പ്രൊഫ. സുജാതാദേവി രണ്ട് കാലഘട്ടങ്ങളിൽ
പ്രൊഫ. സുജാതാദേവി. കാടിന്റെ താളം തേടിയലഞ്ഞ മലയാളത്തിന്റെ മൃണ്മയി. പിതാവ് ബോധേശ്വരന്റെ കാവ്യചിന്തകളും സഹോദരിമാരായ ഹൃദയകുമാരിയുടെയും സുഗതകുമാരിയുടെയും ധിഷണയും പ്രതിഭയും ഏറ്റുവാങ്ങി വളര്‍ന്ന സ്വതന്ത്രവ്യക്തിത്വം. നക്ഷത്രങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി. എല്ലാവരുടേയും സ്വന്തമായിരുന്നിട്ടും ആരുടേതുമല്ലാതിരുന്ന സുജാതാദേവിയെന്ന അമ്മയെക്കുറിച്ച് മകന് സഞ്ജു 'അമ്മയോര്‍മകള്‍' പങ്കുവെക്കുന്നു.
അമ്മ എല്ലാവരുടേതുമായിരുന്നു; എന്നാല്‍, ആരുടേതുമായിരുന്നില്ല. അമ്മ സഹോദരിമാരേക്കാള്‍ കൂടുതല്‍ എഴുതി, പക്ഷേ, പ്രസിദ്ധീകരിച്ചില്ല. കൂടുതല്‍ വായിച്ചു, പക്ഷേ, പറഞ്ഞില്ല. അമ്മ അങ്ങനെയായിരുന്നു. അമ്മയുടേതായ വഴികളിലൂടെ എത്രമാത്രം സഞ്ചരിക്കാന്‍ പറ്റിയോ അത്രയും അമ്മ സഞ്ചരിച്ചു. യാത്രയായിരുന്നു അമ്മയുടെ ലഹരി. അമ്മയുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ യാത്രകളിലൂടെയായിരുന്നു അമ്മ ഏറെയും ജീവിച്ചിരുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. അമ്മ എഴുതിത്തുടങ്ങിയത് ഒരു കാലഘട്ടത്തിന് ശേഷമാണ്. പ്രകൃതിയോടും പരിസ്ഥിതിയോടും വല്യമ്മമാര് കാണിച്ചിരുന്ന പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട്. എന്നാല്‍, വേറിട്ട കാഴ്ചപ്പാടായിരുന്നു അമ്മയുടേത്. അതില്‍ അധികവും അക്കാദമികമായിരുന്നില്ല, മാനവികമായിരുന്നു.
മൂത്ത വല്യമ്മ ഹൃദയകുമാരിയുടെ ധിഷണാപരമായ കാഴ്ചപ്പാടുകളും കൊച്ചുവല്യമ്മ സുഗതകുമാരിയുടെ പ്രകൃതിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഹിന്ദുസ്ഥാനി ക്ലാസിക്കിനെ പ്രണയിച്ച, ഉറക്കെ പാടി നടന്ന ഒരു പെണ്‍കുട്ടി അമ്മയുടെ ഉള്ളിലുണ്ടായിരുന്നു. പണ്ഡിറ്റ് ജസ്രാജും ഹിരേണ്‍ ജോഷിയും മറ്റും മതിമറന്നു പാടിയത് പലപ്പോഴും അമ്മയ്ക്കു വേണ്ടിയായിരുന്നു. യാത്രകളില്‍നിന്നു യാത്രകളിലേക്ക് മടുപ്പില്ലാതെ പോകാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചുവല്യമ്മ യാത്ര പോകുമ്പോള്‍ ഒരു പരിവാരം കൂടെയുണ്ടാകുമായിരുന്നെങ്കില് അമ്മ ആരുമറിയാതെ, ഒറ്റയ്ക്കു യാത്ര ചെയ്തു.
.jpg?$p=d678a52&w=610&q=0.8)
അമ്മ സുജാതാദേവി, അച്ഛന് അഡ്വ. പി. ഗോപാലകൃഷ്ണന്, മക്കളായ ഞങ്ങള്‍ സഞ്ജു, ഉണ്ണി, കണ്ണന്. പരമേശ്വരന്, ഗോവിന്ദന്, പത്മനാഭന് എന്നിങ്ങനെയായിരുന്നു രേഖകളില്‍ ഞങ്ങളുടെ പേരുകള്‍. അഞ്ചു പേരും കൂടി സ്നേഹം കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്ന ഗൃഹാന്തരീക്ഷമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. അഞ്ചു പേര്‍ക്കും വ്യക്തമായ അഞ്ചു വഴികള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യം രണ്ടായി പിരിഞ്ഞത് അമ്മയും അച്ഛനുമായിരുന്നു.
അമ്മയുടെ യാത്രാലഹരി എനിക്കായിരുന്നു കൂടുതല്‍ കിട്ടിയത്. ആരോടും മുന്‍കൂട്ടി പറയാതെ ഒറ്റയ്ക്ക് യാത്ര പോകുന്നത് എന്റെ ഹരമായി മാറിയ ഒരു കാലമുണ്ടായിരുന്നു. യാത്ര പോകാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതിനുള്ള കാരണം പോകുന്നിടത്തെല്ലാം ആളുകള്‍ ഉണ്ടല്ലോ എന്നതായിരുന്നു. വീടിന്റെ ഗേറ്റ് കടന്നാല്‍ പിടികൂടുന്ന ഏകാന്തതയില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അത്. പലപ്പോഴും കടല്ക്കരകളും ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും എനിക്ക് ഇടത്താവളങ്ങളായിരുന്നു.
കൊച്ചിയില്‍ ദിവാന് റോഡില്‍ വലിയൊരു വീട്ടില്‍, എന്തിനും ഏതിനും ജോലിക്കാരുള്ള ബാല്യവും കൗമാരവുമായിരുന്നു ഞങ്ങളുടേത്. അമ്മ പട്ടാമ്പി കോളേജില്‍ പഠിപ്പിക്കുന്നു. അച്ഛന് തിരക്കുപിടിച്ച അഭിഭാഷകനാണ്. ആര്‍ക്കും സമയമില്ല! സമയമുള്ളത് ചുറ്റുവട്ടത്തെ പാവപ്പെട്ടവരുടെ മക്കള്‍ക്കായിരുന്നു. അവരോടൊപ്പം ഞങ്ങള്‍ കളിച്ചുനടക്കും. ഓണവും വിഷുവും വരുമ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കുമായി അമ്മ സദ്യയുണ്ടാക്കും. ഇടയ്ക്കിടെയുള്ള എന്റെ ഇറങ്ങിപ്പോക്കുകള്ക്ക് വീട്ടില്‍ അനുവദനീയമല്ലാത്ത ഒരു ശീലവുമായി വളരെ നേരത്തേ തന്നെ നല്ല ബന്ധമുണ്ടെന്ന് അമ്മയും അച്ഛനും തിരിച്ചറിഞ്ഞിരുന്നു. അവരുടെ ഉപദേശം ഞാന്‍ കേട്ടിരുന്നോ എന്ന് ഓര്‍മയില്ല.
ഷെര്‍ലെക് ഹോംസും ഷേക്സ്പിയറുമെല്ലാം കേള്‍ക്കണമെങ്കില്‍ ഹൃദയ വല്യമ്മ പറയണം. പ്രകൃതിയും പരിസ്ഥിതിയും ആശാനും ഉള്ളൂരും വള്ളത്തോളുമെല്ലാം സുഗതവല്യമ്മയാണ് പാടിത്തരിക. അതില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു അമ്മ. യാത്രയ്ക്കിടയില്‍ കണ്ടറിഞ്ഞ മനുഷ്യരെക്കുറിച്ചും ജീവിതങ്ങളെക്കുറിച്ചും അമ്മ കഥപോലെ പറഞ്ഞുകൊണ്ടേയിരിക്കും. നല്ല രസമാണ് അമ്മയുടെ വിവരണം കേള്‍ക്കാന്‍.
കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ഞങ്ങള്‍ മൂന്നു മക്കളെയും സാരമായിത്തന്നെ ബാധിച്ചിരുന്നു. മൂന്നു പേരും പല തരത്തിലാണ് അതിനെ മറികടന്നത്. ഞാന്‍ കണ്ടെത്തിയ മാര്‍ഗം യാത്രയായിരുന്നു. അമ്മയും യാത്രയിലായിരുന്നല്ലോ ആശ്വാസം കണ്ടെത്തിയത്. ബാഗ് പാക്ക് ചെയ്യുക, പോവുക. എങ്ങോട്ട്, എപ്പോള്‍ എന്നതെല്ലാം പിന്നീടാണ് തീരുമാനമാവുക. അമ്മയുടെ അമ്മാവന്റെ മകനാണ് അച്ഛന്. വളരെ ചെറുപ്പം തൊട്ടേ പരസ്പരം അറിയാവുന്നവര്‍. അവര്‍ തമ്മില്‍ അസ്വാരസ്യങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായിരുന്നതായി പ്രത്യക്ഷത്തില്‍ ഞങ്ങള്‍ മക്കള്‍ കണ്ടിട്ടില്ല, അറിയുകയുമില്ല. പക്ഷേ, അവര്‍ അവലംബിച്ച മൗനം തീര്‍ത്ത ഏകാന്തത വളരെ ശക്തമായിരുന്നു. ആ മൗനം പലതരത്തിലും ഞങ്ങള്‍ മക്കളുടെ ജീവിതത്തില്‍ ഇടപെട്ടു. ഉണ്ണി ബിസിനസ്സിലും കണ്ണന് പഠനത്തിലും ശ്രദ്ധിച്ചുകൊണ്ട് ആ അവസ്ഥയെ തരണം ചെയ്തു. അമ്മയുടെ അഭിരുചികളുടെ അംശങ്ങളില്‍ യാത്ര എന്നെ സ്വാധീനിച്ചതിനാല്‍ എനിക്ക് വേറൊന്നിലും ആശ്രയിക്കേണ്ടി വന്നില്ല.
അച്ഛന് വളരെ നല്ല മനുഷ്യനായിരുന്നു. എല്ലാവര്ക്കും ആശ്രയിക്കാവുന്ന തണല്‍മരം. കരിയര്‍ ഓറിയന്റഡായിരുന്നു അദ്ദേഹം. അഭിഭാഷകന് എന്ന നിലയില്‍ നൂറ് ശതമാനം വിജയിച്ച, എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. പ്രമാദമായ കേസുകളുടെ വിധി വരുന്നതിന്റെ തലേദിവസങ്ങളില്‍ അച്ഛന് നിരവധി കോളുകള്‍ വരും. പലപ്പോഴും ജഡ്ജിമാരാണ് വിളിക്കുക. വിധിപ്രസ്താവത്തിലെ സംശയങ്ങള്‍ തീര്‍ക്കാനും വിധിയോടുള്ള അച്ഛന്റെ നിലപാട് ചോദിച്ചറിയാനുമാണ് അവര്‍ വിളിച്ചിരുന്നത്. അച്ഛന് തിരുത്തേണ്ടത് അപ്പോള്‍ത്തന്നെ പറയും. അഡ്വ. പി. ഗോപാലകൃഷ്ണന് എന്ന പേരിനോട് അടുത്ത് നില്ക്കാന് പോലും ഞങ്ങള്‍ മക്കള്‍ക്ക് പറ്റിയിട്ടില്ല.
അച്ഛനും അമ്മയും ഞങ്ങള്‍ മക്കളും ഒന്നിച്ചുണ്ടായിരുന്ന കാലം എന്റെ കുട്ടിക്കാലമായിരുന്നു. വളരെ രസകരമായി തമാശകള്‍ പറയുന്ന, ട്രെന്റിയായി വസ്ത്രം ധരിക്കുന്ന അമ്മയോടൊപ്പം ജീവിതം ആസ്വദിച്ച ഒരച്ഛന്റെ മുഖം എന്റെ മനസ്സിലുണ്ട്. വളരെ നല്ല, കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതായ, ബാല്യവും കൗമാരവും അവര്‍ തന്നു. കുട്ടിക്കാലത്തെ ഔട്ടിങ്ങുകള്‍ അച്ഛനും അമ്മയും തന്ന എക്കാലത്തെയും മികച്ച ഓര്‍മകളാണ്. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ രണ്ടു പേരും ഒരുമിച്ച് പാട്ടുകള്‍ പാടും. 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും യുഗ്മഗാനമാണ് എന്റെ മനസ്സില്‍ വരിക. പക്ഷേ, പിന്നീട് താളപ്പിഴകളുടെ മേളം തന്നെയായിരുന്നു.
.jpg?$p=e46f401&w=610&q=0.8)
ഒരു യാത്ര കഴിഞ്ഞ് ഞാന്‍ തിരികെ വന്നപ്പോള്‍ അതുവരെ താമസിച്ചിരുന്ന വീട് വിറ്റിരിക്കുന്നു! ഇനി മുതല്‍ അത് എന്റെ വീടല്ല. എനിക്കവിടെ പ്രവേശനമില്ല. അത് വലിയ ഷോക്കായിരുന്നു. തീരുമാനങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. അച്ഛന് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അമ്മ തിരുവനന്തപുരത്തേക്കും പോയിരിക്കുന്നു. രണ്ടു പേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു. പരമേശ്വരനും ഗോവിന്ദനും പത്മനാഭനും ഏതു വഴിയും തിരഞ്ഞെടുക്കാം. എനിക്ക് പ്രത്യേകിച്ച് വഴികളൊന്നുമില്ലായിരുന്നു. അമ്മ സുഗത വല്യമ്മയുടെ കൂടെയാണ്. ഉണ്ണിയും കണ്ണനും ഒപ്പമുണ്ട്. എനിക്ക് ഏത് വഴിയും ആകാം. സങ്കടം വന്നെങ്കിലും പുറത്തു കാണിച്ചില്ല. ഒരു പോക്കുപോയാല്‍ പിന്നെ നേരവും കാലവുമില്ലാതെ തിരികെ വരുന്ന എന്നോട് ഒന്നും പറയേണ്ടതില്ലായിരിക്കാം. അച്ഛനും അമ്മയും രണ്ടാവാന്‍ തീരുമാനിച്ചപ്പോള്‍ ആ വീടിന് പ്രസക്തിയില്ലാതായി. അവര്‍ വിറ്റു. ഇന്നത്തെപ്പോലെ അപ്പപ്പോള്‍ വിവരങ്ങളറിയിക്കാന്‍ സംവിധാനങ്ങളൊന്നുമില്ലാത്ത കാലമാണ്. പതിനേഴ് വയസ്സേയുള്ളൂ. യാത്ര പരമാവധി കന്യാകുമാരിയിലേക്ക് ബസ്സില്‍. പകല്‍ ആള്‍ക്കൂട്ടത്തിലൂടെ കുറേ നടക്കും. ആരൊക്കെയോ നമുക്ക് ചുറ്റും ഉള്ളപ്പോള്‍ സുരക്ഷിതത്വം തോന്നും. രാത്രിയാവുമ്പോള്‍ ബസ്സില്‍ തിരികെ കൊച്ചിയിലേക്ക്....
സുഗത വല്യമ്മയ്ക്ക് സമൂഹത്തിനും സാഹിത്യത്തിനും നല്ലതു നല്കാന് കഴിഞ്ഞതില്‍ വല്യച്ഛന് നല്ല പങ്കുണ്ടായിരുന്നു. വല്യച്ഛനായിരുന്നു മറ്റാരേക്കാളും എന്നെ മനസ്സിലാക്കിയത്. എന്റെ ജീവിതം ഞാനായിട്ട് കൈവിട്ട് കളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ കുറ്റപ്പെടുത്താതെ കൂടെ നിന്ന വലിയ മനുഷ്യന് വല്യച്ഛനായിരുന്നു. വല്യച്ഛനെപ്പോലെയാവാന് എന്റെ അച്ഛന് കഴിഞ്ഞിരുന്നില്ല. അമ്മയുടെ പ്രതിഭാത്വം തിരിച്ചറിയാനോ അമ്മ ആഗ്രഹിക്കുംവിധം അത് പ്രോത്സാഹിപ്പിക്കാനോ അച്ഛന് കഴിയാതെ വന്നിട്ടുണ്ടാവാം. അതായിരിക്കാം അവര്‍ക്കിടയില്‍ സംഭവിച്ച വിള്ളലിനു കാരണം. അച്ഛന് വല്ലാതെ സ്ട്രസ്ഡ് ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഒരിക്കലും പുകവലിക്കാത്ത് അച്ഛന് പുകവലിക്കുന്നത് കണ്ടപ്പോഴാണ്. ഞങ്ങളുടെ വീടിന് തൊട്ടപ്പുറത്ത് പഴയ കൊട്ടാരമാണ്. ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോകാനുള്ള വഴികളൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്കറിയാം. ആ കെട്ടിടത്തിനുള്ളില്‍ നിന്നുകൊണ്ട് അച്ഛന് വലിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. അച്ഛന് മുമ്പ് പുകവലിക്കുമായിരുന്നു. അമ്മ എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ വയറ്റില്‍ തൊട്ട് സത്യം ചെയ്യിച്ച് നിര്‍ത്തിച്ചതാണ്. ആ സത്യം ലംഘിച്ചുകൊണ്ടാണ് അച്ഛന് തുടങ്ങിയത്.
അക്കാലത്തൊക്കെ അമ്മയെ കാണാന്‍ കാത്തിരിക്കണമായിരുന്നു. പട്ടാമ്പി കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് വല്ലപ്പോഴുമേ വരാന്‍ കഴിയുകയുള്ളൂ. വന്നാല്‍ അമ്മ കൂടെയിരിക്കും. എല്ലാ കഥകളും കേള്‍ക്കും. അമ്മയ്ക്ക് എന്നെ കേള്‍ക്കാനുള്ള മനസ്സുണ്ടായിരുന്നു. അച്ഛന് തിരുവനന്തപുരത്തും എറണാകുളത്തും ഓഫീസുണ്ടായിരുന്നു. അച്ഛന് പാവമായിരുന്നെങ്കില്‍ അമ്മ പഞ്ചപാവമായിരുന്നു. കവി ബോധേശ്വരന്റെ മക്കളില്‍ ഏറ്റവും പാവം അമ്മയായിരുന്നു. സ്വന്തം കാര്യം നോക്കാനറിയാത്ത, എന്തൊക്കെയോ ആഗ്രഹിക്കുകയും പക്ഷേ നേടാന്‍ കഴിയാതെ പോവുകയും ചെയ്ത ഒരു പാവം. മൂന്നു സഹോദരിമാരില്‍ ഏറ്റവും നന്നായി പഠിക്കുന്ന, ഏറ്റവും സുന്ദരിയായ, ഏറ്റവും ഗഹനശേഷിയുള്ള ആളായിരുന്നു അമ്മ. ആ അമ്മയുടെ മകനാണ് എന്ന പരിഗണന പലപ്പോഴും പലയിടത്തുനിന്നും ലഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. ആരാധനയുടെ പല കഥകളും കേട്ട് ഞാന്‍ അമ്മയെ കളിയാക്കിയിട്ടുണ്ട്. അതെല്ലാം സ്പിരിറ്റോടെ എടുക്കാനുള്ള മനസ്സ് അമ്മയ്ക്കുണ്ടായിരുന്നു. അമ്മയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ആരും തന്നെ മറന്നിട്ടില്ല.
അച്ഛന് തിരുവനന്തപുരത്ത് വരുമ്പോള്‍ ഞങ്ങളെ കാണാന്‍ വരും. അച്ഛന്റെ കസിന്സാണല്ലോ മറ്റ് രണ്ട് വല്യമ്മമാരും. അവര്‍ക്കൊന്നും അച്ഛനോട് യാതൊരു അഭിപ്രായവ്യത്യാസമോ മുഷിച്ചിലോ ഇല്ലായിരുന്നു. അമ്മയ്ക്ക് ഒട്ടും ഇല്ല, ഒരുമിച്ച് താമസിക്കുക എന്നതൊഴികെ. അമ്മ എപ്പോഴും ബന്ധുക്കളില്‍നിന്നു മാറിനില്ക്കാന് ആഗ്രഹിച്ച വ്യക്തിത്വമായിരുന്നു. സ്നേഹപൂര്‍വമുള്ള അകല്‍ച്ച അമ്മ പാലിച്ചിരുന്നു, അമ്മയുടെ ചേച്ചിമാരോടൊഴികെ.
തിരുവനന്തപുരം എനിക്കത്ര സുഖകരമായിരുന്നില്ല. സ്വാഭാവികമായും കയ്യിലിരിപ്പുകള് കൂടി. ഏകാന്തത എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. കൊച്ചിയിലായിരുന്നപ്പോള്‍ ബസ്സ്സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും ബീച്ചുമായിരുന്നു കൂട്ടുകാര്‍. എന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ എല്ലാ സൗഹൃദങ്ങളിലും ഞാന്‍ എളുപ്പത്തില്‍ ചെന്നുപെട്ടു. കൊച്ചുവല്യമ്മ സംഗതി അറിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. മോശമല്ലാത്ത തരത്തില്‍ ജീവിതം ആസ്വദിച്ച ഞാന്‍ അപ്പപ്പോള്‍ തന്നെ അതിനുള്ള പരിണിതഫലങ്ങളും അനുഭവിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഭക്ഷണം കഴിക്കാതെയുള്ള ദിവസങ്ങളോളമുള്ള കൂട്ടുകൂടിയുള്ള ആഘോഷങ്ങള്‍ എന്നെ ആശുപത്രിയിലാക്കി. മദ്യത്തെ മാത്രമേ ഞാന്‍ കൂട്ടുപിടിക്കുകയുള്ളൂ എന്ന ബോധ്യം മറ്റാരേക്കാളും അമ്മയ്ക്കുണ്ടായിരുന്നു. തിരക്കുള്ള അമ്മ എല്ലാം മാറ്റിവെച്ച് കൂട്ടിരിക്കും. അച്ഛന് പറന്നെത്തും. അമ്മയും അച്ഛനും അടുത്തുതന്നെയുണ്ടാകും. അവരെ മിസ് ചെയ്യാന്‍ തുടങ്ങുന്ന അവസരങ്ങളിലെല്ലാം ഇതെന്റെ പതിവായി. പിന്നെയൊരു ആയുധമായി.
ദിവസങ്ങളോളം വീട്ടിലെത്താതെ പലയിടങ്ങളിലും അലഞ്ഞുനടന്നിട്ടുണ്ട്. അമ്മ അറിഞ്ഞിരിക്കുമോ എന്നറിയില്ല. ചിലപ്പോള്‍ കാത്തിരുന്നിട്ടുണ്ടാവണം. ഞാനും അമ്മയെ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ഞാന്‍ എവിടെപ്പോകുന്നു? വന്നോ, പോയോ എന്നുപോലും അച്ഛനുംഅമ്മയും അറിഞ്ഞിരുന്നോ എന്നറിയില്ല. പ്രശ്നം ഗുരുതരമാകുമ്പോള്‍ എല്ലാവരും ഓടിയെത്തും. സുഗത വല്യമ്മ കുറേ വഴക്കു പറയും. ആ കൊച്ചുകൈ കൊണ്ട് എന്നെ തല്ലിയിട്ട് സ്വന്തം കൈ വേദനിപ്പിക്കും. എന്നിട്ട് അമ്മയോട് പറയും 'ഇനിയൊന്നും പറയണ്ട. ഞാന്‍ നല്ലവണ്ണം കൊടുത്തിട്ടുണ്ട'. ഞാന്‍ ചിരിച്ചുമറിയും.
.jpg?$p=c0d0d29&w=610&q=0.8)
ഞാന്‍ സ്വപ്നയുമായി പ്രണയത്തിലായപ്പോള്‍, ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലെത്തിയപ്പോള്‍ അമ്മ അവളെ കാണണമെന്ന് ആവശ്യപ്പെട്ടു. അമ്മ സ്വപ്നയെ പരിചയപ്പെട്ടു. എന്നോടൊപ്പം ജീവിതം തുടങ്ങിയാലുള്ള വരുംവരായ്കകളെക്കുറിച്ച് വിശദമായിത്തന്നെ അമ്മ അവള്‍ക്കു പറഞ്ഞുകൊടുത്തു. ഒരു കുടുംബമായാല്‍ മകന് നേരെയാകുമായിരിക്കും എന്ന മാതൃസ്വാര്ഥതയേക്കാള് ആ പെണ്‍കുട്ടിയുടെ ജീവിതം എന്തായിത്തീരും എന്നായിരുന്നു അമ്മയുടെ ആധി. എന്നെക്കുറിച്ച് അവള്ക്കറിയാവുന്നതില് കൂടുതല്‍ അമ്മ വിശദമാക്കി. തിരിഞ്ഞു നടക്കാനുള്ള അവസരവും കൊടുത്തു. മതപരമായ ചില എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഞങ്ങള്‍ വിവാഹിതരായി. അമ്മയും വല്യമ്മമാരും അനിയന്മാരും ഞങ്ങളുടെ കൂടെ നിന്നു. അച്ഛനും വന്നു. വിവാഹശേഷവും എന്റെ ശീലങ്ങളില്‍ മാറ്റം വരാതിരുന്നപ്പോള്‍ അമ്മയും വല്യമ്മമാരും സ്വപ്നയോട് എന്റെ ജീവിതത്തില്‍നിന്നു പിന്മാറണമെങ്കില് ആവാം എന്നുപദേശിച്ചു. പൂര്ണമനസ്സോടെയായിരുന്ന അമ്മ അത് പറഞ്ഞത്.

ഉണ്ണിയുടെ വിയോഗമായിരുന്നു അമ്മയെ ഏറെ തളര്‍ത്തിയത്. ബിസിനസ്സായിരുന്നു ഉണ്ണിയുടെ ഹരം. ഡല്‍ഹി സ്വദേശിനിയായ വിനീതയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു മകനുണ്ടായി ആറു മാസമായിട്ടുണ്ടാകും. കൊച്ചിയില്‍വെച്ച് ഒരു ബിസിനസ് മീറ്റ് കഴിഞ്ഞ് മടങ്ങുന്ന വഴിയ്ക്ക് ഉണ്ണിയും വിദേശിയായ പാര്‍ട്ണറും സഞ്ചരിച്ച കാര്‍ എറണാകുളം ഐലൻഡിൽവെച്ച് അപകടത്തില്‍ പെട്ടു. അന്ന് തിരുവനന്തപുരത്ത് അമ്മയോടൊപ്പം ഞാനും സ്വപ്നയും കൂടെയുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് ഫോണ്‍ വന്നു. എറണാകുളത്തുവെച്ച് കാര്‍ അപകടത്തില്‍പെട്ടിരിക്കുന്നു. വിനീതയും മോനും അന്ന് വീട്ടിലുണ്ട്. മീറ്റിങ് കഴിഞ്ഞ് ഉണ്ണി വീട്ടിലേക്ക് വരാനിരിക്കെയാണ് അപകടം സംഭവിച്ചത്. എല്ലാവരെയും കൂട്ടി ഉടന്‍ പുറപ്പെട്ടു.
ഉണ്ണിയുടെ പാര്‍ട്ണര്‍ ആയിരുന്നു വണ്ടി ഓടിച്ചത്. അയാള്‍ അവിടെ വെച്ചുതന്ന മരിച്ചു. ഉണ്ണി മെഡിക്കല്‍ ട്രസ്റ്റ് ആശുപ്രതിയില്‍ വെച്ചും. ആശുപത്രിയിലെത്തിയപ്പോള്‍ അച്ഛനും എത്തിയിട്ടുണ്ട്. ആക്സിഡണ്ടായതിനാല് പോസ്റ്റുമോര്‍ട്ടം ചെയ്യാനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്മ കാറില്‍ നിന്നിറങ്ങിയോടി അച്ഛനെ കെട്ടിപ്പിടിച്ചു. നമ്മുടെ മോന് എന്നുംപറഞ്ഞ് ഉറക്കെ കരഞ്ഞു. അച്ഛന് അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് കരയുകയായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ തോന്നുന്നു, ഉണ്ണിയുണ്ടായിരുന്നെങ്കില് കുറച്ചുകൂടിയൊക്കെ കുടുംബബന്ധം നല്ലരീതിയില്‍ പോകുമായിരുന്നു. ഉണ്ണി അങ്ങനെയുള്ള ഒരാളായിരുന്നു. ഉണ്ണിയുണ്ടായിരുന്നെങ്കില് അമ്മ മരിച്ച വിവരം ഒരിക്കലും ആശുപത്രിയില്‍ നിന്നാകുമായിരുന്നില്ല ഞാനറിയുക. അമ്മയ്ക്ക് അസുഖം അധികമായത് ഞാന്‍ അറിയാതെ പോവില്ലായിരുന്നു. എന്റെ തോന്നിയപോലുള്ള ജീവിതത്തില്‍ ഉണ്ണി ഇടപെട്ടേനെ. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു അവന്.
ഉണ്ണി പോയതോടെയാണ് അമ്മ ആകെ നിശബ്ദയായത്. മണിക്കൂറുകള്‍കൊണ്ട് അമ്മയ്ക്ക് വാര്‍ധക്യം ബാധിച്ചു. എപ്പോഴും തിളങ്ങിയിരുന്ന കുസൃതിക്കണ്ണുകളിലെ ശോഭ പാടേ കെട്ടുപോയി. പെട്ടെന്നാണ് നരച്ചത്. അമ്മയുടെ പ്രസരിപ്പ് മുഴുവന്‍ ഉണ്ണിയായിരുന്നു. അവന് പോയതോടെ അതെല്ലാം പോയി. പിന്നീടങ്ങോട്ട് യാന്ത്രികമായിരുന്നു അമ്മയുടെ ജീവിതം. വിനീതയും കൈക്കുഞ്ഞും അമ്മയ്ക്കും അച്ഛനും തീരാവേദനയായിരുന്നു. അവള് നിയമപഠനം കഴിഞ്ഞതാണ്. അച്ഛന് വേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും കൊടുത്തു. തിരികെ നാട്ടിലേക്ക് പോകാന്‍ അവള്‍ക്ക് താല്പര്യമില്ലായിരുന്നു. അത് അമ്മയ്ക്ക് ഒരുതരത്തില്‍ ആശ്വാസമായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ആദ്യം കുഞ്ഞുണ്ടായത് ഉണ്ണിയ്ക്കായിരുന്നു. വിഷ്ണു എന്നാണ് അവന് പേരിട്ടത്. പിന്നെയാണ് എനിക്ക് ഒരു മോളുണ്ടാവുന്നത്- മീനാക്ഷി. എന്റെ ദേശംചുറ്റലും കയ്യിലിരിപ്പുകളും ഒന്നവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ജീവിക്കാന്‍ വേണ്ടി വൈറ്റിലയില്‍ സ്വപ്നയുടെ അച്ഛന് മുന്‍കയ്യെടുത്തുകൊണ്ട് ഒരു വീട് വാങ്ങി. വീടിന് ഒരു പേര് വേണം എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ 'സര്‍വമംഗള' എന്നാണ് അമ്മയിട്ടത്. 'മംഗള' എന്നായിരുന്നു ദിവാൻ റോഡിലുണ്ടായിരുന്ന ഞങ്ങളുടെ വീടിന്റെ പേര്.
.jpg?$p=f1b1304&w=610&q=0.8)
ഹൃദയ വല്യമ്മ മരിച്ച് നാല്പത്തിയൊന്നാം നാള് എന്റെ അച്ഛന് മരിച്ചു. അച്ഛന് വയ്യാതായി കുറച്ചുദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അച്ഛനെ കാണാന്‍ അമ്മ ആശുപത്രിയില്‍ പോയി. അമ്മയ്ക്ക് അച്ഛന്റെ മനസ്സ് വായിച്ചെടുക്കാന്‍ എളുപ്പമായിരുന്നു. അമ്മ എന്റെ കണ്ണുകള്‍ നോക്കിയായിരുന്നു വിഷമം മനസ്സിലാക്കിയിരുന്നത്. അതുപോലെ അമ്മയുടെ കണ്ണുകള്‍ നോക്കിയാല്‍ എനിക്കു മനസ്സിലാവും എന്ന് അമ്മ പലപ്പോഴും മറന്നുപോയിരുന്നു. അച്ഛന് മരിച്ചപ്പോള്‍ അമ്മ പോയി, വേണ്ടതെല്ലാം ചെയ്തു.
അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ എന്നെ നന്നാക്കാനായി ഗുരുനിത്യയുടെ അടുത്തുകൊണ്ടുപോയി. ഞാന്‍ അവിടെനിന്നു ചാടി ഹോഴ്സ്റൈഡിങ്ങിനുപോയി. യതി എന്നെ അവിടെവന്ന് പിടിച്ചു. പക്ഷേ, അദ്ദേഹം ഒന്നും പറഞ്ഞില്ല. അച്ഛന് ആഗ്രഹിച്ചത് ഞാനൊരു വക്കീലാവണം എന്നായിരുന്നു. അമ്മയ്ക്ക് പക്ഷേ ഞാന്‍ എന്തുചെയ്താലും കുഴപ്പമില്ല, നൂറു ശതമാനം അതില്‍ത്തന്നെ മനസ് അര്‍പ്പിക്കണം എന്ന മനോഭാവമായിരുന്നു. അച്ഛനെ സംബന്ധിച്ചിടത്തോളം ഓഫീസുകള്‍ ശിഷ്ടകാലം നോക്കിനടത്താന്‍ ആളു വേണമായിരുന്നു.
അമ്മ വളരെ നല്ലൊരു തിരക്കഥാകൃത്തായിരുന്നു. മൂന്നു തിരക്കഥകള്‍ വൃത്തിയായി സ്വന്തം കൈപ്പടയില്‍ എഴുതിയത് പല സന്ദര്‍ഭങ്ങളിലായി എന്നെ വായിച്ചു കേള്‍പ്പിച്ചിട്ടുണ്ട്. അമ്മ എഴുതുന്നതെല്ലാം ഞാന്‍ വായിച്ചു കേള്‍ക്കുന്നതില്‍ അമ്മ ആനന്ദം കണ്ടെത്തിയിരുന്നു. നന്ദാവനത്തില്‍ എപ്പോഴും സുഗത വല്യമ്മയെ കാണാന്‍ വരുന്നവരുടെ തിരക്കും ബഹളവുമായിരിക്കും. എന്റെ തോന്നിയ മട്ടിലുള്ള ജീവിതമൊന്നും അവിടെ നടപ്പിലാവില്ല. തൊട്ടടുത്തുള്ള ഔട്ട്ഹൗസായിരുന്നു എന്റെ താവളം. അമ്മ അങ്ങോട്ട് വരും. രാത്രിയില്‍ ഞാനും അമ്മയും ഇരുന്ന് തിരക്കഥ വായിക്കും. ആ കഥകള്‍ എനിക്കോര്‍മയുണ്ട്. ആദ്യത്തെ കഥ ഏകാകിയായ ഒരു പെണ്ണിന്റെ യാത്രയാണ്. മറ്റേത് ഞങ്ങളുടെ കുടുംബകഥയാണ്. കുടുംബകഥ എന്നതിലുപരി അമ്മയുടെ ആത്മകഥ. മൂന്നാമത്തേത് ഒരു പ്രേതകഥയും. അമ്മ വായിക്കുമ്പോള്‍ സ്വയം അഭിപ്രായം പറഞ്ഞ് തിരുത്തും. എന്റെ നിര്‍ദേശങ്ങള്‍ ചോദിക്കും. ആ മൂന്നു തിരക്കഥകളും എവിടെയാണ് അമ്മ സൂക്ഷിച്ചത് എന്നെനിക്കറിയില്ല. തിരക്കഥകള്‍ മാത്രമല്ല, അമ്മയുടെ അപ്രകാശിതമായ ലേഖനങ്ങളും കഥകളും ഒന്നുമെവിടെയാണെന്ന് എനിക്കറിയില്ല. അതെല്ലാം സൂക്ഷിച്ചുവെക്കാനുള്ള മാനസികാവസ്ഥ എനിക്കന്നില്ലായിരുന്നു. അമ്മയുടേതായ എഴുത്തുകുത്തുകളെല്ലാം സൂക്ഷിച്ചുവെച്ചിരുന്ന വലിയൊരു ഫയലുണ്ടായിരുന്നു. കണ്ട ഓര്‍മയേ ഉള്ളൂ.
അമ്മ നന്നായി തയ്ക്കുമായിരുന്നു. ഏത് ഫാഷനിലും വസ്ത്രങ്ങള്‍ നിഷപ്രയാസം തയ്ക്കും. നന്നായി ചിത്രം വരയ്ക്കും. അമ്മയുടെ അടുത്ത് വന്ന് വസ്ത്രങ്ങളിലും മറ്റും ചിത്രങ്ങള്‍ വരപ്പിച്ചുകൊണ്ടുപോകുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അതുപോലെ തന്നെയായിരുന്നു പാചകവും. എല്ലാ ഭക്ഷണവും പരീക്ഷിക്കും. ചെറുപ്പത്തിന്റെ പ്രസരിപ്പില്‍ ഓര്മവെച്ച നാള് തൊട്ട് പരിചിതരായ രണ്ടുപേര്‍ വിവാഹം കഴിച്ചു. കാലം കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ക്കും രണ്ടു വഴിയാണെന്ന് തിരിച്ചറിഞ്ഞു. രണ്ടായി ജീവിച്ചു. അമ്മയുടെയും അച്ഛന്റെയും ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്. അത് രണ്ടു പേരും ആരോഗ്യകരമായി ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചു. ജനാധിപത്യത്തിന്റെയും ഡിപ്ലോമസിയുടെയും നല്ല ഉദാഹരണങ്ങള്‍.
അച്ഛന് മരിച്ച് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ഒരു സായാഹ്നത്തില്‍ ഞാനും അമ്മയും സുഗത വല്യമ്മയുടെ ഔട്ട്ഹൗസില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി അമ്മ ചോദിച്ചു: ''നിങ്ങളൊക്കെ ഇങ്ങനെയായിപ്പോയതില്‍ എന്നെ എപ്പോഴെങ്കിലും കുറ്റപ്പെടുത്തുമോ?'' ഞാന്‍ അമ്മയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. ഞങ്ങള്‍ സഹോദരങ്ങളില്‍ ഉണ്ണി നേരത്തേ പോയി. കണ്ണന് തിരക്കുകളുമായി ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നിച്ചുചേരാന് ഒരിടം ഇല്ലായിരുന്നു. അച്ഛനും അമ്മയും പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ മക്കള്‍ക്ക് ഒന്നിച്ചുകൂടിയിരിക്കാനുള്ള ഇടമായിരുന്നു ഇല്ലാതായത്. അച്ഛന് താമസിക്കുന്ന വീട്, അമ്മ താമസിക്കുന്ന വീട് എന്നായി പിന്നെയുള്ള വീടുകള്‍. ഞങ്ങള്‍ക്ക് ഒന്നിച്ച് കയറിവരാന്‍ ഇടമില്ലായിരുന്നു. അമ്മയുടെ ചോദ്യം എനിക്ക് വേദനയായിരുന്നു. ഇല്ല എന്ന ഒറ്റവാക്കോടെ ഞാന്‍ അമ്മയുടെ അടുത്തേക്ക് കൂടുതല്‍ പറ്റിച്ചേര്‍ന്ന് ഇരുന്നു. ഒറ്റയ്ക്കാവുന്നതിന്റെ വിഷമം അച്ഛനേക്കാളും അമ്മയേക്കാളും നേരത്തേ ഞാന്‍ അറിഞ്ഞതിനാല്‍ എനിക്ക് ജീവിതത്തില്‍ സംഭവിച്ചതിനോടൊന്നും പരിഭവമില്ല. കിടക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഒരു തലയിണ എടുത്ത് എന്റെ പിറകിലായി വെക്കും. അടുത്തൊരാള്‍ ഉണ്ട് എന്ന തോന്നലിനാണ് അത്. ഒരു സ്പര്‍ശം എപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു.
അമ്മ എന്നെയുംകൊണ്ട് ഒരുപാട് ഓടിയിട്ടുണ്ട്. പട്ടാമ്പിയിലേക്കും തിരുവനന്തപുരത്തേക്കും. അങ്ങനെ അമ്മ പോകുന്നിടത്തൊക്കെയും എന്നെയും അമ്മ കൊണ്ടുപോയി. പാതിയില്‍നിന്നു ഞാന്‍ എന്റെ വഴിയിലേക്ക് തിരിഞ്ഞു. അമ്മ തനിച്ചാവും, ഞാനും ഏകാകിയാവും. ഞാന്‍ നന്നായിക്കാണാനുള്ള ആഗ്രഹത്താല്‍ നാട്ടിലെ ജോലിയും മറ്റു സൗകര്യങ്ങളുമെല്ലാം ഉപേക്ഷിച്ച് എന്നെയും കൊണ്ട് വിദേശത്തേക്ക് പോകാന്‍ അമ്മ ശ്രമിച്ചിരുന്നു. തന്ത്രപരമായി ഞാന്‍ അതില്‍നിന്നും ഊരിപ്പോന്നതോടെ അമ്മയ്ക്ക് പിന്മാറേണ്ടേി വന്നു. എങ്കിലും അമ്മ എന്നെ വിശ്വസിച്ചിരുന്നു. അമ്മയ്ക്കറിയാമായിരുന്നു ഞാന്‍ ഏതറ്റംവരെ പോകും, എപ്പോള്‍ തിരിച്ചുവരും എന്ന്. അമ്മയ്ക്ക് അതറിയാമല്ലോ എന്ന വിശ്വാസം എനിക്കുമുണ്ടായിരുന്നു. പുറത്തുനിന്നു നോക്കിക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു കുപ്രസിദ്ധ പുത്രനായിരുന്നു. ഞാന്‍ കരഞ്ഞത് ആരും കണ്ടിട്ടില്ല; അമ്മയൊഴികെ. അമ്മ എന്നെച്ചൊല്ലി വിഷമിക്കുന്നത് കാണുമ്പോഴൊക്കെ മൂത്ത രണ്ട് അമ്മമാരും എന്നെ കാണുന്ന മാത്രയില്‍ വഴക്ക് പറയും, പിണങ്ങും. എന്നെ സംബന്ധിച്ചിടത്തോളം ഇറങ്ങിപ്പോകാനുള്ള വഴികളെല്ലാം ചെറുതിലേ തന്നെ എനിക്കുമുമ്പില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. വലുതാവുംതോറും ആ വഴി എനിക്ക് എളുപ്പമായി. അമ്മ അതറിഞ്ഞിരുന്നില്ല.
എന്റെ ജീവിതത്തില്‍നിന്ന് അമ്മയെ ഞാനാണ് നഷ്ടപ്പെടുത്തിയത്. സ്വപ്നയും മകള്‍ മീനാക്ഷിയും ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്നെ മുറുകെപ്പിടിച്ചതുപോലെ എനിക്കെന്റെ അമ്മയെ സ്വന്തമാക്കാന്‍ സാധിച്ചില്ല. അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ മിഷന് ഹോസ്പിറ്റലില്‍ വെച്ചാണ്. എക്കാലത്തെയും പോലെ ഞാന്‍ രോഗിയും അമ്മ കൂട്ടിരിപ്പുകാരിയുമായിരുന്നു. അഗസ്ത്യകൂടത്തിലേക്കുള്ള യാത്രയൊരുക്കത്തിലാണ് ഞാനെന്നറിഞ്ഞപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് ചെക്കപ്പിന് കൊണ്ടുപോയതാണ്. എന്റെ ശരീരത്തിന് ഒരു കേടുപാടുകളുമില്ല എന്ന് അമ്മയ്ക്ക് അറിയണമായിരുന്നു. അമ്മയ്ക്ക് എന്തോ ചെറിയ പ്രശ്നമുണ്ടെന്നറിയാമെന്നല്ലാതെ രോഗത്തിന്റെ ഗൗരവം എനിക്ക് ബോധ്യമായിട്ടില്ലായിരുന്നു. അവിടെ നിന്നിറങ്ങി കുറച്ചുദിവസം നന്ദാവനത്തിലെ ഔട്ട്ഹൗസില്‍ തങ്ങിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി, അമ്മയോട് പറയാതെ. അമ്മ കാത്തിരുന്നിട്ടുണ്ടാവും. വേദന അസഹ്യമായപ്പോള്‍ ഒരാശ്രയത്തിനായി എന്നെ തിരഞ്ഞിട്ടുണ്ടാവും.
.jpg?$p=7e4c243&w=610&q=0.8)
അമ്മ പേരിട്ടുവിളിച്ച 'സര്‍വമംഗള'യില്‍ ഒരു വാക്കറിന്റെ സഹായത്തോടെ ഇന്ന് ഞാന്‍ എന്റെ സ്വപ്നയോടും മകളോടുമൊപ്പം ഇരിക്കുന്നു. ഞാന്‍ വീട്ടിലൊതുങ്ങിയത് അമ്മ കണ്ടിട്ടില്ല. മരിക്കുന്നതിനു മുമ്പേ അതറിഞ്ഞിരുന്നെങ്കില്‍, ഞാന്‍ അറിയിച്ചിരുന്നെങ്കില്‍ അമ്മയ്ക്ക് ഒരു ദുഃഖം ഇറക്കിവെച്ചിട്ട് യാത്രയാവാമായിരുന്നു. അതിനുള്ള അവസരം ഞാന്‍ ഒരുക്കിയില്ല. വീടിന്റെ മുകളിലത്തെ നിലയില്‍ എന്റെയൊരു ലോകം തീര്‍ത്തിട്ടുണ്ട് ഞാന്‍. അമ്മ എന്റെ മകള്‍ക്ക് ചൊല്ലിപ്പടിക്കാന് എഴുതിക്കൊടുത്ത പ്രാര്‍ഥനകളും എന്തൊക്കെയോ ചില്ലറ കുറിപ്പടികളും കയ്യക്ഷരമായി, സാന്നിധ്യമായി അവിടെയുണ്ട്. അച്ഛന്റെയും അമ്മയുടെയും രണ്ടു കാലത്തെ വ്യത്യസ്ത ഫോട്ടോകള്‍ ഒന്നിച്ചാക്കി ഫ്രെയിം ചെയ്ത് ഉണര്‍ന്നയുടന്‍ കാണുന്ന തരത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിട്ടുണ്ട്. അവര്‍ക്കങ്ങനെ വേര്‍പിരിഞ്ഞു പോകാനൊന്നും കഴിയില്ലല്ലോ.
.jpg?$p=31e08d7&w=610&q=0.8)
എന്താണ് സംഭവിച്ചത്, ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അമ്മയ്ക്കുണ്ടായിരുന്നു. അത് മക്കള്‍ അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. രഹസ്യമായ ഇടപാടുകള്‍ അമ്മയുടെ ഒരു കാര്യത്തിലും ഇല്ലായിരുന്നു. നീണ്ട ഇടതൂര്‍ന്ന മുടിയുള്ള, ചാരക്കണ്ണുകളില്‍ കുസൃതിയൊളിപ്പിച്ചുകൊണ്ട് സദാ മൂളിപ്പാട്ടുപാടിയിരുന്ന ഒരു സുജ അച്ഛന്റെ ജീവിതത്തില്‍നിന്ന് ഒരിക്കലും ഇറങ്ങിപ്പോയിട്ടുണ്ടാവില്ല. അച്ഛന് ആ സുജയെ കണ്ടിരിക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിച്ചിരിക്കാം. കാണുന്നില്ല എന്ന് കട്ടായം പറഞ്ഞിരിക്കാം. ഉണ്ണി മരിച്ച് ഒരു വര്‍ഷമായപ്പോഴേക്കും അമ്മയുടെ മുടി ഒരുപിടിയായി കഴിഞ്ഞിരുന്നു. ഒറ്റയിഴയില്ലാതെ നരച്ചു. എത്രയധികം സ്ട്രസ് അമ്മ അനുഭവിച്ചിട്ടുണ്ടാവും!
'കാടുകളുടെ താളം തേടി' എന്ന പുസ്തകത്തിലെ മനോഹരമായ യാത്രകളാണ് എന്റെ അമ്മയുടെ എക്കാലത്തെയും സന്തോഷം. അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ കാടുകളുടെ താളം എഴുതിയ സുജാതാദേവിയുടെ മൂഡ് ആണ് എനിക്കിഷ്ടം. ഒരുപാട് എഴുതി. ഒരുമനുഷ്യനെയും കാണിച്ചില്ല. ഒരുപാട് വായിച്ചു, ഒരിടത്തും പറഞ്ഞില്ല. ഒരുപാട് യാത്ര ചെയ്തു, എല്ലാ കാഴ്ചകളും മനസ്സില്‍ സൂക്ഷിച്ചു. കഥകളുടെ കൂമ്പാരമായിരുന്നു അമ്മ. കെട്ടുകണക്കിന് കഥകള്‍ എഴുതിയിട്ടുണ്ട്. കവിതകളും അത്രതന്നെയുണ്ട്. എല്ലാം കൂടി എട്ടു പത്ത് ഫയലുകളിലായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എവിടെയാണ് എന്നെനിക്കറിയില്ല. അമ്മ പോകുന്നിടത്തെല്ലാം ആ ഫയലുകളും കൊണ്ടുപോയിരുന്നു. നന്ദാവനത്തിലെ ഔട്ട്ഹൗസില്‍ ഞാന്‍ ഇരിക്കുന്നുണ്ടെന്നറിഞ്ഞാല് അമ്മ കഥകളുമായി വരും. വായിച്ചുതരും. ഞാന്‍ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. ശ്രദ്ധ തെറ്റിയാല്‍ അമ്മയ്ക്ക് പെട്ടെന്ന് മനസ്സിലാവും. അധ്യാപികയായിരുന്നല്ലോ. എനിക്കിഷ്ടം കഥകളായിരുന്നു. അതുകൊണ്ട് തന്നെ കഥകളായിരുന്നു എന്റെ മൂഡ് മാറ്റാന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതല്ലെങ്കില്‍ പാട്ട് പാടിത്തരും. അമ്മ പാടുമ്പോള്‍ ഞാന്‍ മടിയില്‍ക്കിടന്ന് ഉറങ്ങും. അമ്മയുടെ പാട്ട് എനിക്കൊരു തരത്തില്‍ ഉറക്കഗുളികയായിരുന്നു. ഇതെല്ലാം വല്ലപ്പോഴും മാത്രമേ സംഭവിച്ചിരുന്നുള്ളൂ എന്നതിലായിരുന്നു മകനെന്ന നിലയില്‍ എന്റെ പരാജയം.
അമ്മ ചെയ്ത യാത്രകളാണ് എനിക്കേറ്റവും നഷ്ടമായി തോന്നുന്നത്. യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ജീവിതങ്ങളെക്കുറിച്ചെല്ലാം അമ്മ രേഖപ്പെടുത്തി വെച്ചിരുന്നു. പക്ഷേ, അതെല്ലാം തന്റെ സ്വകാര്യതയായി സൂക്ഷിക്കാനാണ് അമ്മ ഇഷ്ടപ്പെട്ടത്. മുഖ്യധാരയില്‍ തിളങ്ങാന്‍ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. സുഗത വല്യമ്മയുടെ ഇടപെടല്‍ കൊണ്ടാണ് അല്പമെങ്കിലും പ്രസിദ്ധീകരിച്ചത്. സുഗത വല്യമ്മ എഴുതിയതും ഇങ്ങനെ രഹസ്യമായിട്ടായിരുന്നു. അപ്പൂപ്പന് കണ്ടുപിടിച്ചതോടെയാണ് മലയാളത്തിന് സുഗതകുമാരിയെ ലഭിച്ചത്. അമ്മയെഴുതിയത് പക്ഷേ അച്ഛന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിലും എന്തെങ്കിലും സംഭവിക്കുമായിരുന്നോ എന്നെനിക്കറിയില്ല. അച്ഛന്റെ മേഖല തികച്ചും വ്യത്യസ്തമായിരുന്നു. അച്ഛന് അറിയില്ലായിരുന്നു അമ്മയുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം ആവശ്യമുണ്ടെന്ന്.
ഒരിക്കല്‍ ഞാന്‍ അമ്മയെ 'നക്ഷത്രങ്ങളെ സ്നേഹിച്ച പെണ്‍കുട്ടീ' എന്ന് കളിയായി വിളിച്ചു. വല്യമ്മ അമ്മയുടെ അടുത്തിരിക്കുന്നുണ്ട്. വല്യമ്മ കുറേനേരം എന്നെത്തന്നെ നോക്കി. അമ്മ ഒന്നും പറഞ്ഞില്ല. നക്ഷത്രങ്ങളെ സ്നേഹിച്ച, കവിതകള്‍ പാടി നടന്ന, വീട്ടിലെത്തിയാല്‍ വണ്ണാത്തിപ്പുള്ളുകളോട് വര്‍ത്തമാനം പറഞ്ഞു നടക്കുന്ന പെണ്‍കുട്ടിയെ അച്ഛന് തിരിച്ചറിയാന്‍ പറ്റിയില്ല. അതുമാത്രം ഒരു തെറ്റായിരുന്നോ എന്നുചോദിച്ചാല്‍ എനിക്ക് ഇന്നും ഉത്തരമില്ല.
2018 ജൂണ്‍ 23. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ഹോസ്പിറ്റലില്‍ പതിവുപോലെ അഡ്മിറ്റായിരിക്കുകയാണ് ഞാന്‍. കയ്യിലിരിപ്പ് കൂടുമ്പോള്‍ അത് സാധാരണമായിരുന്നു. ആശുപത്രിയിലെ ടി.വിയില്‍ വാര്‍ത്ത സ്ക്രോള്‍ ചെയ്തുപോകുന്നു- 'എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. സുജാതാദേവി അന്തരിച്ചു.' നന്ദാവനത്തില്‍ അമ്മയെ കിടത്തിയിരിക്കുന്നു. തൊട്ടടുത്ത് സുഗത വല്യമ്മ ഇരിക്കുന്നുണ്ട്. കയ്യിലെ ഡ്രിപ് വലിച്ചൂരി നഴ്സിനോട് പറഞ്ഞു; 'അതെന്റെ അമ്മയാണ്, ഞാന്‍ പോവുന്നു.' അമ്മയ്ക്ക് അസുഖമുണ്ടെന്ന് എനിക്കറിയാം. തലവേദനയുണ്ട്. പുറംവേദന എപ്പോഴുമുണ്ട്. സേഫ്റ്റി പിന് കയ്യില്‍ തന്ന് അവിടവിടെയായി കുത്താന്‍ പറയുമായിരുന്നു. പിന്നുകൊണ്ട് കുത്തുന്നത് ഒഴിവാക്കാനായി ഞാന്‍ ശക്തിയില്‍ തടവിക്കൊടുക്കും. പക്ഷേ, അതൊന്നും വേദയ്ക്കുമേല് ഏല്‍ക്കില്ല. പിന് തന്നെ വേണമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഡോക്ടറുടെയുക്കല് കൊണ്ടുപോയി. അതിന്റെ ഫോളോഅപ്പ് നടത്താന്‍ ഞാന്‍ ഓര്‍ത്തില്ല. മാടിവിളിച്ച മറ്റൊരു ജീവിതം ഒന്നും സമ്മതിച്ചില്ല.
.jpg?$p=fc20cf2&w=610&q=0.8)
അമ്മയ്ക്ക് അസുഖമാണെന്ന് എനിക്കറിയാം എന്നെല്ലാവരും കരുതിക്കാണും. പക്ഷേ, ഞാന്‍ ഇതിന്റെ ഗൗരവം അറിഞ്ഞിട്ടില്ലായിരുന്നു. അമ്മ ഇടയ്ക്ക് ആശുപത്രിയിലാവും. അറിഞ്ഞാല്‍ പോയി കാണും. എന്താണ് പ്രശ്നം എന്നു ചോദിച്ചാല്‍ തലവേദന, പുറംവേദന എന്നൊക്കെയാണ് ഉത്തരം കിട്ടുക. അവസാനമായി കര്‍മങ്ങള്‍ മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഒട്ടും നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഞാനായിട്ട് തന്നെ ഉണ്ടാക്കിയ അവസ്ഥയാണ്. അമ്മയ്ക്ക് തീരെ വയ്യാതായി എന്നത് എന്നെ ഒന്നറിയിക്കാമായിരുന്നു ആര്‍ക്കെങ്കിലും. സ്വപ്നയറിഞ്ഞിട്ടുണ്ട്, വല്യമ്മമാരുടെ മക്കളെല്ലാം അടുത്തുണ്ട്, അമ്മ എന്റേതും കൂടിയായിരുന്നു. ഞാന്‍ മാത്രം അറിഞ്ഞില്ല. അത്രയ്ക്കും കൈവിട്ടുപോയി ഞാന്‍ എന്ന് സ്വയം തിരിച്ചറിഞ്ഞത് അന്നാണ്. എഴുപത്തിരണ്ട് വര്‍ഷക്കാലം അമ്മ എല്ലാവരുടേതുമായി ജീവിച്ചു, പക്ഷേ, ആരുടേതുമായിരുന്നില്ല. അമ്മ എന്നെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. ഇല്ലാതിരിക്കില്ല. 'നക്ഷത്രങ്ങളെ സ്നേഹിച്ച പെണ്‍കുട്ടീ' എന്ന് ഇന്ന് ഞാന്‍ വേദനയോടു കൂടെയാണമ്മേ വിളിക്കുന്നത്.
(തയ്യാറാക്കിയത്: ഷബിത)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..