ചാൾസ് ശോഭ് രാജ് /ഫോട്ടോ: എഎഫ്പി
'*നേപ്പാള്‍ സുപ്രീം കോടതിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. *ഇനിയുള്ള കാലം കഴിയുക എന്നതും ശോഭ്‌രാജിനെ സംബന്ധിച്ചിടത്തോളം ഒരു ദൃശ്യമായ തടവ് തന്നെയാണ്.* സ്വന്തം ജീവിതകഥ വിറ്റ് കാശാക്കി അത് വീണ്ടും ക്രിമിനല്‍കുറ്റങ്ങള്‍ക്കായി വിനിയോഗിച്ച ഏക വ്യക്തിയും ഒരു പക്ഷേ ശോഭ്‌രാജ് ആയിരിക്കാം. *കോടതിയില്‍ എത്രയോ വട്ടം സ്വയം വാദിച്ചിട്ടുണ്ട്. *ജയിലര്‍മാരെ എങ്ങനെ സ്വാധീനിക്കണം എന്ന് ശോഭ്‌രാജിനറിയാമായിരുന്നു.-തിഹാര്‍ ജയില്‍ മുന്‍ ലീഗല്‍ അഡൈ്വസര്‍ സുനില്‍ ഗുപ്ത എഴുതുന്ന പംക്തി ജയില്‍ ആന്‍ഡ് ജസ്റ്റിസ് വായിക്കാം.
ചാള്‍സ് ശോഭ്‌രാജ് ജയില്‍മോചിതനായി എന്ന വാര്‍ത്തയെ പോസിറ്റീവായിട്ട് ഞാന്‍ കാണുന്നു. എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിട്ടുണ്ടാകും അയാള്‍ക്കിപ്പോള്‍. മുന്‍കാലങ്ങളില്‍ ചെയ്തുകൂട്ടിയ തെറ്റുകളും അരുംകൊലകളും ആവര്‍ത്തിക്കാന്‍ അയാള്‍ക്ക് ഇനി ശേഷിയുണ്ടാവില്ല എന്നു വിശ്വസിക്കാം. ചാള്‍സ് ശോഭ്‌രാജ് നേപ്പാള്‍ ജയിലില്‍ പത്തൊമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞു. ഇനി അയാള്‍ മോചിതനാവേണ്ടതുതന്നെയാണ്. കൊലപാതകക്കേസുകളില്‍ ഒരാള്‍ തടവിലാക്കപ്പെടേണ്ടതായ പരമാവധി കാലയളവ് അയാള്‍ക്ക് കൊടുത്തിട്ടുണ്ട്. മോചിക്കപ്പെടുക എന്നതാണ് ജയില്‍ എന്ന ഫോര്‍മേറ്റീവ് തെറാപ്പി സെന്ററിന്റെ കടമ. ശോഭ്‌രാജിന്റെ ഇനിയുള്ള ജീവിതം സമൂഹത്തിന് ഭീഷണയാവുമെന്ന് ഞാന്‍ കരുതുന്നില്ല. സമൂഹത്തിന് വിരുദ്ധനാവാത്ത, അപകടകാരിയാവാത്ത ഒരാളെ തടവില്‍ വെക്കുന്നതും അന്യായമാണ്. അതുവരെയുള്ള കുറ്റങ്ങള്‍ക്കെല്ലാം ശിക്ഷയനുഭവിച്ചു കഴിഞ്ഞപ്പോള്‍ പുതിയ കേസുകളൊന്നും അയാള്‍ക്കുനേരെ ചാര്‍ജ് ചെയ്തിട്ടില്ല എന്നതും ജയില്‍ മോചനത്തിലേക്ക് നയിച്ച കാരണമായിരിക്കാം. നേപ്പാള്‍ സുപ്രീം കോടതിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്.
ചാള്‍സ് ശോഭ്‌രാജിനെക്കുറിച്ച് പറയുമ്പോള്‍ നട്‌വര്‍ ലാല്‍ എന്ന ക്രിമിനലിനെയാണ് എനിക്കോര്‍മവരുന്നത്. തിഹാറില്‍ വലിയ തലവേദനയായിരുന്നു അയാള്‍ സൃഷ്ടിച്ചിരുന്നത്. ചെയ്യാത്ത കുറ്റകൃത്യങ്ങളുണ്ടായിരുന്നില്ല. നട്‌വര്‍ ലാലിന്റെ ശൗര്യം പ്രായം കൂടുംതോറും ശോഷിച്ചുവരുന്നത് ഞാന്‍ നേരിട്ടുകണ്ടതാണ്. ശൗരിയായ നട്‌വര്‍ലാല്‍ ശാന്തനായിമാറിയത് വര്‍ഷങ്ങളുടെ തടവുജീവിതം നല്‍കിയ പാകപ്പെടുത്തലില്‍ നിന്നാണ്. അയാള്‍ മോചിതനായപ്പോള്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടില്ല. അതിനുള്ള ആരോഗ്യവും പ്രായവും അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. നട്‌വര്‍ലാലിന്റെ ജീവിതാനുഭവം വെച്ചുനോക്കുമ്പോള്‍ ചാള്‍സ് ശോഭ്‌രാജും തന്റെ പഴയ കാലത്തേക്ക് തിരിച്ചുനടക്കാന്‍ പ്രാപ്തിയില്ലാത്തവണ്ണം മാനസികമായും ശാരീരികമായും മാറിയിട്ടുണ്ടാവും. അങ്ങനെ നോക്കുകയാണെങ്കില്‍ ശോഭ്‌രാജ് ഇപ്പോള്‍ ഒരു അപകടകാരിയല്ല.
ജയില്‍ മോചിതനാവുമ്പോള്‍ ശോഭ്‌രാജിനെക്കൊണ്ട് ഒരു ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുക എന്നതാണ് നിയമപരമായി സാധ്യമായത്. സമൂഹത്തിന് വിഘാതം നില്‍ക്കുന്ന ഒന്നും തന്നെ തന്റെ പ്രവൃത്തിയില്‍നിന്നും ഉണ്ടാവുകയില്ലെന്നും ആള്‍നാശം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകം തുടങ്ങിയ പ്രവൃത്തികളില്‍ തന്റെ പങ്കാളിത്തം ഉണ്ടാവുകയില്ലെന്നും അയാള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. കോടതിയുടെ ഉപാധികള്‍ തെറ്റിച്ചാല്‍ തിരികെ നേരെ ജയിലിലേക്ക് തന്നെ അയാളുടെ ശിഷ്ടകാലം വന്നുചേരും. സാധാരണയായി കൊടുംക്രിമിനലുകളെ പുറത്തുവിടുമ്പോള്‍ കോടതികള്‍ ഇത്തരം ഉപാധികള്‍ വെക്കാറുണ്ട്. ശോഭ്‌രാജിന്റെ കാര്യത്തില്‍ മറ്റൊന്നു കൂടിയുണ്ട്, അയാള്‍ ഫ്രാന്‍സുകാരനാണ്. ഫ്രാന്‍സിലേക്ക് തിരികെയെത്തുന്ന നിമിഷം മുതല്‍ അയാള്‍ തീര്‍ത്തും പോലീസ് നിരീക്ഷണത്തിലായിത്തീരും. ശോഭ്‌രാജിന്റെ എല്ലാ നീക്കങ്ങളും രാജ്യം നിരീക്ഷിച്ചു കൊണ്ടേയിരിക്കും. ഒരു കുപ്രസിദ്ധ കുറ്റവാളിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരേ സമീപനത്തോടെ എല്ലാ മാധ്യമങ്ങളും പുറത്തുവിട്ടു കൊണ്ടിരിക്കുമ്പോള്‍ അത് അയാളുടെ മാതൃരാജ്യത്തിന്റെ കൂടി അപമാനമാണ്. ആ മാനഹാനി ഒരു സര്‍ക്കാറും സഹിച്ചുകൊള്ളണമെന്നില്ല. ശോഭ്‌രാജിനെപ്പോലെ ധാരാളം ക്രിമിനലുകള്‍ ഉണ്ട്, ഉണ്ടായിക്കൊണ്ടേയിരിക്കുന്നുമുണ്ട്.
ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ പുനരധിവസിപ്പിക്കുക വഴി, അവരുടെ മാനസികനില ഒരു സാധാരണ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന് ഉതകുന്നതാണെങ്കില്‍, നിയമത്തെക്കുറിച്ചും നീതിയെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും ബോധവാന്മാരാക്കി സമൂഹത്തിലേക്കു തന്നെ തിരിച്ചയക്കുക എന്നതാണ് ജയില്‍ സംവിധാനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. അപ്പോള്‍ ശോഭ്‌രാജിന് സമൂഹത്തോടുള്ള തന്റെ മനോഭാവത്തിലും ക്രിമിനല്‍ ബുദ്ധിയിലും കഴിഞ്ഞ പത്തൊമ്പത് വര്‍ഷം കൊണ്ട് മാറ്റം വന്നിട്ടുണ്ടായിരിക്കാം. അത്തരത്തില്‍ മാറുന്നവരെ മാത്രമേ മോചനത്തിനായി പരിഗണിക്കുകയുള്ളൂ. അത് ലോകത്തിലെ എല്ലാ ജയിലുകളും ഒന്നുപോലെ പാലിക്കുന്ന നിയമങ്ങളില്‍ ഒന്നാണ്. ജയില്‍ മോചിതനായശേഷം തിരികെ നാട്ടിലേക്കു മടങ്ങുമ്പോള്‍ മാധ്യമങ്ങളെ കണ്ട് ശോഭ്‌രാജ് പറഞ്ഞത് തന്നെ തടവില്‍പാര്‍പ്പിച്ച രാജ്യങ്ങള്‍ക്കെതിരെ കേസു കൊടുക്കുമെന്നാണ്. അതുവരെ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളൊന്നും അയാള്‍ അംഗീകരിച്ചിട്ടില്ല എന്നാണ് ഇതിനര്‍ഥം. അത്രയുംകാലം തന്നെ തടവിലാക്കിയതിന് അധികൃതര്‍ക്കെതിരെ നിയമപരമായി പോരാട്ടം തുടങ്ങുകയാണ് ഇനിയുള്ള ലക്ഷ്യം! അത് ശോഭ്‌രാജിന്റെ സ്ഥിരം ഹോബിയാണ്. തനിക്കെതിരെയുള്ള കേസുകളേക്കാള്‍ കൂടുതല്‍ കേസുകള്‍ അയാള്‍ തിരികെ കൊടുത്തു കൊണ്ടേയിരിക്കും. അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്. ചാള്‍സ് ശോഭ്‌രാജിന് നിയമങ്ങളെക്കുറിച്ച് നല്ല അവഹാഗമുണ്ട്. ഞാന്‍ ജയിലറായിരിക്കുമ്പോള്‍ നിയമപുസ്തകങ്ങള്‍ വായിക്കാനായി അയാള്‍ ജയില്‍ ലൈബ്രറിയില്‍ വരുമായിരുന്നു.
നേപ്പാള്‍ ശോഭ്‌രാജിനെ മോചിപ്പിച്ചു എന്നതിനര്‍ഥം നേപ്പാള്‍ അയാള്‍ക്കെതിരെ ചാര്‍ജുചെയ്ത കുറ്റങ്ങള്‍ക്കെല്ലാം ശിക്ഷ നല്‍കിയ ശേഷം വിട്ടയച്ചു എന്നാണ്. അതേ സമയം മറ്റു രാജ്യങ്ങളില്‍ അയാള്‍ക്കെതിരെ ചാര്‍ജു ചെയ്യപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇന്ത്യയിലെ കേസുകളെല്ലാം സര്‍ക്കാര്‍ തന്നെ തീര്‍പ്പാക്കിയതാണ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനായി ഇനി അയാളെ നമുക്ക് വിട്ടുകിട്ടാനില്ല. ക്രിമിനല്‍ കുറ്റങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ തടവുപുള്ളിയെ മറ്റൊരു രാജ്യത്തിന് കൈമാറ്റം ചെയ്യാനില്ലാത്ത സാഹചര്യത്തില്‍ നേപ്പാളിന് ചെയ്യാനുള്ളത് അയാളെ സ്വന്തം രാജ്യത്തേക്ക് കയറ്റിവിടുക എന്നത് മാത്രമാണ്. ഇത്തരത്തില്‍ സ്വന്തം രാജ്യത്തേക്ക് കയറ്റി അയക്കപ്പെടുന്ന അന്താരാഷ്ട്ര കുറ്റവാളികള്‍ സത്യത്തില്‍ ഓരോ രാജ്യത്തിനും തലവേദനയും ബാധ്യതയുമാണ്.
അണ്ണാന്‍ മരം കയറ്റം മറന്നില്ലെങ്കിലോ! മരം കയറാതെ നോക്കേണ്ടതും അയാള്‍ക്ക് ജീവഹാനി സംഭവിക്കാതെ നോക്കേണ്ടതും മാതൃരാജ്യമാണ്. ഫ്രാന്‍സ് പോലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തില്‍ മാത്രമേ ശോഭ്‌രാജിന് ഒരു ചുവട്‌പോലും മുന്നോട്ടുവെക്കാനാവുകയുള്ളൂ. ലോകത്തെ സാങ്കേതികവളര്‍ച്ച അത്രകണ്ട് പുരോഗമിച്ച ഒരു കാലഘട്ടത്തിലേക്കാണ് ചാള്‍സ് ശോഭ്‌രാജ് മോചിപ്പിക്കപ്പെടുന്നത്. അത് ശോഭ്‌രാജിനെക്കാളും ഉപകാരപ്പെടുക അയാളെ നിരീക്ഷിക്കുന്ന പോലീസ് സംവിധാനത്തിനായിരിക്കും. ആഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ ദിവസേനയോ അയാള്‍ താമസിക്കുന്ന പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് തന്റെ ഹാജര്‍ രേഖപ്പെടുത്തേണ്ടി വരും. ലൊക്കാലിറ്റി വിട്ട് സഞ്ചരിക്കേണ്ട സാഹചര്യം വരുമ്പോള് മുന്‍കൂട്ടി അറിയിക്കുകയും സമ്മതം വാങ്ങുകയും വേണ്ടിവന്നേക്കാം. അത്തരത്തില്‍ സമ്പൂര്‍ണമായ നിരീക്ഷണത്തില്‍ ഇനിയുള്ള കാലം കഴിയുക എന്നതും ശോഭ്‌രാജിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തില്‍ അദൃശ്യമായ തടവ് തന്നെയാണ്.
ശോഭ്‌രാജിന്റെ പിതാവ് ഹോചന്ദ് ഭവ്‌നാനി ഗുരുമുഖ് ശോഭ്‌രാജ് ബംഗാളിയും അമ്മ ടി.എല്‍ ഫൂന്‍ വിയറ്റ്‌നാമിയുമായിരുന്നു. ബാര്‍ അസിസ്റ്റന്റായിരുന്നു അവര്‍. ശോഭ്‌രാജിന്റെ അച്ഛനും അമ്മയും വിവാഹിതരായിരുന്നില്ല. ഹോചന്ദുമായി ഫൂന്‍ വേര്‍പിരിഞ്ഞപ്പോള്‍ ശോഭ്‌രാജിന്റെ പിതൃത്വം അയാള്‍ നിഷേധിച്ചു. അന്ന് ചാള്‍സിന് നാല് വയസ്സു മാത്രമാണ് പ്രായം. ഫൂന്‍ രണ്ടാമതായി തിരഞ്ഞെടുത്തത് ഒരു ഫ്രഞ്ച് ലഫ്റ്റനെന്റിനെയായിരുന്നു. ചാള്‍സിന് ഒരു ഐഡന്റിറ്റി നല്‍കിയത് രണ്ടാനച്ഛനായിരുന്നെങ്കിലും ചാള്‍സിന് സഹോദരങ്ങള്‍ പിറന്നതോടെ അയാള്‍ ഏകാകിയായി മാറി. അമ്മയുടെ ശ്രദ്ധ മുഴുവന്‍ പുതിയ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ ചാള്‍സ് അലഞ്ഞുനടക്കാന്‍ തുടങ്ങി. ഹോചന്ദ് വിവാഹം കഴിച്ചത് ഒരു ഇന്ത്യക്കാരിയെ ആയിരുന്നു. തനിക്കുള്ള അതേ ഉത്തരവാദിത്തം ഹോചന്ദിനുമുണ്ട് എന്ന ഉദ്ദേശ്യത്തിലായിരിക്കണം 1961-ല്‍ പതിനേഴാമത്തെ വയസ്സില്‍ പൂനെയിലെ ബന്ധുവിന്റെയടുക്കലേക്ക് ചാള്‍സ് ശോഭ്‌രാജിനെ ഫൂന്‍ പറഞ്ഞയക്കുന്നത്.
ചാള്‍സിന് പക്ഷേ ഇന്ത്യ തട്ടിപ്പുകളുടെ വിളനിലമായി മാറി. വളരെ ചെറുപ്പം മുതലേ തൊഴിലുകള്‍ ചെയ്യാന്‍ തുടങ്ങിയ ശോഭ്‌രാജ് പണം സമ്പാദിക്കാന്‍ മിടുക്കനായിരുന്നു. ഹോട്ടലില്‍ വെയ്റ്ററായിട്ടാണ് ശോഭ്‌രാജ് ജോലി തുടങ്ങിയത്. വളരെ സ്മാര്‍ട്ടും സുന്ദരനുമായ ശോഭ്‌രാജിന് ആരെയും ആകര്‍ഷിക്കാനുള്ള കഴിവ് അപാരമായിരുന്നു. ഹോട്ടലുകളില്‍ മാറിമാറി ജോലി ചെയ്തുവരുമ്പോളാണ് തന്റെ 'തൊഴില്‍' അയാള്‍ കണ്ടുപിടിക്കുന്നത്. അതിനായി തിരഞ്ഞെടുത്തതാവട്ടെ ഇന്ത്യന്‍ ടൂറിസ്റ്റ് സാധ്യതയുമായിരുന്നു. 'ബിക്കിനി കില്ലര്‍' എന്ന പേരില്‍ അറിയപ്പെട്ട ശോഭ്‌രാജ് തന്റെ ആകര്‍ഷണീയമായ പെരുമാറ്റം കൊണ്ട് വിദേശ വനിതകളുമായി സൗഹൃദം സ്ഥാപിച്ചു. ഒരു ഹോട്ടല്‍ ജോലിക്കാരന്‍ പുലര്‍ത്തേണ്ടതായ വിനീതവിധേയത്വത്തോടെ ഗോവയിലും മറ്റു വിനോദസഞ്ചാര സ്ഥലങ്ങളിലുമെത്തുന്ന വനിതകളുടെ വിശ്വാസം പിടിച്ചുപറ്റുകയാണ് ശോഭ്‌രാജിന്റെ ആദ്യത്തെ ടാസ്‌ക്.
അസാധ്യമായ ഒഴുക്കോടെ വിദേശഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നത് ഹോട്ടല്‍ മേഖലയില്‍ ചാള്‍സിന്റെ ഡിമാന്റ് കൂടാന്‍ കാരണമായി. വിശ്വാസ്യത നേടിയെടുത്ത ശേഷം വിദേശ വനിതകളോടൊത്ത് ഡിന്നര്‍ കഴിക്കുക എന്നതാണ് അടുത്ത പരിപാടി. പിന്നെ അവരോടൊത്തുള്ള ലൈംഗികബന്ധം. അതിന് തയ്യാറാവാത്തവരെ ബലാത്സംഗം ചെയ്യും. ഇരകളാക്കപ്പെട്ടവര്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നതോടെ ശോഭ്‌രാജിനെ സംബന്ധിച്ചിടത്തോളം ഈ വനിതകള്‍ ഇനി ജീവിച്ചിരിക്കേണ്ടതായ ഒരു ആവശ്യവുമില്ല. ഗോവന്‍ ബീച്ചുകളില്‍ വിദേശവനിതകളുടെ മൃതദേഹങ്ങള്‍ തുടര്‍ക്കഥയായി മാറിയതോടെയാണ് പോലീസ് ജാഗരൂകരായതും അന്വേഷണം ആരംഭിച്ചതും.
ചാള്‍സ് ശോഭ്‌രാജിന്റെ ജീവിതം സിനിമയും സീരീസും നോവലും നാടകവും ആത്മകഥയും തുടങ്ങി സാഹിത്യത്തിന്റെയും സിനിമയുടെയും എല്ലാമേഖലയിലും ഹിറ്റായിരുന്നു. ഇപ്പോഴും അയാള്‍ നല്ലൊരു 'സബ്ജക്ട്' തന്നെയായി തുടരുന്നു. സ്വന്തം ജീവിതകഥ വിറ്റ് കാശാക്കി അത് വീണ്ടും ക്രിമിനല്‍കുറ്റങ്ങള്‍ക്കായി വിനിയോഗിച്ച ഏക വ്യക്തിയും ഒരു പക്ഷേ ശോഭ്‌രാജ് ആയിരിക്കാം. ഗോവന്‍ കമ്മീഷണറായിരുന്ന പി.വി സിനാരിയാണ് ശോഭ്‌രാജിന്റെ ക്രിമിനല്‍ രീതികളെക്കുറിച്ച് വിശദീകരിച്ച് തന്നത്. അദ്ദേഹം പിന്നീട് ഡല്‍ഹി ജയില്‍ ഐ.ജിയായി ചുമതലയേറ്റു. സുന്ദരികളായ വിദേശവനിതകളുടെ മൃതശരീരങ്ങള്‍ എല്ലാം തന്നെ നഗ്നമായിരുന്നു എന്നതായിരുന്നു കൃത്യം ചെയ്തത് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
ഇന്ത്യയിലെ ജയിലുകളില്‍നിന്ന് തടവുചാടുക എന്നത് അയാളുടെ ശീലമായിരുന്നു. അപകടകരാംവിധം ശരീരത്തില്‍ മുറിവുകള്‍ സ്വയം ഏല്‍പിച്ചുകൊണ്ട് ജയിലില്‍ മരണാസന്നനായി അഭിനയിക്കുക എന്നത് അയാളുടെ മറ്റൊരു കുടിലതയായിരുന്നു. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ജയില്‍ അധികൃതര്‍ അയാളെയും കൊണ്ട് ആശുപത്രിയിലേക്കോടും. അവിടത്തെ സാഹചര്യത്തില്‍ വിലങ്ങ് ചിലപ്പോള്‍ അഴിക്കേണ്ടതായി വരും. ചികിത്സകള്‍ക്കിടയില്‍ ഞൊടിയിടകൊണ്ട് ശോഭ്‌രാജ് അപ്രത്യക്ഷമാകും. കസ്റ്റഡിയില്‍നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് അയാള്‍ക്ക് നന്നായിട്ടറിയാമായിരുന്നു.
ഞാന്‍ അസിസ്റ്റന്റ് സൂപ്രണ്ടായിരിക്കുമ്പോള്‍ പലപ്പോഴും എന്റെയടുക്കല്‍ വന്നിരുന്നത് പുസ്തകങ്ങള്‍ക്കായിരുന്നു. കോടതിയില്‍ എത്രയോ വട്ടം സ്വയം വാദിച്ചിട്ടുണ്ട്. ജയിലര്‍മാരെ എങ്ങനെ സ്വാധീനിക്കണം എന്ന് ശോഭ്‌രാജിനറിയാമായിരുന്നു. പണം വേണ്ടവര്‍ക്ക് പണം, മദ്യം വേണ്ടവര്‍ക്ക് മദ്യം, അല്ലാത്ത സുഖഭോഗങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള സാഹചര്യം... അങ്ങനെ ജയിലിനകത്തുനിന്ന് അയാള്‍ പുറത്തെ മനുഷ്യരുടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. തിഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍നിന്നു തടവുചാടി നേരെ പോയത് ഗോവയിലേക്കാണ്. അവിടെനിന്നു പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞത് താന്‍ രക്ഷപ്പെട്ടതല്ല, മറിച്ച് തന്നെ സ്‌കോട്‌ലാന്റ് യാര്‍ഡ് തട്ടിക്കൊണ്ടുപോയതാണ് എന്നായിരുന്നു!
1996-ല്‍ ഇന്ത്യയിലെ തടവില്‍നിന്നു മോചിപ്പിച്ച് ശോഭ്‌രാജിനെ നമ്മള്‍ ഫ്രാന്‍സിലേക്ക് കയറ്റി വിട്ടതാണ്. ജയില്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതും ജയില്‍ ചാടിയതുമായ കേസുകള്‍ അപ്പോള്‍ അയാള്‍ക്കെതിരെ കോടതിയില്‍ ഉണ്ടായിരുന്നു. പക്ഷേ, സര്‍ക്കാര്‍ വളരെ സമര്‍ഥമായ ഒരു തീരുമാനം എന്ന നിലയില്‍ എല്ലാ കേസുകളും പിന്‍വലിച്ച് അയാളെ ഇന്ത്യയില്‍നിന്നു പറഞ്ഞയക്കുകയാണ് ചെയ്തത്. ചാള്‍സ് ശോഭ്‌രാജിനെതിരായ കേസുകള്‍ എല്ലാം പരിഹരിച്ചെങ്കിലും ജയില്‍ അധികൃതരുടെ കൃത്യനിര്‍വഹണത്തില്‍ സംഭവിച്ച വീഴ്ചകൊണ്ടാണ് ശോഭ്‌രാജ് ജയില്‍ ചാടിയത് എന്ന കേസില്‍ തിഹാറിലെ ജയില്‍ ജീവനക്കാര്‍ ഇപ്പോഴും വകുപ്പുതല അന്വേഷണങ്ങള്‍ നേരിട്ടുകൊണ്ടേയിരിക്കുന്നു!
(Co-authored by Shabitha)
Content Highlights: Sunil Gupta, Jail And Justice, Charles Sobhraj, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..