മറക്കുടയില്‍നിന്ന്‌ ബോക്‌സോഫീസ് ഹിറ്റിലേക്ക്‌ ലളിതാംബിക അന്തര്‍ജനം നടന്ന ദൂരം...! | അമ്മയോര്‍മകള്‍


വിവരണം: രാജേന്ദ്രന്‍ നമ്പൂതിരി/ എഴുത്ത്:ഷബിതമലയാളത്തിന്റെ ഏറ്റവും പുതിയ സാഹിത്യരൂപമായ സിനിമയിലേക്ക് 'ശകുന്തള' എന്ന ബോക്‌സോഫീസ് ഹിറ്റ് തിരക്കഥയുമായി കടന്നുവന്ന ആദ്യത്തെ വനിതയാകാന്‍ അമ്മയ്ക്ക് കഴിഞ്ഞതിനുപിന്നിലെ ചോദന ഇതാണ്.

രണ്ട് കാലഘട്ടങ്ങളിലെ ലളിതാംബിക അന്തർജനം

മലയാളത്തിലെ സാഹിത്യപ്രതിഭകളായ അമ്മമാരെക്കുറിച്ച് മക്കള്‍ എഴുതുന്ന പംക്തി 'അമ്മയോര്‍മകളില്‍' ലളിതാംബിക അന്തര്‍ജനത്തിന്റെ ഇളയ മകന്‍ രാജേന്ദ്രന്‍ നമ്പൂതിരി റിട്ട. ഐപിഎസ് അമ്മയോര്‍മകള്‍ പങ്കുവെക്കുന്നു.

ളിതാംബിക അന്തര്‍ജനത്തിന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് മക്കളില്‍ ഏറ്റവും ഇളയവനായ ഞാന്‍ ജനിക്കുന്നത്. എനിക്ക് മൂത്തതായി എന്‍. ഭാസ്‌കരകുമാര്‍, എന്‍. മോഹനന്‍, ലീല, ശാന്ത, രാജം, മണി(ലളിത) എന്നിവരാണുള്ളത്. നമ്പൂതിരി സമുദായത്തിലെ മറക്കുട വിപ്‌ളവം, വിധവാ പുനര്‍വിവാഹം, നവോത്ഥാനം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി അമ്മയും അക്കാലത്തെ വിഷയപ്രാധാന്യത്തോടെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. പ്രസവക്കിടക്കയില്‍നിന്നു പ്രസംഗവേദിയിലേക്ക് അമ്മ എത്തിപ്പെടാന്‍ പലപ്പോഴും തക്കതായ കാരണങ്ങള്‍ വന്നുചേരുമായിരുന്നു. അമ്മയുടെ 'ആത്മകഥയ്ക്ക് ഒരു ആമുഖം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് വിദ്യ അഭ്യസിച്ചത് എങ്ങനെയാണെന്ന്. കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് ഇല്ലത്തെ ദാമോദരന്‍ പോറ്റിയുടെയും നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി 1909 മാര്‍ച്ച് മുപ്പതിനാണ് അമ്മ ജനിക്കുന്നത്. ജനിച്ചത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞപ്പോള്‍ പുരോഗമനവാദിയായ അച്ഛന്‍ പൊട്ടിക്കരഞ്ഞു എന്ന് അമ്മ എഴുതിയിട്ടുണ്ട്. തന്റെ സമുദായത്തിലെ പെണ്‍കുട്ടികളെ കാത്തിരിക്കുന്ന കഷ്ടതകള്‍ ഓര്‍ത്തിട്ടായിരുന്നു ആദ്യത്തെ കുഞ്ഞു പിറന്ന സന്തോഷത്തേക്കാള്‍ അത് പെണ്‍കുഞ്ഞായിപ്പോയല്ലോ എന്ന വിഷമത്തില്‍ അദ്ദേഹം കരഞ്ഞത്. മുത്തശ്ശന്‍ ശ്രീമൂലം പ്രജാസഭാംഗമായിരുന്നു. നമ്പൂതിരി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലമാണ്. അമ്മയുടെ അമ്മയായിരുന്നു എഴുതാനും വായിക്കാനുമെല്ലാം പഠിപ്പിച്ചത്. സംസ്‌കൃതത്തില്‍ മുത്തശ്ശിയ്ക്ക് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. മുത്തശ്ശിയെക്കൂടാതെ ഒന്നുരണ്ട് അധ്യാപകര്‍ വീട്ടില്‍ വന്ന് അമ്മയെ ഇംഗ്ലീഷും സംസ്‌കൃതവും പഠിപ്പിച്ചിരുന്നു.പതിമൂന്നാമത്തെ വയസ്സിലാണ് അമ്മ തന്റെ ആദ്യത്തെ കവിതയെഴുതുന്നത്. പിന്നാലെ തന്നെ കഥകളും എഴുതിത്തുടങ്ങി. അമ്മ നൂറ്റി അന്‍പതോളം കഥകള്‍ എഴുതിയിട്ടുണ്ട്. അമ്മയെ സാംസ്‌കാരികലോകം ലേബല്‍ ചെയ്തിരിക്കുന്ന 'നമ്പൂതിരി നവോത്ഥാനം' വിഷയമാക്കി പത്തു കഥകള്‍ മാത്രമേ ഉള്ളൂ എന്നതും ഓര്‍മിപ്പിക്കുകയാണ്. അതേ വിഷയം പ്രതിപാദിക്കുന്ന കവിതകളും നന്നേ കുറവാണ്. അക്കാലത്തെ ഒരു പൗരയെന്ന നിലയില്‍ ചെയ്യേണ്ടതായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അമ്മ ചെയ്തിട്ടുണ്ട് എന്നതില്‍ എനിക്ക് തര്‍ക്കമൊന്നുമില്ല. പക്ഷേ അതിനപ്പുറത്തേക്കുള്ള അമ്മയെ ഓര്‍ക്കാനാണ് എനിക്കിഷ്ടം. അമ്മയുടെ ആദ്യകാലത്തെ കഷ്ടതകള്‍ ഞാന്‍ നേരിട്ടു കാണാത്തതിന്റെയോ അനുഭവിക്കാത്തതിന്റെയോ കൂടി പ്രശ്‌നമായിരിക്കാം. 1945 നവംബറിലാണ് ഞാനുണ്ടാവുന്നത്. അപ്പോഴേക്കും നവോത്ഥാനമൊക്കെ നടന്നുകഴിഞ്ഞിരുന്നു.

ലളിതാംബിക അന്തര്‍ജനവും ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയും

കോട്ടയം പാലായ്ക്കടുത്തുള്ള രാമപുരത്ത് അമ്മയും അച്ഛനും കൂടിയാണ് ഇപ്പോള്‍ കാണുന്ന സ്ഥലം വാങ്ങിയത്. വാങ്ങുമ്പോള്‍ ചെറിയൊരു വീടുകൂടി പറമ്പിലുണ്ടായിരുന്നു. എന്റെ അച്ഛന്‍ രാമപുരം അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരി വിദ്യാസമ്പന്നനായിരുന്നു. അമ്മയുടെ പതിനേഴാം വയസ്സിലാണ് വിവാഹം. അച്ഛന്റെ ഏഴു വയസ്സിനിളയതാണ് അമ്മ. വിവാഹത്തിനു മുമ്പേതന്നെ അമ്മ എഴുത്തുകാരിയായി പേരെടുത്തിരുന്നു. എങ്കിലും അച്ഛന്റെ സഹകരണം അമ്മയുടെ സാഹിത്യജീവിതത്തിലും പൊതുജീവിതത്തിലും വളരെയധികം പ്രോത്സാഹനം തന്നെയായിരുന്നു. കാര്യഗൗരവമുള്ള വിഷയങ്ങള്‍ സാഹിത്യത്തിലൂടെ അവതരിപ്പിക്കാന്‍ തുടങ്ങിയതും ഇടപെടാന്‍ തുടങ്ങിയതും അച്ഛന്റെ കൂടി പ്രോത്സാഹനത്തിന്റെ ഭാഗമായാണ്.

താന്‍ പ്രശസ്തയാണെന്ന് അമ്മയ്ക്കറിയാമായിരുന്നു. ആ പ്രശസ്തിയില്‍ അമ്മ അഭിമാനം കൊണ്ടിരുന്നു. ആളുകള്‍ കാണാന്‍ വരും, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തില്‍നിന്നു കത്തുകള്‍ വരും. മീറ്റിങ്ങുകള്‍ ഉണ്ടാകും, ആളുകള്‍ പ്രസംഗിക്കാന്‍ വിളിച്ചുകൊണ്ടുപോകും, സമകാലികരായ എഴുത്തുകാരും വിമര്‍ശകരും എല്ലാവരും കാണാന്‍ വരും കത്തെഴുതും... അങ്ങനെ അമ്മയുടെ ജീവിതം വളരെ തിരിക്കുപിടിച്ചതായിരുന്നു. സാഹിത്യ അക്കാദമിയുടെ ഭാരവാഹിത്തം, സാമൂഹികക്ഷേമ ബോര്‍ഡംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മെമ്പര്‍ എന്നീ നിലകളിലും അമ്മ പ്രവര്‍ത്തിച്ചു.

അമ്മയുടെ ജീവിതം ഉടനീളം കര്‍മനിരതമായിരുന്നു. ഏഴ് മക്കള്‍, വലിയ കുടുംബം, വീട്ടുത്തരവാദിത്തങ്ങള്‍, എഴുത്ത്, പ്രസംഗം, കാര്യപ്രധാനമായ മീറ്റിങ്ങുകള്‍... മള്‍ട്ടി ടാസ്‌ക് എന്ന് ഇന്ന് പറയുന്ന സംഗതി അമ്മ അന്നേ സ്വായത്തമാക്കിയിരുന്നു. പക്ഷേ, ആ തിരക്കുകളൊന്നും തന്നെ അമ്മ പ്രകടിപ്പിച്ചിരുന്നില്ല. വീട്ടില്‍ ഏറ്റവും നല്ല അമ്മയായി ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ചെയ്തുതരും. അമ്മയുടെ പെണ്‍മക്കള്‍ എല്ലാറ്റിനും സഹായിക്കാനായി കൂടെയുണ്ടാകുമായിരുന്നു. എഴുതാന്‍ പ്രത്യേക സമയമൊന്നുമില്ല. തിരക്കുകളെല്ലാം കഴിഞ്ഞുള്ള ഒരു സമയം അത്ര തന്നെ. അമ്മയുടെ ആണ്‍മക്കളെല്ലാം നല്ല നിലയില്‍ വിദ്യാഭ്യാസം നേടി ജോലിക്കാരായപ്പോള്‍ ഒരു സങ്കടം മാത്രം ബാക്കിയായി. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു പെണ്‍മക്കള്‍ നല്ല വിദ്യാഭ്യാസം നേടി ജോലിയില്‍ പ്രവേശിക്കുക എന്നത്. അതിന് അവര്‍ ശ്രമിക്കാത്തതില്‍ അമ്മയ്ക്ക് വിഷമമുണ്ടായിരുന്നു. കാരണം അമ്മ തന്റെ സമുദായത്തിന്റെ വിലക്കുകള്‍ക്കെതിരെ നിലകൊണ്ടത് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ പുറത്തുപോയി ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായിരുന്നു. തനിക്ക് അതിന് സാധിക്കാത്തതില്‍ അമ്മയ്ക്ക് നിരാശയുണ്ടായിരുന്നു.

എന്റെ ചേച്ചിമാരോട് പഠിക്കാത്തതിനെക്കുറിച്ച് പറഞ്ഞ് ഞാന്‍ കളിയാക്കുമ്പോള്‍ അവര്‍ പറയുന്ന ന്യായമുണ്ട്. ഒന്നോ രണ്ടോ വിളക്കും വെച്ച് ഇത്രയും പേര്‍ എന്തെല്ലാം ചെയ്യുമായിരുന്നു? അന്നൊക്കെ അത്രയൊക്കെ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആ വിളക്കുവെട്ടത്തില്‍ എത്ര പേര്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യും? ചേച്ചിമാര്‍ക്ക് അടുക്കളക്കാര്യങ്ങളും വീട്ടുകാര്യങ്ങളും കൂടി അമ്മ പകുത്തു നല്‍കിയിരുന്നു.കോളേജില്‍ പോയെങ്കിലും ആരും പഠിത്തം മുഴുവനാക്കിയില്ല. തോറ്റാലെന്താ പിന്നെയും പഠിച്ച് ജയിക്കുന്നതുവരെ എഴുതാമായിരുന്നു എന്നൊക്കെ അമ്മ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അമ്മയുടെ രണ്ട് പെണ്‍മക്കള്‍ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്നത് വേറെ കാര്യം!

ലളിതാംബിക അന്തര്‍ജനം

അച്ഛന്റെ കൃഷിയില്‍നിന്നുള്ള വരുമാനവും അമ്മയുടെ ഓഹരിയും പിന്നെ റോയല്‍റ്റിയും എല്ലാം കൂടി ചേര്‍ത്തുവെച്ചാണ് സ്വന്തമായി ഒരു പുരയിടം രാമപുരത്ത് വാങ്ങുന്നത്. അന്ന് അഞ്ച് രൂപയാണ് ഒരു എഴുത്തിന് അമ്മയ്ക്ക് കിട്ടുന്ന പ്രതിഫലം. അന്നത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണത്. അമ്മ എഴുതേണ്ടത് കുടുംബത്തിന്റെ കൂടി ആവശ്യമായിരുന്നു. അക്കാലത്തൊക്കെ പറമ്പും വയലുമൊക്കെയായി ധാരാളം സ്വത്തുണ്ടാകും. പക്ഷേ അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുപോകാന്‍ തികയുന്നതാവില്ല. പോരാത്തതിന് പണം തന്നെയാണ് ചെലവിന് ആവശ്യമായി വരുന്നത്. മക്കള്‍ പലയിടങ്ങളിലും താമസിച്ചാണ് പഠിക്കുന്നത്. അമ്മയ്ക്ക് സ്ഥിരമായിട്ട് പലയിടങ്ങളിലേക്കും സാഹിത്യസംബന്ധിയായ യാത്രയുണ്ടാവും. ചിലര്‍ വാഹനം അയക്കും. എപ്പോഴും വാഹനം അയക്കാന്‍ സംഘാടകര്‍ക്കും പണം ഉണ്ടായിക്കൊള്ളണമെന്നില്ല. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ബാല്യദശയില്‍ ഇരിക്കുന്ന കാലത്തെ അനുഭവങ്ങളാണ് പറയുന്നത്.

അമ്മയ്ക്ക് പലയിടങ്ങളിലും പോയി പ്രസംഗിക്കാനുണ്ടാവും. പലപ്പോഴും അച്ഛനാണ് കൂടെപ്പോവുക. ആണ്‍കുട്ടികള്‍ വലുതായപ്പോള്‍ എസ്‌കോര്‍ട്ട് പോകുന്നത് ഞങ്ങളുടെ പതിവായി. വേദിയില്‍ പല പ്രമുഖരുടെയും കൂടെ അമ്മയിരിക്കുന്നത് നോക്കിയിരിക്കും. അമ്മ നന്നായി വിശദീകരിച്ചാണ് പ്രസംഗിക്കുക. അമ്മയുടെ പ്രസംഗം എനിക്ക് വലിയ ഇഷ്ടമായിരുന്നു. വേദിയില്‍ എന്റെ അമ്മയാണ് ഇരിക്കുന്നത് എന്ന ഗര്‍വ്വില്‍ ഞാന്‍ സദസ്സില്‍ ഇരിക്കും. ഒരിക്കല്‍ വള്ളത്തോള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അമ്മയുമുണ്ട് വേദിയില്‍. അദ്ദേഹത്തിന് ചെവി കേള്‍ക്കില്ല. കൂടെയുണ്ടായിരുന്ന സഹായി അമ്മയുടെ പേര് കൈവെള്ളയില്‍ വിരലുകൊണ്ട് 'ലളിതാംബിക' എന്നെഴുതിക്കാണിച്ചു. അദ്ദേഹം ആശ്ചര്യത്തോടെ അമ്മയെ നോക്കി കൈകൂപ്പി. അദ്ദേഹം നേരിട്ട് കാണുന്നത് അന്നാണ്. പേര് മാത്രമേ അദ്ദേഹത്തിനറിയുകയുമായിരുന്നുള്ളൂ. അമ്മയ്ക്ക് അതൊക്കെ വലിയ അംഗീകാരമായിട്ടാണ് തോന്നിയിരുന്നത്. അതുപോലെ
1982-ല്‍ അച്ഛനും അമ്മയും എന്നോടൊപ്പം ഒരുമാസം അഗര്‍ത്തലയില്‍ താമസിക്കാന്‍ വന്നു. അമ്മയുടെ 'ധീരേന്ദുമജുംദാറിന്റെ അമ്മ' എന്ന കഥയുടെ ബംഗാളി വിവര്‍ത്തനം വന്ന കാലമാണ്. അന്നത്തെ മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തി ഈ കഥ വായിക്കാനിടയായി. ബംഗ്ലാദേശി അഭയാര്‍ഥികള്‍ അനുഭവിക്കുന്ന യാതനകള്‍ അദ്ദേഹം കഥയിലൂടെ വായിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അഗര്‍ത്തല പുസ്തകോത്സവത്തില്‍ വെച്ച് അദ്ദേഹം എന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് അമ്മയെക്കുറിച്ചാണ്. വലിയ എഴുത്തുകാരി എന്നാണ് അദ്ദേഹം അമ്മയെക്കുറിച്ച് പറഞ്ഞത്.

സാഹിത്യ അക്കാദമി മീറ്റിങ്ങുകളിലും മറ്റ് പ്രധാനപ്പെട്ട മീറ്റിങ്ങുകളിലും അമ്മ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് എനിക്ക് പുറത്തുനിന്ന് കേള്‍ക്കാമായിരുന്നു. തന്റെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും അമ്മ അതിയായ വില കല്‍പിച്ചിരുന്നു. അക്കാലത്തെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ലഭിക്കാതിരുന്ന സ്വാതന്ത്ര്യവും ബഹുമാനവും അമ്മയ്ക്ക് ലഭിച്ചപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരേണ്ടതായിട്ടുള്ള അസൂയയും കുത്തുവാക്കുകളും എല്ലാം അമ്മ ഏറ്റുവാങ്ങിയിട്ടുണ്ടാകാം. അത് കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും ഉണ്ടായിട്ടുണ്ടാവാം. ഞാന്‍ ജനിക്കുമ്പോഴേക്കും അമ്മ ആ പ്രതിസന്ധികളെല്ലാം തരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനം എന്ന പേര് മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും അമര്‍ന്നിരുന്ന കാലത്തെ സന്തതിയായിരുന്നല്ലോ ഞാന്‍. അമ്മ സഹിച്ച, കടന്നുവന്ന വലിയ പ്രതിസന്ധികളൊന്നും ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ മൂത്തവരായ ഭാസിചേട്ടനും മോഹനന്‍ ചേട്ടനും അമ്മ നേരിട്ട വിഷമങ്ങള്‍ നേരിട്ടുകണ്ടിട്ടുണ്ടാവും. അമ്മയ്ക്ക് ഭൂതകാലം പറഞ്ഞു പരിതപിക്കുന്ന സ്വഭാവമൊന്നും ഉണ്ടായിരുന്നില്ല. അതെല്ലാം ഓര്‍ത്തുവെച്ച് കഥകളാക്കുന്നതിലായിരിക്കാം ഇഷ്ടം കണ്ടെത്തിയത്.

ഐ.പി.എസ്. കിട്ടുന്നതിനുമുമ്പ് ഒരു കോളേജില്‍ കുറച്ചുകാലം പഠിപ്പിക്കാന്‍ പോയിരുന്നു ഞാന്‍. അമ്മയ്ക്ക് വലിയ സന്തോഷമായി. ഞാനൊരു കോളേജ് അധ്യാപകനാണ് എന്നത് അമ്മയെ സന്തോഷിപ്പിച്ചിരുന്നു. വിദ്യ പകര്‍ന്നുകൊടുക്കുന്നവരെ വലിയ ഇഷ്ടമാണ്. അന്നത്തെ സാഹചര്യത്തില്‍ സ്ഥിരം അധ്യാപകനാവാനുള്ള തുക കെട്ടിവെക്കാന്‍ കഴിയാത്തതായിരുന്നു. അപ്പോഴാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാവുന്നത്. പോലീസിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് അത്ര താല്‍പര്യമുണ്ടായില്ല. ഏട്ടന്മാര്‍ അവരുടെ പ്രയത്‌നം കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് നന്നായി ബോധ്യമുള്ള അമ്മ എന്നോട് പറഞ്ഞു: ''പോലീസുകാരനാവുന്നതില്‍ തെറ്റൊന്നുമില്ല. ആരെയും ഉപദ്രവിക്കരുത്. അപമര്യാദമായി പെരുമാറരുത്. പദവി ദുരുപയോഗം ചെയ്യരുത്.'' ഇല്ലെന്ന് ഞാന്‍ തലയാട്ടി. അമ്മയ്ക്ക് കൊടുത്ത വാക്കുമായിട്ടാണ് ഞാന്‍ സര്‍വീസില്‍ പ്രവേശിച്ചത്.

ഞങ്ങള്‍ എല്ലാവരും ജോലിയും വിവാഹവുമൊക്കെയായി പല നാടുകളിലും താമസമാക്കിയവരാണ്. എന്റെ സഹോദരിമാരെല്ലാവരും നാട്ടില്‍ത്തന്നെയാണ് വിവാഹം കഴിഞ്ഞ് സ്ഥിരതാമസമാക്കിയത്. അമ്മയും അച്ഛനും കൂടി അവരുടെയടുത്തെല്ലാം പോയി താമസിക്കാറുണ്ടായിരുന്നു. മോഹനന്‍ ചേട്ടന്‍ തുരുവന്തപുരത്ത് കൊണ്ടുപോയി കുറേ താമസിപ്പിച്ചു. ഭാസി ചേട്ടന് ഡല്‍ഹിയിലായിരുന്നപ്പോള്‍ അവിടേക്കും അമ്മയെ കൊണ്ടുപോയി. ഞാന്‍ മദ്രാസില്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്കൊപ്പം ഒരു മാസത്തോളം താമസിച്ചിട്ടുണ്ട്. ഭാസിചേട്ടനൊപ്പമായിരുന്നു ഹരിദ്വാര്‍, ഋഷികേശ്, ബദ്രിനാഥ് യാത്ര അമ്മ നടത്തിയത്. അവിടെവെച്ചാണ് 'അഗ്നിസാക്ഷി' എന്ന നോവലിലെ നായികയായ ദേവകി ബഹന്‍ എന്ന കഥാപാത്രത്തെ അമ്മ കണ്ടുമുട്ടുന്നത്. അമ്മയ്ക്ക് വളരെ അടുത്ത് അറിയാവുന്ന ഒരു ഇല്ലത്തെ അന്തര്‍ജനമായിരുന്നു അവര്‍ യഥാര്‍ഥജീവിതത്തില്‍. അമ്മ അവരെ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു, അവരോട് പോയി വര്‍ത്തമാനം പറഞ്ഞു. തന്നെ തിരിച്ചറിഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ വേഗം നടന്നുമറഞ്ഞു. നോവല്‍ പിന്നീട് അഗ്നിസാക്ഷിയെന്ന പേരില്‍ ശ്യാമപ്രസാദ് സിനിമയാക്കി.

1987 ഫെബ്രുവരി ആറിനാണ് അമ്മ മരിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു മരണം. ഇത്ര പെട്ടെന്ന് മരിച്ചുപോകുമെന്ന് അമ്മ പോലും കരുതിയിരുന്നില്ല. കാരണം മൂന്നു പുസ്തകങ്ങളെക്കുറിച്ച് അമ്മ ഗൗരവമായി ആലോചിക്കുകയും ഗൃഹപാഠങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അഗ്നിസാക്ഷിയുടെ രണ്ടാംഭാഗവും ആത്മകഥയ്ക്ക് ഒരു ആമുഖം എഴുതിയ സ്ഥിതിയ്ക്ക് ആത്മകഥ തന്നെ പൂര്‍ത്തിയാക്കാനും, മഹാഭാരതത്തിലെ ഋഷിമാരെക്കുറിച്ച് വിശദമായൊരു പഠനവും- ഈ മൂന്നു വിഷയങ്ങള്‍ക്കുപിറകേയുള്ള ചിന്തകളിലായിരുന്നു അമ്മ. 'സീത മുതല്‍ സത്യവതി' വരെ എന്ന ബൃഹത്തായ ഒരു പഠനം അമ്മ നടത്തിയിട്ടുണ്ട്. അത് പുസ്തകമാവുകയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചതുമാണ്. ഋഷിമാരെക്കൂടി പഠിക്കണം രേഖപ്പെടുത്തണം എന്നത് അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. അതില്‍ എതെങ്കിലും ഒന്നെങ്കിലും നടക്കാതെ പോയതില്‍ ഞങ്ങള്‍ക്ക് വളരെയധികം നിരാശയുണ്ട്. എഴുപത്തിയേഴാം വയസ്സിലും ഊര്‍ജസ്വലമായി സര്‍ഗാത്മകതയെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ട ഗവേഷണങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ ഒന്നുപോലും വിടാതെ വായിക്കുകയും ചെയ്യുന്ന അമ്മ ഞങ്ങള്‍ക്ക് വിസ്മയം തന്നെയായിരുന്നു.

ലളിതാംബിക അന്തര്‍ജനം എം.ജി യൂണിവേഴ്‌സിറ്റി
യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നു. വി.ഡി സതീശന്‍ സമീപം

പൊതുസമക്ഷം ഇരിക്കാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അമ്മ അവസാനമായി പങ്കെടുത്തത് മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനത്തിനാണ്. അന്ന് യൂണിയന്‍ ചെയര്‍മാനായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അമ്മയെ രാമപുരത്തുവന്ന് കൂട്ടിക്കൊണ്ടുപോയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ആയിടെയായി വയറ് സംബന്ധമായ അസ്വസ്ഥതകള്‍ അമ്മയെ അലട്ടിയിരുന്നു. എന്നിരുന്നാലും അമ്മ പോയി. വേദിയില്‍ ഇരുന്നാണ് അമ്മ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇടയ്ക്കിടെ വയറിന് അസ്വസ്ഥതയും നെഞ്ചിന് പ്രശ്‌നവുമെല്ലാം അമ്മയ്ക്ക് ഉണ്ടാവാറുണ്ടായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചതാണ്. ഇന്നത്തെ പോലെ അത്യാധുനികസൗകര്യങ്ങള്‍ നാട്ടില്‍ ഇല്ലായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നമാണെ് അമ്മ നേരിടുന്നതെന്ന് അറിയാന്‍ വൈകിപ്പോയി. ഡോക്ടറെ കാണിക്കാന്‍ പോയ അമ്മ പിന്നെ വന്നത് ശവമഞ്ചത്തിലാണ്. അച്ഛന്‍ ആകെ നിലവിട്ടുപോയി. അച്ഛനും ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു അമ്മയിങ്ങനെ പോയിക്കളയുമെന്ന്.

ആത്മകഥയ്‌ക്കൊരു ആമുഖത്തില്‍ അച്ഛനെ ആദ്യമായി കണ്ടപ്പോള്‍ അമ്മയ്ക്കുണ്ടായ ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്. അമ്മ ആഗ്രഹിച്ചതുപോലെയുള്ള ഒരു വരനെ തന്നെയായിരുന്നു അമ്മയ്ക്ക് കിട്ടിയത്. രണ്ടു പേരും നന്നായി വായിക്കും. വായിച്ചത് ചര്‍ച്ച ചെയ്യും. ആളുകള്‍ ക്ഷണിക്കുന്നിടത്തെല്ലാം ഒരുമിച്ച് പോകും. ഉച്ചയ്ക്കു ശേഷം ഒരുമിച്ച് മുറുക്കാനിരിക്കുമ്പോള്‍ പാക്ക് അധികം എടുത്തതിനെച്ചൊല്ലി വഴക്ക് കൂടും, പിന്നെയും ഒന്നിച്ചിരുന്ന് ലോകവിശേഷം പറയും. അമ്മ പോയത് അച്ഛന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ജീവിതവും വിളക്കണഞ്ഞ മട്ടിലായിരുന്നു. ഏകാന്തത വല്ലാതെ അലട്ടി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ വന്നു, കിടപ്പായി. അമ്മ മരണത്തിലേക്ക് നടന്നുപോയപ്പോള്‍ അച്ഛന്‍ മരണക്കിടക്കയില്‍ കുറേ കാത്തുകിടക്കുക തന്നെ ചെയ്തു.

അമ്മയ്ക്ക് എഴുതാന്‍ പ്രത്യേക സമയമില്ല എന്നതുപോലെത്തന്നെയായിരുന്നു എഴുതാനുള്ള പേപ്പറുകളോടുള്ള സമീപനവും. ഒറ്റയൊറ്റയായ പേപ്പറുകള്‍ കൊണ്ടുവെക്കുന്ന ശീലമില്ലായിരുന്നു. നോട്ട്ബുക്കാണ് ഇഷ്ടം. എഴുതിയ പേപ്പറുകളുടെ പിറകുവശവും ഉപയോഗിക്കും. അമ്മയിലെ ശക്തയായ സ്ത്രീയെ, പ്രതിഭയെ, അന്വേഷിയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മയുടെ അമ്മ വഹിച്ച പങ്ക് വളരെ വലുതാണ്. ആത്മകഥയില്‍ അമ്മ പറയുന്നുണ്ട്- വീടിനകത്ത് ബ്ലൗസും മുണ്ടും ഉടുത്ത് നടന്നിരുന്ന അമ്മ അതെല്ലാം അഴിച്ചുവെച്ച് ഇലക്കോണകമുടുക്കാന്‍ നിര്‍ബന്ധിതയായത് അമ്മയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എന്ന്. മുത്തശ്ശിമാരെയും മുതിര്‍ന്നവരെയും അമ്മയുടെ അമ്മ ഭയപ്പെട്ടിരുന്നു. അമ്മ ഋതുമതിയായപ്പോള്‍ സന്തോഷത്തിനു പകരം അവര്‍ പൊട്ടിക്കരഞ്ഞതും ഇനി തന്റെ മകളെയും കാത്തിരിക്കുന്ന ദുര്യോഗങ്ങള്‍ ഓര്‍ത്തുകൊണ്ടായിരുന്നത്രേ. ഏതായാലും അതില്‍ നിന്നെല്ലാം അച്ഛന്‍ അമ്മയെ രക്ഷപ്പെടുത്തിയിരുന്നു. അമ്മയുടെ മാതാപിതാക്കളുടെ വേദനയറിഞ്ഞിട്ടെന്നപോലെ പിന്നെ അവര്‍ക്കുണ്ടായ എട്ടു മക്കളും ആണ്‍കുട്ടികളായിരുന്നു. പക്ഷേ ഒരേയൊരു ലളിതാംബിക മാത്രം മതിയായിരുന്നു കുടുംബത്തിന്റെയും മലയാളത്തിന്റെയും യശ്ശസ് ഉയര്‍ത്താന്‍.

ലളിതാംബിക അന്തര്‍ജനം എന്ന വലിയ സ്വാധീനം എന്റെ ജീവിതത്തില്‍ എല്ലാമായി നിലനില്‍ക്കുന്നുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അമ്മയില്ലാത്ത നാളുകള്‍. അമ്മയെക്കുറിച്ചുള്ളതെല്ലാം ശേഖരിച്ചുവെക്കുന്നത് ശീലമാക്കി. പ്രസവക്കട്ടിലില്‍ നിന്ന് പ്രസംഗവേദിയില്‍ നില്‍ക്കുന്നതിനെക്കുറിച്ച് അമ്മ തന്നെ പ്രസംഗിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വേദിയെ അഭിസംബോധന ചെയ്തതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗാന്ധിയന്‍ തത്വങ്ങളില്‍ അടിമുടി വിശ്വസിച്ചിരുന്ന അമ്മ പക്ഷേ കോണ്‍ഗ്രസ്സുകാരിയായിരുന്നില്ല. ഗാന്ധിജിയോട് മാത്രമേ മതതയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ കാണാന്‍ അമ്മയുടെ അച്ഛനോടൊപ്പം പോയപ്പോള്‍ 'എനിക്ക് വിശക്കുന്നു കുട്ടീ, വിശക്കാതിരിക്കാന്‍ ഞാന്‍ ഈശ്വരനൊന്നുമല്ലല്ലോ' എന്നു പറഞ്ഞ് ഗാന്ധി ഭക്ഷണം കഴിക്കാനായി എഴുന്നേറ്റതിനെക്കുറിച്ച് അമ്മ എഴുതിയിട്ടുണ്ട്. അടിമുടി മനുഷ്യനായ ഗാന്ധിജിയായിരുന്നു അമ്മയുടെ ആരാധ്യപുരുഷന്‍.

നാരായണ ഗുരുവിനെ കാണാനായി മുത്തശ്ശന്‍ അമ്മയെയും കൂട്ടി ആശ്രമത്തില്‍ പോയതിനെക്കുറിച്ചും അമ്മ എഴുതിയിട്ടുണ്ട്. അക്കാലത്തെ നവോത്ഥാന നായകന്മാരെയെല്ലാം നേരില്‍ കാണാനും വാത്സല്യമനുഭവിക്കാനും അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അതായിരിക്കാം അമ്മയുടെ വ്യക്തിത്വത്തെ ഇത്തരത്തില്‍ വാര്‍ത്തെടുക്കാന്‍ സഹായകമായ ഘടകങ്ങളില്‍ ഒന്ന്. ഞങ്ങള്‍ മക്കള്‍ വായിക്കുന്നത് എന്തുതന്നെയായാലും അമ്മ നോക്കിയിരിക്കുമായിരുന്നു. ഇംഗ്ലീഷ് മാഗസിനുകളും കഥകളും നോവലുകളുമെല്ലാം അമ്മ നന്നായി വായിച്ചിരുന്നു. അമ്മയോടൊപ്പം സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സാഹത്തോടെ പോയത് മോഹനന്‍ ചേട്ടനായിരുന്നു. അദ്ദേഹം അമ്മയുടെ വഴിയേ നടന്നു. മോഹനന്‍ ചേട്ടന്‍ എഴുത്തുകാരനായത്, അംഗീകാരങ്ങള്‍ നേടിയത് അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. മക്കള്‍ എഴുതിയതെല്ലാം അമ്മ വായിക്കും, പക്ഷേ അഭിപ്രായമൊന്നും പറയില്ല.

മക്കളായ എന്‍.ഭാസ്‌കരകുമാര്‍, എന്‍. മോഹനന്‍
എന്നിവരോടൊപ്പം ലളിതാംബിക അന്തര്‍ജനം

അമ്മ പോയതിനുശേഷമുള്ള ശൂന്യത മറികടക്കുക എന്നത് വലിയ പ്രയാസമായിരുന്നു. ഞങ്ങള്‍ മക്കളെല്ലാവരും കൂടി ലളിതാംബിക അന്തര്‍ജനം ട്രസ്റ്റ് രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. സാഹിത്യമേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ലളിതാംബിക അന്തര്‍ജനത്തിന്റെ പേരില്‍ പുരസ്‌കാരം നല്‍കുക എന്നതായിരുന്നു ആദ്യം ചെയ്തത്. കുറച്ചു വര്‍ഷങ്ങള്‍ അത് തുടര്‍ന്നു. പിന്നീട് ഞങ്ങള്‍ മറ്റൊരു മികവുറ്റ തീരുമാനത്തിലേക്ക് മാറി. അമ്മ എക്കാലവും പ്രധാന്യം നല്‍കിയത് വിദ്യാഭ്യാസത്തിനാണ്. വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ലളിതാംബിക മെമ്മോറിയല്‍ മെറിറ്റ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തുക, സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളിലേക്ക് ട്രസ്റ്റ് മാറി. അമ്മയുടെ പുസ്തകങ്ങളില്‍നിന്നു ലഭിക്കുന്ന റോയല്‍റ്റി തുക ഇതിനായി മാത്രം ട്രസ്റ്റ് മാറ്റിവെക്കുന്നു. അതാണ് മികച്ച തീരുമാനം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

അമ്മയുടെ 'സമ്പാദ്യങ്ങള്‍' കണ്ട് ഞങ്ങള്‍ അമ്പരന്നുപോയിട്ടുണ്ട്. നാലായിരത്തിലധികം പുസ്തകങ്ങളുടെ വന്‍ശേഖരം. പ്രസിദ്ധീകരണങ്ങളായ പ്രസിദ്ധീകരണങ്ങള്‍ മുഴുവനായും വേര്‍തിരിച്ച് വെച്ചിട്ടുണ്ട്. അതിനെല്ലാറ്റിനുമപ്പുറം കത്തുകളുടെ വിപുലമായ ശേഖരം കണ്ട് ഞങ്ങള്‍ ഞെട്ടി. അമ്മയുടെ മേല്‍വിലാസത്തില്‍ വന്ന എല്ലാ കത്തുകളും വൃത്തിയായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കത്തുകള്‍ മഷിമാഞ്ഞും പഴകിത്തുടങ്ങുകയും ചെയ്തിരുന്നു. അവയെല്ലാം വേര്‍തിരിച്ച് ലാമിനേറ്റ് ചെയ്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തം ട്രസ്റ്റ് ഏറ്റെടുത്തു. കത്തുകള്‍ വേര്‍തിരിക്കുമ്പോള്‍ പലതിലൂടെയും ഞങ്ങള്‍ കണ്ണോടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കത്തില്‍ 'പ്രിയപ്പെട്ട അംബികേ' എന്നാണ് എഴുതിയിരിക്കുന്നത്. അംബികേ എന്നുള്ള അഭിസംബോധനയെ അദ്ദേഹം ന്യായീകരിക്കുന്നത് എല്ലാവരും ലളിതേ എന്നായിരിക്കുമല്ലോ വിളിക്കുന്നത് എന്നെഴുതിക്കൊണ്ടാണ്. അദ്ദേഹം അമ്മയോട് തന്റെ ഹാലൂസിനേഷന്‍ പങ്കുവെക്കുന്നുണ്ട്. പിറകേ ആരോ ഉള്ളതായി തോന്നുന്നു എന്നെഴുതിക്കാണുന്നു. അദ്ദേഹം മാറിത്താമസിച്ച ഇടങ്ങളില്‍ നിന്നെല്ലാം അമ്മയ്ക്ക് കത്തയച്ചിട്ടുണ്ട്. എത്രമാത്രം ഹൃദ്യമായ ബന്ധമായിരുന്നു അവര്‍ സൂക്ഷിച്ചിരുന്നത് എന്ന് അത്ഭുതപ്പെട്ടു.

അതുപോലെത്തന്നെ കെ. സരസ്വതിയമ്മയുടെ കത്തുകള്‍. അവര്‍ ഒരു സമാഹാരത്തിന് അവതാരിക എഴുതാനായി അമ്മയോട് പറയുന്നു. പിന്നെ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, എഴുത്തില്‍ സജീവമാകാന്‍ കഴിയാത്തതിന്റെ വ്യാകുലതകള്‍, അവര്‍ക്കു നേരെയുള്ള ആരോപണങ്ങള്‍... ഇതെല്ലാം അമ്മയോട് പങ്കുവെക്കുന്നുണ്ട്. അമ്മ എന്തായിരിക്കും മറുപടിയായി എഴുതിയിട്ടുണ്ടാവുക എന്നറിയാന്‍ ഇന്നും ആകാംക്ഷയുണ്ട്. അമ്മ തീര്‍ച്ചയായും മറുപടി എഴുതിയിട്ടുണ്ടാവണം.. അതേത്തുടര്‍ന്നുള്ള കത്തുകള്‍ ഇങ്ങോട്ട് വന്നിട്ടുണ്ട്. അമ്മ എന്തായിരിക്കും ഇവരോടൊക്കെ പറഞ്ഞിട്ടുണ്ടാവുക എന്നറിയാനായിരുന്നു വളരെയധികം ആകാംക്ഷ. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ മക്കളോടും അടുത്ത ബന്ധുക്കളോടും അന്വേഷിച്ചപ്പോള്‍ അനുകൂലമായ മറുപടി പലരില്‍ നിന്നും കിട്ടിയില്ല. കത്തുകള്‍ ഒരുപക്ഷേ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരിക്കില്ല.

ലളിതാംബിക അന്തര്‍ജനം, ബാലാമണി അമ്മ, ഡോ. എം. ലീലാവതി

വി.ടി. ഭട്ടതിരിപ്പാടും അമ്മയും നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. വി.ടിയുടെ കത്തുകള്‍ സമുദായത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ വൈയക്തികമായി അനുഭവങ്ങള്‍ വരെ പങ്കുവെക്കുന്നവയായിരുന്നു. സമുദായപരിഷ്‌കര്‍ത്താക്കള്‍ തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ വിവാഹം വന്നുചേരാത്തതിന്റെ ആകുലത പങ്കുവെക്കുന്നത് കണ്ടപ്പോള്‍ ഈ വിപ്ലവകാരികളെ സമുദായം എത്ര കണ്ട തള്ളിപ്പറഞ്ഞിരുന്നു എന്നുകാണാം. വി.ടി. പല കത്തുകളും 'രഹസ്യമായിരിക്കട്ടെ' എന്ന് കുറിച്ചിട്ടുണ്ട്.

വയലാറിന്റെ കത്തുകളില്‍നിന്ന് അദ്ദേഹം അനുഭവിക്കുന്ന ദു:ഖങ്ങളെല്ലാം അമ്മയ്ക്കും കൂടി പകര്‍ന്നുകൊടുക്കുന്നുണ്ട്. 'ചേച്ചീ' എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്. ഡങ്കിപ്പനി പിടിപെട്ടതും തൊലി സംബന്ധമായുള്ള അസുഖത്താല്‍ വിഷമിക്കുന്നതും എല്ലാം അദ്ദേഹം വിഷമത്തോടെയാണ് എഴുതിയി. നിരാശപ്പെടുത്തുന്ന കത്തുകള്‍ പലതും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ വയലാര്‍ ധൃതിപ്പെട്ടെഴുതിയ ഒരു കത്തു കണ്ടു. മദ്രാസില്‍ നിന്നാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം അവിടെ ഒരു സിനിമാത്തിരക്കിലാണ്. അമ്മയോട് അച്ഛനോടൊപ്പം ഉടന്‍ തന്നെ മദ്രാസിലേക്ക് തിരിക്കാനാണ് എഴുതിയിരിക്കുന്നത്. ഒരു 'സബ്ജക്ട്' ചര്‍ച്ച ചെയ്യാനാണ്. കത്തില്‍ നിന്നും മനസ്സിലാക്കിയ പ്രകാരം അവര്‍ മുമ്പും ഈ സബ്ജക്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കുഞ്ചാക്കോയുടെ നിര്‍ദ്ദേശപ്രകാരമാണ് വയലാര്‍ എഴുതിയിരിക്കുന്നത്. സബ്ജക്ട് ഒരുമിച്ചിരുന്ന് 'പോളിഷ്' ചെയ്യുന്നതിനെക്കുറിച്ചൊക്കെ കത്തില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ ഏറ്റവും പുതിയ സാഹിത്യരൂപമായ സിനിമയിലേക്ക് 'ശകുന്തള' എന്ന ബോക്‌സോഫീസ് ഹിറ്റ് തിരക്കഥയുമായി കടന്നുവന്ന ആദ്യത്തെ വനിതയാകാന്‍ അമ്മയ്ക്ക് കഴിഞ്ഞതിനുപിന്നിലെ ചോദന ഈ ബന്ധങ്ങള്‍ തന്നെയാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അമ്മയുടെ എഴുത്തുകള്‍ കിട്ടിയാല്‍, രണ്ടുപേരുടെയും കത്തുകള്‍ കൂട്ടിവെച്ച വായിച്ചാല്‍ സിനിമ എന്ന വലിയ തട്ടകത്തിലേക്ക് അമ്മ നടന്നുകയറിയ ചിത്രം വിശദമാകുമായിരുന്നു.

'ശകുന്തള'യുടെ വിജയത്തിനു ശേഷം പിന്നീടും തിരക്കഥാ ചര്‍ച്ചകള്‍ നടന്നതായി കത്തുകള്‍ പറയുന്നുണ്ട്. 'പറയിപെറ്റ പന്തിരുകുല'ത്തിന്റെ പ്രമേയത്തെ ആസ്പദമാക്കി അമ്മ ഒരു സബ്ജക്ട് ആലോചിച്ചതിനെക്കുറിച്ച് കുഞ്ചോക്കോയുടെ കത്ത് വിശദമാക്കുന്നുണ്ട്. അതും വയലാര്‍ വഴിയാണ് ചര്‍ച്ച നടന്നിരിക്കുന്നത്. കഥയുടെ പുരോഗതി അന്വേഷിച്ചുകൊണ്ടുള്ള കത്തുകള്‍ കാണാം. പക്ഷേ അതെന്തുകൊണ്ട് നടന്നില്ല, അമ്മ അപ്പോള്‍ ചെയ്തുകൊണ്ടിരുന്ന വര്‍ക് ഏതായിരുന്നു എന്നെല്ലാം അറിയണമെങ്കില്‍ അമ്മ എഴുതിയ കത്തുകള്‍ കിട്ടിയാല്‍ മാത്രമേ രക്ഷയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ആ കത്തുകള്‍ കണ്ടുകിട്ടാനുള്ള സാധ്യതയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അമ്മയ്ക്കുള്ള പല കത്തുകളും പിന്നീട് മോഹനന്‍ ചേട്ടന് വന്നതായിട്ടു കാണാം. അമ്മയുടെ ഷഷ്ടിപൂര്‍ത്തിയ്ക്ക് വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചുകൊണ്ട് ചേട്ടന്‍ കത്തെഴുതിയിരിക്കാം. എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ കത്തിലെ വരികള്‍ ശ്രദ്ധയില്‍പെട്ടു. ''മിനിഞ്ഞാന്ന് (12-03-69) രാത്രി എട്ടു മണിക്ക് അച്ഛന്‍ മരിച്ചു. അന്ത്യം ഏറെക്കുറെ ശാന്തമായിരുന്നു. അധികം വേദനയനുഭവിച്ചില്ല. ഞാന്‍ നാളെ നാട്ടിലേക്ക് പോകും, ക്രിയകള്‍ ആചരിക്കാന്‍. അതിലിടയ്ക്ക് ഇവിടത്തെ കാര്യങ്ങള്‍ ഒന്ന് ഒതുക്കാന്‍ വേണ്ടി ഇന്ന് എത്തിച്ചേര്‍ന്നതാണ്. വിവരം അമ്മയെ അറിയിക്കുമല്ലോ. 27-ാം തിയ്യതിയിലെ പിണ്ഡമടിയന്തരം കഴിഞ്ഞേ ഇനി പൊതുപരിപാടികള്‍ക്കുള്ളൂ. അതുകൊണ്ട് 23-ന് ഞാന്‍ എവിടെ എത്തില്ല. സ്വന്തം വാസു.'' 23-03-1969 നാണ് അമ്മയ്ക്ക് അറുപത് തികയുന്നത്.

അമ്മയുടെ പ്രിയപ്പെട്ടവരെയെല്ലാം കത്തെഴുതി ക്ഷണിച്ചിരുന്നു. ക്ഷണിച്ചതില്‍ സന്തോഷമറിയിച്ചുകൊണ്ടുള്ള കത്തുകള്‍ പലരും എഴുതിയത് കണ്ടപ്പോള്‍ അമ്മയുടെ ബന്ധങ്ങള്‍ എത്ര ദൃഢവും സുതാര്യവുമായിരുന്നു എന്ന് അതിശയിച്ചുപോയിട്ടുണ്ട്. അക്കാലത്ത് ഒരു പക്ഷേ ദിവസവും പോസ്റ്റ്മാന്‍ അമ്മയുടെ അടുത്ത് വന്നുപോയിട്ടുണ്ടാവും. എല്ലാ കത്തുകളും മുന്‍ കത്തുകളിലെ വിഷയം സൂചിപ്പിക്കുകയും വിശദമാക്കുകയും ചെയ്യുന്നുണ്ട്. അമ്മ എത്രമാത്രം വ്യക്തിപരമായി പലരുടെയും ജീവിതത്തില്‍ ഇടപെട്ടിരുന്നു, സ്വാധീനിച്ചിരുന്നു എന്നു മനസ്സിലായത് അങ്ങനെയാണ്. ബാലാമണിയമ്മയുടെ കത്തില്‍ 'സോദരീ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് എഴുതാന്‍ പോകുന്ന കവിതയെക്കുറിച്ച് ഒരു കത്തില്‍ പറയുന്നുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്ന വലിയൊരു സാഹിത്യസംരംഭം തന്നെ അന്നുണ്ടായത് ഇവരുടെയൊക്കെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു.

ബാലാമണിയമ്മ ഒരു കത്തില്‍ ഇങ്ങനെ എഴുതുന്നുണ്ട്: ''ആത്മവിശ്വാസക്കുറവിനെപ്പറ്റി ഭവതി എഴുതുന്നത് വാസ്തവമാണ്. എത്ര തന്നെ ശ്രദ്ധ വെച്ച് മുഴുമിച്ച കവിതയും ആദ്യം നമ്മുടെ ഭാവനയില്‍ പ്രതിഫലിച്ച സുന്ദരചിത്രത്തിന്റെ ഒരു മങ്ങിയ നിഴല്‍ മാത്രമേ ആവൂ. അതുകൊണ്ടായിരുന്നിരിക്കണം ഈ അതൃപ്തി തോന്നുന്നത്. ഈ അതൃപ്തിയില്‍നിന്നും മോചനം നേടിയ ഏതെങ്കിലും ഒരു കവിയുണ്ടോ ആവോ? സ്‌നേഹപൂര്‍വം എന്‍. ബാലാമണി അമ്മ.''

അതേസമയം, കമലാദാസ് എഴുതിയ കത്ത് വളരെ വ്യത്യസ്തവും തികച്ചും വ്യക്തിപരവുമാണ്. ബാലാമണി അമ്മയും എന്റെ അമ്മയും നടത്തിയത് സര്‍ഗാത്മക ആശയവിനിമയങ്ങളായിരുന്നുവെങ്കില്‍ കമലാദാസ് അമ്മയ്ക്ക് എഴുതി: ''എന്നെ പലരും തെറ്റിദ്ധരിക്കും. പലരും ശരിക്കും ധരിക്കും. പക്ഷേ സ്‌നേഹിക്കുവാന്‍ ആരും വേഗത്തില്‍ പുറപ്പെടുകയില്ല. കാരണം മിക്കവരും ഭീരുക്കളാണ്. മിക്കവര്‍ക്കും സര്‍വാണിസദ്യകള്‍ക്ക് ക്ഷണക്കത്ത് ലഭിക്കണം. സമൂഹത്തിന്റെ വൃത്തികെട്ട സര്‍വാണി സദ്യ, എരപ്പാളികളുടെ ഉത്സവം. അമ്മ എന്നെ ഒരിക്കലും എതിര്‍ക്കരുത്. അമ്മ ധൈര്യവതിയാണ്. എന്റെ കണ്ണില്‍ ധൈര്യത്തിന്റെ പ്രതീകമാണ്. നാം ഒരു വംശജരാണ്. ഒരേ ലക്ഷ്യത്തിലേക്കാണ് രണ്ടു മാര്‍ഗങ്ങളില്‍ക്കൂടെയെങ്കിലും നാം നടന്നുചെല്ലുന്നത്. ഇനിയും കാണാന്‍ മോഹമുണ്ട്. സ്‌നേഹത്തോടെ കമല.'' അമ്മ എന്തായിരിക്കും കമലാദാസിനോട് പറഞ്ഞിട്ടുണ്ടാവുക? കമലാദാസിനെ മറ്റാരേക്കാളും മനസ്സിലാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിരിക്കണം. പിന്നെയും അവര്‍ തമ്മില്‍ കത്തുകളിലൂടെ സംസാരിച്ചിട്ടുണ്ട്. അമ്മയ്ക്ക് അവരുടെ സ്വന്തം മകള്‍ തന്നെ.

കത്തുകളിലെ അമ്മയെ കാണുമ്പോള്‍ പല പ്രായത്തിലൂടെ, പല വിഷയത്തിലൂടെ പല ബാധ്യതകളിലൂടെ, പല വാഗ്ദാനങ്ങളിലൂടെ കടന്നുപോയ ലളിതാംബിക അന്തര്‍ജനത്തെ കാണാന്‍ കഴിയും. അമ്മയോട് എത്ര ആദരവോടെയാണ് എല്ലാവരും പെരുമാറിയിരിക്കുന്നത്! അവര്‍ക്കെല്ലാവര്‍ക്കുമിടയില്‍ അവരുടെയെല്ലാം അമ്മയായി, സഹോദരിയായി, സഹപ്രവര്‍ത്തകയായി പൊതുസ്വത്തായി ഇരിക്കുന്ന ലളിതാംബിക അന്തര്‍ജനം യഥാര്‍ഥത്തില്‍ ഞങ്ങള്‍ ഏഴു മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഇനിയുള്ള തലമുറകള്‍ക്കുമെല്ലാം സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള സംഭാവനകള്‍ സമൂഹത്തിനും മലയാളത്തിനും നല്‍കിയാണ് വിടപറഞ്ഞത്.

അമ്മയുടെ 150 കഥകളില്‍ പത്തെണ്ണം മാത്രമേ സ്വന്തം സമുദായത്തിലെ ന്യൂനതകള്‍ പ്രമേയമാക്കി എഴുതിയിട്ടുള്ളൂ. ബാക്കിയെല്ലാം സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കും തുറന്നുപിടിച്ച കണ്ണുകളാണ്. ഗാന്ധിയും ക്രിസ്തുവും കമലാ നെഹ്രുവും അമ്മയുടെ രചനകളുടെ പ്രമേയമായി. കഷ്ടപ്പെടുന്ന മനുഷ്യരെക്കുറിച്ച് കഥകളും കവിതകളും ലേഖനങ്ങളുമെഴുതി. സാര്‍വത്രികമായ വിഷയങ്ങള്‍ അമ്മയുടെ വേറിട്ട ആഖ്യാനത്തിലൂടെ തലമുറകള്‍ തോറും സഞ്ചരിക്കുന്നു. നൂറ്റമ്പതിലധികം കവിതകള്‍, രണ്ട് നാടകം, നാല്‍പതോളം ലേഖനങ്ങള്‍, അഞ്ച് ബാലസാഹിത്യം, നാലായിരം പുസ്തകങ്ങളുടെ വലിയ ശേഖരം...അമ്മയുടെ പുസ്തകശേഖരങ്ങളെല്ലാം പിന്നീട് ആര്‍.വി.എം ഗ്രന്ഥശാലയ്ക്ക് നല്‍കുകയാണ് ചെയ്തത്. അവര്‍ ആ പുസ്തകങ്ങളെല്ലാം അത്യധികം ബഹുമാനത്തോടെ ഏറ്റുവാങ്ങുകയും വായനശാലയില്‍ പ്രത്യേക സെക്ഷനുണ്ടാക്കി ലളിതാംബിക അന്തര്‍ജനം സംഭാവന ചെയ്ത പുസ്തകങ്ങള്‍ എന്ന് രേഖപ്പെടുത്തി പവിത്രമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

കതിരിലല്ല വളം വെക്കേണ്ടത് എന്ന് അമ്മയ്ക്ക് അറിവുള്ളതുകൊണ്ടാവാം അത്രയേറെ ബാലസാഹിത്യകൃതികളും അമ്മ കുട്ടികള്‍ക്കായി പറഞ്ഞത്. അമ്മ പറഞ്ഞതിലേറെ ഇനിയും പറയാനുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് മടങ്ങുമെന്ന് ഞങ്ങളാരും തന്നെ കരുതിയിരുന്നില്ല. ആമുഖം മാത്രമെഴുതിയ ആത്മകഥ വന്നിരുന്നെങ്കില്‍ മറ്റൊരു ലളിതാംബിക അന്തര്‍ജനത്തെ കൂടി അറിയാന്‍ കഴിയുമായിരുന്നു. അഗ്നിസാക്ഷിയുടെ രണ്ടാം ഭാഗം എങ്ങനെയായിരിക്കും അമ്മ മനസ്സില്‍ ആസൂത്രണം ചെയ്തത് എന്നത് ഒരുപക്ഷേ അച്ഛന് അറിയാമായിരുന്നിരിക്കണം. ഭാരതത്തിലെ ഋഷിമാര്‍ അമ്മയുടെ കണ്ണില്‍ എപ്രകാരമായിരുന്നു എന്ന് സ്വയം ചോദിക്കുകയേ വഴിയുള്ളൂ.

Content Highlights: Ammayormakal, Lalithambika Antharjanam, Rajendran Namboothiri, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented