കലാമണ്ഡലം സരസ്വതി/ ഫോട്ടോ മധുരാജ്
'എനിക്കെന്റെ കുടുംബമാണ് വലുത്. ഞാനിതില്‍നിന്നു പിന്മാറുകയാണ്. നിനക്ക് പ്രശ്നമാകുമോ?'
മാതൃഭൂമി ഡോട്കോമില്‍ സാരസ്വതത്തിന്റെ ആദ്യലക്കം പ്രസിദ്ധീകരിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ വന്ന കോള്‍ അറ്റന്റ് ചെയ്തതും ആകെ തരിപ്പുകയറി. ആറേഴ് മാസം പിറകേ നടന്ന്, ശല്യം ചെയ്ത്, ഒരുവിധം നേരെയാക്കി കൊണ്ടുവരികയാണ്. ആദ്യത്തെ അധ്യായം പ്രസിദ്ധീകരിച്ച് ചൂടാറും മുമ്പേ സരസ്വതി ടീച്ചര്‍ പിന്മാറ്റമറിയിച്ചിരിക്കുന്നു. എനിക്കൊന്നും പറയാന്‍ വരുന്നുണ്ടായിരുന്നില്ല. എന്റെ പ്രതികരണമൊന്നും കേള്‍ക്കാതായപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'നിന്നെ ഇതെങ്ങനെ ബാധിക്കുമെന്നാണ് പേടി.'
ആ പേടിയില്‍ ഞാന്‍ കയറിപ്പിടിച്ചു.
'അതൊന്നും കുഴപ്പമില്ല. ടീച്ചര്‍ക്ക് വേണ്ടെങ്കില്‍ നമുക്ക് നിര്‍ത്താം.'
'നിന്നെയിത് മോശമായി ബാധിക്കുമോ? '
'ബാധിക്കും. അതൊന്നും കുഴപ്പമില്ല, ടീച്ചറുടെ സമാധാനമാണ് വലുത്. ഒറ്റ അധ്യായം കൊണ്ട് ഒരു ആത്മകഥ അവസാനിച്ചതെങ്ങനെ എന്ന വിശദീകരണം ഞാന്‍ കൊടുക്കാന്‍ ബാധ്യസ്ഥയാണ്. അതൊന്നും കുഴപ്പമില്ല, ടീച്ചറുടെ സമാധാനമാണ് വലുത്.' ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലിരുന്ന് ഒരു മാര്‍ക് ആന്റണി 'ബ്രൂട്ടസ് ഈസ് ഇന്നസെന്റ്' എന്ന് ആവര്‍ത്തിച്ചു.
ടീച്ചര്‍ ആകെ വിഷമസന്ധിയിലായി. 'നീയെന്തിനാ ഇപ്പോ ഇങ്ങനെയൊരു കുരിശെടുത്തു ചുമന്നത്.' ടീച്ചര്‍ ദേഷ്യത്തിലാണ് പറയുന്നതെങ്കിലും അതിലൊരു സമാധാനക്കേടിന്റെ ആധിയുണ്ടായിരുന്നു. അപ്പുറത്തെ കരുതലിന്റെ അലിവുറവ ഞാനറിഞ്ഞു. ആ അലിവില്‍ ഞാന്‍ തൂങ്ങിപ്പിടിച്ചു.
'ടീച്ചറെന്തിനാണ് പത്തറുപത് കൊല്ലം നൃത്തം മാത്രം ജീവവായുവാക്കിയത്? ടീച്ചറെന്തിനാണ് എം.ടിയെ വിവാഹം ചെയ്തത്? ടീച്ചറെന്തിനാണ് കലാമണ്ഡലം ഡീനായത്? കലാമണ്ഡലം സരസ്വതിയെയാണ് ഞാന്‍ രേഖപ്പെടുത്തുന്നത്. ആ പേരിന് വലിയ വിലയുണ്ട്. അത് അടയാളപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആ ശ്രമം പരാജയപ്പെട്ടു എന്നു കരുതിക്കോളാം.'
'എന്നാലും അതുവേണ്ട.'
അതുപറഞ്ഞതും ടീച്ചര്‍ ഫോണ്‍ വെച്ചു.
എന്റെ ചെവികളിലൂടെ പുക പറന്നു. നടക്കില്ല എന്നുറപ്പായി.
ഒരാശ്രയത്തിനായി അശ്വതി വി. നായരെ വിളിച്ചു. എനിക്കുമുമ്പേ കാര്യങ്ങള്‍ അവിടെ എത്തിയിട്ടുണ്ടായിരിക്കണം. എങ്കിലും ഞാന്‍ കാര്യം പറഞ്ഞു.
പിന്നോട്ട് വെക്കണ്ട, അമ്മയെ പൂര്‍ണമായും ബോധിപ്പിച്ച ശേഷം തുടര്‍ന്നോളൂ എന്നായി അവര്‍.
പക്ഷേ, ടീച്ചറെ ബോധിപ്പിക്കല്‍ എളുപ്പമല്ല. വേണ്ട എന്നുപറഞ്ഞാല്‍ പിന്നെ അങ്ങോട്ട് ഒരു അപ്പീലും കൊണ്ട് ചെല്ലേണ്ടതില്ല.
നടക്കില്ലെന്ന നല്ല ബോധ്യമുണ്ടായിരുന്നിട്ടും അത്രയും നാളുകള്‍ കൊണ്ട് ഞങ്ങള്‍ക്കിടയില്‍ വന്നുചേര്‍ന്ന പേരെടുത്തുവിളിക്കാനറിയാത്ത ഒരു പരസ്പരബോധ്യത്തെ മാത്രം വിശ്വസിച്ചുകൊണ്ട് നൃത്യാലയയുടെ അടഞ്ഞ ഗേറ്റിനു മുന്നില്‍ പിറ്റേന്ന് ഞാന്‍ കാത്തുനിന്നു. ടീച്ചര്‍ വരും. എന്നോട് മിണ്ടാന്‍ കൂട്ടാക്കാതെ നേരെ നൃത്തം പഠിക്കാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അകത്തേക്ക് കയറിപ്പോകും. അപ്പോള്‍ എന്നെത്തന്നെ എങ്ങനെ ഞാന്‍ ഡീല്‍ ചെയ്യണം എന്നൊക്കെ ചിന്തിച്ച് നിന്നു. നട്ടപ്പൊരി വെയിലൊന്നും അറിയുന്നതേയില്ല.
ടീച്ചര്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ കാണാന്‍ പാകത്തിലാണ് എന്റെ നില്‍പ്. എന്നെയാണ് ആദ്യം കണ്ടതും. ഉളളുതുറക്കാന്‍ ടീച്ചര്‍ മടിക്കുന്നതായി എനിക്കു തോന്നി. ജോലി കനപ്പെട്ടതാണെന്ന തിരിച്ചറിവില്‍ ഞാന്‍ വിയര്‍ത്തു. കുട്ടികളെല്ലാം പോയപ്പോള്‍ നൃത്യാലയയിലെ മൗനത്തില്‍ ഞങ്ങള്‍ രണ്ടു പേരും കുറേ നേരം പരസ്പരം നോക്കിയിരുന്നു. ഒരാവശ്യവുമില്ലാത്ത, സന്ദര്‍ഭത്തിനു യോജിക്കാത്ത ധാരാളം വിഷയങ്ങള്‍ സംസാരിച്ചു. കം റ്റു ദ പോയന്റ് എന്ന് മനസ്സ് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നപ്പോഴും പോയന്റിലേക്കെത്താന്‍ കഴിയാതെ നിസ്സഹായമായിപ്പോയ കുറേ മണിക്കൂറുകള്‍, ദിവസങ്ങള്‍... അതിനിടയില്‍ എപ്പഴോ രണ്ടാമത്തെ അധ്യായത്തിനായുള്ള സംഗതികള്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ അനുവാദമില്ലല്ലോ.
വീടുകളില്‍ പോയി നൃത്തം പഠിപ്പിക്കുന്ന കാലത്ത് ഇടത്തും വലത്തും എസ്‌കോര്‍ട്ടായി വരുന്ന കുഞ്ഞനുജന്മാരെക്കുറിച്ച് പറയുമ്പോള്‍, ഓടിനടന്ന് ക്ലാസുകള്‍ എടുത്ത കാലത്തെപ്പറ്റിയോര്‍ക്കുമ്പോള്‍ സഹോദരങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന 'സച്ചു'വായി ടീച്ചര്‍ മാറുമായിരുന്നു. ടീച്ചറുടെ സഹോദരങ്ങളില്‍ ശേഷാദ്രി, മഹാദേവന്‍ എന്നിവരുമായി ഞാന്‍ നല്ല ബന്ധം സ്ഥാപിച്ചു. അവരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആവനാഴിയില്‍ അമ്പുകളായ ഉത്സാഹത്തോടെ വീണ്ടും ടീച്ചറുടെയടുക്കലെത്തി. പല കാര്യങ്ങളും സംഭവങ്ങളും അങ്ങോട്ടുപറഞ്ഞു. കുട്ടിക്കാലത്തെക്കുറിച്ചും ആളുകളുടെ പേരുകളെക്കുറിച്ചും തെറ്റായി പറയുമ്പോള്‍ ടീച്ചര്‍ തിരുത്താന്‍ തുടങ്ങി. ഒരു സംഭവം ഞാന്‍ പറഞ്ഞാല്‍ നാലു സംഭവങ്ങള്‍ ഇങ്ങോട്ടുപറയാന്‍ തുടങ്ങി. എന്നാലും ഇടയ്ക്ക് ഏതെങ്കിലും ഒരു പോയന്റില്‍ വെച്ച് ഞങ്ങള്‍ തെറ്റുന്നത് പതിവായി. മൂക്കത്താണ് പലപ്പോഴും ദേഷ്യം. പക്ഷേ, ഞൊടിയിട കൊണ്ട് മാറും. ചില സമയത്ത് സങ്കടം ഊറിയ മൗനം ആ കണ്ണടയ്ക്കുള്ളില്‍നിന്നു താഴോട്ട് വീഴാനായുന്നത് കാണുമ്പോള്‍ ഉള്ളുപിടച്ചു. ദ്രോഹമാണല്ലോ ചെയ്യുന്നത് എന്ന് തോന്നിപ്പോയി.
ഒരു വ്യക്തിയെ അഭിമുഖം ചെയ്യുമ്പോഴും ജീവിതം രേഖപ്പെടുത്തുമ്പോഴും ആ വ്യക്തി മാറ്റര്‍ വായിച്ച് സമ്മതം തന്നിരിക്കണം. പക്ഷേ, ടീച്ചറെ കാണിക്കണ്ട, പകരം മകള്‍ കാണട്ടെ എന്ന അതിബുദ്ധിയാണ് തോന്നിയത്. ജീവിതം പറയാനെളുപ്പമാണ്. അത് അക്ഷരങ്ങളാവുമ്പോള്‍ പ്രസിദ്ധീകരിക്കാന്‍ സമ്മതിക്കില്ല എന്നുറപ്പുണ്ടായിരുന്ന പല അധ്യായങ്ങളും മകള്‍ക്കയച്ചു. തിരക്കുകള്‍ക്കിടയില്‍, യാത്രയ്ക്കിടയില്‍, ജോലിയ്ക്കിടയില്‍ അവര്‍ മാറ്റര്‍ വായിച്ചു. അഭിപ്രായങ്ങളും സംശയങ്ങളും പറഞ്ഞു. അനുബന്ധമായി അവര്‍ തന്ന സംഭവങ്ങള്‍ തുടര്‍ അധ്യായങ്ങളായി.
തുടക്കത്തില്‍ ഞാന്‍ ടീച്ചറുടേയോ ടീച്ചര്‍ എന്റെയോ വഴിക്കെത്താത്ത അവസ്ഥയ്ക്ക് മാറ്റം വന്നുതുടങ്ങുന്നത് പയ്യെപ്പയ്യെ ഞാനറിഞ്ഞു. മാതൃഭൂമി ഡോട്കോമിലൂടെ ആത്മകഥയുടെ അധ്യായങ്ങള്‍ വായിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ടീച്ചറെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്വാഭിവികമായും വന്നുചേരുന്ന വര്‍ക്ക്‌ലോഡില്‍പ്പെട്ട് 'സാരസ്വതം' നിശ്ചയിച്ച സമയത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വന്ന അവസരത്തില്‍ ടീച്ചര്‍ വിളിച്ചു; 'ഈയാഴ്ച സാരസ്വതം ഇല്ലേ എന്ന് ചോദിച്ച് ആളുകള്‍ വിളിക്കുന്നു'. ആ പറഞ്ഞത് ഒന്നുകൂടി കേള്‍ക്കാനുള്ള കൊതിയോടെ ഞാന്‍ 'എന്താ ടീച്ചറേ പറഞ്ഞത് കേള്‍ക്കുന്നില്ല' എന്ന് അങ്ങോട്ടുപറഞ്ഞു. ടീച്ചര്‍ മടിയോടെ പതുക്കെ ചോദിച്ചു. 'ഈയ്യാഴ്ച സാരസ്വതം ഇല്ലേന്ന്...'
ടീച്ചര്‍ക്ക് സമ്മതമായിരിക്കുന്നു!
'സാരസ്വതം' എഴുതുന്ന വേളയില്‍ എന്റെ ജോലിയിടത്തില്‍ ഏറ്റവും അലമ്പായി നടന്നിട്ടുണ്ട്. പത്തുമണിക്കും പതിനൊന്നിനും പന്ത്രണ്ടിനും ഡ്യൂട്ടിയ്ക്കെത്തിയില്ല. തോന്നുംപടി പണിയെടുത്തപ്പോള്‍ ചീഫുമാർ സഹികെട്ടിരിക്കണം. പലപ്പോഴും പരസ്പരം ഒന്നും പറയാതെ കഴിച്ചുകൂട്ടി. പിന്നണിയില്‍ സഹകരിച്ച കുറേ മുഖങ്ങളുണ്ട്. എന്തൊക്കെ സംഭവിച്ചാലും 'സാരസ്വതം' ആഴ്ചയിലും വായിക്കാന്‍ കിട്ടണമെന്ന് ഡിമാന്റ് ചെയ്ത മുതിര്‍ന്ന സഹപ്രവര്‍ത്തക. ഡെസ്‌കിലെ ഉത്തരവാദിത്തങ്ങളെല്ലാം സഹപ്രവര്‍ത്തകന്റെ തലയില്‍ കെട്ടിവെച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാലം. പാലക്കാട് ശേഖരീപുരത്തുനിന്നും അക്കാലത്തെ മോഹനഗരമായിരുന്ന കോഴിക്കോടെത്തിയ സുബ്രഹ്‌മണ്യ അയ്യരുടെ കുടുംബത്തിലായിരുന്നു എന്റെ ഇരിപ്പ് മുഴുവന്‍. കലാമണ്ഡലം സരസ്വതി അന്നം തേടി സഞ്ചരിച്ച വഴികളെല്ലാം എന്റേതുകൂടിയായി. നൃത്തത്തെക്കുറിച്ച് കേവലജ്ഞാനമില്ലാത്ത ഞാന്‍ നന്നായി നൃത്തമറിയുന്ന സഹപ്രവർത്തകരോടൊപ്പം നൃത്യാലയയില്‍ ചേര്‍ന്നു. മൂന്നുമാസം തികച്ചില്ല.
'സാരസ്വതം' പകുതിയായപ്പോഴേക്കും മാതൃഭൂമി ബുക്സില്‍നിന്നും അന്വേഷണം വന്നു. നമുക്കത് പുസ്തകമാക്കിക്കൂടേ? ടീച്ചറോട് പുസ്തകത്തെപ്പറ്റി പറഞ്ഞാല്‍ 'സിതാര'യില്‍ ഒരു എഴുത്തുകാരന്‍ മതി എന്നാവും മറുപടി. അങ്ങനെയല്ല പറഞ്ഞതെങ്കിലും പുസ്തകത്തിന്റെയൊക്കെ ആവശ്യമുണ്ടോ എന്നായി ചോദ്യം. അശ്വതിയോട് പുസ്തകമാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ 'നീയാ വാക്കുകളെ സമ്മതമാക്കിയങ്ങെടുത്തോ' എന്ന മറുപടിയാണ് കിട്ടിയത്. ഓരോ അധ്യായവും പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പായി ഞങ്ങള്‍ക്കിടയില്‍ വന്നുഭവിക്കുന്ന പ്രതിസന്ധിയും തര്‍ക്കവും തരണം ചെയ്യാന്‍ അശ്വതി വി. നായര്‍ എന്ന വലിയൊരു പില്ലര്‍ പിറകിലുള്ള ധൈര്യം ചില്ലറയൊന്നുമല്ല മുന്നോട്ടുനടക്കാന്‍ സഹായിച്ചത്. ഇരുപത്തിയഞ്ച് അധ്യായങ്ങള്‍ മുറതെറ്റിയും തെറ്റാതെയുമെന്ന മട്ടില്‍ ഡോട്‌കോമില്‍ വന്നു. ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്ന അതിമോഹം നിറഞ്ഞ ചോദ്യത്തിന് 'പറയാനുദ്ദേശിച്ച കാര്യങ്ങളേ പറയുന്നുള്ളൂ' എന്ന മറുപടിയുടെ ശൗര്യത്തില്‍ ഞാന്‍ ചൂളിനിന്നു.
മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ക്യാമറയില്‍ നൃത്യാലയയിലെ നടരാജവിഗ്രഹത്തിനുമുന്നില്‍ ടീച്ചര്‍ വിരിഞ്ഞ് ഇരുന്നു; കവര്‍ ഫോട്ടോയ്ക്ക്. ഇന്നേവരെ കണ്ടതില്‍വെച്ചേറ്റവും മനോഹരമായ പുഞ്ചിരി ആ മുഖത്ത് മധുരാജിന്റെ ക്യാമറ വിരിയിച്ചു. സാരസ്വതം എന്ന പേരിനെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡോ. എന്‍.പി. വിജയകൃഷ്ണനോടാണ്. ഓരോ ലക്കവും സസൂഷ്മം വായിച്ച് അദ്ദേഹം പറഞ്ഞിരുന്ന അഭിപ്രായങ്ങള്‍ ആ അവസരത്തില്‍ വലിയ ആശ്വാസമായിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ കനകക്കുന്നില്‍ വെച്ച് ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോയ്ക്ക് നല്‍കിക്കൊണ്ട് അനുഗ്രഹീത ഗായിക ബോംബെ ജയശ്രീ പ്രകാശനം ചെയ്തപ്പോൾ, രവിമേനോന്‍ അടക്കമുള്ള ധാരാളം കലാസ്വാദകര്‍ സന്നിഹിതരായ വേദിയും സദസ്സും നിറഞ്ഞ കയ്യടികളോടെ 'സാരസ്വത'ത്തെ സ്വീകരിച്ചപ്പോള്‍, 'വേണ്ട' എന്ന് ടീച്ചര്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ എന്നാപ്പിന്നെ വേണ്ട എന്നുതോന്നാതിരുന്ന ആ നല്ല നേരത്തോട് മനസ്സാ നന്ദി പറയുകയായിരുന്നു ഞാന്‍.
Content Highlights: Saraswatham, Kalamandalam Saraswathy, Shabitha, mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..