ഒ.എൻ.വി | ഫോട്ടോ: പി.പി. ബിനോജ്, മാതൃഭൂമി
മാനവികതയുടെ നാദമായി വിലയിരുത്തപ്പെട്ടിട്ടുണ്ട് ഒ.എന്‍.വിക്കവിത. മനുഷ്യന് എന്ന മഹാമൂല്യത്തില് വിശ്വസിക്കുകയും അഴലിലും ആനന്ദത്തിലും തങ്ങള്‍ ഒരുമിച്ചാണെന്ന വിശ്വാസത്തിന്റെ തീക്കുണ്ഡത്തിനു ചുറ്റുമിരുന്ന് പാടുകയും പാനം ചെയ്യുകയും ചെയ്യുന്ന മഹാബാന്ധവമായി മനുഷ്യരാശിയെ സങ്കല്പിക്കുകയും ചെയ്യുന്നതാണതിന്റെ രീതി.
'അവരോടൊപ്പമൊരേയൊരു തീയിന്
നവരോചിസ്സിന് വലയത്തില്‍
പറ്റിയുരുമ്മിപ്പാനം ചെയ്തും
പല കഥ ചൊന്നുമിരുന്നെങ്കില് !
അക്കഥയൂടെ മനുഷ്യത്വത്തി
ന്നുല്ഗതിതാനമറിഞ്ഞെങ്കില് !'
എന്ന് ഈ ചിത്രം മിഴിവോടെ തെളിയുന്നതു കാണാം വൈലോപ്പിള്ളിയുടെ' കടല്ക്കാക്കക'ളില്‍.' ഓണപ്പാട്ടുകാ'രില്‍ അത് പൂക്കളത്തിലെ പൂക്കളുടെ ഹൃദ്യവിന്യാസത്തെത്തന്നെ ഉപമാനമാക്കുന്നു ' പൂക്കളമൊന്നില് പൂനിര പോലെ...''
എങ്ങു മനുഷ്യനു ചങ്ങല കൈകളി,
ലങ്ങെന്‍ കൈകള്‍ നൊന്തീടുകയാ
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു' എന്ന എന്‍.വി.യുടെ 'ആഫ്രിക്ക'യിലെ ഉദാരസ്വരത്തിന്റെയും ഉറവിടം ഈ പരിധികളറ്റ മനുഷ്യത്വം തന്നെ. ഉപ്പില്‍ നിന്ന് കടലിലേയ്ക്കുള്ള ദൂരം അത് അലിവിനാല്‍ താണ്ടുന്നു.
'ഉപ്പിന്റെ
സ്വഭാവം
കടലില്‍ അലിഞ്ഞിരിക്കുക എന്നതാണ്.
അതുകൊണ്ടാണ്
ഭരണിയിലെ ഉപ്പ്
അലിഞ്ഞ്
സ്വന്തം സമുദ്രം തുടങ്ങി വെയ്ക്കുന്നത്'
എന്ന അസാധാരണമായ ജയശീലന്കവിതയില് ഈ അലിവിന്റെ ശ്ലേഷവുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മലയാളിയെ ഈ മനുഷ്യാദ്വൈതത്തിലേയ്ക്കുണര്ത്തിയത് നാരായണ ഗുരുവായിരുന്നു
'പ്രിയമപരന്റെ ,യതെന്‍ പ്രിയം, സ്വകീയ
പ്രിയമപരപ്രിയ, മിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ ചെയ്യും
ക്രിയയപരപ്രിയഹേതുവായ് വരേണം'
എന്നതു പോലുള്ള മഹാവാക്യങ്ങളിലൂടെ. ഇത് പിന്നീട് ആശാന്‍കവിതയില്‍,
'ലോകാനുരാഗമിയലാത്തവരേ, നരന്റെ
യാകാരമാര്‍ന്നിവിടെ നിങ്ങള്‍ ജനിച്ചിടായ്വിന്‍' എന്ന നവോത്ഥാനകാഹളത്തിന്റെ താരനാദമായി മാറി.
മാനവികതയുടെ ഈ മലയാള പൈതൃകത്തിന്റെ ഉജ്ജ്വലമായ കാവ്യസാക്ഷാല്ക്കാരങ്ങളിലൊന്നാണ് ഒ.എന്‍.വിയുടെ 'വീടുകള്‍' എന്ന കവിത.' ഇവിടെയെനിക്കൊരു വീടുണ്ട്...' എന്ന പതിഞ്ഞ തുടക്കമാണ് കവിതയുടേത്.' കായലോടിണ ചേര്‍ന്നു കൈത്തോട് പാടും മുനമ്പിലെത്തൊടിയില്' ആണ് അതെന്നും കവി പറയുന്നു. അവിടെ പൂക്കളുടെ ശാലീനസൗഹൃദത്തിലാണ് കവി. അവയുടെ മൗനം വ്യാഖ്യാനിച്ചും കിളിമരത്തില്‍ പടരുന്ന മുല്ലയുടെ പൊട്ടിച്ചിരിയോടൊത്തു ചിരിച്ചും ഏതോ പറുദീസയുടെ വിശ്രാന്തിയിലെന്നോണം അയാള്‍ ഇരിക്കുന്നു. പെട്ടെന്ന് രംഗം കലുഷമാകുന്നു. മുറ്റത്ത് തള്ളക്കോഴിയും മക്കളും. സാധു ജീവിക്ക് മക്കളോടുള്ള വാത്സല്യമുഗ്ദ്ധമായ കരുതല്‍. ആ ലയത്തെ ഭഞ്ജിച്ചു കൊണ്ട് പെട്ടെന്ന് മുറ്റത്തു വീശുന്ന പരുന്തിന്നിഴല്. അമ്മച്ചിറകിനടിയില്‍ അഭയാര്‍ത്ഥികളേപ്പോലെ കോഴിക്കുഞ്ഞുങ്ങള്‍. ഈ സാധാരണ ഗാര്ഹികദൃശ്യത്തെ തുടര്‍ന്ന് കവി ഇങ്ങനെ മാറ്റിയെഴുതുന്നു.
'ഇവിടെയിരുന്നു ഞാന്‍ കാണും പകല്ക്കിനാ
വിതു പോലെ: ഏതോ പരുന്തിനെക്കണ്ടിട്ട്
തെല്ലൊന്നു ചിറകുകള് വിടര്‍ത്തി നില്ക്കുന്നൊരു
തള്ളപ്പിടക്കോഴി പോലെയെന്‍ വീട്; അതിന്
പള്ളയില്പ്പറ്റിപ്പതുങ്ങി നില്ക്കും കുറേ
കുഞ്ഞുങ്ങള്‍ എന്‍ മുഖമാണവയ്ക്കൊക്കെയും !'
ഒ.എന്‍.വിയുടെ കാല്പനികഭാവുകത്വം മാനവികതയുടെ ദൃഢമായ നട്ടെല്ലാര്ന്നു നിവരുന്ന ഒരസാധാരണസന്ദര്ഭമാണിത്. യുദ്ധവും അഭയാര്‍ത്ഥിത്വവും വേട്ടയാടുന്ന മുഴുവന്‍ മനുഷ്യരാശിയുടെയും ആധികളും ആകുലതകളും തന്റേതു കൂടിയാണെന്ന പരോക്ഷപ്രഖ്യാപനമാണിത്; ഒരു പരിചിതദൃശ്യത്തിനു കൈവരുന്ന അത്ഭുതകരവും ആഗോളവ്യാപ്തവുമായ ഭാവവിസ്താരം. വാച്യമായ പ്രസ്താവനകള്ക്കൊന്നുമില്ലാത്ത കാവ്യാത്മകതയും ഹൃദയംഗമത്വവുമുണ്ട് ഈ കല്പനയ്ക്ക്. വീട് എന്ന അടിസ്ഥാനരൂപകത്തിനു കൈവരാവുന്ന പരമാവധി വിടര്ച്ചയാണിത്; ഒരു വീട് എല്ലാവരുടെയും , എല്ലാറ്റിന്റെയും, വീടാകുന്നു. അത് ഭൂമിയെന്ന മഹാഗേഹമാകുന്നു.
കുന്നിന് മുകളിലെ വീടിനെക്കുറിച്ചാണ് കവിതയുടെ രണ്ടാമതു ഖണ്ഡം. ഇടയനും ആടുകളുമൊക്കെച്ചേരുന്ന ഒരു രമണീയശാദ്വലം. അവിടെയുമുണ്ട് നരിയും നിഷാദനും കാട്ടുതീയായി കുന്നിന്റെ പാവാടത്തുമ്പില്‍ പടര്‍ന്നു കത്തുന്ന ഭീതിയും. അപ്പോഴും അവരോടൊപ്പമാണ് കവി, ആ ഇടയനോടും കുഞ്ഞാടുകളോടുമൊപ്പം. ഇതിന്റെ സ്വാഭാവികപരിണാമമാണ് 'എവിടെയുമെനിക്കൊരു വീടുണ്ട്' എന്നാരംഭിക്കുന്ന അവസാനഖണ്ഡം. അതോടെ,'അപരന്റെ ദാഹത്തിനെന്റേതിനെക്കാളുമധികമാം കരുതലും കരുണയും' കുടിപാര്‍ക്കുന്ന ആ വീട് കവിതയുടെ ഗേഹമായും മാനവികതയുടെ മഹാഗേഹമായും മാറുന്നു. വീട് എന്ന, പലപ്പോഴും സ്വാര്‍ത്ഥ ദുര്‍ഗ്ഗന്ധപൂരിതമായ, ഇടുങ്ങിയ ഇടത്തില്‍ നിന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വീട് എന്ന മഹിതസ്വപ്നഭവനത്തിലേയ്ക്കുള്ള ഈ മഹാപരിണാമമാണ് 'വീടുകള്‍' എന്ന ഒ.എന്‍.വിക്കവിതയുടെ ശക്തിയും ചൈതന്യവും സൗന്ദര്യവും. മലയാളകവിതയുടെ ഭാവിയില്‍, കാലത്തിന് അത്രയെളുപ്പമൊന്നും പൊളിച്ചു മാറ്റാന്‍ പറ്റാത്ത ഒരു വീടു പണിയുകയായിരുന്നു ഒ.എന്‍.വി, ഈ കവിതയെഴുതിയപ്പോള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..