അശ്വതി.വി.നായർ എം.ടി, കലമണ്ഡലം സരസ്വതി
മമ്മയെ അനുസരിച്ചുകൊണ്ടുള്ള പത്തുമാസം എന്നു തന്നെ പറയാം. പൂര്‍ണമായും ഡാന്‍സ് ക്ലാസുകള്‍ക്ക് അവധി കൊടുത്തു. എന്നെ സഹായിക്കാന്‍ വരുന്ന ടീച്ചര്‍മാരായിരുന്നു ക്ലാസുകള്‍ കൃത്യമായി കൊണ്ടുപോയത്. ഞാന്‍ തന്നെ നേരിട്ട് പോയി ക്ലാസ് എടുക്കണം എന്ന് നിര്‍ബന്ധമുള്ള രക്ഷിതാക്കള്‍ക്ക് എന്റെ ശാരീരികാവസ്ഥ പറഞ്ഞാല്‍ മനസ്സിലാവുന്നതേയുണ്ടായിരുന്നുള്ളൂ. വലിയ അലോസരങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലം കടന്നുപോയി. അമ്മയുടെ പരിചരണം നന്നായി ലഭിച്ച നാളുകള്‍. ഓര്മവെച്ച കാലത്തിനുശേഷം ഞാന്‍ ഇരുന്നും കിടന്നും നേരത്തിന് ഭക്ഷണം കഴിച്ചും വിശ്രമിച്ച നാളുകള്‍. വയറു വലുതാവുംതോറും വലിയ സന്തോഷമായിരുന്നു. മുറ തെറ്റാതെ മമ്മയെ കാണിക്കാന്‍ പോകും. ഇഷ്ടം തോന്നുമ്പോള്‍ അമ്മയുടെ അടുത്തേക്ക് പോകും. തിരികെ സിതാരയിലേക്ക് വരണമെന്ന് തോന്നുമ്പോള്‍ രണ്ടാമതാലോചിക്കാതെ നേരെയിങ്ങ് പോരും. ആചാരപ്രകാരം ഗര്‍ഭിണിയെ വീട്ടുകാര്‍ പ്രസവിക്കാന്‍ കൂട്ടിക്കൊണ്ടുപോകണം, പ്രസവം അവിടെയായിരിക്കണം. അമ്മയും ഏട്ടത്തിയമ്മയും ഇതേപ്പറ്റിയൊക്കെ സൂചിപ്പിച്ചുവെങ്കിലും യാത്രകളും നൃത്തങ്ങളുമില്ലാത്ത വലിയ ഇടവേള സിതാരയില്‍ എം.ടിയോടൊപ്പം ചെലവഴിക്കുന്നതിനായിരുന്നു എന്റെ മനസ്സില്‍ തൂക്കം കൂടുതല്‍. എന്നിരുന്നാലും അമ്മയെയും ഏട്ടത്തിയമ്മയെയും വിഷമിപ്പിക്കാതെ ഇടയ്ക്ക് വീട്ടിലേക്കും പോയി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനുശേഷമുള്ള എം.ടിയുടെ ആദ്യത്തെ പിറന്നാളാണ്. വിശേഷദിവസങ്ങളോടൊന്നും അത്ര മമത കാണിക്കാറില്ല എം.ടി. പക്ഷേ എനിക്ക് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതി സേവയും കഴിക്കണം. അത് ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം തുടരും എന്നും പറഞ്ഞു. എം.ടി മറുത്തൊന്നും പറഞ്ഞില്ല. കര്‍ക്കിടകത്തിലെ ഉത്രട്ടാതി. ഞാന്‍ പൂര്‍ണ ഗര്‍ഭിണിയാണ്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തോടൊപ്പം ഊണ് കഴിച്ചു. പൂജയൊക്കെ ഞാന്‍ വിചാരിച്ചതുപോലെ ഭംഗിയായി കഴിഞ്ഞു. രാത്രി കിടന്നുറങ്ങാന്‍ പറ്റിയില്ല. ശരീരത്തിന് അസ്വസ്ഥതകള്‍ തുടങ്ങി. കൂടുതല്‍ വെച്ചുതാമസിപ്പിക്കാതെ രാജശ്രീ നഴ്സിങ് ഹോമിലേക്ക് പോയി. അന്നുരാത്രിയും പിറ്റേദിവസവും വേദനയും അസ്വസ്ഥതകളുമായി കഴിച്ചുകൂട്ടി. മൂന്നാം നാള് മമ്മയും ഞാനും ലേബര്റൂമില് നിന്നും മല്‍പ്പിടുത്തമായി. കൃത്യമായി പറഞ്ഞാല്‍ 1978 ജൂലായ് ഇരുപത്തിയാറ് കര്‍ക്കിടകത്തിലെ അശ്വതി നക്ഷത്രം. 'പെണ്‍കുഞ്ഞാണ് സരസ്വതീ..'.മമ്മ സന്തോഷത്തോടെ പറഞ്ഞു. കിടന്ന കിടപ്പില്‍ തലപൊക്കി നോക്കിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു കുഞ്ഞ് ഈ ലോകത്തേക്കുവന്ന യാതൊരുവിധ ഭാവപ്രകടനങ്ങളുമില്ലാതെ അങ്ങനെ കിടക്കുന്നു.
'അശ്വതി നക്ഷത്രമാണ്. പേര് അങ്ങനെ തന്നെ ഇരിക്കട്ടെ.' മമ്മയാണ് പറഞ്ഞത്. മമ്മയെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. ആയിക്കോട്ടെ എന്നോ അതല്ല എന്നോ പറഞ്ഞില്ല. കുഞ്ഞിന്റെ പേരിനെക്കുറിച്ച് എം.ടിയ്ക്ക് അഭിപ്രായമോ, അഭിപ്രായവ്യത്യാസമോ ഉണ്ടാകുമോ എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നെയും വാവയെയും മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി. എന്നെ നോക്കി തലയാട്ടി. കഴിഞ്ഞു! അഭിപ്രായവും സന്തോഷവുമെല്ലാം ആ തലയാട്ടലില്‍ ഒതുങ്ങി. ഏട്ടത്തിയമ്മയും അനിയന്മാരുമെല്ലാം വാവയ്ക്ക് ചുറ്റിനുമുണ്ട്. അവരെയെല്ലാം നോക്കിയും അല്ലാത്തപ്പോള്‍ ഉറങ്ങിയും വാവ സ്വന്തം ലോകത്താണ്. എന്നെയും മോളെയും കണ്ടതിനു ശേഷം എം.ടി മാതൃഭൂമിയിലേക്ക് പോയി. ജോലിയ്ക്കിടെയാണ് ആശുപത്രിയില്‍ വന്നത്. വൈകുന്നരം വന്നപ്പോള്‍ കുറച്ചു സമയം തനിച്ചുകിട്ടി. അപ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു: 'മമ്മ പറയുന്നു അശ്വതി എന്നു പേരിടാന്‍. നക്ഷത്രവും അതാണല്ലോ.' എം.ടി ശാന്തനായി തലയാട്ടി. സമ്മതം. എനിക്ക് അതിയായ സന്തോഷം തോന്നി. നൂറുകണക്കിന് കുഞ്ഞുങ്ങളെ ലോകം കാണിച്ച മമ്മയ്ക്ക് സ്വന്തമായി ഒരു കുഞ്ഞില്ല. എന്റെ കുഞ്ഞിന് പേരിടാന്‍ ഏറ്റവും അര്‍ഹയായത് മമ്മ തന്നെയാണ്.
ആശുപത്രിയില്‍ നിന്നും നേരെ സിതാരയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ഞാന്‍ വന്നത്. അമ്മയും ഏട്ടത്തിയമ്മയുമായിരുന്നു എന്റെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ നോക്കിയിരുന്നത്. ഏറ്റെടുത്തത്. വാവയാണെങ്കില് യാതൊരു പ്രശ്നവും ഉണ്ടാക്കാതെ അങ്ങനെ ഉറങ്ങിക്കോളും. ആദ്യനാളുകളിലെ കുറച്ച് ശാരീരികാസ്വസ്ഥതകള്‍ മാറ്റിനിര്‍ത്തിയാല്‍ എനിക്കും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. 'പ്രസവിച്ചു കിടക്കുക' എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. എനിക്കങ്ങനെ കിടന്നുവിശ്രമിക്കാന് പറ്റുന്നില്ല. ഏതുനേരവും ഉറക്കവും പാലുകുടിയും മാത്രമുളള വാവയെ എങ്ങനെയാണ് കൊഞ്ചിക്കേണ്ടതെന്ന് അറിയുന്നില്ല. അമ്മയും ഏട്ടത്തിയമ്മയും വാവയോട് സംസാരിക്കുന്നതുപോലെ എനിക്കു സംസാരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ കുറേനേരം ഇങ്ങനെ നോക്കിയിരിക്കും എന്നെത്തന്നെ നോക്കി കിടക്കുന്ന കുഞ്ഞിനോട് തലയാട്ടിക്കൊണ്ട് എന്തെങ്കിലും ആംഗ്യം കാണിക്കും.
വാവയുമൊത്തുളള ദിവസങ്ങള്‍ കഴിഞ്ഞുകൊണ്ടിരിക്കേ എനിക്കൊരു കാര്യം മനസ്സിലായി. വിശ്രമം അറിഞ്ഞിട്ടില്ലാത്ത എന്റെ കാലുകള്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുന്നില്ല. സ്വയം ഇരുന്ന് കണക്കുകൂട്ടി നോക്കിയപ്പോള്‍ പ്രസവം കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് ദിവസമാകുന്നു. എന്റെ ക്ലാസുകളെ മാത്രം ആശ്രയിച്ച് നില്ക്കുന്ന കുട്ടികള്‍ ഉണ്ട്. ഗര്‍ഭകാലത്ത് പൂര്‍ണവിശ്രമം ആയിരുന്നെങ്കിലും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റുമായി ഞാന്‍ രംഗത്ത് സജീവമായിരുന്നു. എനിക്കെന്റെ നൃത്തത്തെ തിരിച്ചുപിടിക്കണം എന്ന അതിയായ ആഗ്രഹമായിരുന്നു പിന്നീട് ഓരോ ദിവസവും മനസ്സിലുണ്ടായിരുന്നത്. വാവയ്ക്ക് ഒരു മാസം തികഞ്ഞില്ല എന്നത് മനസ്സില്‍ ഒരു വിഷയമേ ആയി തോന്നിയില്ല. എം.ടിയോട് ഞാന്‍ കാര്യം പറയും. മനസ്സിലാവാതിരിക്കില്ല. പക്ഷേ അമ്മയെയും ഏട്ടത്തിയമ്മയെയും പറഞ്ഞു മനസ്സിലാക്കിക്കുക അത്ര എളുപ്പമല്ല. നടക്കുന്ന കാര്യവുമല്ല. അതിനും ഞാന്‍ ഒരു വഴികണ്ടു. മൂന്നുമാസം പോലും തികയാത്ത കുഞ്ഞിനെയിട്ട് ക്ലാസെടുക്കാന്‍ പോകാന്‍ തുടങ്ങുകയാണ് ഞാന്‍. അത് വേണ്ട രീതിയില്‍ അവതരിപ്പിക്കണം. പറയേണ്ട വാക്കുകള്‍ പലതവണ മനസ്സില്‍ പറഞ്ഞും തിരുത്തിയും പതിപ്പിച്ചു.
എം.ടി ഓഫീസില്‍ നിന്നും വന്നാല്‍ ഞാനും വാവയും കിടക്കുന്ന മുറിയുടെ വാതില്ക്കല് വന്ന് എത്തി നോക്കുകയാണ് പതിവ്. അങ്ങനെയൊന്നും സ്നേഹം പ്രകടിപ്പിക്കുകയൊന്നുമില്ല. അതുവരെ കുഞ്ഞിനെ എടുത്തിട്ടുമില്ല. ഒരു ദിവസം അമ്മ അകത്തുകടന്ന് എന്റെയരികില്‍ നിന്നും വാവയെ വാങ്ങി എം.ടിയുടെ കൈകളില്‍ വെച്ചുകൊടുത്തു. നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് വാവയെ ഒന്നു നോക്കി. പിന്നെ നെറ്റിയില്‍ അമര്‍ത്തിയൊരു മുത്തം. വേഗം തന്നെ അമ്മയുടെ കയ്യിലേക്ക് വാവയെ തിരികെ കൊടുത്തു. അതു കണ്ടുകൊണ്ട് ഏട്ടത്തിയമ്മ അടുത്തു തന്നെ നില്‍ക്കുന്നുണ്ട്. എല്ലാവരും എം.ടി കുഞ്ഞിനെ എടുത്തതും നോക്കി ചിരിക്കുകയും വര്‍ത്തമാനം പറയുകയുമൊക്കെ ചെയ്യുകയാണ്. പറ്റിയ തക്കം തന്നെ. ഞാന്‍ വേഗം എഴുന്നേറ്റ് എം.ടിയോടെന്നപോലെ എല്ലാവരും കേള്‍ക്കെ പറഞ്ഞു. ''ക്ലാസുകള്‍ കുറേയായി ഒന്നും നടക്കാതായിട്ട്. എനിക്ക് അടുത്ത ദിവസം മുതല്‍ ക്ലാസെടുക്കാന്‍ പോകണം.'' അമ്മയും ഏട്ടത്തിയമ്മയും എന്നെത്തന്നെ നോക്കി നിന്നനില്‍പ്പിലാണ്. എം.ടി കേട്ടോ ഇല്ലയോ എന്ന ശങ്കയായിരുന്നു എനിക്ക് പിന്നെ. കാരണം മറുപടിയൊന്നും ഇല്ല. അദ്ദേഹത്തിന്റെ ആലോചനാലോകം എനിക്കു നല്ല പരിചയമുള്ളതാണല്ലോ. ഇനിയും എം.ടിയുടെ മറുപടി വൈകിയാല്‍ അമ്മ കയറി ഇടപെടും. അത് മിക്കവാറും ഇങ്ങനെയായിരിക്കും; 'നീയെന്താ ഈ പറയുന്നത് സരസ്വതീ, പെറ്റിട്ട് ഇരുപത്തിയെട്ട് തികഞ്ഞതേയുള്ളൂ..' അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും എം.ടിയോടായി പറഞ്ഞു: ''എനിക്ക് ക്ലാസെടുക്കാതെ പറ്റില്ല. കാല് ഇറങ്ങിപ്പുറപ്പെടുന്നപോലെ.'' എം.ടി എന്നെത്തന്നെ നോക്കി. 'വണ്ടി ഏര്‍പ്പാടാക്കാം.'' എന്നായിരുന്നു മറുപടി. ഇനിയൊന്നും നോക്കാനില്ല. അമ്മയ്ക്കും ഏട്ടത്തിയമ്മയ്ക്കും ഇടപെടാന്‍ ഇനി അവസരം ഇല്ല. എം.ടി അനുകൂലിച്ചിരിക്കുന്നു. ക്ലാസെടുക്കാന്‍ പോകേണ്ട സമയമാകുമ്പോള്‍ വണ്ടിയുമായി ഡ്രൈവറെത്തും എന്നാണ് പറഞ്ഞിരിക്കുന്നത്.
ആ വാക്കുകള്‍ തെല്ലൊന്നുമല്ല എനിക്കാശ്വാസമായത്. വീടായി, കുടുംബമായി, കുഞ്ഞായി, പ്രാരാബ്ധമായി എന്നൊക്കെ സഹപാഠികളും സുഹൃത്തുക്കളും പറഞ്ഞുകേട്ടുള്ള അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. എന്റെ സഹപാഠികളും സുഹൃത്തുക്കളുമായ പല പ്രതിഭകളും വിവാഹം കഴിഞ്ഞ് കുടുംബമായതോടെ ഒതുങ്ങിപ്പോയവരാണ്. നൃത്തത്തോട് കുടുംബമെന്ന സമരസപ്പെടല്‍ ഞാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവണം എന്റെ കാലുകള്‍ വിശ്രമം ആഗ്രഹിക്കാതിരുന്നതും. എന്റെ എക്കാലത്തെയും പിന്തുണയായിരുന്ന രക്ഷിതാക്കളെ ഞാന്‍ സൗകര്യം പോലെ ബന്ധപ്പെട്ടു. ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. ഇനി വരുന്നത് നവരാത്രി മഹോത്സവമാണ്. അരങ്ങേറ്റങ്ങളുടെ ഉത്സവക്കാലം. മനസ്സുമുഴുവന്‍ അതാണ്. അമ്മയുടെ മുഖം മാറാതിരിക്കാന്‍ ഉച്ചവരെ വാവയുടെ അടുത്തു തന്നെ ഉണ്ടാവും ഞാന്‍. ഊണ് കഴിഞ്ഞ് രണ്ടുമണിയാവുമ്പോള് പാലു കൊടുത്ത് വാവയെ ഉറക്കും. പാവം അവള് നന്നായി ഉറങ്ങി സഹകരിച്ചിട്ടുണ്ട് എന്നോട് അക്കാലത്തെല്ലാം. കുളിപ്പിച്ച് പാല് കൊടുത്ത് അമ്മയെ ഏല്പിക്കും. അമ്മ തൊട്ടിലാട്ടിയും നെഞ്ചില്‍ കിടത്തിയും ഉറക്കും. ആ സമയത്ത് ഞാന്‍ ക്ലാസെടുക്കാനായി ഇറങ്ങും. സിതാരയിലെ കാര്‍ കാത്തുനില്ക്കാന് എന്റെ ധൃതി പലപ്പോഴും സമ്മതിക്കില്ല. അപ്പോഴൊക്കെ ഓട്ടോറിക്ഷ പിടിക്കും. ഒരു ക്ലാസില്‍ നിന്നും മറ്റൊന്നിലേക്ക്. നൃത്തക്ലാസിലെത്തുമ്പോള്, കളിക്കാന്‍ തയ്യാറായി നില്ക്കുന്ന കുട്ടികളെ കാണുമ്പോള്‍ എനിക്ക് പറയാന്‍ കഴിയാത്ത ഒരാനന്ദം വന്നു നിറയും. ഇതില്ലാത്തൊരുജീവിതവും എനിക്കു സങ്കല്‍പ്പിക്കുക വയ്യ.

ഞാന്‍ ക്ലാസെടുക്കാന്‍ തുടങ്ങി എന്ന് അറിഞ്ഞുതുടങ്ങിയതു മുതല്‍ രക്ഷിതാക്കളും നിരന്തരം അന്വേഷിച്ച് വിളിക്കാന്‍ തുടങ്ങി. എന്നിരുന്നാലും എല്ലാവരേയും ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നെ മുമ്പ് സഹായിച്ചിരുന്ന ടീച്ചര്‍മാരെയും മുതിര്‍ന്ന കുട്ടികളെയും ഞാന്‍ തിരികെ ബന്ധപ്പെട്ടു. അവര്‍ ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തിലല്ലെങ്കില് എന്നോടൊപ്പം ചേരാന്‍ പറഞ്ഞു. അഞ്ചുമണിയാവുമ്പോഴേക്കും തിരികെ വീട്ടിലെത്തുന്ന തരത്തിലാണ് ഞാന്‍ ക്ലാസുകള്‍ അറേഞ്ച് ചെയ്തിരിക്കുന്നത്. പലപ്പോഴും അഞ്ചുമണിയെന്നത് പാലിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ക്ലാസില്‍ പോകാന്‍ തുടങ്ങിയതോടെ അമ്മ പറഞ്ഞു; 'പോകുമ്പോള്‍ കുഞ്ഞിനെ പാളയത്തെ വീട്ടിലാക്കുക. അവിടെ എല്ലാവരുമുണ്ട്.' അമ്മയ്ക്കും ഏട്ടത്തിയമ്മയ്ക്കും സൗകര്യം അതാണ്. തിരികെ വരുമ്പോള്‍ കൂടെ കൂട്ടാം. അത് എനിക്കും കൂടുതല്‍ സൗകര്യമായി. ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ ചിലപ്പോള്‍ എം.ടി വാവയുടെ സ്ഥിതി അറിയാനായി എന്റെ വീട്ടിലെത്തും. തൊട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ എത്തിനോക്കിയിട്ട് തിരികെ പോകും. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ പറഞ്ഞാണ് അറിയുക, എം.ടി വന്നിരുന്നുവെന്ന്. അപ്പോള്‍ ഞാന്‍ ക്ലോക്കിലേക്ക് നോക്കും. അഞ്ചുമണിവരെ എന്നാണ് ഞാന്‍ എം.ടിയോട് പറഞ്ഞത്. സമയത്തോട് ഇത്രമേല്‍ കണിശതയുളള ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് എം.ടി മാത്രമാണ്. കൃത്യസമയം പാലിക്കുകയും പാലിക്കാത്തവരോട് പിന്നെ പെരുമാറുന്ന രീതിയും എനിക്കറിയാം. എം.ടിയുടെ കൃത്യനിഷ്ഠയില് പത്തുമിനിറ്റ് എപ്പോഴും എം.ടിയെ അങ്ങോട്ടു കാത്തുനിന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എപ്പോഴാ വന്നത്, എപ്പോഴാ പോയത് എന്നു മാത്രമേ ഞാന്‍ അമ്മയോട് ചോദിക്കുകയുളളൂ. പിന്നെ വേഗം തന്നെ വാവയെയുമെടുത്ത് സിതാരയിലേക്ക് പോകും. പല ബാച്ചുകള്‍ തിരിച്ചായിരുന്നു ഞാന്‍ കുട്ടികളെ നൃത്തം പരിശീലിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഓരോ ബാച്ചിലും കണ്ണെത്തിയില്ലെങ്കില്‍ സമാധാനമുണ്ടാവില്ല. മുമ്പ് പഠിച്ചവരെ ഒരു ബാച്ച്, തുടക്കക്കാരെ മറ്റൊരു ബാച്ച്, പ്രൈവറ്റ് കുട്ടികള്‍ക്കുള്ള പരിഗണന...അങ്ങനെ തിരക്ക് വീണ്ടും വന്നുതുടങ്ങി. നവരാത്രി മഹോത്സവവും വിദ്യാരംഭവും തരുന്ന തിരക്കുകള്‍ വേറൊരു വശത്ത്.
എന്റെ വിവാഹം കഴിഞ്ഞ നാളുകളില്‍ത്തന്നെ എനിക്കു താഴെയുള്ള അനിയന്മാരെ ഞാന്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ക്ക് ഞാനല്ലാതെ വേറാരുമില്ല. എന്റെ ഉത്തരവാദിത്തത്തിലാണ് അവര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം. ഒരു സഹോദരി എന്നതിനേക്കാള്‍ അമ്മയെപ്പോലെയാണ് ഞാന്‍ അവരെ നോക്കിയത്. വാവയെ നോക്കിയത് അവരെല്ലാവരും കൂടിയായിരുന്നു. അവളുടെ ചിരിയും കരച്ചിലും ആവശ്യങ്ങളുമെല്ലാം അവരായിരുന്നു എന്നെക്കാള്‍ മുമ്പേ കണ്ടറിഞ്ഞതും മനസ്സിലാക്കിയതും. പലപ്പോഴും ഞാനും എം.ടിയും തമ്മില്‍ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു.പക്ഷേ പരസ്പരം കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചിരുന്നു. എം.ടിയുടെ തിരക്കുപിടിച്ച ജീവിതമാണ് ഞങ്ങളെ കുടുംബപരമായും സാമ്പത്തികമായും മുന്നോട്ടു നയിക്കുന്നത്. അദ്ദേഹം ജോലി ചെയ്യണം, തിരക്കഥയെഴുതണം, കഥയും നോവലുകളും എഴുതണം, സിനിമ എന്നത് കച്ചവട സാധ്യതകള്‍ കൂടിയുള്ള 'പ്രോജക്ടുകളാ'ണ്. അതിനായി ധാരാളം യാത്രകള്‍ ചെയ്യണം. അപ്പോള്‍ വീട്ടുത്തരവാദിത്തങ്ങള്ക്ക് ഞാന്‍ അദ്ദേഹത്തെ കാത്തുനിന്നിട്ട് കാര്യമില്ല. എന്നാല്‍ ഞാനോ എന്റെ കലയില്‍ കോംപ്രമൈസ് ചെയ്യാനും തയ്യാറല്ല. ഇത് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കലയെ പരസ്പരം ബഹുമാനിച്ചു. അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും മാറ്റി നിര്‍ത്തി. എം.ടിയുടെ നോവല്‍ വായിച്ചോ, സിനിമ കണ്ടോ എന്ന് എന്നോട് പലരും ചോദിക്കും. എനിക്ക് ഇഷ്ടമുള്ളത് കണ്ടു. ഇഷ്ടപ്പെട്ടത് വായിച്ചു. 'കാല'വും 'അസുരവിത്തും' 'നാലുകെട്ടും' എനിക്കു തന്ന വായനാനുഭവങ്ങള്‍ പോലെ മനോഹരമായിരുന്നു വൈശാലിയും സുകൃതവും പോലുള്ള സിനിമകള്‍ തന്നത്. എം.ടി എന്റെ നൃത്തം സദസ്സിലിരുന്ന് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കണ്ടിട്ടുണ്ടായിരിക്കാം. ഇന്ന പരിപാടി ഞാന്‍ കണ്ടിരുന്നു എന്നോ, കാണാന്‍ വരുന്നു എന്നോ എന്നോട് ഇന്നേ വരെ പറഞ്ഞിട്ടില്ല. അതുപോലെ നോവല്‍ നന്നായിരുന്നുവെന്നോ സിനിമ അസ്സലായി എന്നോ ഞാനും പറഞ്ഞിട്ടില്ല. വൈശാലിയിലെ പാട്ടുകള്‍ കേട്ടപ്പോള്‍ അതിന്റെ ദൃശ്യാവിഷ്കാരം എങ്ങനെയായിരിക്കും എന്നതുമാത്രമാണ് എം.ടിയുടെ സര്ഗാത്മകതയില് എന്റെ മനസ്സിലൂടെ ഞാന്‍ നടത്തിയ ഏക ഇടപെടല്‍.
വാവയുമായി എനിക്കത്ര നല്ല വിനിമയം ആദ്യനാളുകളില്‍ പുലര്‍ത്താന്‍ പറ്റിയിരുന്നില്ല എന്നു പറഞ്ഞല്ലോ. ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് നൃത്തപരിപാടികള്‍ പലപ്പോഴും ഉണ്ടാവുക. അരങ്ങേറ്റങ്ങള്‍
വിചാരിച്ച സമയവും കടന്നുപോകും. കുഞ്ഞിനെയും കൂട്ടിയാണ് ഇത്തരം പരിപാടികള്‍ക്ക് പോവുക. അവളെ കാറിലിരുത്തും. അമ്മയോ ഏട്ടത്തിയമ്മയോ അങ്ങനെയാരെയെങ്കിലും മടിയില്‍ വെച്ചാണ് ഇരിക്കുക. ഇടവേളകളില്‍ ഞാന്‍ ഓടിവന്ന് പാല് കൊടുത്തിട്ട് പോകും. അന്തിപ്പാതിരാ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിച്ച് മതികെട്ടുറങ്ങുകയാണ് എന്റെ പതിവ്. അപ്പോള്‍ കൃത്യ സമയത്ത് വാവ എഴുന്നേല്ക്കും. പിന്നെ കരച്ചില് തുടങ്ങും. അവളുടെ ഉറക്കമെല്ലാം കാറില്‍ നിന്നും കഴിഞ്ഞിരിക്കുന്നു. ഓരോ പരിപാടികള്‍ക്കും മുന്നേയുള്ള മുന്നൊരുക്കങ്ങള്‍ എത്രയോ ദിവസം മുമ്പേ ഊണും ഉറക്കവുമില്ലാതെ നടക്കുന്നതല്ലേ. അന്നുമുതല്‍ ഞാനും വിശ്രമമില്ലാതെ ഓടുന്നതാണ്. കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നത് ഞാന്‍ അറിയുക പോലുമില്ല. എന്റെ അനിയന് മഹാദേവന് ആണ് പലപ്പോഴും ഈ അവസരങ്ങളില്‍ എഴുന്നേറ്റു വരിക. എം.ടി മുറിയിലുണ്ടെങ്കില്‍ മഹാദേവന് അല്പസമയം പുറത്ത് കാത്തുനില്ക്കും. പുറത്തേക്ക് കരച്ചില് കേള്‍ക്കുന്നില്ലെങ്കില്‍ അവളെയുമെടുത്ത് എം.ടി മുറിയിലൂടെ നടന്ന് ഉറക്കുന്നുണ്ടാവും. എം.ടിയും യാത്രകള്‍ കഴിഞ്ഞുവന്ന അവസ്ഥയിലാണെങ്കില്‍ എം.ടി എഴുന്നേറ്റ് പോയി വാതില്‍ തുറന്നിടും. വാവ കരച്ചില് നിര്‍ത്തുന്നില്ല എന്നുകണ്ട് മഹാദേവന് വന്ന് അവളെയുമെടുത്ത് വരാന്തയിലൂടെ നടന്നും പാട്ടുപാടിയും ഉറക്കും. കുഞ്ഞ് കരഞ്ഞുതുടങ്ങുമ്പോള്‍ തന്നെ അനിയന്മാര് ആരെങ്കിലും എഴുന്നേറ്റ് വരിക പതിവായിരുന്നു. അവള് വളര്‍ന്നത് അവരുടെ കൈകളിലൂടെയാണ്. പാളയത്തെ വീട്ടിലെ ആഘോഷാന്തരീക്ഷത്തില്‍ കുഞ്ഞുടുപ്പുമിട്ട് ഓടിക്കളിക്കുന്ന അശ്വതിയെ ഞാന്‍ ഓര്‍ക്കാറുണ്ട്; കൊടുക്കേണ്ട സമയത്ത് സ്നേഹമോ വാത്സല്യമോ കൊടുക്കാനറിയാതെ വളര്‍ത്തിയ ഒരമ്മയുടെ മകള്‍ എന്ന നിലയില്‍.
(തുടരും)
Content Highlights : Saraswatham Autobiography of Kalamandalam Saraswathy Aswathi V Nair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..