മനസ്സില്‍നിന്ന്‌ ഒരു മയില്‍ ഉയര്‍ന്നാടുന്നു; ഒരിക്കല്‍ കൂടി, ഒരേയൊരു തവണകൂടി | സാരസ്വതം അവസാനഭാഗം


അപ്രതീക്ഷിതമായി ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മനസ്സാ അച്ഛനെ നമസ്‌കരിച്ചു. എന്റെ ഗുരുക്കന്മാരെ തൊഴുതു. നിറകണ്ണുകളോടെയാണ് പിന്നീട് വേദിയിലേക്ക് നോക്കിയത്. പത്തുവയസ്സുകാരിയുടെ കയ്യും പിടിച്ച് മദ്രാസിലെ തിരസ്‌കാരവും കയ്ച്ചിറക്കിക്കൊണ്ട് ചെറുതുരുത്തിയിലേക്ക് വയ്യാത്ത കാലും വേച്ചുകൊണ്ട് അച്ഛന്‍ താണ്ടിയ ദൂരം ഇതാ ഇവിടെയെത്തിയിരിക്കുന്നു.

കലാമണ്ഡലം സരസ്വതി

കൊറോണ അതിന്റെ മൂര്‍ത്തഭാവത്തിലെത്തിയപ്പോഴാണ് മാതൃഭൂമി ഡോട്‌ കോം കലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥയായ 'സാരസ്വതം' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 'മോഹനഗരം മാടിവിളിക്കുന്നു, വരാതിരിക്കുവതെങ്ങനെ' എന്ന പേരില്‍ ആദ്യത്തെ അധ്യായം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരുന്നു. മോഹനഗരത്തില്‍ എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീച്ചര്‍ തന്റെ അനുഭവങ്ങളുടെ അക്ഷയഖനി അടയ്ക്കുകയാണ്; ഒരു ആഗ്രഹം മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്...

ക്കാലങ്ങളില്‍ വിട്ടുമാറാത്ത തലവേദനയായിരുന്നു എനിക്ക്. തലവേദന വന്നാല്‍ നേരിയ ശബ്ദം പോലും കേള്‍ക്കുന്നത് സഹിക്കാന്‍ കഴിയില്ല. മുറിയടച്ച് കിടക്കണം. ധാരാളം ഉറങ്ങണം. ഉറങ്ങുകയാണെങ്കില്‍ ഇടവേളയില്ലാതെ ഉറങ്ങിക്കേണ്ടേയിരിക്കും. ഇടയ്ക്ക് വെച്ച് ആരെങ്കിലും വിളിച്ചുണര്‍ത്തിയാല്‍ പിന്നെ അന്ന് ഉറക്കമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഞാന്‍ കിടക്കുകയാണെങ്കില്‍ ആരും വിളിക്കില്ല. പുറത്ത് എന്തുസംഭവിച്ചാലും തന്നെ ഞാന്‍ അറിയില്ല. ഉഡുപ്പി ക്ഷേത്രത്തില്‍ നടന്ന സംഭവത്തിലുള്ള വിഷമം ആര് തന്നെ വന്നു സമാധാനിപ്പിച്ചാലും ന്യായീകരിച്ചാലും എനിക്ക് തൃപ്തിയാവില്ലായിരുന്നു. ആ വിഷയം ഓര്‍ക്കുമ്പോള്‍, അതേപ്പറ്റി സംസാരിക്കുമ്പോള്‍ എന്റെ അസ്വസ്ഥതകള്‍ കൂടിക്കൂടി വന്നു. അത് മറ്റൊരു തരത്തിലാണ് മനസ്സിനെ ബാധിച്ചത്. നേരിയ വിഷമം സഹിക്കാന്‍ പറ്റാതെയായി.

ഓര്‍മവെച്ച നാള്‍ തൊട്ട് പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന 'ത്രില്‍' എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു! താങ്ങാന്‍ കരങ്ങള്‍ ഏറെയുണ്ട്; തളര്‍ച്ച അതിനാല്‍ത്തന്നെ കൂടിക്കൂടി വന്നു. ഉഡുപ്പി സംഭവത്തെ ബന്ധുക്കള്‍ ന്യായീകരിച്ചത് കണ്ണേറ് പറ്റിയതാണ് എന്ന നിലയിലായിരുന്നു. വൈദ്യശാസ്ത്രമാവട്ടെ നാഡീഞരമ്പുകളും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രശ്നമെന്ന് നിര്‍വചിച്ചു. ആത്യന്തികമായി ഞാനനുഭവിച്ചതാവട്ടെ അഭിമാനക്ഷതവും. കൂടുതല്‍ സമ്മര്‍ദ്ദങ്ങളോ വിഷമങ്ങളോ പാടില്ല എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായി മരുന്നു കഴിക്കണം. അമ്മ അക്കാലത്ത് എന്റെ കൂടെ 'സിതാര'യിലാണ് ഉള്ളത്. സഹോദരങ്ങളൊക്കെ അവരുടേതായ ജീവിതസാഹചര്യങ്ങള്‍ പടുത്തുയര്‍ത്തി കഴിഞ്ഞിട്ടുണ്ട്. പ്രായാധിക്യത്താല്‍ അമ്മ അവശയാണ്. കാലിന്റെ ബലക്കുറവ് അധികരിച്ചു. കിടപ്പ് തന്നെയാണ് പലപ്പോഴും. എങ്കിലും എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടുണ്ട്. അമ്മയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായിരുന്നു പ്രയാസം. അതേപ്പറ്റി ഞങ്ങള്‍ ഒന്നും ചോദിക്കുകയും പറയുകയുമൊന്നും ചെയ്തില്ല. അമ്മയുടെ കാര്യങ്ങള്‍ നോക്കാനായി സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളുമെല്ലാം വീട്ടില്‍ വരും താമസിക്കും പോകും. ഒരു 'രോഗി'ക്കു കിട്ടേണ്ടതായ എല്ലാവിധ പരിഗണനയും ഏറ്റുവാങ്ങിക്കൊണ്ട് ഞാന്‍ മുറിയില്‍ത്തന്നെ ഇരുന്നു, കിടന്നു, നേരവും കാലവും നോക്കാതെ ഉണ്ടു, ഉറങ്ങി.

സര്‍ഗാത്മകതയുടെ അസ്വസ്ഥതകള്‍ മനസ്സിലും പ്രവൃത്തിയിലും ഏറ്റുനടക്കുന്ന എം.ടിക്ക് വീട്ടിലെത്തിയാല്‍ സൈ്വര്യമില്ലാതാവുമോ എന്നായി പിന്നെ എന്റെ ഉത്കണ്ഠ. ഞാന്‍ കാരണം മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളോര്‍ത്ത് ഉത്കണ്ഠപ്പെടുന്നത് പതിവായി. ചെറിയ കാര്യത്തിനുപോലും കണ്ണു നിറയുന്ന അവസ്ഥ. നൃത്യാലയയില്‍ ഇടയ്ക്ക് പോകും. അച്ഛനെ ഓര്‍ക്കുമ്പോഴായിരുന്നു കൂടുതല്‍ വിഷമം. നൃത്തത്തിന്റെ കയ്യിലേക്ക് എന്നെ ഏല്‍പ്പിച്ചുകൊടുത്തത് അദ്ദേഹമാണ്. എക്കാലത്തേക്കുമുള്ള എന്റെ അന്നമായി അച്ഛന്‍ നല്‍കിയ വരമാണ് നൃത്തം. ഞാനിവിടെ പതറിയാല്‍, പാതിവെച്ച് കാലിടറിയാല്‍ പരലോകത്തുപോലും അച്ഛന്‍ തോറ്റു പോകും. അച്ഛന്‍ തോല്‍ക്കാന്‍ പാടില്ല എന്ന ചിന്തയോടെ കട്ടിലില്‍ നിന്നെഴുന്നേറ്റ് നൃത്യാലയയിലേക്ക് പോകാനൊരുങ്ങും. പാതിയിലെവിടെയോ കാലിന് കൂച്ചുവിലങ്ങിട്ടപോലെ അനുഭവപ്പെടും. മുന്നോട്ടും പിന്നോട്ടുമില്ലാത്ത അവസ്ഥ. മരുന്നുകളുടെ ആരവങ്ങള്‍ക്കിടയില്‍ ഉറങ്ങുകയായിരുന്നോ ഉണര്‍ന്നിരിക്കുകയായിരുന്നോ എന്ന് ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥ.

കലാമണ്ഡലം സരസ്വതിയും ലീലാമ്മയും

എന്റെ വിദ്യാര്‍ഥികളായിരുന്നു വലിയ ബലം. സഹപ്രവര്‍ത്തകരുടെ സഹകരണവും വളരെ വലുതായിരുന്നു. കലാമണ്ഡലത്തില്‍നിന്നു പഠിച്ചിറങ്ങിയ കാലം മുതല്‍ എന്റെ ചെറുതും വലുതുമായ നൃത്താധ്യാപനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഉറ്റ സുഹൃത്താണ് കലാമണ്ഡലം ലീലാമ്മ. ഉയര്‍ച്ചതാഴ്ചകള്‍ പരസ്പരം പങ്കുവെക്കുവാനും നൃത്തത്തിലെ പുരോഗതികള്‍ ചര്‍ച്ചചെയ്യാനും സ്വന്തം മേഖലകളില്‍ അത് അവതരിപ്പിക്കാനും ആരോഗ്യകരമായി ഞങ്ങള്‍ മത്സരിച്ചിരുന്നു. ലീലാമ്മയുടെ മേഖല മോഹിനിയാട്ടമാണ്. എന്റേതാവട്ടെ ഭരതനാട്യവും. മോഹിനിയാട്ടം അവതരിപ്പിക്കേണ്ടതായ അവസരങ്ങള്‍ എന്നില്‍ എന്നുചേരുമ്പോള്‍ ഞാന്‍ ലീലാമ്മയുമായി ചര്‍ച്ച ചെയ്യും. ലീലാമ്മ അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയും. നിസ്വാര്‍ഥമായ കൊടുക്കല്‍ വാങ്ങലുകള്‍...ലീലാമ്മ കലാമണ്ഡലത്തില്‍ തന്നെ അധ്യാപികയായി തുടരുകയാണ്. എനിക്കൊരു ആവശ്യമുണ്ടായിരുന്നു എന്നു പറയുകയേ വേണ്ടൂ, ലീലാമ്മ തിരക്കുകള്‍ മാറ്റി വെച്ച് നൃത്യാലയയില്‍ എത്തിച്ചേരും. ഞാനില്ലെങ്കിലും നൃത്യാലയക്ക് ഒന്നും സംഭവിക്കില്ല. കുട്ടികളുടെ പഠനം മുടങ്ങില്ല. നൃത്യാലയയില്‍ പഠിച്ചിറങ്ങിയ പല മുതിര്‍ന്ന വിദ്യാര്‍ഥികളും അവിടത്തന്നെ അധ്യാപകരായി വരുന്നുണ്ട്. നൃത്യാലയയെക്കുറിച്ചുള്ള ആധി ഈ വിധത്തിലുള്ള ചിന്തകള്‍ കൊണ്ട് ഞാന്‍ പരിഹരിക്കുമെങ്കിലും അത് ശാശ്വതമായിരുന്നില്ല.

എന്റെ മക്കളുടെ രക്ഷിതാക്കള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ ആഴം ഞാന്‍ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അത്. വെറുതെ അവിടെ വന്നിരുന്നാല്‍ മതി എന്നായിരുന്നു സഹപ്രവര്‍ത്തകരും രക്ഷിതാക്കളും ആവശ്യപ്പെട്ടത്. മക്കള്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടെ ആര്‍ജവം നോക്കിയിരിക്കുന്നത് പതിവായി. അതായിരുന്നു യഥാര്‍ഥത്തില്‍ എനിക്ക് ഞാന്‍ തന്നെ നല്‍കിയ ചികിത്സ. അടവുകള്‍ തെറ്റിക്കുന്നതും മെയ് വഴങ്ങാതിരിക്കുന്നതും എനിക്ക് സഹിക്കാന്‍ കഴിയില്ല. ഞാന്‍ ഇടപെടും, തിരുത്തും. ഞാനില്ലാതിരുന്നാല്‍ അവര്‍ തെറ്റിക്കുമോ എന്ന ഭയമായിരുന്നു പിന്നെയുള്ള ദിവസങ്ങളില്‍ നൃത്യാലയയിലേക്ക് എന്നെ നടത്തിച്ചത്.

മരണം തരുന്ന വേദന അച്ഛനിലൂടെയാണ് ആദ്യമറിഞ്ഞത്. അമ്മയ്ക്ക് പക്ഷേ കുറച്ചുകൂടി അധികം ഭാഗ്യമുണ്ടായിരുന്നു. ഞാന്‍ നര്‍ത്തകിയായി, വിവാഹിതയായി, അമ്മയായി... എന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങള്‍ക്കെല്ലാം അമ്മ സാക്ഷ്യം വഹിച്ചു. വയ്യാതായപ്പോള്‍ എന്റെയടുക്കല്‍ കൊണ്ടുവന്നു പരിചരിക്കാന്‍ പറ്റി. മരുന്നുകളുടെ സൗജന്യത്താല്‍ ഞാന്‍ മതിമറന്നുറങ്ങുന്ന ഒരു പുലര്‍ച്ചെ അമ്മ പോയി. തൊട്ടടുത്ത മുറിയില്‍ അമ്മയുടെ അവസാന നിമിഷങ്ങള്‍ കൊഴിഞ്ഞുതീരുമ്പോള്‍ ഞാനൊഴികെ അമ്മയുടെ വേണ്ടപ്പെട്ടവരെല്ലാം അടുത്തുണ്ടായിരുന്നു. സഹോദരങ്ങളുടെ ഡയറികളില്‍ 1993 ജൂലൈ ഒന്ന് എന്ന തിയ്യതി അമ്മ മീനാക്ഷി അമ്മാളിന്റെ മരണത്തെ രേഖപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ ഉറങ്ങി എഴുന്നേറ്റത് രാവിലെയാണ്. എം.ടി. എന്നത്തെയും പോലെ വിദൂരത്തേക്ക് നോക്കി ഇരിക്കുന്നു. അന്നു പക്ഷേ ഞാനുണരുന്നതും കാത്തുള്ള ഇരിപ്പാണെന്ന് മനസ്സിലായിരുന്നില്ല. 'അമ്മ മരിച്ചു'. എം.ടി. എന്നെ നോക്കി പറഞ്ഞു. അമ്മ കിടക്കുന്ന മുറിയിലേക്ക് നോക്കിയപ്പോള്‍ അവിടെയാരുമില്ല. കന്യകാമാരിയമ്മന്‍ കോംപൗണ്ടിലേക്ക് കൊണ്ടുപോയെന്ന് എം.ടിയാണ് പറഞ്ഞത്. എനിക്ക് ഒന്നും ചോദിക്കാനില്ല, മിണ്ടാനില്ല. വേഷം മാറി നേരെ പാളയത്തേക്കു പോയി. അവിടെ സഹോദരങ്ങളെല്ലാമുണ്ട്. എന്നോടൊപ്പം താമസിച്ചിട്ട് ഞാന്‍ പോലുമറിയാതെ, അമ്മ ഇങ്ങെത്തിയിരിക്കുന്നു; യാത്രയാക്കേണ്ടവളായിരുന്നല്ലോ ഞാന്‍.

പിറ്റേവര്‍ഷം സെപ്തംബര്‍ ഇരുപത്തിയാറിന് മൂത്ത ജ്യേഷ്ഠന്‍ നാരായണനും യാത്രയായി. ഏട്ടന് ആരോഗ്യപരമായി കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആശുപത്രിയും വീടുമായി കുറച്ചുകാലം കഴിഞ്ഞു. 2005-ലാണ് രണ്ടാമത്തെ ഏട്ടനായിരുന്ന മണിയേട്ടന്‍ പോയത്. ഓഗസ്റ്റ് അഞ്ചിന്. ഹാര്‍ട്ടിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു. ചെന്നൈ അപ്പോളോയില്‍ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുംവഴി ട്രെയിനില്‍ വെച്ചാണ് മണിയേട്ടന്‍ മരിക്കുന്നത്. സേലത്ത് എത്തിയപ്പോള്‍ തുടര്‍യാത്രയ്ക്ക് ബുദ്ധിമുട്ടായി. തിരികെ പോന്നു. 2008-ല്‍ മന്നിയും യാത്രയായി. ശ്വാസകോശം ചുരുങ്ങുന്ന അസുഖമായിരുന്നു മന്നിക്ക്. കുറേ ചികിത്സിച്ചു. ഫലമുണ്ടായില്ല. 2018 ഓഗസ്റ്റ് ഇരുപത്തിയെട്ടിനായിരുന്നു ചേച്ചി തൈലാംബാള്‍ യാത്ര പറഞ്ഞത്. ഹൈദരാബാദിലേക്ക് വളരെ ചെറിയ പ്രായത്തില്‍ പോയതാണ് ചേച്ചി. അവിടെത്തന്നെ അവസാനിച്ചു ആ ജീവിതം. ചേച്ചിയോട് പറഞ്ഞുതീരാത്ത ഒരുപാട് വിശേഷങ്ങളുണ്ട്. അനിയത്തിയെ കേള്‍ക്കാന്‍ ചേച്ചിയെ കാലം ഒരിക്കലും സമ്മതിച്ചിരുന്നില്ല.

നഷ്ടങ്ങളുടെ ഇടവേളകള്‍ ഒരുകണക്കിന് ചെറിയ ആശ്വാസം തന്നെയായിരുന്നു. ഒന്നിച്ചുവളര്‍ന്ന ഞങ്ങള്‍ ഒമ്പത് പേര്‍. ഒമ്പത് പേരെയും ഒരു മാലയില്‍ കോര്‍ത്തെടുക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അമ്മയും മന്നിയും... നഷ്ടങ്ങള്‍ക്ക് ആശ്വാസമേകിയതും നൃത്തം തന്നെയായിരുന്നു. നൃത്യാലയയുടെ വാര്‍ഷികാഘോഷങ്ങള്‍, കുട്ടികളുടെ അരങ്ങേറ്റങ്ങള്‍, പുതിയ കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍, ക്ഷേത്രങ്ങള്‍, അരങ്ങുകള്‍...തിരക്കുകള്‍ ഒരു തരത്തില്‍ അനുഗ്രഹമാണ്.

ഇനി സ്റ്റേജില്‍ നൃത്തം ചെയ്യുന്നില്ല എന്ന തീരുമാനത്തിനൊക്കെ അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ തന്ന അനുഗ്രഹമല്ലേ നൃത്തം. അതിനെ ഞാനെത്രകാലം ദൂരത്ത് നിര്‍ത്തും? എനിക്ക് കഴിയുമായിരുന്നില്ല. ശിഷ്യര്‍ ചിലപ്പോള്‍ ഗുരുവിന്റെ അധ്യാപകരാവും. മുതിര്‍ന്ന കുട്ടികള്‍ നൃത്യാലയയില്‍ നിന്ന് പോയിട്ടും ബന്ധം നിലനിര്‍ത്തിയിരുന്നു. അവരില്‍ ചിലരുടെ വ്യക്തിജീവിതത്തില്‍ എനിക്കും സ്ഥാനം ലഭിച്ചിരുന്നു. അതായിരുന്നു എനിക്കേറ്റവും സന്തോഷം നല്‍കിയിരുന്നതും. എന്റെ പിന്മാറ്റം അറിഞ്ഞ ചില മുതിര്‍ന്ന കുട്ടികള്‍ പക്ഷേ അതു സമ്മതിച്ചുതന്നിരുന്നില്ല. അവരുടെയൊക്കെ സ്നേഹം അനുഭവിച്ച നാളുകള്‍...ചിലങ്കകള്‍ പാടേ കാലില്‍ നിന്നും അഴിച്ചുമാറ്റാന്‍ ഉള്ളിന്റെയുള്ളില്‍ എനിക്കുമില്ലായിരുന്നല്ലോ ഇഷ്ടം. കഴിഞ്ഞത് മറക്കാതെ, വേദിയെ മറന്നുപോകാതെ, വീണ്ടും നട്ടുവാംഗം കേട്ടുതുടങ്ങി, പതിയെ ആടിത്തുടങ്ങി. പക്ഷേ വേദിയുടെ നിയന്ത്രണച്ചുമതലയില്‍ നിന്ന് ഞാന്‍ മാറിനിന്നു. മുതിര്‍ന്ന കുട്ടികള്‍ പരിപാടികള്‍ ഏകീകരിക്കട്ടെ, ഊഴത്തിനനുസരിച്ച് നൃത്തം ചെയ്യാം. പക്ഷിയുണ്ടോ പാടാതിരിക്കുന്നു എന്ന അവസ്ഥയായിരുന്നു അവിടെയും സംഭവിച്ചത്. കുട്ടികള്‍ക്ക് ഇതൊന്നും ശീലമില്ലല്ലോ എന്ന ആധിയില്‍ ഞാന്‍ എല്ലാറ്റിലും ഇടപെട്ടു.

നൃത്യാലയയുടെ വാര്‍ഷികാഘോഷങ്ങള്‍ മുടങ്ങരുതെന്ന ആഗ്രഹമുണ്ടായിരുന്നു. എന്റെ നൃത്താചാര്യരെയും നൃത്തകലയില്‍ പ്രാവീണ്യം നേടിയവരെയും നൃത്യാലയയിലേക്ക് ക്ഷണിച്ചുവരുത്തി അവരെ ആദരിക്കുകയും ശിഷ്യരുടെയും സഹപ്രവര്‍ത്തകരുടെയും നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു കലാസംഗമം. കലാമണ്ഡലത്തിലെ ഉത്സവഭരിതമായ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ് ഞങ്ങളുടെ തലമുറ. കലയെ ഉപാസിച്ചവര്‍ ഒത്തുചേരാന്‍ വേദിയൊരുങ്ങണം. അതാണ് വാര്‍ഷികാഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയൊരു വാര്‍ഷികാഘോഷവേളയില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ആയിരുന്ന പി.എന്‍. സുരേഷും മുഖ്യാതിഥിയായിരുന്നു. നൃത്തത്തെക്കുറിച്ചും കലാമണ്ഡലത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും കലാമണ്ഡലത്തിന്റെ യശ്ശസ്സുയര്‍ത്തിയവരെക്കുറിച്ചുമൊക്കെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു.

കലാമണ്ഡലത്തിലെ എന്റെ ഗുരുക്കന്മാരും സഹപാഠികളും എന്റെ ക്ഷണപ്രകാരം നൃത്യാലയയില്‍ സന്നിഹിതരായിരുന്നു. സഹപാഠികളില്‍ പലരും നൃത്യാലയയിലെ അധ്യാപകര്‍ കൂടിയായിരുന്നല്ലോ. സുരേഷ് സംസാരിച്ചിരിക്കേ പറഞ്ഞു: ''കലാമണ്ഡലം സരസ്വതി ഇന്നുമുതല്‍ കേരള കലാമണ്ഡലത്തിന്റെ ഡീന്‍ ആയി നിയമിക്കപ്പെട്ടിരിക്കുന്നു. അവരുടെ സേവനം കലാമണ്ഡലത്തിന് ആവശ്യമുണ്ട്. കലാമണ്ഡലത്തിലെ മഹാരഥന്മാരായ ഗുരുക്കന്മാരുടെ ശിഷ്യത്വം നേടാന്‍ ഭാഗ്യം ലഭിച്ച തലമുറയില്‍പ്പെട്ടവരില്‍ ഒരാളാണ് ടീച്ചര്‍. നിയമന സംബന്ധമായ പേപ്പറുകള്‍ ഉടന്‍ തന്നെ ടീച്ചര്‍ക്ക് അയച്ചുതരുന്നതാണ്. കലാമണ്ഡലത്തിലെ പരീക്ഷാനടത്തിപ്പുകള്‍ക്കും നൂതനമായ അധ്യാപനത്തിനും ഇനിമുതല്‍ ടീച്ചറുടെ മേല്‍നോട്ടം കൂടിയുണ്ടാവും.''

അപ്രതീക്ഷിതമായി ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മനസ്സാ അച്ഛനെ നമസ്‌കരിച്ചു. എന്റെ ഗുരുക്കന്മാരെ തൊഴുതു. നിറകണ്ണുകളോടെയാണ് പിന്നീട് വേദിയിലേക്ക് നോക്കിയത്. പത്തുവയസ്സുകാരിയുടെ കയ്യും പിടിച്ച് മദ്രാസിലെ തിരസ്‌കാരവും കയ്ച്ചിറക്കിക്കൊണ്ട് ചെറുതുരുത്തിയിലേക്ക് വയ്യാത്ത കാലും വേച്ചുകൊണ്ട് അച്ഛന്‍ താണ്ടിയ ദൂരം ഇതാ ഇവിടെയെത്തിയിരിക്കുന്നു.

ഡീനിന്റെ പണി അത്ര എളുപ്പമുള്ളതല്ലെന്ന് കസേരയില്‍ ഇരുന്നപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ പഠിച്ചകാലമല്ല, കലാലയവുമല്ല. തലമുറകളുടെ വ്യത്യാസവും നന്നായിട്ടുണ്ട്. പരിമിതികള്‍ വകവെക്കാതെ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ചായിരുന്നു പിന്നെ ശ്രമം. വിയോജിപ്പുകള്‍ ധാരാളം ഉണ്ടായിരുന്നു, സ്വാഭാവികമാണ്. എന്റെ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും പെട്ടെന്ന് അംഗീകരിച്ചുതരേണ്ടതിന്റെ ആവശ്യം ആര്‍ക്കുമില്ല. രാഷ്ട്രീയം അറിഞ്ഞാല്‍പ്പോരാ, അത് കളിക്കാനറിയണം. എനിക്ക് നൃത്തം കളിക്കാനും കളിപ്പിക്കാനുമായിരുന്നു താല്‍പര്യം. രാഷ്ട്രീയം എന്റെ മേഖലയല്ല. പാര്‍ട്ടി നോക്കി യോജിപ്പും വിയോജിപ്പും പറയാന്‍ എനിക്കറിയില്ല. മൂന്നു വര്‍ഷമായിരുന്നു ആദ്യം ടേമിന്റെ കാലാവധി. സുരേഷിന് സ്ഥലംമാറ്റം കിട്ടി. കലാമണ്ഡലത്തില്‍ കുട്ടികള്‍ക്ക് ആവശ്യമുള്ളത് അറിവാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ കാലവും നേരവും നോക്കാതെ പകര്‍ന്നുകൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. പിന്നെയെന്തിനാണ് ഡീന്‍ പദവി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി. കാലാവധി പൂര്‍ത്തിയായപ്പോള്‍ ഇനി തുടരാന്‍ ഉദ്ദേശ്യമില്ല എന്ന് വേണ്ടപ്പെട്ടവരെ അറിയിച്ചു. ഇന്നും കലാമണ്ഡലം മനസ്സുകൊണ്ട് എനിക്ക് വളരെയടുത്താണ്. എനിക്ക് ആവശ്യം വന്നാലും കലാമണ്ഡത്തിന് എന്നെ ആവശ്യം വന്നാലും ഓടിയെത്താന്‍ വളരെ ചെറിയ ദൂരമേ ഞങ്ങള്‍ തമ്മിലുള്ളൂ.

കലാമണ്ഡലം സരസ്വതി, അശ്വതി. വി നായര്‍

നൃത്യാലയയുടെ താക്കോല്‍ ഒരു ഘട്ടത്തില്‍ അശ്വതിയെയും ശ്രീകാന്തിനെയും ഏല്‍പ്പിച്ചതും ഇതേ ചിന്തയില്‍ നിന്നാണ്. നൃത്യാലയ ഞാന്‍ തന്നെയാണല്ലോ. എന്നെ ഇനി അവര്‍ നോക്കി നടത്തട്ടെ. അവര്‍ക്കെന്നെ ആവശ്യമുള്ളപ്പോഴും എനിക്ക് അവരെ ആവശ്യമുള്ളപ്പോഴും നടന്നെത്താനുള്ള ദൂരമല്ലേയുള്ളൂ. എങ്കിലും ആഴ്ചയിലൊരിക്കല്‍ നൃത്യാലയയുടെ മുറ്റത്തെത്തിയില്ലെങ്കില്‍ ഉള്ളില്‍ ഒരു ആധി വന്നുനിറയുന്നത് ഞാന്‍ അറിയാറുണ്ട്. ഗേറ്റ് കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ അനവധി കുഞ്ഞിക്കാലുകള്‍ താളത്തില്‍ ചവിട്ടുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിലൊരു പത്തുവയസ്സുകാരി അരമണ്ഡലം ഇരുന്ന് കണ്ണുകള്‍ വികസിപ്പിച്ച് മുട്ടുവടിയുടെ താളത്തിന് കാതോര്‍ക്കാറുണ്ട്. മറ്റുകുട്ടികളെ വല്ലാതെ പരിഗണിക്കുന്നുവെന്ന പരാതിയില്‍, മാറ്റി നിര്‍ത്തപ്പെട്ട സങ്കടത്തില്‍, മുഖം വീര്‍പ്പിച്ചുനിന്നിരുന്ന ഏഴുവയസ്സുകാരി ദശകങ്ങള്‍ക്കിപ്പുറം നടരാജന് മുന്നില്‍ കുഞ്ഞുങ്ങള്‍ക്ക് അടവുകള്‍ പഠിപ്പിച്ചുകൊടുക്കുന്നത് നോക്കി നില്‍ക്കാറുണ്ട്. ഞാന്‍ എന്റെ മക്കളോട് കാണിച്ച കണിശതയില്ല, ദേഷ്യപ്പെടലില്ല, നിര്‍ബന്ധമില്ല, കര്‍ക്കശമില്ല. എനിക്കില്ലാതിരുന്നത് അതായിരിക്കണം, ക്ഷമ.

തീരാനഷ്ടങ്ങളുടെ വേദനയില്‍ ലീലാമ്മയും വന്നുചേരാന്‍ അധികം കാലമുണ്ടായിരുന്നില്ല. കലാമണ്ഡലത്തിലെ നൃത്തവിഭാഗത്തിലെ മേധാവിയായി റിട്ടയര്‍ ചെയ്തിട്ടും നിള ക്യാംപസ്സിന്റെ ഡയറക്ടറായി തന്റെ ജീവിതമത്രയും കലാധ്യാപനത്തിനായി ലീലാമ്മ ഉഴിഞ്ഞുവെച്ചിരുന്നു. മോഹിനിയാട്ടത്തിന്റെ നാള്‍വഴികളെക്കുറിച്ചും അടവുകളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമായ 'മോഹിനിയാട്ടം സിദ്ധാന്തവും പ്രയോഗവും' ലീലാമ്മ എഴുതി. 2017 ജൂണ്‍ പതിനഞ്ചിന് അറുപത്തി മൂന്നാമത്തെ വയസ്സില്‍ ലീലാമ്മ യാത്ര പറഞ്ഞു. പ്രസരിപ്പോടെ ഓടിനടന്ന ലീലാമ്മയെ കാന്‍സര്‍ ബാധിച്ചത് വളരെ പെട്ടെന്നായിരുന്നു. കലാമണ്ഡലത്തിനകത്തും പുറത്തും പ്രൊഫസര്‍ ലീലാമ്മയാണ്. ഞങ്ങള്‍ പക്ഷേ കാണുമ്പോഴെല്ലാം അന്നത്തെ നിര്‍മാല്യത്തിലെ രണ്ട് മോഹിനിയാട്ടക്കാരികളില്‍ നിന്നും തെല്ലും മാറിയിട്ടില്ലായിരുന്നു. ലീലാമ്മയും ഞാനും എപ്പോഴും കാണുകയും വിളിക്കുകയും പറയുകയും ഒന്നുമില്ലല്ലോ. ഉള്‍വിളികളിലൂടെ ഞങ്ങള്‍ തിരിച്ചറിയുമായിരുന്നു, പറയാനെന്തോ ഉണ്ടെന്ന്. ലീലാമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ ഞാന്‍ പോയി. വലിപ്പത്തിനനുസരിച്ച് മുന്നിലും പിന്നിലുമായി നിന്ന് ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോയ്ക്കായി പോസ് ചെയ്ത സാരിയുടുത്ത രണ്ട് പെണ്‍കുട്ടികളില്‍ അവിടെ ഒരാള്‍ വെള്ള പുതച്ചു കിടക്കുകയാണ്.

കലാമണ്ഡലം ലീലാമ്മയുടെ ഭൗതികശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സരസ്വതി ടീച്ചര്‍

2018 മാര്‍ച്ചിലെ നിളാ ഫെസ്റ്റിവലില്‍ മോഹിനിയാട്ടം ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വീണ്ടും കാതില്‍ മുഴങ്ങി: 'പനിമതീമുഖീ ബാലേ...'എന്നെക്കാള്‍ പൊക്കമുള്ള, മെലിഞ്ഞ, ശാലീനമുഖത്തോടെ ലീലാമ്മ മോഹിനിയാട്ടത്തിന്റെ അനന്തസാധ്യതകളിലേക്ക് വിരിഞ്ഞിരിക്കുകയാണ്...കാലങ്ങള്‍ക്ക് ശേഷം ഞാനൊറ്റയ്ക്ക് വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. മോഹിനിയാട്ടമല്ലാതെ എന്തുഞാന്‍ സമര്‍പ്പിക്കും ലീലാമ്മയ്ക്ക്?

അശ്വതിക്കൊപ്പം വേദിയില്‍ മോഹിനിയാട്ടം ചെയ്തിട്ടുണ്ട്. അമ്മയ്ക്കൊപ്പം മകള്‍ എന്ന് പറഞ്ഞവരോട് ഞാന്‍ തിരുത്തി, മകള്‍ക്കൊപ്പം അമ്മയാണ്. 2009-ല്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ചായിരുന്നു ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് മോഹിനിയാട്ടം അവതരിപ്പിച്ചത്. അശ്വതിയോടൊപ്പം നൃത്തം ചെയ്യാന്‍ പോകുകയാണ് എന്നുപറഞ്ഞപ്പോള്‍ എം.ടി. എന്നെ സൂക്ഷിച്ചുനോക്കി. ഡാന്‍സ് പഠിപ്പിക്കാന്‍ അവളെ ഞാന്‍ ആദ്യമായി എന്നോടൊപ്പം കൂട്ടിയപ്പോള്‍ അവളെന്റെ കൂടെ പഠിക്കട്ടെ എന്നായിരുന്നു എം.ടിയോട് അന്ന് ഞാന്‍ പറഞ്ഞിരുന്നത്. 2012-ല്‍ കോഴിക്കോട് തോടയം കഥകളി യോഗത്തിന്റെ ക്ഷണപ്രകാരം ഒരിക്കല്‍ കൂടി മകള്‍ക്കൊപ്പം വേദിയില്‍ കയറി; അംബാശിഖണ്ഡി നൃത്തനാടകത്തോടെ.

വയസ്സ് എഴുപത് പിന്നിട്ടിരിക്കുന്നു. എന്റെ ജീവിതത്തെ രണ്ട് കാലഘട്ടങ്ങളാക്കുകയാണെങ്കില്‍ അത് എം.ടിക്ക് മുമ്പ്, എം.ടിക്കൊപ്പം എന്നിങ്ങനെയാണ്. എം.ടിക്ക് മുമ്പുള്ള കാലം എന്നെ അതിജീവിക്കാന്‍ പരുവപ്പെടുത്തിയ കാലഘട്ടമാണ്. എം.ടിക്കൊപ്പമുള്ള കാലം ഞാനേറെ സ്നേഹിച്ച, സ്നേഹിക്കപ്പെട്ട കാലമാണ്. എം.ടി റൊമാന്റിക്കായിരുന്നോ എന്നൊരിക്കല്‍ ഒരു പെണ്‍കുട്ടി ചോദിച്ചു. ഒരു പങ്കാളിയില്‍നിന്നും അര്‍ഹിക്കുന്ന പ്രണയവും സ്നേഹവും ബഹുമാനവും പങ്കുവെക്കലുകളും ലഭിച്ചിട്ടുണ്ട്. അതില്‍ സംശയമുള്ളവരോട് എനിക്കുമത്രയൊക്കെയേ പ്രണയിക്കാനറിയുമായിരുന്നുള്ളൂ എന്നാണ് ഉത്തരം. എം.ടിയെ ഞാന്‍ അടുത്തറിഞ്ഞ നാള്‍ മുതല്‍ മനസ്സിലാക്കിയ ചിലതുണ്ട്- ഒരു നിര്‍ബന്ധവും അദ്ദേഹത്തില്‍ അടിച്ചേല്‍പ്പിക്കാനാവില്ല, ഒരു തീരുമാനത്തെയും മാറ്റിയെടുക്കാന്‍ പറ്റില്ല. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പരസ്പരം നല്ലത്.

ആരാണ് എം.ടി. എന്നന്വേഷിച്ച് ഞാന്‍ വലഞ്ഞുനടക്കേണ്ടതില്ല. എം.ടി എനിക്ക് ആരാണ് എന്നതാണ് എന്നെ സംബന്ധിച്ച് പ്രസക്തമായിരിക്കുന്നത്. എം.ടി. എനിക്ക് എന്റെ ജീവിതമാണ്. ആ ജീവിതം സുഗമമാക്കേണ്ടത് എന്റെ ആവശ്യമാണ്. എം.ടി. എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. എം.ടി. ആരെക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ട് എന്നും എനിക്കന്വേഷിച്ചുപോകേണ്ടതില്ല. എങ്കിലും ആ വലിയ മനസ്സില്‍, ആയിരം ചിന്തകളുടെ അടരുകള്‍ക്കിടയില്‍ എവിടെങ്കിലും സരസ്വതി എന്ന പേരുണ്ടാകുമായിരിക്കും. എന്നെ പേരെടുത്ത് വിളിച്ചത് എനിക്കോര്‍മയില്ല. നിങ്ങള്‍ എന്നാണ് അടുത്തുണ്ടെങ്കില്‍ പറയുക. അകത്താണെങ്കില്‍ ശ്രീറാമിന്റെ ഭാര്യ ജയശ്രീയെ വിളിക്കും. സ്വരത്തിലെ വ്യത്യാസം മനസ്സിലാക്കി ഞാന്‍ തിരിച്ചറിയും എം.ടിക്ക് പറയാനുള്ളത് എന്നോടാണെന്ന്. വിളികേട്ട് അടുത്ത് ചെല്ലുന്നത് ജയശ്രീ ആണെങ്കില്‍ 'അവരെ വിളിക്ക്' എന്നു പറയും. നന്ദിയുണ്ട് ബാക്കിയുള്ള ജീവിതത്തിലേക്ക് ആ വലിയ കരം നീട്ടിയതിന്.

നൃത്തം ലഹരിയായ കാലത്ത് പ്രസവിച്ചു എന്നതൊഴിച്ചാല്‍ കാര്യമായ അമ്മത്തമൊന്നും തരാതിരുന്നിട്ടും തളര്‍ന്നകാലത്തെല്ലാം ചേര്‍ത്തുപിടിച്ച അശ്വതിയുടെ കരങ്ങള്‍ക്ക് എം.ടിയുടേതുമായി വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഒരേ സമയം എന്റെ അമ്മയും മകളുമായി പരിചരിച്ച ഒമ്പതാം ക്ലാസുകാരിയുടെ പക്വതയാര്‍ന്ന മുഖത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ബഹുമാനമുണ്ട് ശ്രീകാന്തിനോട്;അക്ഷീണപ്രയത്നനായ നര്‍ത്തകന്‍ എന്ന നിലയില്‍, സ്നേഹമുണ്ട് മകനായി വന്നതില്‍. സിതാരയിലെ 'മൗനം' എന്നത്തെയും പോലെ തുടരുമ്പോഴും മനസ്സില്‍ നിന്നുമൊരു മയില്‍ ഉയര്‍ന്നാടുന്നുണ്ട്; പനിമതീമുഖീബാലേ....എന്നു മൂളുന്നുണ്ട്. ആഗ്രഹങ്ങളൊന്നുമില്ല എന്നു പറയുമ്പോഴും ഒന്നുമാത്രം ബാക്കിയാവുന്നു. ഒരിക്കല്‍ കൂടി, ഒരേയൊരു വേദിയില്‍ മൂന്നുപേര്‍ നിറഞ്ഞാടുമായിരിക്കും; അശ്വതിക്കും ശ്രീകാന്തിനുമൊപ്പം ഞാനും കൂടി...

(അവസാനിച്ചു)

തയ്യാറാക്കിയത്: ഷബിത

Content Highlights: Saraswatham, Kalamandalam Saraswathy, Aswathy V Nair, M.T Vasudevan Nair, Kalamandalam Leelamma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented