Osamu Tezuka | Photo: facebook.com/madman
ബുദ്ധപൗര്ണമി കടന്നുപോവുമ്പോള്‍ പ്രാര്‍ഥിക്കാന്‍ ഒരു കാരണംകൂടി, നീണ്ടുപോകുന്ന യുക്രൈന് പോരാട്ടം. ഈ സംഘര്‍ഷം പുതിയനൂറ്റാണ്ടിലെ ആദ്യ മഹായുദ്ധം ആകുമോ എന്ന ചോദ്യം വാര്‍ത്താ കാര്ട്ടൂണുകള് ചോദിച്ചുതുടങ്ങിയിട്ടുണ്ട്. അതെന്തായാലും 'ബുദ്ധ' എന്ന പേരിലുള്ള ആ വിഖ്യാത ജാപ്പനീസ് ഗ്രാഫിക് നോവല്‍ ഓര്‍ത്തെടുക്കാവുന്ന സന്ദര്‍ഭമാണിത്.
അങ്ങനൊന്ന് ആ നാട്ടില്‍ത്തന്നെയാണ് ഉണ്ടാവേണ്ടത്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആണവാക്രമണം 1945ല്‍ നേരിട്ട ജനത മറ്റാരെക്കാളും ബുദ്ധകഥ കേള്‍ക്കും. കഥ വരച്ചെഴുതിയ, വൈദ്യം പഠിച്ച് വരയിലേക്ക് തിരിഞ്ഞ ഡോക്ടര്‍ ഒസാമു തെസൂകയെ യുദ്ധാനന്തര ജപ്പാന് കണ്ടത് കാര്‍ട്ടൂണിന്റെ കുറൊസോവ ആയിട്ടാണ്. 1972ല്‍ തുടങ്ങി ഒമ്പതുകൊല്ലംകൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കിയ കോമിക് ആഖ്യാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മുന്നൂറിലേറെ പേജുകള്‍ വീതമുള്ള എട്ടു പുസ്തകങ്ങളിലായി നീണ്ടുകിടക്കുന്നു. മൂലഭാഷയായ ജാപ്പനീസില്‍ ഇതിലും ദൈര്‍ഘ്യം ഉണ്ട്, പതിന്നാലു ഭാഗങ്ങള്‍. വാക്ക് മിതവും വര സമൃദ്ധവും ആയതുകൊണ്ട് വായന സുഗമം.
വെബ്ബില്‍ കയറി ഒറ്റവീര്‍പ്പിനു സീരിയലുകള്‍ കണ്ടുതീര്‍ക്കുന്ന ആവേശത്തോടെ ഈ പരമ്പരയിലെ ഒന്നൊന്നര പുസ്തകങ്ങള്‍ ദിവസവും വായിച്ചുതീര്ത്തവരുണ്ട്. താളുകള്‍ മറിക്കുന്തോറും ബുദ്ധന് നമ്മോടടുക്കുന്നു. ആദ്യ ഭാഗങ്ങളില്‍ തിരനോട്ടം നടത്തുന്ന സിദ്ധാര്ഥന് വഴിയെ നിറഞ്ഞാടുന്നു. കേട്ടും വായിച്ചും നാമറിഞ്ഞ ബുദ്ധചരിതത്തിലെ കഥാപാത്രങ്ങളോടൊപ്പം സാങ്കല്പിക സൃഷ്ടികളും കൂടിയാവുമ്പോള്‍ രംഗം കൊഴുക്കുന്നു. പേമാരിയും പൂത്തുലഞ്ഞ സാലവൃക്ഷവും ആഴിയും തിരയും കാറ്റുംവരെ കറുപ്പിലും വെളുപ്പിലുമായി വരച്ചുഫലിപ്പിക്കുന്ന തെസൂക 'മംഗ' (Manga) എന്ന ജപ്പാന്റെ തനതു കാര്‍ട്ടൂണ്‍ കലയുടെ അഗ്രഗാമിയാണ്.

ബുദ്ധചരിതം നേരെ ചൊവ്വേ ചിത്രീകരിച്ചുവെച്ചതല്ല ഈ കൃതി. അടിമുടി കാര്‍ട്ടൂണിസ്റ്റ് ആയ ഒരു കഥാകാരന്റെ അതിശയോക്തികളും അട്ടിമറികളും ഇതിലുണ്ട്. 'മംഗ'യുടെ സ്വതസ്സിദ്ധമായ ചലനാത്മകത ഉടനീളം കാണാം. സംഘട്ടനരംഗങ്ങള്‍ വേണ്ടുവോളം ഉണ്ട്. ബുദ്ധകാലത്തുനിന്ന് ആനുകാലിക ജീവിതത്തിലേക്കും തിരിച്ചും കഥനം സരസമായി കയറിയിറങ്ങുന്നു. ധര്‍മത്തിന്റെ വിപരീത പദമല്ല നര്‍മം എന്ന് പോകെപ്പോകെ വായനക്കാര്‍ അറിയുന്നു.
ദിവ്യത്വം നായകനു മാത്രമായി മാറ്റിവെക്കാതെ ചുറ്റുമുള്ളവര്‍ക്കുകൂടി ചാര്ത്തിക്കൊടുക്കുന്നിടത്താണ് തെസൂകയുടെ പ്രതിഭ. കുഞ്ഞിലും വൃദ്ധനിലും മാനിലും മീനിലും ഒക്കെ അസാമാന്യ വൈഭവങ്ങള് കാണാം. വിശക്കുന്നവന് ആഹാരമാവാന്വേണ്ടി തീയില്‍ച്ചാടി ജീവന്‍വെടിയുന്ന ഒരു മുയല് ഉണ്ടിവിടെ. ഏതു ജീവിക്കും ബുദ്ധനാവാം എന്ന് ബുദ്ധന്‍തന്നെ ഓര്‍മിപ്പിക്കുന്നുണ്ട്. ആ പരിചിതമുഖത്ത് ശാന്തേതര രസങ്ങള്ക്കും സ്ഥാനമുണ്ട്.
മനുഷ്യസഹജമായ ഭാവങ്ങള്‍ ഇല്ലാതെ എന്ത് കാര്‍ട്ടൂണ്‍? സാമാന്യര്ക്ക് അല്പം അമാനുഷികത ആകാമെങ്കില്‍ ഭഗവാന് ഇത്തിരി മാനുഷികതയും ആയിക്കൂടെ? ഈ ബുദ്ധനു സുഖമുണ്ട്, അസുഖമുണ്ട്, ക്ഷീണമുണ്ട്, വേദനയുണ്ട്, ഉത്സാഹമുണ്ട്, ചിരിയുണ്ട്. തനിക്കുമുമ്പേ പോയ മോഗ്ഗല്ലന, സരിപുത്ത എന്നീ പ്രിയ ശിഷ്യരുടെ വിയോഗം താങ്ങാനാവാതെ വാവിട്ടുകരയുന്നുണ്ട് ഗുരു. ഒരിക്കലെങ്കിലും രാജാവിന്റെ ആജ്ഞാശക്തി കാണിക്കുന്നുമുണ്ട്.
പിന്‍ഗാമിയായി സ്വയംപ്രഖ്യാപിച്ച പ്രഥമശിഷ്യന്‍ ദേവദത്ത ദേഹം വെടിയാന്‍ തയ്യാറെടുക്കുന്ന ഗുരുവിനുമുമ്പില്‍ ചെന്നുനില്ക്കുന്നു, സ്വന്തം സ്വീകാര്യതയെക്കുറിച്ച് സംശയലേശമില്ലാതെ. ഇനിയങ്ങോട്ട് ആത്മീയതയല്ല, സംഘടനയാണു മുഖ്യം എന്ന് ശിഷ്യന് ഗുരുവിനെ ഓര്‍മിപ്പിക്കുന്നു. അനുയായികള്‍ക്ക് ഒത്തുചേരാന്‍ ഒരു വന്‍ ആരാധനാലയം വേണം. അവരെ നയിക്കാന്‍ കാര്യശേഷിയുള്ള നേതാവ് വേണം. അതിനു താനുണ്ട്. ബുദ്ധാരാധനയെ ലോകത്തെ ഏറ്റവുംവലിയ മതമായി മാറ്റാനുള്ള രൂപരേഖകള്‍ തന്റെ കൈവശമുണ്ട്. ആലിംഗനവും അമിത ആദരവുമൊക്കെയായി പ്രഭാഷണം അവസാനിപ്പിക്കുന്ന ശിഷ്യനു കിട്ടുന്നത് ഗുരുവിന്റെ നിഷ്കരുണ നിരാസമാണ്.
അധികാരക്കൊതിയും ജാതിവെറിയും ഉള്‍പ്പെടെ ഒരു യഥാര്‍ഥ ജീവിതസാഹചര്യവും മാറ്റിവെക്കാതെയാണ് കാര്‍ട്ടൂണിസ്റ്റ് തെസൂക ഈ ശാന്തിപര്‍വം വരച്ചിടുന്നത്. അതുകൊണ്ടുതന്നെ ശാന്തി യാഥാര്‍ഥ്യമായേക്കാം എന്ന തോന്നല്‍ ബാക്കിനില്ക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..