'പനിമതീമുഖീബാലേ...'ഭാസ്‌കരറാവുമാഷ് മുമ്പിലേക്ക് നീട്ടുന്നത് 'നിര്‍മാല്യ'മാണ്!


കലാമണ്ഡലം സരസ്വതി

മോഹിനിയാട്ടമാണ് അവതരിപ്പിക്കേണ്ടത്. വേദിയില്‍ നൃത്തമവതരിപ്പിച്ചു എന്നതല്ലാതെ ക്യാമറയ്ക്കു മുന്നില്‍നിന്നുള്ള പരിചയമൊന്നുമില്ല രണ്ടാള്‍ക്കും. എന്നിരുന്നാലും ഞങ്ങള്‍ തയ്യാറായി. ഭാസ്‌കരറാവു മാഷ് സമീപിച്ചെങ്കില്‍ അത് മൂല്യമുള്ള ഒരു ചലച്ചിത്രത്തിന്റെ ഭാഗമായിരിക്കും.

കലാമണ്ഡലം സരസ്വതി

മ്മ ഒരുക്കിത്തന്ന ഹാളില്‍ നൃത്തക്ലാസ് തുടങ്ങുന്നതിന് മുമ്പ് ഞാന്‍ പദുക്കയുടെ അടുക്കല്‍ പോയി. നൃത്തവിദ്യാലയം ആരംഭിക്കാന്‍ പോകുന്ന വിവരം പദുക്കയോട് പറഞ്ഞു. എന്റെ ഡാന്‍സ് സ്‌കൂളിന് ഒരു പേര് വേണം. കലാമണ്ഡലത്തിലെ പഠനത്തിന് ശേഷം പദുക്കയുടെ അടുത്തുനിന്നാണ് നൃത്തത്തെ ആഴത്തിലറിഞ്ഞത്. നൃത്തവിദ്യാലയം എന്ന ആഗ്രഹമൊക്കെ ഉണ്ടായത് പദുക്കയുടെ 'നൃത്യോദയ'യില്‍ നിന്നാണ്. പദുക്കയുടെ നൃത്യോദയയോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു പേരാണ് എന്റെ സ്‌കൂളിനും ഇടാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. നൃത്യാലയ! പദുക്ക ഉടന്‍ പറഞ്ഞു. ഞാന്‍ ആ പേരിനെ എന്റെ ഹൃദയത്തോടാണ് ചേര്‍ത്തെടുത്തത്. മമ്മ ഒരുക്കിത്തന്ന ഡാന്‍സ് സ്‌കൂളിന് 'നൃത്യാലയ' എന്നു പേരിട്ടു. 1972-ലാണ് നൃത്യാലയ പ്രവര്‍ത്തനമാരംഭിച്ചത്.

നൃത്യാലയ നൃത്തവിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ നാരായണ സെന്റിനറി ഹാളില്‍ വെച്ച് ഒരു നൃത്തപരിപാടി സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഉദ്ഘാടനം നിര്‍വഹിച്ചത് ഡോ.എസ്. കെ. നായരും മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയര്‍മാന്‍ വി.ടി.ഇന്ദുചൂഢനുമായിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസം നൃത്ത ഇനങ്ങള്‍ ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. അതില്‍ ഒന്നാം ദിവസം ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ അവതരിപ്പിച്ച നൃത്ത ഇനങ്ങളും രണ്ടാമത്തെ ദിവസം മദിരാശിയില്‍ നിന്ന് എന്റെ ഗുരുനാഥന്‍ വെമ്പട്ടി ചിന്നസത്യം സാറിന്റെ നേതൃത്വത്തില്‍ കുച്ചിപ്പുടി ആര്‍ട്‌സ് അക്കാദമി അവതരിപ്പിച്ച നൃത്ത ഇനങ്ങളും അരങ്ങേറി. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളില്‍ എന്റെ എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തിരുന്നു.

ഡോ. സി.ആര്‍ പരശുറാം ക്രിസ്ത്യന്‍ കോളേജിനടുത്തായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകള്‍ സരോജ പരശുറാം എന്റെ വിദ്യാര്‍ഥിയാണ്. സരോജയുടെ അനിയത്തിമാരായ വിജയലക്ഷ്മിയെയും റാണിയെയും സ്‌കൂള്‍ കലോത്സവങ്ങള്‍ക്കായി ചില ഐറ്റങ്ങള്‍ പഠിപ്പിച്ചുകൊടുക്കാറുമുണ്ട്. സരോജ വീട്ടില്‍ വന്ന് നൃത്തം പഠിക്കുന്ന കുട്ടിയാണ്. നൃത്യാലയയുടെ ഉദ്ഘാടനദിനം മുതല്‍ സമാപനദിനം വരെയുള്ള എല്ലാ പരിപാടികളുടെയും സംഘാടനച്ചുമതല പരശുറാം സാര്‍ സ്വയം ഏറ്റെടുത്തു. കലാപരമായി താല്‍പര്യമുള്ളയാളായിരുന്നു അദ്ദേഹം. അന്ന് കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സദ്ഗുരു സംഗീതസഭയുടെ അധ്യക്ഷനായിരുന്നു. കലാഭിരുചിയുള്ളവരെ തന്നാല്‍കഴിയും വിധം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കാനുമായി എന്റെ അനിയന്മാരായ ശേഷാദ്രിയെയും കൃഷ്ണനെയും മഹാദേവനെയും അദ്ദേഹം അസിസ്റ്റന്റുമാരായി കൂടെ കൂട്ടി. ഞാന്‍ നൃത്തം പഠിപ്പിക്കുന്ന ഓരോകുട്ടിയുടെയും വീട്ടില്‍പോയി നൃത്യാലയ നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. സാമ്പത്തികമായും വ്യക്തിപരവുമായ പിന്തുണകള്‍ അഭ്യര്‍ഥിച്ചു. മൂന്നുദിവസം കോഴിക്കോട്ടെ പ്രധാന ഹാളുകളില്‍ വെച്ച് പരിപാടികള്‍ നടത്താന്‍ ചില്ലറയൊന്നും കരുതിയാല്‍ പോര. കനപ്പെട്ടതു തന്നെ വേണം. എന്റെ കയ്യില്‍ അന്നത്തെ അന്നത്തിനുള്ളതേ കാണൂ. പക്ഷേ പരിപാടികള്‍ക്ക് യാതൊരു കോട്ടവും തട്ടാതെ, അതിഥികളായി വന്ന കലാകാരര്‍ക്ക് തൃപ്തിവരുന്ന തരത്തില്‍ പ്രതിഫലം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഫണ്ട് വന്നുചേര്‍ന്നു. സംഘാടകനായ പരശുറാംസാറിന്റെയും എന്റെ കുട്ടികളുടെ രക്ഷിതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണയായിരുന്നു അതിനുപിന്നില്‍ വര്‍ത്തിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന രാമചന്ദ്ര റാവു ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം മൂന്നുദിവസവും കൂടെനിന്നു. രക്ഷിതാക്കളില്ലെങ്കില്‍ ഇത്തരമൊരു ബൃഹത്തായ പരിപാടി സ്വപ്‌നം കാണാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. സരസ്വതിടീച്ചറുടെ ഡാന്‍സ് സ്‌കൂളിന്റെ പരിപാടി എന്നു വിചാരിക്കാതെ തങ്ങളുടെ മക്കള്‍ പഠിക്കുന്ന നൃത്യാലയയുടെ ആദ്യത്തെ പരിപാടി എന്ന വികാരത്തോടെയായിരുന്നു രക്ഷിതാക്കള്‍ പെരുമാറിയിരുന്നത്. ഡോ. ബി.ടി നായര്‍, മമ്മ, ഡോ. ഹരിദാസ്, കെ.ഇ ഗോപിനാഥ് വക്കീല്‍, ചാലപ്പുറത്തെ വിജയന്‍ മേനോക്കി, ഭട്ട് റോഡിലുള്ള മേത്തയുടെ കുടുംബം, ഗ്വാളിയോര്‍ റയോണ്‍സിലെ സുബ്രഹ്മണ്യവും, ചന്ദ്രശേഖറും കുടുംബവും, നിലമ്പൂരിലെ രമാ തമ്പാട്ടിയും കുടുംബവും, നെടുങ്ങാടി കുടുംബത്തിലെ ടി.എം.ബി നെടുങ്ങാടിയും കുടുംബവും. അവരുടെ മകള്‍ ഉഷാ നെടുങ്ങാടിയുടെ നൃത്താവതരണമുണ്ടായിരുന്നു. മുല്ലശ്ശേരി രാജു...പെട്ടെന്ന് ഓര്‍മയില്‍ വന്ന പേരുകളാണ് പറയുന്നത്. ഇവരെക്കൂടാതെ ധാരാളം പേര്‍ എല്ലാവിധ സഹായവും ചെയ്തുകൊണ്ട് കൂടെയുണ്ടായിരുന്നു.

ഇരുപത്തിയഞ്ചോളം കുട്ടികളാണ് നൃത്തപരിപാടികള്‍ അവതരിപ്പിച്ചത്. കുണ്ടൂപ്പറമ്പിലെ ശ്രീധരന്‍ മാസ്റ്ററും സഹായികളുമാണ് മേക്കപ്പ്. മാസ്റ്റര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഉദ്ഘാടനദിവസത്തെ നൃത്തനൃത്യങ്ങള്‍ക്കായി പക്കവാദ്യങ്ങളുടെ അകമ്പടിതന്നെയുണ്ടായിരുന്നു. കലാമണ്ഡലം സുകുമാരി ടീച്ചറായിരുന്നു സംഗീതം. പള്ളുരുത്തി നാരായണന്‍ മൃദംഗം, കല്‍പാത്തി കൃഷ്ണയ്യര്‍ ഓടക്കുഴല്‍, കലാമണ്ഡലം വി.കെ രാമകൃഷ്ണന്‍ മാഷ് പക്കാവാദ്യങ്ങളെയെല്ലാം സമയാസമയം നിയന്ത്രിച്ചു. ഇന്ന് ഇതെല്ലാം പറയുന്നത് സി.ഡി യുഗത്തില്‍ ഇരുന്നുകൊണ്ടാണ്. സി.ഡിയും പെന്‍ഡ്രൈവും പാടിക്കുന്ന പക്കാവാദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ കാലത്തെ പരിപാടികള്‍ക്കുള്ള കഷ്ടപ്പാടുകള്‍ ഓര്‍ക്കാറുണ്ട്. പക്കവാദ്യക്കാരില്‍ ഒരാള്‍ കുറഞ്ഞാല്‍ കുഴപ്പമായി. എല്ലാം തകിടം മറിയും. ആളുകള്‍ പുറപ്പെടുന്നതുമുതല്‍ വേദിയില്‍ എത്തിക്കിട്ടുന്നതുവരെ ടെന്‍ഷനാണ്.

നൃത്തക്ലാസില്‍ നിന്നും പണം ആവശ്യത്തിന് കയ്യില്‍ വരാന്‍ തുടങ്ങി. എന്നിരുന്നാലും വാടകവീട്ടില്‍ നിന്നും സ്വന്തമായി ഒരു വീട്ടിലേക്ക് മാറിത്താമസിക്കണം എന്ന ആഗ്രഹമൊന്നും മുളപൊട്ടാനായിട്ടില്ല. കന്യകാപരമേശ്വരി കോംപൗണ്ടില്‍ താമസിക്കുമ്പോള്‍ അത് വാടകവീടാണെന്ന തോന്നലൊന്നും ഉണ്ടാകാതിരുന്നതുകൊണ്ടാകാം സ്വന്തമായൊരു വീട് എന്ന സങ്കല്പത്തിലേക്കൊന്നും എത്താതിരുന്നത്. പോരാത്തതിന് കയ്യില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പണം ആവശ്യങ്ങളുടെയും ആചാരങ്ങളുടെയും കൈവഴികളായി അങ്ങനെ ഒഴുകിപ്പോകുന്നുമുണ്ട്. മമ്മ തന്ന ഹാളിന് വാടകയൊന്നും വാങ്ങിയിരുന്നില്ല, കൊടുക്കാനും പാടില്ല. വാടക കൊടുത്ത് നിലനിര്‍ത്തുന്നതായിരുന്നില്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയതുമുതല്‍ അവിടവുമായുള്ള ബന്ധത്തിന് യാതൊരു കോട്ടവും ഞാന്‍ വരുത്തിയിട്ടില്ല. എന്താവശ്യമുണ്ടെങ്കിലും കലാമണ്ഡലത്തിലെ എന്റെ അധ്യാപകരോട്, എനിക്ക് പക്കമേളം വായിച്ചവരോട് ഞാന്‍ പറയുകയും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. അവര്‍ക്കിഷ്ടമുള്ള ശിഷ്യഗണങ്ങളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. കലാമണ്ഡലത്തിന്റെ പരിപാടികള്‍ ഉണ്ടാവുമ്പോള്‍ ഭരതനാട്യം എന്ന കോളം എനിക്കായി അവര്‍ ഒഴിച്ചിട്ടു. കലാമണ്ഡലത്തിന്റെ പരിപാടികളിലത്രയും ഞാന്‍ ഭരതനാട്യം അവതരിപ്പിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജുകള്‍ കിട്ടിത്തുടങ്ങി. ഉത്തരേന്ത്യമുഴുവന്‍ യാത്രചെയ്തത് കലാമണ്ഡലം സംഘത്തിന്റെ കൂടെയാണ്. അവനവനോട് തന്നെ ആദരവ് തോന്നത്തക്ക രീതിയിലായിരുന്നു കലാമണ്ഡലത്തില്‍ നിന്നും പരിപാടികള്‍ തീരുമാനപ്പെടുത്തി എന്നറിയിച്ചുകൊണ്ടുള്ള ഓരോ കത്തുകളും വന്നുകൊണ്ടിരുന്നത്. പോസ്റ്റ്മാന്‍ കലാമണ്ഡലം സരസ്വതി എന്നുറക്കെ വിളിച്ചാണ് കത്ത് തരിക. ഒരു ബഹുമതി കിട്ടിയ അനുഭവമാണ് അപ്പോള്‍ എനിക്കുണ്ടാവുക. പിന്നെ ആ പേര് എന്റെ മുദ്രപോലെയായി. എല്ലാ ദിവസവും അച്ഛനോടു പ്രാര്‍ഥിച്ചു, നടനപാതയിലേക്ക്, ദിവ്യമായൊരു കലയിലേക്ക് വഴിനടത്തിച്ചതിന് നന്ദി പറഞ്ഞു. അന്നം മുടങ്ങാതെ കാത്തതിന് സര്‍വദേവതകളോടും അകമഴിഞ്ഞു പ്രാര്‍ഥിച്ചു. അച്ഛന്‍ അദ്ദേഹത്തിന്റെ ആയുസ്സിലെ സര്‍വൈശ്വര്യങ്ങളും എനിക്കു ചൊരിഞ്ഞുതന്നത് കലാമണ്ഡലത്തിലൂടെയാണെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. 1964-65 കാലത്ത് കലാമണ്ഡലത്തില്‍ നിന്നും തിരിച്ചുവന്നതുമുതല്‍ 1980-85 വരെ മുടങ്ങാതെ നൃത്തപരിപാടികള്‍ കിട്ടിയിരുന്നു. ഒരു മുട്ടുമുണ്ടായിരുന്നില്ല ഒന്നിനും. മാസത്തില്‍ ചുരുങ്ങിയത് മൂന്ന് പരിപാടികള്‍ എന്ന തോതില്‍ അനവധിയാത്രകള്‍, പുതിയപുതിയ ആശയങ്ങളുമായി ഭരതനാട്യത്തെ പുതുമയോടെ അവതരിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുകയായിരുന്നു. മനസ്സില്‍ മറ്റൊന്നുമില്ല, മുദ്രകള്‍ മാത്രം!

Kalamandalam Saraswathi, leelamma
കലാമണ്ഡലം സരസ്വതി ലീലാമ്മയോടൊപ്പം

കലാമണ്ഡലം ഏറ്റെടുക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ഭരതനാട്യത്തിന് സരസ്വതി എന്ന പേര് രണ്ടാമതൊന്നാലോചിക്കാതെ നിര്‍ദ്ദേശിക്കാന്‍ എന്റെ ഗുരുക്കന്മാര്‍ക്ക് തോന്നിയത് അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞകാലം. അക്കാലത്തൊക്കെ കലാമണ്ഡലം കണിശതയുടെ അങ്ങേത്തലക്കാരാണ്. തെല്ലൊന്നുപിഴച്ചാല്‍ പിന്നെ ആജീവനാന്തം വിലക്കാണ്. അതീവപ്രാധാന്യമുള്ള പരിപാടികള്‍ക്കേ പോകൂ. കലാപരമായി ഗുരുക്കന്മാര്‍ക്ക് ബോധിച്ചവരെ മാത്രമേ കൊണ്ടുപോകൂ. മാസത്തില്‍ മൂന്നും നാലും തവണ എന്റെ നൃത്തക്ലാസുകള്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ ഒറ്റയ്ക്ക് ഷൊര്‍ണൂരേക്ക് വണ്ടി കയറും. ഷൊര്‍ണൂരില്‍ നിന്ന് ചെറുതുരുത്തിയിലേക്ക് ബസ് കയറും. കലാമണ്ഡലത്തോടൊപ്പം ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. പല പ്രമുഖരും സദസ്സിലിരിക്കുമ്പോള്‍ വേദിയില്‍ നൃത്തമവതരിപ്പിച്ചു.

നൃത്താധ്യാപനത്തില്‍ ഭരതനാട്യം മാത്രം പോര, കുച്ചുപ്പുടി ഞാന്‍ പഠിച്ചെടുത്തു കഴിഞ്ഞു. പിന്നെ മോഹിനിയാട്ടത്തില്‍ നിന്നും മാറിനില്‍ക്കേണ്ടതില്ല എന്നു തോന്നിയത് ആയിടക്കാണ്. കലാമണ്ഡലം കല്യാണിക്കുട്ടി ടീച്ചറുടെയടുക്കല്‍ പോയി. അവരുടെ ശൈലി കണ്ടു. ടീച്ചറുടെ മക്കള്‍ മുഖാന്തരം വൈകാതെ തന്നെ അതും സ്വായത്തമാക്കി. എന്നിരുന്നാലും വേദിയിലെ എന്റെ പ്രധാന ഐറ്റം ഭരതനാട്യം തന്നെയായിരുന്നു.

കലാമണ്ഡലത്തിന്റെ വാര്‍ഷികാഘോഷം ഗംഭീരമായിട്ടാണ് കൊണ്ടാടുക. വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും എല്ലാവരും വരും. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നദിവസം. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയവരില്‍ പലരും നൃത്യാലയയില്‍ വന്നിട്ടുണ്ട്. വരുമ്പോള്‍ താമസിക്കുക എന്റെ വീട്ടില്‍ തന്നെയാണ്. എന്റെ ജൂനിയറായ പല കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നൃത്ത പരിപാടികളും ഞാന്‍ നടത്തിയിരുന്നു. നൃത്യാലയയില്‍ എനിക്കു സഹായമായിരുന്നു അവരൊക്കെ. അതില്‍ കലാമണ്ഡലം ലീലാമ്മയും ഉണ്ടായിരുന്നു. വയനാട് മാനന്തവാടിയിലാണ് ലീലാമ്മയുടെ വീട്. മോഹിനിയാട്ടത്തിലാണ് സ്പെഷ്യലെെസ് ചെയ്തിരിക്കുന്നത്. ലീലാമ്മ ശനി, ഞായര്‍ ദിവസങ്ങളില്‍ വീട്ടിലേക്കു വരും. എന്നോടൊപ്പം താമസിക്കും. നൃത്യാലയയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കും. വളരെ നല്ല അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിന്നീട് ലീലാമ്മയ്ക്ക കലാമണ്ഡലത്തില്‍ തന്നെ ജോലി കിട്ടി.

നൃത്യാലയയും തിരക്കുകളും പരിപാടികളുമായിട്ട് മുന്നോട്ടുള്ള നല്ല ഓട്ടത്തില്‍ തന്നെയാണ്. അപ്പോഴാണ് ഭാസ്‌കര റാവു മാഷ് ഒരു അന്വേഷണവുമായി വരുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു പാട്ടിന് നൃത്തമവതരിപ്പിക്കണം. മാഷിന്റെ മുന്നിലുള്ള മുഖങ്ങള്‍ ഞാനും ലീലാമ്മയുമാണ്. ഞങ്ങള്‍ തയ്യാറാണോ എന്നാണ് മാഷിന്റെ ചോദ്യം. മോഹിനിയാട്ടമാണ് അവതരിപ്പിക്കേണ്ടത്. വേദിയില്‍ നൃത്തമവതരിപ്പിച്ചു എന്നതല്ലാതെ ക്യാമറയ്ക്കു മുന്നില്‍നിന്നുള്ള പരിചയമൊന്നുമില്ല രണ്ടാള്‍ക്കും. എന്നിരുന്നാലും ഞങ്ങള്‍ തയ്യാറായി. ഭാസ്‌കരറാവു മാഷ് സമീപിച്ചെങ്കില്‍ അത് മൂല്യമുള്ള ഒരു ചലച്ചിത്രത്തിന്റെ ഭാഗമായിരിക്കും. 'പനിമതി മുഖീ ബാലേ, പത്മനാഭനന്നെന്നില്‍ പനിമതി മുഖി ബാലേ...'എന്നുതുടങ്ങുന്ന പദം ആഹരിരാഗത്തില്‍ പാടുന്നത് സുകുമാരി നരേന്ദ്രമേനോനും പത്മിനിയുമാണ്. സ്വാതിതിരുനാള്‍ രാമവര്‍മയുടെ വരികളെ കെ.രാഘവന്‍മാസ്റ്ററാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എം.ടി വാസുദേവന്‍ നായരുടെ ആദ്യ സംവിധാനചിത്രത്തിലേക്കാണ് ഈ നൃത്തം ആവശ്യമായിരിക്കുന്നത് എന്നും പറഞ്ഞു. ചിത്രത്തിന്റെ പേര് കൂടി മാഷ് പറഞ്ഞു: 'നിര്‍മാല്യം'!

(തുടരും)

മുന്‍ലക്കങ്ങള്‍ വായിക്കാം

Content Highlights : Saraswatham Autibiography of Kalamandalam Saraswathi part Eight

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented