പി.ഭാസ്കരൻ (Photo: സന്തോഷ് കെ.കെ)
മലയാളിയുടെ സൗന്ദര്യശിക്ഷണങ്ങളില് ഒന്ന് ചലച്ചിത്രഗാനങ്ങളിലൂടെ കൈവരുന്നതാണ്. ഭാവനയുടെയും സൗന്ദര്യത്തിന്റെയും ചെറുകിളിവാതിലുകള് തുറന്നുതന്ന് അതു നമ്മെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹിത്യാനുഭവങ്ങള്ക്ക് സജ്ജരാക്കുന്നു. ഒരു കാലം ചങ്ങമ്പുഴക്കവിതയോട് മലയാളിക്കുണ്ടായിരുന്ന സാര്വ്വത്രികാഭിമുഖ്യത്തിന് പില്ക്കാലം ഒരു തുടര്‍ച്ചയുണ്ടായത് ചലച്ചിത്രഗാനങ്ങളിലൂടെയായിരുന്നു. രണ്ടും വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും ലളിതകോമളഭാഷ സംസാരിച്ചു. ഈ ഗാനശില്പികളില് ഒരാള്‍, ഒരു പക്ഷേ മലയാളി ഏറ്റവുമധികം നെഞ്ചേറ്റിയ ഒരാള്‍, പി.ഭാസ്കരനായിരുന്നു. വയലാര്‍, അപ്സരസ്സുകളുടെയും ഗന്ധര്‍വ്വന്മാരുടെയും അതീതലോകങ്ങളിലേയ്ക്കും ഒ എന്‍ വി, പട്ടുനൂല്‍ പോലെ നേര്‍മ്മയേറിയ വികാരതാരള്യങ്ങളിലേയ്ക്കും പാട്ടുകളിലൂടെ മലയാളിയെ നയിച്ചപ്പോള്‍ ഒരു മുഴുമലയാളിയുടെ ഗാനഭാവുകത്വമാണ് ഭാസ്കരനിലൂടെ നിറവേറിയത്.
'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്' എന്ന വരിയ്ക്കുശേഷം, ആ മണ്ണില്‍ അവനു സ്വന്തമായ നാലുകാലോലപ്പുരയെ 'നാരായണക്കിളിക്കൂടു പോലെ' എന്നു ഭാവന ചെയ്യുന്നതാണ് ഭാസ്കരഗാനങ്ങളിലെ കേരളീയത. മഞ്ഞണിപ്പൂനിലാവ് പേരാറ്റുകടവില് നീരാടുന്നു എന്നെഴുതിയാല്‍ മാത്രം തൃപ്തി പോരാതെ, 'മഞ്ഞളരച്ചു വച്ച് നീരാടുമ്പോള്‍' എന്നെഴുതുന്നതാണ് അദ്ദേഹത്തിന്റെ രീതി.' നഗരമേ നന്ദി' എന്ന ചിത്രത്തിലെ ഏറെ പ്രചാരം നേടിയ ഈ ഗാനത്തില്‍ അനുപദം, കേരളീയത അതിന്റെ നിറങ്ങളും മണങ്ങളും നിറച്ചു വച്ചിരിക്കുന്നു.'എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ' എന്ന സംബോധന ലളിതമാണ്. അതിലെ എള്ളെണ്ണ മണവും മുല്ലപ്പൂവിന്റെ സുഗന്ധിയായ ധാവള്യവുമാണ് അതിനെ അരനൂറ്റാണ്ടു മുന്‍പുള്ള കേരളീയകാമുകത്വത്തിന്റെ ഗാനഭാവനയാക്കി മാറ്റുന്നത്. 'താന്നിയൂരമ്പലത്തില്‍ താമരമാലയുമായ്' കഴകക്കാരനെപ്പോലെ പതിവായി പൂജയ്ക്കെത്തുന്ന ചന്ദ്രനാണ് ഈ ഗാനത്തിലെ മറ്റൊരു ഭാവനാചൈതന്യം. ഒരൊറ്റ ഗാനശീലില് ഒരു കേരളീയഗ്രാമവും അവിടത്തെ അമ്പലവും കഴകക്കാരനും അയാളുടെ കയ്യിലെ താമരമാലയുമെല്ലാം ഉയിര്‍ക്കുന്നു. അത് ചന്ദ്രനുമായന്വയിക്കപ്പെടുന്നു. അഭൗമതയുടെ പരിവേഷമഴിഞ്ഞ് ചന്ദ്രന് തനിക്കേരളീയവും ഗ്രാമീണവുമായ ഒരു (മെലിഞ്ഞ) മനുഷ്യസാന്നിധ്യമാകുന്നു.
'പാര്‍വ്വണേന്ദുവിന്‍ ദേഹമടക്കീ പാതിരാവിന് കല്ലറയില്‍' എന്നതു പോലെ ചന്ദ്രന്റെ ഭാവനാരൂപാന്തരങ്ങള് സുലഭമാണ് ഭാസ്കരന് മാഷിന്റെ ഗാനങ്ങളില്‍. അക്കൂട്ടത്തില്‍ അനന്യമെന്നു പറയാവുന്ന ഒന്ന് 'മൂടുപടം' എന്ന ചിത്രത്തിലെ , തീരെ പ്രചാരം നേടാത്ത ഒരു ഗാനത്തില്‍ കാണാം. ചന്ദ്രനെ,അത്രമേലനായാസമായി, മതേതരഭാവനയുടെ താഴികക്കുടമാക്കുകയാണ് ഗാനരചയിതാവ് -
'മാനത്തുള്ളൊരു വല്യമ്മാവന്
മതമില്ലാ ജാതിയുമില്ലാ
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും...'ഈ പല്ലവിയെ ഇങ്ങനെ പൂരിപ്പിക്കാനും അദ്ദേഹത്തിനാകുന്നു-
'ഓണനിലാവു പരന്നപ്പോള്‍
പാലട വച്ചു വിളിച്ചല്ലോ
വലിയ പെരുന്നാള്‍ വന്നപ്പോള്‍
പത്തിരി ചുട്ടു വിളിച്ചല്ലോ...''നാഴിയുരിപ്പാലു കൊണ്ട് നാടാകെ കല്യാണം' എന്നെഴുതിയ കവിയുടെ ഭാവന, അതേ നിലാവിന് മതേതരമാനവികതയുടെ അധികപരിവേഷം നല്‍കുകയായിരുന്നു ഈ ഗാനത്തിലൂടെ. എന്തുകൊണ്ടോ ഇത് മലയാളിയുടെ പ്രിയഗാനങ്ങളിലൊന്നായി മാറിയില്ല. എങ്കിലും അങ്ങനെയൊന്ന് പ്രബുദ്ധനായ ആ ഗാനശില്പിയുടെ ഗാനശേഖരത്തില്‍ ഉള്‍പ്പെടുന്നു എന്ന വസ്തുത വിസ്മരിക്കപ്പെടാനും പാടില്ല.
ആകാശവാണിക്കാലം കൂടിയായിരുന്ന എന്റെ കുട്ടിക്കാലം, ഒരു സന്ധ്യയോടൊപ്പം എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ചു പോയ ഭാസ്കരഗാനമാണ് 'വിണ്ണിന്റെ വിരിമാറില്‍...' അഷ്ടപദികളിലൊന്നുമില്ലാത്ത ഒരനുരാഗകല്പനയുടെ സൗന്ദര്യരേണുക്കളാല് തിളങ്ങി മിനുങ്ങുന്ന ഒരു രാധാകൃഷ്ണഗീതി, അതിന് വിദ്യാധരന് മാഷുടെ ഹൃദയംഗമമായ സംഗീതത്തിന്റെ മഴവില്ച്ചിറകുകളും.
വിഷാദത്തിന്റെ കരിനീലക്കയങ്ങള് കാട്ടിത്തന്ന് എന്നെ മൃത്യുന്മുഖമായി നിര്‍ത്തിയ ഒരു ഗാനത്തെക്കുറിച്ചു കൂടി പറയണം;' പ്രകാശനാളം ചുണ്ടില്‍ മാത്രം...' ഇത്രമാത്രം ദു:ഖശോഭയുള്ള മറ്റൊരു മലയാളചലച്ചിത്രഗാനമില്ലെന്നു വേണമെങ്കില്‍ ആണയിടാന്‍ ഞാനൊരുക്കമാണ്, അതില്‍ പുരണ്ടുപോയ ആത്മനിഷ്ഠതയുടെ കൊഴുത്ത ചായം നിങ്ങള്‍ അവഗണിക്കുമെങ്കില്‍.
ഇങ്ങനെ പറയാനേറെയുണ്ട്.' ഇളവന്നൂര്‍ മഠത്തിലെ...' എന്ന ഗാനത്തിലെ' മേടക്കാറ്റിന് വിശറി'യെപ്പറ്റി,'പുലയനാര്‍ മണിയമ്മ'യിലെ 'ഇളം കാറ്റിലിളകുന്ന വല്ലി'യെപ്പറ്റി,' ഇന്നലെ നീയൊരു...' എന്ന പാട്ടിലെ' മധ്യാഹ്നമനോഹരി'യെപ്പറ്റിയും. പാട്ടുവിരലുകള് കൊണ്ട് മലയാളിയുടെ സൂക്ഷ്മസ്വത്വത്തെ, കളിമണ്ണില്‍ നിന്ന് പാത്രത്തെയെന്ന പോലെ, തൊട്ടുമീട്ടിയുണര്ത്തുകയായിരുന്നു പി.ഭാസ്കരന്. അങ്ങനെ ഉരുവം കൊണ്ട ഒരാളുടെ ആത്മസാക്ഷ്യമായി മാത്രം ഈ കുറിപ്പിനെ പരിഗണിക്കുക; അത്തരക്കാരായ ആയിരങ്ങള്‍ക്കുള്ള ഹൃദയാലിംഗനമായും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..