നെയ്യാര്‍ ഏറ്റുവാങ്ങിയ വിശപ്പ്, അനാഥമന്ദിരം മോഹിപ്പിച്ച ഭക്ഷണം; എഴുത്തില്‍ നൊന്ത കെ.എസ് രതീഷ്‌


കെ എസ് രതീഷ് Ratheesh.amets09@gmail.com

ചറപറാന്ന് സകലര്‍ക്കും കഥകളയച്ചു,അച്ചടിച്ചു വന്നപ്പോള്‍ സകലരും അതെല്ലാം വായിക്കണം എന്നാഗ്രഹിച്ചു. അതിനായിട്ട് എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു. എന്റെ ഉള്ളിലെ ഭ്രാന്തുകളും നോവും അങ്ങനെ പതിയപ്പതിയെ കുന്നിറങ്ങിപ്പോകാന്‍ തുടങ്ങി.

പുസ്തകത്തിന്റെ കവർ, കെ.എസ് രതീഷ്‌

റൈറ്റേഴ്‌സ് ഡയറിയില്‍ ചെറുകഥാകൃത്ത് കെ.എസ് രതീഷ് എഴുതുന്നു.

ക്കാലത്ത് വിശന്നു കരഞ്ഞപ്പോള്‍ പുട്ടുകുറ്റിയില്‍ മഞ്ഞച്ചേര കയറിയതും,അതില്‍ പുട്ടുണ്ടാക്കിത്തിന്ന് ഒരമ്മയും മൂന്ന് മക്കളും മരിച്ചതുമായ കഥ അമ്മ ഞങ്ങളോട് പറഞ്ഞു. പേടിച്ച് വിശപ്പൊതുക്കി നെയ്യാറില്‍ കല്ലെറിഞ്ഞു കളിച്ചു,കുളിച്ചു.ഇതാണ് എന്റെ ബാല്യം. നെയ്യാര്‍ഡാമിലെ പ്രതിമയുടെ കഥ പറഞ്ഞുതന്നോണ്ടാണ് അമ്മ ഞങ്ങളെ മൂന്നിനേയും എടുത്ത് നെയ്യാറില്‍ ചാടി ചാവാന്‍ ശ്രമിച്ചത്. മൂന്നു നേരവും കിട്ടുന്ന ഭക്ഷണത്തിന്റെ കഥയും രുചിയും പറഞ്ഞാണ് കൊല്ലത്തെ അനാഥമന്ദിരത്തില്‍ അമ്മയെന്നെ കൊണ്ടുചേര്‍ത്തത്. കഥ പറയാനും നുണ പറയാനുമുള്ള എന്റെ ആഗ്രഹം എവിടുന്ന് കിട്ടിയെന്ന് നിങ്ങളാരും ഇനി സംശയിക്കണ്ട. ഇന്ന് എന്റെ പിള്ളേരോടും അതേ കഥകളുടെ പുതിയ പതിപ്പ് തട്ടിവിടുന്ന അമ്മ ദേ! അപ്പുറത്തെ മുറിയിലുണ്ട്.

നെയ്യാറില്‍ തടി വാങ്ങാന്‍ വന്ന അപ്പന്‍ അമ്മയെ തട്ടിക്കൊണ്ടുപോയെന്നാണ് അമ്മ പറയുന്നത്. പ്രണയമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. എന്തായാലും മൂന്ന് പിള്ളേരായപ്പോള്‍ അപ്പന്റെ പ്രണയം തീര്‍ന്നു. ആ മനുഷ്യന്റെ ഇടി വാങ്ങി രക്തം തുപ്പാന്‍ തുടങ്ങിയപ്പോള്‍ ആ പിള്ളേരേയും തൂക്കി നെയ്യാറിന്റെ കരയിലെ ഒറ്റമുറി വാറ്റുപുരയില്‍ അമ്മയും ഞങ്ങളും വിപ്ലവജീവിതം തുടങ്ങി.

ഒരു മുറിയന്‍ വെട്ടുകത്തിക്ക് റബ്ബര്‍ മരങ്ങള്‍ കുഴിച്ചിട്ടു. വനത്തില്‍ കയറി യൂക്കാലി വിറക് വെട്ടി വിറ്റു. ഇതിനിടയില്‍ ഇത്തിരി താളം തെറ്റിയപ്പോഴാണ് ഒന്നിച്ചങ്ങ് ചാകാന്‍ തീരുമാനിച്ചത്. അവിടുന്ന് നാട്ടുകാര് മൂന്ന് പിള്ളേരെയും മൂന്ന് അനാഥ മന്ദിരത്തിലാക്കി. ഞാന്‍ കൊല്ലത്തെ ബാലഭവനില്‍. അമ്മയെ അവര്‍ ഏതോ ആശുപത്രിയിലാക്കി.

അമ്മയെ,സഹോദരങ്ങളെക്കാള്‍ ഭക്ഷണത്തിനായിരുന്നു എന്റെ പരിഗണന. നാലര വയസില്‍ തിന്നാനെന്തെങ്കിലും കിട്ടോന്നല്ലേ നിങ്ങളും ആഗ്രഹിക്കൂ. അവിടുന്ന് ഒറ്റയാന്റെ എത്രയോ വര്‍ഷങ്ങള്‍. ആകെ അമ്മ ചെവിയില്‍ പറഞ്ഞ ഒറ്റ ലക്ഷ്യം.'പഠിച്ചു പോലീസാകണം അപ്പനെ ഓടിച്ചിട്ട് പിടിച്ച് കൂമ്പിന് നാല് കൊടുക്കണം.'പഠിച്ചു, ബാഗില്ലെന്നോ ചെരിപ്പില്ലെന്നോ,കുടയില്ലെന്നോ

കളര്‍ പെന്‍സിലില്ലെന്നോ ഞാനും ആ മന്ദിരത്തിലെ കുട്ടികളാരും പരാതി പറഞ്ഞില്ല. അല്ലെങ്കിലും ആരോട് പറയാന്‍? കരച്ചിലിന് ഏറ്റവും വിലകുറഞ്ഞ സ്വീകാര്യതയുള്ള എന്റെ അക്കാദമി.

99-ല്‍ പത്തില് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അനാഥാലയത്തിലെ കുട്ടി ആരാണെന്ന് ചോദിക്കരുത്. ഒരു മാസികയില്‍ വന്ന എന്റെ ഫോട്ടോ ഞാന്‍ കാണിക്കേണ്ടതായി വരും. അത് പോട്ടെ, പിന്നെ ആ മന്ദിരത്തില്‍ പതിനൊന്നും പന്ത്രണ്ടും അവരെക്കൊണ്ട് താങ്ങാന്‍ കഴിയില്ലെന്ന് ആയപ്പോള്‍,കൊല്ലം പട്ടണത്തിന്റെ അനന്ത സാധ്യതകളിലേക്ക് ഞാനങ്ങ് ഇറങ്ങി നിന്നു.

ഹോട്ടല്‍,തട്ടുകട,ബാര്‍,കറിപൗഡര്‍ കമ്പനി,സെപ്ടിക്ക് ടാങ്ക് ക്‌ളീനിംഗ് സംഘം, പന്തല്‍പ്പണി...ഇതിനിടയിലൂടെ ഒപ്പം ഒരു ഡിഗ്രിയും ബിഎഡും ഒപ്പിച്ചു. ചെറിയ മാര്‍ക്കിലല്ല, നല്ല ഫസ്റ്റ് ക്ലാസില്‍ തന്നെയാണ്. ഈ കഥകള്‍ ക്ലാസിലെ പിള്ളേര്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ വെറും തള്ളായിട്ടാണ് അവരുടെ ലൈന്‍. അതും നമുക്ക് വിടാട്ടോ.

ബി എഡ് കഴിഞ്ഞു പ്രൊഫഷണല്‍ ആയിടാണ് കാര്യങ്ങള്‍ നീക്കിയത്. പ്രൈവറ്റ് സ്‌കൂളില്‍ ജോലിയും മെഡിക്കല്‍ റെപ്പിന്റെ പണിയും ലോഡ്ജ് മുറിയിലിരുന്ന് സ്വയം പി എസ് സി കോച്ചിങ്ങും. കൊല്ലത്ത് അധ്യാപകരുടെ പരീക്ഷയില്‍ ഒന്നാം റാങ്കും കിട്ടി. ഇതിനിടയില്‍ ഞാനും നാട്ടില്‍ വന്നു. ഈ എം എസ് പദ്ധതിയുടെ സഹായം കൂടെ കൂട്ടി കുഞ്ഞന്‍ വീട് തട്ടിക്കൂട്ടി. ചേച്ചിയെ കെട്ടിച്ചു.

അതും അവിടെ നിക്കട്ടെ, ഞാനും കെട്ടി രണ്ട് കുട്ടികളുമായി. അങ്ങനെ ഇരിക്കുമ്പോള്‍ എനിക്ക് ആ ഭൂതകാലം ഇങ്ങനെ തികട്ടി വരും. കരയണമെന്നൊക്കെ തോന്നും. ഞാനപ്പോള്‍ കഥയായിട്ട് ഇതൊക്കെ എഴുതി വയ്ക്കും. എഴുതി വച്ചതെല്ലാം ഞാന്‍ കഴിച്ച മരുന്നുകളുടെ കുപ്പികളായി കൂട്ടി വച്ചപ്പോഴാണ് മലപ്പുറത്തെ കൂട്ടുകാരി അതിലൊന്നെടുത്ത് ഒരു പതിപ്പിനയച്ചത്. അത് അച്ചടിച്ചു കണ്ടപ്പോഴാണ് എനിക്ക് ബോധ്യമായത് എനിക്കുള്ള ചികിത്സ കഥ തന്നെയാണ്, ഇങ്ങനെ അച്ചടിപ്പിക്കലാണ്. ഞാനെന്തിന് കരയണം, എന്നെ വായിച്ച് ഈ നാട്ടുകാര്‍ കരയുകയും പറയുകയും ചെയ്യട്ടെന്ന്.

ചറപറാന്ന് സകലര്‍ക്കും കഥകളയച്ചു,അച്ചടിച്ചു വന്നപ്പോള്‍ സകലരും അതെല്ലാം വായിക്കണം എന്നാഗ്രഹിച്ചു. അതിനായിട്ട് എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു. എന്റെ ഉള്ളിലെ ഭ്രാന്തുകളും നോവും അങ്ങനെ പതിയപ്പതിയെ കുന്നിറങ്ങിപ്പോകാന്‍ തുടങ്ങി.

പിന്നെയാണ് അടുത്ത മാറ്റം ഞാന്‍ കണ്ടത്. ഞാന്‍ കരുതി ഈ ഭൂമിയിലെ നോവെല്ലാം എനിക്കു മാത്രമാണെന്ന്, അല്ല. വായിച്ചവരില്‍ ചിലരെല്ലാം എന്നെ വിളിക്കുന്നു. ചിലര്‍ കാണാന്‍ വരുന്നു. കൈയില്‍ കോര്‍ത്ത് പിടിച്ചു നടക്കുന്നു. കെട്ടിപ്പിടിക്കുന്നു.എനിക്ക് ബന്ധുക്കളുണ്ടാകുന്നു.

എഴുത്ത് ഏറ്റവും വലിയ മനുഷ്യക്കടത്തെന്ന തിരിച്ചറിവായിരുന്നു. നമ്മുടെ ഉള്ളിലേക്ക് അവരുടെ സ്‌നേഹം കടത്തിക്കൊണ്ട് പോകല്‍...അടുത്ത കഥ ഏതാണ്? എഴുതിയ കഥ ഏതുവരെ ആയി? കഥാസമാഹാരം അയച്ചു തരാമോ? എന്നൊക്കെ ചോദിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അതങ്ങനെ പറഞ്ഞറിയാക്കന്‍ കഴിയില്ല...

കഥയിങ്ങനെ കൂട്ടിവച്ചപ്പോള്‍ ആ മലപ്പുറംകാരി ഒരു വള ഊരി തന്നിട്ട് ഒറ്റപ്പറച്ചില്‍ 'മുത്തേ നമുക്കിതൊരു പുസ്തകമാക്കണം'ആദ്യപുസ്തകമായ പാറ്റേണ്‍ലോക്കിന്റെ ജനനം അങ്ങനെയാണ്. അത് വായിച്ച് പിന്നാലെ വന്ന കഥകളും നോക്കി കോഴിക്കോട്ടുകാരന്‍ മണിശങ്കര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. എനിക്ക് നിങ്ങളുടെ ഒരു പുസ്തകം ചെയ്യണം. ദാ വരുന്നു അടുത്ത പുസ്തകം ഞാവല്‍ ത്വലാഖ്.

ഭാഷാപോഷിണിയും ചന്ദ്രികയും എന്റെ കഥകള്‍ ആദ്യമായി അച്ചടിച്ച വര്‍ഷവും അതാണ്. പിന്നാലെ വന്ന കഥകളും വാരിക്കൂട്ടി ഞാന്‍ കോഴിക്കോട് പൂര്‍ണയില്‍ചെന്നു.'ബര്‍ശല്', 'കബ്രാളും കാശിനെട്ടും' അടുത്തടുത്ത് രണ്ട് കഥാസമാഹാരങ്ങളുടെ ജനനം.

ദേ, വരുന്നു വിമര്‍ശകരുടെ,നിരൂപകരുടെ വാളുകള്‍ 'ഇവനിത് ഒരു ദിവസം എത്ര കഥയാണ് ഉണ്ടാക്കുന്നത്! ഇതൊക്കെ കഥയാണോ...'ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. കൂടുതല്‍ ചൊറിഞ്ഞ ചിലരെ ഞാന്‍ നല്ല തെറിയങ്ങ് വിളിച്ചു. അഹങ്കാരി, ആത്മരതീഷ്, സര്‍ട്ടിഫിക്കറ്റുകളുടെ വരവാണ്. അതും ഞാനങ്ങനെ കൈപ്പറ്റി. എനിക്ക് ഒരുപാട് പറയാനുണ്ട്, അതോണ്ട് ഒരുപാട് കഥയുണ്ടാക്കുന്നു. വായിക്കാന്‍ ആഗ്രഹമുള്ളവര്‍ വായിക്കട്ടെ.

മാധ്യമവും ദേശാഭിമാനിയും കഥകള്‍ക്ക് ഇടം തന്നപ്പോള്‍ ഡി.സിയില്‍ നിന്നുള്ള വിളി. എന്റെ കഥാസമാഹാരം ചെയ്യാന്‍ തീരൂമാനിച്ചത്രേ. അത് 'കേരളോല്പത്തി' എന്ന പേരില്‍. ഭാഷാപോഷിണിയില്‍ വന്ന പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥ നല്ല ചര്‍ച്ച ചെയ്തതിന്റെ വിശ്വാസത്തില്‍ കുറച്ചു കഥകള്‍ ചിന്തയില്‍ കൊണ്ട് കൊടുത്തു. കഴിഞ്ഞ വര്‍ഷം അതും പുസ്തകമായി.

അതുവരെയുള്ള ആറില്‍ നാലും ആദ്യം അയച്ചത് മാതൃഭൂമിയിലേക്കാണ്. മാതൃഭൂമി പതിപ്പിലും കഥ വന്ന ധൈര്യത്തില്‍ ഏഴാമത്തെ ശ്രമത്തിലാണ് ഹിറ്റ്‌ലറും തോറ്റ കുട്ടിയും പുസ്തകമാകുന്നത്. ഇനിയും ഒരു സമാഹാരം എസ്.പി.സി.എസില്‍ പൂര്‍ത്തിയായി വരുന്നുണ്ട്. അതും വരട്ടെ.

ചത്ത് പോകുമ്പോള്‍ ഉതുപ്പാന്റെ കിണര്‍പോലെ, ശബ്ദിക്കുന്ന കലപ്പ പോലെ, പൂവമ്പഴം പോലെ, കടല്‍ത്തീരത്ത് പോലെ, കല്ലുവച്ച നുണകള്‍ പോലെ ഒരു കഥയുടെ പേരില്‍ എന്നെയും ഈ നാട് ഓര്‍ക്കുന്നതാണ് എന്റെ സ്വപ്നം.

എന്നെ ഞാന്‍ ചികിത്സിക്കുന്ന വിധമാണ് എന്റെ എഴുത്ത്. മറ്റുള്ളവര്‍ അതിലെന്ത് കാണുന്നു എന്ന ആകുലത എനിക്കില്ല.വലിയ വായനയുടെ ദന്തഗോപുരങ്ങള്‍ അതിന്റെ നേര്‍ക്ക് വലിച്ചെറിയുന്ന മൂര്‍ച്ചകളില്‍ എനിക്ക് ദുഃഖമില്ല.കഥകൊണ്ടാണ് ഞാനെന്റെ മനുഷ്യരെ പിടിക്കുന്നത്.

ഭൂമിയുടെ ഏതോ കോണില്‍ എന്റെ കഥ ആശ്വാസമാകുന്ന ഒരു മനുഷ്യനുണ്ടാകും, അവനുവേണ്ടി എനിക്ക് എഴുതിയേ മതിയാകൂ. കരഞ്ഞു പോകാതിരിക്കാനുള്ള എന്റെ സൂത്രമാണ് കഥ. കരയാന്‍ എനിക്ക് തോന്നാത്ത കാലത്ത് കഥയുണ്ടാക്കല്‍ ഞാനങ്ങ് നിര്‍ത്തിവയ്ക്കും.

എന്റെ കഥയില്‍ എന്തിരിക്കുന്നു എന്നൊക്കെ ചോദിക്കുന്നവരോട് ഞാനതില്‍ നൊന്തിരിക്കുന്നു എന്നേ എനിക്ക് പറയാനുള്ളു. മക്കളുടെ മക്കളുടെ മക്കളില്‍ ആരെങ്കിലും പറയും ഇതെന്റെ പൂര്‍വ്വികന്‍ ഒരു കെ എസ് രതീഷ് എഴുതിയതാണ്. എന്റെ കഥാ വിശപ്പ് അന്നേ തീരൂ...

കെ.എസ് രതീഷ് എഴുതിയ ചെറുകഥകള്‍ വാങ്ങാം

Content Highlights: Writer's Diary, K.S Ratheesh, Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented