിലിലെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് അദ്ദേഹം തടവിൽ കഴിഞ്ഞു.
1894-ലെ പ്രിസൺസ് ആക്ട് പ്രകാരം ജയിലിനെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: കുറ്റം ചെയ്തവനെ ശിക്ഷിക്കുകയും തടവുകാലാവധി കഴിയും വരെ സുരക്ഷാസംവിധാനങ്ങളോടെ സൂക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങളെയാണ് ജയിലുകൾ എന്നു പറയുന്നത്. ആ ഇടങ്ങൾക്ക് ചുറ്റും വൻമതിലുകളുണ്ടാവും. പുറം ലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. സാമൂഹ്യജീവിതത്തിൽ നിന്നും തികച്ചും അന്യനായി കഴിയണം. മറ്റു ജീവിത സൗഭാഗ്യങ്ങളൊന്നും തന്നെ അനുഭവിക്കാൻ അനുവദിക്കപ്പെടാതെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായി ആ തടവുകാലം തള്ളി നീക്കണം. എന്നാൽ കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകൾ മാറുകയും ജയിലിനകത്തിരിക്കുന്നവർക്കും അവകാശങ്ങളുണ്ടെന്ന ബോധം അധികൃതരിൽ വന്നുചേരുകയും ചെയ്തതിന്റെ ഫലമായി തുറന്ന ജയിലുകൾ എന്ന സങ്കല്പം യാഥാർഥ്യമാവുകയും ചെയ്തു.
ഓപ്പൺ ജയിലുകൾ എന്നാൽ വളരെ മിതമായ സുരക്ഷാ സംവിധാനങ്ങളുള്ള, തങ്ങൾ ചെയ്ത കുറ്റത്തിൽ നിന്നും മാനസികമായി അവരെ മോചിപ്പിക്കുന്ന രീതിയിൽ പരിശീലനം നല്കുന്ന ഇടങ്ങളാണ്. ഓപ്പൺ ജയിലുകളിൽ സ്വതവേ വളരെ ലളിതമായ നിയമങ്ങളാണ് പാലിച്ചുവരുന്നത്. ചുറ്റും കനത്ത സരുക്ഷാ സംവിധാനങ്ങളില്ലാതെ, എപ്പോഴും നിരീക്ഷണത്തിൽക്കഴിയാതെ, ഒരു കൂട്ടം മര്യാദക്കാരായ തടവുകാരെ പാർപ്പിക്കാൻ ഇന്ത്യൻ ജയിൽ സംവിധാനത്തിൽ സൗകര്യമുണ്ട്. ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളിലും ഒരു യൂണിയൻ ടെറിട്ടറിയിലുമായി തൊണ്ണൂറ് ഓപ്പൺ/സെമി ഓപ്പൺ ജയിലുകളാണ് ഉള്ളത്. ഓരോ ജയിലുകളുടെയും പ്രവർത്തനരീതികൾ സംസ്ഥാന സർക്കാരാണ് തീരുമാനിക്കുന്നത്.
ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഡൽഹിയിൽ പത്തുവർഷത്തിനുശേഷം ഓപ്പൺ ജയിലിലേക്കു മാറ്റപ്പെടുന്നത്. അത്രയുംകാലത്തെ അവരുടെ പെരുമാറ്റവും അച്ചടക്കവും എല്ലാം ഓപ്പൺ ജയിലിലേക്ക് മാറ്റുന്നതിനുള്ള മാനദണ്ഡമാണ്. തടവുകാലാവധി കഴിഞ്ഞ് അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പരിശീലനം കൂടിയാണിത്. അവർക്ക് രാവിലെ ജോലിക്കു പോകാം. വൈകുന്നേരം നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വന്നിരിക്കണം.
സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, സബ്ജയിൽ, ഓപ്പൺ ജയിൽ തുടങ്ങിയ വിഭജനങ്ങൾ ജയിൽ സംവിധാനത്തിൽ കൊണ്ടുവന്നത് നടത്തിപ്പിന്റെ സൗകര്യത്തിനു മാത്രമല്ല, കുറ്റങ്ങളുടെ സങ്കീർണതയ്ക്കനുസരിച്ച് അത് ചെയ്ത വ്യക്തികളുടെ അവകാശസംരക്ഷണത്തെക്കൂടി പരിഗണിക്കുന്നതിനാണ്. സെൻട്രൽ ജയിലുകളിൽ തടവിലാക്കപ്പെട്ടിരിക്കുന്നവരിൽ അറുപത്തഞ്ച് ശതമാനവും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. മുപ്പത്തഞ്ചു ശതമാനം വിചാരണത്തടവുകാരും. ജില്ലാ ജയിലുകളിൽ എൺപത് ശതമാനം വിചാരണത്തടവുകാരും ഇരുപത് ശതമാനം പേർ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുമാണ്. സബ്ജയിലുകളിലും ഏതാണ്ട് ജില്ലാജയിലിലെ സ്ഥിതി തന്നെയാണ്.
എന്നാൽ ഓപ്പൺ ജയിലുകളിലേക്ക് അയക്കുന്നവരിൽ വിചാരണത്തടവുകാരുണ്ടാവാറില്ല. ചെയ്ത കുറ്റത്തിന് സാധാരണ ജയിലിലെ ശിക്ഷയനുഭവിച്ച് അവിടെ നിന്നും നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയാലേ അവർക്കുമുന്നിലേക്ക് ഓപ്പൺ ജയിൽവാതിൽ തുറക്കുകയുള്ളൂ. തടവുകാലത്തെ നല്ലസ്വഭാവം കണക്കിലെടുത്ത് അവർക്ക് നല്കുന്ന ഇളവാണ് ഓപ്പൺ ജയിൽ ജീവിതം.
സെമി ഓപ്പൺ ജയിൽ ട്രീറ്റ്മെന്റിൽ ജയിൽ കോംപൗണ്ടിൽ തടവുകാർക്ക് ബാർബർഷോപ്പ്, ചെറിയ മാർക്കറ്റ് തുടങ്ങിയവ തുടങ്ങാം. ഒരു വർഷം സെമി ഓപ്പൺ ജയിലിൽ കഴിഞ്ഞാൽ അവിടെ നിന്നും ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഓപ്പൺ ജയിലിലേക്ക് മാറ്റം കിട്ടും. ഓപ്പൺ ജയിൽ സംവിധാനവുമായി തടവുകാർ സഹകരിക്കുന്നു എന്നു ജയിൽ ഉന്നതാധികാരി വിലയിരുത്തിയാൽ പിന്നെ തിഹാർ ജയിൽ കോംപ്ലക്സിൽ നിന്നും പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വരാം.
സെൻട്രൽ ജയിലുകളിൽ പരമാവധി സുരക്ഷാ സംവിധാനങ്ങളും കണിശമായ നിരീക്ഷണങ്ങളിലുമാണ് തടവുകാരെ പാർപ്പിക്കുക. ജില്ലാജയിലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ സെൻട്രൽ ജയിലിനെ അപേക്ഷിച്ച് കുറവായിരിക്കും. മറ്റു ജയിൽ സംവിധാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഓപ്പൺ ജയിലിൽ സെക്യൂരിറ്റി ഇല്ല എന്നു തന്നെ പറയാം. എന്നിരുന്നാലും ഓരോരുത്തരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാൽ നിരീക്ഷിക്കപ്പെട്ടിരിക്കും.
തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മറ്റ് കൊടും കുറ്റവാളികൾ തുടങ്ങിയവരെയൊന്നും ഓപ്പൺ ജയിൽ സംവിധാനത്തിലേക്ക് പരിഗണിക്കില്ല. തിഹാറിനെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ കുറ്റവാളിയുടെ ശിക്ഷയുടെ മൂന്നിൽ രണ്ടുഭാഗവും അനുഭവിച്ചുകഴിഞ്ഞാൽ അയാളെ മാനദണ്ഡങ്ങൾ പാലിച്ച് സെമി ഓപ്പൺ ജയിലിലേക്ക് മാറ്റും. പിന്നെ കാലാനുസൃതമായി ഓപ്പൺ ജയിലിലേക്കും.
കാഷ്വൽ പ്രിസണേഴ്സ് എന്നൊരു വിഭാഗമുണ്ട്. ഒന്നിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാത്ത, മുൻപ് തടവുശിക്ഷയനുഭവിച്ചിട്ടില്ലാത്തവരെയാണ് കാഷ്വൽ പ്രിസണേഴ്സ് എന്നു പറയുന്നത്. ഹാബിച്വൽ പ്രിസണർ എന്നു പറഞ്ഞാൽ ഒരു കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ അടുത്ത കുറ്റത്തിന് അകത്താവുന്നവരാണ്. മൂന്നും നാലും കേസുകൾ എപ്പോഴും അവരുടെ റിക്കാർഡിലുണ്ടാവും.
ഡൽഹിയിലെ ഓപ്പൺ ജയിലുകളിൽ ഒന്ന് തിഹാർ കോംപ്ലക്സിലും മറ്റൊന്ന് മണ്ടോളി കോംപ്ലക്സിലുമാണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് ഇരുപത് കിലോമീറ്ററോളം അകലെവരെ പോയി ജോലിചെയ്ത് തിരിച്ചുവരാനുള്ള അനുവാദം ഇവർക്കുണ്ട്.
ജീവപര്യന്തം ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടവരാണ് ശിക്ഷയുടെ കാലാവധി കഴിയാറാവുമ്പോൾ ഓപ്പൺ ജയിലുകളിലേക്ക് പരിഗണിക്കാറ്. എന്റെ അഭിപ്രായത്തിൽ തമ്മിൽ ഭേദമുള്ള ചില കുറ്റകൃത്യങ്ങൾ, ഉദാഹരണത്തിന് അശ്രദ്ധയോടെ വാഹനമോടിച്ചതു കാരണം അപകടം വരുത്തിവച്ച് അകത്തായവർ പോലുള്ളവരുടെ കാര്യത്തിലും ഈ ഓപ്പൺ ജയിൽ സംവിധാനം നമുക്ക് ഉപയോഗിക്കാവുന്നതാണ്. അങ്ങനെയാവുമ്പോൾ അവരുടെ കുടുംബജീവിതവും സുരക്ഷിതമാക്കാം.

കേരളത്തിൽ 2012-ലാണ് വനിതകൾക്കായി ഓപ്പൺ ജയിൽ സംവിധാനം നിലവിൽ വന്നത്. ഡൽഹിയിൽ സ്ത്രീകളെ ഓപ്പൺ ജയിലിൽ പാർപ്പിക്കാൻ അനുവാദമില്ലായിരുന്നു. അതിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വനിതകൾ മാത്രം ഇങ്ങനെയൊരു സംവിധാനപരിധിയിൽ വരാത്തതിനെ ചോദ്യംചെയ്യുകയും ചെയ്തു. എന്റെ കേസ് പരിഗണിച്ച ഹൈക്കോടതി അതൊരു ന്യൂനതയായും സ്ത്രീകളോട് കാണിക്കുന്ന വിവേചനമാണ് അതെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനിതകൾക്കായി തിഹാറിൽ സെമി ഓപ്പൺ-ഓപ്പൺ ജയിലുകൾ തുടങ്ങാനുള്ള അനുമതിയുണ്ടായി.
മതിലുകളില്ല എന്നതുകൊണ്ടുതന്നെ അന്തേവാസികൾ മാനസികമായി സ്വതന്ത്രരാണ്. തൊഴിലെടുക്കാൻ പോകുന്നവർക്ക് സമ്പാദിക്കാൻ കഴിയും. ഡൽഹിയിലെ ഓപ്പൺ ജയിലുകളിലുള്ളവർ അവരെക്കൊണ്ടാവുന്നതുപോലെ സാധനസാമഗ്രികൾ നിർമ്മാണം നടത്തിയും വില്പന നടത്തിയും വരുമാനമുണ്ടാക്കുന്നു. പകൽ അവർ സ്വതന്ത്രരാണ്. ഇന്നേ വരെ ഓപ്പൺ ജയിലുകാർ ചാടിപ്പോയതായിട്ട് അറിവില്ല. എന്നാൽ കേരളത്തിൽ അത് സംഭവിച്ചിട്ടുണ്ട്. 2005-ൽ കോട്ടയം പ്രവീൺ കൊലപാതകക്കേസിൽ അറസ്റ്റിലായ ഡി.വൈ.എസ്.പി ഷാജിയെ ഓപ്പൺ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. അവിടുന്ന് തടവുപുള്ളി ചാടിപ്പോയി. പിന്നീട് പ്രതിയെ പിടികൂടി സെൻട്രൽ ജയിലിലേക്കാണ് അയച്ചത്.
കൃത്യസമയത്ത് പുറത്തുപോവുകയും കൃത്യസമയത്ത് തിരിച്ചുവരികയും ചെയ്യുന്നവരാണ് ഓപ്പൺജയിൽ തടവുകാർ. വസ്ത്രങ്ങൾ ഇസ്തിരിയിടുക, അലക്കുക തുടങ്ങിയ ജോലികളാണ് അവർ തിരഞ്ഞെടുക്കാറ്.
ഇന്ത്യയിലെ തൊണ്ണൂറ് സെമി ഓപ്പൺ-ഓപ്പൺ ജയിലുകളിൽ മുപ്പത്തിയൊന്നെണ്ണം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ഇരുപത് ഓപ്പൺ ജയിലുകളുമായി മഹാരാഷ്ട്ര തൊട്ടുപിറകിലുണ്ട്. ഹിമാചൽ പ്രദേശിൽ ഏഴ്, മധ്യപ്രദേശ് അഞ്ച്,ഡൽഹി നാല്, വെസ്റ്റ് ബംഗാൾ നാല്, ഗുജറാത്ത്, കേരളം, തമിഴ്നാട് മൂന്നെണ്ണം വീതം...അങ്ങനെ പോകുന്നു ഓപ്പൺ ജയിലുകളുടെ എണ്ണം. അതിൽ മധ്യപ്രദേശിലെ ദേവി അഹല്യാഭായ് ഓപ്പൺ കോളനി ജയിലിൽ കുടുംബസമേതം താമസിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. രണ്ട് മുറികൾ വീതമുള്ള കോട്ടേഴ്സുകളിൽ പത്തു കുടുംബങ്ങൾക്കു താമസിക്കാനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലും ഇതേ രീതിയിലുള്ള കോളനി സ്ഥാപിച്ചിട്ടുണ്ട്.
ഓപ്പൺ ജയിൽ സംവിധാനം ഓരോ സംസ്ഥാനത്തിന്റെയും ഹിതപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ പത്തുവർഷം തടവുശിക്ഷയനുഭവിച്ചവരെയാണ് ഓപ്പൺ ജയിൽ സൗകര്യത്തിനായി പരിഗണിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ അത് ഏഴോ എട്ടോ വർഷമാകാം.
കേരളത്തിൽ നെട്ടുകാൽത്തേരി(378 പേർ നിലവിൽ തടവുകാർ) ചീമേനി(നിലവിൽ 150 പേർ) എന്നിവിടങ്ങളിൽ പുരുഷന്മാർക്കായുള്ള ഓപ്പൺ ജയിലുകളും തിരുവനന്തപുരത്ത് വനിതകൾക്കായുള്ള ഓപ്പൺ ജയിലുകളും പ്രവർത്തിച്ചുവരുന്നു. പതിനഞ്ചു പേരാണ് ഇപ്പോൾ വനിതാ ഓപ്പൺ ജയിലുകളിൽ ഉള്ളത്. സാധാരണ ജയിലുകളിലെ ദിവസവേതത്തേക്കാൾ ഓപ്പൺ ജയിലുകളിൽ ദിവസക്കൂലി കൂടുതലാണ്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും കംപ്യൂട്ടർ ഉൾപ്പെടെയുള്ള തൊഴിൽ പരിശീലനങ്ങളും ഓപ്പൺ ജയിലുകളിൽ നല്കി വരുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഓപ്പൺ ജയിലുകൾ പ്രവർത്തിക്കുന്നത് മേൽപ്പറഞ്ഞ എല്ലാ മാനദണ്ഡങ്ങളോടും കൂടിത്തന്നെയാണ്. കാസർകോട് ജില്ലയിലെ ചീമേനിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ ജയിലിൽ പ്രധാനമായും കശുവണ്ടി ഫാക്ടറിയാണ് പ്രവർത്തിക്കുന്നത്. പോരാത്തതിന് കൃഷിയും കല്ലുവെട്ടും അവിടെ സജീവമായി നടക്കുന്നു. ഇരുനൂറ്റമ്പതിൽപ്പരം ഏക്കറോളം പരന്നുകിടക്കുന്ന ജയിൽ പരിസരത്ത് സൂപ്പർവൈസറുടെ കീഴിൽ ഓപ്പൺജയിൽ തടവുകാർ ജോലിയെടുക്കുകയാണ് ചെയ്യുന്നത്. ഏതാണ്ട് നൂറിൽപ്പരം തടവുകാർ ഓപ്പൺ ജയിലിലുണ്ട്. തിഹാറിലെന്ന പോലെ രാവിലെ ഇറങ്ങി പുറത്തുപോയി യാത്രചെയ്ത് ജോലി ചെയ്ത് തിരിച്ചു വരുന്ന സംവിധാനം ഇപ്പോൾ കേരളത്തിലെ ഓപ്പൺ ജയിലുകളിലില്ല. അങ്ങനെയൊരാവശ്യം തടവുകാർ ഉന്നയിച്ചിട്ടില്ല. ഇനിയഥവാ അങ്ങനെയൊരു സാഹചര്യം വരുമ്പോൾ സംസ്ഥാനത്തിന് തീരുമാനമെടുക്കാം.
തടവുകാരിൽ വളരെ പ്രഗത്ഭരായ ജോലിക്കാരുണ്ടെങ്കിൽ അവരെക്കൊണ്ട് കരാർപ്പണി എടുക്കാൻ പാടില്ല. എന്നാൽ പ്രളയത്തിനുശേഷം ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾ ഉണ്ടാക്കിക്കൊടുക്കാൻ ഓപ്പൺ ജയിൽ തടവുകാരുടെ സ്വന്തം തീരുമാനപ്രകാരം അവർ മുന്നിട്ടിറങ്ങിയിരുന്നു. കേരളത്തിന് സെമി ഓപ്പൺ ജയിലുകളില്ല. ഓപ്പൺ ജയിലിൽ എത്രകാലം കഴിയണം എന്നൊന്നും മുമ്പേ തീരുമാനിക്കാൻ പറ്റില്ല. ജീവപര്യന്തം എന്നത് രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്- ഒന്ന് പതിനാല് വർഷം തടവ്, രണ്ട്- ജീവിതാവസാനം വരെ. മുപ്പത്തഞ്ച് വർഷമായിട്ടും തടവിൽക്കഴിയുന്നവരുണ്ട്.
ഓപ്പൺ ജയിൽ സംവിധാനത്തിൽ താമസിക്കുന്നവർക്ക് ജയിലിനടുത്തായി തങ്ങളുടെ കുടുംബത്തെ വാടകയ്ക്കോ മറ്റോ താമസിപ്പിക്കാൻ പറ്റുമോ, അവരുടെ ജോലിമികവുകൾ മേഖലാടിസ്ഥാനത്തിൽ മറ്റിടങ്ങളിൽ ഉപയോഗിക്കാൻ പറ്റുമോ, കൂടുതൽ വേതനം ലഭിക്കുന്ന ജോലികൾ തിരഞ്ഞെടുക്കാൻ ഓപ്പൺ ജയിലുകാർക്ക് അവസരം കൊടുക്കാമോ തുടങ്ങിയവ കേരളത്തിന്റെ ഓപ്പൺ ജയിൽ സംവിധാനത്തെ പശ്ചാത്തലമാക്കി ഗൗരവമായി പഠിക്കേണ്ടതും അന്വേഷിക്കണ്ടതുമാണ്. അതുപോലെ വനിതാ ഓപ്പൺ ജയിൽ സംവിധാനങ്ങളെ എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്നും പഠനവിധേയമാക്കേണ്ടതാണ്.
Co-Authored by Shabitha
(കേരളത്തിലെ ഓപ്പൺ ജയിൽ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്: ജോർജ് ചാക്കോ,വെൽഫെയർ ഓഫീസർ, ജില്ലാജയിൽ, എറണാകുളം.)
Content Highlights: Sunil Gupta writes about open jail system in India in his column Jail and justice continues
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..