എം.ടിയും കൊച്ചുമകൻ മാധവും
അശ്വതി വിവാഹം കഴിച്ചതിനു ശേഷം ഇടയ്ക്കിടെ എനിക്കൊരു ശൂന്യത അനുഭവപ്പെടുമായിരുന്നു. അതിനു കാരണം അവള് മുതിര്‍ന്നപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുപ്പമായിരുന്നത് എന്നു തന്നെയാണ്. നൃത്തത്തിലേക്ക് അവള് വന്നതോടെയാണ് ഞാന്‍ അനുഭവിക്കുന്ന, ജീവിക്കുന്ന അന്തരീക്ഷം പൂര്‍ണമായും അശ്വതി ഉള്‍ക്കൊണ്ടത് എന്നാണ് എന്റെ വിശ്വാസം. എം.ടി. പണ്ടു മുതലേ തന്നെ അവളോട് സൂക്ഷിച്ചിരുന്നത് മുതിര്‍ന്ന ഒരാളോടുള്ള ബന്ധമായിരുന്നു. അച്ഛന്-മകള്‍ തമാശകള്‍, കളിചിരികള്‍ എന്നതുണ്ടായിരുന്നോ? ഓര്‍മയില്ല. പക്ഷേ ഒരു എഴുത്തുകാരനും വായനക്കാരിയും തമ്മില്‍ സംസാരിച്ചിരുന്നു. ഒരു സംവിധായകനും പ്രേക്ഷകയും തമ്മില്‍ സംസാരിച്ചിരുന്നു. രണ്ടു പേര് സിനിമകള്‍ കാണുമ്പോള്‍ ഉണ്ടാവുന്ന ചര്‍ച്ചകള്‍ അവര്‍ക്കിടയില്‍ നടന്നിരുന്നു. അതുപോലെ തന്നെ നൃത്യാലയയിലും മറ്റു പരിപാടികളിലും ഒരു ടീച്ചറും വിദ്യാര്‍ഥിനിയും എന്നപോലെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു, സംശയങ്ങള്‍ തീര്‍ത്തിരുന്നു. അവളുടേതായ ഇടങ്ങള്‍ അതൊക്കെയായിരുന്നോ മാതാപിതാക്കളായ ഞങ്ങള്‍ക്കിടയില്‍ എന്നുചോദിച്ചാല്‍ ഉത്തരമില്ല. പുതിയതെന്ത് എന്ന അന്വേഷണത്തിന്റെ രണ്ടു ഭാവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു എന്റെതും എം.ടിയുടേതും പലപ്പോഴും.
അശ്വതി മദ്രാസില്‍നിന്നു ഭര്‍ത്താവിനൊപ്പം ഇടയ്ക്കിടെ വീട്ടില്‍ വിരുന്നുകാരിയായി. രുചിയുള്ള ഭക്ഷണമുണ്ടാക്കാന്‍ കഴിവുള്ളവളായി. ശ്രീകാന്തുമായി അവള് നടത്തുന്ന സംസാരങ്ങളും വിഷയങ്ങളുമൊക്കെ ഞാന്‍ ഇടയ്ക്ക് ശ്രദ്ധിക്കും. രണ്ടു പേരും ഒരേ അഭിരുചിയുള്ളവരായതുകൊണ്ട് അവര്‍ക്കത് എളുപ്പമായിരുന്നു. എം.ടിയോട് ഒരു കാര്യം അവതരിപ്പിക്കാന്‍ ഞാനെടുക്കുന്ന മനസ്സിലെ റിഹേഴ്സലുകള്‍ ഓര്‍ത്തുനോക്കുമ്പോള്‍ കുട്ടികള്‍ എത്ര ലാഘവത്തോടെയാണ് ജീവിതം നയിക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. കാലം മാറുന്നതിനനുസരിച്ച് ദാമ്പത്യബന്ധങ്ങള്‍ കൂടുതല്‍ ഇനിയും ലളിതമായിരിക്കാനേ സാധ്യതയുള്ളൂ.
പരിപാടികളും നൃത്യാലയയിലെ ക്ലാസുകളുമായി കാലം മുമ്പോട്ടുതന്നെ പോയിക്കൊണ്ടിരുന്നു. പുതിയ കുട്ടികള്‍, അനവധി ബാച്ചുകള്‍, തുടര്‍പഠനം നടത്തുന്നവര്‍ അങ്ങനെ പല പല തട്ടുകളായി കുട്ടികളെ തിരിച്ചിരുന്നു. ശ്രീകാന്ത് ഐറ്റങ്ങള്‍ പഠിപ്പിക്കാന്‍ വരും. കൊറിയോഗ്രാഫിയിലും കമ്പമുള്ളതു കാരണം തിരക്കുകള്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ വരുന്ന ദിവസങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു. അശ്വതിയും ശ്രീകാന്തും ഒരുമിച്ച് വേദികളില്‍ നൃത്തമവതരിപ്പിക്കാന്‍ തുടങ്ങി. അവരും തിരക്കുകാരായി. വലിയ പരിപാടികള്‍ ഉണ്ടാവുമ്പോള്‍ എന്നെയും എം.ടിയെയും അവര്‍ മുന്‍കൂട്ടി അറിയിക്കും. രണ്ടുപേരും ഒന്നിച്ചു നൃത്തം ചെയ്യുന്നത് കണ്ടിരിക്കുക എന്നതിനപ്പുറം പെര്ഫോമന്സിനെക്കുറിച്ചൊന്നും ഞങ്ങള്‍ പരസ്പരം സംസാരിക്കില്ല. പലപ്പോഴും എന്നിലെ ടീച്ചര്‍ ചിലതൊക്കെ കണ്ടെത്തിപ്പോകും. എം.ടി. നൃത്തം കാണുന്നത് ഇടംകണ്ണിട്ട് ഇടയ്ക്കിടെ നോക്കുക, ആ മുഖത്തെ ഭാവം ശ്രദ്ധിക്കുക എന്നതിലായിരുന്നു പിന്നെ എന്റെ ശ്രദ്ധ പോകുക.
എം.ടിക്ക് ഒരുവിധം കലകളുടെയെല്ലാം മര്‍മ്മമറിയാം. ഈയ്യിടെ അശ്വതിയുടെ സിനിമാ പ്രൊജക്ട് നടക്കുമ്പോള്‍ ലൊക്കേഷനില്‍ ഞാനും എം.ടിയും പോയിരുന്നു. എം.ടിയുടെ കാലത്തെ സിനിമാരീതിയല്ല ഇന്നത്തേത്. ലൊക്കേഷനില്‍ ഇരുന്നുകൊണ്ട് മോണിറ്ററിലേക്ക് കണ്ണുംനട്ടിരിക്കുന്ന എം.ടിയുടെ മുഖഭാവത്തിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. എം.ടിയുടെ സംതൃപ്തി കണ്ടെത്തുക പ്രയാസമാണ്. എങ്കിലും അന്ന് ഞാന്‍ വിചാരിച്ചതിലും അധികം സമയം ലൊക്കേഷനിലെ മോണിറ്ററിലേക്ക് തന്നെ നോക്കിയിരുന്നു എം.ടി. എം.ടിയ്ക്ക് സന്തോഷമായി എന്നു മനസ്സിലായി. ആലോചനയിലാഴ്ന്നിരിക്കുന്ന എം.ടിയെയും ശ്രദ്ധിച്ചിരിക്കുന്ന എം.ടിയെയും പെട്ടെന്ന് വേര്‍തിരിച്ചറിയുക പ്രയാസമാണ്. എന്നിരുന്നാലും താല്പര്യമില്ലാത്ത കാര്യത്തിലെ അക്ഷമ എന്തെങ്കിലും വിധത്തില്‍ എം.ടിയില്‍നിന്നു പ്രകടമാവാറുണ്ട്. അന്ന് അശ്വതിയും ശ്രീകാന്തും നൃത്തം ചെയ്യുമ്പോള്‍ കസേരക്കൈകളില്‍ മുട്ട് ഊന്നിയിരുന്നുകൊണ്ട് ഇരുചൂണ്ടുവിരലും ചുണ്ടിനോട് ചേര്‍ത്തുകൊണ്ട് എം.ടിയുടെ ശ്രദ്ധ വേദിയില്‍ത്തന്നെയാണ്. മദ്രാസില്‍ പോയിട്ട് അവരുടെ നൃത്തം ഒരു തവണയേ എം.ടി കണ്ടിട്ടുള്ളൂ. ഞാന്‍ പക്ഷേ എവിടെ പരിപാടി ഉണ്ടെന്ന് അറിയിപ്പ് വന്നാലും എന്റെ ക്ലാസുകള്‍ അഡ്ജസ്റ്റ് ചെയ്ത് സദസ്സിലെത്തിയിരിക്കും.
മദ്രാസ് ശ്രീകാന്തിന്റെ ഇഷ്ടദേശമാണ്. അയാളിലെ കലാകാരനെ വാര്‍ത്തെടുത്തതും പൂര്‍ണത നല്കിയതും ആ നഗരമാണ്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷക്കാലം അവര്‍ സ്ഥിരമായി മദ്രാസില്‍ തന്നെയായിരുന്നു. ആയിടയ്ക്ക് എം.ടി.യൊന്ന് വീണു. തലയ്ക്ക് കാര്യമായ പരിക്ക് പറ്റി. ആശുപത്രിയില്‍ അഡ്മിറ്റായി. സര്‍ജറി വേണ്ടി വന്നു. അശ്വതി തന്റെ തിരക്കുകള്‍ മാറ്റി വെച്ച് കോഴിക്കോടെത്തി അച്ഛന്റെ പരിചരണം ഏറ്റെടുത്തു. അവര്‍ മദ്രാസില്‍ വീട് നോക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. രണ്ടു പേര്‍ക്കും പ്രാക്ടീസ് ചെയ്യാനും ക്ലാസുകള്‍ എടുക്കാനുമെല്ലാം സൗകര്യമുള്ള വീടാണ് വേണ്ടത്. സ്ഥലപരിമിതി മദ്രാസിലെ വലിയൊരു വെല്ലുവിളിയാണ്. ഫ്ളാറ്റുകളില്‍ നൃത്തബഹളങ്ങള് പാടില്ല. ഭൂമിയാണെങ്കില് ആഗ്രഹിച്ചതുപോലെ ഒന്ന് കിട്ടുന്നുമില്ല. ശ്രീകാന്തിന്റെ അച്ഛന് മരിക്കുകയും ചെയ്തു. അയാള്‍ക്ക് അമ്മയും സഹോദരിയുമാണ് പിന്നെ ഉള്ളത്. സഹോദരി മദ്രാസില്‍ തന്നെ കുടുംബമായി കഴിയുന്നു. അമ്മയ്ക്ക് മകന്റെ കുടുംബത്തോടൊപ്പം ശിഷ്ടകാലം കഴിയണം. നിലവില്‍ താമസിക്കുന്നതില്നിന്നു കുറച്ചുകൂടി വിശാലമായ ചുറ്റുപാടാണ് അശ്വതിയും ശ്രീകാന്തും ആഗ്രഹിക്കുന്നത്. നൃത്തസംബന്ധിയായി ആളുകള്‍ക്ക് എപ്പോഴു വരാനും പോകാനുമൊക്കെ പറ്റിയ ഒരിടം. അതേക്കുറിച്ച് അശ്വതി എം.ടിയോട് ചര്‍ച്ചചെയ്യുകയും തീരുമാനങ്ങള്‍ അറിയിക്കുകയുമൊക്കെ ചെയ്തതാണ്.
എം.ടിയുടെ സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് നൃത്യാലയയുടെ അടുത്തായി സൗകര്യമുള്ള ഒരു ഫ്ളാറ്റ് വില്‍ക്കാനുണ്ട് എന്നറിയുന്നത്. കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന ശ്രീകാന്തും അശ്വതിയും ഫ്ളാറ്റ് പോയി കണ്ടു. സ്വന്തം ഭൂമിയിലുള്ള നൃത്തസ്ഥാപനത്തിന്റെ തൊട്ടടുത്തു തന്നെ എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റ് കൂടി ഒത്തുവന്നപ്പോള്‍ ശ്രീകാന്ത് എം.ടിയോട് പറഞ്ഞു, മദ്രാസ് വിട്ട് കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നു, നൃത്യാലയ ഏറ്റെടുത്ത് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ തീരുമാനത്തോട് എം.ടി. അനുകൂലിച്ചു. എനിക്കായിരുന്നു അതിയായ ആഹ്ലാദം. എന്റെ കാലശേഷം നൃത്യാലയ വെറുമൊരു സ്മാരകം പോലെയായിപ്പോകുമോ എന്ന വിഷമമാണ് ഓര്‍ക്കാപ്പുറത്ത് പരിഹരിക്കപ്പെട്ടിരിക്കുന്നത്. അവര്‍ എത്രയും പെട്ടെന്ന് താമസമാരംഭിക്കാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതിലായിരുന്നു പിന്നീട് എന്റെ ശ്രദ്ധ. വൈകാതെ തന്നെ ശ്രീകാന്തിന്റെ അമ്മയോടൊപ്പം അവര്‍ ചാലപ്പുറത്ത് താമസമാക്കി.
മദ്രാസിലെ സ്ഥലപരിമിതിയാണ് ശ്രീകാന്തിനെ കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിച്ചത്. ഒരു ആചാരം പോലെ പഠിക്കുകയും പിന്നീട് എങ്ങുമെത്താതെ അവസാനിപ്പിക്കുകയും ചെയ്യുന്ന മനോഭാവമാണ് കേരളത്തില്‍ നൃത്തത്തോടുള്ളത് എന്ന് ശ്രീകാന്ത് പറയും. മത്സരങ്ങള്‍ക്കായുള്ള പഠനം ഒഴിവാക്കി പൂര്‍ണമായും നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കുന്ന, നിരന്തരം ശില്പശാലകളും നവീകരിക്കലുമായി മുന്നോട്ടുപോകുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ശ്രീകാന്ത് നൃത്യാലയ ഏറ്റെടുക്കാന്‍ തയ്യാറായത്. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. എക്കാലവും എല്ലാവരുടെയും പിന്തുണയില്‍ ഉയര്‍ന്നുവന്നതാണ് ഞാന്‍. ഇതെനിക്ക് വലിയ പിന്തുണയായിരിക്കുന്നു.
അധികം താമസിയാതെ തന്നെ അശ്വതിക്കൊരു മകന് പിറന്നു- മാധവ്. കൈക്കുഞ്ഞുങ്ങളെ ഞാന്‍ നോക്കിയിരിക്കുകയേ ഉള്ളൂ. ഭയമാണ് എടുക്കാന്‍. മുത്തശ്ശിയായപ്പോഴും അവസ്ഥ അതുതന്നെ. എന്റെ അനിയന് ശ്രീറാമിന്റെ ഭാര്യ ജയശ്രീ ആയിരുന്നു കുഞ്ഞുമാധവിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തത്. എന്റെ പ്രസവം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാള് നൃത്താധ്യാപനത്തിനായി ഞാന്‍ ഇറങ്ങിയിരുന്നല്ലോ. അശ്വതി പക്ഷേ നല്ലൊരു അമ്മയാണ്. അവള് വളരെ പക്വതയോടെ മകന്റെ കാര്യങ്ങള്‍ മാത്രം നോക്കിയും ഇടപെട്ടും ആദ്യത്തെ ഏഴു മാസം ചിലവഴിച്ചു. അതിനു ശേഷം ഒഴിച്ചുകൂടാനാവാത്ത പരിപാടികള്‍ മാത്രം ഏറ്റെടുക്കാന്‍ തുടങ്ങി. അത്തരം പരിപാടികള്‍ക്ക് കുഞ്ഞുമാധവിനെയും കൊണ്ടായിരുന്നു പോയിരുന്നത്. പണ്ട് എന്റെ അമ്മ അശ്വതിയെയുമെടുത്ത് കാറിലിരുന്നിലിരിക്കുമായിരുന്നു ഞാന്‍ നൃത്തം ചെയ്യുമ്പോള്‍, ഇവിടെ പക്ഷേ മുത്തശ്ശിയെ അതിനും കിട്ടിയില്ല. എന്റെ കുട്ടികളുടെ നൃത്തപരിപാടികള്‍ യാതൊരു മുടക്കുമില്ലാതെ ഞാന്‍ ഏറ്റെടുത്തു നടത്തി. കുഞ്ഞിനെയുമെടുത്ത് ജയശ്രീ കാറിലിരിക്കും. ഞാന്‍ അശ്വതിയുള്പ്പെടെയുള്ളവരുടെ നൃത്തപരിപാടികളുടെ ഒരുക്കങ്ങള്‍ക്കും എന്റെ ഐറ്റം അവതരിപ്പിക്കാനുമായുള്ള ഓട്ടത്തിലുമായിരിക്കും.
മാധവ് വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോള്‍ അവന് വലിയൊരു കൂട്ടായി മാറി എം.ടി. മാധവിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും അവനെ കൊഞ്ചിക്കാന് പഠിച്ചും എം.ടിയും പതുക്കെ മുത്തശ്ശനായിത്തുടങ്ങി. എം.ടി. എഴുതാനിരിക്കുമ്പോള്‍ അവന് വന്ന് കസേരയില്‍ ഇരിക്കും. എം.ടിയെ അടങ്ങി ഇരിക്കാന്‍ സമ്മതിക്കാതെ കൈപിടിച്ച് പല പല ആവശ്യങ്ങള്‍ക്കുമായി കൂടെ നടത്തിക്കും. അവന് രണ്ട് വയസ്സായപ്പോള്‍ തൊട്ട് അശ്വതി അവനെ 'സിതാര'യിലാക്കി ദൂരയാത്രകള് ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് മടങ്ങിവരിക. രാത്രിയില്‍ എം.ടിയുടെയും എന്റെയും നടുവില്‍ കിടന്ന് ഉറക്കം കിട്ടാതെ അവന് ആവശ്യപ്പെടും; മുത്തശ്ശാ കഥ പറയൂ...ബാലസാഹിത്യത്തില്‍ വേറിട്ട ആഖ്യാനം നടത്തിയ എം.ടി. പക്ഷേ കഥ പറയുമോ? സ്വയം പറയുക, എഴുതുക എന്നതിനപ്പുറം കുട്ടികള്‍ക്ക് എം.ടി. കഥ പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എം.ടിയും ആ പ്രതിസന്ധിയില്‍ തന്നെയായിരുന്നു. തനിക്ക് കഥ അറിയില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. മാധവിനോട് എം.ടി. ഒരു കുതിരയുടെ കഥ പറയാന്‍ തുടങ്ങി. നല്ല രസകരമായ ഒരു കഥ. കേട്ടുമതിയാവാതിരുന്നപ്പോള് അവന് വീണ്ടും പറയിച്ചു. പാതിയില്‍ എപ്പോഴേ ഉറങ്ങിപ്പോയി.
കൂടുതല്‍ കഥകള്‍ കേള്‍ക്കാനായി പിറ്റേന്നും അവന് നേരത്തേ തന്നെ ഉറങ്ങാന്‍ തയ്യാറായി. എം.ടിയുടെ പണികള്‍ ഒക്കെ നിര്‍ത്തിവെപ്പിച്ച് എന്നെയും കൂട്ടി മുറിയില്‍ വന്ന് ഞങ്ങള്‍ക്കു നടുവില്‍ കഥയ്ക്കായി കാതോര്‍ത്തു കിടന്നു. എം.ടി. അന്നും പറഞ്ഞത് കുതിരയുടെ കഥ തന്നെയായിരുന്നു. ആ കഥ നന്നായി ഇഷ്ടപ്പെട്ടതിനാല് അവന് ക്ഷമയോടെ കേട്ടുറങ്ങി. പിറ്റേന്നും അതിന്റെ പിറ്റേന്നും പിന്നെയങ്ങോട്ടുള്ള എല്ലാ രാത്രികളിലും മാധവ് മുത്തശ്ശനില്നിന്നു കേട്ടത് അതേ കുതിരയുടെ അതേ കഥതന്നെ! നേരം വെളുത്തു തുടങ്ങിയതു മുതല്‍ രാത്രി അത്താഴ സമയമാവുന്നതുപോലെ തീര്ഥാടനത്തിനെന്നപോലെ ആളുകള്‍ സിതാരയില്‍ കയറി ഇറങ്ങാറുണ്ട്. എം.ടിയെ കാണുക, സംസാരിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. പലരും സമ്മാനങ്ങള്‍ നല്‍കും. എം.ടി. എന്ന കഥപറച്ചിലുകാരനെ കാണാനാണ് ആളുകള്‍ വരുന്നത്. നിരവധി കത്തുകള്‍, ക്ഷമയോടെയുള്ള മറുപടികള്‍, പുസ്തകങ്ങള്‍, ഉപഹാരങ്ങള്‍... കഥ എന്ന രണ്ടക്ഷരം കൊണ്ടുമാത്രമുണ്ടായ ലോകമാണിതെല്ലാം. ആ കഥപറച്ചിലുകാരനാണ് രണ്ടു വയസ്സുളള പേരക്കുട്ടിയെ ഒരു കുതിരയുടെ കഥയില്‍ തളച്ചിട്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ അത് സംഭവിച്ചു. മുത്തശ്ശനും കൊച്ചുമകനും ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൊച്ചുമകന് കുതിരയുടെ കഥ അങ്ങോട്ട് പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. മുത്തശ്ശന് നിശ്ശബ്ദം കേട്ടുകിടന്നു.
എം.ടിയും മാധവും നല്ല കൂട്ടായപ്പോള്‍ എനിക്കായിരുന്നു ആശ്വാസം. ഞാനും പതുക്കെ ഇറങ്ങിത്തുടങ്ങി. പകല്‍സമയങ്ങളിലെ നൃത്തക്ലാസുകള്‍ കഴിഞ്ഞ് കഴിയുന്നതും വേഗം അവന്റെയടുക്കല്‍ എത്തിയിരുന്നെങ്കില്‍. കുട്ടികളെയും കൊണ്ട് വീണ്ടും പരിപാടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഒരിക്കല്‍ അശ്വതിയും ഞാനും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ എം.ടി. ചോദിച്ചു: 'അവന് വിഷമമാകില്ലേ?' ആദ്യമായിട്ടായിരുന്നു എം.ടിയുടെ പക്കല്‍നിന്ന് അങ്ങനെയൊരു ചോദ്യം ഉയര്‍ന്നത്. അതുകൊണ്ടുതന്നെ മറുപടി പറയാന്‍ വിഷമിച്ചു. അശ്വതിയുടെ വളര്ച്ചാഘട്ടങ്ങളൊന്നും തന്നെ ഒരമ്മ എന്ന നിലയില്‍ ഞാന്‍ കണ്ടിരുന്നില്ല. അപ്പോഴൊന്നും അതേക്കുറിച്ച് ആകുലപ്പെടാതിരുന്ന എം.ടി. കൊച്ചുമകന്റെ കാര്യത്തില്‍ എല്ലാം ശ്രദ്ധിക്കുന്നു.
തയ്യാറാക്കിയത്: ഷബിത
(തുടരും)
Content Highlights :Saraswatham autobiography of Kalamandalam Saraswathy part 23
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..